QA

എന്താണ് പഴയ മനുഷ്യന്‍? ക്രൂശില്‍ പഴയ മനുഷ്യനു എന്ത് സംഭവിച്ചു?

Date Added : 22-07-2018

ന്താണ് പഴയ മനുഷ്യന്‍? എപ്പോഴാണ്  മനുഷ്യനില്‍ പഴയ മനുഷ്യന്‍ കടന്നത്‌?ക്രൂശില്‍ പഴയ മനുഷ്യനു എന്ത് സംഭവിച്ചു? അത് മനസ്സിലാക്കിയാല്‍ നമുക്കുള്ള പ്രയോജനമെന്ത്?

ദൈവ വചനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഉപദേശവും, നാം വ്യക്തമായി മനസ്സിലാക്കേണ്ട ഒരു വിഷയവുമാണ്‌ ഇത്. അതിനാല്‍ വിശദമാക്കാന്‍ ശ്രമിക്കുന്നു.ശ്രദ്ധാപൂർവ്വം ഈ ലേഖനം പൂർണ്ണമായി വായിക്കുവാൻ അപേക്ഷിക്കുന്നു.

ഒന്നാമത്തെ ചോദ്യം എന്താണ് പഴയ മനുഷ്യന്‍ എന്നുള്ളതാണ്

ഈ വിഷയം വ്യക്തമാകുവാൻ  ആദ്യമായി നാം മനസ്സിലാക്കേണ്ടത് വീഴ്ച പറ്റിയ  ആദ്യ മനുഷ്യനായആദത്തിൽനിന്നും  നമ്മിലേക്ക്‌ പകർന്ന പാപസ്വഭാവത്തെതന്നെയാണ് ദൈവവചനം  പഴയമനുഷ്യന്‍ എന്ന് പറയുന്നത് എന്നതാണ്.ഈ പാപസ്വഭാവം ദൈവത്തിനു കീഴടങ്ങാത്തതും ദൈവത്തിനു എതിരെ മത്സരിക്കുന്നതുമാണ്. ( റോമർ 8 :7)

പാപ സ്വഭാവം എന്ന വാക്ക് നമുക്ക് തിരുവെഴുത്തില്‍ കാണുവാന്‍ കഴിയില്ല , എന്നാല്‍  ജഡസ്വഭാവം,ഹൃദയത്തില്‍ നിന്നുള്ള പാപം, പഴയ ഹൃദയം, കല്ലായുള്ള ഹൃദയം, ഹൃദയത്തിന്‍റെഅഗ്രചര്‍മ്മം, ജഡശരീരം, ,പാപശരീരം, പാപപ്രമാണം എന്നീ വാക്കുകള്‍ കൊണ്ട് ദൈവവചനം ഉദേശിക്കുന്നത്മനുഷ്യന്‍റെ പാപ സ്വഭാവത്തെ തന്നെയാണ്.

അടുത്തതായി പഴയ മനുഷ്യന്‍ എന്ന പാപഹൃദയം അഥവാ പാപ സ്വഭാവം എങ്ങനെയാണ് മനുഷ്യനില്‍ വന്നത് എന്ന് മനസ്സിലക്കേണം

നമുക്കറിയാവുന്നതു പോലെ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്, അവന്‍റെ ഉള്ളില്‍ ഒരു പഴയ മനുഷ്യനുമായി, പാപ ഹൃദയവുമായല്ല.പാപസ്വഭാവതിലുമല്ല പകരം തൻ്റെ  സ്വരൂപത്തിലാണ് 

ഉല്പത്തി 1:26,27 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരംമനുഷ്യനെ ഉണ്ടാക്കുക; ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

ദൈവം തന്‍റെ സ്വരൂപതിലാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ദൈവവചനം പറയുന്നു.അതിനാൽ എന്താണ് ദൈവസ്വരൂപം എന്നത് കൊണ്ട് ഇവിടെ ഉദേശിക്കുന്നത് എന്നും നാം  മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ദൈവത്തിനു ശരീരം ഉണ്ടായിരുന്നു അത് കൊണ്ട് മനുഷ്യനെയും ശരീരം ഉള്ളവനായി സൃഷ്ടിച്ചു എന്നല്ല ആ വാക്യത്തിന്‍റെ അര്‍ത്ഥം. അങ്ങനെയെങ്കില്‍ മൃഗങ്ങളെയും ദൈവ സ്വരൂപത്തിലാണ് സൃഷ്ടിച്ചത് എന്ന് പറയേണ്ടി വരും.അതിനാല്‍ മനുഷ്യന്‍റെ ശാരീരിക രൂപത്തെ അല്ല ദൈവത്തിന്‍റെ സ്വരൂപം എന്ന് ഇവിടെ ഉദേശിക്കുന്നത്, പകരം ദൈവത്തിന്‍റെ സ്വഭാവത്തെ ആണ് എന്ന് നമുക്ക് ദൈവവചനം പഠിച്ചാല്‍ മനസ്സിലാകും (റോമര്‍ 8:29,2 കൊരിന്ത്യര്‍3 :18,കോലോസ്യര്‍ 3:10 )

ദൈവം പ്രധാനമായും തന്‍റെ സ്വഭാവത്തെ വെളിപ്പെടുത്താനാണ് മനുഷ്യനെ സൃഷ്ടിച്ചത്. ദൈവ സ്വരൂപം വെളിപ്പെടുത്താനുള്ള മാധ്യമമായി , ദൈവം ബാക്കിയുള്ള സൃഷ്ടികളില്‍ ഒന്നും സൃഷ്ടിക്കാത്ത ഒന്ന് മനുഷ്യനില്‍ സൃഷ്ടിച്ചു. അതിനെയാണ് ദൈവവചനത്തിൽ  മനുഷ്യന്‍റെ ആത്മാവ്/മനുഷ്യന്‍റെ ഹൃദയം എന്ന് പറയുന്നത്.

എങ്ങനെയാണു ദൈവം തന്‍റെ സ്വരൂപത്തെ, സ്വഭാവത്തെ മനുഷ്യനില്‍ കൂടി വെളിപ്പെടുത്തിയിരുന്നത് ? ദൈവവചനം പറയുന്നതു മനുഷ്യന്‍റെ ആത്മാവ് ദൈവത്തിന്‍റെ വിളക്ക് എന്നാണ് (സദൃശ്യവാക്യങ്ങൾ 20:27). വിളക്കിനു സ്വയമായി പ്രകാശം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഒരു വിളക്കിനെ പ്രകാശിപ്പിക്കുന്നത് എണ്ണയാണ്. എണ്ണയുമായുള്ള അഭേദ്യമായ ബന്ധത്തില്‍ മാത്രമേ വിളക്കിനു പ്രകാശിക്കാന്‍ കഴിയൂ.ദൈവത്തിന്‍റെആത്മാവിനെ എണ്ണയോടാണ് ദൈവവചനം തുടര്‍ച്ചയായി ഉപമിച്ചിരിക്കുന്നത്

അതായതു ഒരു വിളക്ക് എണ്ണയുമായി ഉള്ളതുപോലെയുള്ള ആത്മബന്ധത്തില്‍ തന്‍റെ സ്വരൂപത്തെ (സ്വഭാവത്തെ) മനുഷ്യൻവെളിപ്പെടുത്തിയിരുന്നു.അങ്ങനെയുള്ള  മനുഷ്യനെ നോക്കിയിട്ടാണ് ദൈവം “വളരെ നല്ലത്”എന്ന് പറഞ്ഞത്                ( ഉല്പത്തി1 :31).

ദൈവം നല്ലത് എന്ന് പറഞ്ഞത്, മനുഷ്യന്‍റെ ബാഹ്യമായ ഒന്നിനെയും കണ്ടിട്ടായിരുന്നില്ല, കാരണം ദൈവവചനം പറയുന്നത് മനുഷ്യന്‍ പുറമേയുള്ളതു നോക്കുമ്പോള്‍ ദൈവം ഹൃദയത്തെ നോക്കുന്നു എന്നാണ് (1 സാമുവേല്‍ 16:7). അതിനാല്‍ ദൈവസ്വഭാവതിന്റെ ഉറവിടമായ മനുഷ്യന്‍റെ ഹൃദയത്തെ, ആത്മാവിനെ നോക്കിയിട്ടാണ് ദൈവം നല്ലത് എന്ന് പറഞ്ഞത്. 

(ദൈവവചനം ആലങ്കാരികമായി ഹൃദയം എന്ന് പറയുമ്പോള്‍ അത് ശാരീരിക ഹൃദയത്തെ അല്ല എന്ന് വ്യക്തം,അതിനു പകരം ഉറവിടം, പ്രഭവ കേന്ദ്രം എന്നോക്കെയുള്ള അര്‍ത്ഥത്തില്‍ മനുഷ്യൻ്റെ  ആത്മാവിനെയാണ് ആണ് ഹൃദയം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.) 

അതായതു, ദൈവം സൃഷ്ടിച്ചപ്പോള്‍ മനുഷ്യന്‍റെ ഹൃദയം നന്മയുടെ, ദൈവീക ജീവന്‍റെ ഉറവിടം ആയിരുന്നു.ദൈവം ആ ഹൃദയത്തില്‍ വസിച്ചു,മനുഷ്യന്‍റെ ദേഹിയെ നിയന്ത്രിച്ചു, മനുഷ്യന്‍റെ പ്രവര്‍ത്തികളില്‍ കൂടി തന്നെത്തന്നെ,തന്‍റെ സ്വരൂപത്തെ വെളിപ്പെടുത്തി.

എന്നാല്‍ മനുഷ്യന്‍ പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ച് പ്രവര്‍ത്തിച്ചപ്പോള്‍,ദൈവത്തിന്‍റെ സ്നേഹകൂട്ടായ്മയില്‍ നിന്നും പുറത്തു കടന്ന ആ നിമിഷം തന്നെ മനുഷ്യന്‍ അത്മീകമായി മരിച്ചു.മനുഷ്യന്‍റെ ഹൃദയം പാപത്തിന്‍റെ പ്രഭവ കേന്ദ്രമാകുകയും, അതിനാല്‍ ഹൃദയത്തില്‍ നിന്നും ഉയരുന്ന പാപത്തിന്‍റെ മലിന ജലതാല്‍മനുഷ്യന്‍റെ ദേഹി മലിനമാകുകയും ചെയ്തു.

അതോടെ ദൈവസ്വഭാവത്തെ വെളിപ്പെടുത്തിയിരുന്നമനുഷ്യന്‍ ദുഷ്ടന്‍ ആയ പിശാചിന്‍റെദുഷ്പ്രവര്‍ത്തികളെ വെളിപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ അവിടെകൊണ്ടു അവസാനിച്ചില്ല,പാപത്തില്‍ വീണ ആദമില്‍ നിന്നും ജനിക്കുന്ന എല്ലാ മനുഷ്യരുടെയും ഹൃദയം പാപം നിറഞ്ഞതായി എന്നും ആ പാപ ഉറവില്‍ നിന്നും പിശാചിന്‍റെ സ്വഭാവമായ ദുഷ്ടത പുറപ്പെടുന്നു എന്നും ദൈവവചനം വ്യക്തമാക്കുന്നു.

അങ്ങനെ ആദിയില്‍ ദൈവം വളരെ നല്ലത് എന്ന് കണ്ട അതെ ഹൃദയം തന്നെ ദോഷമുള്ളതായിതീര്‍ന്നു എന്ന് ദൈവം കാണുന്നു.

ഉല്പത്തി 6: 5 ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെനിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.

അതായത് പാപം ചെയ്ത മനുഷ്യനില്‍ വന്ന പാപത്തിന്‍റെ ഉറവയായ പാപഹൃദയത്തെയാണ് പഴയ മനുഷ്യന്‍ എന്ന ദൈവവചനം പറയുന്നത്, അത് ആദത്തില്‍ ഉണ്ടായത് അവന്‍ പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ച് പ്രവര്‍ത്തിച്ചപ്പോളാണ്.

ബാക്കിയുള്ള എല്ലാ മനുഷ്യരിലും അവര്‍ ആദത്തില്‍ നിന്നും ജനിച്ചവരാകയാല്‍ ജന്മനാ തന്നെ പാപഹൃദയം ഉള്ളവരായിട്ടാണ് ജനിക്കുന്നത്. ഈ പഴയ മനുഷ്യന്‍ ഒരുവനില്‍ ഉള്ളിടത്തോളം അവന്‍ പാപത്തിന്‍റെ അടിമയാണ് എന്ന് ദൈവവചനം പറയുന്നു.

റോമര്‍ 5:12 അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു

Joh 8:34 അതിന്നു യേശു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു.

സകല മനുഷ്യരും ഈ ഭൂമിയില്‍ ജനിക്കുന്നത് ഈ പഴയ മനുഷ്യനുമായിട്ടാണ്, പാപ ഹൃദയവുമായി, പാപ സ്വഭാവുമായിട്ടാണ്.അത് കൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് മനുഷ്യന്‍റെ ഉള്ളില്‍ നിന്നുള്ള ഈ പാപമാണ്, അവനെ അശുദ്ധനാക്കുന്നത് എന്ന്,

മര്‍ക്കോസ്7:20-23 മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു.അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു.

വീണു പോയ ആദ്യ മനുഷ്യനായ ആദമില്‍ സംഭവിച്ചതും, ആദമില്‍ നിന്നുള്ള എല്ലാ മനുഷരിലും വന്നതും അടിസ്ഥാനപരമായി പരിഹരിക്കപ്പെടേണ്ടതും മൂന്നു കാര്യങ്ങള്‍ ആണ്.

1. പാപ ഹൃദയം അഥവാ പഴയ മനുഷ്യന്‍ : യേശുക്രിസ്തുവിന്‍റെ വാക്കുകളില്‍ മനുഷ്യനെ അശുദ്ധനാക്കുന്ന പാപത്തിന്‍റെ പ്രഭവകേന്ദ്രം ഇതാണ്, ഈ പാപ ഉറവയാണ് മനുഷ്യന്‍റെ ദേഹിയെ പാപജഡം ആക്കുന്നത്. വീഴ്ച പറ്റിയ മനുഷ്യനില്‍ പിശാചു പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഇവിടെയാണ്‌.

2. പാപ ജഡം: ജഡം എന്ന വാക്ക് തിരുവെഴുത്തില്‍ മിക്കപ്പോഴും മനുഷ്യന്‍റെ പാപമയമായ ദേഹിയെ (മനസ്സ്, വികാരം, വിചാരം ) ആണ് കാണിക്കുന്നത്, മനുഷ്യന്‍റെ പാപ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന പാപം അവന്‍റെ ദേഹിയെ മലിനമാക്കുന്നു.മനുഷ്യന്‍റെ ചിന്തകളും, വിചാരങ്ങളും, വികാരവും പാപ പങ്കിലമാകുന്നു.

3. പാപ പ്രവര്‍ത്തികള്‍: മനുഷ്യന്‍റെ പാപ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന പാപം അവന്‍റെ ദേഹിയെ പാപ പങ്കിലമാക്കുകയും, അത് പാപ പ്രവര്‍ത്തികള്‍ ആയി ശരീരത്തില്‍ കൂടി വെളിപ്പെടുകയും ചെയ്യുന്നു.അങ്ങനെ മനുഷ്യന്‍ പിശാചിന്‍റെ പ്രവര്‍ത്തികളെ വെളിപ്പെടുത്തുന്നു.

മനുഷ്യൻ പാപത്തിനു അടിമയായതിനു ശേഷം, ദൈവം മോശയില്‍ കൂടി സ്ഥാപിച്ച പഴയ ഉടമ്പടിയില്‍ മനുഷ്യന്‍റെ ഈ മൂന്നു അടിസ്ഥാന പ്രശ്നങ്ങള്‍ക്കും പരിഹാരം സാധിച്ചിരുന്നില്ല.

അത് സാധിക്കുവാന്‍ ആണ് ദൈവം തന്‍റെ പുത്രന്‍റെ രക്തത്താല്‍ പുതിയ ഉടമ്പടിയെ സ്ഥാപിച്ചത്.യേശുക്രിസ്തുവില്‍ കൂടി ഈ മൂന്നു പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ഉണ്ടാകും എന്നാണ് പഴയ നിയമ പ്രവാചകന്മാര്‍ എല്ലാം തന്നെ പ്രവചിച്ചത്.

ആദത്തിൽ കൂടി മനുഷ്യനിൽ വന്ന ഈ മൂന്നു പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം സാധിച്ചു,പിശാചിന്‍റെ തല തകര്‍ത്തു, മനുഷ്യനെ പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും വിടുവിച്ചു, ദൈവത്തിനു വീണ്ടും അവനില്‍  വസിച്ചു ദൈവ സ്വഭാവത്തെ വെളിപ്പെടുത്തുക എന്നതാണ് ദൈവീക പദ്ധതി.

പാപ ഹൃദയത്തെ നന്നാക്കിയെടുക്കുകയോ, മെച്ചപ്പെടുത്തുകയോ അല്ല, പകരം പാപ ഹൃദയത്തെ എന്നെന്നേക്കുമായി നീക്കുകയും, പുതിയ ഹൃദയം തരികയും, പാപത്തിന്‍റെ മലിന ജലം വസിച്ചിരുന്ന ഇടത്ത് നിന്നും ജീവജല നദികള്‍ ഒഴുക്കുകയും ചെയ്യുക എന്നതാണ് ദൈവീക പദ്ധതി.(യോഹന്നാൻ 7 :38)

അത് ദൈവം സാധിച്ചത്  തന്‍റെ പുത്രനെ ഒരു പൂര്‍ണ്ണ മനുഷ്യനായി, സ്ത്രീയുടെ സന്തതിയായി ഭൂമിയിലേക്ക്‌ അയച്ചു കൊണ്ടായിരുന്നു.അതായിരുന്നു ദൈവം മനുഷ്യന്‍ പാപത്തില്‍ വീണ ഉടനെ തന്നെ കൊടുത്ത ആദ്യത്തെ വാഗ്ദത്തം .

“സ്ത്രീയുടെ സന്തതി നിന്‍റെ (പിശാചിന്‍റെ) തല തകർക്കും.” ( ഉല്പത്തി 3 :15 ) ദൈവീക പദ്ധതിപ്രകാരം കലസമ്പൂര്‍ന്നതയില്‍ ദൈവപുത്രനായ യേശുക്രിസ്തു സ്ത്രീയുടെ സന്തതിയായി നിന്നും ജനിച്ചു. (ഗലാത്യർ 4:4)

യേശുകിസ്തു സ്ത്രീയില്‍ നിന്നും ജനിച്ചവനായി ഒരു പൂര്‍ണ്ണ മനുഷ്യനായിട്ടാണ് ഭൂമിയില്‍ വന്നത് എങ്കിലും അവന്‍ ആദത്തില്‍ നിന്നുള്ള വീഴ്ച പറ്റിയ മനുഷ്യന്‍ ആയിരുന്നില്ല, കാരണം അവന്‍ പരിശുധത്മാവിനാല്‍ ഉളവായ വിശുദ്ധ  പ്രജയായിരുന്നു (ലൂക്കോസ് 1 :35 ).

അതിനാല്‍ തന്നെ ആദമിന്‍റെ വീഴ്ചയുടെ ഫലമായി ഉണ്ടായ മൂന്നുകാര്യത്തിലും യേശു ക്രിസ്തു മനുഷ്യന്‍ എന്ന നിലയില്‍ തന്നെ ഈലോകത്തില്‍ ഉള്ള എല്ലാവരിലും വ്യത്യസ്തന്‍ ആയിരുന്നു,

യേശുക്രിസ്തുവില്‍ ഒരു പാപ ഹൃദയം ഇല്ലായിരുന്നു, പകരം യേശുവിന്‍റെഹൃദയംപിതാവായ ദൈവം വസിക്കുന്ന സിംഹാസനം ആയിരുന്നു.(യോഹന്നാന്‍ 14:10)

ക്രിസ്തുവിന്‍റെദേഹി പാപത്താല്‍ മലിനമായിരുന്നില്ല, പകരം ക്രിസ്തു തന്‍റെ ദേഹിയെതുടര്‍ച്ചയായി ദൈവേഷ്ടതിനു കീഴ്പ്പെടുത്തി ജീവിച്ചിരുന്നു,(യോഹന്നാന്‍ 8:38)

അതിനാല്‍ യേശുക്രിസ്തുവിന്‍റെശരീരം തന്‍റെ ഹൃദയത്തില്‍ വസിച്ചിരുന്ന പിതാവായദൈവത്തിന്‍റെ പ്രവര്‍ത്തികളെ പൂര്‍ണ്ണമായും വെളിപ്പെടുത്തിയിരുന്നു.(യോഹന്നാന്‍ 14:10,11)

അതിനാൽ തന്നെ  യേശുക്രിസ്തു പാപമില്ലാതെ  ഭൂമിയില്‍ വന്ന രണ്ടാം മനുഷ്യന്‍ ആയിരുന്നു. (1കൊരിന്ത്യർ 15:47)

യേശുക്രിസ്തുവില്‍ പാപ ഹൃദയമോ, പാപ ജഡമോ (പാപത്താല്‍ മലിനമായ ദേഹിയി) ഇല്ലായിരുന്നു എങ്കിലും പൂര്‍ണ്ണ മനുഷ്യന്‍ എന്ന നിലയില്‍ യേശുക്രിസ്തുവിനും സ്വന്തമായ, സ്വതന്ത്രമായ ഇച്ഛയും, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു,(യോഹന്നാൻ 6:38 )

അതിനു കാരണം ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വതന്ത്രമായ ഇശ്ചയും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ഉള്ളവനായിട്ടാണ് എന്നതാണ്. ഈ സ്വാതന്ത്ര്യവും, സ്വതന്ത്ര ഇച്ഛയും ഉള്ളതിനാല്‍ ആണ് മനുഷ്യന്‍ പരീക്ഷിക്കപ്പെടുന്നതും.എന്നാല്‍ ആദം ആ സ്വാതന്ത്ര്യത്തില്‍ സ്വന്ത ഇഷ്ടം ചെയ്തു, തന്‍റെ ഇച്ഛയെ പിശാചിന് കീഴ്പ്പെടുത്തി, ദൈവാധികരത്തില്‍ നിന്നും പുറത്തു കടന്നു പിശാചിന്‍റെ അധികാരത്തില്‍ ആയി (അപ്പോസ്തോല പ്രവർത്തികൾ 26 :18)

പാപമില്ലത്തവനായി ദൈവം സൃഷ്‌ടിച്ച ആദ്യ മനുഷ്യനെ പരീക്ഷിച്ചത് പോലെതന്നെ, പാപമില്ലാതെ ഭൂമിയില്‍ വന്ന രണ്ടാം മനുഷ്യനെയും പിശാചുപരീക്ഷിച്ചു. പിശാചിന്‍റെ ഉദ്ദേശം, ആദ്യ മനുഷ്യനെപ്പോലെ തന്നെ രണ്ടാം മനുഷ്യനായ യേശുക്രിസ്തുവിനെയും പാപത്തില്‍ വീഴിച്ചു , ദൈവാധികരത്തില്‍ നിന്നും പുറത്തു കൊണ്ടുവന്നു ദൈവത്തിന്‍റെ വീണ്ടെടുപ്പു പദ്ധതിതകര്‍ക്കുക എന്നത് തന്നെയായിരുന്നു.

പിശാചു യേശുക്രിസ്തുവിനെയും ജീവിതത്തില്‍ ഉടനീളം പരീക്ഷിച്ചത്, ദൈവശ്രയത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്ന പരിധിയില്‍ നിന്നും പുറത്തു കടക്കുവാനും അത് വഴി പാപം ചെയ്യിക്കുവാനും ആയിരുന്നു.യേശുക്രിസ്തുവിനുണ്ടായ എല്ലാ പരീക്ഷണങ്ങളുടെയും അടിസ്ഥാന സ്വഭാവം അതായിരുന്നു, (മത്തായി 4 :6, 27:40 ) എന്നാൽ ഒന്നാം മനുഷ്യനായ ആദം പരാജയപ്പെട്ടിടത്ത് രണ്ടാം മനുഷ്യനായ യേശുക്രിസ്തു പിതാവില്‍ ആശ്രയിച്ചു പാപത്തെ ജയിച്ചു, പിശാചിനെ പരാജയപ്പെടുത്തി.

എന്നാല്‍ യേശുക്രിസ്തു പാപം ചെയ്യാതെ ഈ ഭൂമിയില്‍ ജീവിച്ചു, പരീക്ഷകളെ എല്ലാം ജയിച്ചത്‌ കൊണ്ട് മാത്രം, മനുഷ്യന്‍ പാപത്തിന്‍റെ , പഴയ മനുഷ്യന്‍റെ അടിമത്വത്തില്‍ നിന്നും വിടുവിക്കപ്പെടുകയില്ല.

പക്ഷെ മനുഷ്യനെ പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും എന്നേക്കും വിടുവിക്കുക എന്ന അതിപ്രധാന കാര്യം യേശുക്രിസ്തു തന്‍റെ മരണത്താല്‍ സാധിച്ചെടുത്തു .

വേറൊരു രീതിയിൽ പറഞ്ഞാൽ, യേശുക്രിസ്തു തന്‍റെ ജീവിതം കൊണ്ട് പാപത്തെ പരാജയപ്പെടുത്തി എങ്കില്‍, തന്‍റെ മരണത്താല്‍ മനുഷ്യനെ പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രന്‍ ആക്കി.

അടുത്തതായി നാം മനസ്സിലാക്കേണ്ടത് എങ്ങനെയാണ് യേശുക്രിസ്തു തന്‍റെ മരണത്താല്‍ മനുഷ്യനെ പാപത്തിന്‍റെ, പഴയ മനുഷ്യന്‍റെ അടിമത്വത്തില്‍ നിന്നും വിടുവിച്ചത് എന്നതാണ്. 

ദൈവവചനം നമ്മെ പഠിപ്പിക്കുന്ന സത്യം യേശുക്രിസ്തു ക്രൂശിൽ മരിച്ചപ്പോൾ നമ്മുടെ പാപങ്ങൾക്ക് പരിഹാരം ആകുക മാത്രമായിരുന്നില്ല  (റോമർ 5 :8) , അതിലപ്പുറമായി നമ്മിലെ പാപത്തിന്‍റെ പ്രഭവ കേന്ദ്രമായ ഹൃദയത്തെ, പഴയമനുഷ്യനെ കര്‍ത്താവ്‌ ക്രൂശില്‍ തന്നോട് കൂടെ ക്രൂശിച്ചു എന്നും ,അതിനാൽ നമുക്ക് പുതിയ ഒരു ഹൃദയംതന്നു എന്നതും കൂടിയാണ്.(റോമർ  6:8)

ഈ ദൈവീകമായ ഹൃദയ മാറ്റ ശസ്ത്രക്രിയയിലൂടെ നമ്മെ പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും നമ്മെ എന്നെന്നേക്കുമായി സ്വതന്ത്രര്‍ ആക്കുകയും, പാപം അധികാരംനടത്തിയിരുന്ന നമ്മില്‍ ക്രിസ്തുവിനു തന്‍റെ പൂര്‍ണ്ണ അധികാരത്തില്‍ വാഴുവാന്‍ അവസരം ഒരുക്കുകയും ചെയ്തു.അതാണ്‌ യഥാര്‍ത്ഥത്തില്‍ വീണ്ടും ജനനത്തില്‍ നടന്നത്. ( റോമൻ 6:6 )

പുതിയ ഉടമ്പടിയുടെ കീഴില്‍ ക്രിസ്തുവില്‍ കൂടി ദൈവം മനുഷ്യൻ്റെ ഉള്ളിൽ ചെയ്യുന്ന ഈ ഹൃദയ മാറ്റശസ്ത്രക്രിയയെ കുറിച്ചാണ്, ഹൃദയത്തിന്‍റെ പരിശ്ചെദനയാല്‍ പാപശരീരം,ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം മുറിച്ചു മാറ്റപ്പെടുന്നതിനപ്പറ്റി, പഴയ മനുഷ്യന്‍ക്രൂശിക്കപ്പെടുനതിനെ പറ്റിയാണ് പഴയനിയമ പ്രവാചകന്മാര്‍ തുടര്‍ച്ചയായി പ്രവചിച്ചത്.

ആവര്‍ത്തനം 30:6 നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെസ്നേഹിപ്പാൻതക്കവണ്ണം നിന്‍റെദൈവമായ യഹോവ നിന്‍റെ ഹൃദയവും നിന്‍റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.

യെഹെസ്കേല്‍ 36:26-27 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; ല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.

ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽനടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും

യിരമ്യാവ് 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായുംഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

പുതിയ ഉടമ്പടിയുടെ കീഴില്‍ യേശുക്രിസ്തുവില്‍ കൂടി ഈ പഴയ നിയമ വാഗ്ദത്തങ്ങള്‍ അക്ഷരം പ്രതി സാധ്യമായി എന്ന് ദൈവവചനം വ്യക്തമാക്കുന്നു.

റോമര്‍ 6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കംവരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.

കൊലൊസ്സ്യര്‍ 2:11 അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാൽ ജഡശരീരംഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.

2 കൊരിന്ത്യര്‍ 3:3 ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.

അതെ, ദൈവവചനം സ്ഫടികസമാനം വ്യക്തമായി പറയുന്നു, പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടു,ഹൃദയ പരിശ്ചെദനയാല്‍ ജഡ ശരീരം ഉരിഞ്ഞു കളയപ്പെട്ടു, കല്ലായുള്ള പഴയ ഹൃദയം മാറ്റപ്പെട്ടു,മാംസളമായ പുതിയ ഹൃദയം നല്‍കപ്പെട്ടു.ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നു.

ഇനി അടുത്തതായി, നമ്മുടെ പഴയ മനുഷ്യന്‍ യേശുക്രിസ്തുവിനോട്‌ കൂടെ മരിച്ചു എന്നും, പഴയ ഹൃദയം മാറ്റപ്പെട്ടു, യേശുക്രിസ്തു ഇന്ന് നമ്മുടെ പുതിയ ഹൃദയത്തില്‍ വസിക്കുന്നു എന്നുമുള്ള സുവിശേഷം ഒരുവന്‍ അറിയാതെയിരുന്നാല്‍, വിശ്വസിക്കതെയിരുന്നാല്‍ എന്താണ് പ്രശ്നം  എന്നതാണ് ചോദ്യം.

ഒരുവന്‍ യേശുക്രിസ്തു തനിക്കു വേണ്ടി മരിച്ചു എന്ന് മനസ്സിലാക്കി പാപക്ഷമ പ്രാപിച്ചാല്‍ പോലും, നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെട്ടു എന്നും, എന്നെന്നേക്കുമായി പാപത്തിന്‍റെ ഉറവിടമായ പഴയ ഹൃദയം നീക്കപ്പെട്ടു എന്നുമുള്ള മഹാസത്യം മനുഷ്യര്‍ അറിയരുത് എന്ന് പിശാചു ആഗ്രഹിക്കുന്നു. കാരണം ആ വെളിപാട് ഒരുവന് ലഭിച്ചാല്‍ അവന്‍ പാപത്തില്‍ നിന്നുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കും എന്ന് പിശാചിന് വ്യക്തമായി അറിയാം.

ഇതുമായി ബന്ധപ്പെട്ടു നിങ്ങള്‍ അതിപ്രധാനമായി ശ്രദ്ധിക്കേണ്ട ചില വചനങ്ങള്‍ ഇതാ;

റോമര്‍ 6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കംവരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാംഅറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു.

എന്നാൽ നിങ്ങൾ പാപത്തിന്‍റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം

6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ

ഗലാത്യര്‍ 5:1 സ്വാതന്ത്ര്യത്തിന്നായിട്ടുക്രിസ്തുനമ്മെസ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ;

റോമര്‍ 8:2 ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

ഇന്ന് അനേകര്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മാർഗ്ഗങ്ങൾ പഠിപ്പിക്കാറുണ്ട്, ഉപവാസം , പ്രാര്‍ത്ഥന, പാപ സാഹചര്യങ്ങളെ ഒഴിഞ്ഞിരിക്കുക കൂട്ടായ്മ ആചരിക്കുക, പാപങ്ങളെ മനുഷ്യരോട് ഏറ്റു പറയുക,ശാരീരികമായ അച്ചടക്കം പാലിക്കുക തുടങ്ങി അനേക കാര്യങ്ങള്‍.

പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ദൈവമക്കള്‍ മുകളില്‍ പറയുന്ന പല കാര്യങ്ങളും ആത്മീക വര്‍ധനയ്ക്ക്,വിശുദ്ധ ജീവിതത്തിനു  വേണ്ടി ചിലപ്പോള്‍ ചെയ്തേക്കാം, എന്നാല്‍ ഇവയൊന്നും മൂലം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാം എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല.

മാത്രമല്ല,നാം അധിപ്രധനമായി ശ്രദ്ധിക്കേണ്ട വിഷയം, രക്ഷിക്കപ്പെട്ടവരോട് പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനെക്കുറിച്ച് ദൈവവചനം പറയുന്ന ഒരുസ്ഥലത്തു പോലും, നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണംഎന്നുള്ള കല്പനയോ, നിങ്ങള്‍ സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ളവാഗ്ദാനമോ, പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളോ ദൈവ വചനംപഠിപ്പിക്കുന്നില്ല.

മറിച്ചു വീണ്ടും ജനിച്ചവരോട്, നിങ്ങളുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു എന്നും , പഴയ പാപ ഹൃദയം മാറ്റപ്പെട്ടു എന്നും അതിലൂടെ നിങ്ങള്‍ പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു,യേശുക്രിസ്തു നിങ്ങളില്‍ ജീവിക്കുന്നു എന്നുമുള്ള സത്യം വ്യക്തമായി പ്രഖ്യാപിക്കുകയാണ്. ആ സത്യം നിങ്ങള്‍ അറിയേണം എന്ന് പറയുകയാണ്‌.

കാരണം,കര്‍ത്താവിനോട് കൂടി ഞാന്‍, എന്‍റെ പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടു എന്ന് വിശ്വാസത്താല്‍ തിരിച്ചറിയുമ്പോള്‍ ആണ് നാം യഥാര്‍ത്ഥത്തില്‍ പാപപ്രമാണ ത്തില്‍ നിന്നും, പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നത്.

എന്നാല്‍ എന്ത് കൊണ്ട് യഥാര്‍ത്ഥത്തില്‍ വീണ്ടും ജനിച്ച പലരും ഇന്നും പാപത്തിനു അടിമയായി ജീവിക്കുന്നു എന്ന് ഒരു ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉയരുന്നുണ്ടാകാം,അതിനു പല കാരണങ്ങള്‍ ഉണ്ട്, എന്നാല്‍ അതില്‍ ഏറ്റവും പ്രധാന കാരണം കര്‍ത്താവ്‌ തന്നെ പറയുന്നു.

യോഹന്നാന്‍ 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.

യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക്‌ പകരമായി മരിച്ചു എന്നുള്ള സുവിശേഷം വിശ്വസിക്കുന്ന പലരും,ഞാന്‍, എന്‍റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും, പഴയ പാപ ഹൃദയം മാറ്റപ്പെട്ടു അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്തതിന്‍റെ കാരണവും ദൈവവചനം പറയുന്നു.

റോമര്‍ 10:17 വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.

യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്ക്‌ പകരമായി മരിച്ചു,അതിനാല്‍ വിശ്വാസത്താല്‍ പാപമോചനം പ്രാപിക്കാം  എന്നുള്ള സുവിശേഷം പ്രസംഗിക്കുന്ന മിക്കവരും,നമ്മുടെ പഴയ മനുഷ്യന്‍ അവനോടു കൂടെ മരിച്ചു എന്നും, അതിനാല്‍ വിശ്വാസത്താല്‍ നമുക്ക്  പാപത്തിന്‍റെ അടിമത്വത്വതില്‍ നിന്നും എന്നെന്നേക്കും സ്വതന്ത്രര്‍ ആകാം എന്നുമുള്ള സുവിശേഷം പ്രസംഗിക്കുന്നില്ല, അതിനാല്‍ അത് വിശ്വാസമാകുന്നില്ല അതിനാല്‍ തന്നെ പലരും സ്വതന്ത്രര്‍ ആകുന്നുമില്ല.

യേശുക്രിസ്തു നിങ്ങളുടെ പാപങ്ങള്‍ ഏറ്റെടുത്തു മരിച്ചു എന്നുള്ള സത്യം നിങ്ങള്‍ കേള്‍ക്കാതെയോ, വിശ്വസിക്കാതെയോ ഇരുന്നാല്‍ എന്താണ് സംഭവിക്കുക? സ്വാഭാവികമായും നിങ്ങള്‍ക്ക് പാപക്ഷമ ലഭിക്കുകയില്ല,അതിനാല്‍ തന്നെ നിങ്ങള്‍ നിത്യ നരകത്തിനു യോഗ്യനാവുകയും ചെയ്യും.

അപ്രകാരം  തന്നെ ഞാന്‍,വീണ്ടും ജനിച്ചപ്പോള്‍, എന്‍റെ പഴയ മനുഷ്യന്‍ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നും,  പഴയ പാപ ഹൃദയം മാറ്റപ്പെട്ടു അതിലൂടെ നാം പാപത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു എന്നുള്ള സത്യം വിശ്വസിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുകയില്ല.

ഒരുവൻ യേശുക്രിസ്തു തൻ്റെ  പാപങ്ങൾക്ക് വേണ്ടി മരിച്ചു (റോമർ 5 :8)  എന്ന് കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശിക്ഷയിൽ  നിന്നും വിടുതൽ  പ്രാപിക്കുന്നു.

അത് പോലെ തന്നെ ഒരുവൻ താൻ  ക്രിസ്തുവിനോട് കൂടെ മരിച്ചു (റോമർ 6  :8)  എന്ന്  കേൾക്കുകയും ഹൃദയ പൂർവ്വം വിശ്വസിക്കുകയും ചെയ്യുമ്പോൾ അവൻ പാപത്തിൻ്റെ ശക്തിയിൽ നിന്നും വിടുതൽ  പ്രാപിക്കുന്നു.

ദൈവവചനത്തിലെ ഏതു സത്യവും, നാം വിശ്വാസത്താല്‍ ഏറ്റെടുത്തില്ല  എങ്കില്‍ നമുക്ക് പ്രയോജനം ആകുകയില്ല.

എന്നാല്‍  ഈ രണ്ടു സത്യങ്ങളും അറിയുകയും ഹൃദയപൂര്‍വ്വം  വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന വ്യക്തികള്‍, പാപക്ഷമ പ്രാപിക്കുക മാത്രമല്ല, പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രര്‍ ആകുകയും ചെയ്യും

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ നിങ്ങള്‍ ഈ മഹല്‍ സത്യം അറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു. യേശുക്രിസ്തു ക്രൂശില്‍ മരിച്ചതു നിങ്ങൾക്ക് പാപക്ഷമ ലഭിക്കുവാൻ മാത്രമായിരുന്നില്ല, പകരം നിങ്ങളുടെ പാപഹൃദയം മാറ്റപ്പെടുവാൻ കൂടിയായിരുന്നു.യേശുക്രിസ്തുവിൽ  കൂടി ദൈവം ക്രൂശിൽ ചെയ്ത ഹൃദയ മാറ്റ ശസ്ത്രക്രിയയിൽ കൂടി നിങ്ങൾക്കു ഒരു പുതിയ ഹൃദയത്തെ കർത്താവ് തന്നു.ആ ഹൃദയത്തിൽ കർത്താവ് തൻ്റെ  ആത്മാവിൽ വസിക്കുന്നു.( ഗലാത്യർ 2:20)

ആ സത്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അറിയുമ്പോള്‍, ആ സത്യത്തില്‍ നിങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും,ആ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാനും കഴിയും. ഈ സത്യം അറിയുവാന്‍ ദൈവം നിങ്ങളുടെ ഹൃദയ ദൃഷ്ടികളെ പ്രകാശിപ്പിക്കുവാനും അതിനാൽ   ക്രിസ്തുവിൽ കൂടി ദൈവം സൗജന്യമായി നൽകിയ യഥാർത്ഥ സ്വാതന്ത്ര്യത്തെ അനുഭവിക്കുവാനും ഇടയാകട്ടെ.

ബ്രദർ ജിനു നൈനാൻ

ഈ ലേഖനത്തിന്‍റെ  തുടര്‍ച്ചയായുള്ള " എന്താണ് ജഡം ? പഴയ മനുഷ്യനും ജഡവും തമ്മിലുള്ള വ്യത്യാസം എന്താണ്?" എന്ന ലേഖനം വായിക്കുക