മത പരിവർത്തനങ്ങളും ക്രിസ്തീയ പീഡനങ്ങളും
മത പരിവർത്തനങ്ങളും ക്രിസ്തീയ പീഡനങ്ങളും
ജിനു നൈനാൻ
ലോകമെമ്പാടും പല രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസികൾ ദൈവവചനം നിമിത്തവും ക്രിസ്തുവിനെ പ്രതിയുള്ള തങ്ങളുടെ സാക്ഷ്യങ്ങൾ നിമിത്തം പീഢിക്കപ്പെടുകയും രക്തസാക്ഷികൾ ആയിത്തീരുകയും ചെയ്യന്നു . മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു കുറവാണു എങ്കിലും ഇന്ത്യയിലും പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിലും നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിലും ക്രിസ്തീയ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു .
ഇന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നുള്ളത് ഒരു വസ്തുതയായിരിക്കുമ്പോൾ തന്നെ അതിനുള്ള കാരണങ്ങൾ നാം നിഷ്പക്ഷമായി ചിന്തിക്കേണ്ടതാണ് . അതിനുള്ള ഒരു കാരണം ക്രിസ്തുവിനെപ്രതിയുള്ള തങ്ങളുടെ സാക്ഷ്യം തന്നെയാണ് . അങ്ങനെയുള്ള സഹനങ്ങളിൽ സന്തോഷിക്കുവാൻ അപ്പോസ്തോലനായ പത്രോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു .
എന്നാൽ ഇന്ത്യയിലെ ക്രിസ്തീയ പീഡനങ്ങളുടെ, പലരും കാണാതെ പോകുന്ന വേറൊരു കാരണമാണ് ഈ ലേഖനത്തിൽ പറയാൻ ശ്രമിക്കുന്നത്.മുൻവിധികൾ ഇല്ലാതെ ഈ ലേഖനം തുടർന്ന് വായിക്കുക .
ഞാൻ താഴെ കൊടുക്കുന്ന ഗ്രാഫുകളും കണക്കുകളും ശ്രദ്ധിക്കുക. ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ മാത്രം കഴിഞ്ഞ നൂറു വർഷങ്ങൾ കൊണ്ട് മതം മാറ്റത്തിലൂടെ ഉണ്ടായ ക്രിസ്ത്യാനികളുടെ വളർച്ചയാണ് അതിൽ കാണുന്നത്.
( ഈ കണക്കുകൾ നൂറു ശതമാനം കൃത്യമാകണം എന്നില്ല , എങ്കിലും ഏകദേശ ധാരണ ലഭിക്കാൻ ഇത് മതിയാകും )
1901-ൽ 0.02% മാത്രമുണ്ടായിരുന്ന മണിപ്പൂരിലെ ക്രിസ്ത്യാനികൾ ഇന്ന് 41.29%ൽ എത്തിയിട്ടുണ്ട്. അടുത്തുതന്നെ അവർ ഭൂരിപക്ഷമാവും!
1901-ലെ സെൻസസിൽ 6 ശതമാനമായിരുന്നു മേഘാലയത്തിലെ ക്രിസ്ത്യാനികൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിത്തന്നെ ഇവിടെ മിഷൻ പ്രവർത്തനം ആരംഭിച്ചിരുന്നു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ജനസംഖ്യയുടെ നാലിലൊന്നായിരുന്നു മേഘാലയത്തിലെ ക്രിസ്ത്യാനികൾ. അത് ക്രമമായി വർദ്ധിച്ച് 2011 ആയപ്പോഴേയ്ക്കും നാലിൽ മൂന്ന് ജനങ്ങളും ക്രിസ്ത്യാനികളായി മാറി.
ക്രിസ്തുമതം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വേറെ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. പ്രത്യേകിച്ച് അടുത്ത കാലത്ത്!! 1971-ൽ ഒരു ശതമാനത്തിൽ താഴെ ആൾക്കാർ പിന്തുടർന്നിരുന്ന ക്രിസ്തുമതം 2011 -ലെ സെൻസസിൽ മുപ്പത് ശതമാനത്തിലധികം പേർ പിന്തുടരുന്ന മതമായി മാറി. ഇത്ര വേഗത്തിലുള്ള വളർച്ച ഇസ്ലാം മതത്തിന് പോലും ഇന്ത്യയിൽ ഒരു സ്ഥലത്തും ഇല്ല എന്ന് ശ്രദ്ധിക്കുക
മിസോറമാണ് ഇന്ത്യയിൽ ക്രിസ്തുമതഭൂരിപക്ഷമുള്ള മറ്റൊരു സംസ്ഥാനം.1901-ൽ 0.05% ഉണ്ടായിരുന്ന മതം 1951 സെൻസസിൽ 90.5% ആയി മാറി
ക്രിസ്തുമതത്തിന് ഭൂരിപക്ഷമുള്ള മറ്റൊരു സംസ്ഥാനങ്ങളിലൊന്നാണ് നാഗാലാൻ്റ്. ! 110 വർഷം മുൻപ് ഒരു ശതമാനത്തിൽ താഴെയായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ 90% വരും! "
നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിലെ കാര്യം മാത്രമാണ് മുകളിൽ പറഞ്ഞത് , പഞ്ചാബ്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലെ conversion rate ഇതിലും കൂടുതൽ ആണ് എന്നാണ് അറിവ്.
ഇത് കൂടാതെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം എന്നത് ലോകത്തിലെ ഏക ഹിന്ദു രാജ്യം ആയിരുന്ന നേപ്പാൾ മതേതര രാജ്യമായി സ്വയം പ്രഖാപിച്ചു. അതിനു ഒരു പ്രധാന കാരണം അവിടെ മതം മാറ്റത്തിലൂടെ ഉണ്ടായ ക്രിസ്ത്യാനികളുടെ വളർച്ചയാണ്.കഴിഞ്ഞ ഒരു പതിറ്റാണ്ടു കൊണ്ട് മാത്രം 68 ശതമാനത്തിൽ അധികം പേരാണ് നേപ്പാളിൽ ക്രിസ്താനികൾ ആയി മതം മാറ്റം ചെയ്യപ്പെട്ടത് അതുമായി ബന്ധപ്പെട്ട ഒരു വിഡിയോ താഴെ കൊടുക്കുന്നു.
https://www.youtube.com/watch?v=4Ec21Tgx1TQ
ഈ മതം മാറ്റപ്പെട്ട മിക്കവരും അനിമിസ്റ്റ് മതങ്ങളിൽ പെട്ടവരാണെന്നും ഹിന്ദുക്കളല്ല എന്നാണ് ഇവരെ മതപരിവർത്തനം ചെയ്യുന്നവരുടെ ഒരു വാദം. വളരെ ദുർബ്ബലമായ വാദമാണ് അത്. ഹിന്ദുമതത്തിൽ ഉള്ളവരോ അല്ലെങ്കിൽ അതിന്റെ ഉപവിഭാഗങ്ങളിൽ ഉള്ളവരോ ആണ് മിക്കവാറും എല്ലാവരും. ഇനി അഥവാ അവരിൽ ചിലർ അനിമിസ്റ്റ് മതങ്ങളിൽ പെട്ടവരാണെങ്കിലും ശിവൻ്റെ ഭൂതഗണങ്ങളെയും പിതൃക്കളെയും ആരാധിക്കുന്ന ഹിന്ദുക്കളാണ് ഇവർ എന്നാവും ഹിന്ദുക്കളുടെ മറുപടി!
ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം ഉണ്ട്. ഈ മതം മാറ്റങ്ങളിൽ വലിയ ശതമാനം വിദേശ സംഘടനകളുടെ സാമ്പത്തിക സഹായം സ്വീകരിച്ചു നടക്കുന്നതാണു. ഇത് ഇന്ത്യയുടെ ഭരണഘടനാ അനുസരിച്ചു illegal conversion ആണ്. ഈ വിഷയം ഇവിടെ യഥാർത്ഥമായി സുവിശേഷ വേല ചെയ്യുന്ന ക്രിസ്ത്യാനികൾ തന്നെ സമ്മതിക്കുന്നതാണ് .
ഒരു സുവിശേഷ സംഘടനയുടെ സ്ഥാപകനായ എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത് ഒരേ സമയം അഞ്ചു വിദേശ സംഘടനകളുടെ ശമ്പളം പറ്റുന്ന 'വേലക്കാർ' ഉണ്ടെന്നാണ്. ഈ സംഘടനകൾ കൊടുത്തിട്ടുള്ള target തികക്കുക എന്നതാണ് ഇവരുടെ 'വേല'.
ഭരണ കേന്ദ്രങ്ങളിൽ നിന്നും കഴിഞ്ഞ ചില വർഷങ്ങളിലുണ്ടായ ശക്തമായ നിയന്ത്രണങ്ങൾ കാരണം വിദേശത്തു നിന്നുള്ള പണമൊഴുക്ക് നിലച്ചതിനാൽ ഇത്തരം പല സംഘടനകളും പൂട്ടിപ്പോയി. എങ്കിലും നോർത്ത് - ഈസ്റ്റിൽ വിദേശ പിന്തുണയോടെ നിയമാനുസൃതമല്ലാത്ത രീതിയിൽ ഉള്ള മതപരിവർത്തനം ഇന്നും നടക്കുന്നുണ്ട് എന്നത് നഗ്നമായ സത്യമാണ്.
ഇന്ത്യയുടെ ഭരണഘടനാ അനുസരിച്ചു മാത്രമല്ല ക്രിസ്തീയ കാഴ്ചപ്പാടിലും ഇത് ദൈവവചന വിരുദ്ധമാണ് . ക്രിസ്തീയ കാഴ്ചപ്പാടിൽ നോക്കിയാൽ തന്നെ ഇത് ആദിമ നൂറ്റാണ്ടുകയിൽ ഉണ്ടായതു പോലെയുള്ള യഥാർത്ഥ ക്രൂശിന്റെ വചനം പ്രസംഗിക്കുമ്പോൾ ഉണ്ടാകുന്ന മനസാന്തരവും വിശ്വാസവും മൂലം ഉണ്ടായ വളച്ചയല്ല, പകരം മത്താ. 13:31 ൽ കർത്താവ് പറയുന്നത് പോലെയുള്ള ആകാശത്തിലെ പറവകൾ ( പിശാചും , ഭൂതഗണങ്ങളും ) വന്നു കൊമ്പുകളിൽ കൂട് കൂട്ടുവാൻ തക്കവണ്ണം വളരുന്ന കടുകുമണിയുടെ അസാധാരണമായ വളച്ചയാണ് എന്നാണ് ദൈവവചനം നിക്ഷപക്ഷമായി പഠിക്കുന്ന ഏതൊരാൾക്കും മനസിലാക്കുവാൻ കഴിയുന്നത്.
പ്രാദേശിക സഭയായിരുന്നു ആദിമ നൂറ്റാണ്ടുകളിൽ സുവിശേഷകരെ അഥവാ മിഷനറിമാരെ അയച്ചിരുന്നത്. അവർ ആരുടെയും 'ശമ്പളക്കാരായ' വേലക്കാർ ആയിരുന്നില്ല. അവർ ദൈവത്താൽ അയക്കപെടുകയും ക്രൂശിന്റെ വചനമായ യഥാർത്ഥ സുവിശേഷം പ്രസംഗിക്കുകയും യഥാർത്ഥ മനസാന്തരവും വിശ്വാസവും സംഭവിക്കുകയും ചെയ്തു, അതിനാൽ ആണ് ഇതിനെക്കാളും കഠിനമായ പീഡനങ്ങൾക്കിടയിലും ആദിമ സഭ വളർന്നത്.
മിഷനറി എന്ന പദവും മിസൈൽ എന്ന പദവും mittere" എന്ന latin പദത്തിൽ നിന്നാണ് വന്നത്.കൃത്യമായ സ്ഥലത്തു നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് കൃത്യമായി അയക്കപ്പെടുക എന്നതാണ് ആ പദത്തിന്റെ അർഥം. അതായതു ഒരു സുവിശേഷകൻ അഥവാ മിഷനറി ഒരു സ്ഥലത്തേക്ക് പോകണം എങ്കിൽ അയയ്ക്കുവാൻ ഒരാൾ ഉണ്ടായിരിക്കണം, ലക്ഷ്യ സ്ഥാനം ഉണ്ടായിരിക്കണം , അയക്കപ്പെടുന്നതിനു വ്യക്തമായ ഉദ്ദേശവും, അറിയിക്കുവാൻ വ്യക്തമായ സന്ദേശവും ണ്ടായിരിക്കണം.
യേശുക്രിസ്തു തന്നേ പറ്റി ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന പദം പിതാവിനാൽ അയക്കപെട്ടവൻ എന്നതാണ്. . യേശുക്രിസ്തുവിനെ പിതാവ് ഈ ലോകത്തിലേക്ക് അയച്ചത് പോലെയാണ് ക്രിസ്തു ലോകത്തിലേക്ക് തൻ്റെ ശിഷ്യന്മാരെ അയക്കുന്നത് അതിനാൽ ഒരുവൻ ദൈവത്താൽ അയക്കപ്പെടുക എന്നത് ഒരു സുവിശേഷകനെ സംബന്ധിച്ച് അതിപ്രധാനമായ കാര്യമാണ്.
നാം ദൈവവചനം ശരിയായി പഠിക്കുമ്പോൾ മനസ്സിലാകുന്നത് ക്രിസ്തു തലയായ ദൈവശരീരമായ പ്രാദേശിക സഭയിൽ കൂടിയാണ് ദൈവം സുവിശേഷകരെ അയക്കുന്നത്. ഒരു ശരീരത്തിലെ അവയവം തലയുടെ കല്പനയ്ക്കു വേണ്ടി സ്വസ്ഥമായി ലഭ്യതയോടെ ഇരിക്കുകയും, കൽപ്പന ലഭിക്കുമ്പോൾ പ്രവർത്തിക്കയും ചെയുന്നത് പോലെയാണ് ശരീരത്തിലെ ഓരോ അംഗങ്ങളും ദൈവത്താൽ അയക്കപെടുവാൻ തയ്യാർ ആയി ഇരിക്കേണ്ടത്.'' (പ്രവൃത്തികൾ 13:2) ( വളരെ വിശദമായി മനസ്സിലാക്കേണ്ട ഒരു വിഷയമാണ് ഇത്, പ്രധാന വിഷയത്തിൽ നിന്നും മാറിപ്പോകും എന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല )
എന്നാൽ മിക്ക കാര്യങ്ങളിലും എന്നത് പോലെ ആദിമ സഭയുടെ മാതൃകയിൽ നിന്നും വ്യത്യസ്തമായി ഇന്ന് സംഘടനകൾ ആണ് സുവിശേഷകരെ അയക്കുന്നത്. ഇത്തരം സംഘടനകൾ പലതും സ്വകാര്യ കമ്പനികൾ പോലെ പ്രവർത്തിക്കുന്നവ ആണ്. ഒരു സ്വകാര്യ സ്ഥാപനം തങ്ങളുടെ പ്രോഡക്റ്റ് പ്രചരിപ്പിക്കുവാൻ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് പോലെ ഇത്തരം സംഘടനകൾ "സുവിശേഷം" പ്രചരിപ്പിക്കുവാനുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നു. ഇത്തരം സംഘടനയിലെ സുവിശേഷകർ മാർക്കറ്റിങ് ഏജന്റുകളെ പോലെ സംഘടനയുടെ ശമ്പളത്തിന് വേണ്ടി "സുവിശേഷ" വേല ചെയ്യുന്നു.
ദൈവത്തിന്റെ യഥാർത്ഥ സുവിശേഷമായ ക്രൂശിൻ്റെ വചനം പ്രസംഗിക്കുന്നതിനു പകരം വെള്ളം ചേർത്ത സുവിശേഷം അവർ പ്രചരിപ്പിക്കുന്നു.പണവും മറ്റു സാമ്പത്തിക സഹായങ്ങളും വഴി അവർ പലരെയും മത പരിവർത്തനം ചെയ്യുന്നു .
ഈ കോർപറേറ്റ് സ്ഥാപനങ്ങൾ പോലെ പ്രവർത്തിക്കുന്ന സംഘടനകൾ അവരുടെ ശമ്പളക്കാരായ വേലക്കാരെ നിയമിക്കുകയും അവർ എങ്ങനെയെങ്കിലും target തികക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ യഥാർത്ഥ മാനസാന്തരം ഇല്ലാത്ത മതപരിവർത്തനങ്ങൾ സംഭവിക്കുന്നു.ഈ മുകളിൽ കാണുന്ന വളർച്ച പലതും അങ്ങനെ ഉണ്ടായതാണ്. പലപ്പോഴും ഇത് ഗുണത്തേക്കാൾ ദോഷമാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ക്രിസ്തീയ മാർഗ്ഗത്തിനു ഉണ്ടാക്കുന്നത്.
ഇന്ത്യയിൽ പലയിടത്തും മതപരിവർത്തനവും സാംസ്കാരിക പരിവർത്തനവും മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അതിനാൽ തന്നെ ക്രിസ്തീയത എന്നത് മന:പരിവർത്തനവും ആന്തരിക വിശുദ്ധീകരണവുമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കാതെ പാശ്ചാത്യ ജീവിത രീതിയിലേക്കുള്ള സാംസ്കാരിക അധിനിവേശമായി ഹിന്ദുമത വിശ്വാസികൾ കാണുവാനും അതിനോടുള്ള തീവ്രമായ പ്രതികരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുവാനും തുടങ്ങി.
ക്രിസ്തീയമല്ലാത്ത മതപരിവർത്തനം തീവ്ര ഹിന്ദു മതവാദികളുടെ ഈ ആരോപണം ഒരു പരിധി വരെ ശരി വയ്ക്കുന്നതുമായിരുന്നു.
എന്നാൽ ഇത്തരത്തിൽ ഉള്ള മതപരിവർത്തനവും ഭാരതീയ സംസ്കാരത്തോടുള്ള നിഷേധാത്മകമായ പ്രതികരണവും, മാനുഷിക ബന്ധങ്ങളിൽ നിന്നുള്ള അകൽച്ചയും, ഉന്നതഭാവവും ഇന്ത്യയിലെ ക്രിസ്തീയ സാക്ഷ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
ഉദാഹരണത്തിന്, ഇന്ത്യയിൽ ഏറ്റവും അധികം മതപരിവർത്തനം നടന്ന ഒരു സംസ്ഥാനമാണ് നാഗാലാൻഡ്. 110 വർഷം മുൻപ് നാഗാലാൻഡിൽ ഒരു ശതമാനത്തിൽ താഴെയായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ 90% വരും! എന്നാൽ വളരെയധികം തീവ്രവാദ ഗ്രൂപ്പുകളും നാഗാലാൻഡിൽ ഉണ്ട്.നാഗാലാൻഡിലെ നാഗതീവ്രവാദികളും മാവോയിസ്റ്റുകളും "ക്രിസ്ത്യാനികൾ" ആണ് അവിടുത്തെ തീവ്രവാദ ഗ്രൂപ്പായ National Socialist Council of Nagaland -ൻ്റെ മുദ്രാവാക്യം "Nagaland for Christ" എന്നായിരുന്നു. മത പരിവർത്തനം ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ള പല നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും ' വിശ്വാസികളുടെ' സ്ഥിതി ഇതാണ്.
Ref : https://en.wikipedia.org/wiki/National_Socialist_Council_of_Nagaland
( The NSCN has been widely described as both a Maoist and Christian group. Journalist Bertil Lintner has described NSCN's ideology as "a mixture of evangelical Christianity and revolutionary socialism".[19] According to the NSCN manifesto, their slogan is "Nagaland for Christ" )
മണിപ്പൂരിൽ കോടതിയുടെ അഭിപ്രായത്തിനു എതിരെ റാലി നടത്തുകയും ആക്രമണത്തിനു തുടക്കമിടും ചെയ്തത് നൂറു ശതമാനത്തോളം 'ക്രിസ്ത്യാനികൾ' ആയ കുക്കി ഗോത്ര വിഭാഗം ആയിരുന്നു എന്നതും ഓർക്കുക.
എന്തിനധികം 'പ്രബുദ്ധ കേരളത്തിൽ' IPC പോലുള്ള സംഘടകളുടെ ഇലക്ഷനും, അതുമായി ബന്ധപ്പെട്ടു ചേരി തിരിഞ്ഞു തെറി വിളിക്കുന്നതും പരസ്പരം ആക്രമിക്കുന്നതും, പോലീസിനെ വെല്ലുവിളിക്കുന്നതും , മറു വിഭാഗത്തിന്റെ പള്ളി കയ്യേറുന്നതും ഒക്കെ "ക്രിസ്ത്യാനികൾ' തന്നെ.
ഇത്തരം ദൈവവചനപ്രകാരമോ നിയമാനുസൃതമല്ലാത്ത രീതിയിലോ അല്ലാത്ത മതപരിവർത്തനം സാമൂഹിക അസന്തുലിതാ വസ്ഥയും അരക്ഷിതാവസ്ഥയും ഉണ്ടാക്കും എന്നും ഇന്ത്യയുടെ തനതു സംസ്കാരത്തെ തകർക്കും എന്നും സംഘപരിവാർ പോലുള്ള തീവ്ര മത സംഘടനകൾ ഭയക്കുന്നു. ഒരു പരിധി വരെ അത് വളരെ സത്യവുമാണ്. ഇത്തരം മത പരിവർത്തനത്തിൻ്റെ ഫലമായുള്ള അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സാമൂഹിക പ്രതികരണങ്ങൾ ആണ് പലപ്പോഴും പലയിടത്തും ഉണ്ടാകുന്നതു.
ഞാൻ ക്രിസ്തീയ സുവിശേഷ പ്രസംഗത്തിനും യഥാർത്ഥത്തിലുള്ള മാനസാന്തരത്തിലൂടെ ഉള്ള പരിവർത്തനത്തിനും എതിരല്ല . ഇന്ത്യയുടെ ഭരണഘടനയും അതിനു എതിരല്ല. യഥാർത്ഥമായി സുവിശേഷ വേല ചെയ്യുന്ന പലരും നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ ഉണ്ട്. അവരിൽ ചിലർ എൻ്റെ സുഹൃത്തുക്കളും ആണ്.
എന്നാൽ മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള മതപരിവർത്തനം ദൈവീകമല്ല എന്ന് ഉറച്ചു പറയാൻ കഴിയും ..മാത്രമല്ല അത് യഥാർത്ഥ ക്രിസ്തീയ മാർഗ്ഗത്തിനും ക്രിസ്തീയ വിശ്വാസികൾക്കും,യഥാർത്ഥ സുവിശേഷകർക്കും തന്നെ ഭീഷണിയാണ്.
ഇന്ത്യ ജനാധിപത്യ മതേതര രാജ്യമായതിനാൽ ഇത്തരം മതം മാറ്റത്തെ തടയാൻ ആർക്കും ആകില്ല എന്ന് പലരും പറയാറുണ്ട്. എന്നാൽ നാം മനസിലാക്കേണ്ടത് ഇന്നും ഇന്ത്യയിൽ 80 ശതമാനത്തിനു മുകളിൽ ഇപ്പോഴും ഹിന്ദുക്കൾ ആണ് അവരിൽ മഹാഭൂരിപക്ഷവും മിതവാദികൾ ആണ്. ചുരുക്കം ചിലർ മാത്രമാണ് തീവ്രചിന്താഗതിക്കാർ.
ഇന്ത്യയില് നമ്മള് കൊട്ടിഘോഷിക്കുന്ന ജനാധിപത്യവും മതേതരത്തവുമൊക്കെ നിലനില്കുന്നത്, ഇന്ത്യയുടെ ഭരണ ഘടന കൊണ്ടും ഭൂരിപക്ഷം വരുന്ന മിതവാദികളായ ഹിന്ദുക്കളുടെ സഹിഷ്ണുത കൊണ്ടുമാണ് എന്ന് നമ്മൾ ഓർക്കുന്നത് നല്ലതാണു. അത് കൊണ്ട് തന്നെയാണ് ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ ഇന്നും ഈ പ്രദേശങ്ങളിൽ വലിയ പ്രശ്നം ഇല്ലാതെ ജീവിക്കുന്നതും സുവിശേഷ പ്രവർത്തനങ്ങൾ നടത്തുന്നതും.
ഇതേ ഭൂരിപക്ഷ ഹിന്ദുക്കളുടെ സ്ഥാനത്തു ക്രിസ്തുമതം പോലെ തന്നെയുള്ള മറ്റൊരു സെമിറ്റിക് മതമായ ഇസ്ലാം ആയിരുന്നു എങ്കിൽ ക്രിസ്ത്യാനികളുടെ സ്ഥിതി എന്താകും എന്ന് അറിയാൻ ഒരു കാലത്തു ക്രിസ്ത്യാനികൾ ഭൂരിപക്ഷം ആയിരുന്ന ലെബനൻ, സിറിയ,ഈജിപ്ത്, തുർക്കി തുടങ്ങിയ middle east രാജ്യങ്ങൾ നോക്കിയാൽ മാത്രം മതി.
വേറെ രാജ്യങ്ങളിലേക്ക് നോക്കണ്ട ആവശ്യമില്ല , ഇന്ത്യയിലെ തന്നെ കാശ്മീർ നോക്കിയാലും മതി. പതിറ്റാണ്ടുകൾ ആയി അടഞ്ഞു കിടന്ന് ക്രിസ്തീയ ദേവാലയങ്ങൾ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു അവിടുത്തെ മത തീവ്ര വാദികളെ അമർച്ച ചെയ്തതിനു ശേഷമാണു തുറക്കുവാൻ സാധ്യമായത്.
https://www.hindustantimes.com/india-news/srinagars-oldest-church-closed-for-decades-opens-ahead-of-christmas-
അതിനാൽ ഹിന്ദുക്കളുടെ സ്ഥാനത്തു ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു ഭൂരിപക്ഷം എങ്കിൽ മത പരിവർത്തനം നടത്തുന്നത് പോകട്ടെ സ്വന്തം വിശ്വാസമോ തലയോ ഏതാണ് വേണ്ടത് എന്ന് തീരുമാനിക്കേണ്ട സ്ഥിതിയിൽ ക്രിസ്ത്യാനികൾ എത്തിയേനെ. അടുത്ത കാലത്തു ഇറാക്കിലും സിറിയയിലും രക്തസാക്ഷികൾ ആയ ക്രിസ്തീയ വിശ്വാസികൾ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും രക്തസാക്ഷികൾ ആകുന്ന ക്രിസ്ത്യാനികൾ മത പരിവർത്തനം നടത്തിയത് കൊണ്ടല്ല , സ്വന്തം വിശ്വാസം തള്ളിക്കളയാൻ തയ്യാറാകാഞ്ഞതിനാൽ ആണ് രക്തസാക്ഷികൾ ആയതു.
അതിനാൽ ഈ ഭൂരിപക്ഷം വരുന്ന മിതവാദികളായ ഹിന്ദുക്കളെ കൂടി തീവ്രവാദികൾ ആക്കാതെ ഇരിക്കുന്നതാണ് യഥാർത്ഥമായി കർത്താവിനെ പിന്തുടരുന്ന ക്രിസ്ത്യാനികൾക്ക് നല്ലതു.
അതിനാൽ ദൈവത്താൽ അയക്കപെട്ടവരായി യഥാർത്ഥ സുവിശേഷം തങ്ങളുടെ ജീവിതത്തിലൂടെയും പ്രസംഗത്തിലൂടെയും അറിയിക്കുന്നതിനോടൊപ്പം , ദൈവവവചന വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം വ്യാജ മത പരിവർത്തനങ്ങളെ എതിർക്കുക എന്നതും ഒരു ക്രിസ്ത്യാനിയുടെ കർത്തവ്യമാണ് .
1 പത്രൊ. 4 :15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല; 16ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്. 17ന്യായവിധി ആദ്യമായി ദൈവഗൃഹമായ അവന്റെ ജനത്തിൽ ആരംഭിപ്പാൻ സമയമായല്ലോ
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ജിനു നൈനാൻ