QA

ക്രൂശിൽ ക്രിസ്തു ഏറ്റ സ്നാനം/ ക്രിസ്തുവിലേക്കു ചേരുന്ന സ്നാനം/ ജലസ്നാനം, ഇവ എന്താണ്?

Date Added : 03-10-2018

വളരെയധികം പരസ്‌പരം  തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള, തെറ്റായി പഠിപ്പിക്കാറുള്ള  വിഷയങ്ങൾ  ആണ് ചോദ്യത്തിൽ ഉള്ളത് , സ്നാനം എന്ന വാക്ക് വായിച്ചാലുടൻ പശ്ചാത്തലം ശ്രദ്ധിക്കാതെ എല്ലാം ജലസ്നാനമാണ്  തെറ്റിദ്ധരിക്കുന്നതു  മൂലമുണ്ടാകുന്ന പ്രശ്നമാണ് ഇത്.

യഥാർത്ഥത്തിൽ സ്നാനം എന്ന വാക്കിനു അതിൻ്റെ  മൂലഭാഷയിൽ ജലവുമായി നേരിട്ട് ബന്ധമില്ല.BAPTIZO എന്ന ഗ്രീക്ക് വാക്ക് തർജ്ജിമ വരുത്താതെ ഏകദേശം അത് പോലെ തന്നെയാണ് English ൽ baptism എന്ന് കൊടുത്തിരിക്കുന്നത്.അതിനെയാണ് മലയാളത്തിൽ സ്നാനം എന്ന് തർജ്ജിമ ചെയ്തിരിക്കുന്നത്. BAPTIZO എന്ന ഗ്രീക്ക് വാക്കിനു, immersion അഥവാ നിമജ്ജനം ചെയ്യുക,മുഴുകുക, ഒരു  വസ്തുവിൻ്റെ ഉള്ളിലേക്ക് ആഴ്ത്തുക എന്നൊക്കെയാണ് അർഥം.നിമജ്ജനത്തിനു ഉപയോഗിക്കുന്ന മാധ്യമം ജലം ആണ് എങ്കിൽ മാത്രമാണ് അത് ജലസ്നാനം ആകുന്നത്, മറിച്ചു  അത് പരിശുദ്ധാത്മാവ് ആണ് എങ്കിൽ പരിശുദ്ധാത്മ സ്നാനവും, അഗ്നിയാണ് എങ്കിൽ അഗ്നിസ്നാനവും ആകും.

ഇത്രയും ആമുഖമായി പറഞ്ഞത് തിരുവെഴുത്തിൽ സ്നാനം എന്ന് കാണുമ്പൊൾ തന്നെ അത് ജലത്തിൽ ഉള്ള സ്നാനം ആണ് എന്ന് തെറ്റിദ്ധരിക്കാതെ പശ്ചാത്തലം നോക്കി ഏതു സ്നാനം ആണ് എന്നും,എന്തിലേക്കാണ് സ്നാനം ചെയ്യുന്നത് എന്നും മനസ്സിലാക്കാൻ വേണ്ടിയാണു.

ഇനി നമുക്ക് ചോദ്യത്തിലെ മൂന്നു സ്നാനങ്ങളെ നമുക്ക് ദൈവവചനപ്രകാരം പരിശോധിക്കാം 

അതിൽ ആദ്യത്തേത് യേശുക്രിസ്തു ക്രൂശിൽ ഏറ്റ  സ്നാനമാണ്, അതിനെപ്പറ്റി കർത്താവ് ഇപ്രകാരം പറയുന്നു  "എങ്കിലും #എനിക്കു ഒരു #സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു" (ലൂക്കോസ് 12:50)

കർത്താവ് (ലൂക്കോസ് 12:50) പറയുന്ന സ്നാനം തൻ്റെ ക്രൂശിലെ മരണത്തെപ്പറ്റിയാണ് എന്ന് സുവ്യക്തം. അതായതു തൻ്റെ  ക്രൂശിലെ മരണത്തെ "സ്നാനം" എന്നാണ് കർത്താവ് വിശേഷിപ്പിച്ചത്. മാത്രമല്ല ആ സ്നാനത്തിൽ തൻ്റെ  ശിഷ്യർ പങ്കാളികൾ ആകും എന്നും കർത്താവ് പറയുന്നു.

എങ്ങനെയാണ് ക്രിസ്തുവിൻ്റെ ക്രൂശിലെ മരണം "സ്നാനം" ആകുന്നത്?

അതിനു  കാരണം , മനുഷ്യവർഗ്ഗം ദൈവകോപത്തിൻ്റെ  തിരമാലയിൽ മുങ്ങിപ്പോകേണ്ട സ്ഥാനത്തു പാപമില്ലാത്ത ദൈവപുത്രൻ  ദൈവകോപത്തിൻ്റെ തിരമാലയിൽ മുങ്ങി. പാപമില്ലാത്തവൻ , നമുക്ക് വേണ്ടി പാപമാക്കപ്പെട്ടു. അതിനാൽ ആണ് കർത്താവ് തൻ്റെ  ക്രൂശുമരണത്തെ സ്നാനം എന്ന് വിശേഷിപ്പിച്ചത്

പാപത്തിൻ്റെ   ശമ്പളമായി, ദൈവത്തിൽ നിന്നുള്ള വേർപാടായ മരണം,ദൈവത്താൽ കൈവിടപ്പെട്ട പാപിയുടെ സ്ഥാനം യേശുക്രിസ്തു സ്വയം ഏറ്റെടുത്തു, മനുഷ്യ വര്ഗ്ഗത്തിൻ്റെ  പാപം ഏറ്റെടുത്തു ദൈവപുത്രന് ദൈവ ക്രോധാഗ്നിയിൽ മുങ്ങി. അതിനാൽ ആണ് കർത്താവ് തൻ്റെ  ക്രൂശുമരണത്തെ സ്നാനം എന്ന് വിശേഷിപ്പിച്ചത്

അടുത്തതായി ദൈവവചനം പറയുന്ന സ്നാനമാണ് ക്രിസ്തുവിലേക്കു ചേരുന്ന സ്നാനം ( Baptism into Christ), ആ സ്നാനമാണ് റോമർ 6:3,ഗലാത്യർ 3 :26 കൊലോസ്യർ 2:12 വാക്യങ്ങളിൽ പറയുന്നത്.ശ്രദ്ധിക്കുക, ഇവിടെ സ്നാനപ്പെടുന്നത്, അഥവാ നിമജ്ജനം ചെയ്യപ്പെടുന്നത് ജലത്തിലേക്കു അല്ല, മറിച്ചു ക്രിസ്തുവിലേക്കാണ്.അഥവാ ഒരുവൻ ക്രിസ്തുവിൽ ആകുന്നതിനെപ്പറ്റിയാണ് പൗലോസ് ഈ വാക്യങ്ങളിൽ വിശദീകരിക്കുന്നത്.

അത് ക്രൂശിൽ യേശുക്രിസ്തു ഏറ്റ സ്നാനത്തോടുള്ള നമ്മുടെ ഏകീഭാവമാണ്, പങ്കാളിത്തമാണ് എന്ന് ദൈവവചനം വ്യക്തമാക്കുന്നു.അതായതു, യേശുക്രിയസ്തു ക്രൂശിൽ ഏറ്റ സ്നാനം പാപിയായ  എനിക്കു  പകരമായിരുന്നു എന്ന് ഞാൻ ഹൃദയപൂർവ്വം അംഗീകരിക്കുകയാണ്.മനസതരപ്പെട്ടു, ക്രിസ്തുവിൽ വിശ്വസിക്കുകയാണ്. ഞാൻ ക്രിസ്തുവിൽ ആകുകയാണ്. അതിനാൽ ആണ് അതിനെ ക്രിസ്തുവിലേക്കു ചേരുന്ന സ്നാനം എന്ന് ദൈവവചനം വിശേഷിപ്പിക്കുന്നത്.ആ സ്നാനത്തിൽ ഞാൻ, അഥവാ എൻ്റെ പഴയ മനുഷ്യൻ  ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടുന്നു എന്നും, ക്രിസ്തുവിലേക്കു നിമജ്ജനം ചെയ്യപ്പെടുന്നു (Bpatized into Christ) എന്നും, അവനോടു കൂടെ ഞാൻ ഒരു പുതിയ മനുഷ്യനായി ഉയിർത്തെഴുനേൽക്കുന്നു എന്നും ദൈവവചനം വെളിപ്പെടുത്തുന്നു. (റോമർ 6:1 -9 )

ഇത് എപ്പോഴാണ് സംഭവിച്ചത്? അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല, നാം എപ്പോഴാണ് ക്രിസ്തുവിനോട് കൂടി പുതിയ മനുഷ്യനായി ഉയിർത്തെഴുനേറ്റത്, അഥവാ വീണ്ടും ജനിച്ചത്  എന്ന് മനസ്സിലാക്കിയാൽ മതിയാകും. യോഹന്നാൻ  1:12,യോഹന്നാൻ 7:38 , ഗലാത്യർ  4:4,എഫെസ്യർ 1: 14, 2:1  തുടങ്ങിയ അനേക വാക്യങ്ങളിൽ കൂടി ദൈവവചനം അത് വിശദീകരിക്കുന്നു.

ഈ വാക്യങ്ങളിൽ  ;  നാം പാപിയാണ് എന്ന് ബോധ്യപ്പെട്ടു, യേശുക്രിസ്തു എൻ്റെ  പാപങ്ങൾക്ക് വേണ്ടി, എനിക്ക് പകരമായി  മരിച്ചു എന്ന് മനസ്സിലാക്കി, മാനസാന്തരപ്പെട്ട്,   കർത്താവിൽ വിശ്വസിക്കുമ്പോൾ,യേശുവിനെ കർത്താവ് എന്ന് ഏറ്റു പറയുമ്പോൾ നാം ക്രിസ്തുവിൽ ആകുകയും, ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നമ്മിൽ വരികയും, നാം മരണത്തിൽ നിന്നും ജീവനിലേക്കു,പുതിയ സൃഷ്ടിയായി ഉയിർത്തെഴുനേൽക്കുകയും ചെയ്യുന്നു എന്ന് നമുക്ക്  വ്യക്തമാകും.   

ക്രിസ്തുവിലേക്കു നിമജ്ജനം ചെയ്യുന്ന സ്നാനത്തിൽ സംഭവിക്കുന്ന മറ്റു കാര്യങ്ങളും കൂടി ദൈവവചനം വിശദമാക്കുന്നു.നമ്മുടെ പഴയ മനുഷ്യൻ യേശുക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടുന്നു. നാം പുതിയ സൃഷ്ടിയായി, പുതിയ മനുഷ്യനായി ഉയിർത്തെഴുനേൽക്കുന്നു, നമ്മുടെ പാപഹൃദയം പരിശ്ചേദന ചെയ്യപ്പെടുന്നു, അങ്ങനെ നാം പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും എന്നെന്നേക്കുമായി സ്വാതന്ത്ര്യം പ്രാപിക്കുന്നു, നാം പഴയ മനുഷ്യനെ ഉരിഞ്ഞു കളയുന്നു,പുതിയ മനുഷ്യനെ ധരിക്കുന്നു,നാം ക്രിസ്തുവിനെ ധരിക്കുന്നു. (റോമർ 6:1 -9,കൊലോസ്യർ 2: 1 -12,ഗലാത്യർ 3 :21 -26).

ഇത്രയും കാര്യങ്ങൾ തീർച്ചയായും ജലസ്നാനത്തിൽ സംഭവിക്കുന്നില്ല, എന്നാൽ ഇവയെല്ലാം ഒരുവൻ പാപിയാണ് എന്ന് ബോധ്യപ്പെട്ടു, മാനസാന്തരപ്പെട്ട്,യേശുക്രിസ്തു തൻ്റെ  പാപങ്ങൾക്ക് വേണ്ടി, തനിക്കു  പകരമായി  മരിച്ചു എന്ന് ഹൃദയപൂർവ്വം വിശ്വസിക്കുമ്പോൾ അവൻ്റെ  ഉള്ളിൽ നടക്കുന്നതാണ്.

അതിനാൽ ഈ വാക്യങ്ങളിൽ പറയുന്ന സ്നാനം ജലസ്നാനമല്ല, മറിച്ചു ക്രിസ്തുവിങ്കലേക്കു നിമജ്ജനം ചെയ്യപ്പെടുന്ന സ്നാനമാണ് എന്ന് വ്യക്തം.

 ഇതിനെയാണ്  പുനർജ്ജനന സ്നാനം ( Baptism of Regeneration) എന്നും ദൈവവചനം വ്യക്തമാക്കുന്നത്. അതിനെ തന്നെയാണ് വീണ്ടും ജനനം എന്ന് ദൈവവചനം പറയുന്നത്. (തീത്തോസ് 3 :6,റോമർ 6:3 )

അപ്പോൾ സ്വാഭാവികമായും  നമുക്കുണ്ടാകുന്ന ചോദ്യം ഇതാണ്, ഈ വാക്യങ്ങളിൽ പറയുന്ന സ്നാനം ജലസ്നാനം അല്ലെങ്കിൽ ചോദ്യത്തിൽ മൂന്നാമതായുള്ള ജലസ്നാനം  എന്താണ്? അതിൻ്റെ  ആവശ്യകതയും, പ്രസക്തിയും എന്താണ്? വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് അത്.

പ്രഥമമായി ജലസ്നാനം എന്നത്  കർത്താവിൻ്റെ കല്പനയാണ്. എന്നാൽ അതിലുപരിയായി,യേശുക്രിതുവിലേക്കു ആത്മാവിൽ  ചേരുന്ന സ്നാനത്തിൽ (പുനർജ്ജനന സ്നാനത്തിൽ, വീണ്ടും ജനനത്തിൽ)  ഒരുവൻ്റെ   ഉള്ളിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും പുറമെയുള്ള ദൃശ്യമായ വെളിപ്പെടുത്തലാണ്  ജല സ്നാനം എന്ന കൂദാശ, അഥവാ ഉള്ളിൽ നടന്ന ആത്മീയ യാഥാർഥ്യത്തെ ഭൗതിക ലോകത്തിൽ വെളിപ്പെടുത്തുന്ന വിശുദ്ധ കർമ്മം.

അതിനാൽ ജല സ്നാനം എന്നത് കർത്താവിൻ്റെ അതിപ്രധാനമായ കല്പനയെ അനുസരിക്കുക എന്നതിൽ ഉപരി, നമ്മിൽ നടന്ന വീണ്ടും ജനനം എന്ന ആത്മീക യാഥാർഥ്യത്തെ പുറമെ വെളിപ്പെടുത്തുന്ന കൂദാശ കൂടിയാണ്. വേറൊരു കൂദാശയിൽ  കൂടിയും നമുക്ക് ഈ ആത്മീക യാഥാർഥ്യങ്ങളെ വെളിപ്പെടുത്താൻ കഴിയില്ല.

നാം വെള്ളത്തിലേക്ക് മുങ്ങുമ്പോൾ ക്രിസ്തുവിലേക്ക്  നാം സ്നാനപ്പെട്ടു എന്ന് ലോകത്തോട് വിളിച്ചു പറയുന്നു, വെള്ളത്തിൽ നിന്നും ഉയർന്നു വരുമ്പോൾ ക്രിസ്തുവിനോട്‌ കൂടെ പുനരുദ്ധാനം ചെയ്തു എന്ന് വിളിച്ചു പറയുന്നു.അത്  നാം ജീവൻ്റെ പുതുക്കത്തിൽ അവനോടു കൂടെ നടക്കുന്നു എന്നതിൻ്റെ  പ്രഖ്യാപനവും  അടയാളവും  ആകുന്നു.

അതായത്‌ ഞാൻ യേശുവിനെ വിശ്വസിച്ചപ്പോൾ അല്ലെങ്കിൽ, എൻ്റെ യേശു എൻ്റെ രക്ഷകനും കർത്താവും ആണെന്ന് ഹൃദയം കൊണ്ട്‌ അംഗീകരിച്ചപ്പോൾ എൻ്റെ പഴയമനുഷ്യൻ (പാപമനുഷ്യൻ) ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ട്‌, അവനോടൊപ്പം മരിച്ചു അടക്കപ്പെട്ടു, ഞാൻ പുതിയ സൃഷ്ഠിയായി ഉയർത്തെഴുന്നേറ്റു ഞാൻ പരസ്യമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന തിരുകർമ്മം ആണ്‌ ക്രിസ്തിയ ജലസ്നാനം. അത് കൊണ്ടാണ് ആദിമ സഭയിൽ ഒരുവൻ രക്ഷിക്കപ്പെട്ടാൽ ഉടനെ തന്നെ അവനെ ജലത്തിൽ സ്നാനപ്പെടുത്തുവാൻ പഠിപ്പിച്ചിരുന്നത്. ഉള്ളിൽ യഥാർത്ഥമായ ക്രിസ്തുവിൽ ആകുന്ന സ്നാനം നടക്കുകയും, അത് പുറത്തു വെളിപ്പെടുത്തുന്ന ജലസ്നാനം അനുസഷ്ടിക്കാതെയും ഉള്ള  ഒരു വിശ്വാസിയും ആദിമ സഭയിൽ ഉണ്ടായിരുന്നില്ല.അതിനാൽ വീണ്ടും ജനിച്ച ഒരുവൻ ജലസ്നാനം ഏൽക്കണമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല.

ചുരുക്കത്തിൽ മൂന്നു സ്നാനങ്ങൾ ദൈവവചനം വെളിപ്പെടുത്തുന്നു 

1. നമ്മുടെ പാപങ്ങൾക്ക് പകരമായി യേശുക്രിസ്തു ക്രൂശിൽ ഏറ്റ സ്നാനം 

2.യേശുവിൻ്റെ ക്രൂശിലെ  സ്നാനം നമുക്ക്  പകരമാണ് എന്ന് ഹൃദയപൂർവ്വം അംഗീകരിച്ചു, അതിനോട് വിശ്വാസത്താൽ ഏകീഭവിക്കുന്ന, അവനിലേക്ക്‌ നിമജ്ജനം ചെയ്യപ്പെടുന്ന, ക്രിസ്തുവിൽ ആകുന്ന  നമ്മുടെ സ്നാനം. 

3.അതിനെ പരസ്യമായി വെളിപ്പെടുത്തുന്ന/പ്രഖ്യാപിക്കുന്ന കർമ്മമായ  ജലസ്നാനം

യേശുക്രിസ്തുവിൻ്റെ  ക്രൂശിലെ സ്നാനം ആണ്, അതിനു പങ്കാളിയാകുന്ന രണ്ടാമത്തെ സ്നാനത്തിനു എന്നെ യോഗ്യനാക്കുന്നതു. രണ്ടാമത്തെ സ്നാനം യഥാർത്ഥത്തിൽ ഉള്ളിൽ/ ആത്മാവിൽ സംഭവിച്ച വ്യക്തിയാണ്, അതിനെ വെളിപ്പെടുത്തുന്ന ജലസ്നാനം എന്ന തിരു കർമ്മം നിർവ്വഹിക്കേണ്ടത്.

എന്നാൽ ഈ വാക്യങ്ങളെ തെറ്റിദ്ധരിക്കുകയും, തെറ്റായി പഠിപ്പിക്കുകയും ചെയ്യുന്നതിനാൽ പലപ്പോഴും രണ്ടാമത്തെ സ്നാനം (പഴയ മനുഷ്യൻ ക്രൂശിക്കപ്പെടുന്ന, ക്രിസ്തുവിൽ ആകുന്ന, പുതിയ സൃഷ്ടിയാകുന്ന സ്നാനം ) ഉള്ളിൽ നടക്കാത്ത വ്യക്തികൾ പലരും ജലസ്നാനം എന്ന കർമ്മം പുറമെ  ആചരിക്കുന്നു.എന്നാൽ ക്രിസ്തുവിലേക്ക്  ചേരുന്ന രണ്ടാമത്തെ സ്നാനം ഉള്ളിൽ  നടക്കാതെ പുറമെ ചെയ്യുന്ന ജലസ്നാനം (ശിശു സ്നാനമോ, മുതിർന്ന സ്നാനമോ) വെറും അർത്ഥമില്ലാത്ത ആചാരം മാത്രമാണ്.

എന്നാൽ ഈ മൂന്ന് സ്നാനങ്ങളെയും യഥാർത്ഥമായി പഠിപ്പിക്കുകയും,മനസ്സിലാക്കുകയും, ആചരിക്കുകയും ചെയ്താൽ അത് ഒരുവനെ ജീവൻ്റെ  പുതുക്കത്തിൽ നടക്കുവാൻ ഇടയാക്കും.

ബ്രദർ ജിനു നൈനാൻ