Articles

കുടുംബ ജീവിതവും ദൈവീക ശുശ്രൂഷയും

Date Added : 19-11-2025

 കുടുംബ ജീവിതവും ദൈവീക ശുശ്രൂഷയും 

ഒരു ബൈബിൾ മുന്നറിയിപ്പ്


ജിനു നൈനാൻ


പുതിയ തലമുറയും ദൈവവിശ്വാസവും 

================================================================================

ഇന്ന് പലരും പറയുന്ന ഒരു കാര്യം ഇങ്ങനെയാണ് ; ഇപ്പോഴത്തെ തലമുറ ദൈവത്തിൽ നിന്നും അകന്നു നിരീശ്വരവാദത്തിലേക്കും , പാപത്തിലേക്കും  പോകുന്നു.  ഇതുവരെയുള്ളതിൽ ഏറ്റവും മോശമായ തലമുറയാണ് ഇന്നുള്ളത് .

എന്നാൽ എൻ്റെ ബോധ്യം ഈ കാര്യത്തിൽ വ്യത്യസ്‍തമാണ് .  എല്ലാക്കാലത്തും ഉള്ള പ്രായമുള്ള ആൾക്കാർ പുതു തലമുറയെ പറ്റി പറയുന്ന ഒരു കാര്യമാണ് ഇത് . അതിനപ്പുറം വലിയ കര്യം ഇതിൽ ഇല്ല . ഇപ്പോഴുള്ള പ്രായമായ വ്യക്തികളുടെ മുൻപുള്ള തലമുറയും അവരെ പറ്റി ഇത് തന്നെയാകും പറഞ്ഞിരിക്കുക 

എന്നാൽ ഇന്നുള്ള പുതുതലമുറ ദൈവത്തിൽ നിന്നും അകന്നു പോകുന്നതിൻ്റെ  ഏറ്റവും അടിസ്ഥാനപരമായ കാരണം അവർക്കു പിന്തുടരുവാൻ ഉള്ള ശരിയായ ആത്മീക മാതൃക മുതിർന്നവരിൽ ഇല്ല എന്നതാണ്.  അത്  മാത്രമല്ല , തികഞ്ഞ കപട ഭക്തിയും , പരീശ്വത്വവും അവരെ ഉപദേശിക്കാൻ ശ്രമിക്കുന്ന മുതിർന്നവരിൽ  കാണുന്നതിനാൽ അവർ ദൈവത്തിൽ നിന്നും, ഇത്തരം പരീശ മതങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും  അകന്നു മാറുന്നു. 

എൻ്റെ വ്യക്തിപരമായ ബോധ്യത്തിൽ ഇന്നത്തെ പുതു തലമുറ കുറേക്കൂടി സത്യസന്ധരാണ് .അവർക്കു  പലതും  മനസ്സിലാക്കാനുള്ള വിവേകവും ,  അതിനുള്ള സാങ്കേതിക സാധ്യതകളും കൂടുതൽ ആണ് .  അതിനാൽ തന്നെ അവർക്കു പഴയ തലമുറയിൽ പെട്ടവർ കാണിക്കുന്ന കാപട്യവും ,ദൈവീക ശുശ്രൂഷകർ എന്ന് അവകാശപ്പെടുന്ന പലരും  പറയുന്ന പല കാര്യങ്ങളിലെയും പൊള്ളത്തരങ്ങളും തിരിച്ചറിയാൻ കഴിയുന്നു .  അവരുടെ വാക്കും പ്രവർത്തികളും തമ്മിലുള്ള അന്തരവും പെട്ടെന്ന് മനസ്സിലാകുന്നു . 

യഥാർത്ഥത്തിൽ  ഇന്ന്  നാം കാണുന്ന  പല ഭക്ത വേഷ ധാരികളും  യഥാർത്ഥ മാനസാന്തരം ഉണ്ടായിട്ടില്ലാത്ത , ദൈവഭക്തിയുടെ വേഷം ധരിക്കുന്ന ,അതെ സമയം തന്നെ പാപത്തിൽ തുടരുന്ന  തികഞ്ഞ കപട ഭക്തരാണ് . കർത്താവ് പറഞ്ഞത് പോലെയുള്ള വെള്ള തേച്ച ശവക്കല്ലറകൾ!!! തങ്ങളുടെ മതത്തിൽ ചേർക്കാൻ  കടലും കരയും ചുറ്റി നടന്നു ചേരുന്നവരെ  തങ്ങളേക്കാൾ   ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നവർ !!!

പലപ്പോഴും ഇങ്ങനെയുള്ളവർ സഭാ  രാഷ്ട്രീയവും, കുതന്ത്രങ്ങളും, കൈക്കൂലിയും, മത്സരങ്ങളും തുടങ്ങിയ  എല്ലാ   അധാർമ്മിക പ്രവർത്തികളും  നടത്തി അതിലൂടെ  പല 'സഭാ ' സംഘടനയുടെയും നേതൃത്വത്തിൽ വരെ എത്തുന്നു . 

 ഇത്തരക്കാരുടെ ഇങ്ങനെയുള്ള  ഇരട്ടത്താപ്പും ,  കൊതുകിനെ അരിച്ചു ഒട്ടകത്തെ വിഴുങ്ങുന്ന കപടഭക്തിയും,വേഷ ഭക്തിയും, പരീശത്വവും  കാണുമ്പൊൾ മനസ്സ് മടുത്തു ചെറുപ്പക്കാർ   ഇത്തരം പരീശ  പ്രസ്ഥാനങ്ങളിൽ നിന്നും ഓടി  രക്ഷപെടുന്നു . അനുകരിക്കാനോ മാതൃകയാക്കാനോ പറ്റിയ വേറൊരു ആത്മീയ വ്യക്തിയെയെയോ , ആത്മീയ കൂട്ടത്തെയോ കാണാൻ കഴിയാതെ വരുമ്പോൾ അവർ ചിലപ്പോൾ ദൈവത്തിൽ നിന്ന് തന്നെ അകന്നു പോകുന്നു .മനം മടുത്തു വിശ്വാസത്തിൽ നിന്നും തന്നെ പിന്മാറി പോകുന്നു

===================================================================================

ഈ രീതിയിൽ ഇന്നുള്ള ദൈവീക ശുശ്രൂഷകരിൽ കാണുന്ന  അപകടകരമായ കാണുന്ന ഒരു പ്രവണത ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു 

അത് കുടുംബജീവിതം തകർന്നതും, പാപത്തിൽ തുടരുന്നതുമായ  ചില നേതാക്കൾ അവരുടെ  ശുശ്രൂഷയും പ്രസംഗവും തുടരുന്നു എന്നതാണ് 

കുടുംബ ജീവിതത്തിൽ വീഴ്ചയുണ്ടായാൽ മനസാന്തരത്തിനും  പുനഃസ്ഥാപനത്തിനും വേണ്ടി ശുശ്രൂഷയിൽ നിന്നും  പിന്മാറി  ദൈവമുഖം അന്വേഷിക്കുന്നതിന് പകരം, അവർ “മിനിസ്ട്രി” തുടരുന്നു. ഇത്തരത്തിലുള്ള ജീവിതവും 'മിനിസ്ട്രിയും ' തമ്മിൽ ഒരു ബന്ധവുമില്ലാത്ത  കാപട്യം കണ്ടു മടുത്തിട്ടാണ് ഇന്നത്തെ പുതു തലമുറ ഇവരിൽ നിന്നും അകന്നു മാറുന്നത് . 

കുടുംബത്തിൽ ദൈവീക വിശുദ്ധിയും , ദൈവീക അധികാരവും  ഉള്ളവർ  മാത്രം ചെയ്യേണ്ടതാണ് ദൈവീക ശുശ്രൂഷകൾ 

ഈ ലേഖനം  തുടർന്ന് പരിശോധിക്കുന്നത്:

  1. കുടുംബ ജീവിതത്തിൽ വീണുപോയ നേതാക്കൾ ശുശ്രൂഷ തുടരുന്നതിന്റെ അപകടം

  2. അവർ എന്തുകൊണ്ട് ശുശ്രൂഷ നിർത്തുവാൻ  വിസമ്മതിക്കുന്നു

  3. ദൈവദാസന്മാരായി തുടങ്ങി ദ്രവ്യദാസന്മാരായി അവസാനിച്ച ചിലർ 

  4. ഈ വിഷയത്തിൽ അപ്പോസ്തലൻ പൗലോസിന്റെ  ജീവിതവും ഉപദേശവും 


കുടുംബ ജീവിതത്തിലെ  വീഴ്ചയ്ക്കുശേഷവും ശുശ്രൂഷ തുടരുന്നതിലെ അപകടം 

=======================================================================================

ഒരു ആത്മീക നേതാവിന്റെ കുടുംബ ജീവിതം തകർന്നിരിക്കെ, അവർ ശുശ്രൂഷ തുടരുന്നതിൽ കൂടി അദ്ദേഹം തൻ്റെ  വ്യക്തിപരമായ ജീവിതത്തെയും, സ്വന്തം കുടുംബത്തെയും ,  സഭയെയും നശിപ്പിക്കുകയും , ദൈവനാമത്തിനു ദോഷം ലോകത്തിൽ ഉണ്ടാക്കുകയും ചെയ്യുന്നു . 

ഒരുവൻ ദൈവീക ശുശ്രൂഷയിൽ തുടരണം എന്നുണ്ട് എങ്കിൽ ഏറ്റവും ചുരുങ്ങിയത് താഴെ പറയുന്ന  യോഗ്യതകൾ തിരുവെഴുത്തു ആവശ്യപ്പെടുന്നു 

  • നിരപവാദ്യൻ, കുറ്റമില്ലാത്തവൻ   (1 തിമൊ 3:2,തീത്തോസ് 1:6 )

  • ഭാര്യയോട് വിശ്വസ്തൻ (1 തിമൊ 3:2)

  • തന്റെ കുടുംബത്തെ നന്നായി നടത്തുന്നവൻ  (1 തിമൊ 3:4–5)

  • മക്കളെ അനുസരണത്തിൽ വളർത്തുന്നവർ (1 തിമൊ 3:4)

ശ്രദ്ധിക്കുക!! ഇതെല്ലം ദൈവീക ശുശ്രൂഷകന്റെ കുടുംബവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ആണ് . എന്ത് കൊണ്ടാണ് കുടുംബ ജീവിതം ശുശ്രൂഷയിൽ ഇത്രയും പ്രധാന  യോഗ്യതയായി ദൈവവചനം പഠിപ്പിക്കുന്നത് 

അതിനു കാരണം യേശുക്രിസ്തു ക്രൂശിൽ മരിച്ചത് യഥാർത്ഥത്തിൽ കുറെ ആളുകളെ എങ്ങനെയെങ്കിലും സ്വർഗത്തിൽ കൊണ്ട് പോകുവാൻ അല്ല .  പകരം രണ്ടു പേരെ ഒന്നാക്കുവാൻ ആയിരുന്നു .  

ദൈവം ആദാമിനെയും ഹവ്വയേയും  സൃഷ്ടിച്ചപ്പോൾ അവരെ പറ്റിയുള്ള ദൈവഹിതം വ്യക്തമാക്കി, അത് അവർ ഒരു ദേഹം ആയിത്തീരുക എന്നതായിരുന്നു .   അത് ഈ ഒന്നാകലിൽ ദൈവവുമായി ആത്മാവിൽ ഒന്നാകുകയും ,  ഭാര്യയും ഭർത്താവും തമ്മിൽ ഒന്നാകുകയും ഉൾപ്പെട്ടിരുന്നു . 

ഈ രീതിയിൽ  രണ്ടു പേർ  ആദ്യമായി തമ്മിൽ ഒന്നാകുന്നതു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലാണ്. പാപം ലോകത്തിൽ കടക്കുന്നതിനു മുൻപ് ദൈവം ആദമിന് തൻ്റെ തക്ക തുണയായി ഹവ്വയെ കൊടുക്കുമ്പോൾ ഇങ്ങനെ പറയുന്നു .

ഉല്പ. 2:24 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായി തീരും.

( ഒരു ദേഹം എന്ന് സഭയെക്കുറിച്ചു ആവർത്തിച്ചു  പറയുന്ന പദമാണ് , തിരുവെഴുത്തിൽ ആദ്യമായി വരുന്നത് ഇവിടെയാണ് )

ഇവിടെ രണ്ടു കാര്യങ്ങൾ പറയുന്നു അവർ  പറ്റിച്ചേരും ,  ഒരു ദേഹമായിത്തീരും.

പറ്റിച്ചേരൽ , ആത്മീകമായും , ദേഹീപരമായും ഉള്ള ഒന്നാകൽ ആണ് .  ഒരു ദേഹമായിത്തീരുക എന്നതിൽ   ശാരീരികമായ ഒന്നാകലും കൂടി ഉൾപ്പെടുന്നു. 

എന്നാൽ പാപം കടന്നു വന്നതിനു ശേഷം ഈ രീതിയിൽ ഉള്ള ഒന്നാകൽ അഥവാ യഥാർത്ഥ കൂട്ടായ്മ ഭാര്യയും ഭർത്താവും തമ്മിൽ  സാധ്യമായിരുന്നില്ല.  അതിനാൽ തന്നെ പഴയ ഉടമ്പടിയിൽ ദൈവം ഒരിക്കലൂം ഭാര്യയും ഭർത്താവും ഒന്നാകാൻ ആവശ്യപ്പെട്ടിരുന്നില്ല.അവരുടെ ഹൃദയ കാഠിന്യം നിമിത്തം ഉപേക്ഷണം പഴയ ഉടമ്പടിയുടെ കീഴിൽ ദൈവം അനുവദിച്ചു  . കുടുംബജീവിതത്തിലെ ഐക്യത  ദൈവീക ശുശ്രൂഷക്കു ഒരു മാനദണ്ഡവും ആയിരുന്നില്ല .  

എന്നാൽ  കർത്താവിന്റെ ക്രൂശിൽ കൂടി ദൈവം വീണ്ടും രണ്ടു പേർക്ക് ഒന്നാകാനുള്ള വഴി തുറന്നു . യേശുക്രിസ്തുവിൻ്റെ രക്തത്താൽ സ്ഥാപിക്കപ്പെട്ട പുതിയ ഉടമ്പടിയിൽ പ്രവേശിക്കുന്നവരുടെ കല്ലായുള്ള ഹൃദയം മാറ്റപ്പെടുകയും ,അവർക്കു  പുതിയ ഹൃദയം നൽകപ്പെടുകയും ചെയ്യുന്നു .  

പുതിയ ഹൃദയം ലഭിച്ച  രണ്ടു വിശ്വാസികൾ ക്രൂശു എടുത്തു അവരുടെ ദേഹീപരമായ ജീവൻ വിട്ടു കളയുമ്പോൾ  അവർക്കു കുടുംബത്തിൽ  ഒന്നായിത്തീരാൻ കഴിയുന്നു . അങ്ങനെ മാത്രമേ അവർക്കു ഒന്നാകുവാനും , തമ്മിൽ  കൂട്ടായ്മ ഉണ്ടാകുവാനും കഴിയുകയുള്ളൂ .

======================================================================================

ദുർന്നടപ്പും നിരപവാദ്യതയും  

=======================================================================================

ഈ കാരണം കൊണ്ട് തന്നെയാണ് 'ദുർന്നടപ്പു' എന്നത് മറ്റു പാപങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പാപം ആയി മാറുന്നത് . തിരുവെഴുത്തു ഇങ്ങനെ പറയുന്നു  "മനുഷ്യൻ ചെയ്യുന്ന മറ്റൊരു പാപവും അവന്റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാൽ ലൈംഗിക ദുർവൃത്തിയിലേർപ്പെടുന്നവൻ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു"

എന്ത് കൊണ്ടാണ് ദുർന്നടപ്പു സ്വന്ത ശരീരത്തിന് എതിരായ പാപം ആയി മാറുന്നത് ?  അതിനു കാരണം അത് ദൈവം ഒരു ശരീരം ആയിത്തീരുവാൻ ആക്കി വച്ചിരിക്കുന്ന ഭാര്യയുമായുള്ള ഉടമ്പടി ലംഖിക്കുന്ന, വേശ്യയുമായി ഒരു ദേഹമായിത്തീരുന്ന , ആത്മാവിലും ,  ദേഹിയിലും ,  ശരീത്തിലും ബാധകമായ  വലിയ പാപമാണ് ( പാപങ്ങൾക്ക് ഗൗരവത്തിൽ വ്യക്ത്യാസം  ഉണ്ട് എന്ന് ദൈവവചനം പഠിപ്പിക്കുന്നു ).  

*ഇവിടെയാണ്  ദൈവസഭയെ നയിക്കുന്നവരുടെ കുടുംബ ജീവിതം പ്രാധാന്യം അർഹിക്കുന്നത് . പൗലോസ് രണ്ടു ലേഖനങ്ങളിലും മൂപ്പൻ ആകുവാനുള്ള ആദ്യ യോഗ്യത  നിരപവാദ്യൻ ( above reproach ) ആയിരിക്കണം എന്നുള്ളതാണു. അവിടെ പറയുന്നതു ധാർമികമായ നിരപവാദ്യത ആണ് .  അഥവാ ദുർന്നടപ്പിനെ പറ്റിയുള്ള അപവാദം പോലും മൂപ്പനെ പറ്റി ഉണ്ടാകാൻ പാടില്ല എന്നാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത് . എന്നാൽ ഇന്ന് ഇത്തരത്തിൽ അപവാദങ്ങളിൽ മുങ്ങികിടക്കുന്നവർ ആണ് പല 'സഭകളുടെയും '  നേതൃത്തത്തിൽ ഉള്ളത്.

 

======================================================================================

ആത്മീക ഐക്യത, ആത്മീക അധികാരം 

==================================================================================

മൂപ്പൻ  നിരപവാദ്യൻ ആയിരിക്കേണം എന്നതു കൂടാതെ അദ്ദേഹത്തിന് കുടുബത്തിൽ ആത്മീക ഐക്യതയും ,  ആത്മീക അധികാരവും ഉണ്ടായിരിക്കേണം എന്നതാണ് തുടർന്നുള്ള യോഗ്യതകൾ ആയി പറയുന്നത് . 

ഈ രീതിയിലുള്ള   ഐക്യത ഇല്ലാത്ത ഒരു കുടുംബത്തിലെ ഭർത്താവിന് ഒരിക്കലും ഒരു ദൈവസഭയെ നയിക്കുവാനുള്ള യോഗ്യത ഇല്ല. അങ്ങനെയുള്ള വ്യക്തികൾ നയിക്കുന്ന സഭകളിലും ഒരിക്കലും യഥാർത്ഥ കൂട്ടായ്മ ഉണ്ടാകുകയില്ല* .  

പുതിയ ഉടമ്പടിയുടെ കീഴിൽ ദൈവം ഈ  ഐക്യത  അത് ആവശ്യപ്പെടുന്നു . ഈ ഐക്യത ഉള്ള കുടുംബത്തിൽ മാത്രമേ കുട്ടികൾ  അനുസരണയിൽ വളരുകയുള്ളൂ . അതിനാൽ തന്നെ അവിടെ തെറ്റുന്ന ഒരുവന് ഒരിക്കലൂം ഒരു ദൈവീക ശുശ്രൂഷ ചെയ്യുവാനുള്ള ആത്മീക അധികാരം ഉണ്ടാകുകയില്ല . അതിനാൽ കുടുംബത്തിലെ ഐക്യതയും ആത്മീക അധികാരവും  ദൈവീക ശുശ്രൂഷയുടെ ഏറ്റവും വലിയ മാനദണ്ഡവും ആകുന്നു .  

ഇത് വായിക്കുന്ന  ദൈവീക ശുശ്രൂഷകർ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിങ്ങളോടു പറയട്ടെ , നിങ്ങളുടെ കുടുബ ജീവിതത്തിൽ നിങ്ങൾ പരാജയപ്പെട്ടു എങ്കിൽ, ഭാര്യയുമായി നിങ്ങൾക്ക് ഒന്നാകാൻ കഴിയുന്നില്ല എങ്കിൽ , കുടുംബത്തിൽ നിങ്ങൾക്ക് ആത്മീക അധികാരം ഇല്ല എങ്കിൽ, നിങ്ങൾ ചെയ്യുന്ന ദൈവീക ശുശ്രൂഷ ആദ്യം നിർത്തിയിട്ടു നിങ്ങളുടെ കുടുംബം പണിയുവാൻ ശ്രമിക്കുക.

നിങ്ങളുടെ ശുശ്രൂഷ ലോകത്തിനു അല്ല , നിങ്ങളുടെ കുടുംബത്തിന് ആണ് ആവശ്യം എന്നുള്ളത് ദൈവം നിങ്ങളോടു സംസാരിക്കുകയാണ് .  നിങ്ങളുടെ ഏറ്റവും വലിയ ഉടമ്പടി നിങ്ങളുടെ ഭാര്യയുമായി ഒന്നാകുക  എന്നതാണ് .നിങ്ങളുടെ ആദ്യ ശുശ്രൂഷ അവിടെയാണ്. അവിടെ നിങ്ങൾ പരാജയപ്പെട്ടാൽ നിങ്ങൾ എല്ലായിടത്തും പരാജയപ്പെടും.

ഓർക്കുക : ഒരു ആത്മീക ശുശ്രൂഷകന്റെ ആദ്യസഭ അവന്റെ സ്വന്തം കുടുംബമാണ്. അവിടെ നിങ്ങള്ക്ക് ഭാര്യയുമായി ഒന്നാകാൻ കഴിയുന്നില്ല എങ്കിൽ , കർത്താവിന്റെ ശിക്ഷണത്തിലും പ്രബോധനത്തിലും കുട്ടികളെ വളർത്താൻ കഴിയുന്നില്ലെങ്കിൽ, അയാളുടെ ശുശ്രൂഷ  സഭയിൽ, ലോകത്തിൽ ദൈവത്തിനു  ആവശ്യമില്ല   നിങ്ങൾ  പണിയുന്ന ഏതു പണിയും അടിത്തറ തകർന്ന വീട് പണി പോലെയാകും  - താമസിയാതെ  ആ വീട്  തകർന്നുവീഴും

നിങ്ങളുടെ കുടുംബത്തിൽ ഐക്യതയോ ,  ആത്മീക അധികാരമോ ഇല്ലാതെ നിങ്ങൾ 'മിനിസ്ട്രി' തുടരുമ്പോൾ വിവേചനം ഇല്ലാത്ത സഭാ ജനങ്ങൾക്ക് ഒരു പക്ഷെ അത് മനസ്സിലായി എന്ന് വരികയില്ല.  എന്നാൽ നിങ്ങളുടെ ഭവനത്തിലെ കുട്ടികൾക്ക് അത് മനസ്സിലാകും. അതിനാൽ തന്നെ അവർ ദൈവത്തിൽ നിന്നും അകന്നു പോകാൻ സാധ്യത ഉണ്ട് . 

ഈ കാര്യം മിക്കവാറും പേരും  പഠിപ്പിക്കാറില്ല, പാലിക്കാറില്ല . കാരണം ദൈവീക ശുശ്രൂഷ ദൈവീക വഴിയിൽ ചെയ്യാൻ ആഗ്രഹമുള്ളവർ വളരെ കുറവായിരുന്നു.'മിനിസ്ട്രി' എന്നത് അവർക്കു ദൈവത്തെക്കാൾ , കുടുംബത്തേക്കാൾ,  ദൈവീക നിയമങ്ങളെക്കാൾ വലിയതായിരിക്കുന്നു .  അങ്ങനെയുള്ളവർ ദൈവസഭയെ  സഭയെ പണിയുന്നവർ അല്ല നശിപ്പിക്കുന്നവർ ആണ് .   


കുടുംബ ജീവിതം തകർന്നിട്ടും പലരും ദൈവീക ശുശ്രൂഷ മുൻപോട്ടു കൊണ്ട് പോകുന്നതിനു കാരണം എന്താണ് ? 

ഈ വിഷയത്തിൽ ഞാൻ പലപ്പോഴും പല വ്യക്തികളോടും സംസാരിച്ചിട്ടുണ്ട് .  അതിൽ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു .

=====================================================================================

ദൈവീക ശുശ്രൂഷയിലെ 'അനിവാര്യർ' 

==================================================================================

അതിൽ  ഒരു കാരണം , ഇങ്ങനെയുള്ളവർ ചിന്തിക്കുന്നത് ഇവർ ദൈവീക ശുശ്രൂഷ ചെയ്തില്ല എങ്കിൽ ദൈവവേല തടസ്സപ്പെടും എന്നതാണു. തങ്ങൾ ദൈവ വേലക്കു അനിവാര്യർ  ആണെന്നാണ് അവർ ചിന്തിക്കുന്നത് .   പ്രിയപ്പെട്ടവരേ; നിങ്ങളുടെ കുടുംബം തകർന്നിട്ടു നിങ്ങൾ ചെയ്യുന്ന ശുശ്രൂഷ  നിങ്ങളുടെ കുടുംബത്തിനും ദൈവനാമത്തിനും  ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. യഥാർത്ഥത്തിൽ അതാണ് യഥാർത്ഥ ദൈവവേലക്കു ഏറ്റവും തടസ്സമായിരിക്കുന്നതു.  നിങ്ങളെന്നല്ല; ലോകത്തിലുള്ള ഒരു വ്യക്തിയും ദൈവീക ശുശ്രൂഷക്കു അനിവാര്യർ അല്ല .  ദൈവീക ശുശ്രൂഷ ദൈവീക മാർഗ്ഗത്തിൽ ദൈവീക ശക്തിയിൽ ആണ് നിർവഹിക്കേണ്ടത് . ദൈവീക വഴിയിൽ നിന്നും മാറി സ്വന്ത വഴിയിൽ ദൈവീക ചെയ്യുന്ന ശുശ്രൂഷകൾ നിങ്ങളുടെ കുടുംബത്തിനും ,  ദൈവനാമത്തിനും വലിയ ദോഷം ഉണ്ടാക്കും 

======================================================================================

ദൈവീക ശുശ്രൂഷ തൊഴിലും ,  വരുമാനമാഗ്ഗവും ആയി മാറുമ്പോൾ 

==================================================================================

ഇത്തരത്തിൽ കുടുംബ ജീവിതം തകർന്നിട്ടും ,  ശുശ്രൂഷ തുടരുന്നവർ പറയുന്ന  അടുത്ത ഒരു കാരണം ആണ് ഏറ്റവും പ്രധാനവും  ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ടതായ വിഷയം.  അത് ഇതാണ് —ഈ 'ശുശ്രൂഷകർക്കു' ആർക്കും   വേറൊരു തൊഴിൽ ഇല്ല, അറിയില്ല ; പ്രസംഗം, ശുശ്രൂഷ  ഇതൊക്കെ  അവരുടെ ഉപജീവനമാർഗ്ഗമായി മാറിയിരിക്കുന്നു . 

ഇതു ദൈവവചന വിരുദ്ധം ആണെന്ന്  മാത്രമല്ല—ഈ രീതിയിൽ  ദൈവീക ശുശ്രൂഷ ചെയ്യുന്ന വ്യക്തിക്കും അയാളുടെ , കുടുംബത്തിനും, സഭയ്ക്കും, ക്രിസ്തുവിന്റെ നാമത്തിനും വലിയ ദോഷം വരുത്തുന്ന ഒന്നാണ് .

ഇത്തരത്തിൽ കുടുംബ ജീവിതം തകരുകയും , തുടർന്നും ദൈവീക ശുശ്രൂഷയിൽ തുടരുകയും ചെയ്യുന്ന പലരുമായും ഞാൻ ഈ വിഷയം സംസാരിച്ചിട്ടുണ്ട് അവരിൽ  പലരും എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള ഒരു കാരണം ഇതാണ്  ' ഞങ്ങളുടെ ജീവനോപാധി സുവിശേഷ വേലയാണ് , മറ്റു തൊഴിലുകൾ ഒന്നും അറിയില്ല , ഈ പരിപാടി നിർത്തിയാൽ ഞങ്ങൾ  എങ്ങനെ ജീവിക്കും ?

സുവിശേഷ വേല എന്നത് ഇന്ന് ഒരു ഉപജീവനം മാത്രമല്ല ,പലർക്കും   ആഡംബര ജീവിതത്തിനുള്ള ഉപാധിയായി മാറിക്കഴിഞ്ഞിരിക്കുന്നു .  

എന്നാൽ ബൈബിൾ വ്യക്തമായി വെളിപ്പെടുത്തുന്നു:

ദൈവീക ശുശ്രൂഷ ഒരു തൊഴിൽ അല്ല. ദൈവീക ശുശ്രൂഷ ഉപജീവന മാർഗ്ഗമല്ല. സുവിശേഷം എന്നത്  വിറ്റ്  പണമുണ്ടാക്കേണ്ട  ഒന്നല്ല .  അത് സൗജന്യമായി ലഭിച്ചതും ; സൗജന്യമായി കൊടുക്കേണ്ടതുമാണ് .”

ഈ ഒരു വിഷയം നാം ഏറ്റവും ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ് . കാരണം കർത്താവ് മുന്നറിയിപ്പ് നൽകിയത് പോലെ  ഇത്തരക്കാർ ദൈവദാസന്മാരായി തുടങ്ങി ഒടുവിൽ  ദ്രവ്യദാസന്മാരായി  അവസാനിക്കുന്നു.

കർത്താവിനെ ആത്മാർത്ഥയോടെ  സേവിക്കാൻ തുടങ്ങുന്ന എല്ലാവരെയും പിശാച് പരീക്ഷിക്കുന്നത് ഇവിടെയാണ് . ഒരു ദൈവ  ശുശ്രൂഷകർ  ഈ വചനം വ്യക്തമായി  മനസ്സിലാക്കി കർത്താവിൻ്റെ പാത  പിന്തുടരുന്നില്ലെങ്കിൽ, അവർ ദൈവത്തെ സേവിക്കുന്നവനായി  തുടങ്ങുമെങ്കിലും  ക്രമേണ പണത്തിനെയും ദൈവത്തെയും ഒരുമിച്ചു  സേവിക്കുന്നവരും  മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും , ഒടുവിൽ അവർ  ദാരുണമായി പൂർണ്ണമായും  മാമോൻ്റെ  സേവകരായി  കലാശിക്കുകയും ചെയ്യാം  .

അതിൽ കൂടി ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുകയും ചെയ്യും . അങ്ങനെ ഒരുവൻ ആയിത്തീരുന്നതിനേക്കാൾ , അവൻ കർത്താവിനെ സേവിക്കാൻ ഇറങ്ങാതെ ഇരിക്കുന്നതാണ് നല്ലതു.

തിരുവെഴുത്തിൽ ദൈവീക ശുശ്രൂഷ ചെയ്തു തുടങ്ങി മാമോൻ്റെ ദാസന്മാരായി അവസാനിച്ച പലരുടെയും ജീവിതം ഇന്നുള്ള ദൈവീക ശുശ്രൂഷകർക്കു ബുദ്ധി ഉപദേശമായി എഴുതിയിരിക്കുന്നു .  ശ്രദ്ധിക്കേണ്ട  കാര്യം  ;  ഇവർ എല്ലാവരും ദൈവീക ശുശ്രൂഷക്കാരും  യഥാർത്ഥ ദൈവ ദാസന്മാരുടെ സഹ പ്രവർത്തകരും  ആയിരുന്നു എന്നതാണ്  . അതിനാൽ ദൈവീക ശുശ്രൂഷ ചെയ്യുന്ന എല്ലാവര്ക്കും ഉള്ള പാഠമാണ് ഇവരുടെ ജീവിതം 

================================================================================

ഗേഹസി, യുദാസ്, ദേമാസ് — ദൈവദാസരായി തുടങ്ങി മാമോൻ/ ദ്രവ്യ ദാസരായി അവസാനിച്ചവർ

================================================================================

1. ഗേഹസി — എലീശായുടെ സഹശുശ്രൂഷകൻ   (2 രാജാ 5)

ഗേഹസി എലീശായുടെ  ശുശ്രൂഷയിൽ വളർന്ന ഒരു യുവപ്രവാചകൻ ആയിരുന്നു .എന്നാൽ ദ്രവ്യാഗ്രഹം  അവന്റെ ഹൃദയം കവർന്നു. ഇന്നത്തെ പല 'ശുശ്രൂഷകന്മാരെയും' പോലെ  നയമാൻ്റെ രഥത്തിനു  പിന്നാലെ പണത്തിനു വേണ്ടി ഓടുന്ന ഗേഹസിയെ ആണ് നാം പിന്നീട് കാണുന്നത് .അവസാനം നയമന്റെ പണത്തിനു പകരം നയമന്റെ കുഷ്ഠം — അവന്റെ ജീവിതത്തെയും കുടുംബത്തെയും വരെ ബാധിച്ചത് നാം കാണുന്നു . 

2. യുദാസ് — യേശുവിനോടൊപ്പം നടന്ന സഹശുശ്രൂഷകൻ / അപ്പോസ്തോലൻ 

യൂദാ  യേശുക്രിസ്തു പ്രാർത്ഥനാപൂർവ്വം   തിരഞ്ഞെടുത്ത ഒരു അപ്പോസ്തോലൻ ആയിരുന്നു. യൂദാ  മൂന്ന് വർഷം യേശുവിനൊപ്പം നടന്നവന്നു .  യേശുവിൻ്റെ ജീവിതം , അത്ഭുതങ്ങൾ, ഉപദേശങ്ങൾ—എല്ലാം കണ്ടു കേട്ടു , ശുശ്രൂഷയിൽ പങ്കാളിയായി 
എങ്കിലും മുപ്പതു വെള്ളി നാണയങ്ങൾക്ക് തന്റെ ഗുരുവിനെയും  രക്ഷകനെയും വിറ്റു, ആത്മഹത്യയിൽ അവസാനിച്ചു.

3. ദേമാസ് — പൗലോസിന്റെ  സഹപ്രവർത്തകൻ

ദേമാസ് പൗലോസിന്റെ സഹ പ്രവർത്തകൻ ആയിരുന്നു .  എന്നാൽ ദേമാസിൻ്റെ അവസാനം പൗലോസ് വ്യവരിക്കുന്നു 

ഈ ലോകത്തെ സ്നേഹിച്ചതിനാൽ ദേമാസ് എന്നെ ഉപേക്ഷിച്ചു.” (2 തിമൊ 4:10)

ഈ മൂന്നു ഉദാഹരണങ്ങൾ ഒരു കാര്യമാണ് പ്രഖ്യാപിക്കുന്നത്: ദൈവീക ശുശ്രൂഷ ദൈവീക മാർഗ്ഗത്തിൽ ചെയ്യാൻ ആഗ്രഹിക്കാത്ത ഏതൊരു ശുശ്രൂഷകനും മാമോൻ്റെ ദാസൻ ആയി അവസാനിക്കുവാൻ വലിയ സാധ്യത ഉണ്ട് . 

=====================================================================================

ദൈവീക വേല ദൈവീക മാർഗ്ഗത്തിൽ; പൗലോസിൻ്റെ മാതൃക 

====================================================================================

എന്നാൽ എന്താണ് ഇതിനുള്ള പ്രധിവിധി ?  ദൈവീക വേല ദൈവീക മാർഗ്ഗത്തിൽ തന്നെ ചെയ്യുക എന്നത് മാത്രമാണ് ഇതിനുള്ള പ്രധിവിധി. 

ഇവിടെയാണ് പൗലോസിന്റെ ജീവിതവും ശുശ്രൂഷയും വ്യത്യസ്‍തവും  പ്രസക്തവുമാകുന്നത്

ഈ വിഷയം  *ദൈവീക ശുശ്രൂഷയിലെ സാമ്പത്തിക സ്വാതന്ത്ര്യവും ആത്മീക അധികാരവും :  പൗലോസിൻ്റെ മാതൃക* എന്ന ലേഖനത്തിൽ വിശദമായി വിവരിച്ചിരിക്കുന്നു .  അതിലെ രത്ന ചുരുക്കം ഇവിടെ എഴുതുന്നു 

ഒരു അപ്പോസ്തലൻ എന്ന നിലയിൽ താൻ ശുശ്രൂഷിച്ച സഭകളിൽ നിന്നും വിശ്വാസികളിൽ നിന്നും സാമ്പത്തിക സഹായം  സ്വീകരിക്കാൻ അദ്ദേഹത്തിന് പൂർണ്ണ അധികാരമുണ്ടായിരുന്നിട്ടും,മിക്ക സ്ഥലങ്ങളിലും  അദ്ദേഹം അത് നിരസിച്ചു കൊണ്ട്  സ്വന്തം കൈകൊണ്ട് ജോലി ചെയ്തു - എല്ലാ തലമുറകളിലെയും പാസ്റ്റർമാർക്കും പ്രസംഗകർക്കും ശുശ്രൂഷകർക്കും താൻ ഇതിലൂടെ ഒരു  മാതൃക വെച്ചു.അപ്പ്സോതോലനായ പൗലോസിന്റെ ജീവിതം ഇന്നത്തെ 'ഉപജീവന /  ആഡംബര ജീവിത സുവിശേഷ വേലയ്ക്കുള്ള മറുപടിയാണ്.

പൗലോസിൻ്റെ ശുശ്രൂഷയുടെ പിന്നിലെ ആത്മീക അധികാരത്തിനു കാരണം താൻ ആരുടെയും പണത്തിൽ  ആശ്രയിക്കാതെ സ്വന്ത കൈ കൊണ്ട് വേല ചെയ്തു സുവിശേഷം സൗജന്യമായി പ്രസംഗിച്ചു എന്നതായിരുന്നു . ഇന്നുള്ള അനേകർക്ക്‌ ദൈവീക അധികാരം ഇല്ലാത്തതിന്റെ / നഷ്ടപ്പെട്ടതിന്റെ കാരണവും എന്താണ് എന്നു ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും .   

പൗലോസിൻ്റെ കാലത്തേക്കാൾ  ഇന്നുള്ള ക്രിസ്തീയ ലോകത്തിൽ ഈ മാതൃക ഏറ്റവും ആവശ്യമാണ് .  സുവിശേഷ വേല പണമുണ്ടാക്കാനുള്ള ഏറ്റവ്വും വലിയ മാർഗ്ഗമാണ് എന്നും, സുവിശേഷകർ പണത്തിനു പുറകെ ഓടുന്നവരാണ് എന്നും അവിശ്വാസികൾ ചിന്തിക്കുന്നു .  അതിനു കാരണം  ഇത്തരം  ദ്രവ്യാഗ്രഹികളായ  കള്ള നാണയങ്ങളാണ് . 

കേരളത്തിലെ പ്രശസ്തനായ ഒരു വ്യക്തി പറഞ്ഞത് , ഗൂഗിൾ കമ്പനി പൂട്ടിയാൽ തൊഴിൽ രഹിതർ ആകുന്നതിനേക്കാൾ കൂടുതൽ സുവിശേഷ /  മത  പ്രസ്ഥാനങ്ങൾ പൂട്ടിപ്പോയാൽ അതിലൂടെ പണം ഉണ്ടാക്കുന്നവർ  തൊഴിൽ രഹിതർ ആകും എന്നാണ് . സുവിശേഷം വഴി പണം ഉണ്ടാക്കുന്നവരെ കുറിച്ചുള്ള  ലോക മനുഷ്യരുടെ കാഴ്‌ചപ്പാട്‌ ആണ് ഇത് കാണിക്കുന്നത്.  ഇവിടെ പൗലോസിന്റെ മാതൃക എത്രമാത്രം പ്രസക്തം.

തിരുവെഴുത്തിൽ  പൗലോസിന്റെ  ഉപദേശം  വ്യക്തമാണ് .  ദൈവവേല  ദൈവത്തിൻ്റെ മാർഗ്ഗത്തിൽ ആണ് ചെയ്യേണ്ടത് . ഒരു ആത്മീക ശുശ്രൂഷകന്റെ ആദ്യ ശുശ്രൂഷ അവന്റെ സ്വന്തം കുടുംബത്തിലാണ് .  അവിടെ പരാജയപ്പെടുന്ന ഒരുവന്, കുടുംബത്തിൽ ഐക്യതയോ , സാക്ഷ്യമോ ,  ആത്മീക അധികാരമോ ഇല്ലാത്ത ഒരുവന് അതിനു പുറത്തു ദൈവീക ശുശ്രൂഷ ചെയ്യാനുള്ള അധികാരമില്ല . അതിനാൽ ഒരു ദൈവീക ശുശ്രൂഷകൻ പുറത്തു ശുശ്രൂഷ   ചെയുന്നത് നിർത്തുകയും കുടുംബത്തെ പണിയുകയും  ആണ് വേണ്ടത് . അല്ലാതെ ചെയ്യുന്ന ശുശ്രൂഷകൾ ദൈവനാമത്തിനു ദോഷമുണ്ടാക്കുന്നതാണ് .  

എന്നാൽ ഈ രീതിയിൽ ദൈവം പറഞ്ഞാൽ പോലും ശുശ്രൂഷ നിർത്തുവാനും  കുടുംബത്തെ പണിയുവാനും പല ദൈവ വേലക്കാർക്കും കഴിയാത്തതിന് പ്രധാന കാരണം ദൈവവേല അവർക്കു ധനസമ്പാദന മാർഗ്ഗം  ആയിരിക്കുന്നു എന്നതാണ് . 

ദൈവവേല    ചെയ്യുന്ന ഒരുവൻ അതിനു  ഒരിക്കലും മാമോന്റെ , മനുഷ്യന്റെ ദാസൻ ആയിത്തീരരുത് .  അതിനാൽ തന്നെ അവർക്കു  ദൈവീക ശുശ്രൂഷ  ഒരു തൊഴിൽ ആയി, വരുമാനമാർഗ്ഗമായി തീരരുത് .   ദൈവീക ശുശ്രൂഷ ചെയുന്ന എല്ലാവരും തന്നെ സ്വന്ത കൈയ്യാൽ വേല ചെയ്യാൻ തയ്യാർ ആയിരിക്കേണം .ശുശ്രൂഷ അവന്റെ ഉപജീവനമാർഗ്ഗമല്ലാത്തതിനാൽ ഒരു യഥാർത്ഥ നേതാവിന് ദൈവം ആവശ്യപ്പെടുമ്പോൾ ശുശ്രൂഷ നിർത്തുവാനും ,  കുടുംബത്തെ പണിയുവാനും ,  ദൈവം ശുശ്രൂഷയിൽ പുനർനിയമിക്കുമ്പോൾ അതിൽ ആത്മീക അധികാരത്തോടെ തുടരുവാനും കഴിയും . 


ഉപസംഹാരം
 
=======================================================================================
തിരുവെഴുത്ത് ഒരു സത്യം വ്യക്തമാക്കുന്നു: കുടുംബമാണ് ഒരു ദൈവീക ശുശ്രൂഷകന്റെ  പ്രഥമവും പ്രധാനവുമായ  ശുശ്രൂഷാമേഖല. ഒരു വ്യക്തി പ്രസംഗപീഠത്തിന് പിന്നിൽ നിൽക്കുന്നതിനോ ഒരു സഭയെ നയിക്കുന്നതിനോ വളരെ മുമ്പ്, ദൈവം അവൻ്റെ ഭവനത്തിലെ അവസ്ഥയെ  നോക്കുന്നു 
സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഐക്യവും  ആത്മീയ അധികാരവും കെട്ടിപ്പടുക്കാൻ ഒരു മനുഷ്യന് കഴിയുന്നില്ലെങ്കിൽ, അവന് സഭയിൽ അത് കെട്ടിപ്പടുക്കാൻ കഴിയില്ല. 
ആത്മീയ ശുശ്രൂഷയിൽ നിങ്ങൾ ദൈവത്തിനു ഒരിക്കലും അനിവാര്യൻ  അല്ല .  ദൈവീക ശുശ്രൂഷ ദൈവീക മാർഗ്ഗത്തിൽ ചെയ്യാൻ മനസ്സുള്ള ചുരുക്കം പേരെ കൊണ്ട് ദൈവത്തിനു തൻ്റെ ശുശ്രൂഷ ലോകത്തിലും ,  സഭയിലും  നിർവ്വഹിക്കാൻ കഴിയും . 
ദൈവ വേല ഒരു തൊഴിലും ,  ഉപജീവന മാർഗ്ഗവുമായി മാറുമ്പോൾ ദൈവം ശുശ്രൂഷയിൽ നിന്നും മാറുവാൻ ആവശ്യപ്പെമ്പോഴും ,  ഒരുവൻ 'വേല '  തുടരാൻ നിര്ബന്ധിതർ ആകുന്നു .  അങ്ങനെയുള്ളവർ ദൈവ ദാസൻ എന്ന സ്ഥാനത്തു നിന്നും ദ്രവ്യദാസൻ എന്ന നിലയിലേക്ക് അധഃപതിക്കുന്നു. 
അങ്ങനെയുള്ളവരുടെ നടുവിൽ   പൗലോസിന്റെ ശബ്ദം ഈ തലമുറയോട് വിളിച്ചുപറയുന്നു:
'എന്‍റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു .... നിങ്ങൾക്ക് മാതൃക കാണിച്ചിരിക്കുന്നു.” 'പ്രവൃത്തികൾ 20:35“എന്റെ മാതൃക പിന്തുടരുക.”(1 കൊരിന്ത്യർ 11:1)
കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ !!!!!