ആശാനക്ഷരമൊന്നു പിഴച്ചാൽ - 1
ആശാനക്ഷരമൊന്നു പിഴച്ചാൽ - 1
തിരുവെഴുത്തിലെ തെറ്റായ വ്യാഖ്യാനങ്ങൾ
ജിനു നൈനാൻ
ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്നാണ് കുഞ്ചൻ നമ്പ്യാർ പാടിയത്
ക്രിസ്തീയ ലോകത്തിലും പല ദൈവവചന ഉപദേഷ്ടാക്കന്മാരും വചനത്തെ ദുർവ്യാഖ്യാനം നടത്തുകയും , സാഹചര്യത്തിൽ നിന്നും അടർത്തി, തങ്ങളുടെ തോന്നലുകളും , വ്യാഖ്യാനങ്ങളും , ഉപദേശമായി പഠിപ്പിക്കുകയും , മാനുഷിക പാരമ്പര്യങ്ങളും, സാംസ്‌കാരിക നിയമങ്ങളും ദൈവവചനത്തോട് ചേർത്ത് പഠിപ്പിക്കുകയും ചെയ്യുന്നു .അതിനാൽ അനേകം ശിഷ്യന്മാർക്കു വഴി തെറ്റുന്നു .
ആ രീതിയുള്ള ചില 'വ്യാഖ്യാനങ്ങൾ' തുടർന്നുള്ള ദിവസങ്ങളിൽ പരിശോധിക്കാം .
വളരെയധികം തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു വാക്യമാണ് താഴെയുള്ളതു
മത്തായി 5 :23 അതുകൊണ്ട് നിന്‍റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിന്നോട് വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മവന്നാൽ 24നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്‍റെ മുമ്പിൽ വെച്ചിട്ട്, ഒന്നാമത് ചെന്നു സഹോദരനോട് നിരന്നുകൊൾക; പിന്നെ വന്നു നിന്‍റെ വഴിപാട് കഴിക്ക....
ഈ വാക്യങ്ങൾ സർവ്വസാധാരണമായി വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ് . ..
നാം ദൈവസന്നിധിയിൽ , സഭയിൽ വരുമ്പോൾ , പ്രാർത്ഥിക്കുമ്പോൾ, കർത്തൃമേശയുടെ മുൻപിൽ വരുമ്പോൾ നമുക്ക് ഓർമ്മ വരികയാണ്. ഒരു സഹോദരന് എന്നോട് എന്തോ പ്രശ്നം ഉണ്ട്.
ഞാൻ അവനോടു ഒരു തെറ്റും ചെയ്തിട്ടില്ല , എന്നാലും അവനു എന്നോട് എന്തോ പ്രശ്നമുണ്ട് എന്നുള്ള ഓർമ്മ വരുന്നു . ..അപ്പോൾ ഞാൻ പ്രാർത്ഥന , വഴിപാട് നിർത്തി ഞാൻ മുൻകൈയെടുത്തു അവന്റെ അടുക്കൽ പോയി ആ സഹോദരനോട് നിരന്നുകൊള്ളണം.
ചിലർ ഒക്കെ ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ കർത്തൃമേശക്കു മുൻപിൽ " ആർക്കെങ്കിലും , എന്തെങ്കിലും എന്നോട് ഉണ്ട് എങ്കിൽ ക്ഷമിക്കണം" എന്ന് പൊതു അഭ്യർത്ഥന നടത്തുന്നതും കണ്ടിട്ടുണ്ട് .
പഴയ ഉടമ്പടിയിൽ നാം മറ്റുള്ളവരോട് തെറ്റ് ചെയ്താൽ ആണ് നമ്മൾ ക്ഷമ ചോദിച്ചു നിരപ്പ് പ്രാപിക്കേണ്ടത് , പുതിയ നിയമത്തിന്റെ നിലവാരത്തിൽ നമ്മൾ തെറ്റ് ചെയ്തിട്ടില്ല എങ്കിലും , ഏതെങ്കിലും സഹോദരന് നമ്മോടു വല്ല വിരോധവും ഉണ്ടെന്ന് നമുക്ക് തോന്നിയാൽ നാം അങ്ങോട്ട് ചെന്ന് നിരപ്പ് പ്രാപിക്കണം എന്നാണ് ഈ വാക്യത്തിൻ്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനം .
അങ്ങനെ ചെയ്യുന്നത് ഒരു നല്ല കാര്യം ആയിരിക്കാം. എന്നാൽ ഈ വാക്യത്തിന് അങ്ങനെ അർത്ഥമേയില്ല .
================================================================================
എന്താണ് ഈ വാക്യത്തിന്റെ അർഥം ?
ആദ്യമായി പറയട്ടെ , നാം ഒരു വാക്യം വായിക്കുമ്പോൾ അത് പൂർണ്ണമായ ഒരു വാക്യം ആണോ , അതോ ഏതെങ്കിലും വിഷയത്തിന്റെ തുടർച്ച ആണോ എന്ന് ശ്രദ്ധിക്കുക . ഇവിടെ വാക്യം തുടങ്ങുന്നത് ഇങ്ങനെയാണ് .
അതുകൊണ്ട് നിന്‍റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ
ബൈബിളിൽ ‘അതുകൊണ്ടു’ എന്ന വാക്ക് കണ്ടാൽ, ‘അതുകൊണ്ടു’ അവിടെ എന്ത് കൊണ്ട് ? എന്ന് ചോദിക്കുക
When you see ‘therefore’ in the Bible, ask — ‘why is that therefore there for?’
അതുകൊണ്ടു’ അവിടെ എന്ത് കൊണ്ട് എന്ന് മനസ്സിലാക്കുവാൻ തൊട്ടു മുൻപുള്ള വാക്യങ്ങൾ വായിക്കുക
( ഈ ഒരു ചെറിയ കാര്യം മനസ്സിലാക്കിയാൽ ഒരു പാട് ദുർവ്യാഖ്യാനങ്ങൾ ഒഴിവാക്കാം )
=================================================================================
കർത്താവ് എന്താണ് ഇവിടെ തുടർച്ചയായി പറഞ്ഞു വരുന്നത്..നമുക്കു മുകളിലുള്ള വാക്യങ്ങൾ വായിക്കാം , ഈ വിഷയം കർത്താവ് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്
'കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.' ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും
അതുകൊണ്ട് നിന്‍റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിന്നോട് വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മവന്നാൽ
അതായതു പഴയ നിയമത്തിൽ ഒരുവൻ കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും. എന്നാൽ പുതിയ നിയമത്തിൽ ഒരുവൻ തൻ്റെ സഹോദരനോട് അകാരണമായി കോപിക്കുകയാണ് എങ്കിൽ അവൻ ന്യായവിധിക്കു യോഗ്യനാകും , തുടർന്ന് അടുത്ത പടിയായി സഹോദരനെ നിസ്സാര എന്നു വിളിച്ചാൽ ന്യായാധിപസഭയുടെ മുൻപിൽ നിൽക്കേണ്ടി വരും , വീണ്ടും അടുത്ത പടിയായി കോപം നിയന്ത്രിക്കാതെ മൂഢാ എന്നു എന്ന് വിളിച്ചാൽ അഗ്നിനരകത്തിനു യോഗ്യനാകും ..
ഇതെല്ലം തെറ്റ് പടിപടിയായി ചെയ്യുന്ന വ്യക്തിക്ക് പടിപടിയായി ന്യായവിധി വർധിപ്പിക്കുന്ന വിഷയം ആണ് എന്നാണ് കർത്താവ് പറയുന്നതു (ന്യായവിധി, ന്യായാധിപസഭ, അഗ്നിനരകം )
എന്നാൽ ഇതെല്ലം ചെയ്ത ശേഷവും ഒരുവൻ ഒരു മനഃസാക്ഷികുത്തും ഇല്ലാതെ ദൈവത്തിനു വഴിപാട് അർപ്പിക്കാൻ ദൈവസന്നിധിയിൽ , സഭയിൽ വരുന്നു . അവിടെ വച്ച് അവനു ഓർമ്മ വരികയാണ് താൻ മുൻപ് ചെയ്ത കുറ്റം നിമിത്തം തൻ്റെ സഹോദരൻ , തൻ്റെ പ്രതിയോഗിയായിതീർന്നു.
അവനു തൻ്റെ നേരെ ന്യായാധിപ സംഘത്തിന് മുൻപിൽ കുറ്റം വിധിക്കാൻ കാരണമുണ്ട് . താൻ ചെന്ന് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു നിരപ്പ് പ്രാപിച്ചില്ല അവൻ എന്നെ ന്യായാധിപനു ഏൽപ്പിക്കും , താൻ തടവിൽ ആയിപ്പോകും , ( ഈ ന്യായാധിപ സംഘത്തിന്റെ വിഷയം ആണ് കർത്താവു മുകളിൽ പറഞ്ഞത് )
തുടർന്ന് കർത്താവ് പറയുന്നു
... അതുകൊണ്ട് നിന്‍റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന് നിന്നോട് വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മവന്നാൽ ( അഥവാ നീ സഹോദരനോട് ചെയ്ത തെറ്റും , അതിൽ നിരപ്പ് പ്രാപിച്ചിട്ടില്ല എങ്കിൽ ഉള്ള അനന്തര ഫലവും ഓർമ്മ വന്നാൽ ) 24നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്‍റെ മുമ്പിൽ വെച്ചിട്ട്, ഒന്നാമത് ചെന്നു സഹോദരനോട് നിരന്നുകൊൾക 25നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
=================================================================================
ചുരുക്കത്തിൽ ഇവിടെ സഹോദരനോട് തെറ്റ് ചെയ്ത വ്യക്തി അത് ഏറ്റു പറഞ്ഞു നിരപ്പ് പ്രാപിക്കുന്ന കാര്യം ആണ് കർത്താവു പറയുന്നത് . അല്ലാതെ വെറുതെ ആർക്കെങ്കിലും എന്തെങ്കിലും തൻ്റെ നേരെ ഉണ്ട് എന്ന് തോന്നിയാൽ അങ്ങോട്ട് പോയി ക്ഷമ ചോദിക്കുക , നിരപ്പ് പ്രാപിക്കുക എന്നല്ല . അല്ലെങ്കിൽ " ആർക്കെങ്കിലും , എന്തെങ്കിലും എന്നോട് ഉണ്ട് എങ്കിൽ ക്ഷമിക്കണം" എന്ന് പൊതു അഭ്യർത്ഥന നടത്തുകയോ അല്ല.
ദൈവവചനത്തിൽ, തെറ്റ് ചെയ്ത വ്യക്തി, തെറ്റ് അനുഭവിച്ച വ്യക്തിയോട് ആണ് തെറ്റ് ഏറ്റു പറയേണ്ടത് , നിരപ്പ് പ്രാപിക്കേണ്ടത് . ഇത് ദൈവവചനത്തിലെ മാറ്റമില്ലാത്ത ഉപദേശം ആണ് . കർത്താവു ഇത് പല ഇടങ്ങളിൽ ആവർത്തിച്ചിട്ടുണ്ട് .
എന്നാൽ മത്തായി 5 ലെ സാഹചര്യം മനസ്സിലാക്കുകയോ , മുൻപുള്ള വാക്യങ്ങൾ വായിക്കുകയോ ചെയ്യാതെ വ്യാഖ്യാനിക്കുന്നതിനാൽ ആണ് തിരുവെഴുത്തിൽ ഇല്ലാത്ത ' ആർക്കെങ്കിലും എന്തെങ്കിലും തൻ്റെ നേരെ ഉണ്ട് എന്ന് തോന്നിയാൽ അങ്ങോട്ട് പോയി ക്ഷമ ചോദിക്കുകയും , നിരക്കുകയും വേണം എന്ന് ' അതി വിശുദ്ധി' ഉപദേശം പുതിയ നിയമ ഉപദേശമായി പലരും പഠിപ്പിക്കുന്നത് . കർത്താവോ ശിഷ്യന്മാരോ അങ്ങനെ പഠിപ്പിച്ചിട്ടില്ല
