പാപകരമായ സഹിഷ്ണുതയും ദൈവഹിതപ്രകാരമുള്ള കോപവും

*പാപകരമായ സഹിഷ്ണുതയും ദൈവഹിതപ്രകാരമുള്ള കോപവും ദൈവസഭയുടെ നിർമ്മാണവും*
*ജിനു നൈനാൻ*
സഹിഷ്ണുത ദൈവമക്കൾക്കു ഉണ്ടാകേണ്ട ആത്മീയ ഗുണം ആയും കോപം എന്നത് ജഡത്തിൻ്റെ പ്രവൃത്തി ആയും ആണ് പൊതുവെ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. ആത്മീകരായ വ്യക്തികൾ ഒരിക്കലൂം കോപിക്കുകയോ അസഹിഷ്ണുത കാണിക്കുകയോ ചെയ്യരുത് എന്ന് ആണ് മിക്കവരും ചിന്തിക്കുന്നത്.
എന്നാൽ തിരുവെഴുത്ത് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ചില സാഹചര്യങ്ങളിൽ *സഹിഷ്ണുത തന്നെ ജഡത്തിൻ്റെ പ്രവൃത്തിയായി, മാനസാന്തരം ആവശ്യമുള്ള പാപമായി* മാറുന്നതും, മറുവശത്ത് *കോപം ദൈവീകമായ വികാരമായും ആത്മീയ ഗുണമായും കാണാം (വെളി. 2:20).*
അതുകൊണ്ട് തന്നെ ചില സാഹചര്യങ്ങളിൽ അസഹിഷ്ണുതയും കോപവും ആത്മീകനായ ഒരുവന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. അതില്ലാത്തവർ രക്ഷിക്കപ്പെട്ടവരല്ല, അല്ലെങ്കിൽ ആത്മീകമായി വളരാത്തവരും മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരുമാകാം.
യേശുക്രിസ്തുവിൻ്റെ മാതൃക
ദൈവത്തെ പൂർണമായും വെളിപ്പെടുത്തിയ ഏക മനുഷ്യൻ യേശുക്രിസ്തു ആണ്. പലരും ചിന്തിക്കുന്നത് പോലെ കർത്താവ് ഒരിക്കലും കോപിക്കുകയോ , അസഹിഷ്ണുത പ്രകടിപ്പിക്കാതെ ഇരിക്കുകയോ ചെയ്ത മനുഷ്യൻ ആയിരുന്നില്ല.
അതിനാൽ തന്നെ കർത്താവിന്റെ ജീവിതത്തിൽ നിന്നും നമുക്ക് ദൈവീകമായ കോപവും അസഹിഷ്ണുതയും എന്താണ് എന്നും എവിടെയാണ് അത് പ്രകടിപ്പിക്കേണ്ടത് എന്നും മനസ്സിലാക്കുവാൻ കഴിയും
യേശു *തനിക്കെതിരായ വ്യക്തിപരമായ കുറ്റാരോപണങ്ങളോടോ ഉപദ്രവങ്ങളോടോ* ഒരിക്കലും കോപമോ അസഹിഷ്ണുതയോ കാണിച്ചിട്ടില്ല. പകരം അവയെല്ലാം സഹിച്ച് ക്ഷമിച്ചു (ലൂക്കോസ് 23:34).
എന്നാൽ *തൻ്റെ പിതാവിൻ്റെ ആലയം കച്ചവടശാലയായി, കള്ളന്മാരുടെ ഗുഹയായി മാറ്റുന്നത് കണ്ടപ്പോൾ യേശു അസഹിഷ്ണുതയോടെ ശക്തമായി പ്രതികരിച്ചു*. ദേവാലയത്തിലെ *പാപത്തെയും പരീശത്വത്തെയും* അദ്ദേഹം *ദൈവീക കോപത്തോടെ* നേരിട്ടു (യോഹ. 2:15; മർക്കോസ് 3:5).
തൻ്റെ ശുശ്രൂഷയുടെ *തുടക്കത്തിലും അവസാനവും* ദേവാലയത്തെ ശുദ്ധീകരിച്ചതിന്റെ കാരണം, *“പിതാവിൻ്റെ ആലയത്തെക്കുറിച്ചുള്ള എരിവ്”* ആയിരുന്നു (യോഹ. 2:17).
*കർത്താവിൻ്റെ ദൈവീക കോപം പ്രകടമായ മൂന്ന് സന്ദർഭങ്ങൾ*
ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം യേശുക്രിസ്തു കോപിച്ചു എന്നു കാണുന്ന മൂന്നു സന്ദർഭങ്ങൾ ആണ് തിരുവെഴുത്തിൽ ഉള്ളത്. മൂന്നും ദേവാലയത്തിൽ വച്ചാണ്.
- ശുശ്രൂഷയുടെ തുടക്കത്തിൽ ദേവാലയം കച്ചവടസ്ഥലമായി മാറിയപ്പോൾ (യോഹ. 2:15)
- ശുശ്രൂഷയുടെ മധ്യത്തിൽ ;ശബത്തിൽ വരണ്ടകയ്യുള്ള ആളെ സൗഖ്യമാക്കുന്നത് തടയുന്ന ഹൃദയകാഠിന്യം കണ്ടപ്പോൾ — മനുഷ്യനേക്കാൾ നിയമത്തെ വലുതാക്കി കാണുന്ന നിയമവാദവും പരീശത്വവും നേരിട്ടപ്പോൾ (മർക്കോസ് 3:5)
- ശുശ്രൂഷയുടെ അവസാനം, കച്ചവടത്തിൽ തുടങ്ങി കള്ളന്മാരുടെ ഗുഹയായി മാറിയ ദേവാലയം കണ്ടപ്പോൾ (മത്തായി 21:12-13)
ആ ദേവാലയത്തിലെ ദ്രവ്യാഗ്രഹികളായ പുരോഹിതരും ഒത്തുതീർപ്പുകാരുമായ നേതാക്കളും യേശുവിനെയും തൻ്റെ സന്ദേശത്തെയും തള്ളിക്കളഞ്ഞു. കർത്താവിൻ്റെ ജീവൻ എന്ന പുതിയ വീഞ്ഞ് വഹിക്കാൻ കഴിയാത്ത പഴയ തുരുത്തിയായി യഹൂദ മതം മാറി. കർത്താവും ദേവാലയത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പുറത്തേക്കു പോകുന്നു. തുടർന്ന് അത് ദൈവീക ന്യായവിധിയിൽ കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചു പോയി (മത്തായി 24:1-2).
*ആത്മീക ദേവാലയം — ക്രിസ്തുവിൽ പണിയപ്പെട്ട സഭ*
എന്നാൽ വീടുപണിയേണ്ടവരായ യഹൂദ പുരോഹിതവർഗ്ഗം തള്ളിക്കളഞ്ഞ, മനുഷ്യരാൽ ത്യജിക്കപ്പെട്ട കല്ലായ ക്രിസ്തുവിനെ ദൈവസഭ എന്ന ദേവാലയത്തിന്റെ മൂലക്കലായി ദൈവം തിരഞ്ഞെടുക്കുന്നു. ക്രിസ്തു എന്ന മൂലക്കല്ലിനോട് ചേർത്ത് അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനക്കല്ലുകളിന്മേൽ തൻ്റെ സഭ എന്ന ദേവാലയത്തെ ദൈവം പണിയുന്നു. (മാർക്കോസ് 12:1-11;സങ്കീർത്തനം 118:22-23, ഏശയ്യാവ് 53:2, 1 പത്രൊ. 2:4)
ദൈവമഹ്വത്വം വിട്ടു പോയ പഴയ ദേവാലയം വിട്ടു കർത്താവിനോടൊപ്പം പുറത്തു വന്ന ദൈവസഭ എന്ന ദേവാലയത്തെ പണിയാൻ തിരഞ്ഞെടുത്ത *അപ്പോസ്തോലന്മാർക്കും കർത്താവിൻ്റെ അതേ ദൈവീക എരിവും ദൈവീക കോപവും ദൈവീക അസഹിഷ്ണുതയും* ഉണ്ടായിരുന്നു (2 കൊരി. 11:2). അവർ ദൈവസഭയെ വിശുദ്ധിയോടെ സൂക്ഷിക്കുവാൻ, *പാപത്തെയും പരീശത്വത്തെയും* ശക്തമായി നേരിട്ടു (1 കൊരി. 5:1-13).
*അപ്പോസ്തോലികകാലത്തിനു ശേഷം ഉണ്ടായ പിന്മാറ്റവും ഇന്നത്തെ 'ദൈവ സഭ'കളുടെ അവസ്ഥയും*
അപ്പോസ്തോലിക കാലം അവസാനിക്കുമ്പോഴേക്കും *സഭയുടെ ആത്മീയ പിന്മാറ്റം* ആരംഭിച്ചു എന്ന് തിരുവെഴുത്തിൽ നിന്നും തന്നെ സൂചനകൾ ലഭിക്കുന്നു .. അതിന് പ്രധാന കാരണം — *ദൈവീക എരിവും ദൈവീക കോപവും ഇല്ലാത്ത, ഒത്തുതീർപ്പുകാരും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരുമായ നേതാക്കളായിരുന്നു (വെളി. 3:14)*.
വെളിപാട് പുസ്തകത്തിലൂടെ അത്തരം സഭകളെയും നേതാക്കളെയും ദൈവം ശക്തമായി ശാസിക്കുന്നു. ദൈവീകമല്ലാത്ത; മാനുഷികമായ അത്തരം സഹിഷ്ണുതയിൽ നിന്നും മനസാന്തരപ്പെടുവാൻ ആവശ്യപ്പെടുന്നു.(വെളി. 2:12)
നൂറ്റാണ്ടുകൾക്കു ശേഷം പഴയ യെരുശലേം ദേവാലയം പോലെ തന്നെ ഇന്ന് "ദൈവസഭ” എന്ന് അവകാശപ്പെടുന്ന പല കൂട്ടങ്ങളും യഥാർത്ഥത്തിൽ *കള്ളന്മാരുടെ ഗുഹകളായി* തീർന്നിരിക്കുന്നു. *ദൈവദാസന്മാർ എന്ന് അവകാശപ്പെടുന്നവർ ദ്രവ്യദാസന്മാരായി പാവങ്ങളെ കൊള്ളയടിച്ചു കോടീശ്വരന്മാരാകുന്നു.*ദൈവ വേല ധന സമ്പാദന മാർഗ്ഗമായിത്തീർന്നിരിക്കുന്നു.*
അതിനോടൊപ്പം, വേർപെട്ട ദൈവസഭ എന്നവകാശപ്പെടുന്ന കൂട്ടങ്ങളിൽ , വിശുദ്ധിയുടെ പേരിൽ മനുഷ്യനേക്കാൾ നിയമത്തെ വലുതായികാണുന്ന പരീശ്വത്വവും, ലീഗലിസവും നിറഞ്ഞിരിക്കുന്നു. ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും, സമൂഹത്തിൽ നിന്നും വേർപെട്ടവരായി .മാനുഷിക ബന്ധങ്ങളും സൗഹൃദങ്ങളും ഉപേക്ഷിച്ചു അവർ സ്വയം സൃഷ്ട്ടിച്ച 'വിശുദ്ധ' മാനുഷിക നിയമങ്ങളുടെ ഉള്ളിൽ 'വേർപെട്ടവരായി' ജീവിക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ടു ( യഥാർത്ഥ വേർപാട് - ദൈവ വചന അടിസ്ഥാനത്തിൽ എന്ന ലേഖനം ഈ ലിങ്കിൽ വായിക്കാവുന്നതാണ് https://cakchurch.com/article-details.php?id=246 )
*കർത്താവിൻ്റെ യഥാർത്ഥ ശത്രുക്കൾ - പരീശന്മാരും നിയമ ശാസ്ത്രികളും*
ശ്രദ്ധിക്കുക — *പാപത്തിനെതിരേ പ്രസംഗിച്ചതിനോ വിശുദ്ധി പ്രസംഗിച്ചതിനോ* അല്ല കർത്താവ് ഉപദ്രവിക്കപ്പെട്ടതും ക്രൂശിക്കപ്പെട്ടതും. *പരീശത്വത്തെയും, മാനുഷിക നിയമവാദത്തെയും* എതിർത്തതുകൊണ്ടാണ്.
കർത്താവിനെ ക്രൂശിച്ചത് ലോകത്തിലെ പാപികൾ അല്ല; *ദ്രവ്യാഗ്രഹികളായ മാനുഷിക 'വിശുദ്ധി' യുടെ പ്രാസംഗികർ ആയ ദേവാലയ ശുശ്രൂഷക്കാർ, പരീശന്മാർ, ന്യായശാസ്ത്രികൾ എന്നിവർ* ആയിരുന്നു.
മാനുഷിക വിശുദ്ധിയും നിയമവാദവും പ്രസംഗിക്കുന്നവർക്ക് ഇന്നും *വേർപെട്ട ‘വിശുദ്ധ’ സമൂഹങ്ങളിൽ മാനവും അംഗീകാരവും ലഭിക്കുന്നു*. പക്ഷേ നിങ്ങൾ *കർത്താവിനെയും അപ്പോസ്തോലന്മാരെയും പോലെ പാപത്തെയും പരീശത്വത്തെയും നിയമവാദത്തെയും സഭയിലെ കച്ചവടത്തെയും കൊള്ളയെയും ഒരു പോലെ എതിർക്കുന്നുവെങ്കിൽ —നിങ്ങൾ ഒറ്റപ്പെടും, ദ്രവ്യാഗ്രഹികളായ പരീശന്മാരാൽ അക്രമിക്കപ്പെടും.*
*ദൈവമഹ്വത്വം വിട്ടു പോയ അലയങ്ങൾ വിട്ടു പോരുക*
കർത്താവിൻ്റെ കാലത്തേക്കാൾ പരീശ്വതവും , നിയമവാദവും , കച്ചവടവും , കൊള്ളയും ഇന്നുള്ള 'ദൈവസഭകൾ' എന്ന് അവകാശപ്പെടുന്ന കൂട്ടങ്ങളിൽ കൂടുതൽ ആണ് . എന്നാൽ ഇതൊക്കെ കണ്ടിട്ടും ആത്മീകൻ എന്നു അവകാശപ്പെടുന്നവർക്ക് കോപം ഉണ്ടാകുന്നില്ല . അവർ 'സഹിഷ്ണുത' ഉള്ളവർ ആണ്. കാരണം ക്രിസ്തുവിൻ്റെ കാലത്തേ പുരോഹിത, പരീശനേതൃത്വം പോലെ ഇന്നുള്ള നേതാക്കളും പരീശന്മാരും, ദ്രവ്യാഗ്രഹികളും, ഒത്തുതീർപ്പുകാരും, മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും ആയിരിക്കുന്നു.
അവർ ഒരിക്കലൂം ഇത്തരം നീച കാര്യങ്ങൾക്കെതിരെ പ്രതികരിക്കാത്ത, കോപിക്കാത്ത , സഹിഷ്ണുത ഉള്ളവരായ, മനുഷ്യരുടെ മാനം ലഭിച്ചവർ ആയ നേതാക്കൾ ആയി തുടരുന്നു. *ദൈവമഹ്വത്വവും കർത്താവും ഇത്തരം സഭകളെ വിട്ടുപോയിരി ക്കുന്നു* എന്നും ദൈവീക ന്യായവിധിയിൽ കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഒരിക്കൽ ഇതൊക്കെ നശിപ്പിക്കപ്പെടും എന്നും അവർ മനസ്സിലാക്കുന്നില്ല.
എന്നാൽ ദൈവമഹത്വം നഷ്ടപ്പെട്ട ഇത്തരം അലയങ്ങളിൽ നിന്നും പുറത്തു വരാൻ തയ്യാറുള്ളവരെയും തൻ്റെ ആലയത്തെക്കുറിച്ചുള്ള *ദൈവീക എരിവും, വിശുദ്ധ കോപവും, അസഹിഷ്ണുതയും സൂക്ഷിക്കുന്നവരെയും;
മനുഷ്യരാൽ നിന്ദിക്കപ്പെടാനും ത്യജിക്കപ്പെടാനും തയ്യാറുള്ളവരെയും കർത്താവ് ഇന്നും അന്വേഷിക്കുന്നു*
അത്തരം വിശ്വസ്തരായവരിലൂടെ തന്നെയാണ് കർത്താവ് തന്റെ യഥാർത്ഥ സഭയെ,*പാതാള ഗോപുരങ്ങൾക്കും ജയിക്കാനാവാത്ത സഭയെ*, ഇന്നും പണിയുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നത്.ആ പുതിയ തുരുത്തിയിൽ ആണ് കർത്താവു തൻ്റെ പുതിയ ഉടമ്പടിയുടെ സന്ദേശം പകരുന്നത്.
മത്തായി 9:17 പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകര്‍ന്നു വെക്കയുള്ളു. അങ്ങനെ രണ്ടും ഭദ്രമായിരിക്കും
"ബാബിലോണിന്‍റെ മധ്യത്തിൽനിന്ന് ഓടി ജീവന്‍ രക്ഷപെടുത്തുവിന്‍. അവളുടെ ന്യായവിധിയിൽ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു ദൈവത്തിൻ്റെ പ്രതികാരസമയമാണ്; അവിടുന്ന് അവൾക്ക് അർഹമായ ശിക്ഷ നല്‌കും" - യിരെമ്യാവ് 51:6
വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്.എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്.”-വെളിപ്പാട് 18:4,5
ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേള്‍ക്കാന്‍ ചെവിയുള്ളവൻ കേൾക്കട്ടെ.”
ഈ വിഷയവുമായി ബന്ധപ്പെട്ട സന്ദേശം താഴെയുള്ള ലിങ്കിൽ ലഭ്യമാണ്
പാപകരമായ സഹിഷ്ണുതയും ദൈവഹിതപ്രകാരമുള്ള കോപവും I The Sin of Tolerance & Godly Anger I
https://www.youtube.com/watch?v=ppaa8nkeyes