Articles

പുതിയ നിയമ സഭയിലെ മൂപ്പന്മാരും (പാസ്റ്റർമാർ) , ശമ്പള വ്യവസ്ഥിതിയും ഭൗതീക ജോലികളും.

Date Added : 10-08-2020

*ആദിമ  പുതിയ നിയമ സഭയിലെ മൂപ്പന്മാരും , പെന്തെകൊസ്തു  സഭകളിലെ  പാസ്റ്റർമാരും , ശമ്പള വ്യവസ്ഥിതിയും  ഭൗതീക ജോലികളും.*

 

                                                    Jinu Ninan

                                     http://www.cakchurch.com/article-details.php?id=99

 

*പുതിയ നിയമ ദൈവസഭയിലെ  പാസ്റ്റർ  അഥവാ മൂപ്പൻ ഭൗതിക ജോലികൾ ഒന്നും ചെയ്യാതെ സഭാജനങ്ങളുടെയോ, സംഘടനയുടെയോ ശമ്പളം , ദശാംശം, സ്തോത്ര കാഴ്ച എന്നിവയാൽ  മാത്രം  ഉപജീവനം നടത്തുവാൻ ദൈവവചനത്തിൽ ഉപദേശമുണ്ടോ?  സഭയിലെ ശുശ്രൂഷകന്മാര്‍ക്ക്  ഭൌതിക ജോലികള്‍ ചെയ്യാന്‍ കഴിയുമോ?  സാമ്പത്തിക കാര്യങ്ങളിൽ പുതിയ നിയമ ദൈവസഭയുടെ മാതൃക എന്താണ്?*  ഈ വിഷയങ്ങളെ പറ്റി പുതിയ നിയമ തിരുവെഴുത്തുകൾ എന്ത് പറയുന്നു?

 

ഈ ലേഖനത്തിൻ്റെ  മുഖവുരയായി ഒരു കാര്യം പറയട്ടെ, പുതിയ നിയത്തിലെ സഭക്കുള്ള നിർദേശങ്ങൾ  ആദിമ  സഭ എങ്ങനയായിരുന്നു എന്ന പശ്ചാത്തലത്തിൽ മാത്രമേ മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. *അതിനാൽ  തുടർന്ന്  എഴുതുന്ന കാര്യങ്ങൾ  ആദിമ സഭയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ്*

 

*ബൈബിളിലെ എല്ലാവർക്കുമുള്ള പൊതുവായ കൽപ്പന എല്ലാവരും സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം എന്നതാണ്*.*ഇതിൽ സഭയിലെ എല്ലാവരും; ശുശ്രൂഷകരും മൂപ്പന്മാരും ഉൾപ്പെടും*.

 

*(എഫെസ്യർ 4: 28, തെസ്സലോനിക്യർ 4: 11.12, 2. തെസ്സലോനിക്യർ 3: 8-12)*

 

എന്നാൽ അതിൽ നിന്നും ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവുള്ളവരായി; കൈകൊണ്ട് വേല ചെയ്യാതിരിക്കുവാൻ അവകാശമുള്ളത് *അപ്പോസ്തോലന്മാര്‍ക്ക്* ആണ് എന്ന് *1 കൊരിന്ത്യർ 9:14* പറയുന്നു.

 

അതിന് കാരണം അവർ യാത്ര ചെയ്യുന്നവരും സുവിശേഷം അറിയിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്യുന്നവരുമാണ് ആയതിനാൽ *അവർ സ്ഥിരമായി ജോലി ചെയ്യുന്നത് പ്രായോഗികം ആയിരുന്നില്ല*. അതിനാൽ സഭ അവര്‍ക്ക്  സാമ്പത്തികമായി സ്ഥിരമായി സഹായം ചെയ്തിരുന്നു. ഇതു തന്നെയാണ് കർത്താവും കൽപ്പിച്ചതു *(ലൂക്കോസ് 10:7)*

 

അപ്പോസ്തലന്മാർ മാത്രമല്ല; സഭ അയക്കുന്ന; സ്ഥിരമായി യാത്ര ചെയ്യുന്ന സുവിശേഷം അറിയിക്കുന്ന സുവിശേഷകര്‍ക്കും, പ്രവാചകന്മാർക്കും, ,പ്രാദേശിക സഭയിലെ മൂപ്പൻ യാത്രകൾ ചെയ്യുന്ന, സഭകൾ സ്ഥാപിക്കുന്ന ഒരു സുവിശേഷകന്‍ കൂടിയാണ് എങ്കില്‍  അദ്ദേഹത്തിനും ഈ അവകാശമുണ്ട്‌.

 

എന്നാൽ *പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുന്ന മൂപ്പന്മാർ; ശുശ്രൂഷകർ* എന്നിവർ സ്വാഭാവികമായി തുടര്‍ച്ചയായി യാത്ര ചെയ്യുന്നവർ അല്ല. സ്വാഭാവികമായി  അവരുടെ ശുശ്രൂഷ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്നതാണ്.

 

ആദിമ  സഭയിലെ മൂപ്പന്മാർ അഥവാ പാസ്റ്റർമാർ നാം ഇന്ന് പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിൽ കാണുന്നതു പോലെ ഏതെങ്കിലും സംഘടനകൾ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുകയും ചെയ്യുന്നവരോ സംഘടനയുടെ ശമ്പളം കൈപ്പറ്റുന്നവരോ ആയിരുന്നില്ല.

 

അവർ പ്രാദേശിക സഭയിൽ തന്നെയുള്ള ആത്മീയരായ, പക്വതയുള്ള  മുതിര്‍ന്ന സഹോദരന്മാർ ആയിരുന്നു. ഏതെങ്കിലും സംഘടന പുറത്തു നിന്നും നിയമിക്കുക ആയിരുന്നില്ല , പകരം സഭകൾ സ്ഥാപിക്കുന്ന അപ്പോസ്തലന്മാർ സഭയിലെ ആത്മീയ സഹോദരന്മാരെ കണ്ടെത്തി; അവരെ പരിശീലിപ്പിക്കുകയും  അവരെ സഭയുടെ പരിപാലന ശുശ്രൂഷ ഏൽപ്പിക്കുകയുമായിരുന്നു *അതിനാൽ അവർ സംഘടനയുടെയോ സഭയുടെയോ ശമ്പളക്കാര്‍ ആയിരുന്നില്ല*. *(അപ്പോസ്തല പ്രവർത്തി 14:23)*

 

ഓരോ സഭയിലും ഉണ്ടായിരുന്ന ഒന്നിലധികം മൂപ്പന്മാരുടെ പക്കൽ സഭാ പരിപാലനം ഏൽപ്പിക്കുകയായിരുന്നു അപ്പോസ്തോലിക മാതൃക. പ്രാദേശിക സഭയിൽനിന്നും അപ്പോസ്തോലന്മാര്‍  അതിനു പ്രാപ്തി  ഉള്ള മൂപ്പന്മാരെ കണ്ടെത്തി എന്നാണ് അതിനർത്ഥം. *(തീത്തോസ്1:5).*

 

അവരെ സഹായിച്ചു ശുശ്രൂഷയ്ക്കു പ്രാപ്തരാക്കുകയും അങ്ങനെ പ്രാപ്തി നേടിയവര്‍ സഭയിലെ മറ്റുള്ള സഹോദരന്മാരെ ഭാവി ശുശ്രൂഷയ്ക്ക് ഒരുക്കുകയും ചെയ്തിരുന്നു. *(എഫെസ്യര്‍ 4:12)*

 

അല്ലാതെ ഇന്നത്തെ പോലെ ഏതെങ്കിലും സംഘടനയുടെ  ബൈബിൾ കോളേജിൽ നിന്നും വേദ പഠനം നടത്തി പാസ്റ്റർ സർട്ടിഫിക്കറ്റുമായി പുറത്തുവന്ന സംഘടനയുടെ ശമ്പളക്കാരായ ചെറുപ്പക്കാര്‍ക്ക്  ദൈവസഭ ഭരിക്കാനും ഇടയ ശുശ്രൂഷ നടത്താനുള്ള അധികാരം ദൈവവചനത്തിൽ കാണുന്നതേയില്ല.

 

ആദിമ സഭയില്‍ വിശ്വാസികള്‍ പ്രാദേശിക സഭയില്‍ തന്നെ  മുതിര്‍ന്ന ഉപദേഷ്ടക്കന്മാരുടെയും, മൂപ്പന്മാരുടെയും കീഴില്‍ വചനം അഭ്യസിക്കുക ആയിരുന്നു പതിവ്. സംഘടനയുടെ അംഗത്വമോ, അംഗീകാരമോ, ബൈബിള്‍ കോളേജിലെ സർട്ടിഫിക്കറ്റോ ആയിരുന്നില്ല മൂപ്പനോ, ശുശ്രൂഷകനോ ആകുവാനുള്ള യോഗ്യത. *(എബ്രായർ  5: 12)*

 

പ്രാദേശിക സഭയില്‍ നിന്ന് തന്നെ മൂപ്പന്മാരില്‍ നിന്നും വചനം പഠിക്കുകയും, ജീവിതത്തിലും ശുശ്രൂഷയിലും ഉള്ള ദൈവീക അംഗീകാരം സഭക്ക് ബോധ്യപ്പെടുകയും, സഭയുടെ അംഗീകാരം ലഭിക്കുകയുമാരുന്നു യോഗ്യത. *(1. തിമൊഥെയൊസ് 3:1-5)*  

  

അതിനാൽ തന്നെ ദൈവസഭയിലെ മൂപ്പന്മാര്‍, ശുശ്രൂഷകര്‍ എന്നിവര്‍  ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ അവര്‍ *അതുവരെ എന്തു ജോലി ചെയ്തുവോ  അത് അവർ തുടരുക എന്നത് തികച്ചും സ്വാഭാവികമായിരുന്നു*. അല്ലാതെ അന്നുമുതൽ അവർ ചെയ്തുകൊണ്ടിരുന്ന ജോലി വിട്ടിട്ട് സഭയുടെ ചിലവിൽ ജീവിക്കുകയായിരുന്നില്ല

 

മാത്രമല്ല അപ്പോസ്തോലൻ എന്ന നിലയിൽ ജോലി ചെയ്യാതിരിക്കുവാൻ അവകാശമുള്ള പൗലോസ് പോലും; *സഭയിലെ മൂപ്പന്മാർക്ക് മാതൃകയായി കൈകൊണ്ട് വേല ചെയ്തു* എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.

 

(അപ്പൊ. പ്രവൃത്തികള്‍ 20: 33-35)  ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. *എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ.*

 

ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും *നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.*

 

1 തെസ്സലോനിക്യർ 2:9   സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ *നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ച് ഞങ്ങൾ രാവും പകലും വേല ചെയ്തു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.*

 

*ഈ മാതൃകയില്‍* എല്ലാവരും തങ്ങളെ അനുകരിക്കണം എന്ന് പൌലോസ് സഭയിലെ എല്ലാവരോടും കല്‍പ്പിക്കുന്നു.

 

2.തെസ്സലോനിക്യർ 3:8,9 ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് *അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.*

 

പഴയനിയമ പൗരോഹിത്യം പോലെയോ എപ്പിസ്കോപ്പൽ സഭകളിലെ പുരോഹിതന്മാരെ പോലെയോ ഇന്നുള്ളതു പോലെ, പെന്തക്കോസ്തു സംഘടനകൾ നിയമിക്കുന്ന ഏകാംഗ പാസ്റ്റർ വ്യവസ്ഥിതിയോ  ആദിമസഭയിൽ ഇല്ലായിരുന്നു.

 

ആദിമസഭയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടു പേർ എങ്കിലും സഭാ പരിപാലനത്തിനു മൂപ്പന്മാരായി ഉണ്ടായിരുന്നു.അവര്‍ ഉത്തരവാദിത്വം പങ്കു വച്ചിരുന്നു. അതു പോലെ പല ശുശ്രൂഷകൻമാരും കൃപാവര പ്രാപ്തരും സഭയിലുണ്ടായിരുന്നു.അതിനാൽ സഭയിലെ എല്ലാ കാര്യങ്ങളും, ആത്മീയവും ഭൗതികവുമായ എല്ലാ ശുശ്രൂഷയും ഒറ്റ പാസ്റ്ററുടെ മാത്രം ചുമതലയായിരുന്നില്ല.

 

ഇന്നുള്ള പെന്തക്കോസ്തു സഭകളില്‍ എല്ലാ  ആത്മീയ ശുശ്രൂഷകളും പാസ്റ്റർ എന്ന ഏക  വ്യക്തി തന്നെയാണ് ചെയ്യുന്നത്. സഭായോഗം പ്രാര്‍ത്ഥിച്ചു തുടങ്ങുന്നത് മുതൽ വചനശുശ്രൂഷ ഉൾപ്പെടെ ആശീർവാദം വരെ എല്ലാ ആത്മീയ ശുശ്രൂഷകളും പാസ്റ്റർ ആണ് ചെയ്യുന്നത് ഇതു മാത്രമല്ല വചനത്തിൽ ഇല്ലാത്ത ഭൗതിക ശുശ്രൂഷകൾ ഉദാഹരണത്തിന് വീടിന് കുറ്റിയടിക്കൽ, കട്ടിളവെപ്പ്, ഉദ്ഘാടനം ശിശു പ്രതിഷ്ഠ, വാഹന പ്രതിഷ്ഠ, ഭവന പ്രതിഷ്ഠ, വിവാഹം, സംസ്കാരം എന്നുവേണ്ട വിശ്വാസികളുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും നടക്കുന്ന ചെറുതും വലുതുമായ എല്ലാ ആത്മീയ-ഭൗതിക ശുശ്രൂഷകളും നടത്തുവാൻ അർഹതപ്പെട്ടവർ പെന്തെകൊസ്തില്‍ പാസ്റ്റർ മാത്രമാണ്.

 

എന്നാല്‍ ആദിമ സഭയില്‍ അങ്ങനെ ആയിരുന്നില്ല. സഭ ഒരു ശരീരം പോലെ കൂട്ടായി പ്രവർത്തിക്കുകയും, രാജകീയ പുരോഹിതന്മാരായ എല്ലാവരും ശുശ്രൂഷകൾ പങ്കുവെക്കുകയും ചെയ്തിരുന്നു അതിൻറെ മേൽനോട്ടം ആയിരുന്നു മൂപ്പന്മാരുടെ പ്രധാന ചുമതല. പുതിയ നിയമ ദൈവ സഭയിലെ ശുശ്രൂഷകൾ ഒന്നും തന്നെ ഒരു പക്ഷത്തുനിന്ന് മാത്രം നിർവഹിക്കപ്പെടുന്ന വൺവേ സമ്പ്രദായം അല്ല മറിച്ച് അന്യോന്യം നിർവഹിക്കപ്പെടുന്നത് ഈ യാഥാർത്ഥ്യം ആണ് അപ്പോസ്തലനായ പത്രോസ് തന്നെ ലേഖനത്തിൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നത്

 

ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് *അന്യോന്യം* ശുശ്രൂഷിപ്പിൻ. *(1പത്രോസ് 4: 10 11)* 

 

ഈ  കാരണങ്ങളാൽ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്ന ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും, ശുശ്രൂഷകൻമാരും സഭയിലെ ചുമതലകൾ വഹിക്കുന്നതിനോടുകൂടി ഭൗതിക ജോലി ചെയ്യുക *എന്നത് പ്രായോഗികവും ദൈവവചനപ്രകാരം ഉള്ളതും അപ്പോസ്തലന്മാർ അവർക്ക് കൊടുത്ത മാതൃകയും ആയിരുന്നു.*

 

സ്വന്ത കൈ കൊണ്ട് അധ്വനിച്ചതിനാല്‍  അവർക്ക്  മറ്റുള്ളവരോട് പണത്തിന് ആശ്രയിക്കേണ്ടി വന്നിരുന്നില്ല. അവര്‍ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്ന ദൈവദാസന്മാര്‍ ആയിരുന്നു. ഇന്നുള്ള പണത്തിനു വേണ്ടി മനുഷ്യരെ പ്രസാദിപ്പിക്കുന്ന, മറ്റുള്ളവരുടെ മുമ്പിൽ ദൈവനാമം ദുഷിക്കുന്ന പല ദ്രവ്യ ദാസന്മാരുടെയും ഈ അവസ്ഥയ്ക്ക് കാരണം അപ്പോസ്തോല മാതൃക അവർ കണ്ടില്ല എന്ന് നടിക്കുന്നതാണ്.

 

എന്നാൽ ഇതൊക്കെ പറയുമ്പോൾ തന്നെ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും ശുശ്രൂഷകൻമാരും വിശ്വാസികളില്‍  നിന്നുള്ള സാമ്പത്തികമായ സഹായം സ്വീകരിക്കാൻ പാടില്ല എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല, *പകരം അത് സ്വീകരിക്കാം എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്‌*. എന്നാൽ അത്  ജോലി ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവ് ആയി  ദൈവവചനം പഠിപ്പിക്കുന്നില്ല   .

 

പ്രാദേശിക സഭയിലെ മൂപ്പന്മാർ വചനത്തിലും പ്രസംഗത്തിലും കൂടുതൽ അധ്വാനിക്കുന്നവർ ആകയാൽ, അവര്‍ സഭയെ ഭരിക്കുന്നവർ ആകയാൽ അവരെ അധികം മാനിക്കണമെന്നും സ്നേഹത്തോടെ കരുതണമെന്നും *ഭൌതിക നന്മകൾ അവരുമായി പങ്കു വക്കണം* എന്നും  ദൈവ വചനം പഠിപ്പിക്കുന്നു. എന്നാൽ ഇതും ജോലി ചെയ്യാതെ സ്ഥിരമായി സഭയുടെ ചിലവില്‍ മാത്രം  ജീവിക്കുവാനുള്ള ഒഴിവു കഴിവ് അല്ല.              *(1 തിമൊഥെയൊസ് 5:17, ഗലാത്യർ 6: 6 )*

 

ഇന്ന് ഒരു സഭയുടെ അനിതരസാധാരണമായ സാഹചര്യത്തില്‍ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുകയും, ഭൌതിക ജോലി ചെയ്യാതെ  സഭയെ ശുശ്രൂഷിക്കുകയും, സഭയുടെ സാമ്പത്തിക സഹായത്തില്‍ മാത്രം ജീവിക്കുകയും ചെയ്യുന്ന മൂപ്പന്‍മാര്‍‍ ഉണ്ടാകാം. എന്നാല്‍ എന്നാൽ അത് ഒരു പൊതു തത്വമായി എടുക്കാൻ കഴിയില്ല . ആദിമ ദൈവസഭയില്‍ അത് സാധാരണം ആയിരുന്നില്ല.

 

ഇതൊക്കെ പറയുമ്പോൾ പലരും പറയുന്നത് അവരെ പൂര്‍ണ്ണ സമയ സുവിശേഷ വേലക്ക് ദൈവം വിളിച്ചതിനാല്‍ അവര്‍ ജോലി ചെയ്യില്ല എന്നാണ്. ദൈവവചനത്തിൽ ഫുൾ ടൈം , പാർട്ട് ടൈം എന്നിങ്ങനെ വേർതിരിച്ചുള്ള ദൈവവേല ഇല്ല .ഫുൾ ടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്ന ആരും  ഫുൾ ടൈം അഥവാ 24 മണിക്കൂർ സുവിശേഷവേല ചെയ്യുന്നവർ അല്ല എന്ന് നമുക്ക് അറിയാം. അത് മനുഷ്യ സാധ്യവുമല്ല.

 

സാധാരണ ഭൗതിക ജോലി ചെയ്യുന്നവർ ദിവസം എട്ടു മണിക്കൂറും ആറു ദിവസവും ജോലി ചെയ്യുന്നവരാണ്.പക്ഷെ പൂര്‍ണ്ണ സമയ മിനിസ്ട്രി ചെയ്യുന്നു എന്നു പറയുന്ന പലരും ദിവസം രണ്ടു മണിക്കൂർ പോലും സുവിശേഷവേല ചെയ്യുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.അതിനാൽ ചുരുക്കത്തിൽ അവർ ജോലിയോ സുവിശേഷവേലയോ  ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചു അവിശ്വാസികളുടെ മുൻപിൽ ദൈവനാമത്തിനു ദോഷമായി ജീവിക്കുന്നു. അങ്ങനെ ആകരുത് എന്ന് അപ്പോസ്തോലന്മാർ കല്പിച്ചിരുന്നു

 

*1  തെസ്സലോനിക്യർ 4: 11.12  ഞങ്ങൾ നേരത്തെ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, അവനവന്റെ ജോലി ചെയ്ത്*, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. *അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും.* *നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല.*

 

ഇന്ന് ഫുൾടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്നവർക്ക് പലർക്കും തീർച്ചയായും ഒരു പാർട്ടൈം ജോലി എങ്കിലും ചെയ്യാവുന്നവരാണ്.എന്നാൽ അതിനുള്ള സമയം ഉണ്ട് എങ്കിലും , *സുവിശേഷവേല ചെയ്യുന്നവർ ജോലി ചെയ്യാൻ പാടില്ല എന്ന് തെറ്റായ ധാരണ നിമിത്തം* പലരും ജോലിയും സുവിശേഷവേലയും ചെയ്യാത്തവരായി മടിയന്മാരും അലസന്മാരും ആയി  തീരുന്നു.

 

ചുരുക്കത്തില്‍‍ പലരുടെയും കാര്യത്തിൽ ഫുള്‍ ടൈം സുവിശേഷ വേല എന്നത് ഫുള്‍ ടൈം ജോലി ചെയ്യാതെ, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുക എന്നതിന്‍റെ പര്യായം ആയി മാറിയിരിക്കുന്നു. ഇങ്ങനെയുള്ളവരോട് അകന്നു മാറുവാന്‍ അപ്പോസ്തോലന്മാര്‍ പ്രബോധിപ്പിക്കുന്നു.

 

*(2. തെസ്സലോനിക്യർ 3: 10, 11* ഞങ്ങൾ നിങ്ങളോടൊപ്പം *ആയിരുന്നപ്പോൾജോലി ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത് എന്നൊരു കൽപ്പന* നിങ്ങൾക്കു നൽകിയിരുന്നല്ലോ.  നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് *ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന്* ഞങ്ങൾ കേൾക്കുന്നു. അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ *ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയും ചെയ്യുന്നു.   ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ)*

 

ആത്മാര്‍ഥമായി സുവിശേഷ വേല ചെയ്യുന്നവരുടെ കാര്യം അല്ല ഇവിടെ  പരാമര്‍ശിക്കുന്നതു ,ദൈവത്താല്‍ വിളിക്കപ്പെട്ടു, ദൈവസഭയാല്‍ അയക്കപ്പെട്ടു, കേരളത്തിലും , നോര്‍ത്ത് ഇന്ത്യയിലും, ഇന്ത്യയുടെ മറ്റു സുവിശേഷം എത്താത്ത ഭാഗങ്ങളിലും ആത്മാര്‍ത്ഥമായി, ത്യാഗ മനോഭാവത്തോടെ പ്രവര്തിക്കുന്ന അനേകം സുവിശേഷകര്‍ ഉണ്ട്. അങ്ങനെ ഉള്ളവരെയാണ് ആദിമ സഭ സഹായിച്ചിരുന്നത്. എന്നാല്‍ അവര്‍ക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്ന ചില “പൂര്‍ണ്ണ സമയക്കാരുടെ”  കാര്യമാണ് പറയുന്നത്.

 

*യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ വിളി എന്നത് ജോലി ചെയ്യാതിരിക്കാനോ, ചെയ്യാനോ ഉള്ള വിളിയല്ല എന്നത് പലര്‍ക്കും അറിയില്ല*. വിളി ശുശ്രൂഷക്ക് വേണ്ടിയാണു. വിളിയുടെ പ്രത്യേകത അനുസരിച്ച്,വേലയുടെ സാഹചര്യം അനുസരിച്ച്  ചിലപ്പോള്‍ ചിലര്‍ക്ക് അവര്‍ ചെയ്യുന്ന ജോലി വിടേണ്ടി വന്നേക്കാം എന്ന് മാത്രം. അല്ലാതെ ജോലി ചെയ്യാതെ ഇരിക്കുവാന്‍ മാത്രം ഒരു വിളിയുമില്ല. *(അപ്പൊ. പ്രവൃത്തികള്‍ 13:2, മത്തായി 4 :19 )*

 

അവസാനമായി പറയട്ടെ;  ഞാന്‍ ഈ പറയുന്ന കാര്യങ്ങളും , പുതിയ നിയമത്തിലെ  മറ്റു പല കാര്യങ്ങളും ഒന്നും തന്നെ ഇന്നത്തെ പെന്തക്കോസ്ത് സഭകളുടെ സംഘടനാ സംവിധാനത്തില്‍  പ്രായോഗികമല്ല എന്ന് സമ്മതിക്കുന്നു. അതിന് കാരണം ദൈവവചനം അതുപോലെ പ്രായോഗികമാക്കാൻ കഴിയാത്ത ദൈവവചന വിരുദ്ധമായ, കേന്ദ്രീകൃത സംഘടനാ വ്യവസ്ഥിതിയില്‍  ആണ് ഇന്നത്തെ പെന്തകോസ്ത് സഭകൾ നിലനില്‍ക്കുന്നത്

 

(ദൈവവചന വിരുദ്ധമായ  ഈ കേന്ദ്രീകൃത സംഘടന സംവിധാനത്തിന്റെ ന്യായീകരണമായി പലരും പറയുന്നത്, ഒരു ആവശ്യകതയാണ് എന്നതാണ്. രാജ്യത്തെ നിയമം അനുസരിച്ച് സഭ രെജിസ്ടര്‍ ചെയ്യേണ്ടതാണ്, അതിനാല്‍ ഇത് അനിവാര്യമായ തിന്മയാണ് (necessary evil ) എന്നാണ്. ഇത് തികച്ചും തെറ്റാണു. കാരണം രാജ്യത്തെ നിയമം അനുസരിച്ച് രെജിസ്ടര്‍ ചെയ്തു; പ്രാദേശിക സഭകള്‍ ആയി ആദിമ ദൈവ സഭകളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന അനേക സഭകള്‍ ഇന്നുമുണ്ട് )

 

ഇത്തരം കേന്ദ്രീകൃത സംഘടന നിയമിക്കുന്ന,  മൂന്നു വർഷം  തികയുമ്പോൾ സ്ഥലം മാറ്റുന്ന, സംഘടനയുടെ ശമ്പളക്കാരന്‍ അയ  ഏകാംഗ പാസ്റ്റർക്ക്  സംഘടനയോ സഭയുടെയോ ശമ്പളമില്ലാതെ ജീവിക്കുക എന്നത് *ഒരിക്കലും സാധ്യമല്ല എന്നത് സത്യമാണ്.*

 

മാത്രമല്ല ആദിമ സഭയിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഏകാംഗ പാസ്റ്ററുടെ ചുമതലയിൽ സഭയിലെ ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങളും ആയിരിക്കുകയാല്‍ *ഭൌതിക ജോലി ചെയ്യുക എന്നത് പ്രായോഗികമായും അവര്‍ക്ക് അസാധ്യമാണ്.*

 

അതിനാല്‍ ഇന്ന് നിലനില്‍ക്കുന്ന കേന്ദ്രീകൃത സംഘടന വ്യവസ്ഥിതിയില്‍ ഈ പറയുന്ന ഒരു കാര്യവും പ്രാവര്‍ത്തികം ആകുകയില്ല, ഈ വ്യവസ്ഥിതിയുടെ ഭാഗമായതിനാല്‍ ഇതിനോട് ചേര്‍ന്ന് പോകുവാന്‍ നിര്‍ബന്ധിതര്‍ ആയ അനേകം ആത്മാര്‍ത്ഥതയുള്ള യഥാർത്ഥമായ വേല ചെയ്യുന്ന ദൈവദാസന്മാരും ഇതില്‍ ഉണ്ട് എന്നുള്ള കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. അവർക്കു ഈ വ്യവസ്ഥിതി കാരണം ഒരു ഭൗതിക ജോലി ചെയ്യുവാൻ കഴിയില്ല  .*അവര്‍ തെറ്റായ വ്യവസ്ഥിതിയിലെ ശരിയായ ദൈവദാസന്മാര്‍ ആണ്.*

 

ഇത്തരം പഴയ വ്യവസ്ഥിതിയില്‍, പുതിയ നിയമ സഭയുടെ ഉപദേശം പ്രാവര്‍ത്തികമാവുകയില്ല. അതിനാലാണ് കർത്താവ് ഇങ്ങനെ പറഞ്ഞത്  

 

പുതിയ വസ്ത്രം  ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല, തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും. ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും. പുതിയ  വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല. *പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും, തുരുത്തിയും നശിച്ചുപോകും* *(മത്തായി 9:16,17)*

 

ഈ പുതിയ ഉടമ്പടിയുടെ സന്ദേശം, പുതിയ നിയമ സഭയുടെ ഉപദേശം  പഴയ തുരുത്തികള്‍ ആകുന്ന വ്യവസ്ഥിതിയില്‍ പകരാന്‍ ശ്രമിച്ചാല്‍, കര്‍ത്താവ്‌ മുന്നറിയിപ്പ് തന്നത് പോലെ പോലെ തുരുത്തി പൊളിയും, വീഞ്ഞ് ഒഴുകിപ്പോകും. വസ്ത്രം കീറും, ചീന്തല്‍ ഏറ്റവും വലിയതാകും.

 

പഴയ തുരുത്തിയിൽ പുതിയ  വീഞ്ഞു ഒഴിച്ചുവയ്ക്കാൻ ശ്രമിച്ചാൽ; തുരുത്തി പൊളിയും എന്ന് അറിയാവുന്നതിനാല്‍  പഴയ തുരുത്തി എന്ന സംഘടനയുടെ ശമ്പളത്തിലും; സുരക്ഷിതത്വത്തിലും കഴിയുന്ന; വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന അഭിനവ പുരോഹിതന്മാരും, പരീശന്മാരും,   ഈ സന്ദേശത്തെ  എതിർക്കുകയും ഇത് പറയുന്നവരെ ക്രൂശിക്കാൻ ശ്രമിക്കുകയും ചെയ്യും. *(മത്തായി 7:6)*

 

ഈ കാരണം കൊണ്ട് തന്നെ ഈ ദൈവവചന വിരുദ്ധ സമ്പ്രദായത്തോടും അതിന്‍റെ നേതൃത്വത്തിലുള്ളവരോടും എതിർത്ത് നില്‍ക്കുന്നവര്‍  വളരെ വളരെ ചുരുക്കമാണ്. കാരണം അങ്ങനെ ചെയ്താൽ എല്ലാ സത്യ പ്രവാചകന്മാരെയും പോലെ അവരും ഉപദ്രവിക്കപ്പെടും.അതിനാല്‍ പലരും പഴയ തുരുത്തിയെ നന്നാക്കുവാന്‍ വൃഥാ പ്രയത്നം ചെയ്യുകയാണ്.

 

പഴയ തുരുത്തിയിൽ ഇത് ഒഴിച്ചുവയ്ക്കാൻ ശ്രമിക്കുന്ന വ്യക്തികള്‍ തങ്ങളുടെ  സമയവും, ശക്തിയും പഴാക്കുന്നവരാണ്, മാത്രമല്ല  ഒടുവില്‍ അവര്‍  പരിഹാസ്യര്‍ ആകുകയും ചെയ്യും.

 

എന്താണ് ഇതിനു പരിഹാരം? ദൈവസഭ അതിന്‍റെ ആദിമ മാതൃകയിലേക്ക് മടങ്ങിപ്പോകുക എന്നത് മാത്രമാണ് ഇതിനു പരിഹാരം. *ഒരു നവീകരണം അല്ല ഇനി നമുക്ക് ആവശ്യം ദൈവീക സത്യങ്ങളുടെ പുനഃസ്ഥാപനം ആണ്* *(Not a reformation but a complete restoration)*. അതിനു തയ്യാര്‍ ആവാത്ത പഴയ തുരുത്തികളെ ഉപേക്ഷിച്ചു പുറത്തു വരിക എന്നതാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ചെയ്യേണ്ടത്.

 

ദൈവസഭ ആദിമ ദൈവസഭയുടെ മാതൃകയിലേക്ക് പുനഃസ്ഥാപിക്കപ്പെട്ടാല്‍ ആ പുതിയ തുരുത്തിയിൽ പുതിയ നിയമ ഉപദേശം എന്ന് പുതിയ വീഞ്ഞ് ഒഴിച്ചു വയ്ക്കുവാൻ കഴിയും. അതിനാലാണ് ദൈവസഭയെ സത്യത്തിന്‍റെ തൂണും അടിസ്ഥാനവും എന്ന് വിളിക്കുന്നത്‌, ആ സത്യം പുതിയ ഉടമ്പടിയുടെ സന്ദേശമാണ് അത് ദൈവഭക്തിയുടെ മര്‍മ്മമാണ്.ദൈവസഭ അതിനെ താങ്ങി നിര്‍ത്തുന്ന ദേവാലയം ആണ് *(1 തിമോത്തിയോസ് 3:16)*  

 

യഥാര്‍ത്ഥത്തിലുള്ള പുതിയ ഉടമ്പടിയുടെ സന്ദേശം വഹിക്കുവാനുള്ള പുതിയ തുരുത്തികള്‍ ആണ് ഈ തലമുറയുടെ ഏറ്റവും വലിയ ആവശ്യകത, ഇന്ന് ഏറ്റവും ദുര്‍ലഭമായി കൊണ്ടിരിക്കുന്നതും,പുതിയ തുരുത്തിയാകുന്ന, ക്രിസ്തുവിന്‍റെ ശരീരമായ ദൈവസഭയെ പറ്റിയുള്ള വെളിപാടാണ്, ഉപദേശമാണ്.

 

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, ഇത്തരം പഴയ തുരുത്തികളെ വിട്ടു പോരുക,വിട്ടു പോരുക  വേർപെട്ട് ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ദൃശ്യരൂപമായ, ക്രിസ്തു തലയായ, ക്രിസ്തുവിന്‍റെ ജീവന്‍ വെളിപ്പെടുത്തുന്ന ഒരു പ്രാദേശിക കൂട്ടമായിരിക്കുക.

 

ദൈവം നിങ്ങളെ അക്കിവച്ചിരിക്കുന്നയിടത്, ദൈവസഭയുടെ, പുതിയ തുരുത്തിയുടെ പണിയുടെ ഭാഗമായിത്തീരുക.അതിലൂടെ ദൈവഭക്തിയുടെ മര്‍മ്മത്തിന്‍റെ, പുതിയ ഉടമ്പടിയുടെ,പുതിയ വീഞ്ഞിന്‍റെ സന്ദേശം,പുതിയ തുരുത്തിയില്‍ വഹിക്കുകയും,സൂക്ഷിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്യുക.അവിടെ മാത്രമേ ദൈവ വചന പ്രകാരമായ ഉപദേശങ്ങള്‍ പൂര്‍ണ്ണമായും പഠിപ്പിക്കുവാനും പാലിക്കുവാനും സാധ്യമാകുകയുള്ളൂ.

 

*കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.*

 

P.S : വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ താഴെയുള്ള ലിങ്കിൽ നിന്നും വായിക്കാവുന്നതാണ്

 

പുതിയ വീഞ്ഞ് പഴയ തുരുത്തിയിലേക്കോ?

http://www.cakchurch.com/article-details.php?id=92

 

ദൈവസഭ എന്ന ക്രിസ്തുവിന്റെ ശരീരവും: മനുഷ്യ നിർമ്മിത സംഘടനയായ ബാബിലോണും

http://www.cakchurch.com/article-details.php?id=16

 

വിഷയവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ലിങ്കിൽ നിന്നും കേൾക്കാവുന്നതാണ്

 

https://www.youtube.com/watch?v=5OdjdmZb3-8&t=2s

 

https://www.youtube.com/watch?v=pKZJIuE1EoE&t=1s