Articles

സത്യവെളിച്ചം

Date Added : 11-02-2018

വായനാഭാഗം:ഉല്പത്തി 1:1-3

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.

ചിന്താഭാഗം: ഉല്പത്തി 1:3:  വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി, വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു.

വേദശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകാരം, ഒന്നാം വാക്യത്തില്‍ ആദിയില്‍ ദൈവം നന്നായി ഭൂമിയെ സൃഷ്‌ടിച്ച കാര്യം ആണ് പറയുന്നത്, എന്നാല്‍ ആ ഭൂമി പാഴായും ശൂന്യമായും പോയതിനു ശേഷം, ദൈവം നടത്തുന്ന പുന:സൃഷ്ടിയാണ് രണ്ടാം വാക്യം മുതല്‍ കാണുന്നത്.

അത് ശരിയാണ്, കാരണം ദൈവം ഒരിക്കലും പാഴും ശൂന്യവുമായി ഒന്നും സൃഷ്ടിക്കുകയില്ല, അവന്‍ എല്ലാം നന്നായി ചെയ്യുന്നു.

പാഴായിതീര്‍ന്ന ഭൂമിയെ എങ്ങനെയാണ് ദൈവം പുന:സൃഷ്ടിക്കുന്നത് എന്ന് നാം പഠിച്ചാല്‍ ദൈവം വീണുപോയ മനുഷ്യനെ എങ്ങനെയാണു പുതിയ സൃഷ്ടിയാക്കി മാറ്റുന്നത് എന്ന് നമുക്ക് മനസ്സിലാകും.

പാഴായും ശൂന്യമായും തീര്‍ന്ന ഭൂമിയുടെ പ്രത്യേകത പറയുന്നത് അവിടെ ഇരുള്‍ ഉണ്ടായിരുന്നു എന്നതാണ്.ഇരുള്‍ എന്നത് വെളിച്ചം ഇല്ലാതെയിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ മാത്രമാണ്.ഇരുളിനെ ഇല്ലാതെയാക്കാന്‍  വെളിച്ചത്തിന് മാത്രമേ കഴിയുകയുള്ളൂ.അതിനാല്‍ അടുത്ത വാക്യം പറയുന്നു.

ഉല്പത്തി 1:3 : വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു.

ബൈബിളില്‍ ആദ്യമായി ദൈവം സംസാരിക്കുന്നതായി പറയുന്ന വാക്ക് ഇതാണ്,"വെളിച്ചം ഉണ്ടാകട്ടെ".

അതെ, പാഴായിപോയ, ഇരുട്ട് നിറഞ്ഞ അവസ്ഥയിലേക്ക് നോക്കി ദൈവം കല്പിക്കുന്നു.വെളിച്ചം ഉണ്ടാകട്ടെ.ദൈവം കല്പിച്ചതു പോലെ വെളിച്ചം ഉണ്ടായി.സ്വാഭാവികമായും വെളിച്ചം കടന്നു വന്നപ്പോള്‍ ഇരുള്‍ മാറിപ്പോയി.ഇരുള്‍ മാറ്റപ്പെട്ട, വെളിച്ചം നിറഞ്ഞ അവസ്ഥയെ ദൈവം നല്ലത് എന്ന് കണ്ടു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്‍റെ സാദൃശ്യത്തില്‍ , തന്‍റെ സ്വരൂപത്തില്‍ ആണ്, അവനില്‍ ദൈവത്തിന്‍റെ വെളിച്ചം,ദൈവ തേജസ്സു നിറഞ്ഞിരുന്നു. അവനെ നോക്കി ദൈവം പറഞ്ഞു "വളരെ നല്ലത്" (ഉല്പത്തി 1: 31).

എന്നാല്‍ വളരെ നല്ലതായി ദൈവം സൃഷ്‌ടിച്ച ആദ്യ മനുഷ്യന്‍ പിശാചിന്‍റെ വഞ്ചനയാല്‍ പൂര്‍ണ്ണമായും പാഴായി പോയി.അവന്‍റെ ജീവിതം ഇരുള്‍ നിറഞ്ഞതായി തീര്‍ന്നു.അവനില്‍ ഈ ഭൂമിയില്‍ ജനിച്ച എല്ലാവരും ദൈവതെജസ്സു നഷ്ടപ്പെട്ടവരായി, മരണത്തിലും ഇരുളിലും ആയിത്തീര്‍ന്നു.

റോമര്‍ 3:22 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.

എന്നാല്‍ ഇരുള്‍ നിറഞ്ഞ മനുഷ്യന്‍റെ  ജീവിതത്തെ പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം കാലസമ്പൂര്‍ണതയില്‍ ഭൂമിയിലേക്ക്‌ വന്നു. ദൈവവചനം പറയുന്നു.

ലൂക്കോസ് 1: 78   ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു...ആ ആർദ്രകരുണയാൽ  ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.

യോഹന്നാന്‍ 1:9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.

ഇത് വായിക്കുന്ന  പ്രിയപ്പെട്ടവരെ, യഥാര്‍ത്ഥ സുവിശേഷം എന്നത് പാഴും  ശൂന്യവും ആയിപ്പൊയ, ഇരുള്‍ നിറഞ്ഞ നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന യേശുക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷം ആണ്. സത്യ വെളിച്ചം ആയ യേശുക്രിസ്തുവിനു മാത്രമേ നിങ്ങളുടെ ജീവിതത്തിലെ ഇരുള്‍ നീക്കാന്‍ കഴിയുകയുള്ളൂ.ഈ തേജസ്സുള്ള സുവിശേഷം നിങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കാതെയിരിക്കാന്‍ പിശാചു ഇന്നും ശ്രമിക്കുന്നു.

2 കൊരിന്ത്യര്‍ 4:4 ദൈവസ്വരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

എന്നാല്‍ ആദിയില്‍ ഇരുളില്‍ നിന്നും "വെളിച്ചം ഉണ്ടാകട്ടെ" എന്ന് കല്പിച്ച ദൈവം ഇന്ന് വീണ്ടും കല്പിക്കുന്നു.യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവ തേജസ്സു നിങ്ങളിലുള്ള ഇരുളിനെ നീക്കി വീണ്ടും പ്രകാശമയം ആക്കിതീര്‍ക്കും.

2 കൊരിന്ത്യര്‍ 4:6:  ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.

യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതെജസ്സു നമ്മിലുള്ള ഇരുട്ടിനെ നീക്കണമെങ്കില്‍ നാം എന്ത് ചെയ്യേണം? ദൈവവചനം പറയുന്നു.

2 കൊരിന്ത്യര്‍3:16  കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ സ്വരൂപം ആയി രൂപാന്തരപ്പെടുന്നു.

അതെ, നാം നമ്മുടെ ഇരുളായിരിക്കുന്ന അവസ്ഥയില്‍ നിന്നും മാനസന്തരപ്പെട്ടു കര്‍ത്താവിങ്കലേക്ക് തിരിയുമ്പോള്‍ അവന്‍റെ തേജസ്സു, നമ്മെ വീണ്ടും പ്രകാശിപ്പിക്കുന്നു. മാനസന്താരത്തില്‍, നാം കര്‍ത്താവില്‍ നിലനില്‍ക്കുമ്പോള്‍ നാം  തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു ദൈവം നമ്മെ ആദ്യം സൃഷ്‌ടിച്ച അതെ സ്വരൂപതിലേക്ക് നാം തിരികെ വരുന്നു.

ഒരിക്കല്‍ ഇരുളായിരുന്ന  നമ്മുടെ ജീവിതം, നമ്മുടെ കുടുംബം, എന്നിവ വെളിച്ചമായി തീരുമ്പോള്‍, നാം ദൈവത്തിന്‍റെ സ്വരൂപം കണ്ണാടി പോലെ പ്രതിബിബിക്കുംമ്പോള്‍, ആദിയില്‍ മനുഷ്യനെ നോക്കി പറഞ്ഞത് പോലെ    ദൈവത്തിനു  വീണ്ടും പറയാന്‍ കഴിയും ."വളരെ നല്ലത്".അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.

ബ്രദർ ജിനു നൈനാൻ