QA

യേശുക്രിസ്തു പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനും ആകുന്നത്‌ എങ്ങനെ?

Date Added : 21-02-2018

ഉത്തരം: ദൈവവചനം വെളിപ്പെടുത്തുന്ന സത്യമാണ് യേശുക്രിസ്തു പൂർണ്ണ  ദൈവവും  പൂർണ്ണ മനുഷ്യനും ആണ്  എന്നത്. ദൈവം  എന്ന്  പറഞ്ഞാല്‍  തന്നെ  പൂര്‍ണ്ണതയുള്ളവന്‍ ആണ്.അപൂര്‍ണ്ണനായ  ദൈവം ഇല്ല. അതിനാല്‍ യേശുക്രിസ്തു ദൈവം എന്ന്  പറയുമ്പോള്‍ പ്രത്യേകിച്ച് പൂര്‍ണ്ണ  ദൈവം എന്ന് പറയേണ്ടതില്ല.യേശുക്രിസ്തു  ഇന്നലെയും, ഇന്നും എന്നേക്കും മാറ്റമില്ലാത്തവന്‍  ആണ്. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ വളരെ  വ്യക്തമായി അനേക  വാക്യങ്ങളില്‍  ദൈവവചനം  വെളിപ്പെടുത്തുന്നു.

ദൈവം (യോഹ. 1:1; 20:28; എബ്രാ.1:8; റോമർ  9:5; 2.പത്രോ.1:1; 1.യോഹ.5:20; വെളി.21:7) സത്യദൈവം (1.യോഹ. 5:20) മഹാദൈവം (തീത്തോ.2:13)  വീരനാം ദൈവം (യെശയ്യാ.9:6)  സര്‍വ്വതിനും മീതെയുള്ള ദൈവം (റോമ: 9:5) സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ് (വെളി 1:8))  ഈ വാക്യങ്ങളിൽ കൂടി അര്ഥശങ്കക്കിടയില്ലാത്ത വിധം ക്രിസ്തു പൂർണ്ണ ദൈവം ആണ് എന്ന് ദൈവവചനം വെളിപ്പെടുത്തുന്നു. മാത്രമല്ല ദൈവത്തിനു മാത്രമുള്ള സവിശേഷതകൾ യേശുക്രിസ്തുവിനു  ഉണ്ടായിരുന്നു എന്നും ദൈവവചനം വെളിപ്പെടുത്തുന്നു.എന്നാൽ അതിന്‍റെ വിശദീകരനതിലേക്ക് ഈ ലേഖനത്തില്‍ പോകുന്നില്ല.ഈ വിഷയത്തെ പറ്റി കൂടുതൽ വിശദീകരിക്കുന്ന ലേഖനം ഈ ലിങ്കിൽ നിന്നും വായിക്കുക " ലേഖനം: യേശുക്രിസ്തു സത്യദൈവം"

എന്നാല്‍ യേശുക്രിസ്തു പൂര്‍ണ്ണ മനുഷ്യന്‍ ആയിരുന്നുവോ എന്ന ചോദ്യം വളരെ പ്രസക്തം ആണ്, കാരണം ഈ ഭൂമിയില്‍ ജനിച്ചതോ, ജനിക്കാന്‍ പോകുന്നതോ ആയ ഒരു മനുഷ്യരും പൂര്‍ണ്ണമനുഷ്യര്‍ അല്ല.ആദമില്‍ നിന്നുള്ള എല്ലാവരും വീഴ്ച പറ്റിയ പാപികളായ, അപൂര്‍ണ്ണരായ മനുഷ്യര്‍ ആണ്.

പാപം ആണ് മനുഷ്യനിൽ വന്ന അപൂർണ്ണത. എന്നാൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഈ അപൂർണ്ണതയോടെ അല്ല സൃഷ്ടിച്ചത്.കാരണം ദൈവം അപൂര്‍ണ്ണമായി ഒന്നിനെയും സൃഷ്ടിക്കുകയില്ല,അതിനാല്‍ ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പാപരഹിതൻ ആയി, പരിപൂര്‍ണ്ണന്‍ ആയിട്ടാണ്. ദൈവ തേജസ്സില്‍ ആണ്. ദൈവം തന്‍റെ സാദൃശ്യത്തിലും സ്വരൂപതിലും മനുഷ്യനെ സൃഷ്ടിച്ചു.അതായതു പാപരഹിതനായ പൂര്‍ണ്ണനായ മനുഷ്യന്‍ ദൈവത്തെ പൂര്‍ണ്ണമായും വെളിപ്പെടുത്തിയിരുന്നു.

ഉല്പത്തി 1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

ഇങ്ങനെ തന്‍റെ സ്വരൂപത്തെ (സ്വഭാവത്തെ) വെളിപ്പെടുത്തിയിരുന്ന മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം “വളരെ നല്ലത്” എന്ന് പറഞ്ഞത്.കാരണം ദൈവം ഒരുവന്‍ മാത്രമേ നല്ലവന്‍ ആയിട്ടുള്ളൂ നന്മയുടെ ഉറവിടമായ ദൈവതിന്‍റെ സ്വരൂപത്തെ പൂര്‍ണ്ണമായും വെളിപ്പെടുതുകയായിരുന്നു പാപം ചെയ്യുന്നതിനു മുന്‍പുള്ള ആദ്യ മനുഷ്യന്‍ ആദം

എന്നാല്‍ ആദം പാപം ചെയ്തപ്പോള്‍ ആദമും ഈ ഭൂമിയില്‍ ആദത്തില്‍ നിന്നും ജനിച്ച എല്ലാവരും പാപികള്‍ ആയി, വീഴ്ച വന്നവര്‍ ആയി, അപൂര്‍ണ്ണര്‍ ആയി മാറി.അതിനാല്‍ ഈ ഭൂമിയില്‍ ആദമില്‍ നിന്നും ജനിക്കുന്ന എല്ലാവരും അപൂര്‍ണ്ണ മനുഷ്യര്‍, അഥവാ പാപികൾ ആണ് എന്ന് ദൈവ വചനം  വ്യക്തമാക്കുന്നു.

റോമര്‍  5: 12 അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു

റോമര്‍ 3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

യേശുക്രിസ്തു; ഒടുക്കത്തെ ആദം, രണ്ടാം പൂർണ്ണ മനുഷ്യൻ 

എന്നാല്‍ ആദത്തിനു ശേഷം ഈ ഭൂമിയില്‍ പാപമില്ലാത്തവന്‍ ആയി, പരിശുദ്ധന്‍ ആയി, പൂര്‍ണ്ണ മനുഷ്യന്‍ ആയി വന്നത് യേശുക്രിസ്തു മാത്രം ആയിരുന്നു.ആദമിൽ നിന്നും ജനിച്ച എല്ലാ പാപികൾ ആയ മനുഷ്യരിൽ നിന്നും വ്യത്യസ്‍തൻ ആയി ക്രിസ്തു രണ്ടാം പൂർണ്ണ മനുഷ്യൻ ആയി സ്വർഗത്തിൽ നിന്നും, കന്യകയിൽ കൂടി ജനിച്ചു.പിതാവായ ദൈവത്തോട് സമനായ പുത്രൻ  തന്നെത്താൻ ഒഴിച്ച്, തന്നെത്താൻ താഴ്ത്തി പൂർണ്ണ മനുഷ്യനായി ഭൂമിയിൽ ജനിച്ചു (ഫിലിപ്യർ 2:5,1 കൊരിന്ത്യർ 15:47)

 അതിനാൽ ആണ് അദമിനെയും ക്രിസ്തുവിനെയും "ഏക മനുഷ്യന്‍" എന്നും ക്രിസ്തുവിനെ "രണ്ടാം മനുഷ്യന്‍" "ഒടുക്കത്തെ ആദം" എന്നൊക്കെയും ദൈവവചനം പരിചയപ്പെടുത്തുന്നത്.ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ആദാമിന് ശേഷം രണ്ടാമത് വന്ന പൂര്‍ണ്ണ മനുഷ്യന്‍ യേശുക്രിസ്തു മാത്രം ആണ്.യേശുക്രിസ്തു പൂർണ്ണ മനുഷ്യൻ എന്ന നിലയിൽ പൂര്‍ണ്ണമായും പിതാവായ ദൈവത്തെ ഈ ഭൂമിയില്‍ വെളിപ്പെടുത്തി.അതിനാല്‍ എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ക്രിസ്തുവിനു പറയാന്‍ കഴിഞ്ഞു.

1 കൊരിന്ത്യർ 15: 47 ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. 

പൂര്‍ണ മനുഷ്യന്‍ ആയ ക്രിസ്തു നമ്മുടെ പാപം ഏറ്റെടുത്തു മരിച്ചു

ഈ ലോകത്തില്‍ അനേകം മഹാത്മാക്കളും, പുണ്യപുരുഷന്മാരും, മതസ്ഥാപകരും വന്നിട്ടുണ്ട്, അവര്‍ വളരെ നല്ല ഉപദേശങ്ങള്‍ പഠിപ്പിച്ചിട്ടും, മാതൃകയോടെ ജീവിച്ചിട്ടും ഉണ്ട്.എന്നാല്‍ അവര്‍ എല്ലാം പാപികള്‍ ആയ ആയ അപൂര്‍ണ്ണ മനുഷ്യര്‍ ആയിരുന്നു.എന്നാൽ പാപത്തിൽ വീണ, പാപത്തിൻ്റെ അടിമയായ, പാപത്തിൽ മരിച്ച  മനുഷ്യന് ആവശ്യം മാതൃകയോ, ഉപദേശങ്ങളോ, മതമോ ആയിരുന്നില്ല മറിച്ചു ജീവനും,പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും ആയിരുന്നു.  

അതിനാൽ തന്നെ  യേശുക്രിസ്തു ഈ ഭൂമിയില്‍ പാപമില്ലാത്തവനായി, പൂര്‍ണ്ണ മനുഷ്യനായി വന്നത് പൂര്‍ണ്ണതയുള്ള ഒരു ജീവിത മാതൃക നമ്മെ കാണിക്കാനോ, മറ്റു പല വ്യക്തികളെയും പോലെ ഒരു മതം സ്ഥാപിക്കാനോ,നല്ല  ഉപദേശങ്ങള്‍ തരാനോ ആയിരുന്നില്ല.

ക്രിസ്തു വന്നത് നമ്മുടെ പാപങ്ങൾ ക്രൂശില്‍ ഏറ്റെടുത്തു നീക്കുവാനും,തൻ്റെ  ജീവനെ തന്നു മരിച്ച മനുഷ്യനെ ജീവിപ്പിക്കുവാനും, അവനെ പാപത്തിൽ നിന്നും സ്വതന്ത്രൻ ആക്കുവാനും ആണ്. ക്രിസ്തു പാപമില്ലാത്ത പൂര്‍ണ്ണ മനുഷ്യന്‍ ആയതു കൊണ്ടാണു അത് സാധിച്ചത്. പാപിയായ മനുഷ്യന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയില്ല. പാപമില്ലാത്ത പൂര്‍ണ്ണ മനുഷ്യനു മാത്രമേ അത് കഴിയൂ.ദൈവവചനം അത് വ്യക്തം ആക്കുന്നു.

1 യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു, അവനില്‍ പാപം ഇല്ല.

യോഹന്നാന്‍1 :29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിൻ്റെ പാപം ചുമന്നു നീക്കുന്ന  ദൈവത്തിന്റെ കുഞ്ഞാടു; 

 യോഹന്നാന്‍ 10:10 അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.

യേശുക്രിസ്തുവില്‍ നാം പരിപൂര്‍ണ്ണര്‍.

യേശുക്രിസ്തു പാപികളായ  നമ്മുടെ പാപങ്ങളെ ക്രൂശിൽ വഹിച്ചു നീക്കി, മാത്രമല്ല പാപങ്ങളുടെ ഉല്പാദന കേന്ദ്രമായിരുന്ന പാപഹൃദയത്തെ, പഴയ മനുഷ്യനെയും  അവൻ തൻ്റെ  ക്രൂശിൽ തറച്ചു നീക്കിക്കളഞ്ഞു.നമുക്ക് ഒരു പുതിയ ഹൃദയത്തെ തന്നു.അങ്ങനെ അവൻ നമ്മെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രൻ ആക്കി ( റോമർ 6 :6, കൊലോസ്യർ 2:14 )

അത് കൂടാതെ ക്രിസ്തു മരണത്തെ  തോല്‍പ്പിച്ച്  ഉയിർത്തെഴുന്നേറ്റു, അതിനാൽ  യേശുക്രിസ്തുവില്‍ ഒരുവന്‍ വിശ്വസിക്കുമ്പോള്‍ പരിശുദ്ധാത്മാവില്‍  ക്രിസ്തു  അവന്‍റെ ഉള്ളില്‍ വരുന്നു,വസിക്കുന്നു.അങ്ങനെ അവന്‍ മരണത്തിൽ നിന്നും ജീവനിലേക്കു കടക്കുന്നു,പുതു ജനനത്തില്‍ കൂടി പുതിയ സൃഷ്ടി  ആകുന്നു.അങ്ങനെയുളവരെ ദൈവം  കാണുന്നത് പരിപൂര്‍ണന്‍  ആയ  യേശുക്രിസ്തുവില്‍ കൂടി ആണ്.കാരണം അവർ പരിപൂര്‍ണന്‍ ആയ ക്രിസ്തുവിൽ ആണ്.അതിനാല്‍ ക്രിസ്തുവില്‍ നാം എല്ലാവരും ദൈവദൃഷ്ടിയില്‍ പരിപൂര്‍ണര്‍  ആണ്.

കൊലൊസ്സ്യര്‍ 2:10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.

ഹെബ്രായര്‍  10:14 ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.

2കൊരിന്ത്യർ 5:17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

നമ്മില്‍ വസിക്കുന്ന ക്രിസ്തു നമ്മെ പൂര്‍ണ്ണതയിലേക്ക് രൂപാന്തരപ്പെടുത്തുന്നു.

 യേശുക്രിസ്തുവില്‍ ആയ വ്യക്തിയുടെ പാപങ്ങളും പാപഹൃദയവും മാറ്റപ്പെട്ടു, ദൈവദൃഷ്ടിയില്‍ ക്രിസ്തുവില്‍ പരിപൂര്‍ണ്ണന്‍ ആണ് എങ്കിലും അവന്‍ ദേഹിയിൽ അഥവാ ജഡത്തിൽ  പാപത്തിൽ നിന്നും പൂര്‍ണ്ണന്‍ ആയി വിമുക്തന്‍ ആയിട്ടില്ല.അവന്‍റെ ദേഹിയില്‍ ( മനസ്സ്, വിചാരം, വികാരം എന്നിവയിൽ), സ്വഭാവത്തില്‍ അവന്‍ ഇപ്പോഴും അപൂര്‍ണ്ണനായ മനുഷ്യന്‍ തന്നെയാണ്. എന്നാല്‍ വീണ്ടും ജനനത്തില്‍ കൂടി അവന്‍റെ പുതിയ ഹൃദയത്തിൽ വസിക്കുന്ന ക്രിസ്തു അവന്‍റെ സ്വഭാവത്തെ, ദേഹിയെ നാള്‍ക്കുനാള്‍ രൂപാന്തരപ്പെടുത്തി അവനെ ക്രിസ്തുവിൻ്റെ  സ്വരൂപമായ പൂര്‍ണ്ണതയിലേക്ക് നടത്തുന്നു. പാപം ചെയ്തു ആദമില്‍ നഷ്ടപ്പെട്ട അതെ തേജസ്സിലേക്ക് ദൈവം നമ്മെ രൂപാന്തരപ്പെടുത്തുന്നു.എന്നാൽ  അതിനായി ദൈവം നമ്മില്‍ നിന്നും പൂര്‍ണ്ണമായ വിശ്വാസവും, സമര്‍പ്പണം ആവശ്യപ്പെടുന്നു.ഇതിനു വേണ്ടിയാണ്  ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുക, മനസ്സ് പുതുക്കി രൂപാന്തരപ്പെടുക ,ആത്മാവിനാൽ ജഡത്തെ രാഗമോഹങ്ങളോടെ ക്രൂശിക്കുക, നമ്മുടെ അവയവങ്ങളെ സമർപ്പിക്കുക, കൊമ്പ് മുന്തിരിവള്ളിയിൽ വസിക്കും പോലെ ക്രിസ്തുവിൽ വസിക്കുക എന്നൊക്കെ ദൈവവചനം നമ്മോട് പറയുന്നത്.

യേശുക്രിസ്തുവിൻ്റെ ക്രൂശിലെ ഒരിക്കലായും എന്നെന്നേക്കുമായും പൂർത്തീകരിക്കപ്പെട്ട പ്രവർത്തിയാൽ നാം ക്രിസ്തുവിൽ ആയി, പാപത്തിൽ നിന്നും സ്വതന്ത്രർ നാം ആയി, എന്നാൽ  തൻ്റെ ക്രൂശു നമ്മിൽ ചെയ്യുന്ന തുടർമ്മാനമായ  പ്രവർത്തിയാൽ, നാം ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുമ്പോൾ, അവനിൽ വസിക്കുമ്പോൾ ,മനസ്സ് പുതുക്കുമ്പോൾ നാം  തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു കർത്താവിൻ്റെ  അതെ പൂർണതയിലേക്ക്  രൂപാന്തരപ്പെടുന്നു.

റോമർ 12:2 ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.

2 കൊരിന്ത്യര്‍ 3:18 എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ സ്വരൂപമായി രൂപാന്തരപ്പെടുന്നു.

ഫിലിപ്പി 3 :12 ഇവയെല്ലാം നേടിക്കഴിഞ്ഞു എന്നോ,പൂർണനായി എന്നോ ഞാന്‍ അവകാശപ്പെടുന്നില്ല; എന്നാൽ ഇവ സ്വന്തമാക്കാം എന്നു പ്രത്യാശിച്ചു ഞാന്‍ യത്നിക്കുന്നു.കാരണം ക്രിസ്തുയേശു എന്നെ തന്‍റെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.

കർത്താവിൻ്റെ പ്രത്യക്ഷയിൽ നാം പൂര്‍ണ്ണമനുഷ്യര്‍ ആയിത്തീരും .

യേശുക്രിസ്തു ക്രൂശിൽ നമ്മെ വഹിച്ചതിനാൽ  നമ്മുടെ പാപഹൃദയം മാറ്റപ്പെട്ടു, പുതിയ ഹൃദയം നൽകപ്പെട്ടു, നാം നമ്മുടെ ആത്മാവിൽ പരിപൂർണ്ണർ ആയിക്കഴിഞ്ഞു.ഇന്ന് നാം ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുമ്പോൾ  നാള്‍ക്കുനാള്‍ ക്രിസ്തുവിന്‍റെ സ്വരൂപതോട് നാം ദേഹിയിൽ, സ്വഭാവത്തില്‍ അനുരൂപം ആയിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ ഒരിക്കല്‍ ക്രിസ്തുവിന്‍റെ മടങ്ങി വരവില്‍, കർത്താവിൻ്റെ പ്രത്യക്ഷയിൽ ക്രിസ്തുവില്‍ ഉള്ളവര്‍, ക്രൂശു എടുത്തു കർത്താവിനെ അനുഗമിക്കുന്നവർ പൂര്‍ണ്ണമായും ആത്മാവിലും ദേഹിയിലും ദേഹത്തിലും പൂര്‍ണ്ണമനുഷ്യന്‍ ആയ ക്രിസ്തുവിനോട് പൂര്‍ണ്ണമായും സദൃശ്യര്‍ ആയിത്തീരും.അന്ന് നാം ദൈവം നമ്മെ ആദിയില്‍ സൃഷ്‌ടിച്ച അതെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചേരും.

1 തെസ്സലൊനീക്യര്‍ 5:23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും ദേഹിയും  ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

1 യോഹന്നാന്‍ 3:2 അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

ഫിലിപ്പിയർ 3:20,21 നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; കർത്താവായ യേശുക്രിസ്തു എന്ന രക്ഷിതാവ് അവിടെനിന്നും വരുമെന്ന് നാം താല്പര്യത്തോടെ കാത്തിരിക്കുന്നു. സകലവും തനിക്ക് കീഴ്പെടുത്തുവാനും കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട്, നമ്മുടെ താഴ്ചയുള്ള ശരീരത്തെ, തന്റെ മഹത്വമുള്ള ശരീരത്തോടനുരൂപമായി അവൻ രൂപാന്തരപ്പെടുത്തും.

ഇതാണ്  യഥാര്‍ത്ഥത്തില്‍  ദൈവവചനം പഠിപ്പിക്കുന്ന ക്രൂശിൻ്റെ വചനംതേജസ്സുള്ള സുവിശേഷം. ഈ സുവിശേഷം ദൈവത്തിൻ്റെ ആദിയിലെ മനുഷ്യ സൃഷ്ഠിയുടെ ഉദ്ദേശം പോലെ, പൂര്‍ണ്ണ മനുഷ്യന്‍ ആയ  യേശുക്രിസ്തു തന്‍റെ ജഡത്തില്‍ പിതാവായ ദൈവത്തെ വെളിപ്പെടുത്തിയത് പോലെ, വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ക്ക് ദൈവത്തിന്‍റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിഭലിപ്പിച്ചു കൊണ്ട് തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു യേശുക്രിസ്തുവിന്‍റെ, ദൈവത്തിന്‍റെ അതെ സ്വരൂപമായി രൂപന്തരപ്പെടാം എന്നുള്ള തേജസ്സുള്ള സുവിശേഷമാണ്.രക്ഷിക്കപ്പെടുന്നവർക്കു ജീവനും ശക്തിയുമായ ക്രൂശിൻ്റെ വചനമാണ്. 

എന്നാൽ ഈ  സുവിശേഷം മനുഷ്യന്‍  മനസ്സിലാക്കാതിരിക്കാന്‍  ആണ്  ഇന്ന്  അനേക വ്യാജ സുവിശേഷങ്ങളിലൂടെയും, തത്വചിന്തകളിലൂടെയും, യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും, മനുഷ്യത്വത്തെയും ചോദ്യം  ചെയ്യുന്ന ദുരുപദേശങ്ങളിലൂടെയും  ഈ ലോകത്തിന്‍റെ ദൈവമായ  പിശാചു അനേകരുടെ മനസ്സിനെ കുരുടാക്കിയിരിക്കുന്നത്.

2കൊരിന്ത്യര്‍ 4:4 ദൈവത്തിന്‍റെ സാക്ഷാൽ പ്രതിരൂപമായ ക്രിസ്തുവിനെക്കുറിച്ചുള്ള തേജസ്സുള്ള സുവിശേഷത്തിൽനിന്നു പുറപ്പെടുന്ന പ്രകാശം കാണാതിരിക്കത്തക്കവിധം അവിശ്വാസികളുടെ മനസ്സ് ഈ ലോകത്തിന്‍റെ ദൈവം അന്ധകാരമാക്കിയിരിക്കുന്നു

അതിനാൽ ഈ തേജസ്സുള്ള സുവിശേഷം നശിച്ചു പോകുന്നവർക്ക് മറഞ്ഞിരിക്കുന്നു.ഈ ക്രൂശിൻ്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷത്വം ആകുന്നു.

2കൊരിന്ത്യര്‍ 4:4  ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നെങ്കിൽ, അത് നശിച്ചു കൊണ്ടിരിക്കുന്നവർക്കു മാത്രമാണ്.

1കൊരിന്ത്യര്‍1:18 എന്നാൽ ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തമാകുന്നു; എന്നാൽ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അതു ദൈവത്തിന്‍റെ ശക്തിയത്രേ.

എന്നാൽ ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം ഈ ലേഖനം വായിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങളെ  ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷം മനസിലാക്കാന്‍ വേണ്ടി തുറക്കട്ടെ, സത്യം അവരെ സ്വതന്ത്രം ആക്കട്ടെ എന്ന്   പ്രാര്‍ത്ഥിക്കുന്നു

ബ്രദർ ജിനു നൈനാൻ