QA

എന്താണ് സഭ? എന്ത് കൊണ്ടാണ് അനേക ക്രിസ്തീയ സഭകള്‍?

Date Added : 23-02-2018

നാം മുന്‍പുള്ള ലേഖനങ്ങളില്‍ പാപം, മാനസാന്തരം, വീണ്ടെടുപ്പ്, വീണ്ടും ജനനം, പഴയ മനുഷ്യൻ ക്രൂശിക്കപ്പെട്ടു എന്ന യാഥാർഥ്യം വിശ്വസിക്കേണ്ടതിൻറെ ആവശ്യകത , ജഡത്തെ ക്രൂശിക്കേണ്ടതിൻറെ ആവശ്യകത, യേശുക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപപ്പെടുന്നത് എങ്ങനെ എന്നിവ  മനസ്സിലാക്കി.

എന്നാൽ ദൈവത്തിൻ്റെ ആത്യന്തികമായ ലക്‌ഷ്യം വ്യക്തിപരമായി ഒരുവൻ വീണ്ടും ജനിക്കുകയും കർത്താവിൻ്റെ അനുരൂപമായി വളരുകയും ചെയ്യുക  എന്നതിനേക്കാൾ ഉപരി കർത്താവിൻ്റെ ശരീരമായ, മണവാട്ടിയായ സഭയെ ഒരുക്കുക എന്നതാണ്.കാരണം ആത്യന്തികമായി ദൈവസഭയായ മണവാട്ടിയെ ചേർക്കുവാൻ ആണ് കർത്താവ് വീണ്ടും വരുന്നത്.( എഫെസ്യർ 3:11,4:27,31)

നാം  കണ്ടത് പോലെ വീണ്ടെടുക്കപ്പെട്ട ഒരുവൻ്റെ  ഉള്ളിൽ  ക്രിസ്തുവിന്‍റെ ജീവന്‍  വരുമ്പോളാണ് അവൻ ദൈവമകന്‍ ആകുന്നത്. എന്നാല്‍ അങ്ങനെ ജീവന്‍ പ്രാപിച്ച വ്യക്തികളുടെ പ്രാദേശികമായ കൂട്ടം ആണ് പ്രാദേശിക ദൈവസഭ.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ജീവന്‍ ഉള്ളിലുള്ള ഒരു  അവയവം ആണ് ഒരു വിശ്വാസി എങ്കില്‍, ക്രിസ്തുവിന്റെ ജീവനാല്‍ നിയന്ത്രിക്കപ്പെടുന്ന അവയവങ്ങള്‍ ഒന്ന് ചേര്‍ന്ന ക്രിസ്തുവിന്‍റെ ശരീരം ആണ് സഭ.

ദൈവസഭ എന്നത് വിശ്വാസികള്‍ കൂടിവരുന്ന കെട്ടിടമല്ല, ദൈവത്തിന്‍റെ ആത്മാവിനാല്‍ ജീവനുള്ള കല്ലുകളായ ദൈവമക്കള്‍ ചേര്‍ന്ന് പണിയപ്പെടുന്ന ജീവനുള്ള ദൈവാലയമാണ്.(1 പത്രോസ് 2:5, 1 തിമോത്തിയോസ് 4:16)

ദൈവസഭ എന്നത് സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ സമിതിയല്ല,  ആത്മാവിന്‍റെ ഐക്യതയില്‍ നയിക്കപെടുന്ന വ്യത്യസ്ത വ്യക്തികളുടെ കൂട്ടായ്മയാണ്,വ്യത്യസ്ത ഗോതമ്പ് മണികള്‍  പൊടിഞ്ഞു ചേര്‍ന്ന് ഉണ്ടാക്കപ്പെട്ട ഒരു അപ്പം ആണ്.1 കൊരിന്ത്യര്‍ 10:17)

ദൈവസഭ എന്നത് മാനുഷിക നേതാകന്മാരാല്‍ നയിക്കപ്പെടുന്ന മാനുഷിക സംഘടനയല്ലതലയായ ക്രിസ്തുവിനാല്‍ നിയന്ത്രിക്കപ്പെടുന്ന ജീവനുള്ള അവയങ്ങള്‍ ചേര്‍ന്ന ജൈവശരീരമാണ്. (1 കൊരിന്ത്യര്‍ 12:12)

ചുരുക്കത്തിൽ  ദൈവസഭ എന്നത് ഒരു കെട്ടിടമോ, സമിതിയോ, സംഘടനയോ അല്ല.സഭ  ജീവനുള്ള അവയവങ്ങള്‍ ചേര്‍ന്ന ഒരു ജൈവീക ശരീരം ആണ്.( Church is not an organization but a living organism) ആ  ശരീരത്തിന്‍റെ തലയും, തലവനും, ശരീരത്തിലെ ഓരോ അംഗങ്ങളെയും നിയന്ത്രിക്കുന്നവനും ക്രിസ്തു മാത്രമാണ്.

ഒരു ശരീരത്തിലെ ഓരോ  അവയവങ്ങളുടെയും പ്രവര്‍ത്തി വ്യത്യസ്തം ആണ് എങ്കിലും എല്ലാ അവയവങ്ങളിലെയും പ്രവര്‍ത്തിപ്പിക്കുന്ന, ശരീരത്തിന്‍റെ ഭാഗം ആക്കുന്ന പൊതുഘടകം ശരീരത്തിലെ ജീവന്‍ മാത്രമാണ്.അത് പോലെ യേശുവിന്‍റെ ജീവന്‍ എന്ന പൊതു ഘടകം ആണ് സഭയിലെ ഓരോ അംഗങ്ങളെയും വര്‍ഗ്ഗ, വര്‍ണ്ണ,ജാതി വ്യത്യാസം ഇല്ലാതെ  ഒന്നാക്കുന്നത്.

1 കൊരിന്ത്യര്‍ 12:12 “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും..യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.”

ഗലാത്യര്‍ 3:28 അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

കൊലൊസ്സ്യര്‍ 3:11 അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.

യേശുവിന്‍റെ ജീവന്‍ ഉള്ളിലുള്ള വിശ്വാസി  എന്ന അവയവം, അങ്ങനെയുള്ള വിശ്വാസികള്‍ കൂടിചേര്‍ന്ന പ്രാദേശിക ദൈവ സഭ, അങ്ങനെയുള്ള പ്രാദേശിക ദൈവ സഭകളുടെ കൂട്ടം ആയ സര്‍വ്വ ലൌകിക ദൈവസഭ എന്ന മൂന്നു കാര്യങ്ങള്‍ മാത്രമേ ദൈവവചനപ്രകാരം ഉള്ളൂ. ഇതില്‍ സര്‍വ്വലൌകിക ദൈവസഭ അദൃശ്യം ആണ്  കാരണം അതില്‍ ഇന്ന് വരെ ജീവിച്ചിട്ടുള്ള എല്ലാ ദൈവ മക്കളും, ഇനി ജനിക്കാന്‍ പോകുന്ന എല്ലാ ദൈവമക്കളും ഉള്‍പ്പെടുന്നത് ആണ്.സര്‍വ്വലൌകിക ദൈവസഭ ഒന്നേയുള്ളൂ.

എന്നാല്‍ ദൈവമക്കളുടെ കൂട്ടായ്മയായ പ്രാദേശിക ദൈവസഭ ദൃശ്യം ആണ്. പ്രാദേശിക സഭകള്‍ പലതുണ്ട്.പ്രാദേശിക സഭ ദൈവവചന പ്രകാരം സ്വതന്ത്രമാണ്, അതിനു ഭൂമിയില്‍ ഒരു കേന്ദ്രമോ, കേന്ദ്ര നേതാവോ ഇല്ല.അതിനാല്‍ കേന്ദ്രീകൃത നേതൃത്വമോ, കേന്ദ്ര സ്ഥാനമോ ഉള്ള പല  സമുദായ വിഭാഗങ്ങളും  യേശു പണിതുകൊണ്ടിരിക്കുന്ന സഭയല്ല.

പുതിയ നിയമത്തിലെ എല്ലാ ശുശ്രൂഷകളും ദൈവസഭയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവസഭയുടെ പണിക്കു വേണ്ടിയാണ് ദൈവം ശുശ്രൂഷകരെ നിയമിക്കുന്നത്.ദൈവസഭയില്‍ വോട്ടെടുപ്പോ, തിരഞ്ഞെടുപ്പോ ഇല്ല. ദൈവീക നിയമനം മാത്രമേയുള്ളൂ. ജനാധിപത്യമോ, ഏകാധിപത്യമോ അല്ല, ദൈവധിപത്യം ആണ് സഭയില്‍ ഉള്ളത്. ദൈവം തന്‍റെ സഭയില്‍ ശുശ്രൂഷകരെ നിയമിക്കുന്നു.സഭയിലെ  അംഗങ്ങൾ  ദൈവീക നിയമനത്തെ  തിരിച്ചറിയുകയും, അംഗീകരിക്കുകയും, അധികാരങ്ങള്‍ക്ക് കീഴടങ്ങുകയും ചെയ്യുന്നു.

ഒരു വീണ്ടും ജനിച്ച ദൈവമകന്‍ തീര്‍ച്ചയായും ദൈവവചന പ്രകാരമുള്ള ഒരു പ്രാദേശിക സഭയുമായുള്ള ബന്ധത്തില്‍ വരേണം.കാരണം തലയുമായുള്ള അഭേദ്യ ബന്ധത്തില്‍, ഒരു ശരീരത്തിന്‍റെ ഭാഗമായി മാത്രമേ ഒരു അവയവത്തിനു നിലനില്‍പ്പും, വളര്‍ച്ചയും,ആത്മീക വർധനയും  ഉള്ളൂ.

എഫെസ്യര്‍ 4:16ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു.

കൊലൊസ്സ്യർ 2 : 19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.

എന്നാല്‍ പലപ്പോഴും പല "സഭകളിലും" അതിൻ്റെ  നേതൃത്വത്തിൽ പോലും നാം ആത്മീകരെ കാണാറില്ല. അതിനു കാരണം ഇന്ന് നാം കാണുന്ന സഭകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പലതും, മാനുഷിക സംഘടനകള്‍ മാത്രം ആണ് എന്നതാണ്.അതിലെ പല അംഗങ്ങളും, പലപ്പോഴും നേതാക്കള്‍ പോലും യേശുവിന്‍റെ ജീവന്‍ ഉള്ളിലുള്ള ദൈവമക്കള്‍ ആവാന്‍ സാധ്യത ഇല്ല.അതിനാല്‍ തന്നെ അങ്ങനെയുള്ള സംഘടനകള്‍, സഭ എന്ന് സ്വയം പേര് പറഞ്ഞാലും അത് മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടു മനുഷ്യനാല്‍ നയിക്കപ്പെടുന്ന  മാനുഷിക സംഘടനകള്‍ മാത്രമാണ്.ഇത്തരം മനുഷ്യനിര്‍മ്മിതമായ സംഘടനകളില്‍ ചില യഥാര്‍ത്ഥ വിശ്വാസികള്‍  ഉണ്ടായേക്കാം എന്ന് മാത്രം.

അതിനാല്‍ തന്നെ അതിനു ക്രിസ്തുവിന്റെ ജൈവശരീരം ആയ സഭയുടെ ജീവനും, ഗുണങ്ങളും,സ്വഭാവും കാണുകയില്ല.മാത്രമല്ല എല്ലാ മാനുഷിക,ജഡീക  സംഘടനകളുടെയും കുഴപ്പങ്ങളും കുറവുകളും അതില്‍ ഉണ്ടാകുകയും ചെയ്യും.അതിനാൽ അത്തരം സംഘടനകളുടെ ഭാഗം ആകുന്ന ഒരു വീണ്ടും ജനിച്ച ദൈവമകൻ ആത്മീക വളർച്ച പ്രാപിക്കുന്നതിനു പകരം ആത്മീക വളർച്ച മുരടിക്കുന്ന അവസ്ഥയിൽ, പിന്മാറ്റത്തിൽ  ആയിത്തീരാൻ സാധ്യതയുണ്ട്.

മാത്രമല്ല  ഇത്തരം മാനുഷിക സംഘടനകളെ ദൈവസഭ എന്ന് തെറ്റിദ്ധരിക്കുന്നതിനാല്‍ പലപ്പോഴും ദൈവനാമം ദുഷിക്കപ്പെടാന്‍ സാധ്യതയും  ഉണ്ട്.അതിനാല്‍ വീണ്ടും ജനിച്ച ദൈവമക്കള്‍ ഇത്തരം മാനുഷിക സംഘടനകളില്‍ നിന്നും അകന്നിരിക്കെണ്ടതും ദൈവവചനപ്രകാരമുള്ള പ്രാദേശിക ദൈവസഭയുടെ ഭാഗം അകേണ്ടതും ആണ്. ഈ വിഷയത്തെക്കുറിച്ചു വിശദമായി മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ഉള്ള ലേഖനങ്ങൾ വായിക്കുക 

  ദൈവസഭ എന്ന ക്രിസ്തുവിന്‍റെ ശരീരവും: മനുഷ്യ നിർമ്മിത സംഘടനയായ ബാബിലോണും

  പുതിയ വീഞ്ഞ് പഴയ തുരുത്തിയിലേക്കോ ?

ബ്രദർ ജിനു നൈനാൻ