QA

‘പാപം’, ‘നിത്യരക്ഷ’ എന്നിവ എന്താണ്? യേശുവിനു നമ്മെ എപ്രകാരം സഹായിക്കാന്‍ സാധിക്കും?

Date Added : 17-02-2018

Answer: പാപം എന്ന വാക്കിന്‍റെ മൂല പദത്തിലെ അര്‍ഥം, ലക്‌ഷ്യം തെറ്റുക, ലക്ഷ്യത്തില്‍ നിന്നും വീണു പോകുക എന്നിവയാണ്, അതിനാല്‍ എന്തായിരുന്നു നമ്മെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിനു ഉണ്ടായിരുന്ന ലക്‌ഷ്യം എന്ന് മനസ്സിലക്കേണം.എങ്കില്‍ മാത്രമേ നമുക്ക് പാപം എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ഥം മനസ്സിലാകുകയുള്ളൂ. ദൈവവചനം പറയുന്നു. “എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു ഇല്ലാത്തവരായി തീര്‍ന്നു”  (റോമര്‍ 3:23).അതായതു ദൈവം നമ്മെ സൃഷ്ടിച്ചപ്പോള്‍ ഉണ്ടായിരുന്ന ദൈവീക ലക്‌ഷ്യം ദൈവത്തിന്‍റെ തേജസ്സു, സ്വരൂപം ആയിരുന്നു. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ദൈവത്തിന്‍റെ സ്വരൂപത്തില്‍ അഥവാ സ്വഭാവത്തില്‍  ആയിരുന്നു. അതില്‍ നിന്നും ആണ് മനുഷ്യന്‍ വീണു പോയത്, അതിനാല്‍ പാപം എന്നത് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ സ്വഭാവവും, അതില്‍ നിന്നും വീണു പോയ മനുഷ്യന്‍റെ ഇപ്പോഴുള്ള അവസ്ഥയും തമ്മിലുള്ള അന്തരം ആണ്. അതായതു പരിശുദ്ധനായ ദൈവവും, വീണു പോയ മനുഷ്യനും തമ്മിലുള്ള വ്യത്യാസം ആണ് പാപം.

പാപം എന്താണ് എന്ന് മനസ്സിലായെങ്കില്‍ മാത്രമേ  നമുക്ക് രക്ഷ എന്താണ് എന്ന് മനസ്സിലാക്കാന്‍ കഴിയൂ, ആദ്യമനുഷ്യനായ ആദം ദൈവകല്പന ലംഘിച്ചതിലൂടെ,അവനും അവനില്‍ നിന്നും ജനിച്ച മനുഷ്യജാതി മുഴുവനും ദൈവതെജസ്സ് നഷ്ടപ്പെട്ടവന്‍ ആയി, ഈ  വീണു പോയ അവസ്ഥയില്‍ നിന്നും , തിരികെ ദൈവം നമ്മെ സൃഷ്‌ടിച്ച അതേ ദൈവ സ്വരൂപതിലേക്ക്  നമ്മെ തിരികെ രൂപാന്തരപ്പെടുതുന്നത്  ആണ് യഥാര്‍ത്ഥ രക്ഷ, അല്ലാതെ മനുഷ്യനെ നരകത്തില്‍ നിന്നും രക്ഷിച്ചു സ്വര്‍ഗത്തില്‍ കൊണ്ട് പോകാനുള്ള കുറുക്കു വഴി അല്ല ദൈവവചനം വെളിപ്പെടുത്തുന്ന രക്ഷ.

ഇനി യേശുക്രിസ്തുവിനു  ഈ  രക്ഷക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് യഥാര്‍ത്ഥ ചോദ്യം, യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനു മാത്രമേ ഈ പാപ അവസ്ഥയില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. എല്ലാവരും ആദമില്‍ പാപികള്‍ ആയപ്പോള്‍,ദൈവ തേജസ്സു നഷ്ടപ്പെട്ടവര്‍ ആയപ്പോള്‍, ആദാമിന് ശേഷം ഭൂമിയില്‍ പാപമില്ലതവനായി,ദൈവസ്വരൂപത്തില്‍  ജനിച്ച,പാപം ചെയ്യാതെ ദൈവത്തെ, ദൈവത്തിന്‍റെ സ്വഭാവത്തെ, സ്വരൂപത്തെ, പൂര്‍ണ്ണമായും വെളിപ്പെടുത്തിയ  ഏക മനുഷ്യന്‍ യേശു ക്രിസ്തുവാണ്. പാപങ്ങള്‍ക്ക്‌ പരിഹാരം വരുത്തുവാന്‍ പാപമില്ലാത്ത ഒരു വ്യക്തി തന്നെ വേണം. യേശു പാപമില്ലതവനായി ജനിച്ചു, ജീവിച്ചു ആയതിനാല്‍ മാനവരാശിയുടെ പാപം ഇല്ലാതാക്കുവാനുള്ള യോഗ്യത ഉള്ളവനായി തീര്‍ന്നു. പാപത്തിന്‍റെ ശമ്പളം, ദൈവത്തില്‍ നിന്നുള്ള വേര്‍പാട് ആയ അത്മീകമരണവും, അതിന്‍റെ അനന്തരഭലമായ ശാരീരിക മരണവും ആകയാല്‍ യേശു സകല മനുഷ്യരുടേയും പാപങ്ങള്‍ക്ക് വേണ്ടിയുള്ള മരണം ക്രൂശില്‍ വഹിച്ചു. രക്തം ചിന്തിയിട്ടല്ലാതെ മോചനം ഇല്ല എന്ന് ദൈവവചനം പറയുന്നു. സകല മനുഷ്യരുടെയും പാപത്തിന്‍റെ ഫലമായ മരണം താന്‍ ഏറ്റെടുത്തു, പാപമില്ലാത്ത രക്തം പകരമായി കൊടുത്തു നമ്മെ  മരണത്തില്‍ നിന്ന് മോചിപ്പിച്ചു ദൈവവുമായി വീണ്ടും നിരപ്പ് വരുത്തി.അങ്ങനെ മനുഷ്യന് ആദിയില്‍,പാപത്തില്‍ ദൈവവുമായി വേര്പെടുന്നതിനു മുന്‍പുള്ള അവസ്ഥയിലെപോലെ ദൈവുമായുള്ള കൂട്ടായ്മ സാധ്യമാക്കി.

എന്നാല്‍ അത് മാത്രമല്ല, യേശു മരണത്തെ തോല്‍പ്പിച്ചു താന്‍ ഉയര്‍ത്തെഴുന്നേറ്റതിനാല്‍ ഇന്ന്  അവനെ സ്വീകരിക്കുന്നവര്‍ക്ക്  അവന്‍റെ ജീവന്‍ ആയ നിത്യജീവന്‍ നല്‍കാനും അവനു  കഴിയും. താന്‍ പാപിയാണ് എന്ന് തിരിച്ചറിയുന്ന ഒരുവന്‍, മാനസന്തരപ്പെട്ടു  യേശുക്രിസ്തുവിനെ തന്‍റെ ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിക്കുമ്പോള്‍   അവനില്‍  യേശുക്രിസ്തു കടന്നു വരികയും,അവന്‍   ക്രിസ്തുവിന്‍റെ ജീവന്‍ ആയ നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നു.ആ  ജീവന്‍ ലഭിച്ച മനുഷ്യന് ദൈവവുമായി വീണ്ടും ആദിയില്‍ ഉണ്ടായിരുന്ന ബന്ധത്തിലേക്ക് വരുവാനും, ആ ജീവനില്‍ നിറഞ്ഞു, ദൈവം നമ്മെ സൃഷിടിച്ച അതെ സ്വരൂപതിലേക്ക് തിരികെ രൂപാന്തരം പ്രാപിക്കുവാനും കഴിയും. അങ്ങനെ മനുഷ്യസൃഷ്ടിയിലെ ദൈവത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക്,  ദൈവത്തിന്‍റെ സ്വരൂപത്തെ വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക്   നമുക്ക് മടങ്ങിവരാന്‍ കഴിയുന്നു.ദൈവവുമായി ഉണ്ടാകുന്ന ആത്മാവിലെ കൂട്ടായ്മ നമ്മുടെ ശാരീരിക മരണത്തിനു ശേഷവും തുടരുനതാണ്, അത് നിത്യമാണ്.ഇതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന രക്ഷാ മാര്‍ഗ്ഗമായ സുവിശേഷം.

2Co 3:18  എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ സ്വരൂപമായി  രൂപാന്തരപ്പെടുന്നു.

 4:4  ദൈവസ്വരൂപമായ  ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

ബ്രദർ ജിനു നൈനാൻ