About Us

ABOUT US 

ക്രിസ്തുവിന്‍റെ ജീവന്‍ ഉള്ളില്‍ വരുമ്പോളാണ് ഒരുവന്‍ ദൈവമകന്‍ ആകുന്നത്. എന്നാല്‍ അങ്ങനെ ജീവന്‍ പ്രാപിച്ച വ്യക്തികളുടെ പ്രാദേശികമായ കൂട്ടം ആണ് പ്രാദേശിക ദൈവസഭ.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ജീവന്‍ ഉള്ളിലുള്ള ഒരു  അവയവം ആണ് ഒരു വിശ്വാസി എങ്കില്‍, ക്രിസ്തുവിന്റെ ജീവനാല്‍ നിയന്ത്രിക്കപ്പെടുന്ന അവയവങ്ങള്‍ ഒന്ന് ചേര്‍ന്ന ക്രിസ്തുവിന്‍റെ ശരീരം ആണ് സഭ. സഭ എന്നത് ഒരു കെട്ടിടമോ, ഒരു സംഘടനയോ അല്ല.സഭ ഒരു ജീവനുള്ള അവയവങ്ങള്‍ ചേര്‍ന്ന ജൈവീക ശരീരം ആണ്.( Church is not an organization but a living organism) ആ  ശരീരത്തിന്‍റെ തലയും, തലവനും, ശരീരത്തിലെ ഓരോ അംഗങ്ങളെയും നിയന്ത്രിക്കുന്നവനും ക്രിസ്തു മാത്രമാണ്.

ഒരു ശരീരത്തിലെ ഓരോ  അവയവങ്ങളുടെയും പ്രവര്‍ത്തി വ്യത്യസ്തം ആണ് എങ്കിലും എല്ലാ അവയവങ്ങളിലെയും പ്രവര്‍ത്തിപ്പിക്കുന്ന ശരീരത്തിന്‍റെ ഭാഗം ആക്കുന്ന പൊതുഘടകം ശരീരത്തിലെ ജീവന്‍ ആണ്.അത് പോലെ യേശുവിന്‍റെ ജീവന്‍ എന്ന പൊതു ഘടകം ആണ് സഭയിലെ ഓരോ അംഗങ്ങളെയും വര്‍ഗ്ഗ, വര്‍ണ്ണ,ജാതി വ്യത്യാസം ഇല്ലാതെ  ഒന്നാക്കുന്നത്.

1 കൊരിന്ത്യര്‍ 12:12 “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും..യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.”

ഗലാത്യര്‍ 3:28

അതിൽ യെഹൂദനും യവനനും എന്നില്ലദാസനും സ്വതന്ത്രനും എന്നില്ലആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

കൊലൊസ്സ്യര്‍ 3:11

അതിൽ യവനനും യെഹൂദനും എന്നില്ലപരിച്ഛേദനയും അഗ്രചർമ്മവും എന്നില്ലബർബ്ബരൻശകൻദാസൻസ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.

 

യേശുവിന്‍റെ ജീവന്‍ ഉള്ളിലുള്ള വിശ്വാസി  എന്ന അവയവം, അങ്ങനെയുള്ള വിശ്വാസികള്‍ കൂടിചേര്‍ന്ന പ്രാദേശിക ദൈവ സഭ, അങ്ങനെയുള്ള പ്രാദേശിക ദൈവ സഭകളുടെ കൂട്ടം ആയ ആഗോള വ്യാപകമായ ( universal )ദൈവസഭ എന്ന മൂന്നു കാര്യങ്ങള്‍ മാത്രമേ ദൈവവചനപ്രകാരം ഉള്ളൂ. ഇതില്‍ ആഗോള വ്യാപകമായ  ദൈവസഭ അദൃശ്യം ആണ്  കാരണം അതില്‍ ഇന്ന് വരെ ജീവിച്ചിട്ടുള്ള എല്ലാ ദൈവ മക്കളും, ഇനി ജനിക്കാന്‍ പോകുന്ന എല്ലാ ദൈവമക്കളും ഉള്‍പ്പെടുന്നത് ആണ്.

എന്നാല്‍ ദൈവമക്കളുടെ കൂട്ടായ്മയായ പ്രാദേശിക ദൈവ സഭ ദൃശ്യം ആണ്. ഒരു വീണ്ടും ജനിച്ച ദൈവമകന്‍ തീര്‍ച്ചയായും ദൈവവചനപ്രകാരമുള്ള ഒരു പ്രാദേശിക സഭയുമായുള്ള ബന്ധത്തില്‍ വരേണം.കാരണം തലയുമായുള്ള അഭേദ്യ ബന്ധത്തില്‍, ഒരു ശരീരത്തിന്‍റെ ഭാഗമായി മാത്രമേ ഒരു അവയവത്തിനു നിലനില്‍പ്പും, വളര്‍ച്ചയും ഉള്ളൂ.

എഫെസ്യര്‍ 4:16

ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു.

സഭ ക്രിസ്തുവിന്റെ ശരീരമാണു്. അതിന്റെ തല ക്രിസ്തു. പ്രാദേശിക സഭ ദൈവവചന പ്രകാരം സ്വതന്ത്രമാണ്, അതിനു ഭൂമിയില്‍ ഒരു കേന്ദ്രമോ, കേന്ദ്ര നേതാവോ ഇല്ല.

പുതിയ നിയമത്തിലെ എല്ലാ ശുശ്രൂഷകളും ദൈവസഭയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവസഭയുടെ പണിക്കു വേണ്ടിയാണ് ദൈവം ശുശ്രൂഷകരെ നിയമിക്കുന്നത്.ദൈവസഭയില്‍ വോട്ടെടുപ്പോ, തിരഞ്ഞെടുപ്പോ ഇല്ല. ദൈവീക നിയമനം മാത്രമേയുള്ളൂ. ജനാധിപത്യമോ, ഏകാധിപത്യമോ അല്ല, ദൈവധിപത്യം ആണ് സഭയില്‍ ഉള്ളത്. ദൈവം തന്‍റെ സഭയില്‍ ശുശ്രൂഷകരെ നിയമിക്കുന്നു.സഭ ദൈവീക നിയമനത്തെ  തിരിച്ചറിയുകയും, അംഗീകരിക്കുകയും, അധികാരങ്ങള്‍ക്ക് കീഴടങ്ങുകയും ചെയ്യുന്നു.

പ്രാദേശികസഭയുടെ നേതൃത്വം മൂപ്പന്മാരിലായിരിക്കണം. ഈ കാര്യം പുതിയനിയമം വ്യക്തമായി പഠിപ്പിക്കുന്നുണ്ടു് (തീത്തോ. 1:5;   അപ്പൊ. 14:23) .  മൂപ്പന്മാര്‍ എന്നു ബഹുവചനം പ്രയോഗിച്ചിരിക്കുന്നതിനാല് ഓരോ സഭയിലും കുറഞ്ഞപക്ഷം രണ്ടു മൂപ്പന്മാരുണ്ടായിരിക്കണം.  

തന്‍റെ ശരീരം പണിയുവാനായി ക്രിസ്തു സഭയില് അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. (എഫേ. 4:11). ദൈവികസത്യങ്ങളെ മറനീക്കിക്കാണിക്കുകയും വെളിപ്പെടുത്തുകയും, പാപത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നവരാണു് പ്രവാചകന്മാര്‍. അക്രൈസ്തവരെ ക്രിസ്തുവിലേക്കു വിളിച്ചടുപ്പിക്കുവാന് വരം ലഭിച്ചവരാണു് സുവിശേഷകന്മാര്‍. അപ്രകാരം ചെയ്തശേഷം അവര്‍ ആ ദൈവജനങ്ങളെ ക്രിസ്തുവിന്‍റെ ശരീരമായ ഒരു പ്രാദേശികസഭയിലേക്കു ചേര്ക്കേണ്ടതാണു്.ദൈവസഭയെ  കരുതലോടെ നയിക്കുകയും പുലര്‍ ത്തുകയും ചെയ്യുന്നവരാണു് ഇടയന്മാര്‍. തിരുവെഴുത്തുകളെയും അവയിലുള്ള ഉപദേശങ്ങളെയും വിശദമായി പഠിപ്പിക്കുന്നവര്‍ ആണ്  ഉപദേഷ്ടാക്കന്മാര്‍.

ഈ ശിശ്രൂഷകളുടെ എല്ലാം ഉദ്ദേശം ദൈവസഭ തലയായ ക്രിസ്തുവിന്‍റെ  സമ്പൂർണ്ണത എന്ന പ്രായത്തിന്‍റെ അളവ് പ്രാപിക്കുവാന്‍ വേണ്ടി വിശുദ്ധന്മാരെ ഒരുക്കുക എന്നതാണ്. (എഫേ. 4:12).

എല്ലാ പ്രദേശങ്ങളിലും  കര്‍ത്താവിന്‍റെ ശരീരത്തിന്‍റെ ദ്രിശ്യ വെളിപാടായ, ദൈവ വചന പ്രകാരമുള്ള പ്രാദേശിക സഭകള്‍ ഉണ്ടാകേണം എന്നത് ദൈവത്തിന്‍റെ അനാദിനിര്‍ണ്ണയം ആണ് എന്ന് ദൈവവചനം പറയുന്നു.അതിനാല്‍ അത്തരം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പ്രാദേശികമായ വെളിപ്പടുത്തലായ ഒരു സ്വതന്ത്ര പ്രാദേശിക സഭയായി ഞങ്ങള്‍ ആയിരിക്കുന്നു.


 WHAT WE BELIEVE 

തിരുവെഴുത്തിൽ നിന്നും ദൈവത്തെ കുറിച്ചുള്ള ഞങ്ങളുടെ വിശ്വാസം 

ദൈവം ഏകൻ ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
(ആവ 6:4, യാക്കോബ് 2:19, യോഹന്നാൻ 5:44)
പരിശുദ്ധത്രീത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
ത്രീത്വം എന്നത് "ഏകൻ" എന്നതിന് പകരമുള്ള പദമല്ല.
അത്‌ "പിതാവ് പുത്രൻ പരിശുദ്ധാത്മാവ് " എന്നി മൂന്ന് വ്യക്തികളിൽ അധിഷ്ട്ടിതമായിരിക്കുന്ന ഒരു ദൈവീകപ്രകൃതിയിലും (Nature) ശക്തിയിലുമുള്ള (Power) വിശ്വാസത്തെ സൂചിപ്പിക്കാനും "ദൈവം എങ്ങനെ ഏകൻ ആയിരിക്കുന്നു" എന്നത് വിശദീകരിക്കുവാൻ ഉപയോഗിച്ചേക്കുന്ന സാങ്കേതിക പദമാണ്.
ശക്തിയിലും, സത്തയിലും പ്രകൃതിയിലും ദൈവത്വത്തിലും സംഖ്യാപരമായി ഒന്നായ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന മൂന്ന് ദൈവീക വ്യക്തികളിൽ ഞങ്ങൾ വിശ്വസിക്കുന്നു.സത്തയെയോ ദൈവത്വത്തെയോ പ്രകൃതിയേയോ വിഭജിക്കാൻ കഴിയാത്ത വിധം ഒന്നായി മൂവരിലും സ്ഥിതി ചെയ്യുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
📌 സർവ്വത്തിന്റെ സൃഷ്ട്ടാവും, സർവ്വചരാചരങ്ങളുടെ പരിപാലകനുമായവനും, സ്വസുതനെ ഭൂമിയിൽ അയച്ചവനുമായ പിതാവായ സത്യ ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
(യോഹന്നാൻ 17:3, 1കൊരിന്ത്യർ 8:6, യോഹന്നാൻ 3:16)
📌 ദൈവത്തിന്റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽ നിന്നും നിത്യമായി ജനിച്ചവനും പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും,മഹാദൈവവും സർവ്വത്തിനും മീതെ ദൈവവും,
മനുഷ്യരക്ഷയ്ക്കായി കന്യകയായ മറിയയിൽ ഭൂജാതനായവനും, ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ട്, മരിച്ചു ഉയർത്ത് സ്വർഗ്ഗത്തിലേക്ക് കരേറി പിതാവിന്റെ വലത് ഭാഗത്ത് ഇരുന്നവനും, ജീവനുള്ളവരെയും മരിച്ചവരെയും ന്യായം വിധിപ്പാൻ മഹാശക്തിയോടും തേജസ്സോടും കൂടെ ആകാശമേഘങ്ങളിൽ വീണ്ടും വരുന്നവനുമായ യേശുമിശിഹാ എന്ന ഏകകർത്താവിലും ഏകനാഥനിലും ഞങ്ങൾ വിശ്വസിക്കുന്നു...
(യോഹന്നാൻ 1:14,18: മീഖ 5:2, എബ്രയർ 1:3, 1യോഹന്നാൻ 5:20, റോമർ 9:5, തീത്തോസ് 2:13,ഗലാ 4:4, 1കോരി 15:3,4: 1പത്രോസ് 3:22, മത്തായി 24:30, 1കോരി 8:6, യൂദാ 4)
📌 സകലത്തെയും ജീവിപ്പിക്കുന്നവനും, സകലർക്കും ജീവദാതവായവനും, ഒരു ശരീരത്തിന്റെ കൂട്ടായ്മയ്ക്ക് കാരണമായവനും, ദുരസ്ഥർക്കും സമീപസ്ഥർക്കും പിതാവിലേക്ക് പ്രവേശനം നല്കിയവനും പിതാവിനും പുത്രനുമൊപ്പം സ്തുതിക്കപ്പെട്ടു ആരാധിക്കപ്പെടുകയും, പിതാവിൽ നിന്നും പുത്രൻ വഴി നല്കപ്പെടുന്ന പരിശുദ്ധറൂഹ എന്ന ഏകാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു....
(യോഹന്നാൻ 6:63, റോമർ 8:11,എഫേ 4:3, 2:18, യോഹന്നാൻ 14:26, 15:26)
👉 പിതാവായ ഏകദൈവം
============================
പരിശുദ്ധത്രീത്വത്തിൽ "ഏകദൈവം" എന്ന പരാമർശം പിതാവായ ദൈവത്തെ ആണെന്നും, അത്‌ പുത്രന്റെയും പരിശുദ്ധത്മാവിന്റെയും സത്യദൈവത്വത്തിന്റെ നിഷേധമല്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു...
സകല ദൈവീക പ്രവർത്തികളും പിതാവിൽ നിന്നും ആരഭിച്ചു പുത്രനിൽ കൂടി, പരിശുദ്ധാത്മാവ് മൂലം പൂർത്തീകരിക്കപ്പെടുന്നു..
ദൈവീക പ്രവർത്തികൾ എല്ലാം പിതാവിൽ നിന്നും ആരംഭിക്കുന്നതിനാലും,
വ്യക്തികൾ എന്ന നിലയിൽ പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ദൈവത്വം നിത്യമായി പിതാവിൽ നിന്നും വരുന്നതിനാലും,
പിതാവ് ആരിൽനിന്നും അല്ലാത്തവൻ എന്ന നിലയിൽ പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നിത്യമായ കാരണമായതിനാലും അവിടുത്തെ ഏകദൈവം എന്ന് തിരുവെഴുത്ത് വിളിക്കുന്നു...
👉 കർത്താവായ യേശുക്രിസ്തു
=================================
നമ്മുടെ ഏകകർത്താവും ലോകത്തിന്റെ രക്ഷിതാവും ദൈവത്തിന്റെ ഏകപുത്രനുമാണ് യേശുക്രിസ്തു..
പുത്രൻ എപ്പോഴും പിതാവിൽ നിന്നുള്ളവൻ ആകയാൽ, പിതാവിന്റെ അതെ ദൈവത്വം ഒരു തരത്തിലും വിഭജിക്കപ്പെടാതെ പുത്രനും ഉള്ളതിനാൽ അവിടുത്തെ സത്യദൈവം എന്നും മഹാദൈവം എന്നും വിളിക്കുന്നു...
പുത്രൻ പിതാവിൽ നിന്നും വ്യതിരിക്തനും അപ്പോൾ തന്നെ പിതാവിന്റെ അതെ ദൈവത്വവും സത്തയും ഉള്ളത് കൊണ്ട് പിതാവിനോട് സമനും ആകുന്നു..
👉 ദൈവത്തിന്റെ പരിശുദ്ധാത്മാവ്
==================================
പിതാവിൽ നിന്നും പുത്രൻ വഴി നിത്യമായി പുറപ്പെടുന്നു..
പിതാവിനും പുത്രനുമൊപ്പം "കർത്താവ് " എന്ന നാമം പരിശുദ്ധാത്മാവിനും ഉണ്ട്.
പ്രവാചകന്മാരിലൂടെയും അപ്പോസ്തോലന്മാർ വഴിയും സംസാരിച്ചവനും സകലർക്കും ജീവൻ കൊടുക്കുന്നവനുമായ നിത്യത്മാവ്...
പുത്രന്റെ നാമത്തിൽ പിതാവ് അയച്ചവനും, പിതാവിൽ നിന്നും പുത്രൻ അയച്ചവനുമായ പരിശുദ്ധാത്മാവിന്റെ അയക്കപ്പെടൽ വെളിപ്പെടുത്തുന്നത്,
പിതാവിന്റെയും പുത്രന്റെയും ഏകദൈവത്വം തന്നെയാണ് പരിശുദ്ധത്മാവിന്റെതും എന്നാണ്.
പ്രഥമപ്രഭമായ പിതാവിൽനിന്നും കാലഭേദമില്ലാതെ അവനിൽനിന്നുള്ള പുത്രനിൽ വഴി പരിശുദ്ധാത്മാവ്‌ പുറപ്പെടുന്നു.

  ===========================================================================           

എല്ലാ തിരുവെഴുത്തുകളും( 66 പുസ്തകങ്ങള്‍ ) ദൈവത്താൽ പ്രചോദിതമാണ് എന്നും എഴുതപ്പെട്ട നിലയില്‍ തെറ്റുകളില്ലാത്തതാണ് എന്നും തിരുവെഴുത്തുകള്‍ ഇഹലോകവാസത്തിൽ നമ്മെ നയിക്കുവാൻ പര്യാപ്തമായ വഴികാട്ടിയുമാകുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

നമ്മുടെ കർത്താവായ യേശുക്രിസ്‍തുവിന്‍റെ ദൈവത്വം, കന്യകാജനനം, മനുഷ്യത്വം, പരിപൂർണ്ണമായ പാപരഹിത ജനനം, പാപരഹിതജീവിതം, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായുള്ള പാപങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള മരണം, ശരീരത്തോട് കൂടിയുള്ള ഉയിർപ്പ്, പിതാവിങ്കലേക്കുള്ള ആരോഹണം, തന്‍റെ വിശുദ്ധന്‍മാർക്ക് വേണ്ടി ഈ ഭൂമിയിലേക്കുള്ള തന്‍റെ രണ്ടാമത്തെ പരസ്യമായ മടങ്ങിവരവ് എന്നീ സത്യങ്ങളിൽ ഞങ്ങള്‍ വിശ്വസിക്കുന്നു.

എല്ലാ മനുഷ്യരും പാപത്തിൽ മരിച്ച് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, പാപക്ഷമയ്‍ക്കുള്ള ഏകമാര്‍ഗ്ഗം മാനസാന്തരപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മരണത്തിലും ഉയിർപ്പിലും ഉള്ള വിശ്വാസത്തിലൂടെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

പാപമോചനം പ്രാപിച്ച ഒരു വ്യക്തി വീണ്ടുംജനനം പ്രാപിച്ച് ദൈവപൈതലായിത്തീരുന്നത് ആ വ്യക്തിയുടെ ഉള്ളില്‍ പരിശുദ്ധാത്മാവ് സ്ഥിരമായി വാസം ചെയ്യുവാന്‍വരുന്നതിലൂടെ ആണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

രക്ഷ കൃപയാല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ മാത്രമാകുന്നു എന്നും, രക്ഷയുടെ തെളിവ് ദൈവത്തെ മഹത്വപ്പെടുത്തുന്ന സൽപ്രവർത്തികളെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

വീണ്ടും ജനനത്തിന് ശേഷം പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ പൂർണ്ണമായും മുങ്ങിയുള്ള ജലസ്നാനത്തിൽ ഞങ്ങള്‍ വിശ്വസിക്കുന്നു.

ജീവിതത്താലും വാക്കിനാലും ക്രിസ്തുവിനെ സാക്ഷീകരിക്കുവാനുള്ള ശക്തിക്കായി നിരന്തരം പരിശുദ്ധാത്മാവിൽ നിറയേണ്ടതിന്‍റെ ആവശ്യകതയിൽ ഞങ്ങള്‍ വിശ്വസിക്കുന്നു

വീണ്ടും ജനിച്ച ഓരോ വ്യക്തിയും, കര്‍ത്താവിന്‍റെ ശരീരമായ ഒരു പ്രാദേശിക സഭയുടെ ഭാഗമാകേണം എന്നും, ആ സഭയിലൂടെ ക്രിസ്തു എന്ന തലയോളം ആത്മീക വളര്‍ച്ച പ്രാപിക്കേണം എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു

കർത്താവിൻ്റെ ശരീരമായ സഭയുടെ ശുശ്രൂഷകൾക്ക് സഫലന്മാർ ആകുവാൻ , കൃപാവരങ്ങൾക്കു വേണ്ടി വാഞ്‌ച്ഛിക്കുകയും, പ്രാപിക്കുകയും  ചെയേണ്ടതിൻ്റെ ആവശ്യകതയിൽ ഞങ്ങൾ വിശ്വസിക്കുന്നു

നീതിമാന്മാർക്ക് നിത്യജീവനുവേണ്ടിയും അനീതിക്കാർക്ക് നിത്യനരകത്തിനും വേണ്ടിയുള്ള ഉയിർത്തെഴുന്നേല്‍പിൽ ഞങ്ങള്‍ വിശ്വസിക്കുന്നു.