Articles

കൈവെപ്പും പൗരോഹിത്യ പിന്തുടർച്ചയും – ഒരു പഠനം

Date Added : 16-07-2020

കൈവെപ്പും പൗരോഹിത്യ പിന്തുടർച്ചയും – ഒരു പഠനം
ജിനു നൈനാന്‍
www.cakchurch.com

എബ്രായ ലേഖനം ആറാമത്തെ അദ്ധ്യായത്തിൽ പറയുന്ന കൈവെപ്പ് എന്നത് അടിസ്ഥാന ഉപദേശം ആണോ? അത് പൗരോഹിത്യ പിന്തുടർച്ചക്കുള്ള കൈവെപ്പ് ആണോ?

എബ്രായ ലേഖനം ആറാം അദ്ധ്യായത്തിൽ പറയുന്ന എല്ലാ ഉപദേശങ്ങളും അടിസ്ഥാന ഉപദേശങ്ങൾ ആണ്, അതിനാൽ തന്നെ കൈവെപ്പും ദൈവസഭയുടെ അടിസ്ഥാന ഉപദേശം ആണ്

എന്നാല്‍ അവിടെ പറയുന്ന കൈവെപ്പ് എന്നത് എന്തല്ല എന്ന് തുടര്‍ന്ന് വിശദീകരിക്കാം

ഏറ്റവും പ്രധാനമായി നാം മനസ്സിലാക്കേണ്ടത് എബ്രായ ലേഖനം ആറാമത്തെ അദ്ധ്യായത്തിൽ പറയുന്ന കൈവെപ്പ് #പൗരോഹിത്യ പിന്തുടർച്ചക്ക് വേണ്ടിയുള്ള കൈവെപ്പ് അല്ല# എന്നതാണ്.

സാധാരണയായി പൗരോഹിത്യ പിന്തുടര്‍ച്ച അവകാശപ്പെടുന്നവര്‍ പഠിപ്പിക്കുന്നവർ പഠിപ്പിക്കുന്നത്. ലേവ്യപൌരോഹിത്വം ഇന്നും തുടരുന്നു എന്നാണ്.

ലേവ്യ പൗരോഹിത്യം സഖരിയാവിൽ കൂടി യോഹന്നാൻ സ്നാപകനു ലഭിച്ചുവെന്നും, യോഹന്നാൻ സ്നാപകന്‍റെ കൈവെപ്പോട് കൂടി അത് യേശുക്രിസ്തുവിനെ ലഭിച്ചുവെന്നും, യേശുക്രിസ്തുവിന്‍റെ കൈവെപ്പിനാൽ അത് 12 ശിഷ്യന്മാർക്കും ആ ശിഷ്യന്മാരിൽ നിന്നും ഇന്നുള്ള പൗരോഹിത്യ സഭകളിലെ പുരോഹിതന്മാർക്ക് പൌരോഹിത്വം ലഭിച്ചു എന്നുമാണ് പഠിപ്പിക്കപ്പെടുന്നതു. എന്നാല്‍ ഇത് ശരിയാണോ എന്ന് നമുക്ക് പരിശോധിക്കാം

ഒന്നാമതായി യേശുക്രിസ്തു പൌരോഹിത്വ ഗോത്രമായ ലേവ്യ ഗോത്രത്തിൽ അല്ല ജനിച്ചത്. മാത്രമല്ല യേശുക്രിസ്തു പുരോഹിതൻ ആയത് കൈവെപ്പിലൂടെ ഉള്ള ശാരീരിക പിന്തുടർച്ച നിയമത്താൽ അല്ല എന്ന എബ്രായ ലേഖന കർത്താവ് വളരെ വ്യക്തമായി പഠിപ്പിക്കുന്നു. എബ്രായ ലേഖനം ഏഴാം അധ്യായം പതിനാറാമത്തെ വാക്യത്തിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്

എബ്രായര്‍ 7: 16 മാനുഷികമായ #പിന്തുടർച്ചയെപ്പറ്റിയുള്ള നിയമമനുസരിച്ചല്ല,# അനശ്വരമായ ജീവന്‍റെ ശക്തി മുഖേനയാണ് അവിടുന്നു പുരോഹിതൻ ആയിരിക്കുന്നത്....

അതിനര്‍ത്ഥം യേശുക്രിസ്തു മല്‍ക്കിസദേക്കിന്‍റെ ക്രമപ്രകാരം പുരോഹിതൻ ആയത് ലേവ്യ പുരോഹിതന്മാരെ പോലെ മാനുഷികമായ പിന്തുടർച്ച നിയമത്താൽ അല്ല; അനശ്വരമായ ജീവൻറെ ശക്തിയാലാണ് എന്നാണ് എബ്രായ ലേഖന കര്‍ത്താവ്‌ പറയുന്നത്.

എഫെസ്യ ലേഖനത്തിൽ ആ ശക്തി പരിശുദ്ധാത്മാവിന്‍റേത് ആണ് എന്നും, പരിശുദ്ധാത്മ ശക്തിയാൽ യേശു മരണത്തെ തോൽപ്പിച്ചു ഉയിർത്തെഴുന്നേറ്റു എന്നും, ദൈവത്തിന്‍റെ വലതു ഭാഗത്തു ഇരുന്നു മഹാപുരോഹിതൻ എന്ന നിലയിൽ പക്ഷപാദം ചെയ്യുകയും ചെയ്യുന്നു എന്നും പൗലോസ് വ്യക്തമാക്കുന്നു.

എഫെസ്യര്‍ 1: 20 അവന്‍റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന # ശക്തി തന്നെ# ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ #മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിക്കുകയും#,.... അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, #തന്‍റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു#

അതിനാല്‍ ഹെബ്രായ ലേഖകന്‍ പറയുന്നത്. യേശുക്രിസ്തു മഹാപുരോഹിതനായതു, കൈവപ്പിനാലോ, മാനുഷിക പാരമ്പര്യമനുസരിച്ചോ, പിന്തുടർച്ചയിലോ അല്ല പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ ആണ് എന്നാണ്.

എന്നാല്‍ യേശുക്രിസ്തുവിനെ ഈ പൗരോഹിത്യം പിന്തുടര്‍ച്ച ഉള്ളത് തന്നെയാണ്; എങ്ങനെയാണ് യേശുക്രിസ്തുവിന്‍റെ പൗരോഹിത്യം തുടരുന്നത്? യേശുക്രിസ്തുവിനെ മരണത്തിൽ നിന്നും ഉയിര്‍തെഴുന്നേൽപ്പിച്ച അതേ പരിശുദ്ധാത്മാവിനാൽ നാം മരണത്തിൽ നിന്നും ഉയിര്‍തെഴുന്നേൽക്കുമ്പോൾ, അഥവാ വീണ്ടും ജനിക്കുമ്പോള്‍ നാം അതെ ക്രമത്തില്‍ പുരോഹിതന്മാര്‍ ആയിത്തീരുന്നു.

എഫെസ്യര്‍ 2:1,4 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു
അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.

1 പത്രോസ് 2: 5 - 9 വരെയുള്ള വാക്യങ്ങളിൽ പത്രോസ് അത് വിശദീകരിക്കുന്നു

മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ #ജീവനുള്ള കല്ലായ അവന്‍റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ# …., #വിശുദ്ധ പുരോഹിതവർഗമാകേണ്ടതിനു പണിയപ്പെടുന്നു#

അതെ ജീവനുള്ള കല്ലായ യേശുക്രിസ്തുവില്‍ നിന്നും ജീവന്‍ പ്രാപിക്കുന്നവര്‍ യേശുക്രിസ്തുവിന്‍റെ പൌരോഹിത്വത്തിന്‍റെ പിന്തുടര്‍ച്ചക്കാര്‍ ആണ്. വീണ്ടും ജനിച്ച ദൈവമക്കള്‍ ക്രിസ്തുവിനെപ്പോലെ രാജകീയ പുരോഹിതന്‍മാരാണ് എന്ന് അനേക വാക്യങ്ങളിൽ കൂടെ ദൈവ വചനം വ്യക്തമാക്കുന്നു

വെളിപ്പാട് 1: 6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താൽ വിടുവിച്ചു തന്‍റെ പിതാവായ #ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും# ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും;

ഇതില്‍ നിന്നും യേശുക്രിസ്തു പൌരോഹിത്വം പ്രാപിച്ചതും, അത് തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്നതും കൈവപ്പിനാല്‍ അല്ല, പകരം പരിശുദ്ധാത്മാവിനാൽ ആണ് എന്ന് നമുക്ക് മനസിലാക്കാം..അതിനാല്‍ എബ്രായ ലേഖനം ആറാം അധ്യായത്തിൽ എബ്രായ ലേഖന കർത്താവ് കൈവെപ്പ് എന്നതിൽ കൂടി ഉദ്ദേശിക്കുന്നത് പൗരോഹിത്യ പിന്തുടർച്ചക്കുള്ളതല്ല എന്നുള്ളത് സുവ്യക്തം

#അപ്പോൾ പിന്നെ എന്താണ് ഇവിടെ അടിസ്ഥാന ഉപദേശം ആയി പറയുന്ന കൈവെപ്പ് എന്നതാണ് പ്രസക്തമായ ചോദ്യം.#

അത് മനസ്സിലാകണമെങ്കില്‍ നാം ദൈവവചനത്തില്‍ നിന്നും ക്രിസ്തു ചെയ്തതും പഠിപ്പിച്ചതും അപ്പോസ്തലന്മാർ ചെയ്തതും പഠിപ്പിച്ചതും അയ കൈവെപ്പ് എന്താണ് എന്ന് പരിശോധിക്കേണ്ടി ഇരിക്കുന്നു.

തിരുവെഴുത്തുകള്‍ നാം പരിശോധിക്കുമ്പോൾ യേശുക്രിസ്തു കൈവെപ്പിനാല്‍ പൗരോഹിത്യം പ്രാപിച്ചില്ല എന്ന് മാത്രമല്ല താൻ ഒരാൾക്കുപോലും കൈവെപ്പ് വഴി പൗരോഹിത്യം പകർന്നു കൊടുത്തിട്ടില്ല എന്നും നമുക്ക് മനസ്സിലാകും. മറിച്ച് #യേശുക്രിസ്തു കൈവച്ചത് മുഴുവൻ തന്നെ രോഗികളെ സൗഖ്യമാക്കുവനായിരുന്നു.#

അടുത്തതായി യേശുക്രിസ്തു ശിഷ്യന്മാരോട് കൈവെക്കുവാന്‍ കൽപ്പിച്ചതും രോഗികളെ സൗഖ്യമാക്കുവാന്‍ വേണ്ടിയായിരുന്നു . മാര്‍ക്കോസ് 16:18

അപ്പോസ്തോല പ്രവർത്തി വായിച്ചാൽ അവർ അതേ ഉപദേശപ്രകാരം കൈവെച്ച രോഗികളെ സൗഖ്യമാക്കി എന്ന് കാണാൻ കഴിയും.

ഇനി നാം ലേഖനത്തിലേക്ക് വരുമ്പോൾ കൈവെച്ച് രോഗികളെ സൗഖ്യമാക്കുവാന്‍ ഉള്ള ഉപദേശവും കാണാൻ കഴിയും. യാക്കോബ് 5:4

അപ്പോൾ യേശുക്രിസ്തു ചെയ്തതും പഠിപ്പിച്ചതും അപ്പോസ്തലന്മാർ പഠിപ്പിച്ചതും ചെയ്തതുമായ കൈവപ്പു എന്നത് രോഗികളെ സൗഖ്യമാക്കുവാന്‍ വേണ്ടിയുള്ള കൈവപ്പാണ്

എന്നാൽ ഇതു കൂടാതെയുള്ള കൈവൈപ്പുകളും ദൈവവചനത്തിൽ കാണാൻ കഴിയും.അത് ഇപ്രകാരമാണ്.

1. ദൈവ സഭയിലെ മേശമേൽ ശുശ്രൂഷിക്കുന്നവരെ വരെ വേർതിരിക്കാൻ വേണ്ടിയിട്ടുള്ള; ഭൗതിക ശുശ്രൂഷകൾക്ക് വേണ്ടിയുള്ള കൈവൈപ്പു അപ്പൊ. പ്രവൃത്തികള്‍ 6:6


2. സഭയിലെ ആത്മീയ ശുശ്രൂഷകരേ വേർതിരിക്കുവാൻ വേണ്ടി പ്രാദേശിക സഭയിലെ മൂപ്പന്മാരും അധ്യക്ഷൻമാരും ചെയ്യുന്ന കൈവെപ്പ് അപ്പൊ. പ്രവൃത്തികള്‍ 13:13

3. പരിശുദ്ധാത്മാവിനെ പകരുവാൻ അപ്പോസ്തോലന്മാര്‍ ചെയ്ത കൈവൈപ്പ്: അപ്പൊ. പ്രവൃത്തികള്‍ 8:17

4. കൃപാവരങ്ങൾ ജ്വലിപ്പിക്കാനുള്ള കൈവെപ്പ് 2 തിമൊഥെയൊസ് 1:6


5. കൃപാവരങ്ങൾ കൊടുക്കുവാൻ വേണ്ടിയിട്ടുള്ള കൈവെപ്പ്: 1തിമൊഥെയൊസ് 4:14

6. പ്രാദേശിക സഭയിലെ ശിക്ഷണ നടപടിക്കും. യാഥാസ്താപനതിനും വേണ്ടിയുള്ള കൈവെപ്പ്: 1 തിമൊഥെയൊസ് 5:22

ഇങ്ങനെ പല തരത്തിലുള്ള കൈവെപ്പുകൾ നമുക്ക് തിരുവചനത്തിൽ കാണാൻ കഴിയും #എങ്കിലും പൗരോഹിത്യ പിന്തുടർച്ചക്ക് വേണ്ടിയിട്ടുള്ള കൈവെപ്പിനെപ്പറ്റി ഒരു വാക്യം പോലും പുതിയനിയമത്തിൽ ഒരിടത്തും നമുക്ക് കാണാൻ കഴിയില്ല.#

അങ്ങനെ വരുമ്പോൾ എബ്രായ ലേഖനം ആറാമത്തെ അദ്ധ്യായത്തിൽ പറയുന്ന കൈവെപ്പ്, മുകളില്‍ സൂചിപ്പിച്ച കൈവപ്പുകള്‍ ഒന്നുമല്ല, പകരം പുതിയ നിയമത്തില്‍ എവിടെയും കാണാത്ത പൗരോഹിത്യ പിന്തുടർച്ചയാണ് എന്ന് പറയുന്നത് തികച്ചും തെറ്റാണു.

എന്നാൽ കൈവെച്ചിട്ടല്ല എങ്കിലും അപ്പോസ്തലന്മാർ വിശ്വസ്തതയോടെ കൈമാറിയ കാര്യത്തെ പറ്റി ദൈവ വചനം പഠിപ്പിക്കുന്നു, #അത് സുവിശേഷ സത്യം എന്ന് കലർപ്പില്ലാത്ത ഉപദേശമാണ്#. ആ ഉപദേശം കൈവെപ്പില്‍ കൂടിയല്ല മറിച്ച് വിശ്വസ്ത മനുഷ്യരെ ആ ഉപദേശം പഠിപ്പിച്ചു കൊണ്ടാണ് അവർ കൈമാറിയത്

എന്നാല്‍ അത് പഠിപ്പിച്ച അപ്പോസ്തലന്മാർക്കോ കൈമാറിക്കിട്ടിയ വിശ്വസ്ത മനുഷ്യർക്കോ തെറ്റാവരമോ അപ്രമാദിത്വമോ ഇല്ല. അവർക്കും ആ വിശ്വസ്തത നഷ്ടപ്പെട്ടാൽ അവരുടെ വിശ്വാസ്യതയും നഷ്ടപ്പെടും കാരണം ആ സത്യ സുവിശേഷ സന്ദേശമാണ് പ്രാധാന്യമായിട്ടുള്ളത്

അതിനാൽ തന്നെയാണ് ഗലാത്യ ലേഖനം ഒന്നാം അധ്യായം 8, 9 വാക്യങ്ങളിൽ പൗലോസ് ഇങ്ങനെ പറയുന്നത്

8 എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി #ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ# അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി #ആരെങ്കിലും# നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ

ശ്രദ്ധിക്കുക ഇവിടെ മൂന്നു കൂട്ടരേ പറ്റി പറയുന്നു. ഞങ്ങൾ, സ്വർഗത്തിൽ നിന്ന് ഒരു ദൂതന്‍, മറ്റു ആരെങ്കിലും. അതിൽ ആദ്യം പറയുന്നത് അപ്പോസ്തലന്‍മാരേ പറ്റി തന്നെയാണ്. അവര്‍ക്ക് പോലും ഈ സന്ദേശം മാറ്റുവാന്‍ അധികാരമില്ല.

അത് കൊണ്ട് തന്നെ ഈ സത്യം അടുത്ത തലമുറയിലേക്ക് കൈമാറാൻ വേണ്ടി പൌലോസ് പോരാടി എന്നും ; പത്രോസ് എന്ന അപ്പോസ്തലനോട് പോലും എതിരത്തു നിന്നു എന്ന് നമുക്ക് കാണാൻ കഴിയും

ഗലാത്യര്‍ 2: 5 #സുവിശേഷത്തിന്‍റെ സത്യം# നിങ്ങളോടു കൂടെ നില നില്ക്കേണ്ടതിനു ഞങ്ങൾ അവർക്ക് ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.

ഗലാത്യര്‍ 2:14 അവർ #സുവിശേഷത്തിന്‍റെ സത്യം# അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞത്...

അതായത് അപ്പോസ്തലന്മാർ കൈമാറിയത് പൗരോഹിത്യം അല്ല സുവിശേഷം എന്ന സത്യവചനം ആണ്. ആ സുവിശേഷ സത്യവചനം കൊണ്ടാണ് നാം അപ്പൊസ്തലൻമാരെയോ, അപ്പോസ്തോലിക സഭയെയോ തിരിച്ചറിയുന്നതു. അതാണ് യഥാര്‍ത്ഥ സഭയെ തിരിച്ചറിയുവാനുള്ള ഉരകല്ല്

പൌലോസിനെ പോലെയുള്ള ദൈവ ദാസന്‍മാരുടെ പ്രയത്നത്താല്‍ ഇന്ന് നമുക്ക് അപ്പോസ്തലിക ഉപദേശം നമുക്ക് കൈമാറി ലഭിച്ചിരിക്കുന്നു. ഇന്ന് നമ്മൾ ഏതൊരു പ്രസ്ഥാനവും ഏതൊരു സഭയും അപ്പോസ്തോലിക മാണോ തിരിച്ചറിയണമെങ്കിൽ അപ്പോസ്തലിക ഉപദേശം വച്ച് പരിശോധിക്കാൻ കഴിയും

എന്നാൽ ഇന്ന് എന്തുകൊണ്ടാണ് ചില വ്യക്തികളും, സമൂഹങ്ങളും തിരുവെഴുത്തില്‍ എവിടെയും ഇല്ലാത്ത പൌരോഹിത്വ കൈവെപ്പ് ഉള്ളതിനാല്‍ തങ്ങള്‍ക്കു അപ്രമാദിത്യം ഉണ്ട് എന്ന് അവകാശപ്പെടുന്നത്? അതിന് കാരണം അവരുടെ ഉപദേശത്തെ തിരുവെഴുത്തു കൊണ്ട് പരിശോധിച്ചാൽ അവർ പഠിപ്പിക്കുന്നത് തെറ്റാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് ഉള്ള ഭയം കൊണ്ടാണ്. അതിനാലാണ് അവർ വചന വിരുദ്ധമായ പൌരോഹിത്വ കൈവപ്പിനു തിരുവേഴുതിനെക്കാള്‍ ഉപരിയായി ഉള്ള സ്ഥാനം ഉണ്ട് എന്ന് അവകാശപ്പെടുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ് തങ്ങളുടെ അപ്പച്ചന്മാര്‍ പഠിപ്പിച്ചതാണ് എന്ന് പറഞ്ഞു ദൈവവചന വിരുദ്ധ പാരമ്പര്യങ്ങളെ പലരും ഇന്നും പിന്തുടരുന്നത്.

അതിനാലാണ് തങ്ങള്‍ക്കു അപ്പോസ്തോല പിന്തുടര്‍ച്ച കൈവപ്പിനാല്‍ ലഭിച്ചു അതിനാല്‍ തങ്ങള്‍ പറയുന്നത് ചോദ്യം ചെയ്യാതെ അനുസരിക്കണം എന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ അപ്പോസ്തോലന്മാര്‍ ജീവിച്ചിരുന്നപ്പോള്‍ പോലും അവരുടെ ഉപദേശത്തെ തിരുവെഴുത്തു കൊണ്ടാണ് പരിശോധിചിരുന്നത് എന്നതും,അതിനാല്‍ ആണ് അപ്പോസ്തോലന്മാര്‍ എന്ന് അവകാശപ്പെട്ടവരെ അവര്‍ വ്യാജരാണെന്ന് കണ്ടെത്തിയതും എന്നതും അവര്‍ സൌകര്യപൂര്‍വ്വം മറച്ചു വക്കുന്നു.

അപ്പൊ. പ്രവൃത്തികള്‍ 7:11 ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താൽപ്പര്യത്തോടെ #വചനം സ്വീകരിക്കുകയും അത് ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു.#

വെളിപ്പാട് 2:2 അപ്പൊസ്തലരല്ലെങ്കിലും സ്വയം #അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്ന് കണ്ടെത്തിയതും# ഞാൻ അറിയുന്നു


ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ ഇന്നും നമുക്ക് വ്യാജന്മാരെ തിരിച്ചറിയാന്‍ കഴിയുന്നത്‌ സത്യ സുവിശേഷം കൊണ്ടാണ്.ഇന്നുള്ള ഏതു പ്രസ്ഥാനത്തിന്‍റെയും (പെന്തെകൊസ്തോ, കത്തോലിക്കയോ, ഓര്തെടോക്സോ....) ഉപദേശം നാം തിരുവെഴുതുമായി പരിശോധിക്കുകയും ശരിയല്ല എങ്കില്‍ തള്ളിക്കളയെണ്ടതുമാണ്. അതിനു പകരം ഞങ്ങളുടെ അപ്പച്ചന്മാര്‍ പഠിപ്പിച്ച ഉപദേശം ആയതിനാല്‍ അത് ശരിയാണ് എന്നോ, തങ്ങള്‍ കൈവപ്പു ഉള്ളവരാണ് അതിനാല്‍ തങ്ങള്‍ക്കു അപ്രമാദിത്യം ഉണ്ട് എന്ന് ആരെങ്കിലും അവകാശപ്പെടുകയും ചെയ്യുന്നു എങ്കില്‍ അത്തരം അവകാശവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല.

കൈവെപ്പും പൗരോഹിത്യ പിന്തുടർച്ചയും - മറുപടി