യേശുക്രിസ്തു ക്രൂശില്‍ “സകലവും” നിവര്‍ത്തിയാക്കിയോ?
ഉത്തരം: പലരും ചിന്തിക്കുന്നത് യേശുക്രിസ്തു ക്രൂശില്‍ മരിക്കുമ്പോള്‍ “സകലവും നിവര്‍ത്തിയായി” എന്ന് പറഞ്ഞു എന്നാണ്.എന്നാല്‍ അത് തെറ്റാണു.
യേശുക്രിസ്തു ക്രൂശില്‍ വച്ച് പറഞ്ഞത് “സകലവും നിവര്‍ത്തിയായി” എന്നല്ല “നിവര്‍ത്തിയായി” എന്നാണ്.
യേശുക്രിസ്തു യേശു ക്രിസ്തു നിവര്‍ത്തിച്ചത് എന്തൊക്കെയാണ് എന്ന് മനസ്സിലക്കേണം എങ്കില്‍ ആദ്യമായിയേശുക്രിസ്തു ഈ ഭൂമിയില്‍ വന്നതിന്‍റെ ഉദ്ദേശം നാം മനസ്സിലക്കേണം.
യേശുക്രിസ്തു എന്തിനാണ് ഭൂമിയില്‍ വന്നത് എന്ന ചോദ്യത്തിനു നാം പൊതുവേ പറയുന്ന
മറുപടി, പാപപരിഹാരാര്‍ത്ഥം മരിക്കുവാന്‍ എന്നായിരിക്കും,അത് ശരിയുമാണ്,
എന്നാല്‍ യേശുക്രിസ്തു ഈ ഭൂമിയില്‍ വരുന്നതിന്‍റെ വളരെ മുന്‍പ് തന്നെ തന്നെ സ്വന്ത വാക്കുകളില്‍ താന്‍ വരാന്‍ പോകുന്നതിന്‍റെ ഉദ്ദേശം പറയുന്നു.
ഹെബ്രായര്‍ 10:7 അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു, പുസ്തകച്ചുരുളില്‍
എന്നെക്കുറിച്ചുഎഴുതിയിരിക്കുന്നു, ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു”
എന്നു അവന്‍ പറയുന്നു.
ഇവിടെ പ്രധാനമായും നാം മനസ്സിലാക്കേണ്ടത്. രണ്ടു കാര്യങ്ങളാണ്.
ഒന്നാമത് പിതാവായ ദൈവത്തിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുവാന്‍ ആണ് കര്‍ത്താവ് ഈ ഭൂമിയില്‍ വന്നത്.
രണ്ടാമത് ആ ഇഷ്ടം തിരുവെഴുത്തുകള്‍ ആയ പുസ്തകച്ചുരുളുകളില്‍ എഴുതിയിരുന്നു.
നാം കര്‍ത്താവിന്‍റെ ഈ ഭൂമിയിലെ ജീവിതം പഠിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ (തിരുവെഴുത്തില്‍ എഴുതപ്പെട്ടിരുന്ന പിതാവിന്‍റെ ഇഷ്ടം) യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ നിവര്‍ത്തിയായത് വളരെ വ്യക്തമാകും.
ഈ ഭൂമിയില്‍ വന്നതിനു ശേഷവും കര്‍ത്താവ് സ്വന്ത വാക്കുകളില്‍ താന്‍ എന്തിനാണ് ഭൂമിയിലേക്ക് വന്നത് എന്ന് ആവര്‍ത്തിക്കുന്നു.
യോഹന്നാന്‍ 6:38 ഞാന്‍ എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നിരിക്കുന്നതു.
ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ തന്‍റെ ജീവിത ലക്‌ഷ്യം എന്താണ് എന്ന് കര്‍ത്താവ് വളരെ വ്യക്തമായി പറയുന്നു.
യോഹന്നാന്‍ 4:34 യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്തു അവന്‍റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്‍റെ ആഹാരം.
തന്‍റെ ജീവിതത്തിന്‍റെ ഒടുവില്‍ തന്‍റെ താന്‍ ജീവിതത്തില്‍ നിവര്‍ത്തിച്ച കാര്യത്തെപ്പറ്റി പ്രാര്‍ഥനയില്‍ താന്‍ പറയുന്നു.
യോഹന്നാന്‍ 17:4 ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ ഈ വാക്കുകളില്‍ നിന്നും കാര്യങ്ങള്‍ വളരെ വ്യക്തമാണ്, യേശുവിനെ ഈ ഭൂമിയിലേക്ക് പിതാവായ ദൈവം തന്‍റെ ഇഷ്ടം നിവര്‍ത്തിക്കാന്‍ അയച്ചതാണ്, യേശുക്രിസ്തുവിനെകുരിച്ചുള്ള പിതാവിന്‍റെ ആ ഇഷ്ടം പുസ്തകച്ചുരുളില്‍ വ്യക്തമായി എഴുതിയിരുന്നു.
യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നതിന്‍റെയും ജീവിച്ചതിന്‍റെയും ലക്‌ഷ്യം തന്നെ അയച്ച പിതാവിന്‍റെ ഇഷ്ടം നിവൃത്തിക്കുക എന്നുള്ളത് ആയിരുന്നു.
യേശുക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചപ്പോള്‍ തന്‍റെ ഏക ലക്‌ഷ്യം പിതാവിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുന്നത് ആയിരുന്നതിനാല്‍ തന്‍റെ
ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും സര്‍വ്വശക്തനായ പിതാവായ ദൈവം നിയന്ത്രിച്ചിരുന്നു.യേശുക്രിസ്തു എവിടെ ജനിക്കേണം എന്നും എവിടെ ജീവിക്കേണം എന്നും എവിടെ, എപ്പോള്‍ മരിക്കേണം എന്നും തിരുവെഴുത്തില്‍ പിതാവായ ദൈവം മുന്നമേ എഴുതിയിരുന്നു.
അതിനാല്‍ യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഓരോ സാഹചര്യങ്ങളിലും നടന്നത് തന്നെ തന്നെക്കുറിച്ചുള്ള പിതാവിന്‍റെ ഇഷ്ടമായ
പുസ്തകച്ചുരുളിലെ തിരുവേഴുതിന്‍റെ നിവര്‍ത്തി ആയിരുന്നു.ചില ഉദാഹരണങ്ങള്‍.
Mat 1:23 എന്നു കര്‍ത്താവു പ്രവാചകന്‍മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.
Mat 2:23 അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം
നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു.
Luk 4:21 അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
ഒടുവില്‍ യേശുക്രിസ്തു മരിക്കുമ്പോള്‍ അതും തിരുവേഴുതിന്‍റെ വ്യക്തമായ നിവര്‍ത്തിപ്പും പിതാവായ ദൈവത്തിന്‍റെ ഇഷ്ടത്തിന്‍റെ പൂര്തീകര്‍ണവും ആയിരുന്നു.
യോഹന്നാന്‍ 19:28 അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
അതിനു ശേഷം ആണ് കര്‍ത്താവ് “നിവൃത്തിയായി” എന്ന് പറയുന്നത്.
യോഹന്നാന്‍ 19:30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
യേശുക്രിസ്തുവിന്‍റെ മരണ ശേഷം നടന്ന സംഭവങ്ങളും തിരുവേഴുതിന്‍റെ നിവര്‍ത്തിയായിരുന്നു എന്ന് വചനം പറയുന്നു..
യോഹന്നാന്‍ 19:36 “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
കര്‍ത്താവിന്‍റെ ഉയിര്തെഴുനെല്പ്പിനു ശേഷം താന്‍ തന്നെകുറിച്ചുള്ള എല്ലാ തിരുവെഴുത്തുകളും നിവര്‍ത്തിച്ചതിനെ കര്‍ത്താവ് തന്നെ പറയുന്നു.
Luk 24:44 പിന്നെ അവന്‍ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.
നാം ഇതില്‍ നിന്നും മനസ്സിലാക്കുന്നത് എന്താണ്, യേശുക്രിസ്തു പിതാവായ ദൈവത്താല്‍ അയക്കപ്പെട്ടവന്‍ ആയിരുന്നു, തന്‍റെ ജീവിതതെകുരിച്ചുള്ളദൈവീക പദ്ധതി എല്ലാം തന്നെ തിരുവേഴുതുകളില്‍ എഴുതിയിരുന്നു, യേശുക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ ലക്‌ഷ്യം പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നത് ആയതിനാല്‍, തന്‍റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും, പിതാവായ ദൈവം നിയന്ത്രിക്കുകയും, വെറും 33 വയസ്സിനുള്ളില്‍ തന്നെക്കുറിച്ചുള്ള എല്ലാ തിരുവെഴുത്തും നിവര്‍ത്തിക്കപ്പെടുകയും ചെയ്തു.
ആ ഇഷ്ടം പഴയനിയമ തിരുവേഴുതുകളില്‍ , പുസ്തകച്ചുരുലുകളില്‍ വ്യക്തമായി എഴുതിയിരുന്നതായിരുന്നു എന്നും സ്ഫടികസമാനം വ്യക്തം.
എന്നാല്‍ യേശുക്രിസ്തു ക്രൂശില്‍ തിരുവേഴുതുകളും പിതാവിന്‍റെ ഇഷ്ടം നിവര്ത്തിച്ചു തന്‍റെ ശരീരത്തെ യാഗമായി അര്‍പ്പിച്ചപ്പോള്‍ ആ ഇഷ്ടത്തില്‍ പാപികളായ മനുഷ്യരുടെ വീണ്ടെടുപ്പും, പാപമോചനവും ഉള്‍പ്പെട്ടിരുന്നു.
ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു”
ചോദ്യത്തിലെ വിഷയത്തിലേക്ക്,മുകളില്‍ പറഞ്ഞത് അനുസരിച്ച്, പലരും ചിന്തിക്കുന്നത് പോലെ യേശുക്രിസ്തു ക്രൂശില്‍ സകലവും” നിവര്‍ത്തിക്കുകയായിരുന്നില്ല,മറിച്ചു, താന്‍ ഭൂമിയില്‍ വന്നപ്പോള്‍ ചെയ്തു തീര്‍ക്കേണം എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരുന്ന കാര്യങ്ങളും, തന്നെ ഭൂമിയില്‍ അയച്ചതില്‍ പിതാവിനുള്ള ഇഷ്ടവും ആണ് താന്‍ നിവര്‍ത്തിച്ചത്.
,കര്‍ത്താവ് അത് നിവര്‍ത്തിച്ചു മരിച്ചു ഉയിര്തെഴുനെട്ടത്, നമ്മില്‍ തന്റെ പ്രവര്‍ത്തി തുടങ്ങാന്‍ വേണ്ടി ആണ്, അത് അവന്‍ നമ്മില്‍ തുടങ്ങിയിട്ടേ ഉള്ളൂ.അത് തികച്ചിട്ടില്ല,അത് നമ്മുടെ മരണം വരെയോ, കര്‍ത്താവിന്റെ വരെയോ തുടരും.ദൈവവചനം പറയുന്നു.
ഫിലിപ്യര്‍ 1:4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
അത് കൂടാതെ യേശു ക്രിസ്തു തന്റെ രണ്ടാം വരവില്‍ ഈ ഭൂമിയില്‍ നിവര്‍ത്തിക്കേണ്ട അനേക കാര്യങ്ങള്‍ ബാക്കിയുണ്ട്.അതിനു ശേഷം ആയിരം ആണ്ടു വാഴ്ചയില്‍ ഈ ഭൂമിയില്‍ നിവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്.അതിനു എല്ലാം ശേഷം ആണ് “സകലവും നിവര്‍ത്തിയകുന്നത്”.അത് എപ്പോള്‍ സംഭവിക്കും എന്ന് കര്‍ത്താവ് തന്നെ പറയുന്നു.
സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരുവള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
അതെ, ആകാശവും ഭൂമിയും മാറിപ്പോകുമ്പോള്‍ ആണ് സകലവും നിവര്‍ത്തിയകുന്നത്.അത് കര്‍ത്താവ് പ്രവചിച്ചത് പോലെ തന്നെ നടക്കുന്നത് നാം വെളിപാട് പുസ്തകത്തില്‍ കാണുന്നു.
വെളിപാട് 21:1 – 5 “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയിഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു.
പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു.
അതിനാല്‍ കര്‍ത്താവ് ക്രൂശില്‍ “സകലവും നിവര്‍ത്തിച്ചു” എന്ന് പറയുന്നത് ദൈവ വചന പ്രകാരം തെറ്റാണു.
കര്‍ത്താവ് ഭൂമിയില്‍ വന്ന പ്രവര്‍ത്തി പൂര്‍ണ്ണമായും “നിവര്‍ത്തിച്ചു” മരിച്ചു, അവന്‍ ഉയിര്തെഴുനെറ്റു, നമ്മില്‍ അവന്‍റെ പ്രവര്‍ത്തി തുടങ്ങി, അത് കര്‍ത്താവിന്റെ നാളോളം “നിവര്‍ത്തിക്കും” , അതിനു ശേഷം ഒടുവില്‍ ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുമ്പോള്‍, പുതിയ ആകാശവും, പുതിയ ഭൂമിയും സ്ഥാപിക്കപെടുമ്പോള്‍ “സകലവും നിവര്‍ത്തിയാകും”.