Articles

എങ്ങനെ ജനപ്രിയ പ്രാസംഗികൻ ആകാം ?

Date Added : 02-04-2025
Download Format:

 എങ്ങനെ ജനപ്രിയ പ്രാസംഗികൻ ആകാം ?

ജിനു നൈനാൻ 

 

ജനപ്രിയർ ആകുക, മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുക, മറ്റുള്ളവർ നമ്മെ പ്രശംസിക്കുക, നമ്മെക്കുറിച്ചു  നല്ലതു പറയുക എന്നത് മിക്ക ക്രിസ്തീയ നേതാക്കളുടെയും, പ്രത്യേകിച്ച് ക്രിസ്തീയ  പ്രസംഗകരുടെയും ആഗ്രഹം ആണ്. 

 

അടിസ്ഥാനപരമായി ഇതിനു കാരണം  മിക്ക 'ദൈവദാസന്മാരും' മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും, മനുഷ്യരെ ഭയപ്പെടുന്നവരുമായി മാറിയിരിക്കുന്നു എന്നതാണ്.

 

ക്രിസ്ത്രീയ ലോകത്തിൽ   നല്ലവരായ പല  ദൈവദാസന്മാരെയും  കാണുവാൻ കഴിയും എങ്കിലും ദൈവത്തെ മാത്രം ഭയപ്പെടാനും പ്രസാദിപ്പിക്കുവാനും  മനുഷ്യരെ ഭയപ്പെടാതിരിക്കുവാനും  പ്രസാദിപ്പിക്കാതിരിക്കുവാനും ആഗ്രഹമുള്ള  യഥാർത്ഥ ദൈവദാസന്മാരെ വളരെ ചുരുക്കമായി മാത്രമേ കാണുവാൻ കഴിയുകയുള്ളു എന്നതാണ് എൻ്റെ വ്യക്തിപരമായ അനുഭവവും അഭിപ്രായവും.

 

ഒരുവൻ  യഥാർത്ഥ ദൈവദാസൻ ആകണമെങ്കിൽ അതിനുള്ള അടിസ്ഥാന യോഗ്യത ആ  വ്യക്തി ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നവനും മനുഷ്യരെ ഭയപ്പെടാത്തവനും ആയിരിക്കണം  എന്ന് ദൈവവചനം പറയുന്നു (ഗലാ. 1: 10).

 

‘മാനുഷഭയം ഒരു കെണി ആണ്’ എന്നു ദൈവവചനം മുന്നറിയിപ്പ് തരുന്നു  (സദൃശ്യവാക്യങ്ങൾ 29:25). പല ക്രിസ്തീയ നേതാക്കളും ഈ കെണിയിൽ അറിയാതെ കുടുങ്ങി കിടക്കുന്നവരാണ്.

 

തന്നെ ദൈവം സുവിശേഷം ഭരമേല്പിച്ചതു്  തങ്ങളെ ദൈവത്തിനു കൊള്ളാവുന്നവരായി തെളിഞ്ഞാൽ ആണ് എന്നും  അതിനാൽ തങ്ങൾ  മനുഷ്യരെ അല്ല ദൈവത്തെ പ്രസാദിപ്പിച്ചു കൊണ്ടാണ് സംസാരിക്കുന്നതു എന്നും താൻ പറയുന്നു . 1 തെസ്സ. 2:4

 

നിങ്ങൾ ദൈവിക സത്യങ്ങൾ മറയില്ലാതെ  അറിയിക്കുന്ന  ഒരു യഥാർത്ഥ ദൈവദാസനാണെങ്കിൽ ഒരിക്കലൂം എല്ലാവരാലും അംഗീകരിക്കപ്പെടുന്നവൻ ആവുകയില്ല. നിങ്ങൾക്കെതിരെ   കുറ്റപ്പെടുത്തലുകളും കുറ്റാരോപണങ്ങളും തീർച്ചയായും ഉണ്ടാകും.  പലരും നിങ്ങളെ  ഒഴിവാക്കും. എല്ലാവരും നിങ്ങളെ അംഗീകരിക്കുകയും  പുകഴ്ത്തുകയും  ചെയ്യുന്നെങ്കിൽ നിങ്ങൾ മനുഷ്യരെ പ്രസാദിപ്പിക്കുന്ന  വ്യാജനാണ് എന്നുള്ളതിനുള്ള ഏറ്റവും വലിയ  തെളിവാണത്.

 

 മത്താ. 5: 11 എൻ്റെ നിമിത്തം നിങ്ങളെ അപമാനിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്ക് മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.

 

 ലൂക്കൊ. 6:26 സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.

 

കുറ്റപ്പെടുത്തലുകളും അപവാദങ്ങളും ഒഴിവാക്കുവാൻ നിങ്ങൾ  ആഗ്രഹിക്കുന്നുവെങ്കിൽ ദൈവിക സത്യങ്ങൾ പറയുന്നത് നിറുത്തുകയും, മനുഷ്യരെ പ്രസാദിപ്പിക്കുവാൻ വേണ്ടി കർണ്ണരസമാകുമാറ് സംസാരിക്കുകയും ചെയ്യുക.

 

ആരും നിങ്ങളുടെ ശത്രുക്കൾ ആകരുത് എന്നു ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ബുദ്ധിമുട്ടിക്കുന്ന സത്യങ്ങൾ പറയാതിരിക്കുക.

 

ഗലാ. 4:6 നിങ്ങളോടു സത്യം പറകകൊണ്ട് ഞാൻ നിങ്ങൾക്ക് ശത്രുവായിപ്പോയോ?

 

മനുഷ്യരെ പ്രസാദിപ്പിക്കുന്ന പ്രസംഗകരും ശുശ്രൂഷകരും  ദൈവത്തിനു പകരം മാമോനെ  സേവിക്കുന്നവർ ആണ്. മനുഷ്യരെ ഭയപ്പെടുന്ന പ്രസംഗകരും ശുശ്രൂഷകരും  ദൈവത്തെ ഭയപ്പെടാത്തവർ ആണ് .  രണ്ടു കൂട്ടർക്കും  ദൈവത്തിൻ്റെ ദാസന്മാർ ആകുവാൻ കഴിയില്ല ( മത്തായി 6 :24, ഗലാ. 1: 10).

 

മനുഷ്യരെ പ്രസാദിപ്പിക്കുവാൻ മാത്രം ആഗ്രഹിക്കുന്ന ശുശ്രൂഷകർക്കു/  പ്രസംഗകർക്കു വേണ്ടി  ചാൾസ് ഫിന്നി എന്ന ദൈവദാസൻ  "എങ്ങനെ ആർക്കും മാറ്റമുണ്ടാക്കാതെ  പ്രസംഗിക്കാം / How To Preach Without Results" എന്ന ഒരു  ലേഖനം എഴുതിയിട്ടുണ്ട്. ഏകദേശം ഇരുന്നൂറു വർഷങ്ങൾക്ക് മുൻപ് എഴുതിയ  ആ ലേഖനത്തെ അടിസ്ഥാനമാക്കി കാലാനുസൃതമായ മാറ്റങ്ങളോടെ  എഴുതിയ ഒരു സ്വതന്ത്ര ലേഖനമാണ് ഇത്. ജനപ്രിയ പ്രസംഗകരായി മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിക്കുക.

 

==============================================================================

 

ജനപ്രിയ പ്രസംഗകൻ ആകാനുള്ള മാർഗ്ഗങ്ങൾ

 

ആത്മാക്കളെ ക്രിസ്തുവിലേക്ക് നയിക്കുകയും സുവിശേഷത്തിന്റെ സത്യം അറിയിക്കുകയും  ചെയ്യുന്നതിനു പകരം നിങ്ങളുടെ സ്വന്തം ജനപ്രീതി വർദ്ധിപ്പിക്കുക, മനുഷ്യരുടെ അംഗീകാരം നേടുക, മനുഷ്യരെ പ്രസാദിപ്പിക്കുക  എന്നതൊക്കെയായിരിക്കട്ടെ  നിങ്ങളുടെ ജീവിതത്തിൻ്റെയും  പ്രസംഗത്തിൻ്റെയും  പരമോന്നത ലക്ഷ്യം.  അപ്പോൾ തീർച്ചയായും നിങ്ങളുടെ പ്രസംഗം ആ ഉദ്ദേശ്യത്തിന് അനുയോജ്യമാകും, ശ്രോതാക്കൾ വർധിക്കും (ഗലാ. 1: 10).

 

ജഡിക മനസ്സിനെ വ്രണപ്പെടുത്തുന്ന ഉപദേശങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ പൂർണ്ണമായും  ഒഴിവാക്കുക, അല്ലെങ്കിൽ  അവർ ക്രിസ്തുവിനോടു പറഞ്ഞതുപോലെ  "ഇത് കഠിനമായ വചനമാണ്, ആർക്ക് കേൾക്കാനാകും?"  എന്ന് പറഞ്ഞു നിങ്ങളെ വിട്ടുപോകും (യോഹന്നാൻ 6:60).

 

നിങ്ങളുടെ പ്രസംഗത്തിൽ വ്യക്തമായ പോയിന്റുകളൊന്നും ഉണ്ടാകരുത്, നിങ്ങളുടെ ശ്രോതാക്കളുടെ മനസ്സാക്ഷിയെ ശല്യപ്പെടുത്തരുത്, അല്ലെങ്കിൽ  അവർ അവരുടെ യഥാർത്ഥ  ആത്മിക  അവസ്ഥയെക്കുറിച്ചു  ബോധവാന്മാരാകും. അവർ നിങ്ങളെ കേൾക്കാതെ ആകും (പ്രവൃത്തികൾ 2: 37).

 

നിങ്ങൾ പറയുന്നത് ഹൃദയത്തിൽ ആഴത്തിൽ പതിയുവാനും ഓർത്തിരിക്കുവാനും സഹായിക്കുന്ന എല്ലാ ഉദാഹരണങ്ങളും, ആവർത്തനങ്ങളും ഊന്നിപ്പറയുന്ന വാക്യങ്ങളും ഒഴിവാക്കുക. പകരം ഓരോ തവണയും  കേൾവിക്കാരെ രസിപ്പിക്കുന്ന വിവിധങ്ങളായ വിഷയങ്ങൾ പ്രസംഗിക്കുക. അപ്പോൾ അവർക്കു  നിങ്ങളുടെ പ്രസംഗം ഇഷ്ടപ്പെടും (2 തിമൊഥെയൊസ് 4:7).

 

നിങ്ങളുടെ പ്രസംഗത്തിലെ ചൂടും ആത്മാർത്ഥതയും തീക്ഷ്ണതയും എല്ലാം  ഒഴിവാക്കുക, നിങ്ങളുടെ പ്രസംഗം ഒരു ചത്ത  പ്രബന്ധം പോലെ ആകട്ടെ.  അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്നതും പ്രസംഗിക്കുന്നതും ഒരേയൊരു സത്യത്തെയാണ് എന്നുള്ള ധാരണ കേൾവിക്കാരിൽ ഉണ്ടാകും  (പ്രവൃത്തികൾ 26:27,28 ).

 

വൈകാരികമായി മാത്രം പ്രസംഗിക്കുക. ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂർച്ചയേറിയ ദൈവവചനം കേൾവിക്കാരുടെ ചിന്തകളെയും വിചാരങ്ങളെയും  വേർപെടുത്തും വിധം തുളച്ചു ചെല്ലാൻ ഇടയാകരുത്. അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. (എബ്രായർ 4:12-13)

 

നിങ്ങളുടെ ശ്രോതാക്കളുടെ മനസ്സാക്ഷിയെ മുറിപ്പെടുത്തരുത്, അവരുടെ ചിന്തകളെ സ്വാധീനിക്കരുത്,  അവരുടെ  വികാരങ്ങളെ മാത്രം അഭിസംബോധന ചെയ്യുക. അപ്പോൾ താൽക്കാലിക അനുഭവങ്ങളിൽ  അവർ സംതൃപ്‌തരാകും. (എബ്രായർ 4:12)

 

സുവിശേഷത്തിന്റെ ശക്തിയെക്കുറിച്ച് നിങ്ങളുടെ സ്വന്തം അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ശ്രോതാക്കൾക്ക് അവർക്ക് ആവശ്യമുള്ളത് എന്തെങ്കിലും അതിൽ  ഉണ്ടെന്ന് ബോധ്യപ്പെടും.  (പ്രവൃത്തികൾ 26:28 )

 

നിങ്ങളുടെ ശ്രോതാക്കളെ അവരുടെ പാപങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് അസുഖകരമായ ഓർമ്മകളെ ഉണർത്തരുത്. അത് അവരെ അസ്വസ്ഥരാക്കും. ( പ്രവൃത്തികൾ 7: 51 )

 

പാപത്തെ നിങ്ങൾ പൊതുവായി മാത്രം  അപലപിക്കുക, എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ കേൾവിക്കാരുടെ  പ്രത്യേക പാപങ്ങളെ ഒരിക്കലും  പരാമർശിക്കരുത്. അവർ നിങ്ങളെ ഒഴിവാക്കും.(പ്രവൃത്തികൾ 2: 35)

 

സത്യം അനുസരിക്കാൻ ദൈവം നിങ്ങളുടെ ശ്രോതാക്കളോട് ഇവിടെ ഇപ്പോൾത്തന്നെ കല്പിക്കുന്നു എന്ന ധാരണ കേൾവിക്കാരിൽ  ഉണ്ടാക്കരുത്. തങ്ങളുടെ  ഹൃദയം അപ്പോൾത്തന്നെ ദൈവത്തിനു സമർപ്പിക്കാൻ അവർ തയ്യാറാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ചിന്തിക്കുവാനും ഇടയാകരുത്. (അപ്പൊ. പ്രവൃത്തികൾ 17:30,31)

 

നിങ്ങളുടെ കേൾവിക്കാർ അവരുടെ  പാപങ്ങളിൽ നിന്ന് മനസാന്തരപ്പെടണമെന്നു പ്രസംഗിക്കരുത്, അവരുടെ സൗകര്യാർത്ഥം  അക്കാര്യം പരിഗണിക്കുവാൻ അവരെ വിടുക.  (അപ്പൊ. പ്രവൃത്തികൾ 2:38, 26:18 )

 

അനുസരിക്കാനുള്ള അവരുടെ കഴിവില്ലായ്മയെക്കുറിച്ച് കൂടുതൽ പ്രസംഗിക്കുക, മാനസാന്തരത്തിലൂടെ  അവരുടെ സ്വഭാവത്തിൽ  മാറ്റം വരുത്തുവാൻ  ദൈവം ആഗ്രഹിക്കുന്നു  എന്ന ബോധ്യം അവർക്കു കൊടുക്കരുത് (അപ്പൊ. പ്രവൃത്തികൾ 3:19).

 

കൃപയാലുള്ള രക്ഷയെക്കുറിച്ച് മാത്രം  പ്രസംഗിക്കുക, എന്നാൽ പാപിയുടെ മരണപ്പെട്ടതും നഷ്ടപ്പെട്ടതുമായ അവസ്ഥയെപ്പറ്റി പ്രസംഗിക്കരുത്, അല്ലെങ്കിൽ യഥാർത്ഥ  കൃപകൊണ്ട് ദൈവം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവർ മനസ്സിലാക്കുകയും പാപത്തിൻ്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രരാകുകയും ചെയ്യും. (റോമർ 6:14)

 

പുറമെയുള്ള,  തൊലിപ്പുറത്തെ പ്രതിവിധിയായി മാത്രം  സുവിശേഷം പ്രസംഗിക്കുക, എന്നാൽ പാപിയുടെ അകമേയുള്ള  മാരകമായ രോഗം മറച്ചുവെക്കുകയോ അവഗണിക്കുകയോ ചെയ്യുക.(മത്താ. 23:26 )

 

പരീശന്മാരെപ്പോലെ പുറമെയുള്ള വിശുദ്ധി   ( വസ്ത്രധാരണം, പുറമെയുള്ള മാന്യത, ദശാംശം ...)  കൂടുതലായി പ്രസംഗിക്കുക, അതുവഴി അകമേയുള്ള പാപങ്ങൾ സാരമില്ലാത്തവയാണ് എന്നുള്ള ബോധ്യം കേൾവിക്കാരിൽ ഉണ്ടാക്കുക. കൊതുകിനെ അരിയ്ക്കുക ഒട്ടകത്തെ വിഴുങ്ങുക (മത്താ. 23:24 ) അപ്പോൾ നിങ്ങളെപ്പോലുള്ള പരീശന്മാർ നിങ്ങളുടെ പ്രസംഗത്തെ കൂടുതൽ ഇഷ്ടപ്പെടും.

 

ദൈവം ആവശ്യപ്പെടുന്ന  യഥാർത്ഥ ആന്തരിക  വിശുദ്ധിയുടെ നിലവാരത്തെക്കുറിച്ചു  ഒരിക്കലും സംസാരിക്കരുത് അല്ലെങ്കിൽ അതിലൂടെ പാപത്തെക്കുറിച്ചുള്ള ബോധ്യം  വരികയും  പാപി തന്റെ നഷ്ടപ്പെട്ട അവസ്ഥ കണ്ട് വരാനിരിക്കുന്ന ദൈവക്രോധത്തിൽ നിന്ന് ഒഴിഞ്ഞു പോകുകയും ചെയ്യും (റോമർ 3:20). 

 

പാപികളെ  ഭയപ്പെടുത്തുന്ന ഗൗരവമേറിയ  ഒരു അഭ്യർത്ഥനയും നടത്തരുത്.  അവർ ദൈവത്തെ ഭയപ്പെടേണ്ട,  ഭയപ്പെടാൻ അവർക്കു കാരണവുമില്ലെന്ന ധാരണ പ്രസംഗത്തിലൂടെ കൊടുക്കുക. (ലൂക്കോസ്  13:3-5, പ്രവൃത്തികൾ 24:25 )

 

ക്രിസ്തുവിനെ അനന്തമായ സൗഹാർദ്ദവും നല്ല സ്വഭാവവും സ്നേഹവും ഉള്ള  ഒരു വ്യക്തിയായും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരകനായും മാത്രം അവതരിപ്പിക്കുക.  എന്നാൽ  ക്രിസ്തു കപടഭക്തരുടെ നേരെ നടത്തിയ  കടുത്ത ശാസനകൾ അവഗണിക്കുക, അല്ലെങ്കിൽ കർത്താവിൻ്റെ പ്രസംഗത്തോട് കപടഭക്തർ പ്രതികരിച്ചതുപോലെ  നിങ്ങളുടെ  കേൾവിക്കാരിലെ കപടഭക്തർ  നിങ്ങൾക്കെതിരെ തിരിയും ( മത്താ. 21:45).

 

പാപികളോട്  സുവിശേഷം പ്രസംഗിക്കുമ്പോൾ അപ്പോസ്തോലന്മാർ ഒരിക്കൽ പോലും അവരോടു  പ്രസംഗിച്ചിട്ടില്ലാത്തതായ  " ദൈവം പാപികളെ സ്നേഹിക്കുന്നു"  എന്ന  സന്ദേശം മാത്രം  തുടർച്ചയായി പറയുക. 

 

അതെ സമയം പരിശുദ്ധാത്മാവ് പാപികൾക്ക് സുവിശേഷത്തിലൂടെ ബോധ്യം വരുത്താൻ ആഗ്രഹിക്കുന്ന " അവരുടെ പാപത്തെ കുറിച്ചും ,  ദൈവത്തിൻ്റെ  നീതിയെക്കുറിച്ചും, സുവിശേഷം നിരസിക്കുന്നതിലൂടെ  വരുവാൻ പോകുന്ന ന്യായവിധിയെയും പറ്റി ഒരിക്കലൂം പറയാതെ ഇരിക്കുക. (യോഹ. 16:8, പ്രവൃത്തികൾ 17:31  )

 

ലൗകികമായ കാര്യങ്ങൾ പ്രസംഗിക്കുക, ലൗകികരായ കേൾവിക്കാരെ വർധിപ്പിക്കുക  (1 യോഹ. 4:5).

 

നിങ്ങളുടെ എല്ലാ വിഭാഗം ശ്രോതാക്കളിലും വ്യക്തിപരമായി ജനപ്രിയനാകുക. എല്ലാവരാലും അംഗീകരിക്കപ്പെടുക എന്നത് നിങ്ങളുടെ പ്രസംഗത്തിൻ്റെ ആത്യന്തിക  ലക്ഷ്യമാക്കുക. (2 തിമൊഥെയൊസ് 4:7)

 

നിങ്ങളുടെ ശ്രോതാക്കളെ അവരിൽ തന്നെ സംതൃപ്തരാക്കാനും നിങ്ങളിൽ സംതൃപ്തരാക്കാനും ലക്ഷ്യമിടുക. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക (ഗലാ. 1: 12).

 

വിശേഷിച്ചും നിങ്ങളുടെ മുമ്പിലുള്ളവരെ നേരിട്ട്  അഭിസംബോധന ചെയ്യുന്നത്  ഒഴിവാക്കുക. പാപികളെക്കുറിച്ച് പൊതുവെ  പ്രസംഗിക്കുക, പക്ഷേ "നിങ്ങൾ" എന്നല്ല "അവർ" എന്ന് പറയുക (പ്രവൃത്തികൾ 2:36).

 

മുഖസ്തുതിയും ചക്കരവാക്കും ഉപയോഗിക്കുക. തമാശകളും, കെട്ടുകഥകളും കിഴവിക്കഥകളും നിങ്ങളുടെ പ്രസംഗത്തിൽ ആവശ്യം പോലെ ചേർക്കുക  (റോമർ 16:18; 2 തിമൊഥെയൊസ് 4:7).

 

കേൾവിക്കാർ ക്രിസ്തുവിനെ നോക്കുന്നതിനു പകരം  "ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ" എന്ന് നിങ്ങളെക്കുറിച്ചു പറയുവാൻ തക്കവണ്ണം സ്വയപ്രശംസയും, നിങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള  പ്രശംസയും  പ്രസംഗത്തിൽ തുടർച്ചയായി ചേർക്കുക (എബ്രാ.7 :4; 2 കൊരി. 3:1; 2 കൊരി. 4:5).

 

പ്രസംഗ വിഷയം തിരഞ്ഞെടുക്കുമ്പോൾ കേൾക്കുന്ന ഏതൊരാൾക്കും സന്തോഷം തോന്നുന്നതും  ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്തതുമായ വിഷയങ്ങൾ തിരഞ്ഞെടുക്കുക.( 2 തിമൊഥെയൊസ് 4:8 )

 

ഏറ്റവും പ്രധാനമായി മനുഷ്യരെ സ്വതന്ത്രരാക്കുന്നതും അതെ സമയം തന്നെ  മനുഷ്യർക്ക് ഇടർച്ചയുണ്ടാക്കുന്നതുമായ സത്യസുവിശേഷമായ 'ക്രൂശിന്റെ  വചനം'  പ്രസംഗിക്കാതിരിക്കുക (1 കൊരി. 1:23).

 

അഥവാ പ്രസംഗിക്കേണ്ടിവന്നാൽ  യേശുക്രിസ്തു ക്രൂശിൽ നിങ്ങൾക്ക് വേണ്ടി മരിച്ചു, അതിനാൽ പാപക്ഷമ ലഭിക്കും എന്നത് മാത്രം പ്രസംഗിക്കുക. ക്രൂശിലൂടെ ലഭ്യമായ പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രസംഗിക്കാതിരിക്കുക (യോഹന്നാൻ 8 :32; റോമർ 6 :6). 

 

യേശുക്രിസ്തു  തൻ്റെ  സന്ദേശങ്ങളിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകി ജീവിതം കൊണ്ടു സാക്ഷ്യം നൽകിയ ‘സ്വയം ത്യജിച്ചു സ്വന്തം ക്രൂശു എടുത്തു തന്നെ അനുഗമിക്കാനും,  സ്വന്തം ജീവനെ പകയ്ക്കാനും, നിലത്തു വീണു ചാകുവാനു’മുള്ള  ആഹ്വാനം ഒരിക്കലും നിങ്ങളുടെ സന്ദേശങ്ങളിൽ ആവർത്തിക്കാതെ സൂക്ഷിക്കുക  (മത്തായി 10:38; 11:28-30; 16:24; മാർക്കോസ്  8:34,35; ലൂക്കോസ്  9:23,24; 14:26,27; യോഹന്നാൻ  12:24).

 

ഇങ്ങനെയൊക്കെ ശ്രദ്ധിക്കാതെ ക്രൂശിൻ്റെ വചനം അതിൻ്റെ മൂർച്ചയോടെ പ്രസംഗിച്ചാൽ  നിങ്ങളുടെ പ്രസംഗത്തിലൂടെ വചനം  ആരുടെയെങ്കിലും  ഹൃദയത്തെ കുത്തും. അത് ഏറ്റെടുക്കാൻ മനസ്സില്ലെങ്കിൽ  അവർ നിങ്ങളെ ഒഴിവാക്കുകയോ ചിലപ്പോൾ  തിരിഞ്ഞു  അധിക്ഷേപിക്കുകയോ  അപമാനിക്കുകയോ  ചെയ്യും (അ.പ്ര. 7: 37).

 

അല്ലെങ്കിൽ  ദൈവവചനം ചിലർക്ക്  പാപബോധം വരുത്തി അവർ അത് സ്വന്തം ജീവിതത്തിൽ മനസാന്തരത്തിനായി ഏറ്റെടുത്തു  ആത്മാവിന്റെ രക്ഷ ഉറപ്പാക്കും. ( പ്രവൃത്തികൾ 2: 37)  രണ്ടിൽ ഏതായാലും നിങ്ങൾക്ക് ഒരു ജനപ്രിയ പ്രസംഗകൻ ആകാൻ കഴിയില്ല.  

 

=====================================================================================

 

മുകളിൽ എഴുതിയത് കൂടാതെ അതാതു കാലഘട്ടങ്ങളിലെ ജനപ്രിയരായ പ്രസംഗകരുടെ പ്രസംഗത്തിലെ രീതികൾ  കണ്ടും കേട്ടും പഠിച്ച് , അത്  പ്രയോഗത്തിൽ വരുത്തുന്നതും ഒരു ജനപ്രിയ പ്രസംഗകൻ ആകുവാൻ സഹായകമാണ്.

 

മലയാളി സമൂഹത്തിൽ ജനപ്രിയ പ്രസംഗകൻ ആകുവാൻ പൊതുവെ രണ്ടു പ്രസംഗ  രീതികൾ പിന്തുടരാം. ഒന്നുകിൽ ലോകമയത്വം, സമൃദ്ധിയുടെ സുവിശേഷം എന്നിവ പ്രസംഗിക്കുക അല്ലെങ്കിൽ പരീശ്വത്വം,  പുറമെയുള്ള അതിവിശുദ്ധി എന്നിവ പ്രസംഗിക്കുക. രണ്ടിനും നല്ല വിപണന സാധ്യതയുണ്ട്. എന്നാൽ  യഥാർത്ഥ ദൈവകൃപയുടെയും   ക്രൂശിന്റെയും വചനത്തിനു ഒരു കാലത്തും വലിയ സാധ്യത ഇല്ല.

 

( ഈ കാലഘട്ടത്തിലെ മലയാളി  ജനപ്രിയ പ്രസംഗകർ   ഉപയോഗിച്ചു വിജയിച്ച ചില പ്രസംഗ രീതികൾ  താഴെ കൊടുക്കുന്നു. )

 

==================================================================================

 

1 . യേശുക്രിസ്തുവും അപ്പോസ്തോലന്മാരും സംസാരിച്ചതുപോലെ സാധാരണ രീതിയിൽ ശാന്തമായി പ്രസംഗിച്ചാൽ പ്രസംഗകനു  'അഭിഷേകം' ഉണ്ടെന്നു ഇന്നത്തെ കാലത്തു മിക്കവർക്കും തോന്നുകയില്ല. അതിനാൽ  'അഭിഷേകം' ഉള്ള  വ്യക്തി ആണെന്ന്  കേൾവിക്കാരിൽ മതിപ്പ്‌ തോന്നിപ്പിക്കുവാൻ ഉച്ചഭാഷിണി ഉണ്ടെങ്കിൽ പോലും അലറി വിളിച്ചു മാത്രം  പ്രസംഗിക്കുക.

 

2. കേൾവിക്കാർക്കു  പ്രസംഗകൻ ഭക്തനാണ് എന്ന് തോന്നിപ്പിക്കുവാൻ ശബ്ദത്തിൽ വൈകാരികമായ  വൈബ്രേഷൻ  കൊണ്ട് വരിക എന്നത് ഇന്നത്തെ ഒരു പ്രധാന രീതി ആണ്.  എന്നാൽ എവിടെ വൈബ്രേഷൻ ഉപയോഗിക്കണം എന്നത് ഇന്നുള്ള  ജനപ്രിയ പ്രസംഗകരെ കണ്ടു പഠിക്കണം.

 

ഉദാഹരണം: ദൈവം,  കർത്താവ്, കുഞ്ഞാട്, യേശു, കാൽവറി തുടങ്ങിയ ഭക്തി പ്രകടിപ്പിക്കുന്ന വാക്കുകളിൽ  വൈബ്രേഷൻ കൊണ്ട് വരണം എന്നാൽ അഭക്തിയുടെ പ്രതീകമായ ഒരു വാക്കിലും (സാത്താൻ, ബന്ധനം, പോരാട്ടം തുടങ്ങിയവ) വൈബ്രേഷൻ കൊണ്ടുവരരുത്‌.

 

3. കേൾവിക്കാർക്കു  പ്രസംഗകൻ സാധാരണക്കാരനല്ല എന്ന്  തോന്നിക്കുവാൻ സാധാരണക്കാർ  സാധാരണയായി ഉപയോഗിക്കുന്ന വാക്കുകൾ പ്രസംഗത്തിൽ അത് പോലെ ഉപയോഗിക്കരുത്. മലയാളത്തിൽ ഇല്ലാത്ത വാക്കുകൾ ആണെങ്കിലും   ഇത്തരം പ്രയോഗങ്ങൾ  പ്രസംഗങ്ങളിൽ  ആവശ്യമാണ്. ഉദാഹരണം:-  പകൽ എന്നതിന് പകരം പകൽക്കാലം രാത്രി എന്നതിനുപകരം രാത്രിക്കാലം...ആഴ്ച എന്നതിന് പകരം ആഴ്ചവട്ടക്കാലം .... തുടങ്ങിയവ

 

4. നാം സാധാരണയായി പറയുന്ന പദങ്ങൾ കൂടുതൽ കട്ടിയായി, അതായത് ഖരത്തിനു പകരം അതിഖരം ഉപയോഗിച്ച്, പ്രസംഗിക്കണം.  എങ്കിൽ മാത്രമേ നമുക്ക് ആത്മിക അധികാരം  ഉണ്ടെന്ന് കേൾവിക്കാർക്കു തോന്നുകയുള്ളു.  ഉദാഹരണം : കർത്താവ് എന്ന് പറയുന്നതിന് പകരം 'ഖർഥാവ്‌' , ദൈവം എന്ന് പറയുന്നതിന് പകരം 'ധൈവ്വം' , വിടുതൽ എന്നതിന് പകരം " വിട്ടുഥൽ" ... തുടങ്ങിയവ

 

5. കൂടാതെ സ്റ്റേജ് മുഴുവൻ ഓടി പ്രസംഗിക്കുക, സ്ഥാനത്തും അസ്ഥാനത്തും സ്തോത്രം, ഹല്ലേലുയ്യാ , ഗ്ലോറി, ആമേൻ തുടങ്ങിയ വാക്കുകൾ അർത്ഥമില്ലാത്ത രീതിയിൽ ആവർത്തിക്കുക.അന്യഭാഷ എന്ന രീതിയിൽ  അർത്ഥമില്ലാത്ത ശബ്ദങ്ങൾ ഉണ്ടാക്കുക.

 

മുകളിൽ പറഞ്ഞത് പൊതുവെ സമൃദ്ധിയും വിടുതലും പ്രസംഗിക്കുന്നവരുടെ രീതിയാണ്. എന്നാൽ   അതിവിശുദ്ധി, പുറമെയുള്ള വിശുദ്ധി എന്നിവ പ്രസംഗിക്കുന്നതും  ഇന്നുള്ള ജനപ്രിയ  പ്രസംഗകരുടെ പൊതു രീതിയാണ്. അവരുടെ  രീതികൾ താഴെ കൊടുക്കുന്നു.

 

6. സ്ത്രീ വിരുദ്ധത പറയുക , സ്ത്രീകളെ കുറ്റപ്പെടുത്തുക , ചെറിയ കാര്യങ്ങളിൽ പോലും സ്ത്രീകളെ  പൊതു പ്രസംഗത്തിലൂടെ   അപമാനിക്കുക. അതിലൂടെ നിങ്ങൾ ഒരു അതിവിശുദ്ധൻ ആണ് എന്ന ധാരണ കേൾവിക്കാർക്കു ഉണ്ടാകും.

 

7. നിങ്ങളുടെ ഉള്ളിലെ അഴുകിയ പാപാവസ്ഥയെയും  സകല മാലിന്യത്തെയും   അശുദ്ധിയെയും  വെള്ളതേച്ചു മറയ്ക്കുവാനുള്ള ഏറ്റവും ഫലപ്രദമായ രീതി  ഇത്തരത്തിൽ  പുറമെയുള്ള അതിവിശുദ്ധി പ്രസംഗിക്കുക എന്നതാണ്. കർത്താവിൻ്റെ കാലത്തുള്ള പരീശന്മാർ വിജയകരമായി പരീക്ഷിച്ചു വിജയിച്ച രീതിയാണിത്. കർത്താവിന് ഉണ്ടായിരുന്നതുപോലുള്ള വിവേചനം  ഇന്നുള്ള ഒട്ടു മിക്ക വിശ്വാസികൾക്കും  ഇല്ലാത്തതിനാൽ ഇത് ഇന്നും വിജയിക്കും (മത്തായി 23:25 ).

 

8   നിങ്ങൾക്കോ നിങ്ങളുടെ മക്കൾക്കോ അനുസരിക്കാൻ കഴിയാത്ത വിശുദ്ധിയുടെ നിലവാരം, മാനുഷിക നിയമങ്ങൾ  മറ്റുള്ളവരോട് പ്രസംഗിക്കുക. കർത്താവിൻ്റെ കാലത്തെ പരീശന്മാരെ പോലെ  ഭാരമുള്ളതും ചുമക്കാൻ വളരെ പ്രയാസമുള്ളതുമായ ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വയ്ക്കുക; എന്നാൽ ഒരു വിരൽകൊണ്ടു പോലും ആ ഭാരം നിങ്ങൾ ചുമക്കരുത് (മത്തായി 23:4, പ്രവൃത്തികൾ 15 : 10 ).

 

9   നിങ്ങളുടെ പഴയ കാല  പാപങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് സാക്ഷ്യം എന്ന രീതിയിൽ അവതരിപ്പിക്കുക.  പൗലോസ് പറഞ്ഞത് പോലെ ലജ്ജയായതിൽ മാനം തോന്നുക ( റോമർ 6 :21 ).  

 

10   പ്രാസം, കെട്ടുകഥകൾ, വളിപ്പ് തമാശകൾ, മിമിക്രി  തുടങ്ങിയവ ഉപയോഗിക്കുക,വ്യാജ അത്ഭുതങ്ങൾ, സാക്ഷ്യങ്ങൾ   തുടങ്ങി അനേക വിദ്യകൾ  ഇന്നുള്ള  ഉണർവ്വ് പ്രസംഗകർ ഉപയോഗിക്കുന്നതു വിശദീകരിക്കുവാൻ ഉണ്ട്. എന്നാൽ വിസ്താരഭയത്താൽ എല്ലാം ലേഖനത്തിൽ എഴുതുന്നില്ല .

 

ചുരുക്കത്തിൽ യേശുക്രിസ്തുവോ അപ്പൊസ്തലന്മാരോ എങ്ങനെ പ്രസംഗിച്ചു എന്നതല്ല, ഇന്നുള്ള ജനപ്രിയ പ്രസംഗകർ എങ്ങനെ പ്രസംഗിക്കുന്നു എന്നതായിരിക്കണം നിങ്ങളുടെ  മാതൃക.

 

=======================================================================================

 

എന്നാൽ  മുകളിൽ എഴുതിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, അവ പ്രവർത്തികമാക്കിയാൽ  നിങ്ങൾക്കു  ആരെയും പിണക്കാതെ, ആരിലും ഒരു മാറ്റവുമുണ്ടാക്കാതെ,  ആരെയും അസ്വസ്ഥരാക്കാതെ പ്രശസ്തനായ, ജനപ്രിയനായ, മനുഷ്യരെ പ്രസാദിപ്പിക്കുന്ന  പ്രസംഗകൻ/ശുശ്രൂഷകൻ  ആയിത്തീരുവാൻ കഴിയും.  

 

അതോടൊപ്പം ദൈവത്തെയും ദൈവവചനത്തെയും ഈ രീതിയിൽ കച്ചവടം ആക്കുന്നതിലൂടെ നിങ്ങൾക്ക് പിശാചിൻ്റെ നല്ല ദാസനും ശുശ്രൂഷകനും  ആകുവാനും, പിശാചിനെ നമസ്കരിച്ചാൽ ലഭിക്കുന്ന “ അനുഗ്രഹങ്ങൾ“ അതു വഴി  ഈ ഭൂമിയിൽ സ്വന്തമാക്കുവാനും സാധിക്കും( മത്തായി 4:9, 2 കൊരിന്ത്യർ 11:14).

 

 

ഗലാ. 1:10  മനുഷ്യരുടെ അംഗീകാരം നേടുന്നതിനുവേണ്ടി ഞാൻ ശ്രമിക്കുന്നു എന്നു തോന്നുന്നുവോ? ഒരിക്കലുമില്ല! എനിക്കു വേണ്ടത് ദൈവത്തിന്റെ അംഗീകാരമാണ്! മനുഷ്യരെ പ്രസാദിപ്പിക്കാൻ വേണ്ടിയാണോ ഞാൻ ശ്രമിക്കുന്നത്? അപ്രകാരം ചെയ്യുന്നപക്ഷം ഞാൻ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല.

 

1 തെസ്സ. 2: 4  മനുഷ്യരെ പ്രസാദിപ്പിക്കുവാനല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെത്തന്നെ പ്രസാദിപ്പിച്ചുകൊണ്ടത്രേ ഞങ്ങൾ സംസാരിക്കുന്നത്.