QA

എന്താണ് വീണ്ടും ജനനം? വീണ്ടെടുപ്പും വീണ്ടും ജനനവും തമ്മിലുള്ള വ്യത്യസം എന്താണ്?

Date Added : 23-02-2018

എന്താണ് വീണ്ടും ജനനം? വീണ്ടെടുപ്പും വീണ്ടും ജനനവും തമ്മിലുള്ള വ്യത്യസം എന്താണ്?

എന്താണ് പാപ മോചനം എന്ന വീണ്ടെടുപ്പ് എന്ന് നാം മുൻപുള്ള ലേഖനത്തിൽ ( വീണ്ടെടുപ്പ്) വിശദീകരിച്ചുവല്ലോ.വീണ്ടും ജനനം എന്നത് യേശുവിൻ്റെ രക്തത്താൽ ( ജീവനാൽ ) വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയുടെ ഉള്ളിലേക്ക് യേശുവിൻ്റെ ജീവൻ പകരപ്പെടുന്നതാണ്.മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ കർത്താവായി സ്വീകരിക്കുന്ന ഒരുവനിൽ  വീണ്ടെടുപ്പും, വീണ്ടും ജനനവും ഒരേ സമയം  സംഭവിക്കുന്നു എങ്കിലും രണ്ടും വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങൾ ആണ്.യേശുക്രിസ്തു തൻ്റെ രക്തത്തെ ( ജീവനെ) പാപത്തിനു പകരം മറുവിലയായി കൊടുത്താണ് ഒരുവനെ വീണ്ടെടുക്കുന്നത് എങ്കിൽ, കർത്താവ് തൻ്റെ  രക്തത്തെ ( ജീവനെ ) ഉള്ളിൽ പകർന്നാണ് ഒരുവനെ വീണ്ടും ജനിപ്പിക്കുന്നത്.

വീണ്ടും ജനനം എന്നാല്‍ നാം  എടുക്കുന്ന  ചില നല്ല തീരുമാനങ്ങലോ, നമ്മുടെ സ്വഭാവത്തില്‍  വരുത്തുന്ന  ചില നല്ല  മാറ്റങ്ങളോ  അല്ല.പേര്  സൂചിപ്പിക്കുന്നത് പോലെ തന്നെ അത് ഒരിക്കല്‍ കൂടി നാം ജനിക്കുന്ന,ദൈവീക ജീവന്‍ ലഭിക്കുന്ന പ്രക്രിയ  ആണ്.

നാം നമ്മുടെ അമ്മയുടെ വയറ്റില്‍ ഉരുവായപ്പോള്‍ ആദ്യമായി ഉണ്ടായതു  ജീവന്‍ ആണ്.നാം നമ്മുടെ സ്വാഭാവിക ജീവന്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും പ്രാപിച്ചു, അതിനാല്‍ ആണ് നാം നാമുടെ മാതാപിതാക്കളുടെ ജഡപ്രകാരം ഉള്ള  മക്കള്‍  ആയതു.അത് ജഡതാല്‍ ഉള്ള ജനനം ആണ്.എന്നാല്‍ ദൈവം  ആത്മാവ്  ആകുന്നു. ദൈവത്തിൻ്റെ മക്കള്‍ ആകണം എങ്കില്‍ നാം ശാരീരികമായി ഒരിക്കല്‍  ജനിച്ചത്‌ പോലെ തന്നെ  ആത്മാവിനാല്‍ വീണ്ടും ജനിക്കേണം.അതാണ്‌ യേശുക്രിസ്തു  യോഹന്നാന്‍  3:6 ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു,  ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു എന്ന് നിക്കൊദിമോസിനോട് പറഞ്ഞത്

നാം പാപത്തെക്കുറിച്ചും മനസാന്തരത്തെക്കുറിച്ചുമുള്ള  മുന്‍പുള്ള ലേഖനങ്ങളിൽ കണ്ടത് പോലെ ആദം ദൈവത്തില്‍ നിന്നും പിശചിലേക്ക് തിരിഞ്ഞപ്പോള്‍ അവനില്‍ നിന്നും ദൈവീക ജീവന്‍ വിട്ടു പോയി എന്നും, പാപം ആദമിൽ കടന്നു എന്നും ആദമില്‍ നിന്ന് ജനിക്കുന്ന എല്ലാവരും  തന്നെ പാപത്തില്‍ വീണ ആദമിൻ്റെ അവസ്ഥയില്‍,പാപ സ്വാഭാവത്തിൽ, ദൈവീക ജീവന്‍ ഇല്ലാത്തവരായി ആണ് ജനിക്കുന്നത് എന്നും ദൈവവചനം പറയുന്നു (റോമര്‍ 5:12).

അത് കൊണ്ട് ഒരു വ്യക്തി മനസാന്തരപെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ ,ആദം ദൈവത്തില്‍ നിന്നും പിശാചിലേക്ക് തിരിഞ്ഞപ്പോള്‍ സംഭവിച്ചതിനു നേരെ വിപരീതമായതാണ് സംഭവിക്കുന്നത്‌.അതായതു ആദം, പിശാചിൻ്റെ വ്യാജം വിശ്വസിച്ചു, ജീവനില്‍ നിന്നും മരണത്തിലേക്കു വീണു എങ്കില്‍ ഒരുവന്‍  മനസാന്തരപെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ മരണത്തില്‍ നിന്നും ജീവനിലെക്കു കടക്കുകയാണ്.

യോഹന്നാൻ 5;24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എൻ്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. 

താന്‍ പാപിയാണ് എന്ന് തിരിച്ചറിയുന്ന ഒരുവന്‍, മാനസന്തരപ്പെട്ടു യേശുക്രിസ്തു തൻ്റെ പാപങ്ങള്‍ക്ക്‌ പകരമായി മരിച്ചു എന്ന് വിശ്വസിക്കുകയും, യേശുക്രിസ്തുവിനെ തൻ്റെ ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നു, അവൻ വീണ്ടെടുക്കപ്പെടുന്നു.

അതോടെ അവൻ്റെ  പാപഹൃദയം നീക്കപ്പെടുകയും, അവൻ  ക്രിസ്തുവിൻ്റെ ജീവന്‍ ആയ നിത്യജീവന്‍, ദൈവീക ജീവന്‍, പ്രാപിക്കുകയും ചെയ്യുന്നു. അങ്ങനെ അവന്‍ ആത്മാവിനാല്‍ വീണ്ടും ജനിക്കുന്നു, ദൈവത്തില്‍ നിന്നും ജനിക്കുന്നു.അതിനെയാണ് വീണ്ടും ജനനം എന്ന് പറയുന്നത്. യേശുക്രിസ്തുവിൻ്റെ  ജീവൻ ഉള്ളിൽ ഇല്ലാത്തവന് ദൈവീക ജീവന്‍ ഇല്ല, ദൈവീക ജീവന്‍ ഉള്ളില്‍ ഇല്ലാത്തവന്‍ മരിച്ചവന്‍ ആണ്

 1 യോഹന്നാന്‍  5:11 ദൈവം നമുക്കു നിത്യജീവന്‍ തന്നു.ആ ജീവന്‍ അവൻ്റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല

ഇത്  വായിക്കുന്ന നിങ്ങള്‍  പല  സഭകളില്‍ പോകുന്നവര്‍ ആയിരിക്കാം,പല മതങ്ങളില്‍ ഉള്ളവര്‍ ആയിരിക്കാം,മനുഷ്യരുടെ മുന്‍പില്‍ നല്ലവരോ, ദുഷ്ടരോ ആയിരിക്കാം. എന്നാല്‍ യേശുക്രിസ്തു  പറഞ്ഞു “ജഡതാല്‍ ജനിച്ചത്‌ ജഡം ആകുന്നു” .

എന്നാല്‍  ഇന്ന് നിങ്ങള്‍ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയുകയും യേശുക്രിസ്തുവിനെ കർത്താവായി  സ്വീകരിക്കുകയും ചെയ്‌താൽ, നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടും.നിങ്ങള്‍ ആയിരിക്കുന്ന മരണ അവസ്ഥയില്‍ നിന്നും നിങ്ങൾക്ക്  നിത്യ ജീവനിലേക്കു  കടക്കാം. ദൈവത്തില്‍ നിന്നും ജനിക്കാം ദൈവമകന്‍/ മകള്‍  ആയിതീരാം.

യോഹന്നാന്‍ 1:13 അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിൻ്റെ ഇഷ്ടത്താലല്ല, പുരുഷൻ്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

ബ്രദർ ജിനു നൈനാൻ