Articles

മാനസാന്തരം എന്നാല്‍ എന്താണ്?

Date Added : 23-02-2018

*മാനസാന്തരം എന്ന വാക്കിന്‍റെ അര്‍ഥം, മനസ്സിന്‍റെ തിരിവ്* എന്നതാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഉള്ളവനായിട്ടാണ്.എന്നാല്‍ മനുഷ്യന്‍ ആ സ്വാതന്ത്ര്യത്തില്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുകയും  സ്നേഹത്തില്‍ അനുസരിക്കുകയും വേണം എന്നാണ് ദൈവം മനുഷ്യനെ കുറിച്ച് ആഗ്രഹിച്ചത്  ദൈവത്തെ പൂര്‍ണ്ണമായും സ്നേഹിച്ചു  വിശ്വസിച്ചു, ആശ്രയിച്ചു ജീവിച്ചിരുന്ന ആദ്യ മനുഷ്യനായ  ആദം, ദൈവത്തില്‍ നിന്നും മനസ്സ് കൊണ്ട്  തിരിഞ്ഞു പിശാചിന്‍റെ വ്യാജം  വിശ്വസിച്ചത് ആണ് ആദ്യത്തെ “മാനസാന്തരം”.

ആദം “മാനസാന്തരപ്പെട്ടപ്പോള്‍” ദൈവം മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ  ദൈവത്തിന്റെ ജീവന്‍ ആദാമിന് നഷ്ടപ്പെട്ടു,അവന്‍റെ ആത്മീയ ദൃഷ്ടി അടഞ്ഞു,പാപത്തിൻ്റെ അടിമയായി, അവന്‍ ദൈവത്തിന്‍റെ അധികാരത്തില്‍ നിന്നും പിശാചിന്‍റെ അധികാരത്തില്‍ ആയി.

അതിനാല്‍ യഥാര്‍ത്ഥ മാനസാന്തരം, ഒരുവന്‍ ദൈവത്തിന്‍റെ  സത്യ സുവിശേഷം കേട്ട് , താന്‍ പാപി ആണ് എന്നും, പിശാചിന്‍റെ അടിമ ആണ് എന്നും ബോധ്യപ്പെട്ടു രക്ഷക്ക് വേണ്ടി മനസ്സ് കൊണ്ട്  ദൈവത്തിലേക്ക് തിരിയുകയും,ദൈവത്തിൽ  ഹൃദയപൂർവ്വം വിശ്വസിക്കുകയും ആണ്.ആദം ദൈവാശ്രയത്തിൽ നിന്നും സ്വയാശ്രയത്തിലേക്കാണ്  മനസ്സ് കൊണ്ട് തിരിഞ്ഞത്, അതിനാൽ യഥാർത്ഥ മാനസാന്തരം സ്വയാശ്രയത്തിൽ നിന്നും ദൈവാശ്രയത്തിലേക്കുള്ള തിരിവും യഥാർത്ഥ മനസാന്തരത്തിൻ്റെ  തെളിവ്   തുടർച്ചയായി യേശുക്രിസ്തുവിൽ ആശ്രയിച്ചുള്ള ജീവിതവുമാണ്.

മാനസാന്തരത്തിൽ ചിലപ്പോൾ വൈകാരിക അനുഭവങ്ങൾ ഉണ്ടായേക്കാം എങ്കിലും *മാനസാന്തരം കേവലം വൈകാരികമല്ല, മറിച്ചു പൂർണമായും ദൈവത്തിങ്കലേക്കുള്ള മനസ്സുകൊണ്ടുള്ള തിരിവാണ്*. ഒരുവൻ ദൈവത്തിങ്കലേക്കു മനസ്സ് കൊണ്ട് തിരിയുമ്പോള്‍, അവൻ്റെ പാപങ്ങൾ മായിക്കപ്പെടുന്നു 

അപ്പോസ്തോല പ്രവർത്തികൾ 3 : 19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ 

അങ്ങനെ വാൻ ദൈവത്തിൽ വിശ്വസിക്കുമ്പോൾ ദൈവം വാഗ്ദാനം ചെയ്തത് പോലെ അവന്‍റെ ഉള്ളിലേക്ക് ദൈവീക ജീവന്‍ , നിത്യജീവന്‍ വരികയും, പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെടുകയും ദൈവമകന്‍ ആകുകയും ചെയ്യുന്നു.

(എഫെസ്യർ 1 :13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,  തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.)

അപ്രകാരം ഒരുവൻ പൂർണ്ണമായും ഇരുളില്‍നിന്നു വെളിച്ചത്തിലേക്ക്, സാത്താന്‍റെ   അധികാരത്തിൽ നിന്നും ദൈവത്തിൻ്റെ അധികാരത്തിലേക്ക്, ദൈവരാജ്യത്തിലേക്കു  മാറ്റപ്പെടുന്നു. 

 (അപ്പോസ്തോല പ്രവര്‍ത്തികള്‍:  26:18  അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.)

(അപ്പോസ്തോല പ്രവര്‍ത്തികള്‍:  20: 21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.)

 

ബ്രദർ ജിനു നൈനാൻ