Articles

ആദിമ പുതിയ നിയമ സഭയിലെ മൂപ്പന്മാരും , ശമ്പള വ്യവസ്ഥിതിയും ഭൗതീക ജോലികളും.

Date Added : 16-10-2022
Download Format:

ആദിമ  പുതിയ നിയമ സഭയിലെ മൂപ്പന്മാരും , ശമ്പള വ്യവസ്ഥിതിയും  ഭൗതീക ജോലികളും.

Jinu Ninan

പുതിയ നിയമ ദൈവസഭയിലെ പാസ്റ്റർ  അഥവാ മൂപ്പൻ ഭൗതിക ജോലികൾ ഒന്നും ചെയ്യാതെ സഭാജനങ്ങളുടെയോ, സംഘടനയുടെയോ ശമ്പളം , ദശാംശം, സ്തോത്ര കാഴ്ച എന്നിവയാൽ  മാത്രം  ഉപജീവനം നടത്തുവാൻ ദൈവവചനത്തിൽ ഉപദേശമുണ്ടോ?  സഭയിലെ ശുശ്രൂഷകന്മാര്‍ക്ക്  ഭൌതിക ജോലികള്‍ ചെയ്യാന്‍ കഴിയുമോ?  

ഞാൻ  മുൻപ് എഴുതിയ ഒരു ലേഖനം ആണിത്.എഴുതിയതിൽ  ഏറ്റവും കൂടുതൽ വിമർശനം ഏറ്റു  വാങ്ങേണ്ടി വന്ന ഒരു ലേഖനവും ഇതാണ്.അതിനാൽ  ചില കാര്യങ്ങൾ മുഖവുരയായി  പറയുന്നു.കൂടുതൽ വ്യക്തതക്കു വേണ്ടി ചില വിശദീകരണങ്ങൾ കൂടി ചേർത്തിട്ടുണ്ട്.

ആത്മാർഥമായി ദൈവമുഖം മാത്രം നോക്കി  സുവിശേഷ വേല ചെയ്യുന്ന അനേകർ എല്ലാ സഭകളിലും ഉണ്ട്. അവരിൽ പലരും ത്യാഗപൂർണ്ണമായി ദൈവവേല ചെയ്യുന്നവരും ആണ്. അവരെ ആരെയും വിധിക്കാനോ വിമർശിക്കാനോ അല്ല ഈ ലേഖനം. പകരം ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥിതിയുമായി ബന്ധപെട്ടു  സുവിശേഷ വേലയെ കുറിച്ച്  നില നിൽക്കുന്ന ചില തെറ്റിദ്ധാരണകൾ  തിരുവെഴുത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുയും, തിരുത്തുകയും ആണ്  ലേഖനത്തിന്റെ ലക്‌ഷ്യം.

പുതിയ നിയത്തിലെ സഭക്കുള്ള നിർദേശങ്ങൾ  ആദിമ  സഭ എങ്ങനയായിരുന്നു എന്ന പശ്ചാത്തലത്തിൽ മാത്രമേ മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. അതിനാൽ ഈ  കാര്യങ്ങൾ  ആദിമ സഭയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ്

മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിക്കുക

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവനെ ഒരു ഭൗതികമായ വേല ഏൽപ്പിച്ചിരുന്നു അത് തോട്ടത്തിൽ വേല ചെയ്യുക എന്നതായിരുന്നു ഉല്പ. 2:15 . വീഴ്ച വന്നതിനു ശേഷം മനുഷ്യൻ മുഖത്തെ വിയർപ്പോടെ  ഉപജീവനം കഴിക്കും എന്ന് ദൈവം കൽപ്പിച്ചു. ഉല്പ. 3: 19

അതായത് മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിക്കുക എന്നത് മനുഷ്യവർഗ്ഗത്തിനു  ദൈവം കൊടുത്ത കല്പനയും  പൊതുനിയമവുമാണ്.

മുൻപോട്ടു പോകുമ്പോൾ  ദൈവം ഇസ്രായേൽ ജനത്തെ മിസ്രയീമിൽ നിന്ന് വിടുവിച്ചു അവർക്കു കനാൻ ദേശം വിഭജിച്ചു കൊടുക്കുന്നു. അവിടെ അവർ കൃഷി ചെയ്തു ഉപജീവനം കഴിക്കുവാൻ കൽപ്പിക്കുന്നു. എന്നാൽ അവരിൽ ലേവ്യർക്കു ദൈവം ഭൂമി കൃഷി ചെയ്യാൻ നൽകുന്നില്ല. പകരം അവരെ ദേവാലയത്തിലെ  പുരോഹിത ശുശ്രൂഷക്കായി വേർതിരിച്ചു.

അവർക്കു ഭൂമി കൃഷി ചെയ്യാൻ ഇല്ലാത്തതിന്  പകരമായി ബാക്കിയുള്ള എല്ലാ ഇസ്രായേല്യരും തങ്ങളുടെ തങ്ങളുടെ  ലാഭത്തിന്‍റെ  പത്തിലൊന്ന് (വിളകൾ അല്ലെങ്കിൽ മൃഗങ്ങൾ) ലേവ്യ പുരോഹിതന്മാരുടെ  ജീവിതച്ചിലവിനും, പൗരോഹിത്വ ശുശ്രൂഷക്കുള്ള പ്രതിഫലമായും നൽകേണം  എന്നുള്ളത് നിയമമായിരുന്നു

എന്നാൽ  പുതിയ ഉടമ്പടിയോടെ, ദൈവം തന്‍റെ  പൗരോഹിത്യത്തെ അടിസ്ഥാനപരമായി മാറ്റി. പഴയ ഉടമ്പടിയിലെ പോലെ  വേറിട്ടതും വ്യതിരിക്തവുമായ ദേവാലയത്തിന്‍റെ  ചുമതലയുള്ള,  ലേവ്യർ  എന്ന പുരോഹിത വർഗ്ഗം പുതിയ ഉടമ്പടിയിൽ ഇല്ല.

പുതിയ ഉടമ്പടിയോടെ, ദേവാലയ ശുശ്രൂഷ അവസാനിച്ചു, കാരണം ക്രിസ്തുവിന്‍റെ  ശരീരം, അവന്‍റെ  സഭ, ഇപ്പോൾ ദൈവത്തിന്‍റെ  ആലയമാണ് (എഫെസ്യർ 2: 19-22). ദൈവത്തെ അറിയുന്നതിനും അവനെ സേവിക്കു ന്നതിനും നേരിട്ട് പ്രവേശനമുള്ള എല്ലാ വിശുദ്ധരും ഇപ്പോൾ ദൈവത്തിന്‍റെ  വിശുദ്ധ പൗരോഹിത്യമായിരി ക്കുന്നതിനാൽ ദേവാലയ സേവനം നിർവഹിച്ച പ്രത്യേക, മുഴുസമയ പൗരോഹിത്യവും അവസാനിച്ചു (എബ്രായർ 4:16; 8:11; 10:19;7:5, 12 1 പത്രോസ് 2: 5; വെളിപ്പാടു 1: 6, റോമർ 7: 4)

അതിനാൽ  പുതിയ നിയമത്തിലേക്കു  വരുമ്പോൾ  ബൈബിളിലെ എല്ലാവർക്കു മുള്ള പൊതുവായ കൽപ്പന എല്ലാവരും സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം എന്നതാണ്.ഇതിൽ സഭയിലെ എല്ലാവരും; ശുശ്രൂഷകരും മൂപ്പന്മാരും അധവാ പാസ്റ്റർമാർ  എല്ലാവരും  ഉൾപ്പെടും. (എഫെസ്യർ 4: 28, 1  തെസ്സലോനിക്യർ 4: 11.12, 2. തെസ്സലോനിക്യർ 3: 8-12)

ഭൗതിക ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവിനുള്ള അധികാരം അപ്പോസ്തോലർക്കു 

എല്ലാവർക്കുമുള്ള പൊതുവായ കൽപ്പന സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം എന്നതായിരിക്കുമ്പോൾ  നിന്നും ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവുള്ളവരായി;  കൈകൊണ്ട് വേല ചെയ്യാതിരിക്കുവാൻ അവകാശം  അപ്പോസ്തോലന്മാര്‍ക്ക് മാത്രം ആണ് എന്ന് 1 കൊരിന്ത്യർ 9:14 പറയുന്നു.

അതിന് കാരണം അവർ പ്രത്യേക പുരോഹിത വർഗ്ഗം  ആണ് എന്നുള്ളത് കൊണ്ടല്ല , മറിച്ചു അവർ തുടർച്ചയായി  യാത്ര ചെയ്യുന്നവരും സുവിശേഷം അറിയിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്യുന്നവരുമാണ് എന്നുള്ളത് കൊണ്ടാണ്. ആയതിനാൽ അവർ സ്ഥിരമായി ജോലി ചെയ്യുന്നത് പ്രായോഗികം ആയിരുന്നില്ല. അതിനാൽ സഭ അവര്‍ക്ക്  സാമ്പത്തികമായി സ്ഥിരമായി സഹായം ചെയ്തിരുന്നു. ഇതു തന്നെയാണ് കർത്താവും കൽപ്പിച്ചതു

(ലൂക്കോസ് 10: 1 -7) അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു,  അവരോടു പറഞ്ഞതു:.... അവർ തരുന്നതു തിന്നും കുടിച്ചും കൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ.

ഇതേ വാക്യം ആവർത്തിച്ച് കൊണ്ടാണ് പൗലോസ് തങ്ങൾ അപ്പോസ്തലന്മാർക്കു ഭൗതിക ജോലി  ചെയ്യാതെ സുവിശേഷം കൊണ്ട് ഉപജീവിക്കാൻ അധികാരം ഉണ്ട് എന്ന് ആവർത്തിക്കുന്നത് .

1 കൊരിന്ത്യർ 9:1  ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ ....തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ...അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?

ശ്രദ്ധിക്കുക  ഇവിടെ വേലക്കാരൻ അയക്കപ്പെട്ട അപ്പോസ്തോലൻ ആണ്. കൂലി എന്നത്,  തിന്നുക കുടിക്കുക എന്നതാണ്.തിന്നുക കുടിക്കുക എന്ന വാക്ക് കൊണ്ട് അടിസ്ഥാന ആവശ്യങ്ങൾ ആണ് ഉദ്ദേശിക്കുന്നത് അല്ലാതെ ആഡംബര ജീവിതം അല്ല.

അപ്പോസ്തോലന്മാരുടെ കാര്യത്തിൽ പോലും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ആണ് സഭ നോക്കിയിരുന്നത്. എന്നാൽ ഇന്നുള്ള പല പാസ്റ്റർമാരും, പുരോഹിതന്മാരും  ഇത്തരം വാക്യങ്ങളെ ദുരുപയോഗം ചെയ്തു വിശ്വാസികളുടെ പണം കൊണ്ട് അത്യാഡംബര ജീവിതം നയിക്കുന്നവരാണ്. ദൈവവചനം അറിയാത്ത വിശ്വാസികൾ ഇത് ഇത് മനസ്സിലാക്കുന്നില്ല.

(ദൈവവചനത്തിലെ അറിവില്ലായ്മ മാത്രമല്ല. വിശ്വാസികളുടെ ദ്രവ്യാഗ്രഹവും ഇതിൽ ഒരു വലിയ കാരണമാണ്.ഇത്തരക്കാർക്ക് ആഡംബര ജീവിതത്തിനു പണം കൊടുത്താൽ കൊടുക്കുന്നവർ  ദൈവം  ഭൗതികമായി അനുഗ്രഹിക്കും എന്നുള്ള തെറ്റിദ്ധാരണയിൽ ആണ് ഇത്തരക്കാർക്ക്  വിശ്വാസികൾ പണം കൊടുക്കുന്നത് )

എന്നാൽ അപ്പോസ്തലന്മാർ മാത്രമല്ല; സഭ അയക്കുന്ന; സ്ഥിരമായി യാത്ര ചെയ്യുന്ന  സുവിശേഷകര്‍ക്കും,പ്രവാചകർക്കും ഇനി  പ്രാദേശിക സഭയിലെ മൂപ്പൻ തുടർച്ചയായി  യാത്രകൾ ചെയ്യുന്ന, സഭകൾ സ്ഥാപിക്കുന്ന ഒരു സുവിശേഷകന്‍ കൂടിയാണ് എങ്കില്‍ അദ്ദേഹത്തിനും ഈ അടിസ്ഥാന ആവശ്യങ്ങൾക്ക് തീർച്ചയായും  അവകാശമുണ്ട്‌.

എന്നാൽ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുന്ന, പാസ്റ്റർമാർ അഥവാ  മൂപ്പന്മാർ; ശുശ്രൂഷകർ എന്നിവർ സ്വാഭാവികമായി തുടര്‍ച്ചയായി യാത്ര ചെയ്യുന്നവർ അല്ല. സ്വാഭാവികമായി  അവരുടെ ശുശ്രൂഷ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്നതാണ്. അതിനാൽ അവർക്കു ഇത് ബാധകമേയല്ല.

ആദിമ  സഭയിലെ മൂപ്പന്മാർ അഥവാ പാസ്റ്റർമാർ നാം ഇന്നുള്ള  പ്രസ്ഥാനങ്ങളിൽ കാണുന്നതു പോലെ ഏതെങ്കിലും സംഘടനകൾ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുകയും ചെയ്യുന്നവരോ സംഘടനയുടെ ശമ്പളം കൈപ്പറ്റുന്നവരോ ആയിരുന്നില്ല.

അവർ പ്രാദേശിക സഭയിൽ തന്നെയുള്ള ആത്മീയരായ, പക്വതയുള്ള  മുതിര്‍ന്ന സഹോദരന്മാർ ആയിരുന്നു. ഏതെങ്കിലും സംഘടന പുറത്തു നിന്നും നിയമിക്കുക ആയിരുന്നില്ല , പകരം സഭകൾ സ്ഥാപിക്കുന്ന അപ്പോസ്തലന്മാർ സഭയിലെ ആത്മീയ സഹോദരന്മാരെ കണ്ടെത്തി; അവരെ പരിശീലിപ്പിക്കുകയും  അവരെ സഭയുടെ പരിപാലന ശുശ്രൂഷ ഏൽപ്പിക്കുകയുമായി രുന്നു അതിനാൽ അവർ സംഘടനയുടെയോ സഭയുടെയോ ശമ്പളക്കാര്‍ ആയിരുന്നില്ല. (അപ്പോസ്തല പ്രവർത്തി 14:23)

ആദിമ സഭയുടെ സഭാപരിപാലന മാതൃക

ഓരോ സഭയിലും ഉണ്ടായിരുന്ന ഒന്നിലധികം മൂപ്പന്മാരുടെ പക്കൽ സഭാ പരിപാലനം ഏൽപ്പിക്കുകയായിരുന്നു അപ്പോസ്തോലിക മാതൃക. പ്രാദേശിക സഭയിൽനിന്നും അപ്പോസ്തോലന്മാര്‍  അതിനു പ്രാപ്തി  ഉള്ള മൂപ്പന്മാരെ കണ്ടെത്തി എന്നാണ് അതിനർത്ഥം. (തീത്തോസ്1:5). അവരെ സഹായിച്ചു ശുശ്രൂഷയ്ക്കു പ്രാപ്തരാക്കുകയും അങ്ങനെ പ്രാപ്തി നേടിയവര്‍ സഭയിലെ മറ്റുള്ള സഹോദരന്മാരെ ഭാവി ശുശ്രൂഷയ്ക്ക് ഒരുക്കുകയും ചെയ്തിരുന്നു. (എഫെസ്യര്‍ 4:12)

അല്ലാതെ ഇന്നത്തെ പോലെ ഏതെങ്കിലും സംഘടനയുടെ  ബൈബിൾ കോളേജിൽ നിന്നും വേദ പഠനം നടത്തി പാസ്റ്റർ സർട്ടിഫിക്കറ്റുമായി പുറത്തുവന്ന സംഘടനയുടെ ശമ്പളക്കാരായ ചെറുപ്പക്കാര്‍ക്ക്  ദൈവസഭ ഭരിക്കാനും ഇടയ ശുശ്രൂഷ നടത്താനുള്ള അധികാരം ദൈവവചനത്തിൽ കാണുന്നതേയില്ല.

ആദിമ സഭയില്‍ വിശ്വാസികള്‍ പ്രാദേശിക സഭയില്‍ തന്നെ  മുതിര്‍ന്ന ഉപദേഷ്ടക്കന്മാരുടെയും, മൂപ്പന്മാരുടെയും കീഴില്‍ വചനം അഭ്യസിക്കുക ആയിരുന്നു പതിവ്. സംഘടനയുടെ അംഗത്വമോ, അംഗീകാരമോ, ബൈബിള്‍ കോളേജിലെ സർട്ടിഫിക്കറ്റോ ആയിരുന്നില്ല മൂപ്പനോ, ശുശ്രൂഷകനോ ആകുവാനുള്ള യോഗ്യത. (എബ്രായർ  5: 12)

പ്രാദേശിക സഭയില്‍ നിന്ന് തന്നെ മൂപ്പന്മാരില്‍ നിന്നും വചനം പഠിക്കുകയും, ജീവിതത്തിലും ശുശ്രൂഷയിലും ഉള്ള ദൈവീക അംഗീകാരം സഭക്ക് ബോധ്യപ്പെടുകയും, സഭയുടെ അംഗീകാരം ലഭിക്കുകയുമാരുന്നു യോഗ്യത. (1. തിമൊഥെയൊസ് 3:1-5) 

അതിനാൽ തന്നെ ദൈവസഭയിലെ മൂപ്പന്മാര്‍, ശുശ്രൂഷകര്‍ എന്നിവര്‍  ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ അവര്‍ അതുവരെ എന്തു ജോലി ചെയ്തുവോ ( കൃഷിയോ, കച്ചവടമോ, കൈത്തൊഴിലോ.. ) അത് അവർ തുടരുക എന്നത് തികച്ചും സ്വാഭാവികമായിരുന്നു. അല്ലാതെ അന്നുമുതൽ അവർ ചെയ്തുകൊണ്ടിരുന്ന ജോലി വിട്ടിട്ട് സഭയുടെ ചിലവിൽ ജീവിച്ചു  തുടങ്ങുകയായിരുന്നില്ല.

സഭാ മൂപ്പന്മാർക്കു അപ്പോസ്തോലർ കാണിച്ച മാതൃക

അപ്പോസ്തോലൻ എന്ന നിലയിൽ ജോലി ചെയ്യാതിരിക്കുവാൻ അവകാശമുള്ള പൗലോസ് പോലും; സഭയിലെ മൂപ്പന്മാർക്ക് മാതൃകയായി കൈകൊണ്ട് വേല ചെയ്തു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.

(അപ്പൊ. പ്രവൃത്തികള്‍ 20: 17 -35)...മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി......... ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ.ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

ശ്രദ്ധിക്കുക ഇവിടെ പൗലോസ് ദൃഷ്ടാന്തം കാണിക്കുന്നത് സഭയുടെ മൂപ്പന്മാർക്കാണ്

തെസ്സലോനിക്യർ 2:9   സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ട ല്ലോ നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ച് ഞങ്ങൾരാവും പകലും വേല ചെയ്തു നിങ്ങളോടു സുവിശേഷം   പ്രസംഗിച്ചു.

ഈ മാതൃകയില്‍ എല്ലാവരും തങ്ങളെ അനുകരിക്കണം എന്ന് പൌലോസ് സഭയിലെ എല്ലാവരോടും കല്‍പ്പിക്കുന്നു.

2.തെസ്സലോനിക്യർ 3:8,9 ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് അധികാരമില്ലാഞ്ഞിട്ടല്ല അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.

ചുരുക്കത്തിൽ പുതിയ നിയമത്തിൽ ജോലി ചെയ്യാതെ സഭയുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കുവാനുള്ള ഒഴിവു  ദൈവസഭയിലെ മൂപ്പന്മാർക്കു ഇല്ല. 

ലേവ്യ പൗരോഹിത്വവും , പുതിയ നിയമ പൗരോഹിത്വവും

നാം കണ്ടത് പോലെ   പഴയ നിയമത്തിലെ ലേവ്യ പുരോഹിതന്മാർക്ക് മറ്റുള്ള ഇസ്രായല്യരുടെ  ദശാംശത്താലും, വഴിപാടിനാലും  ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വീണ്ടും ജനിച്ച എല്ലാ വിശ്വാസികളും അവരവരുടെ ശുശ്രൂഷകൾ നിർവഹിക്കുന്ന പുരോഹിതന്മാർ ആണ്.അവരിൽ നിന്നും സഭാ പരിപാലനത്തിന് ദൈവത്താൽ നിയമിക്കപ്പെട്ടവർ ആണ് മൂപ്പന്മാർ.

പഴയനിയമ പൗരോഹിത്യം പോലെയോ അത് പിന്തുടരുന്ന  എപ്പിസ്കോപ്പൽ സഭകളിലെ പുരോഹിതന്മാരെ പോലെയോ ഇന്നുള്ളതു പോലെ, സംഘടനകൾ നിയമിക്കുന്ന ഏകാംഗ പാസ്റ്റർ വ്യവസ്ഥിതിയോ ആദിമസഭയിൽ ഇല്ലായിരുന്നു.

ആദിമസഭയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടു പേർ എങ്കിലും സഭാ പരിപാലനത്തിനു മൂപ്പന്മാരായി ഉണ്ടായിരുന്നു.അവര്‍ ഉത്തരവാദിത്വങ്ങൾ  പങ്കു വച്ചിരുന്നു. അതു പോലെ പല ശുശ്രൂഷകൻമാരും കൃപാവര പ്രാപ്തരും സഭയിലുണ്ടായിരുന്നു.അതിനാൽ സഭയിലെ എല്ലാ കാര്യങ്ങളും, ആത്മീയവും ഭൗതികവുമായ എല്ലാ ശുശ്രൂഷയും ഒറ്റ പാസ്റ്ററുടെ, പുരോഹിതൻ്റെ  മാത്രം ചുമതലയായിരുന്നില്ല.

എന്നാൽ ഇന്നുള്ള സഭകളില്‍ എല്ലാ  ആത്മീയ ശുശ്രൂഷകളും പാസ്റ്റർ അധവാ പുരോഹിതൻ  എന്ന ഏക  വ്യക്തി തന്നെയാണ് ചെയ്യുന്നത്. സഭായോഗം പ്രാര്‍ത്ഥിച്ചു തുടങ്ങുന്നത് മുതൽ വചനശുശ്രൂഷ ഉൾപ്പെടെ ആശീർവാദം വരെ എല്ലാ ആത്മീയ ശുശ്രൂഷകളും ഇദ്ദേഹം തന്നെ ആണ് ചെയ്യുന്നത്.

ഇതു മാത്രമല്ല വചനത്തിൽ ഇല്ലാത്ത ഭൗതിക ശുശ്രൂഷകൾ ഉദാഹരണത്തിന് വീടിന് കുറ്റിയടിക്കൽ, കട്ടിളവെപ്പ്, ഉദ്ഘാടനം ശിശു പ്രതിഷ്ഠ, വാഹന പ്രതിഷ്ഠ, ഭവന പ്രതിഷ്ഠ, വിവാഹം, സംസ്കാരം എന്നുവേണ്ട വിശ്വാസികളുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും നടക്കുന്ന ചെറുതും വലുതുമായ എല്ലാ ആത്മീയ-ഭൗതിക ശുശ്രൂഷകളും നടത്തുവാൻ അർഹതപ്പെട്ടവർ  ഇവർ  മാത്രമാണ്.

എന്നാല്‍ ആദിമ സഭയില്‍ അങ്ങനെ ആയിരുന്നില്ല. സഭ ഒരു ശരീരം പോലെ കൂട്ടായി പ്രവർത്തിക്കുകയും, രാജകീയ പുരോഹിതന്മാരായ എല്ലാവരും ശുശ്രൂഷകൾ പങ്കുവെക്കുകയും ചെയ്തിരുന്നു അതിൻറെ മേൽനോട്ടം ആയിരുന്നു മൂപ്പന്മാരുടെ പ്രധാന ചുമതല. പുതിയ നിയമ ദൈവ സഭയിലെ ശുശ്രൂഷകൾ ഒന്നും തന്നെ ഒരു പക്ഷത്തുനിന്ന് മാത്രം നിർവഹിക്കപ്പെടുന്ന വൺവേ സമ്പ്രദായം അല്ല മറിച്ച് അന്യോന്യം നിർവഹിക്കപ്പെടുന്നത് ഈ യാഥാർത്ഥ്യം ആണ് അപ്പോസ്തലനായ പത്രോസ് തന്നെ ലേഖനത്തിൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. (1പത്രോസ് 4: 10 11)

ഈ  കാരണങ്ങളാൽ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്ന ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും, ശുശ്രൂഷകൻമാരും സഭയിലെ ചുമതലകൾ വഹിക്കുന്നതിനോടുകൂടി ഭൗതിക ജോലി ചെയ്യുക എന്നത് പ്രായോഗികവും ദൈവവചനപ്രകാരം ഉള്ളതും അപ്പോസ്തലന്മാർ അവർക്ക് കൊടുത്ത മാതൃകയും ആയിരുന്നു.

സ്വന്ത കൈ കൊണ്ട് അധ്വനിച്ചതിനാല്‍  അവർക്ക്  മറ്റുള്ളവരോട് പണത്തിന് ആശ്രയിക്കേണ്ടി വന്നിരുന്നില്ല. അവര്‍ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്ന ദൈവദാസന്മാര്‍ ആയിരുന്നു.

ഇന്നുള്ള പണത്തിനു വേണ്ടി മനുഷ്യരെ പ്രസാദിപ്പിക്കുന്ന, മറ്റുള്ളവരുടെ മുമ്പിൽ ദൈവനാമം ദുഷിക്കുന്ന പല ദ്രവ്യ ദാസന്മാരുടെയും ഈ അവസ്ഥയ്ക്ക് കാരണം അപ്പോസ്തോല മാതൃക അവർ കണ്ടില്ല എന്ന് നടിക്കുന്നതാണ്.ഈ അപ്പോസ്തോല മാതൃക പ്രവർത്തികമാക്കിയാൽ ഇന്നുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. 

സഭയിലെ മൂപ്പന്മാരും ശുശ്രൂഷകരും  സാമ്പത്തിക കൂട്ടായ്മയും 

എന്നാൽ ഇതൊക്കെ പറയുമ്പോൾ തന്നെ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും ശുശ്രൂഷകൻമാരും വിശ്വാസികളില്‍  നിന്നുള്ള സാമ്പത്തികമായ കൂട്ടായ്മ സ്വീകരിക്കാൻ പാടില്ല എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല, പകരം അത് സ്വീകരിക്കാം എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്‌. എന്നാൽ അത്  ജോലി ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവ് ആയി  ദൈവവചനം പഠിപ്പിക്കുന്നില്ല.

പ്രാദേശിക സഭയിലെ മൂപ്പന്മാർ വചനത്തിലും പ്രസംഗത്തിലും കൂടുതൽ അധ്വാനിക്കുന്നവർ ആകയാൽ, അവര്‍ സഭയെ ഭരിക്കുന്നവർ ആകയാൽ അവരെ അധികം മാനിക്കണമെന്നും സ്നേഹത്തോടെ കരുതണമെന്നും ഭൌതിക നന്മകൾ അവരുമായി പങ്കു വക്കണം എന്നും  ദൈവ വചനം പഠിപ്പിക്കുന്നു.എന്നാൽ ഇതും ജോലി ചെയ്യാതെ സ്ഥിരമായി സഭയുടെ ചിലവില്‍ മാത്രം  ജീവിക്കുവാനുള്ള ഒഴിവു കഴിവ് അല്ല. (1 തിമൊഥെയൊസ് 5:17, ഗലാത്യർ 6: 6 )

എല്ലാകാര്യത്തിലും പൊതുതത്വവും ( Rule ) , പ്രത്യേക സാഹചര്യങ്ങളിലെ ഇളവും ( exception ) ഉള്ളത് പോലെ ഇന്ന് ഒരു സഭയുടെ അനിതരസാധാരണമായ സാഹചര്യത്തില്‍ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുകയും, ഭൌതിക ജോലി ചെയ്യാതെ  ഇരിക്കുകയും, സഭയുടെ സാമ്പത്തിക സഹായത്തില്‍ മാത്രം ജീവിക്കുകയും ചെയ്യുന്ന മൂപ്പന്‍മാര്‍ ഉണ്ടാകാം.

എന്നാല്‍ എന്നാൽ അത് ഒരു പൊതുതത്വമായി എടുക്കാൻ കഴിയില്ല. ആദിമ ദൈവസഭയില്‍ അത് സാധാരണം ആയിരുന്നില്ല.

എന്നാൽ ഇന്ന് ദൈവസഭയിലെ മൂപ്പൻ അല്ലെങ്കിൽ പാസ്റ്റർ ജോലി ചെയ്യാതെ സഭയുടെ വരുമാനത്തിൽ മാത്രം ജീവിക്കുന്നത്   പൊതു തത്വവും സാധാരണവും, ജോലി ചെയ്യുന്നത് അത്യപൂർവ്വമായ കാര്യവുമാണ്.

'പൂർണ്ണസമയ' സുവിശേഷ വേലയും ഭൗതിക ജോലിയും

ഇതൊക്കെ പറയുമ്പോൾ പലരും പറയുന്നത് അവരെ പൂര്‍ണ്ണ സമയ സുവിശേഷ വേലക്ക് ദൈവം വിളിച്ചതിനാല്‍ അവര്‍ ജോലി ചെയ്യില്ല എന്നാണ്. പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക  ദൈവവചനത്തിൽ ഫുൾ ടൈം , പാർട്ട് ടൈം എന്നിങ്ങനെ വേർതിരിച്ചുള്ള ദൈവവേല ഇല്ല. ദൈവീക ശുശ്രൂഷ മാത്രമേ ഉള്ളൂ.

മാത്രമല്ല ഫുൾ ടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്ന ആരും  ഫുൾ ടൈം അഥവാ 24 മണിക്കൂർ സുവിശേഷവേല ചെയ്യുന്നവർ അല്ല എന്ന് നമുക്ക് അറിയാം. അത് മനുഷ്യ സാധ്യവുമല്ല.

സാധാരണ ഭൗതിക ജോലി ചെയ്യുന്നവർ ദിവസം എട്ടു മണിക്കൂറും ആറു ദിവസവും ജോലി ചെയ്യുന്നവരാണ്.പക്ഷെ പൂര്‍ണ്ണസമയ മിനിസ്ട്രി ചെയ്യുന്നു എന്നു പറയുന്ന പലരും ദിവസം രണ്ടു മണിക്കൂർ പോലും സുവിശേഷവേല ചെയ്യുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.

അതിനാൽ ചുരുക്കത്തിൽ അവർ ജോലിയോ സുവിശേഷവേലയോ  ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചു അവിശ്വാസികളുടെ മുൻപിൽ ദൈവനാമത്തിനു ദോഷമായി ജീവിക്കുന്നു. അങ്ങനെ ആകരുത് എന്ന് അപ്പോസ്തോലന്മാർ കല്പിച്ചിരുന്നു

1തെസ്സലോനിക്യർ 4: ഞങ്ങൾ നേരത്തെ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല

പൗലോസിൻ്റെ ഈ അപ്പോസ്തോലിക ഉപദേശം അനുസരിക്കാത്തതിനാൽ ഇന്ന് പലർക്കും  മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നു. വിശ്വാസികൾ അല്ലാത്തവരിൽ നിന്നും ബഹുമാനവും ലഭിക്കുന്നില്ല.

ഇന്ന് ഫുൾടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്നവർക്ക് പലർക്കും തീർച്ചയായും ഒരു പാർട്ടൈം ജോലി എങ്കിലും ചെയ്യാവുന്നവരാണ്. എന്നാൽ അതിനുള്ള സമയം ഉണ്ട് എങ്കിലും, സുവിശേഷവേല ചെയ്യുന്നവർ ജോലി ചെയ്യാൻ പാടില്ല എന്ന് തെറ്റായ ധാരണ നിമിത്തം പലരും ഒരു ജോലിയും  ചെയ്യാത്തവരായി മടിയന്മാരും അലസന്മാരും, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരും  ആയി  തീരുന്നു.

ചുരുക്കത്തില്‍ ചിലരുടെ എങ്കിലും  കാര്യത്തിൽ ഫുള്‍ ടൈം സുവിശേഷ വേല എന്നത് ഫുള്‍ ടൈം ജോലി ചെയ്യാതെ, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുക എന്നതിന്‍റെ പര്യായം ആയി മാറിയിരിക്കുന്നു. ഇങ്ങനെയുള്ളവരോട് അകന്നു മാറുവാന്‍ അപ്പോസ്തോലന്മാര്‍ പ്രബോധിപ്പിക്കുന്നു.

2. തെസ്സലോനിക്യർ 3: 10, 11 ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ  “ജോലി ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ.  നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു. അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയും ചെയ്യുന്നു.ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവ നെ വേർതിരിപ്പിൻ

വീണ്ടും പറയട്ടെ ആത്മാര്‍ഥമായി സുവിശേഷ വേല ചെയ്യുന്നവരുടെ കാര്യം അല്ല ഇവിടെ  പരാമര്‍ശിക്കുന്നതു ,ദൈവത്താല്‍ വിളിക്കപ്പെട്ടു, ദൈവസഭയാല്‍ അയക്കപ്പെട്ടു,  ആത്മാര്‍ത്ഥമായി, ത്യാഗ മനോഭാവത്തോടെ പ്രവർത്തിക്കുന്ന  അനേകം സുവിശേഷകര്‍ ഉണ്ട്. അങ്ങനെ ഉള്ളവരും തങ്ങൾക്കു കഴിയുന്ന  ജോലി ചെയ്തിരുന്നു. അവരെ  അയച്ച  ആദിമ സഭ  അവരെ സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്ന ചില “പൂര്‍ണ്ണ സമയക്കാരുടെ”  കാര്യമാണ് പറയുന്നത്.

യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ വിളി എന്നത്  ഭൗതിക  ജോലി ചെയ്യാതിരിക്കാനോ, ചെയ്യാനോ ഉള്ള വിളിയല്ല എന്നത് പലര്‍ക്കും അറിയില്ല. ദൈവത്തിൻ്റെ വിളിയും ഭൗതിക  ജോലിയും തമ്മിൽ ഒരു ബന്ധവുമില്ല.

ദൈവീക വിളി, അധവാ നിയമനം  ശുശ്രൂഷക്ക് വേണ്ടിയാണു. വിളിയുടെ പ്രത്യേകത അനുസരിച്ച്, വേലയുടെ സാഹചര്യം അനുസരിച്ച് ചിലപ്പോള്‍ ചിലര്‍ക്ക് അവര്‍ ചെയ്യുന്ന ജോലി മാറുകയോ  ഒരു പക്ഷേ വിടുകയോ ചെയ്യേണ്ടി  വന്നേക്കാം എന്ന് മാത്രം. അല്ലാതെ ജോലി ചെയ്യാതെ ഇരിക്കുവാന്‍ മാത്രം ഒരു വിളിയുമില്ല. (അപ്പൊ. പ്രവൃത്തികള്‍ 13:2, മത്തായി 4 :19 )

നാല് തരത്തിലെ സുവിശേഷ വേലക്കാർ

സുവിശേഷ വേല അല്ലെങ്കിൽ ദൈവീക ശുശ്രൂഷ എന്നത് ഭൗതികമായ ഒരു ജോലിയും ചെയ്യാതെ വിശ്വാസികളുടെ പണം കൊണ്ട് മാത്രം ജീവിക്കുന്നതാണ് എന്ന തെറ്റിദ്ധാരണ കൊണ്ട് പല തരത്തിലുള്ള ആളുകൾ സുവിശേഷ വയലിലും സഭകളിലും ഉണ്ടായിട്ടുണ്ട്   ഉണ്ട്.  

അതിൽ  ചിലർ എങ്ങനെ  പണി ചെയ്യാതെ പണം ഉണ്ടാക്കാം എന്നുള്ള ചിന്തയിൽ  ഇതിൽ കടന്നു കൂടിയിട്ടുള്ള ഒന്നാന്തരം കള്ളന്മാർ  ആണ്.സമൃദ്ധിയുടെ സുവിശേഷവും, തട്ടിപ്പു രോഗശാന്തിയും നടത്തുന്ന ദൈവത്തിൻ്റെ  "അഭിഷിക്തർ" എന്ന് അവകാശപ്പെടുന്ന ഇങ്ങനെയുള്ള പലരും രക്ഷിക്കപ്പെട്ടിട്ടു പോലുമില്ലാത്ത തട്ടിപ്പുകാർ ആണ്.

സ്വന്തം മുഖത്തെ വിയർപ്പു കൊണ്ട് ഉപജീവനം കഴിക്കുക എന്ന് ദൈവം കല്പിച്ചപ്പോൾ, വിയർക്കാൻ ബുദ്ധിമുട്ടു ഉള്ളതിനാൽ മറ്റുള്ളവരുടെ വിയർപ്പിൽ ജീവിക്കുന്ന, ചിന്തിക്കാൻ കഴിവില്ലാത്ത വിഡ്ഢികളായ വിശ്വാസികളെ പറ്റിക്കാൻ കഴിവുള്ള അതി ബുദ്ധിമാന്മാർ  ആണ്‌ ഈ ആത്മീയ കച്ചവടക്കാർ.

പാവപ്പെട്ട വിശ്വാസികളെ വരെ പറ്റിച്ചു കോടികളുടെ ആഡംബര ഭവനങ്ങളും, റിസോർട്ടുകളും വരെ ഉണ്ടാക്കിയിട്ടുള്ളവരാണ് ഈ  ആത്മീക ബിസിനസ്സുകാർ. ഇങ്ങനെയുള്ളരെ കുറിച്ചുള്ള ദൈവീക മുന്നറിയിപ്പ് ശ്രദ്ധിക്കുക.

2 പത്രൊസ് 2: 2- 14  അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർ സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.

ഇവർ ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ബുദ്ധിമാന്മാർ ആണ്. ബുദ്ധിമാന്മാർ വിഡ്ഢികളെ പറ്റിച്ചു ജീവിക്കുക എന്നത് സ്വഭാവികമാണ്. മലയാളികൾ ബുദ്ധിമാന്മാർ ആണ്‌ എന്നാണ് പൊതു ധാരണ.എന്നാൽ ദ്രവ്യഗ്രഹം മൂലം ആത്മീയ ബിസ്സിനസ്സ് കാർക്ക് പറ്റിക്കാൻ പറ്റിയ ഏറ്റവും നല്ല കൂട്ടർ ഇവരാണ്. സത്യത്തെ സ്നേഹിക്കാത്തതിനാൽ ഭോഷ്കു വിശ്വസിച്ചു പറ്റിക്കപ്പെടുവാൻ  ദൈവം ഇവരെ  വിട്ടു കോടുത്തിരിക്കുകയാണ്.

എന്നാൽ അടുത്ത ഒരു കൂട്ടർ ആദ്യത്തെ കൂട്ടരേ പോലെ തട്ടിപ്പു നടത്താൻ ഉള്ള ബുദ്ധിയോ കഴിവോ ഇല്ലത്തവർ ആണ്. അവർ ജോലി ചെയ്യാതെ സുവിശേഷ വേല ചെയ്യാൻ തുടങ്ങുകയും ക്രമേണ ജീവിക്കാനുള്ള ബുദ്ധിമുട്ടു വരുമ്പോൾ തുടർച്ചായി മറ്റുള്ളവരുടെ അടുത്ത് പണത്തിനു ആശ്രയിക്കുകയൂം, തങ്ങളുടെ ശുശ്രൂഷക്കു പണം ആവശ്യപ്പെട്ടു കൊണ്ട് മറ്റുള്ളവരെ സമീപിക്കുകയും  ചെയ്യുന്നു.

സുവിശേഷവേല ചെയ്യുന്നവർ ജോലി ചെയ്യാൻ പാടില്ല എന്ന് തെറ്റായ ധാരണ നിമിത്തം ഇവർ സമയം ഉണ്ട് എങ്കിലും  ഒരു ജോലിയും  ചെയ്യാത്തവരായി അലസന്മാരും, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരും  ആയി തീരുന്നു. ഇക്കൂട്ടർ ആദ്യത്തെ കൂട്ടരെപ്പോലുള്ള  തട്ടിപ്പുകാർ അല്ല എങ്കിലും ദൈവദാസന്മാർ എന്ന പേരിൽ  ദൈവനാമത്തിനു ഇത്തരം ആളുകൾ വരുത്തുന്ന  ദോഷം ചില്ലറയല്ല.

മൂന്നാമത്തെ കൂട്ടർ ദൈവത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന യഥാർത്ഥ ഭക്തന്മാർ  ആണ്. ഭൗതികമായി ജോലി ചെയ്യാതെ ഇവർ സുവിശേഷ വേല ചെയ്യുന്നു എങ്കിലും . ഒരിക്കലൂം തങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവരോട് അറിയിക്കാതെ ദൈവത്തോട് മാത്രം അറിയിക്കുകയും , അത്ഭുതകരമായി ദൈവം ആവശ്യങ്ങളെ നിർവഹിക്കുകയും ചെയ്യുന്നവർ.ഇവർ ദൈവനാമത്തിനു ഒരു ദോഷവും വരുത്തുന്നവർ അല്ല. എങ്കിൽ പോലും  ഇവരിൽ ചിലർ എങ്കിലും  ഭൗതികമായി ഒരു ജോലി ചെയ്യാത്തത് അത് എന്തോ കുറവുള്ള  ദൈവീക ശുശ്രൂഷ ആണ് എന്നുള്ള തെറ്റിദ്ധാരണയിൽ ആണ്.

നാലാമത്തെ കൂട്ടർ  പൗലോസിനെ പോലെ വേല ചെയ്യാതെ ഇരിക്കാൻ  അധികാരം ഉണ്ടായിട്ടും സ്വന്ത കൈ കൊണ്ട് വേല ചെയ്യുകയും ,അതോടൊപ്പം  സുവിശേഷ വേല ചെയ്യുകയും. അതിൽ അഭിമാനിക്കുകയും  അതുവഴി അനുകരിക്കുവാൻ മറ്റുള്ളവർക്ക്  ഒരു മാതൃകയാവുകയും ചെയ്യുന്നവരാണ്.ഇങ്ങനെ തങ്ങളെ അനുകരിക്കുവാൻ പൗലോസ് തുടർച്ചയായി വിശ്വാസികളോടും , ശുശ്രൂഷകന്മാരോടും ആവശ്യപ്പെടുന്നു.

യഥാർത്ഥത്തിൽ ഇന്ന് ക്രിസ്തീയ ലോകത്തിൽ  ആദ്യത്തെ കൂട്ടത്തിലെ തട്ടിപ്പുകാർ ഏറ്റവും  കൂടുതൽ ഉണ്ടായിരിക്കുകയും അത് വഴി ദൈവനാമം അവിശ്വാസികളുടെ മുൻപിൽ  ഏറ്റവുമധികം ദുഷിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തു ഇത് പോലെയുള്ള മാതൃകകൾ ആണ് ഏറ്റവും അധികം ആവശ്യം.

എന്നാൽ സുവിശേഷ വേല എന്നാൽ  ജോലി ചെയ്യാതെ സുവിശേഷ വേല ചെയ്യുക എന്നതാണ് എന്ന് ചിന്തിക്കുകയും അത്  ദൈവവചന കൽപ്പന പോലെ കാണുകയും  ചെയ്യുന്നതിനാൽ ഇന്ന് ജോലി ചെയ്യാൻ ആഗ്രഹമുള്ള സുവിശേഷകരും, സഭാ മൂപ്പന്മാർ പോലും  പോലും അതിനു മടിക്കുന്നു.

ഈ ലേഖനത്തിൻ്റെ പ്രധാന ഉദ്ദേശവും മുകളിലെ ലിസ്റ്റിൽ കാണുന്ന മൂന്നാമത്തെ കൂട്ടർ ആയ യഥാർത്ഥ ദൈവദാസന്മാരെ വിമർശിക്കുകയോ വിധിക്കുകയോ അല്ല. എന്നാൽ  ഒരു സഭാ മൂപ്പനോ ശുശ്രൂഷകനോ  ഭൗതികമായി ഒരു ജോലി ചെയ്യുന്നത് എന്തോ കുറവുള്ള കാര്യമാണ് എന്നുള്ള തെറ്റിദ്ധാരണ മാറ്റി, പൗലോസിനെ പോലെ സ്വന്ത കൈ കൊണ്ട് വേല ചെയ്യുന്നത് അഭിമാനമായി കാണാൻ പ്രേരിപ്പിക്കുവാൻ ആണ്. 

പുതിയ നിയമ ഉപദേശങ്ങൾ പുതിയ നിയമ മാതൃകയിൽ ഉള്ള സഭകളിൽ മാത്രം പ്രായോഗികം

 അവസാനമായി പറയട്ടെ; ലേഖനത്തിൻ്റെ മുഖവുരയിൽ പറഞ്ഞത് പോലെ  ഈ പറയുന്ന കാര്യങ്ങളും , പുതിയ നിയമത്തിലെ  മറ്റു പല കാര്യങ്ങളും ഒന്നും തന്നെ ഇന്നത്തെ  സഭകളുടെ സംഘടനാ സംവിധാനത്തില്‍  പ്രായോഗികമല്ല എന്ന്  ഞാന്‍ സമ്മതിക്കുന്നു. അതിന് കാരണം ദൈവവചനം അതുപോലെ പ്രായോഗികമാക്കാൻ കഴിയാത്ത ദൈവവചന വിരുദ്ധമായ, കേന്ദ്രീകൃത സംഘടനാ വ്യവസ്ഥിതിയില്‍  ആണ് ഇന്നത്തെ ഒട്ടു മിക്ക സഭകളും  നിലനില്‍ക്കുന്നത്

ഇത്തരം കേന്ദ്രീകൃത സംഘടന നിയമിക്കുന്ന,  മൂന്നു വർഷം  തികയുമ്പോൾ സ്ഥലം മാറ്റുന്ന, സംഘടനയുടെ ശമ്പളക്കാരന്‍ അയ  ഏകാംഗ പാസ്റ്റർക്ക്, പുരോഹിതന്   സംഘടനയോ സഭയുടെയോ ശമ്പളമില്ലാതെ ജീവിക്കുക എന്നത് ഒരിക്കലും സാധ്യമല്ല. മാത്രമല്ല ആദിമ സഭയിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഏകാംഗ വ്യക്തിയുടെ  ചുമതലയിൽ സഭയിലെ ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങളും ആയിരിക്കുകയാല്‍ ഭൌതിക ജോലി ചെയ്യുക എന്നത് പ്രായോഗികമായും അവര്‍ക്ക് അസാധ്യമാണ്.

അതിനാല്‍ ഇന്ന് നിലനില്‍ക്കുന്ന കേന്ദ്രീകൃത സംഘടന വ്യവസ്ഥിതിയില്‍ ഈ പറയുന്ന ഒരു കാര്യവും പ്രാവര്‍ത്തികം ആകുകയില്ല, ഈ വ്യവസ്ഥിതിയുടെ ഭാഗമായതിനാല്‍ ഇതിനോട് ചേര്‍ന്ന് പോകുവാന്‍ നിര്‍ബന്ധിതര്‍ ആയ അനേകം ആത്മാര്‍ത്ഥതയുള്ള യഥാർത്ഥമായ വേല ചെയ്യുന്ന ദൈവദാസന്മാരും ഇതില്‍ ഉണ്ട് എന്നുള്ള കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. അവർക്കു ഈ വ്യവസ്ഥിതി കാരണം ഒരു ഭൗതിക ജോലി ചെയ്യുവാൻ കഴിയില്ല  .അവര്‍ തെറ്റായ വ്യവസ്ഥിതിയിലെ ശരിയായ ദൈവദാസന്മാര്‍ ആണ്.

പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ

ഇത്തരം പഴയ വ്യവസ്ഥിതിയില്‍, പുതിയ നിയമ സഭയുടെ ഉപദേശം പ്രാവര്‍ത്തികമാവുകയില്ല. അതിനാലാണ് കർത്താവ് ഇങ്ങനെ പറഞ്ഞത് "പുതിയ വസ്ത്രം  ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല, തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും. ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും. പുതിയ  വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല. പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും, തുരുത്തിയും നശിച്ചുപോകും (മത്തായി 9:16,17)"

ഈ പുതിയ ഉടമ്പടിയുടെ സന്ദേശം, പുതിയ നിയമ സഭയുടെ ഉപദേശം  പഴയ തുരുത്തികള്‍ ആകുന്ന വ്യവസ്ഥിതിയില്‍ പകരാന്‍ ശ്രമിച്ചാല്‍, കര്‍ത്താവ്‌ മുന്നറിയിപ്പ് തന്നത് പോലെ പോലെ തുരുത്തി പൊളിയും, വീഞ്ഞ് ഒഴുകിപ്പോകും. വസ്ത്രം കീറും, ചീന്തല്‍ ഏറ്റവും വലിയതാകും. പഴയ തുരുത്തിയിൽ പുതിയ  വീഞ്ഞു ഒഴിച്ചുവയ്ക്കാൻ ശ്രമിച്ചാൽ; തുരുത്തി പൊളിയും എന്ന് അറിയാവുന്നതിനാല്‍  പഴയ തുരുത്തി എന്ന സംഘടനയുടെ ശമ്പളത്തിലും; സുരക്ഷിതത്വത്തിലും കഴിയുന്ന; വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന അഭിനവ പുരോഹിതന്മാരും, പരീശന്മാരും,   ഈ സന്ദേശത്തെ  എതിർക്കുകയും ഇത് പറയുന്നവരെ ക്രൂശിക്കാൻ ശ്രമിക്കുകയും ചെയ്യും. (മത്തായി 7:6)

എന്താണ് ഇതിനു പരിഹാരം? ദൈവസഭ അതിന്‍റെ ആദിമ മാതൃകയിലേക്ക് മടങ്ങിപ്പോകുക എന്നത് മാത്രമാണ് ഇതിനു പരിഹാരം. ഒരു നവീകരണം അല്ല ഇനി നമുക്ക് ആവശ്യം ദൈവീക സത്യങ്ങളുടെ പുനഃസ്ഥാപനം ആണ് (Not a reformation but a complete restoration). ദൈവസഭ ആദിമ ദൈവസഭയുടെ മാതൃകയിലേക്ക് പുനഃസ്ഥാപിക്കപ്പെട്ടാല്‍ ആ പുതിയ തുരുത്തിയിൽ പുതിയ നിയമ ഉപദേശം എന്ന് പുതിയ വീഞ്ഞ് ഒഴിച്ചു വയ്ക്കുവാൻ കഴിയും. 

കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.