യേശുക്രിസ്തുവും തൻ്റെ പരീക്ഷകളും - ഒരു പഠനം
യേശുക്രിസ്തുവും തൻ്റെ പരീക്ഷകളും
യേശുക്രിസ്തുവിൻ്റെ പരീക്ഷകൾ , ക്രിസ്തീയ ചരിത്രത്തിൽ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു യേശുക്രിസ്തുവിനു പാപം ചെയ്യാൻ കഴിയുമായിരുന്നോ, ഇല്ലയോ ( peccability and impeccability of christ ) എന്നതും വളരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്, പല ചോദ്യങ്ങൾ ഇതിൽ നിന്നും ഉയർന്നു വരാറുണ്ട്. അതിൽ ചിലതു ഇപ്രകാരമാണ്.
യേശുക്രിസ്തു ദൈവമാണ് എങ്കിൽ എങ്ങനെയാണു പരീക്ഷിക്കപെടുവാൻ കഴിയുക?
യേശുക്രിസ്തു നമ്മുടെ ജഡത്തില്‍ വന്നു എന്നു പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
കർത്താവിൻ്റെ പരീക്ഷണങ്ങൾ നമ്മെപ്പോലെ ഉള്ളിലുള്ള പാപ മോഹങ്ങളാല്‍ ആയിരുന്നുവോ?
ക്രിസ്തു നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടു എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ക്രിസ്തീയ ലോകത്തിൽ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള ചോദ്യങ്ങൾ ആണ് ഇവയിൽ പലതും
ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമായി യേശുക്രിസ്തു ദൈവമായതിനാൽ പാപത്താൽ പരീക്ഷിക്കപ്പെടാൻ കഴിയാത്തവനാണ് എന്നും, അതിനാൽ കർത്താവ് പാപം ചെയ്യുവാൻ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നും,
അതല്ല യേശുക്രിസ്തു മനുഷ്യനായതിനാൽ വീണു പോയ മനുഷ്യനെപ്പോലെ തന്നെ ഉള്ളിലുള്ള പാപമോഹങ്ങളാൽ പരീക്ഷിക്കപ്പെട്ടു എന്നും തുടങ്ങിയ തീർത്തും വിപരീത ദിശയിലുള്ള ഉപദേശങ്ങൾ കേൾക്കാറുണ്ട് . അതിനാൽ ഈ വിഷയം വിശദമായി പഠിക്കേണ്ടതാണ്.
യേശുക്രിസ്തു ദൈവമായതിനാൽ പാപം ചെയ്യുവാൻ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് വളരെ എളുപ്പത്തിൽ പറയാവുന്ന ഒരു ഉത്തരമാണ്. എന്നാൽ ദൈവവചനത്തിൽ സുവ്യക്തമായി യേശുക്രിസ്തു പിശാചിനാൽ പാപം ചെയ്യുവാൻ പരീക്ഷിക്കപ്പെട്ടു എന്ന് കാണുന്നു.
ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് യേശുക്രിസ്തു ദൈവം എന്ന നിലയിൽ അല്ല പരീക്ഷിക്കപ്പെട്ടതും, പാപത്തെ ജയിച്ചതും എന്നതാണ്. ദൈവത്തെ പരീക്ഷിക്കാൻ കഴിയുന്നതല്ല (യാക്കോബ് 1:13). എന്നാൽ യേശുക്രിസ്തു മനുഷ്യനായി തീർന്നതിനാൽ ആണ് പരീക്ഷിക്കപ്പെട്ടതു.
ദൈവത്തിൻ്റെതായ അനേക പ്രത്യേകതകൾ ഉണ്ട് , താൻ മാത്രം അമർത്യതയുള്ളവൻ ആണ്, മനുഷ്യർക്ക് തന്നെ കാണുവാൻ കഴിയില്ല, താൻ അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനാണ്, താൻ തൻ്റെ ഇഷ്ടം ആരിലും ആശ്രയിക്കാതെ നിവർത്തിക്കുന്നവനാണ്. 1 തിമൊ. 6:16
എന്നാൽ ദൈവം എന്ന നിലയിൽ തനിക്കുള്ള ഈ പ്രത്യേക അവകാശങ്ങൾ എല്ലാം ഒഴിച്ച് വച്ചാണ് ക്രിസ്തു മനുഷ്യനായത്. അതായത് ദൈവം എന്ന നിലയിൽ തനിക്കു ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളെ ചെയ്യുവാൻ ആണ് താൻ മനുഷ്യനായി തീർന്നത്. അതിനായി യേശു ദൈവം എന്ന നിലയിലുള്ള തന്‍റെ പ്രത്യേക പദവികളെ ഒഴിക്കുകയും, നമ്മെപ്പോലെ സ്വതന്ത്ര ഇശ്ചയുള്ള ( free will / self will) പൂർണ്ണ മനുഷ്യനായിത്തീരുകയും ചെയ്തു എന്ന് ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു (ഫിലി.2: 7). അതിനാൽ ആണ് യേശു പിശാചിനാൽ പരീക്ഷിക്കപ്പെട്ടത് (ലൂക്കോസ് 4: 1).
യേശുക്രിസ്തു പിതാവായ ദൈവത്തോടുള്ള സമത്വം വിട്ടു, തന്നെത്താൻ ഒഴിച്ചു, മനുഷ്യൻ ആയ സമയം മുതൽ തനിക്കു ഒരു സ്വതന്ത്ര ഇശ്ച (free will/ self will) ഉണ്ടായിരുന്നു. അതിനാൽ ആണ് അവൻ " തന്നെത്താൻ താഴ്ത്തി, ക്രൂശിലെ മരണത്തോളം അനുസരണയുള്ളവൻ ആയി ", എന്ന് പറയുന്നത്. സ്വതന്ത്ര ഇശ്ച എന്നത് മനുഷ്യനെ പാപമില്ലാത്തവനായി സൃഷ്ടിച്ചപ്പോൾ തന്നെ അവനിൽ ഉള്ള ദേഹിയുടെ ഭാഗമാണ്, അതിൽ പാപകരമായി ഒന്നുമില്ല.
സ്വതന്ത്ര ഇശ്ചയില്ലാത്ത ഒരു യന്ത്ര മനുഷ്യന്, തന്നെത്താൻ താഴ്ത്തുവാനോ, അനുസരിക്കുവാനോ, അനുസരിക്കാതെ ഇരിക്കുവാനോ കഴിയില്ല. മാത്രമല്ല സ്വതന്ത്ര ഇശ്ചയില്ലാത്ത ഒരു യന്ത്ര മനുഷ്യനെ പാപം ചെയ്യിക്കുവാൻ പരീക്ഷിക്കുവാനും കഴിയില്ല.
യേശുക്രിസ്തു ഒരു യന്ത്ര മനുഷ്യനായിരുന്നില്ല, പാപമില്ലാത്ത പൂർണ്ണ മനുഷ്യനായിരുന്നു. ഒരു യന്ത്ര മനുഷ്യനെപ്പോലെ യാന്ത്രീകമായി പിതാവിനെ അനുസരിക്കുകയായിരുന്നില്ല, പകരം തന്നെത്താൻ ദൈവേഷ്ടത്തിനു ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു. ( ഗലാത്യർ 1:4)
അടുത്ത ചോദ്യം യേശുക്രിസ്തു നമ്മുടെ ജഡത്തിൽ വന്നു എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ്.
നാം മനസ്സിലാക്കേണ്ടത്, യേശുക്രിസ്തു നമ്മുടെ ജഡത്തില്‍ വന്നു എന്ന് ബൈബിളില്‍ ഒരിടത്തും പറയുന്നില്ല എന്നതാണ്, നാം കേട്ടു പരിചയിച്ച ചില പ്രയോഗങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന് നാം ചിലപ്പോള്‍ തെറ്റിദ്ധരിക്കും. അത് പോലെയുള്ള ഒരു പ്രയോഗമാണ് ഇതും .
എന്നാല്‍ അങ്ങനെ ഒരു വാക്യം ഇല്ല എന്നത് കൊണ്ട് മാത്രം അങ്ങനെ പറയുന്നത് ശരിയല്ല എന്ന് വരില്ല,അതിനാല്‍ ഈ വിഷയത്തിൽ ദൈവവചനം എന്തു പഠിപ്പിക്കുന്നു എന്ന് വിശദമായി ചിന്തിക്കാം.
ജഡം എന്ന വാക്ക് മനുഷ്യവര്‍ഗ്ഗം, മനുഷ്യന്‍, മനുഷ്യ ശരീരം,ദേഹി,പഴയ ഹൃദയം, പാപ സ്വഭാവം എന്നീ പല അര്‍ത്ഥങ്ങളില്‍ പല സാഹചര്യങ്ങളില്‍ ദൈവവചനത്തില്‍ ഉപയോഗിച്ചിട്ടുണ്ട് .ആതിനാല്‍ യേശു നമ്മുടെ ജഡത്തില്‍ വന്നു എന്ന് പറയുമ്പോള്‍ എന്താണ് നാം ഉദേശിക്കുന്നത് എന്നതു പ്രധാനമാണ്.
ഈ വിഷയം കൂടുതൽ മനസ്സിലാക്കുവാൻ വേണ്ടി ആദ്യം നാം മനുഷ്യനിൽ പാപം കടന്നപ്പോൾ എന്ത് സംഭവിച്ചു എന്നും , ആ പാപത്താൽ എങ്ങനെയാണു അവൻ പരീക്ഷിക്കപ്പെടുന്നത് എന്നും മനസ്സിലാക്കേണം.
പാപം കടന്നു വന്നപ്പോള്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ ആണ് മനുഷ്യനില്‍ നടന്നത്.
ഒന്നാമതായി മനുഷ്യന്‍റെ ഹൃദയം പിശാചിന്‍റെ സിംഹാസനവും, പാപത്തിന്‍റെ പ്രഭവ കേന്ദ്രവുമായി മാറി. മനുഷ്യ ഹൃദയത്തില്‍ നിന്നും പാപം പുറത്തേക്കു പ്രവഹിച്ചു.
രണ്ടാമതായി,പാപഹൃദയത്തില്‍ നിന്നും ഉയരുന്ന പാപത്തിന്‍റെ മലിനപ്രവാഹത്താൽ, മനുഷ്യന്‍റെ ദേഹി (മനസ്സ്,ചിന്തകള്‍,മോഹങ്ങള്‍,നിരൂപണങ്ങള്‍) എന്നിവ പാപമുള്ളതായിതീര്‍ന്നു.
ഈ പാപജഡത്തിന്‍റെ, ഉള്ളില്‍ കുടികൊള്ളുന്ന പാപത്തിന്‍റെ അവസ്ഥ മനസ്സിലാക്കിയിട്ടാണ് പൌലോസ് “എന്‍റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല,പകരം പാപം വസിക്കുന്നു ” എന്ന് വിലപിക്കുന്നത്.
റോമര്‍ 7:15 ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ലഎന്നു ഞാന്‍ അറിയുന്നു.
നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു. പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മചെയ്യുന്നി ല്ലല്ലോ.ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ
വീഴ്ച പറ്റിയ മനുഷ്യന്‍റെ ഉള്ളില്‍ , ഹൃദയത്തില്‍ വസിക്കുന്ന ഈ പാപമാണ്, അവന്‍റെ ജഡത്തില്‍ പാപ മോഹങ്ങള്‍ (lusts) ഉളവാക്കുന്നത് എന്ന് ദൈവവചനം പറയുന്നു.
റോമര്‍ 7:5 നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തില്‍ ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു.
റോമര്‍ 7:8 പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും (lust) ജനിപ്പിച്ചു
ഉള്ളിലെ പാപത്താല്‍ മലിനമായ ജഡത്തില്‍ നിന്നുളവാകുന്ന പാപമോഹങ്ങളാലാണ്, മനുഷ്യന് വശീകരിക്കപ്പെടുന്നതും പാപം ചെയ്യുന്നതും
യാക്കോബ്1:14.ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ (lust) ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.
( lust എന്ന വാക്കു ദൈവവചനത്തിൽ ഉടനീളം ദൈവഹിതത്തിനു എതിരായി വീഴ്ച വന്ന മനുഷ്യനിൽ നിന്നും ഉണ്ടാകുന്ന തീഷ്ണമായ പാപമോഹത്തെ കാണിക്കുവാൻ ആണ് ഉപയോഗിക്കുന്നത്)
മൂന്നാമതായി ഇങ്ങനെ ഉള്ളിലുള്ള പാപമോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു പാപം ചെയ്യുമ്പോള്‍,പാപത്തിനു അടിമയായി സമര്‍പ്പിക്കുമ്പോള്‍, പാപത്തെ പ്രസവിക്കുമ്പോള്‍, മനുഷ്യന്‍റെ ശരീരം തന്‍റെ ഉള്ളിലുള്ള പാപത്തെ പുറത്ത് പ്രവർത്തികളായി വെളിപ്പെടുത്തുന്നു.അങ്ങനെ മനുഷ്യന്‍റെ ശരീരം,അവയവങ്ങള്‍ പിശാചിന്‍റെ അധര്‍മ്മത്തെ വെളിപെടുതുന്ന ഉപകരണമായി തീര്‍ന്നു.
റോമര്‍ 6:19 നീങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ
ഈ മുകളിൽ പറഞ്ഞ സംഭവചക്രം തുടരുമ്പോൾ, പാപം മുഴുകുകയും അത് ആത്മീക മരണത്തിൽ കലാശിക്കുകയും ചെയ്യുന്നു.
യാക്കോബ്1:15 മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു
ഗലാത്യര്‍ 5:19 ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം,ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു
ഒരുവന്‍ വീണ്ടും ജനിക്കുമ്പോള്‍ അവന്‍റെ പാപഹൃദയം നീക്കപ്പെടുകയും, പുതിയ ഹൃദയം നല്‍കപ്പെടുകയും ആ ഹൃദയത്തില്‍ ക്രിസ്തുആത്മാവിനാല്‍ വസിക്കുകയും ചെയ്യുന്നു, എന്നാല്‍ അവനില്‍ അപ്പോഴും നിലനില്‍ക്കുന്ന, പാപശീലങ്ങളാൽ മലിനമായ രൂപാന്തരം പ്രാപിക്കാത്ത ദേഹി/ജഡം ഉണ്ട്.
(വിശദമായ വായനക്ക് "എന്താണ് ജഡം ? പഴയ മനുഷ്യനും ജഡവും തമ്മിലുള്ള വ്യത്യാസം എന്താണ്?" ലേഖനം വായിക്കുക )
മുകളിൽ വരെ നാം ചിന്തിച്ചത്, വീണു പോയ മനുഷ്യൻ എങ്ങനെയാണു പരീക്ഷിക്കപ്പെടുന്നതു എന്നതാണ്. ഇതുമായി ബന്ധപ്പെട്ടു നാം അടുത്തതായി കർത്താവിൻ്റെ പരീക്ഷകൾ ചിന്തിക്കാം.
യേശുക്രിസ്തു എങ്ങനെയാണു പരീക്ഷിക്കപ്പെട്ടതു എന്ന് മനസ്സിലാക്കണമെങ്കിൽ അതിനു മുൻപായി നാം വളരെ പ്രധാനമായി മനസ്സിലാക്കേണ്ടതു, യേശുക്രിസ്തു മനുഷ്യനായി ഭൂമിയിൽ വന്നപ്പോൾ തൻ്റെ പ്രകൃതം (nature) എന്തായിരുന്നു എന്നതാണ്. അത് മനസ്സിലാക്കിയാൽ മാത്രമേ ക്രിസ്തു ജഡത്തിൽ വന്നു എന്നതിൻ്റെ യഥാർത്ഥ അർഥം മനസ്സിലാക്കാൻ കഴിയൂ.
യേശുക്രിസ്തുവിൻ്റെ പ്രകൃതം (nature) എന്താണ് എന്ന് മനസ്സിലാക്കാതെ , യേശുക്രിസ്തുവിൻ്റെ പരീക്ഷകൾ നാം മനസ്സിലാക്കുവാൻ ശ്രമിച്ചാൽ നാം തെറ്റിപ്പോകാനും തെറ്റായ ഉപദേശത്തിലേക്കു പോകുവാനും സാധ്യതയുണ്ട്.കാരണം യേശുക്രിസ്തുവിൻ്റെ പരീക്ഷകൾ ( temptations ) തൻ്റെ പ്രകൃതവുമായി (nature) അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
നാം തുടക്കത്തിൽ കണ്ടത് പോലെ എന്നേക്കും ദൈവമായിരിക്കുന്ന ക്രിസ്തു,തന്നെത്താൻ ഒഴിച്ച് ഒരു മനുഷ്യനായി ഭൂമിയിൽ വന്നപ്പോൾ, യേശുക്രിസ്തു ദേഹവും,ദേഹിയും (ഇശ്ച, വിചാരങ്ങൾ,വികാരങ്ങൾ) ആത്മാവും ഉള്ള പൂർണ്ണ മനുഷ്യൻ ആയിരുന്നു.
എന്നാൽ മൂന്നു കാര്യത്തിൽ യേശു ക്രിസ്തു പൂർണ്ണ മനുഷ്യന്‍ എന്ന നിലയില്‍ തന്നെ ഈ ലോകത്തില്‍ ഉള്ള എല്ലാവരിലും വ്യത്യസ്തന്‍ ആയിരുന്നു .
യേശുക്രിസ്തുവില്‍ ഒരു പാപഹൃദയം ഇല്ലായിരുന്നു,പകരം യേശുവിന്‍റെ വിശുദ്ധഹൃദയം പിതാവായ ദൈവം വസിക്കുന്ന സിംഹാസനമായിരുന്നു.(യോഹന്നാന്‍ 14:10)
ക്രിസ്തുവിന്‍റെ ദേഹി പാപത്താലോ, പാപശീലങ്ങളാലോ ഒരിക്കലും മലിനമായിട്ടില്ല, പകരം ക്രിസ്തു തന്‍റെ ദേഹിയെ തുടര്‍ച്ചയായി ദൈവേഷ്ടതിനു കീഴ്പ്പെടുത്തി ജീവിച്ചിരുന്നു.(യോഹന്നാന്‍ 8:38)
അതിനാല്‍ യേശുക്രിസ്തുവിന്‍റെ ശരീരം തന്‍റെ ഹൃദയത്തില്‍ വസിച്ചിരുന്ന പിതാവായ ദൈവത്തിന്‍റെ പ്രവര്‍ത്തികളെ പൂര്‍ണ്ണമായും വെളിപ്പെടുത്തിയിരുന്നു.(യോഹന്നാന്‍ 14:10,11)
അതിനാല്‍ യേശുക്രിസ്തു നമ്മുടെ ജഡത്തില്‍ വന്നു എന്ന് പറയുമ്പോള്‍ യേശുക്രിസ്തു ഒരു വീഴ്ച പറ്റിയ മനുഷ്യനായോ (പാപഹൃദയം ഉള്ളവനായോ), വീണ്ടും ജനിച്ച മനുഷ്യനെപ്പോലെയോ (പാപഹൃദയം നീക്കപ്പെട്ടു എങ്കിലും, പാപത്താല്‍ മലിനമായ ദേഹിയിയുള്ളവനായി) വന്നു എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് തികച്ചും തെറ്റായ ഉപദേശമാണ്.
യേശുകിസ്തു മനുഷ്യന്‍ എന്ന നിലയില്‍ വന്നത് വീഴ്ചക്ക് മുന്‍പുള്ള ആദമിന്‍റെ പാപമില്ലാത്ത പ്രകൃതത്തില്‍ ആയിരുന്നു, അതിനാല്‍ ആണ് ക്രിസ്തുവിനെ ഒടുക്കത്തെ ആദം എന്നും രണ്ടാം മനുഷ്യന്‍ എന്നും ദൈവവചനം പരിചയപ്പെടുത്തുന്നത്.
ദൈവത്തിന്‍റെ ദൃഷ്ടിയില്‍ പൂര്‍ണ്ണരായ രണ്ടു മനുഷ്യരെ ഉള്ളൂ,ഭൂമിയില്‍ നിന്നുള്ള പാപം ചെയ്യുന്നതിനു മുന്‍പുള്ള ഒന്നാം മനുഷ്യനായ ആദമും, ഉയരത്തില്‍ നിന്നുള്ള പാപമില്ലാത്ത രണ്ടാം മനുഷ്യനായ യേശുക്രിസ്തുവും.
1കൊരിന്ത്യര്‍ 15:47 ഒന്നാം മനുഷ്യന്‍ ഭൂമിയില്‍നിന്നു മണ്ണുകൊണ്ടുള്ളവന്‍ രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍.
അതിനാൽ ക്രിസ്തു നമ്മുടെ ജഡത്തിൽ വന്നു എന്ന് പറയുമ്പോൾ ( ബൈബിളിൽ അങ്ങനെ ഒരു വാക്യമില്ലെങ്കിൽ പോലും ) നമ്മെപ്പോലെ പരിമിതികൾ ഉള്ള ഒരു ശരീരത്തിൽ വന്നു എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് പൂർണ്ണമായും ശരിയാണ്.
ഇതുമായി ബന്ധപ്പെട്ടു വരുന്ന ചോദ്യം ക്രിസ്തു നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടു എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് പാപരഹിതനായ ക്രിസ്തുവിനു എങ്ങനെയാണു നമുക്ക് തുല്യമായി സകലത്തിലും പരീക്ഷിതൻ ആകുവാൻ കഴിയുക ? എന്നതാണ്.
അതിനുള്ള ഉത്തരം നമുക്ക് ആദം പരീക്ഷിക്കപ്പെട്ടതിൽ നിന്നും തന്നെ ലഭിക്കും,നാം കണ്ടത് പോലെ ആദാമും പാപമില്ലാതെ സൃഷ്ടിക്കപ്പെട്ടവൻ ആയിരുന്നു. എന്നാൽ ആദത്തിൽ പാപം ഇല്ലായിരുന്നു എങ്കിലും ഒരു തിരഞ്ഞെടുപ്പ് നടത്തുവാൻ ഉള്ള സ്വതന്ത്ര ഇശ്ച ആദത്തിനു ഉണ്ടായിരുന്നു.കാരണം സ്വതന്ത്ര ഇശ്ചയും ( free will ) തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ( freedom of choice) ഇല്ലാത്തിടത്ത് സ്നേഹം പരിശോധിക്കപ്പെടുകയുമില്ല. സ്വാതന്ത്ര്യം ഇല്ലാത്ത ഇടത്തുള്ള അനുസരണം ഒരിക്കലും യഥാർത്ഥ അനുസരണവും ആവുകയില്ല.
പൂര്‍ണ്ണ ഹൃദയത്തോടെ ഉള്ളതായിരിക്കണം മനുഷ്യന്‍റെ ദൈവത്തോടുള്ള സ്നേഹവും അനുസരണവും എന്നതു ദൈവത്തിന്‍റെ ആഗ്രഹമാണ്.ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യന്ത്രമനുഷ്യന്‍ ആയിട്ടല്ല; ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും ഉള്ളവനായിട്ടാണ്.അത് കൊണ്ട് തന്നെ മനുഷ്യന് സ്വയമായി നന്മയും തിന്മയും തിരിച്ചറിവാനുള്ള കഴിവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.എന്നാല്‍ ആ സ്വാതന്ത്ര്യത്തില്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുകയും,ദൈവം തനിക്കു നന്മയെന്താണ് നിന്മയെന്താണ് എന്ന് തീരുമാനിക്കുകയും,ആ തീരുമാനത്തെ മനുഷ്യന്‍ സ്നേഹത്തില്‍ അനുസരിക്കുകയും വേണം എന്നാണ് ദൈവം മനുഷ്യനെ കുറിച്ച് ആഗ്രഹിച്ചത്
യേശുക്രിസ്തുവും ഈ ഭൂമിയിൽ വന്നത് യന്ത്രമനുഷ്യന്‍ ആയിട്ടല്ല; ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഉള്ളവനായിട്ടാണ്.
അതിനാൽ തന്നെ യേശുക്രിസ്തുവിൽ പാപമോഹങ്ങൾ ഇല്ലായിരുന്നു എങ്കിലും പനുഷ്യൻ എന്ന നിലയിൽ ഉള്ള തൻ്റെ സ്വതന്ത്ര ഇശ്ചയിൽ തനിക്കു പരീക്ഷിക്കപെടുവാൻ കഴിയും എന്ന് മനസിലാക്കാം .
അടിസ്ഥാനപരമായി എല്ലാ പരീക്ഷകളും ദൈവ ഇഷ്ടത്തിന് വിപരീതമായി സ്വന്ത ഹിതം ചെയ്യുക എന്നതാണ്.അതിനാൽ പാപരഹിതനായ ഒരുവനും നമ്മെപ്പോലെ പരീക്ഷിക്കപ്പെടാം. യേശുക്രിസ്തുവും സകലത്തിലും നമുക്ക് തുല്യനായി ആ വിധത്തിൽ പരീക്ഷിക്കപ്പെട്ടു. എന്നാൽ താൻ തന്‍റെ ജീവിതത്തിലുടനീളം ദൈവം മനുഷ്യന് വച്ചിരുന്ന പരിമിതിയില്‍ നിന്ന് പുറത്തു കടക്കാതെ,തന്നെത്താന്‍ താഴ്ത്തി,ദൈവത്തിൻറെ ഇഷ്ടം പൂർണ്ണമായും നിവർത്തിച്ചു
യോഹന്നാൻ 6:38 ഞാന്‍ എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നിരിക്കുന്നതു.
അതുകൊണ്ട് തന്നെ പിശാച് ആദമിനെ പരീക്ഷിച്ചത് പോലെ,യേശു ക്രിസ്തുവിനെയും തുടര്‍ച്ചയായി ജീവിതത്തില്‍ ഉടനീളം പരീക്ഷിച്ചത്,സ്വന്തമായി തീരുമാനങ്ങള്‍ എടുത്തു, സ്വന്ത ഇഷ്ടം ചെയ്തു, ദൈവത്തിന്‍റെ സര്‍വാധിപത്യത്തിന്‍റെ കീഴില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്ന പരിധിയില്‍ നിന്ന് പുറത്തു കടക്കാന്‍ ആയിരുന്നു.യേശുക്രിസ്തുവിനുണ്ടായ ഓരോ പരീക്ഷയും പഠിച്ചാല്‍ നമുക്ക് ആ പരീക്ഷകളുടെ എല്ലാം അടിസ്ഥാന സ്വഭാവം, സ്വയമായി തീരുമാനങ്ങള്‍ എടുക്കാനുള്ളതയിരുന്നു എന്ന് മനസ്സിലാകും.
(മത്തായി 4:3-4 അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.)
(Heb 4:15 നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല. സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു എങ്കിലും അവന്‍ പാപരഹിതന്‍ ആയിരുന്നു.( Heb 4:15 For we do not have a high priest who cannot be touched with the feelings of our infirmities, but was in all points tempted just as we are, yet without sin).
ആദം പരാജയപ്പെട്ടിടത്, യേശുക്രിസ്തു എല്ലാ പരീക്ഷകളെയും പിതാവായ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ചു കൊണ്ട് ജയിച്ചു.
ചുരുക്കത്തിൽ നമുക്ക് ഈ വിഷയത്തിൽ ദൈവവചനം വെളിപ്പെടുത്തുന്ന സത്യങ്ങൾ ഇങ്ങനെ വിശദീകരിക്കാം.
1 യേശുക്രിസ്തു പൂർണ്ണമായും ഒരു മനുഷ്യനായി, നമ്മുടെ ശരീരത്തിൽ, നമുക്കുള്ള പരിമിതികളിൽ ഈ ഭൂമിയിൽ വന്നതിനാൽ താൻ നമ്മെപ്പോലെ ഒരു മനുഷ്യൻ എന്ന നിലയിൽ സകലത്തിലും പരീക്ഷിക്കപെട്ടു.
2 യേശുക്രിസ്തു ജഡത്തിൽ വന്നു എന്നത്തിൽ കൂടി ഉദ്ദേശിക്കുന്നത് ; കർത്താവ് നമ്മെപ്പോലെ തന്നെയുള്ള ഉള്ള ശരീരത്തിൽ, ദേഹിയും (ഇശ്ച, വിചാരങ്ങൾ,വികാരങ്ങൾ), ആത്മാവും ഉള്ള പൂർണ്ണ മനുഷ്യൻ പൂർണ്ണ മനുഷ്യനായി വന്നു എന്നാണ്.
3 യേശുക്രിസ്തു തൻ്റെ സ്വഭാവത്തിൽ നമ്മിൽ നിന്നും വ്യത്യസ്തനായി പാപമില്ലാത്ത പൂർണ്ണമനുഷ്യൻ ആയതിനാൽ , പാപത്താൽ അപൂർണ്ണരായ നമ്മെപ്പോലെ ഉള്ളിലുള്ള പാപമോഹങ്ങളാൽ വശീകരിക്കപ്പെട്ടിട്ടില്ല. താൻ , ചിന്തയിലോ , വാക്കിലോ പ്രവർത്തിയിലോ പാപം ചെയ്തില്ല.
4 അതിനാൽ ഇന്ന് കർത്താവിനു നമ്മുടെ പരീക്ഷകളിൽ സഹതപിക്കുവാനും നമ്മെ സഹായിക്കുവാനും കഴിയും.
ഇത് വരെ ചിന്തിച്ച കാര്യങ്ങളിൽ നിന്നും യേശുക്രിസ്തുവിൻ്റെ പരീക്ഷകളെ കുറിച്ച് നമുക്ക് പൂർണ്ണമായ ഉത്തരം ലഭിച്ചു എന്ന് വരികയില്ല. എന്നാൽ ഇതിനപ്പുറത്തേക്കുള്ള ഏതൊരു ഉപദേശവും, ദൈവവചനം വെളിപ്പെടുത്തുന്ന അതിരു കടന്നു പോകുന്നതും, ഏതെങ്കിലും രീതിയുള്ള തെറ്റായ ദിശയിലേക്കു നാം പോകുവാൻ സാധ്യതയുള്ളതാകും. അതിനാൽ നാം സൂക്ഷമത ഉള്ളവരായിരിക്കണം.
യേശുക്രിസ്തു നമ്മെപ്പോലെതന്നെ ഉള്ളിലുള്ള പാപമോഹങ്ങളാൽ വശീകരിക്കപ്പെട്ടു പരീക്ഷിക്കപ്പെട്ടു, എന്നാൽ പാപം ചെയ്തിട്ടില്ല എന്ന് മാത്രമേയുള്ളൂ എന്നതു മാത്രമാണ് കർത്താവും, നാമും തമ്മിലുള്ള വ്യത്യാസം എന്ന ഒരു ഉപദേശമുണ്ട്. അത് ചിലപ്പോൾ നമ്മുടെ പ്രായോഗികമായ ക്രിസ്തീയ ജീവിതത്തിൽ കർത്താവിനെ പിൻഗമിക്കുവാൻ പ്രയോജനമുള്ള ഉപദേശമായി തോന്നുകയും ചെയ്യാം.
എങ്കിലും അത് ഗുരുതരമായ ചില ഉപദേശ പിശകുകളിലേക്കു നമ്മെ നയിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആ വിഷയം കൂടി നമുക്ക് ചിന്തിക്കാം.
എന്തുകൊണ്ടാണ് യേശുക്രിസ്തു വീഴ്ച പറ്റിയ മനുഷ്യനായോ (പാപഹൃദയം ഉള്ളവനായോ), വീണ്ടും ജനിച്ച മനുഷ്യനെപ്പോലെയോ (പാപഹൃദയം നീക്കപ്പെട്ടു എങ്കിലും, പാപത്താല്‍ മലിനമായ ദേഹിയില്‍) വന്നു എന്നോ , നമ്മെപ്പോലെ ഉള്ളിലെ പാപമോഹങ്ങളാൽ വശീകരിക്കപ്പെട്ടു പരീക്ഷിക്കപ്പെട്ടു എന്നോ പറയുന്നത് ഗുരുതരമായ ഉപദേശ പിശകാകുന്നത് ?
അതിനു കാരണം ഈ രണ്ടു രീതിയിലും വന്നാല്‍ യേശുക്രിസ്തുവിനു വീണു പോയ മനുഷ്യനെ വീണ്ടെടുക്കുവാന്‍ കഴിയില്ല എന്നത് തന്നെയാണ്.ദൈവവചനം അത് വ്യക്തമാക്കുന്നു.
യോഹന്നാന്‍ 1:29 പിറ്റെന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടു: ഇതാ, ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു
1യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു, അവനില്‍ പാപം ഇല്ല.
പാപങ്ങളെ നീക്കെണമെങ്കില്‍, ക്രിസ്തുവില്‍ (ആത്മാവിലും, ദേഹിയിലും) പാപം ലവലേശം ഇല്ലാതെയിരിക്കെണമെന്നു യോഹന്നാന്‍ സുവ്യക്തമായി പറയുന്നു. ഇത് എഴുതുന്ന, അനേക വര്‍ഷങ്ങള്‍ കര്‍ത്താവിനോട് കൂടെ നടന്ന, വിശുദ്ധനായ, വൃദ്ധനായ അപ്പസ്തോലന്‍ യോഹന്നാനോ ഈ ലോകത്തിലെ ആര്‍ക്കെങ്കിലുമോ ആ യോഗ്യതയില്ല, കാരണം എല്ലാവരിലും വീണ്ടെടുക്കപ്പെട്ട ശേഷവും പാപം (ദേഹിയില്‍) ഉണ്ട് എന്ന് യോഹന്നാന്‍ തന്നെ വ്യക്തമാക്കുന്നു.
1 യോഹന്നാന്‍ 1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു, സത്യം നമ്മില്‍ ഇല്ലാതെയായി.
ആദമില്‍ നിന്നും സകല മനുഷ്യരിലേക്കും പകര്‍ന്ന ഈ പാപ സ്വഭാവവും, അതിനാല്‍ മലിനമായ ദേഹിയും (പാപ ജഡവും) ഇല്ലതെയിരിക്കുവാനാണ് യേശുക്രിസ്തു കന്യകയില്‍ നിന്നും മാനുഷിക പിതാവില്ലാതെ ജനിച്ചത്, പരിശുദ്ധാത്മാവില്‍ ഉത്ഭവിച്ചത്, പാപ ജഡത്തിൻ്റെ സാദൃശ്യത്തിൽ വന്നത്.
ലൂക്കോസ് 1:35 അതിന്നു ദൂതന്‍ : പരിശുദ്ധാത്മാവു നിന്‍റെ മേല്‍ വരും, അത്യുന്നതന്‍റെ
ശക്തി നിന്‍റെ മേല്‍ നിഴലിടും, ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
യേശുക്രിസ്തു പാപമില്ലാത്ത, പാപരഹിതമായ പ്രകൃതത്തില്‍ വരേണ്ടത് അവന്‍ നമുക്ക് പകരക്കാരനായ പാപപരിഹാരമായ കുഞ്ഞടായി തീരേണ്ടതിനു ആവശ്യവുമായിരുന്നു. അതിനാല്‍ ക്രിസ്തുവിന്‍റെ പാപരഹിത പ്രകൃതം ദൈവവചനത്തിലെ അടിസ്ഥാന ഉപദേശവും, പാപിയായ മനുഷ്യന്‍റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ആദ്യത്തെ ആവശ്യകതയും, യേശുക്രിസ്തുവിന്‍റെ പാപ പരിഹാരയാഗത്തിന്‍റെ ഏറ്റവും പ്രധാന മുന്നുപാധിയുമാകുന്നു.
1പത്രോസ് 1:18 വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്‍റെവിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
അത് കൊണ്ട് തന്നെ ക്രിസ്തു വന്നത് നമ്മുടെ ജഡത്തില്‍, (പാപ സ്വഭാവത്തിലോ,പാപത്താല്‍ മലിനമായ ദേഹിയിലോ)ആണ് എന്നും, നമ്മുടെ ജഡതിലുള്ള ദുര്‍മ്മോഹങ്ങളാല്‍ നാം പരീക്ഷിക്കപ്പെടുന്നത് പോലെ ക്രിസ്തു പരീക്ഷിക്കപ്പെട്ടു എന്നുമുള്ള ഉപദേശം ഗുരുതര ഉപദേശ പിശക് തന്നെയാണ്.
യേശുക്രിസ്തുവിന്‍റെ വിശുദ്ധി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ ഉള്ളിലുള്ള പാപമോഹങ്ങളെ ഒന്നൊന്നായി കീഴടക്കി നേടിയെടുത്ത വിശുദ്ധിയായിരുന്നില്ല.പാപമില്ലാത്ത ദൈവത്തിന്‍റെ പരിശുദ്ധനായ കുഞ്ഞാടായിട്ടാണ് ക്രിസ്തു സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് വന്നത്.
എന്നാല്‍ അവന്‍ നമുക്ക് വേണ്ടി പാപപരിഹാര യാഗമാകേണ്ടതിന് പാപം ചെയ്യാതെ പരിശുധത്മാവിനാല്‍ തന്നെത്താന്‍ കളങ്കമില്ലാതവനായി സൂക്ഷിക്കുകയും,തന്‍റെ ജീവിതാവസാനം തന്നെത്താന്‍ കളങ്കമില്ലാത്ത യാഗമായി അര്‍പ്പിക്കുകയും ചെയ്തു
ഹെബ്രായര്‍ 9:14 നിത്യാത്മാവിനാല്‍ ദൈവത്തിന്നു തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച ക്രിസ്തുവിന്‍റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന്‍ നിങ്ങളുടെ മനസ്സാക്ഷിയെ നിര്‍ജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും.
അത് കൊണ്ട് യേശുക്രിസ്തു എങ്ങനെയുള്ളവന്‍ എന്ന് ദൈവവചനം വെളിപ്പെടുത്തുന്നത് പോലെതന്നെ നാം മനസ്സിലാക്കേണ്ടത് നമ്മുടെ നിത്യജീവനെ ബാധിക്കുന്ന ഉപദേശം തന്നെയാണ്.അതുകൊണ്ടാണ് നമ്മുടെ വിശ്വാസത്തിന്റെ നായകനും,പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവാന്‍ ദൈവവചനം നമ്മെ ഉത്സാഹിപ്പിക്കുന്നത്
യേശുക്രിസ്തു നമ്മുടെ ജഡത്തില്‍ വന്നു എന്ന് ദൈവവചനം എവിടെയും പറയുന്നില്ല എങ്കിലും, ക്രിസ്തു ജഡത്തില്‍ വന്നു, വചനം ജഡമായിതീര്‍ന്നു, ദൈവം ജഡത്തില്‍ വെളിപ്പെട്ടു ( യോഹന്നാന്‍ 1:14, 1 തിമോത്തിയോസ് 3:16, 2 യോഹന്നാന്‍ 1: 7) എന്നൊക്കെ ദൈവവചനം പറയുന്നുണ്ട്.
ഈ വാക്യങ്ങളുടെ അര്‍ഥം തെറ്റിദ്ധരിച്ചു, യേശുക്രിസ്തു നമ്മുടെ ജഡത്തില്‍ (പാപത്താല്‍ മലിനമായ ദേഹിയില്‍) വന്നു എന്ന് പഠിപ്പിക്കുവാന്‍ പലരും ഉപയോഗിക്കാറുണ്ട്,അത് ദൈവ വചനത്തിലെ സന്ദേശത്തെ യാഥാര്‍തമായി മനസ്സിലാക്കാത്തത് കൊണ്ടും, ജഡം എന്ന വാക്ക് എപ്പോഴും പാപത്താല്‍ മലിനമായ ദേഹി എന്ന അര്‍ത്ഥത്തില്‍ ആണ് ദൈവവചനത്തില്‍ ഉപയോഗിക്കുന്നത് എന്ന തെറ്റിധാരണ കൊണ്ടുമാണ്.
നാം മനസ്സിലക്കേണ്ടത് ജഡം എന്നത് പാപതാല്‍ മലിനമായ ദേഹി എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, മനുഷ്യവര്‍ഗ്ഗം,മനുഷ്യന്‍, മനുഷ്യ ശരീരം,ദേഹി,പഴയ ഹൃദയം,പാപ സ്വഭാവം എന്നീ പല അര്‍ത്ഥങ്ങളില്‍ പല സാഹചര്യങ്ങളില്‍ ദൈവ വചനത്തില്‍, പുതിയ നിയമത്തില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് .
ദൈവവചന വാക്യങ്ങളുടെ അര്‍ഥം മനസ്സിലാക്കേണ്ടത്, ദൈവ വചനത്തിന്‍റെ
മുഴുവനായുള്ള സന്ദേശവുമായും,അത് ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലവുമായും ബന്ധപ്പെടുത്തിയാണ്.
ചില ഉദാഹരണങ്ങള്‍:
മത്തായി 24:22 ആ നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും(മനുഷ്യന്‍)രക്ഷിക്കപ്പെടുകയില്ല വൃതന്മാര്‍ നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും
യോഹന്നാന്‍ 17:2 നീ അവന്നു നല്കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും(മനുഷ്യവര്‍ഗ്ഗം)അവന്നു അധികരാം നല്‍കിയിരിക്കുന്നുവല്ലോ
ഗലാത്യര്‍ 2:20 ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ (ശരീരത്തില്‍) ജീവിക്കുന്നതോ എന്നെസ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
2കൊരിന്ത്യര്‍ 10:3 ഞങ്ങള്‍ ജഡത്തില്‍ (ശരീരത്തില്‍) സഞ്ചരിക്കുന്നവര്‍ എങ്കിലും ജഡപ്രകാരം (മാനുഷികരീതിയില്‍) പോരാടുന്നില്ല.
എബ്രായർ 2: 14 മക്കൾ ജഡരക്തങ്ങളോടു(മാംസരക്തങ്ങളോടു) കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു (മാംസരക്തങ്ങളോടു) കൂടിയവനായി
അതിനാല്‍ ക്രിസ്തു ജഡത്തില്‍ വന്നു,ദൈവം ജഡത്തില്‍ വെളിപ്പെട്ടു ,വചനം ജഡമായിതീര്‍ന്നു എന്നൊക്കെ ദൈവവചനം പറയുമ്പോള്‍ യേശുക്രിസ്തു നമ്മെപ്പോലെ തന്നെയുള്ള മനുഷ്യ ശരീരത്തില്‍ വന്നു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂര്‍ണ്ണ മനുഷ്യനായി വന്നു എന്നാണ് ദൈവവചനം അര്‍ത്ഥമാക്കുന്നത്.
( യേശുക്രിസ്തുവിൻ്റെ മനുഷ്വത്വത്തെ പറ്റിയുള്ള വിശദമായ ലേഖനം ഈ ലിങ്കിൽ നിന്നും വായിക്കുക: യേശുക്രിസ്തു പൂർണ്ണ മനുഷ്യൻ)
എന്നാല്‍ ഈ ഭൂമിയില്‍ നിന്നുള്ള എല്ലാ മനുഷ്യരിലും (വീഴ്ച പറ്റിയവരിലും,വീണ്ടും ജനിച്ചവരിലും) നിന്നും വ്യത്യസ്തമായി തന്‍റെ ദേഹത്തിലും, ദേഹിയിലും,ആത്മാവിലും പാപമില്ലാത്തവന്‍ ആയിരുന്നു.
ക്രിസ്തു തന്നെത്താന്‍ നിഷ്കളങ്കനായി സൂക്ഷിക്കുകയും, ഒടുവില്‍ തന്നെത്താന്‍ നിഷ്കളങ്കയാഗമായി അര്‍പ്പിക്കുകയും ചെയ്തു, അതാണ് നമ്മുടെ നിത്യമായ വീണ്ടെടുപ്പിനു കാരണമായിത്തീർന്നതു.
ബ്രദര്‍ ജിനു നൈനാന്‍