മൂന്നു ദൈവീക സത്യങ്ങളും, മൂന്നു പൈശാചിക ഭോഷ്കുകളും
വായനഭാഗം: യോഹന്നാന്‍ 8:44
അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
റോമര്‍ 3:4
ദൈവം സത്യവാൻ, സകലമനുഷ്യരും ഭോഷ്കു പറയുന്നവർ
പിശാചിനെപ്പറ്റി ദൈവവചനം പറയുന്നത് ഭോഷ്ക് പറയുന്നവനും, ഭോഷ്കിന്റെ അപ്പനും എന്നാണ് എന്നാല്‍ ദൈവത്തെപ്പറ്റി പറയുന്നത് സത്യവാന്‍ എന്നാണ്.
ബൈബിള്‍ നാം ശ്രദ്ധയോടെ പഠിച്ചാല്‍ ദൈവം പറയുന്ന ചില അതിപ്രധാന സത്യങ്ങളും, പിശാചു അതിനെതിരായി പറയുന്ന ഭോഷ്കുകളും കാണാം, മനുഷ്യ ജീവിതത്തിന്‍റെ ഗതി തന്നെ അതിനോടുള്ള മനുഷ്യന്‍റെ പ്രതികരണങ്ങളെ ആശ്രയിച്ചായിരിക്കും. മനുഷ്യന്‍ ഒന്നുകില്‍ ദൈവം പറയുന്ന സത്യത്തെ വിശ്വസിക്കുന്നു, അല്ലെങ്കില്‍ പിശാചു പറയുന്ന കള്ളങ്ങളില്‍ വിശ്വസിക്കുന്നു. അതിന്‍റെ ആനന്തരഫലങ്ങളും അവന്‍ അനുഭവിക്കുന്നു.
മനുഷ്യനെ സംബന്ധിച്ച് ദൈവം പറഞ്ഞ അതിപ്രധാനമായ മൂന്നു സത്യങ്ങളും, അതിനെതിരായി പിശാചു പറഞ്ഞ മൂന്നു ഭോഷ്കുകളും ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നു. ഇത് വായിക്കുന്ന വായനക്കാര്‍ ആരെങ്കിലും പിശാചിന്റെ ഏതെങ്കിലും ഭോഷ്കില്‍ അകപ്പെട്ടവര്‍ ആണ് എങ്കില്‍ ദൈവവചന സത്യം അവരെ സ്വതന്ത്രര്‍ ആക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഒന്നാമത്തെ സത്യവും, ഒന്നാമത്തെ ഭോഷ്കും
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്‍റെ ജീവന്‍, ആത്മീക ജീവന്‍ മനുഷ്യന്‍റെ ഉള്ളില്‍ കൊടുത്തിട്ടാണ്. ദൈവം മനുഷ്യനില്‍ ജീവശ്വാസം ഊതി അവനെ സൃഷ്ടിച്ചു എന്ന് ദൈവവചനം പറയുന്നു. എന്നാല്‍ ആ ജീവന്‍ അവനില്‍ നിലനില്‍ക്കുവാന്‍ ഒരു നിയമവും ദൈവം കൊടുത്തിരുന്നു. ആ നിയമം മനുഷ്യന്‍ നന്മ തിന്മകളെ പറ്റി അറിവ് തരുന്ന വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുത് എന്നായിരുന്നു. അതിന്‍റെ അര്‍ഥം; നന്മ തിന്മകളെ മനുഷ്യന്‍ സ്വയം തിരഞ്ഞെടുക്കരുത്, അതിനു പകരം ദൈവത്തിനു പൂര്‍ണമായി സ്നേഹത്തില്‍ കീഴടങ്ങി തനിക്കു നന്മയെതാണ് തിന്മയെതാണ് എന്നുള്ളത് തീരുമാനിക്കാനുള്ള അവകാശം നന്മയുടെ ഉറവിടമായ ദൈവത്തിനു വിട്ടുകൊടുക്കണം എന്നതായിരുന്നു.
എന്നാല്‍ മനുഷ്യന്‍ ദൈവത്തിനു പൂര്‍ണമായി കീഴടങ്ങുതില്‍ നിന്നും മാറി സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ ദൈവീക ജീവന്‍ (ദൈവത്തിന്‍റെ ആത്മാവ്) അവനെ വിട്ടു പോവുകയും, മനുഷ്യന്‍റെ ആത്മാവ് നിര്‍ജീവമാവുകയും, മനുഷ്യന്‍ അത്മീകമായി മരിക്കുകയും, ദൈവീക കൂട്ടായ്മയില്‍ നിന്നും വേര്‍പെടുകയും ചെയ്യും. ഇതായിരുന്നു ദൈവം മനുഷ്യനോടു പറഞ്ഞ ആദ്യത്തെ സത്യവും കല്പനയും.
ഉല്പത്തി 2:17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
പിശാച് മനുഷ്യനോടു പറഞ്ഞ ആദ്യത്തെ ഭോഷ്ക് ദൈവം മനുഷ്യനോടു പറഞ്ഞ ആദ്യ സത്യത്തിനു നേരെ വിപരീതമായിരുന്നു. ദൈവത്തെ അവിശ്വസിച്ച്, ദൈവത്തിന്‍റെ സര്‍വാധിപത്യത്തില്‍ നിന്നും പുറത്തു കടന്നു സ്വയമായി തീരുമാനങ്ങള്‍ എടുത്താലും മനുഷ്യന് ദൈവം പറഞ്ഞത് പോലെ ആത്മീയ മരണം സംഭവിക്കുകയില്ല എന്നാണ് പിശാചു മനുഷ്യനോടു പറഞ്ഞത്.
ഉല്പത്തി 3:4: പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം
ദൈവീക ജീവന്‍ ഉള്ളില്‍ ഉണ്ടായിരുന്ന ആദം, ദൈവം പറഞ്ഞ സത്യത്തെ അവിശ്വസിക്കുകയും, പിശാചിന്റെ ഭോഷ്കിനെ വിശ്വസിക്കുകയും ചെയ്തു.
ആദം പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ദൈവം പറഞ്ഞ സത്യം പോലെ തന്നെ സംഭവിച്ചതായി നാം കാണുന്നു.
ദൈവത്തിന്‍റെ സര്‍വ്വാധിപത്യത്തില്‍ നിന്നും,ദൈവീക കൂട്ടായ്മയില്‍ നിന്നും പുറത്തു കടന്ന ആ നിമിഷം തന്നെ മനുഷ്യന്‍ അത്മീകമായി മരിച്ചു. മനുഷ്യനെ ആത്മീയദൃഷ്ടി അടഞ്ഞു. ദൈവാധിപത്യത്തില്‍ നിന്നും പിശാചിന്‍റെ അധികാരത്തിലേക്ക് മനുഷ്യന്‍ മാറി. ദൈവീക കൂട്ടായ്മയില്‍ നിന്നും പുറത്തായി. ദൈവ സ്വരൂപത്തില്‍ നിന്നും മനുഷ്യന്‍ പിശാചിന്‍റെ സ്വഭാവത്തില്‍ (പാപജഡത്തില്‍) ആയിത്തീര്‍ന്നു. ആത്മാവായ ദൈവത്തോട് ബന്ധപ്പെട്ടിരുന്ന, ദൈവത്താല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന മനുഷന്‍റെ ആത്മാവ് മരിച്ചു. മനുഷ്യന്‍റെ ദേഹിയെ പിശാചു നിയന്ത്രിക്കാന്‍ തുടങ്ങി. ദൈവസ്വഭാവത്തെ വെളിപ്പെടുത്തിയിരുന്ന മനുഷ്യന്‍ പിശാചിനെ വെളിപ്പെടുത്താന്‍ തുടങ്ങി.
രണ്ടാമത്തെ സത്യം, രണ്ടാമത്തെ ഭോഷ്കും
എന്നാല്‍ കാര്യങ്ങള്‍ അവിടെകൊണ്ടു അവസാനിച്ചില്ല, അത്മീകമായി മരിച്ച ആദമില്‍ നിന്ന് ഭൂമിയില്‍ ജനിച്ചതും, ജനിക്കുന്നവരും ആയ എല്ലാവരും ആദമിന്‍റെ സ്വരൂപത്തില്‍, ആത്മീകമായി മരിച്ചവരായി, പിശാചിന്‍റെ അധികാരത്തില്‍ ആണ് ജനിക്കുന്നത് എന്ന് ദൈവവചനം വ്യക്തമായി പറയുന്നു. അതാണ് ദൈവം വീണു പോയ മനുഷ്യവര്ഗ്ഗതോട് പറയുന്ന അതിപ്രധാനമായ രണ്ടാമത്തെ സത്യം.
അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.(റോമര്‍ 5:12)
എല്ലാവരും ആദമില്‍ മരിച്ചു. (1 കൊരിന്ത്യര്‍ 15:22)
വേറൊരു അര്‍ത്ഥത്തില്‍, ദൈവം എല്ലാ വീണുപോയ മനുഷ്യവര്ഗ്ഗതോടും പറയുന്ന അതിപ്രധാനമായ സത്യം;നിങ്ങള്‍ ദൈവീക ജീവന്‍ ഉള്ളില്‍ ഇല്ലാത്തവര്‍ ആണ്, നിങ്ങള്‍ മരിച്ചവര്‍ ആണ് എന്നതാണ്.
നിങ്ങള്‍ മരിച്ചവര്‍ ആണ് എന്ന് മനസ്സിലാക്കി കഴിയുമ്പോള്‍ നിങ്ങള്ക്ക് അടുത്തതായി ചെയ്യാന്‍ കഴിയുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്നാമത്, നിങ്ങള്‍ക്ക് ഇപ്പോള്‍ ആയിരിക്കുന്ന മരണ അവസ്ഥയില്‍ തന്നെ തുടരുവാന്‍ കഴിയും. എന്നാല്‍ അതിനായി പ്രത്യേകിച്ച് നിങ്ങള്‍ ഒന്നും ചെയ്യേണ്ട കാര്യമില്ല.
എന്നാല്‍ മരിച്ച മനുഷ്യന് രണ്ടാമത് ചെയ്യാന്‍ കഴിയുന്ന കാര്യം ജീവന്‍ പ്രാപിക്കുക എന്നതാണ്. എന്നാല്‍ അവനു ജീവന്‍ പ്രാപിക്കണമെങ്കില്‍ ആ ജീവന്‍ ഉള്ള ഒരു വ്യക്തി അതിനെ കൊടുത്തെങ്കില്‍ മാത്രമേ അതിനു കഴിയുകയുള്ളൂ. എന്നാല്‍ ആദത്തില്‍ നിന്നും ഈ ഭൂമിയില്‍ ജനിച്ച ഒരുവനും മറ്റൊരുവന് ജീവന്‍ കൊടുക്കുവാന്‍ കഴിയില്ല, കാരണം ഒരുവനിലും ആ ജീവന്‍ ഉള്ളില്‍ ഇല്ല, എല്ലാവരും ആദത്തില്‍ മരിച്ചു.
എന്നാല്‍ ആദം അവിശ്വസതാലും, കല്പ്പനാ ലന്ഖനത്താലും മരിച്ചപ്പോള്‍ തന്നെ ദൈവം മനുഷ്യന്റെ വീണ്ടെടുക്കുവാനുള്ള പദ്ധതി പ്രഖ്യാപിച്ചു. അതാണ് ദൈവം മനുഷ്യവര്‍ഗ്ഗത്തിന് കൊടുത്ത ആദ്യത്തെയും ഏറ്റവും പ്രധാനവും ആയ വാഗ്ദത്തം. അത് ഇങ്ങെനെയാണ്.
ഉല്പത്തി 3 :15 ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. സ്ത്രീയുടെ സന്തതി നിന്‍റെ (പിശാചിന്‍റെ) തല തകർക്കും
ഈ ഭൂമിയില്‍ ആദമില്‍ നിന്നും ജനിക്കുന്ന ഏവരും ആദമില്‍ മരിച്ചവര്‍ ആയതിനാല്‍, ആദമില്‍ നിന്നല്ലാത്ത സ്ത്രീയില്‍ നിന്നും മാത്രമായി ജനിക്കുന്ന ഒരു വാഗ്ദത സന്തതി വരുകയും, അവന്‍ തന്‍റെ ജീവനെ കൊടുത്തു മനുഷ്യനെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും വീണ്ടെടുക്കുകയും ചെയ്യും എന്നത് ആയിരുന്നു ആ പദ്ധതി.
ദൈവത്തിന്‍റെ ലോകസ്ഥാപനത്തിനു മുന്‍പേയുള്ള പദ്ധതി പൂര്തീകരിച്ചുകൊണ്ട്, കാലസംമ്പൂര്‍ണതയില്‍ ആദമില്‍ നിന്നല്ലാതെ, സ്ത്രീയുടെ സന്തതിയായി, ആ വാഗ്ദത സന്തതി ജനിച്ചു. അവനാണ് യേശുക്രിസ്തു. അവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപം ഏറ്റെടുത്തു പാപപരിഹാരമായി തന്‍റെ ജീവനെ അര്‍പ്പിച്ചു.
ലോക ചരിത്രത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപം ഏറ്റെടുത്തു മരിച്ച ഏക വ്യക്തി യേശുക്രിസ്തു മാത്രമാണ്. കാരണം പാപത്തിനു മറുവിലയായി ജീവന്‍ കൊടുക്കുവാന്‍ പപമില്ലതവനായ ഒരുവന് മാത്രമേ കഴിയുകയുള്ളൂ.അത് യേശുക്രിസ്തു മാത്രം ആണ്.
ഈ ലോകത്തില്‍ അനേകം മഹാത്മാക്കളും, പുണ്യപുരുഷന്മാരും,മതസ്ഥാപകരും, പ്രവാചകന്മാരും വന്നിട്ടുണ്ട്, അവര്‍ വളരെ നല്ല ഉപദേശങ്ങള്‍ പഠിപ്പിച്ചിട്ടും, മാതൃകയോടെ ജീവിച്ചിട്ടും ഉണ്ട്, എന്നാല്‍ മരിച്ച മനുഷ്യന് ആവശ്യം ഉപദേശങ്ങളോ, മാതൃകകളോ അല്ല മറിച്ചു അവനു ആവശ്യം ജീവന്‍ ആണ്. ആ ജീവന്‍ നല്‍കുവാന്‍ ഈ ലോകത്തില്‍ വന്ന ഒരു മഹല്‍ വ്യക്തികള്‍ക്കും കഴിഞ്ഞില്ല, അതിനു കാരണം ദൈവവചനം തന്നെ പറയുന്നു. എല്ലാവര്‍ക്കും ആ ജീവന്‍ ആദമില്‍ നഷ്ടപ്പെട്ടു, എല്ലാവരും ആദമില്‍ മരിച്ചു.
എന്നാല്‍ യേശു ക്രിസ്തു തന്നെ തന്‍റെ സ്വന്ത വാക്കുകളില്‍ താന്‍ ഈ ഭൂമിയിലേക്ക് വന്നതിന്‍റെ ലക്‌ഷ്യം വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്തു വന്നത് മറ്റു പലരെയും പോലെ ഒരു മതം സ്ഥാപിക്കാനോ, നല്ല ഉപദേശങ്ങള്‍ തരാന്‍ വേണ്ടിയിട്ടോ, ഒരു നല്ല മാര്‍ഗം കാണിക്കാന്‍ വേണ്ടിയിട്ടോ ആയിരുന്നില്ല. കാരണം മരിച്ച മനുഷ്യന് ആവശ്യം മതമോ, ഉപദേശങ്ങളോ, മാതൃകയോ ആയിരുന്നില്ല. അവനു ആവശ്യം ജീവനായിരുന്നു, അത് മാത്രമായിരുന്നു. അതിനാല്‍ യേശു ക്രിസ്തു പറയുന്നു.
യോഹന്നാന്‍ 10:10,11 അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു. ഞാന്‍ നല്ല ഇടയന്‍ ആകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു
ആ ജീവന്‍ കൊടുക്കുവാന്‍ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളൂ, കാരണം അവനില്‍ മാത്രമേ പാപം ഇല്ലാതിരുന്നുള്ളൂ, അവനില്‍ മാത്രമേ മനുഷ്യനെ വീണ്ടും ജീവിപ്പിക്കുന്ന ആത്മീക ജീവന്‍ ഉണ്ടായിരുന്നുള്ളൂ.
യോഹന്നാന്‍ 1: 4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
യേശുക്രിസ്തു പാപപരിഹാരമായി മരിക്കുക മാത്രമല്ല, അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു അതിനാല്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവനു, യേശുവിന്‍റെ ജീവന്‍ ആയ, ദൈവീക ജീവന്‍ ആയ, നിത്യജീവന്‍ ലഭിക്കുന്നു, അവന്‍ താന്‍ ആയിരിക്കുന്ന മരണത്തില്‍ നിന്നും അപ്പോള്‍ തന്നെ ജീവനിലേക്കു കടക്കുന്നു.
യോഹന്നാന്‍ 5:24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
ഈ സത്യം വ്യക്തമായി അറിയാവുന്ന പിശാചു ഇന്ന് മനുഷ്യരോട് പറയുന്ന അതിപ്രധാന ഭോഷ്ക് ആണ്, അവന്‍ മരിച്ചവന്‍ അല്ല എന്നത്.
ഒരു മനുഷ്യന്‍ താന്‍ മരിച്ചവന്‍ ആണ് എന്ന് മനസ്സിലാക്കുകയും, യേശു ക്രിസ്തു നിത്യനരകത്തില്‍ നിന്നും തന്നെ വീണ്ടെടുക്കുവാന്‍ സ്വന്തം ജീവനെ കൊടുത്തു എന്നു മനസ്സിലാക്കി, മാനസന്തരപ്പെട്ടു യേശുക്രിസ്തുവില്‍ വിശ്വസിച്ചാല്‍, ആ മനുഷ്യന്‍ തന്‍റെ അധികാരത്തില്‍ നിന്നും എന്നെനെക്കുമായി നഷ്ടപ്പെടും എന്ന് നന്നായി അറിയാവുന്ന സാത്താന്‍, മനുഷ്യന്‍ ആ പരമപ്രധാന സത്യം മനസ്സില്ക്കാതെ ഇരിക്കുവാന്‍ തന്റെ സകല ഭോഷ്കുകളും ഉപയോഗിക്കുന്നു.
മരണത്തില്‍ നിന്നും, ജീവനിലേക്കു കടക്കുന്ന, വീണ്ടും ജനനം എന്ന ദൈവീക പദ്ധതി മനുഷ്യനില്‍ സംഭവിപ്പതെയിരിക്കുവാന്‍, പിശാചു മനുഷ്യനെ മതങ്ങളുടെയും, ആചാരങ്ങളുടെയും, പരമ്പര്യങ്ങളുടെയും, പുണ്യപ്രവര്‍ത്തികളുടെയും പിന്നാലെ നയിക്കുന്നു.
അതിലൂടെ താന്‍ മരിച്ചവന്‍ ആണ് എന്നും, വീണ്ടും ജനിക്കുക എന്ന ദൈവീക പദ്ധതിയില്‍ കൂടിയല്ലാതെ തനിക്കു ജീവന്‍ പ്രാപിക്കുവാന്‍ കഴിയുകയില്ല എന്നുമുള്ള അതിപ്രധാന സത്യം മറച്ചു വക്കുന്നു. അങ്ങനെ അവനെ നിത്യമായി മരണ അവസ്ഥയില്‍ നിര്‍ത്തുകയും ചെയ്യുന്നു.
ഈ ലേഖനം വായിക്കുന്ന ഓരോരുത്തരോടും ഞങ്ങള്‍ ചോദിക്കട്ടെ ...നിങ്ങള്‍ പിശാചിന്‍റെ ഭോഷ്കില്‍ വിശ്വസിച്ചു മരണത്തില്‍ തുടരുന്നവരോ, അതോ ദൈവത്തിന്റെ സത്യം വിശ്വസിച്ചു മരണത്തില്‍ നിന്നും ജീവനിലേക്ക് കടന്നവരോ?
ഒന്നുകൂടി വ്യക്തമാക്കിയാല്‍ നിങ്ങള്‍ പാപത്തില്‍ മരിച്ചവനാണെന്നും, പാപമില്ലാത്തവനായ യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നു വ്യക്തിപരമായി നിങ്ങളുടെ പാപത്തിനു വേണ്ടി മരിച്ചു, മരണത്തെ തോല്‍പ്പിച്ചു ഉയിര്‍ത്തെഴുന്നേറ്റു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും, യേശുക്രിസ്തുവിനെ കര്‍ത്താവായി വാ കൊണ്ട് ഏറ്റുപറയുകയും ചെയ്തു നിത്യജീവന്‍ പ്രാപിച്ചവകയും ചെയ്തവര്‍ ആണോ?
നിങ്ങള്‍ വലിയ പാരമ്പര്യമുള്ള ക്രിസ്തീയ കുടുംബത്തിലെയോ, ഹിന്ദു കുടുംബത്തിലെയോ, ഇസ്ലാം കുടുംബത്തിലെയോ അംഗമായിരിക്കാം. മനുഷ്യരുടെ മുന്‍പില്‍ നല്ലവനോ, ദുഷ്ടനോ ആകാം. മത ഭക്തനോ നിരീശ്വര വാദിയോ ആകാം. എന്നാല്‍ ദൈവത്തിനു മുന്‍പില്‍ ഇവ ഒന്നും തമ്മില്‍ ഒരു വ്യത്യാസവുമില്ല. എല്ലാവരും പാപം ചെയ്തു ദൈവീക ജീവന്‍ നഷ്ടപ്പെടുതിയവരാണ്, ജഡത്താല്‍ ജനിച്ചത് ജഡമാണ്. സ്വാഭാവിക ജനനത്തില്‍ കൂടി ആര്‍ക്കും ദൈവമകന്‍ ആകുവാന്‍ കഴിയില്ല. വീണ്ടും ജനനത്തില്‍ കൂടി, ദൈവത്തില്‍ നിന്നും ജനിക്കുന്നതില്‍ കൂടി മാത്രമേ ഒരുവന് ദൈവമകന്‍ ആകാന്‍ കഴിയുകയുള്ളൂ. കാരണം, നാം എല്ലാവരും സ്വാഭാവികമായി ആദമില്‍ നിന്നുള്ളവനാണ്.
എന്നാല്‍ നാം പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ചു, വീണ്ടും ജനിക്കാതെ മരണത്തില്‍ തന്നെ തുടരുന്ന പക്ഷം എന്താണ് സംഭവിക്കുന്നത് എന്നും ദൈവവചനം വ്യക്തമായി പറയുന്നുണ്ട്.
വെളിപാട് 20:11, ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു.അവന്‍റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിപ്പോയി അവയെ പിന്നെ കണ്ടില്ല.മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നിലക്കുന്നതും കണ്ടു.
ഇവിടെ മരിച്ചവര്‍ എന്ന് പറയുന്നത് ശാരീരികകമായി ജീവനോടെയിരിക്കുംപോള്‍ അത്മീകമായി ജീവിപ്പിക്കപെടാത്ത (വീണ്ടും ജനിക്കാത്ത) വ്യക്തികള്‍ ആണ്, ശാരീരിക മരണത്തിനു ശേഷം അവര്‍ പാതാളതിലെക്കും,അവിടെ നിന്നും അവര്‍ വെള്ള സിംഹാസനത്തിനു മുന്‍പിലേക്കും എത്തുന്നു.
“പുസ്തകങ്ങള്‍ തുറന്നു. ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു.”
ഈ വെള്ള സിംഹാസനം ശിക്ഷാവിധിക്ക് വേണ്ടി മാത്രമുള്ളതാണ്. വീണ്ടും ജനിച്ചവര്‍ ഇവിടെ വിധിക്കപ്പെടുകയില്ല. രക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാവിധി ഇല്ല എന്നത് തന്നെ കാരണം.(റോമര്‍ 8:1). ദൈവം ജീവന്‍റെ പുസ്തകം തുറക്കുന്നത് അതില്‍ പേരില്ലാത്ത മരിച്ചവരുടെ മുന്‍പില്‍ മാത്രമാണ്. ജീവന്‍റെ പുസ്തകം മരിച്ചവരുടെ മുന്‍പില്‍ തുറക്കാന്‍ കാരണം, ജീവന്‍ പ്രാപിക്കാന്‍ ഈ ഭൂമിയില്‍ അവസരമുണ്ടായിട്ടും, ജീവജലത്തിന്‍റെ ഉറവയായ, ജീവ വൃക്ഷമായ, ജീവന്‍റെ അപ്പമായ, നിത്യജീവനായ, നമ്മുടെ പാപങ്ങള്‍ക്ക് മറുവിലയായി തന്‍റെ ജീവനെ നല്‍കിയ യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞ് പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ചു മരണത്തില്‍ തുടര്‍ന്ന അവരുടെ തിരഞ്ഞെടുപ്പിനെ പറ്റി അവരെ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണു.
“പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കു അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും.
ദൈവ വചനം സ്ഫടികസമാനം വ്യക്തമാക്കുന്നു ശാരീരികകമായി ജീവനോടെയിരിക്കുമ്പോള്‍ ജീവന്‍റെ അപ്പമായ, ജീവദാതാവായ യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് അത്മീകമായി ജീവിപ്പിക്കപെടാത്ത, വീണ്ടും ജനിക്കാത്ത വ്യക്തികള്‍, ജീവപുസ്തകത്തില്‍ പേരില്ലാത്ത വ്യക്തികള്‍, അവര്‍ ശാരീരിക മരണത്തിനു ശേഷം പാതാളതിലെക്കും, പിന്നീടു വെള്ളസിംഹാസനത്തിന്‍റെ മുന്‍പിലേക്കും അതിനു ശേഷം നിത്യമായ രണ്ടാം മരണത്തിലേക്ക്(നിത്യ നരകം, തീപ്പൊയ്ക) പ്രവേശിക്കുന്നു. ഈ പറഞ്ഞതൊന്നും കെട്ടുകഥകളോ, മാനുഷിക അഭിപ്രായങ്ങളോ അല്ല. ദൈവവചനത്തിലെ സുവ്യക്തമായ സത്യങ്ങള്‍ മാത്രമാണ് ഇവിടെ വിവരിച്ചത്
എന്നാല്‍ പിശാചിന്‍റെ ഭോഷ്കിനെ തള്ളിക്കളഞ്ഞു, ദൈവം പറയുന്ന സത്യം വിശ്വസിച്ചു, മാനസന്തരപ്പെട്ടു ദൈവത്തിങ്കലേക്കു ഒരുവന്‍ തിരിയുമ്പോള്‍, ആ നിമിഷം തന്നെ അവന്‍റെ ഉള്ളില്‍ ദൈവീക ജീവന്‍ വരുകയും, അവന്‍ മരണത്തില്‍ നിന്നും ജീവനിലേക്കു ഉയിര്തെഴുനെല്‍ക്കുകയും ചെയ്യുന്നു, അവന്‍ വീണ്ടും ജനിക്കുന്നു, ദൈവത്തില്‍ നിന്നും ജനിക്കുന്നു, അവനെ ദൈവം തന്‍റെ പരിശുദ്ധാത്മാവ് കൊണ്ട് വീണ്ടെടുപ്പു നാളിലേക്ക് മുദ്രയിടുന്നു. അപ്പോള്‍ തന്നെ അവരുടെ പേര് ദൈവം ജീവ പുസ്തകത്തില്‍ എഴുതുന്നു. അവര്‍ പിശാചിന്റെ അധികാരത്തില്‍ നിന്നും, ദൈവത്തിന്‍റെ അധികാരതിന്‍ കീഴിലേക്ക് മാറ്റപ്പെടുന്നു.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങളില്‍ ആരെങ്കിലും യേശുക്രിസ്തുവില്‍ കൂടിയുള്ള നിത്യജീവന്‍ പ്രാപിച്ചവര്‍ അല്ലെങ്കില്‍, ഇന്ന് തന്നെ പിശാചിന്‍റെ ഭോഷ്കില്‍ നിന്നും രക്ഷപെട്ടു, ദൈവത്തില്‍ വിശ്വസിച്ചു നിത്യജീവന്‍ നേടുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ.
മൂന്നാമത്തെ സത്യവും മൂന്നാമത്തെ ഭോഷ്കും.
ഒരു വ്യക്തി, സുവിശേഷത്തിന്റെ സത്യ വചനം കേട്ട്, യേശുക്രിസ്തുവില്‍ വിശ്വസിച്ചു നിത്യജീവന്‍ പ്രാപിക്കുമ്പോള്‍ അവന്‍, പിശാചിന്‍റെ അധികാരത്തില്‍ നിന്നും, നിത്യനരകത്തില്‍ നിന്നും, എന്നെനെക്കുമായി രക്ഷപെടുന്നു. എന്നാല്‍ ഭോഷ്കിന്റെ പിതാവായ പിശാചു തോല്‍ക്കുവാന്‍ തയാര്‍ അല്ല, അവന്‍ തന്‍റെ രാജ്യത്തില്‍ നിന്നും പുറത്തു കടന്നവരെ വീണ്ടും തന്‍റെ ഭോഷ്കിനാല്‍ വഞ്ചിക്കുവാന്‍ ശ്രമിക്കുന്നു. അതിനാല്‍ രക്ഷിക്കെപ്പെട്ടവരോട് അവന്‍ പറയുന്ന അതിപ്രധാനമായ ഒരു ഭോഷ്ക് ആണ്, നിങ്ങള്‍ രക്ഷിക്കെപ്പെട്ടവര്‍ ആകയാല്‍, ഇനി നിങ്ങള്ക്ക് പാപം ചെയ്തു രക്ഷ നഷ്ടപ്പെടുത്തുവാന്‍ ഇനി ഒരിക്കലും കഴിയുകയില്ല എന്നത്.
നാം ആ ഉപദേശം ശ്രദ്ധയോടെ പഠിച്ചാല്‍ അത് ആദ്യം അദമിനോട് പിശാചു പറഞ്ഞ ഭോഷ്കിന്റെ വേറെ ഒരു പതിപ്പ് ആണ് എന്ന് മനസ്സിലാക്കും, പിശാചു പറയുന്നത് നിങ്ങള്‍ രക്ഷിക്കപ്പെട്ടവര്‍ ആകയാല്‍ പാപത്തില്‍ തുടര്‍ന്നാലും “നിങ്ങള്‍ മരിക്കുകയില്ല” എന്നതാണ്.
എന്നാല്‍ സത്യവാനായ ദൈവത്തിന്റെ സത്യവചനം സുവ്യക്തമായി രക്ഷിക്കപ്പെട്ടവരോട് പറയുന്നു,
“റോമര്‍ 8:13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം;”.
ഇത് വായിക്കുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാകാം, യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസത്താല്‍ നിത്യമരണത്തില്‍ നിന്നും നിത്യജീവനിലേക്ക് കടന്ന ഒരുവന്‍, പാപം ചെയ്യുമ്പോള്‍ അവന്‍റെ രക്ഷ നഷ്ടപ്പെടുമോ? അങ്ങനെയെങ്കില്‍ എന്ത് ഭദ്രത ആണ് രക്ഷക്ക് ഉള്ളത്? പാപം ചെയ്യുമ്പോള്‍ പേര് മായിക്കുകയും, മനസന്തരപ്പെടുമ്പോള്‍ വീണ്ടും എഴുതുകയും ചെയ്യുന്ന ഒരു പുസ്തകം ആണോ ജീവപുസ്തകം?
ഒരിക്കലുമല്ല, യഥാര്‍ത്ഥത്തില്‍ വിശ്വാസത്താല്‍ യേശുവിനെ കര്‍ത്താവായി കൈകൊള്ളുന്നതില്‍ കൂടി ആണ് ഒരുവന്‍ നിത്യജീവന്‍ പ്രാപിക്കുന്നത്. അതിനാല്‍ തന്നെ, അവിശ്വാസതാല്‍ ദൈവത്തെ തള്ളിക്കളയുന്നതില്‍ കൂടി മാത്രമേ രക്ഷ നഷ്ടപ്പെടുകയുള്ളൂ; അത് കൊണ്ടാണ്.
ഹെബ്രായര്‍ 3:12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. എന്ന് പറയുന്നത്.
( ഈ പറയുന്നത് വീണ്ടും ജനിച്ച സഹോദരന്മാരോട് ആണ് എന്നും, അവര്‍ക്ക് ജീവനുള്ള ദൈവത്തെ അവിശ്വാസതാല്‍ തള്ളിക്കളയാം എന്നും ഈ വാക്യത്തില്‍ വ്യക്തം )
എന്നാല്‍ എങ്ങനെ പാപം, നമ്മെ ദൈവത്തെ ത്യജിക്കുന്നതിലേക്ക്, രക്ഷ തള്ളിക്കളയുന്നതിലേക്ക് നയിക്കും? പാപവും അവിശ്വാസവും തമ്മില്‍ എന്താണ് ബന്ധം? ഇവിടെയാണ് ഭോഷ്കിന്റെ പിതാവായ പിശാചിന്റെ ചതി കടന്നു വരുന്നത്, തൊട്ടടുത്ത വാക്യത്തില്‍ ദൈവം പറയുന്നത് ശ്രദ്ധിക്കൂ,
3:13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
പാപത്തിന്‍റെ ചതി എന്ന് പറയുന്നത്, നാം അറിയാതെ തന്നെ നമ്മുടെ ഹൃദയത്തെ അത് കഠിനമാക്കും എന്നതാണ്. ക്രമേണ അത് നമ്മെ അവിശ്വാസത്തിലേക്കും, അതുവഴി ജീവനുള്ള ദൈവത്തെ തള്ളിക്കളയുന്നതിലെക്കും നയിക്കും. അത് ഈ വാക്യങ്ങളില്‍ സ്ഫടികസമാനം വ്യക്തം. അങ്ങനെ സംഭവിക്കുകയില്ല എന്ന് പഠിപ്പിക്കുകയും, അതിലൂടെ പാപത്തെ ലഖുവായി കാണാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് പിശാചിന്റെ ഭോഷ്ക് ആണ്.
ഒരുവന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ ദൈവം അവനെ തന്‍റെ പരിശുദ്ധാത്മാവ് കൊണ്ട് വീണ്ടെടുപ്പു നാളിലേക്ക് മുദ്രയിടുന്നു എന്ന് നാം കണ്ടുവല്ലോ, എന്നാല്‍ ആ വീണ്ടെടുക്കപ്പെട്ട വ്യക്തി, പാപം ചെയ്യുമ്പോള്‍ ദൈവാത്മാവ് അവനെ വിട്ടു പോവുകയല്ല, പകരം ദു:ഖിക്കുക ആണ് ചെയ്യുന്നത്. എന്നാല്‍ അവന്‍ പാപത്തില്‍ മന:പ്പൂര്‍വ്വം ആയി തുടരുകയും, ഒരിക്കലും മനസന്തരപ്പെടാതെ ഇരിക്കുകയും ചെയ്യുമ്പോള്‍ ഒടുവില്‍ ദൈവാത്മാവ് അവനെ വിട്ടു മാറുകയും അങ്ങനെ അവനെ മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിയാതെ വരുകയും അവന്‍ അവിശ്വാസം മൂലം ദൈവത്തെ ത്യജിക്കുകയും ചെയ്യും എന്ന് ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു.
ഹെബ്രായര്‍ 6:4 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ..... ചെയ്തവർ പിന്മാറിപ്പോയാൽ അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല...
എന്നാല്‍ നാം പാപത്തില്‍ വീഴാതെയിരിക്കുവാന്‍ ദൈവീക കൃപ ലഭിക്കുവാനും ,പാപത്തില്‍ വീഴുകയാണ് എങ്കില്‍ കരുണ ലഭിക്കാനും ഇന്ന് കൃപാസനം നമുക്കായി തുറന്നിരിക്കുന്നു.അതിനാല്‍ ദൈവകൃപയില്‍ ആശ്രയിച്ചു വിജയകരമായ ഒരു ജീവിതം നയിക്കുവാന്‍ നമുക്ക് സാധിക്കും.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ നിങ്ങള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന പിശാചിന്‍റെ ഏതെങ്കിലും ഭോഷ്കില്‍ വിശ്വസിച്ചു വഞ്ചിക്കപ്പെട്ടിരിക്കുന്നവര്‍ ആണോ? ആണ് എങ്കില്‍ ഇന്ന് ദൈവീക സത്യം വിശ്വസിക്കുവാനും, ആ സത്യം നിങ്ങളെ സ്വതന്ത്രമാക്കുവാനും പ്രാര്‍ത്ഥിക്കുന്നു.
യോഹന്നാന്‍ 8:26, 32 എന്നെ അയച്ചവൻ സത്യവാൻ ആകുന്നു;
നിങ്ങള്‍ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും”ബ്രദർ ജിനു നൈനാൻ