ക്രിസ്തീയ മാർഗ്ഗവും ഭാരതീയ സംസ്കാരവും
Date Added : 21-11-2024
ക്രിസ്തീയ മാർഗ്ഗവും ഭാരതീയ സംസ്കാരവും
Article By Jinu Ninan & Jayron Jose
ഇന്ത്യൻ ക്രിസ്ത്യാനികളുടേത് ഹിന്ദു സംസ്കാരമാണ്. (ഹിന്ദു അഥവാ ഭാരതീയ സംസ്കാരവും, ഹിന്ദു മത ആചാരങ്ങളും വ്യത്യസ്തമാണ്). ജനിച്ചു വീഴുമ്പോൾ മുതൽ ഇടപെടുന്ന ആളുകൾ, സ്കൂൾ കോളേജ് പാഠ്യവിഷയങ്ങൾ, ആർജിച്ചും ശീലിച്ചും സ്വായത്തമാക്കുന്ന ജീവിത മൂല്യങ്ങൾ, ആഹാരക്രമം, വസ്ത്രധാരണരീതികൾ, വൈവിധ്യമാർന്ന ഭാഷകൾ മുതലായവ ഭാരതീയസംസ്കാരത്തിൻ്റെ അടിസ്ഥാനശിലകളാണ് . എന്നാൽ ഈ ഭാരതീയ സംസ്കാരമല്ല പാശ്ചാത്യ ക്രിസ്ത്യാനികളുടേത്.
പാശ്ചാത്യ മിഷനറിമാരിൽ കൂടി ക്രിസ്തീയത ഇന്ത്യയിലേക്ക് വന്നു. സുവിശേഷത്താൽ ഇന്ത്യയിൽ നിലനിന്ന പല ദുരചാരങ്ങളിൽ നിന്നും ആളുകൾ സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാൽ അതോടൊപ്പം പശ്ചാത്യ മിഷനറിമാരിൽ കൂടി പാശ്ചാത്യസംസ്കാരവും, യഹൂദമത സ്വാധീനവും കടന്നു വന്നു. ഈ പാശ്ചാത്യ സംസ്കാരം ക്രിസ്തീയതയായി പലരും തെറ്റിദ്ധരിച്ചു. അതായത്, തങ്ങൾ ജനിച്ചു വളർന്ന ദേശത്തെ ആഹാരരീതികൾ, വസ്ത്രധാരണ രീതികൾ, സംസ്കാരിക സാമൂഹിക മാനുഷിക ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ചാലേ ഒരാൾ തികഞ്ഞ ക്രിസ്ത്യാനി ( ക്രിസ്തുവിന്റെ അനുയായി)ആകൂ എന്ന തെറ്റിധാരണ ആളുകളിൽ ഉണ്ടായി.
യഥാർത്ഥ ക്രിസ്തീയത എന്നത് തങ്ങൾ ജനിച്ചു വളർത്തപ്പെട്ട സംസ്കാരങ്ങളോ ആചാരങ്ങളോ രീതികളോ മാനുഷിക ബന്ധങ്ങളോ അപ്പാടെ ഉപേക്ഷിക്കുക എന്നതോ അതിനെല്ലാം എതിരെ നിൽക്കുക എന്നതോ അല്ല, പകരം ആ സംസ്കാരങ്ങളിലെ നന്മ ഉൾക്കൊള്ളുക എന്നതും, അപ്പോൾ തന്നെ ദൈവവചന വിരുദ്ധമായ, ക്രിസ്തീയ സാക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ ഒഴിഞ്ഞു നിൽക്കുക എന്നതുമാണ്.
യഥാർത്ഥത്തിൽ സംസ്കാരങ്ങൾക്കു അതീതമായി (എതിരായി അല്ല) ദൈവവചനത്താലും പരിശുദ്ധാത്മാവിനാലും മനസ്സ് പുതുക്കി രൂപാന്തരപ്പെടുകയും നാം ജീവിക്കുന്ന സംസ്കാരത്തിലെ നന്മ ഉൾക്കൊള്ളുകയും അതിനെ ബഹുമാനിക്കുകയും, മറ്റുള്ളവരോട് സ്നേഹത്തിലും സഹവർതിത്തത്തിലും കഴിയുകയും ചെയ്യുന്നതാണ് യഥാർത്ഥ ക്രിസ്തീയത.
( ഇന്ത്യൻ സംസ്കാരം ഉൾക്കൊള്ളുകയും, ഇന്ത്യയിൽ ജീവിച്ചു മരിക്കുകയും ചെയ്ത സ്റ്റാൻലി ജോൺസിനെ പോലുള്ള ചുരുക്കം പാശ്ചാത്യ മിഷനറിമാർ ഈ സത്യം മനസ്സിലാക്കുകയും, സുവിശേഷം ആ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.)
എന്നാൽ ചില തീവ്ര ചിന്താഗതിക്കാർ സാമൂഹിക സാംസ്കാരിക മാനുഷിക ബന്ധങ്ങളിൽ നിന്നുള്ള അകൽച്ച ക്രിസ്തീയ വിശുദ്ധിയായി വ്യാഖ്യാനിച്ചു പലരെയും മസ്തിഷ്കപ്രക്ഷാളനം നടത്തി. വിശുദ്ധിയുടെ പേരിൽ അറിഞ്ഞോ അറിയാതെയോ സഹജീവികളോടുള്ള വിദ്വേഷവും വെറുപ്പും സ്വയം നീതിമാൻ എന്നുള്ള മൗഢ്യവും ആളുകളെ ഭരിക്കാൻ തുടങ്ങി.
സായിപ്പ് എഴുതിയതും അതിന്റെ വിവർത്തനങ്ങളും ഇരുണ്ട കാലഘട്ടങ്ങളിലെ സാമൂഹിക സാംസ്കാരിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട മാനുഷിക രചനകളും ദൈവവചനത്തെക്കാൾ കൂടുതൽ സ്വീകാര്യമായി. ക്രിസ്തുയേശുവിങ്കലെ സ്വാതന്ത്ര്യം എന്തെന്നറിയാത്ത ക്രിസ്തുവിനെ അറിയാത്ത മത പ്രസ്ഥാനാനുകൂലികൾ വർധിച്ചു.
വാസ്തവത്തിൽ ആന്തരിക വിശുദ്ധിയുടെ അവിഭാജ്യ ഘടകങ്ങളായ പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, പാപത്തിന്മേലുള്ള ജയം , സ്നേഹം, ദയ, കരുണ, അപരനെ ഉൾകൊള്ളുക, എല്ലാവരോടും സമാധാനമായി ജീവിക്കുക, സൽപ്രവർത്തികളാൽ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കുക, ആ നിലയിൽ സമൂഹത്തിൻ്റെയും സംസ്കാരത്തിന്റെയും ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷം ഘോഷിച്ചു ആളുകളെ ക്രിസ്തുവിലേക്കു ആകർഷിക്കുക എന്നതെല്ലാം അന്യമായി.
ക്രിസ്തുവിന്റെ സ്നേഹം, കൃപ, കരുണ, നീതിബോധം, മനസ്സലിവ്
എന്നീ സദ്ഗുണങ്ങളേക്കാളുപരി മതപ്രസ്ഥാനങ്ങളുടെ പാരമ്പര്യവും പരീശത്വവും ക്രിസ്തീയതയെ നിർവചിക്കുവാൻ തുടങ്ങി. തങ്ങൾ അതെ സംസ്കാരത്തിന്റെ ഭാഗമായിരിക്കെ തന്നെ അഥവാ അടിസ്ഥാനപരമായി ജാതികൾ ആയിരിക്കെ തന്നെ യഹൂദന്മാർ ചിന്തിക്കുന്നതുപോലെ ഉന്നതഭാവത്താൽ തങ്ങളുടെ സഹജീവികളെ "ജാതികൾ" “സമുദായക്കാർ” എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുവാൻ ആരംഭിച്ചു. തത്ഫലമായി അവരും തിരിച്ചു പ്രതികരിക്കുവാൻ തുടങ്ങി. സുവിശേഷീകരണം മതപ്രസ്ഥാനങ്ങളിലേക്കുള്ള അംഗത്വം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയി; ക്രിസ്തു ആളുകൾക്ക് അന്യനായി.
ഇത്തരത്തിൽ ഉള്ള മതപരിവർത്തനവും ഭാരതീയ സംസ്കാരത്തോടുള്ള നിഷേധാത്മകമായ പ്രതികരണവും, മാനുഷിക ബന്ധങ്ങളിൽ നിന്നുള്ള അകൽച്ചയും, ഉന്നതഭാവവും ഇന്ത്യയിലെ ക്രിസ്തീയ സാക്ഷ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
ഇന്ത്യയിൽ പലയിടത്തും മതപരിവർത്തനവും സാംസ്‌കാരിക പരിവർത്തനവും മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അതിനാൽ തന്നെ ക്രിസ്തീയത എന്നത് മന:പരിവർത്തനവും ആന്തരിക വിശുദ്ധീകരണവുമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കാതെ പാശ്ചാത്യ ജീവിത രീതിയിലേക്കുള്ള സാംസ്‌കാരിക അധിനിവേശമായി ഹിന്ദുമത വിശ്വാസികൾ കാണുവാനും അതിനോടുള്ള തീവ്രമായ പ്രതികരണം അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുവാനും തുടങ്ങി. ക്രിസ്തീയമല്ലാത്ത മതപരിവർത്തനം തീവ്ര ഹിന്ദു മതവാദികളുടെ ഈ ആരോപണം ഒരു പരിധി വരെ ശരി വയ്ക്കുന്നതുമായിരുന്നു .
ഉദാഹരണത്തിന്, ഇന്ത്യയിൽ ഏറ്റവും അധികം മതപരിവർത്തനം നടന്ന ഒരു സംസ്ഥാനമാണ് നാഗാലാൻഡ്. 110 വർഷം മുൻപ് നാഗാലാൻഡിൽ ഒരു ശതമാനത്തിൽ താഴെയായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ 90% വരും! എന്നാൽ വളരെയധികം തീവ്രവാദ ഗ്രൂപ്പുകളും നാഗാലാൻഡിൽ ഉണ്ട്. അവിടുത്തെ തീവ്രവാദ ഗ്രൂപ്പായ National Socialist Council of Nagaland -ൻ്റെ മുദ്രാവാക്യം "Nagaland for Christ" എന്നായിരുന്നു. മത പരിവർത്തനം ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ള പല നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും ' വിശ്വാസികളുടെ' സ്ഥിതി ഇതാണ്.
കർത്താവ് നമ്മോടു പറഞ്ഞത് ഈ ലോകത്തിൽ വെളിച്ചമായി ജീവിക്കാനാണ്. നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ നമ്മുടെ വിശ്വാസത്തെ നിഷേധകമായി ബാധിക്കാത്ത സാമൂഹിക സാംസ്‌കാരിക കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു കൊണ്ടു മാത്രമേ ഒരു വിശ്വാസിക്ക് കർത്താവ് പറഞ്ഞത് പോലെ ഈ ലോകത്തിൽ വെളിച്ചമായി ജീവിക്കാൻ കഴിയുകയുള്ളു. അല്ലെങ്കിൽ നമ്മൾ ലോകം വിട്ടു പോകുകയോ, ഹിമാലയം പോലുള്ള സ്ഥലങ്ങളിൽ സന്യാസികളെ പോലെ ജീവിക്കുകയോ വേണ്ടി വരും. (1 കൊരി. 5:11)
നാം കർത്താവിനെ പോലെ സമൂഹവുമായി ബന്ധപ്പെട്ട് ലോകത്തിൽ വെളിച്ചമായി ജീവിക്കുമ്പോൾ, സുവിശേഷം പ്രസംഗിക്കുമ്പോൾ കർത്താവിന്റെ യഥാർത്ഥ വിശുദ്ധിയിലേക്ക് പാപികൾ ആകർഷിക്കപ്പെട്ടതു പോലെ നമ്മിലൂടെ വെളിപ്പെടുന്ന കർത്താവിലേക്കു പാപികൾ ആകർഷിക്കപ്പെടും. അതാണ് ക്രിസ്തുവിന്റെ യഥാർത്ഥമായ തേജസ്സുള്ള സുവിശേഷം.
എന്നാൽ നമ്മിലൂടെ വെളിപ്പെടുന്നത് വിശുദ്ധിയുടെ പേരിലുള്ള വേഷഭക്തിയും, സാംസ്കാരിക മാനുഷിക ബന്ധങ്ങളിൽ നിന്നുള്ള അകൽച്ചയും, സഹജീവികളോടുള്ള വിദ്വേഷവും വെറുപ്പും, സ്വയം നീതിമാൻ എന്നുള്ള മൂഢ ബോധ്യവും ആണെങ്കിൽ പരീശന്മാരിൽ നിന്നും പാപികൾ ഓടി മാറിയത് പോലെ നമ്മിൽ നിന്നും അവർ അകന്നു മാറും.
നാം കർത്താവിനെ പോലെ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ട് വെളിച്ചമായി ജീവിക്കുമ്പോൾ കർത്താവിനേക്കാൾ ‘വിശുദ്ധരായ’ പരീശന്മാർ കർത്താവിനെ വിധിച്ചത് പോലെ നമ്മെയും "പാപികളുടെ സ്നേഹിതൻ, തിന്നിയും കുടിയനുമായ മനുഷ്യൻ " എന്നു വിളിച്ചേക്കാം. കർത്താവ് ഏറ്റവും നിന്ദ സഹിച്ചത് കൊതുകിനെ അരിക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന, കിണ്ടി കിണ്ണങ്ങളുടെ പുറം മാത്രം വെടിപ്പാക്കുന്ന, പൊതു സമൂഹത്തിൽ നിന്നും പാപികളിൽ നിന്നും വേർപെട്ട 'വിശുദ്ധരും,വേർപാടുകാരും’ ആയ പരീശന്മാരിൽ നിന്നും ആയിരുന്നു എന്നു ഓർക്കുക.
പ്രിയപ്പെട്ടവരേ, വിശ്വാസികളുടെ ഉള്ളിൽ ഉള്ള ക്രിസ്ത്രീയതയെയും പ്രായോഗിക ക്രിസ്തീയ ജീവിതത്തെയും പ്രതികൂലമായി ബാധിക്കാത്തതും സാമൂഹിക- സംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ടതുമായ അനേക കാര്യങ്ങൾ നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ ഉണ്ട്, നാം അതിന്റെ ഭാഗമാണ്. അതിനാൽ അങ്ങനെയുള്ളതിനെ ഉൾക്കൊള്ളുക, ക്രിസ്തീയ സാക്ഷ്യത്തെ നിഷേധാത്മകമായി ബാധിക്കുന്നവയെ വിട്ടു നിൽക്കുക. സംസ്കാരങ്ങൾക്കു അതീതമായി ദൈവവചനത്താലും പരിശുദ്ധാത്മാവിനാലും മനസ്സ് പുതുക്കി രൂപാന്തരപ്പെടുക