യേശു തന്നെ ആരാധിക്കണം എന്ന് പറഞ്ഞിട്ടില്ല . പിന്നെ എന്തിനാണ് ക്രിസ്തുവിനെ ആരാധിക്കുന്നത്?
Answer. യേശു ഇങ്ങനെ പറഞ്ഞു “മനുഷ്യ പുത്രന്‍ ശുശ്രൂഷചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്ക് വേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നത് പോലെ തന്നെ” (മത്തായി 20:18).യേശു ഈ ഭൂമിയില്‍ വന്നതിന്‍റെ ഉദേശം തന്നെ , ആരാധന സ്വീകരിപ്പാന്‍ അല്ലാത്തതിനാലും, ശുശ്രൂഷിപ്പാനും അനേകര്‍ക്ക് വേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും ആയതിനാലും യേശു തന്നെ ആരാധിക്കണം എന്ന് ഭൂമിയില്‍ ആയിരുന്നപ്പോള്‍ ആരോടും പറഞ്ഞില്ല. യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ദൈവത്താല്‍ അയക്കപെട്ട മനുഷ്യന്‍ എന്ന നിലയില്‍ ആണ് ജീവിച്ചത് .
പക്ഷെ ബൈബിളില്‍ യേശു ആരാധന സ്വീകരിച്ച അനേക സന്ദര്‍ഭങ്ങള്‍ ഉണ്ട്. വഞ്ചിയിലിരുന്നവര്‍ നീ ദൈവ പുത്രന്‍ തന്നെ എന്ന് പറഞ്ഞു അവനെ നമസ്കരിച്ചു (മത്തായി 14:33). മത്തായി 28:9, ലുക്കോസ് 24:52, യോഹന്നാന്‍ 9:38 ) എന്നിവ മറ്റുദാഹരണങ്ങള്‍ ആണ്. മേല്‍പറഞ്ഞ വാക്യങ്ങളില്‍ യേശു തന്നെ ആരാധിക്കുന്നതിനെ വിലക്കിയതായി കാണുന്നില്ല.കാരണം യേശു എല്ലാ ആരാധനക്കും, സ്തുതിക്കും യോഗ്യന്‍ ആണ് (വെളിപ്പാട് 5:12).
മാത്രമല്ല, പിതാവായ ദൈവം ദൈവപുത്രനായ ക്രിസ്തുവിനെ ആരാധിക്കാന്‍ കല്‍പിച്ചിരിക്കുന്നു. “ആദ്യ ജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍ ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ ആരാധിക്കേണം എന്ന് ഞാന്‍ അരുളി ചെയ്യുന്നു” (എബ്രായര്‍ 1:6). ചുരുക്കത്തില്‍ യേശു ഭൂമിയില്‍ അവതരിച്ചതിന്‍റെ ഉദ്ദേശം ആരാധന സ്വീകരിക്കുക എന്നതായിരുന്നില്ല അതിനാല്‍ ആരാധന ആവശ്യപ്പെട്ടും ഇല്ല.എന്നാല്‍ പല സന്ദര്‍ഭങ്ങളിലും യേശു ആരാധന സ്വീകരിച്ചതായും പിതാവായ ദൈവം പുത്രനെ ആരാധിക്കാനായി കല്പിക്കുന്നതായും കാണാം.അതിനാല്‍ യേശുവിനെ ആരാധിക്കുന്നത്,യേശു തന്നെ ആരാധിക്കാന്‍ ആവശ്യപ്പെടുന്നത് കൊണ്ടല്ല, അവന്‍ ആരാധന സ്വീകരിപ്പാന്‍ യോഗ്യന്‍ ആയതിനാലും , അത് പിതാവിന്‍റെ കല്‍പ്പന ആയതിനാലും ആണ്.