അനുകരിക്കേണ്ടത് ക്രിസ്തുവിനെയോ, ആത്മീക ഗുരുക്കളെയോ?
അനുകരിക്കേണ്ടതും, അനുഗമിക്കേണ്ടതും ക്രിസ്തുവിനെയോ, ആത്മീക ഗുരുക്കളെയോ?
ജിനു നൈനാൻ
ക്രിസ്തീയ ലോകത്തിൽ പലപ്പോഴും കാണുന്ന തെറ്റായ ഒരു പ്രവണതയാണ് ദൈവവചനം പറയുന്ന സന്തുലിതാവസ്ഥ വിട്ടു ഏതെങ്കിലും ഒരു ഭാഗത്തേക്ക് കൊണ്ട് പോകുന്ന ഉപദേശ രീതികൾ. പലപ്പോഴും ഒരു ഭാഗത്തേക്കുള്ള തെറ്റായ തീവ്രമായ ഉപദേശത്തോടുള്ള എതിർപ്പ് പലരെയും ദൈവവചനം പറയുന്ന സന്തുലിതാവസ്ഥ വിട്ടു എതിർ ദിശയിലേക്കു കൊണ്ടുപോകാറുണ്ട്.
ഈ വിഷയത്തിലും സന്തുലിതമല്ലാത്ത, അധവാ ദൈവവചനം പഠിപ്പിക്കാത്ത വിപരീത ദിശയിൽ ഉള്ള രണ്ടു ഉപദേശങ്ങൾ നമുക്ക് കാണാൻ കഴിയും
ആദ്യത്തേത് തങ്ങളുടെ നേതാക്കളെ, ആത്മീക ഗുരുക്കന്മാരെ അന്ധമായി അനുഗമിക്കുന്ന അനുയായികളുടെ അഥവാ അന്ധാരാധകരുടെ ( cult ) രീതിയാണ്.
നാം മനസ്സിലാക്കേണ്ടത്, നമുക്ക് അനുകരിക്കുവാനും, പിന്തുടരുവാനും മാതൃകയാക്കുവാനും കഴിയുന്ന, ഒരിക്കലും തെറ്റിക്കൂടാത്ത പരിപൂർണ്ണമായ മാതൃക യേശുക്രിസ്തു മാത്രമാണ്. നാം അനുഗമിക്കുന്ന ലോകത്തിലെ എത്ര ആത്മീകനായ വ്യക്തിയാണ് എങ്കിലും അവർ എല്ലാം തെറ്റുകൾ പറ്റിയിട്ടുള്ള, തെറ്റുകൾ പറ്റുന്ന അപൂർണ്ണരായ മനുഷ്യർ മാത്രമാണ്.
നാം ഈ ലോകത്തിലെ ഏതെങ്കിലും ആത്മീക നേതാവിനെ തെറ്റ് പറ്റാത്ത മാതൃക എന്ന നിലയിൽ പിന്പറ്റുകയാണ് എങ്കിൽ നാം വളരെ അപകടകരമായ പാതയിൽ ആണ് യാത്ര ചെയ്യുന്നത്. അതിനു കാരണം ആ നേതാവ് പറയുന്നതും , ചെയ്യുന്നതും എല്ലാം തെറ്റിക്കൂടാത്തവണ്ണം പൂർണ്ണമാണ് എന്ന ധാരണ നമ്മെ ആ നേതാവിനെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും തിരുവെഴുത്തുമായി പരിശോധിക്കാതെ അന്ധമായി പിന്തുടരുവാനും , ആ നേതാവിന്റെ തെറ്റുകളെ ആവർത്തിക്കുവാനും, പ്രചരിപ്പിക്കുവാനും ഇടയാകും. അങ്ങനെയാണ് കൾട്ട് ഗ്രൂപ്പുകൾ ക്രിസ്തീയ ലോകത്തും, പൊതു ലോകത്തും ഉണ്ടാകുന്നതു.
നമുക്ക് ദൈവവചനത്തിൽ നിന്ന് തന്നെ ഇത്തരം ഉദാഹരണങ്ങൾ കാണാൻ കഴിയുന്നതാണ്. യേശുക്രിസ്തു നേരിട്ട് തെരഞ്ഞെടുക്കുകയും സ്വർഗ്ഗ രാജ്യത്തിൻറെ അഥവാ ദൈവസഭയുടെ താക്കോൽ ഏൽപ്പിക്കുകയും ചെയ്തു അപ്പോസ്തലൻ ആണ് പത്രോസ്. മാത്രമല്ല ആദിമസഭയുടെ തൂണുകളിൽ ഒരുവനായി എണ്ണപ്പട്ട അപ്പോസ്തോലനും ആയിരുന്നു പത്രോസ്.എന്നാൽ ഈ പത്രോസിനു സംഭവിച്ച ഗുരുതരമായ ഒരു തെറ്റ് നമുക്ക് ഗലാത്യ ലേഖനത്തിൽ നിന്നും കാണുവാൻ കഴിയും. യഥാർത്ഥത്തിൽ പത്രോസ് കപടം കാണിച്ചു എന്നാണ് ദൈവവചനം രേഖപ്പെടുത്തുന്നത്.( ഗലാത്യർ 2:10 )
എന്നാൽ ഒരു പക്ഷെ പത്രോസിനെ തെറ്റുപറ്റികൂടാത്ത അപ്പോസ്തോലൻ എന്ന് കരുതി പിന്തുടർന്നതു വഴിയാകാം കൂടെയുള്ള പല സഹോദരന്മാരും ബർണബാസും വരെ , പത്രോസിന്റെ കപടത്താൽ തെറ്റിപ്പോകുന്നു. എന്നാൽ താരതമ്യേന പുതിയ ശിഷ്യനായ പൗലോസ് പത്രോസിനു തെറ്റിനെ പിന്തുടരാതെ ദൈവവചനപ്രകാരം അതിനോട് എതിർത്തു നിൽക്കുന്നു. അങ്ങനെ ആ തെറ്റായ ഉപദേശം അടുത്ത തലമുറയിലേക്ക് പകരാതെ സത്യ ഉപദേശം നിലനിൽക്കുന്നു. ( ഗലാത്യർ 2:11 -15 )
ഇന്നും അനേക ദുരുപദേശ സംഘടകൾ അവർ തെറ്റിക്കൂടാത്ത നേതാവാണ് എന്ന് വിശ്വസിക്കുന്ന ഒരു നേതാവിനെ പിന്തുടരുന്നവർ ആണ്. പരസ്യമായി അവർ അങ്ങനെ പറയില്ല എങ്കിലും അവരുടെ എല്ലാ പെരുമാറ്റങ്ങളും , പ്രവർത്തികളിലും അത് പ്രകടമാകും.തങ്ങളുടെ നേതാവിന്റെ ജീവിതം, ഉപദേശം എന്നിവ തുടർച്ചയായി പുകഴ്ത്തുകയും, ഉയർത്തിക്കാണിക്കുകയും, അദ്ദേഹത്തിന്റെ വാക്കുകളെ തിരുവെഴുത്തു വച്ച് ശോധന ചെയ്യേണ്ടതിനു പകരം തിരുവെഴുത്തിനെപ്പോലെ തന്നെ ഒരു മാനദണ്ഡമായി ആയി അവർ പരിഗണിക്കുകയും ചെയ്യും.ആ നേതാവിന് ലഭിച്ച " പ്രത്യേക വെളിപാടുകൾ" ആയിരിക്കും ആ സമൂഹത്തെ പുൻപോട്ടു നയിക്കുന്നത്. എന്നാൽ അവർ പോലും അറിയാതെ അവർ അന്ധരാധനാ സമൂഹങ്ങൾ ആയി മാറ്റപ്പെടുകയാണ്.
ഏതെങ്കിലും മനുഷ്യനെ, ആ വ്യക്തി എത്ര ആത്മീയൻ ആണെങ്കിലും അദ്ദേഹത്തിൻ്റെ ജീവിതത്തെയും, ഉപദേശത്തെയും അന്ധമായി പിന്തുടരുന്നവർ തലയായ ക്രിസ്തുവിനെ മുറുകെ പിടിക്കാതെ ദൂതന്മാരെ, അല്ലെങ്കിൽ സന്ദേശ വാഹകരെ ആരാധിക്കുന്നവർ ആണ് എന്ന് പൗലോസ് കൊലോസ്യ ലേഖനത്തിൽ മുന്നറിയിപ്പ് തരുന്നു (കൊലൊസ്സ്യർ 2:18) കാലക്രമേണ ഇങ്ങനെയുള്ളവർ ക്രിസ്‌തുവിനെ വിട്ടു മനുഷ്യരെ പിന്തുടരുന്ന അന്ധാരാധനാ സമൂഹങ്ങൾ ആയി തീരും.
മനുഷ്യർ എപ്പോഴും, തങ്ങളേക്കാൾ ഉയർന്നവർ എന്ന് തോന്നുന്ന വ്യക്തികളെ ആരാധിക്കുവാൻ, അന്ധമായി അനുകരിക്കുവാൻ താല്പര്യം ഉള്ളവർ ആണ്. ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇത്തരത്തിൽ ഉള്ള ആളുകൾ ഉണ്ടായിരുന്നു. പൗലോസിനെ ആൾക്കാർ , അപ്പൊല്ലോസിന്റെ ആൾക്കാർ പത്രോസിനെ ആൾക്കാർ എന്നിങ്ങനെ വ്യക്തികളെ പിന്തുടരുന്നതിൽ അഭിമാനിക്കുന്നവരെ നമുക്ക് കൊരിന്ത്യ സഭയിൽ കാണുവാൻ കഴിയും (1 കൊരിന്ത്യർ 3: 4).
അവർ ക്രിസ്തു എന്ന തലയെ മുറുകെ പിടിക്കേണ്ടത്തിനു പകരം, ക്രിസ്തു എന്ന അടിസ്ഥാനത്തിൽ വിശ്വാസം ഉറപ്പിക്കേണ്ടതിനു പകരം മനുഷ്യരെ അന്ധമായി അനുകരിക്കുന്ന കൂട്ടർ ആണ്.എന്നാൽ അപ്പോസ്തലനായ പൗലോസ് അവരെ ശക്തമായി വിമർശിക്കുകയും, ഇത്തരത്തിൽ മനുഷ്യരിൽ പ്രശംസിക്കുന്നതു തികഞ്ഞ ജഡീകതയാണ് എന്ന് പറയുകയും ക്രിസ്തു എന്ന് അടിസ്ഥാനത്തിൽ ഉറച്ചുനിൽക്കാൻ അവരോടു ആവശ്യപ്പെടുകയും ചെയ്യുന്നു.(1 കൊരിന്ത്യർ 3: 1-10 ).
ക്രിസ്തീയ സമൂഹങ്ങളിൽ കാലാകാലങ്ങളിൽ ഉടലെടുത്ത എല്ലാ അന്ധരാരാധന സമൂഹങ്ങളെയും ( കൾട്ട് ) പഠിച്ചാൽ അവയിൽ ഒട്ടു മിക്കതും അവരുടെ നേതാവ് തെറ്റിക്കൂടാത്ത വ്യക്തിയാണ് എന്ന ബോധ്യത്തിൽ ആ നേതാവിനെ അന്ധമായി പിന്തുടരുന്നതിൽ കൂടി ഉണ്ടായവയാണ് എന്ന് നമുക്ക് മനസിലാക്കാം: ചില ഉദാഹരണങ്ങൾ
വില്യം ബ്രാൻഹാം ( ബ്രൻഹാമിസം) ജോൺ തോമസ് (ക്രിസ്റ്റഡല്ഫിയൻസ് ), എല്ലൻ ജി വൈറ്റ് (ശബത് ); ജോസഫ് സ്മിത്ത് ( മോർമോൺസ്), ചാൾസ് റസ്സൽ ( യഹോവ സാക്ഷികൾ ) സൺ മ്യങ് മൂൺ ( യൂണിഫിക്കേഷൻ ) തുടങ്ങി അനേക അന്ധരാധനാ സമൂഹങ്ങൾ...
അതിനാൽ നാം എല്ലായ്പ്പോഴും തല അഥവാ ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നവരും, തലയിൽ നിന്നുള്ള ജീവനായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരും, ഒരു ഏതു ഉപദേശത്തെയും ഏതു വ്യക്തികളെയും തിരുവെഴുത്ത് പ്രകാരം ശോധന ചെയ്യുകയും, വിവേചിക്കുകയും ചെയ്യുന്നവർ ആയിരിക്കണം.അല്ലെങ്കിൽ നമ്മുടെ പ്രതിഫലം നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് ദൈവവചനം മുന്നറിയിപ്പ് തരുന്നു (കൊലൊസ്സ്യർ 2:19) .
എന്നാൽ ഇത്തരം തെറ്റായ രീതികളോടുള്ള എതിർപ്പ് കാരണം അതിനു നേരെ വിപരീത ദിശയിലുള്ള ഉപദേശമാണ് ലോകത്തിലുള്ള എല്ലാ മനുഷ്യരും അപൂർണ്ണർ ആയതിനാൽ, നാം ആരുടെയും ജീവിതം നോക്കുകയോ, അനുകരിക്കുകയോ ചെയ്യാൻ പാടില്ല നാം യേശുക്രിസ്തുവിനെ മാത്രമേ നോക്കുവാൻ പാടുള്ളൂ, അനുഗമിക്കാവൂ എന്നത് . മാത്രമല്ല ആത്മീകനേതാക്കളുടെ ജീവിതം നാം നോക്കേണ്ട കാര്യമില്ല അവർ പറയുന്ന ഉപദേശം ശരിയാണോ എന്ന് മാത്രം നാം നോക്കിയാൽ മതി എന്നത്.
നാം മുൻപ് കണ്ടതുപോലെ പരിപൂർണ്ണമായ മാതൃക യേശുക്രിസ്തു മാത്രം ആയിരിക്കുമ്പോൾ തന്നെ , പരിപൂർണ്ണരല്ല എങ്കിലും ക്രിസ്തുവിനെ അനുഗമിക്കുന്ന ആത്മീയമായ മാതൃകകൾ നമുക്ക് തിരുവെഴുത്തിലും ആത്മീക ലോകത്തിലും കാണുവാൻ കഴിയും .അങ്ങനെയുള്ളവരെ തിരുവെഴുത്തിൻ പ്രകാരം അനുഗമിക്കാനും അനുകരിക്കാനും ദൈവവചനം നമ്മെ ഉത്സാഹിപ്പിക്കുന്നു.
യേശുക്രിസ്തു പോയ വഴിയാണ് കുരിശിൻറെ വഴി ആ ക്രൂശിലെ വഴിയിൽ, സ്വന്തം ക്രൂശെടുത്തു തന്നെ അനുഗമിക്കുവാൻ ആണ് കർത്താവ് തൻറെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. അങ്ങനെ സ്വന്തം ക്രൂശ് എടുത്ത് കർത്താവിനെ അനുഗമിക്കുന്ന ഒരുവന് മറ്റുള്ളവരോട് താൻ ക്രിസ്തുവിനെ അനുഗമിക്കുന്നത് പോലെ തന്നെ അനുഗമിക്കുവാൻ, അനുകരിക്കുവാൻ പറയാൻ കഴിയും.
ശ്രദ്ധിക്കുക ആ വ്യക്തി ക്രിസ്തുവിനെ പോലെ ആയിത്തീർന്നത് കൊണ്ടല്ല മറിച്ച് ക്രിസ്തുവിനെ അനുഗമിക്കുന്നു എന്നത് കൊണ്ടാണ് തന്നെ അനുഗമിക്കുവാൻ മറ്റുള്ളവരോട് പറയാൻ കഴിയുന്നത്. അപ്പൊസ്തൊലനായ പൗലോസ് ആ രീതിയിൽ ആവശ്യപ്പെടുന്നത് നമുക്ക് കാണുവാൻ കഴിയും. ചുരുങ്ങിയത് നാലിടത്ത് എങ്കിലും വ്യക്തമായി തന്നെ അനുകരിക്കാൻ പൗലോസ് ശിഷ്യരോട് ആവശ്യപ്പെടുന്നു.
ഈ നാലു സന്ദർഭങ്ങളും നാം പഠിച്ചാൽ എന്താണ് തന്നെ അനുകരിക്കുക എന്നത് കൊണ്ട് പൗലോസ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം
ഒന്ന് താൻ വിശ്വാസത്താൽ ജനിപ്പിച്ച തൻറെ ആത്മീയ മക്കളോട് തന്നെ ആത്മീയ പിതാവ് എന്ന നിലയിൽ അനുകരിക്കുവാൻ പൗലോസ് ആവശ്യപ്പെടുന്നു (1 കൊരിന്ത്യർ 4:16 )
അടുത്തതു താൻ ക്രിസ്തുവിനെ അനുകരിക്കുന്നതിനാൽ തന്നെ അനുകരിക്കുവാൻ ആവശ്യപ്പെടുന്നു.(1 കൊരിന്ത്യർ 11 : 1 )
മൂന്നാമതു താൻ തികഞ്ഞവൻ, അഥവാ പൂർണ്ണൻ ആയതു കൊണ്ടല്ല മറിച്ചു ക്രിസ്തുവിനെ പിന്തുടരുന്നതിനാൽ തന്നെ പിന്തുടരാൻ പൗലോസ് ആവശ്യപ്പെടുന്നു (ഫിലിപ്യർ 3:17)
നാലാമത് താൻ സ്വന്തകൈ കൊണ്ട് അധ്വാനിക്കുന്നതിനാൽ അത് മാതൃകയാക്കുവാൻ, തന്നെ അനുകരിക്കുവാൻ ആവശ്യപ്പെടുന്നു. (2തെസ്സലോനിക്യർ 3:7)
ഇങ്ങനെ വളരെ വ്യക്തമായി തന്നെ അനുകരിക്കാൻ തന്നെ മാതൃക അനുകരിക്കാൻ പൗലോസ് തൻറെ ശിഷ്യരോട് ആവശ്യപ്പെടുന്നത് കാണാം.
പൗലോസ് തന്നെ മാത്രമല്ല; ഇതേ മാതൃകയിൽ കർത്താവിനെ അനുകരിക്കുന്ന മറ്റുള്ളവരെയും കുറി കൊള്ളാനും അവരെയും അനുഗമിക്കുവാനും ആവശ്യപ്പെടുന്നു (ഫിലിപ്യർ 3:17) . എബ്രായ ലേഖനത്തിൽ തങ്ങളെ നടത്തിയ നേതാക്കളുടെ ജീവിതം നോക്കിയിട്ടു അവരുടെ വിശ്വാസം അനുകരിക്കാൻ ലേഖകൻ ആവശ്യപ്പെടുന്നു.( ഹെബ്രായർ 3 :17 ) തന്നെ മാതൃകയാക്കുവാനും വിശ്വാസികൾക്കു മാതൃകയാകുവാനും പൗലോസ് തിമോത്തിയോസിനെ ഉപദേശിക്കുന്നു.
യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ താൻ ലോകത്തിൻറെ വെളിച്ചമാണ് എന്ന് അവകാശപ്പെട്ടു.എന്നാൽ കർത്താവ് പോയതിനുശേഷം തൻറെ ശിഷ്യന്മാരാണ് ഈ ലോകത്തിൻറെ വെളിച്ചമെന്ന് കർത്താവുതന്നെ പറഞ്ഞു. വെളിച്ചം എപ്പോഴും വഴി കാണിക്കാൻ ഉള്ളതാണ്. അതായത് ഇന്ന് യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ ലോകത്തിൽ മറ്റുള്ളവർക്ക് വെളിച്ചമായി വഴി കാണിക്കുന്നവരാണ് അതിനാൽ അവരെ നമുക്ക് അനുഗമിക്കുവാൻ കഴിയും. അങ്ങനെ കർത്താവിനെ അനുഗമിക്കുന്നവർക്കു മറ്റുള്ളവരോട് , തങ്ങൾ ക്രിസ്തുവിനെ അനുഗമിക്കുന്നതിനാൽ ( പൂർണ്ണർ ആയതിനാൽ അല്ല ) മറ്റുവരോട് തങ്ങളെ നോക്കുവാനും അനുഗമിക്കുവാനും പറയാൻ കഴിയും.
നാം നമ്മുടെ ലോകത്തിൽ ക്രിസ്‌തുവിൻറെ പത്രങ്ങളും, ക്രിസ്തുവിന്റെ സ്വാഭാവത്തെ കണ്ണാടി പോലെ പ്രതിബിബിക്കുന്നവരും, ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നവരും ആക്കണം എന്നാണ് ദൈവം ആവശ്യപ്പെടുന്നത്.അങ്ങനെയുള്ളവർക്കു തീർച്ചയായും, തങ്ങളെ അനുകരിക്കുവാൻ മറ്റുള്ളവരോട് ആവശ്യപ്പെടാം.
ശ്രദ്ധിക്കുക; പുതിയ നിയമത്തിലെ ഒരു ക്രിസ്തു ശിഷ്യനും , താൻ ക്രിസ്തുവിനെപ്പോലെ പരിപൂർണ്ണനാണ് എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല, എന്നാൽ പൂർണ്ണരല്ല എന്ന കാരണത്താൽ അവർ തങ്ങളെ നോക്കേണ്ട ക്രിസ്തുവിനെ മാത്രം നോക്കിയാൽ മതി എന്നും ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ പറയുന്നത് താഴ്മയുടെ ലക്ഷണം ആണ് എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല. പകരം തങ്ങൾ പൂർണ്ണരല്ല എങ്കിലും ക്രിസ്തുവിനെ അനുഗമിക്കുന്നു എന്നും അതിനാൽ തങ്ങളെ അനുഗമിക്കുക എന്നും വ്യക്തമായി പഠിപ്പിച്ചു.
ഇതെല്ലാം കാണിക്കുന്നത് നമുക്ക് ഈ ഭൂമിയിൽ കർത്താവിനെ ക്രൂശു എടുത്തു കൊണ്ട് അനുഗമിക്കുന്ന വ്യക്തികളെ, അവർ അപൂർണ്ണരാണ് എന്ന് ബോധ്യത്തോടു കൂടി തന്നെ അവർ കർത്താവിനെ അനുഗമിക്കുന്ന മേഖലകളിൽ അവരെ അനുഗമിക്കാം എന്നുതന്നെയാണ്.
മാത്രമല്ല എല്ലാ മനുഷ്യരും അപൂർണ്ണർ ആകയാൽ നാം ആരുടെയും ജീവിതത്തെ നോക്കേണ്ട, മറിച്ചു ഉപദേശം മാത്രം നോക്കിയാൽ മതി എന്നല്ല ദൈവവചനം പഠിപ്പിക്കുന്നത്. കർത്താവിന്റെ ക്രൂശു എടുത്തു അവനെ അനുഗമിക്കുന്നവരെ മാതൃകയാക്കുക എന്നു മാത്രമല്ല കുരിശിൻറെ ശത്രുക്കളായവരെ ഒഴിഞ്ഞിരിക്കുവാനും ദൈവവചനം പറയുന്നു.
ഈ ക്രൂശിന്റെ ശത്രുക്കളുടെ ദൈവം വയർ ആണ് എന്നും, അവർ ലോകത്തിലുള്ളതു മാത്രം ചിന്തിക്കുന്നവർ ആണ് എന്നും അവരെ അനുഗമിക്കരുത് എന്നും വിട്ടു മാറണമെന്നും ദൈവ വചനം മുന്നറിയിപ്പ് തരുന്നു.(ഫിലിപ്യർ 3:18 )
തങ്ങൾ കാണിച്ച മാതൃക പ്രകാരം നടക്കാതെ , സ്വന്ത കൈ കൊണ്ട് വേല ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചു നടക്കുന്ന വിശ്വാസികൾ എന്ന് പറയുന്നവരെ വിട്ടൊഴിയുവാൻ പൗലോസ് ആവശ്യപ്പെടുന്നു. (2തെസ്സലോനിക്യർ 3:8 )
ഇത്തരത്തിൽ ഭക്തിയുടെ വേഷം ( ഉപദേശം ) ശരിയായി ധരിക്കുകയും, ജീവിതത്തിൽ പാപത്തിൽ തുടരുകയും ചെയ്യുന്നവരെ , ദൈവശക്തി ത്വജിക്കുന്നവരെ വിട്ടൊഴിയുവാൻ ദൈവവചനം കർശനമായി നിർദേശിക്കുന്നു. ( 2 തിമോത്തി 3 :5 -7 )
ഉപദേശമാണ് പ്രധാനം അതിനാൽ ജീവിതം വിഷയമല്ല എന്നല്ല ദൈവവചനം പഠിപ്പിക്കുന്നത്,പകരം ശരിയായ ഉപദേശം വിശ്വസിച്ചു കൊണ്ട് പാപത്തിൽ ജീവിക്കുന്നവരോട് കൂടെ ഭക്ഷണം പോലും കഴിക്കരുത് എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. (1 കൊരിന്ത്യർ 5 :9)
എന്നാൽ ഇന്ന് ഉപദേശം ശരിയായാൽ , ജീവിതം ശരിയല്ലെങ്കിലും അവരോടു കൂടെ ഭക്ഷണം കഴിക്കുന്നത് പോകട്ടെ വേദി പോലും പങ്കിടാനും, അങ്ങനെയുള്ളവരെ ഉയർത്തിക്കാണിക്കുവാനും, അവരുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാനും ആത്മീകർ എന്ന് പറയുന്നവർ തയ്യാർ ആണ്. അതിനു കാരണമായി പറയുന്നത് യേശു മാത്രമേ പൂർണ്ണൻ ഉള്ളൂ.എല്ലാവരും ഒരു പോലെ പാപികൾ ആണ്.അതിനാൽ നാം ജീവിതം നോക്കേണ്ട ഉപദേശം നോക്കിയാൽ മതി എന്നാണ്.
ഇത്തരം ദൈവവചന വിരുദ്ധ ആശയങ്ങൾ പലരും പറയുന്നത്, തങ്ങളുടെ പാപജീവിതത്തിനു ന്യായീകരണം കണ്ടെത്താൻ ആണ്. ജീവിതം നോക്കാതെ ഉപദേശം മാത്രം നോക്കിയാൽ മതി എങ്കിൽ നമുക്ക് യൂദാസിനെയും,ദേമാസിനെയും, കൊരിത്യയിലെ ദുർന്നടപ്പുകാരനെയും എന്തിനു സാത്താനെയും വരെ അംഗീകരിക്കേണ്ടി വരും.കാരണം ഇവരുടെ ഒന്നും ഉപദേശം തെറ്റാണു എന്നല്ല , ജീവിതം ആണ് തെറ്റിയത് എന്നാണ് ദൈവവചനം പറയുന്നത്.
അതിനാൽ ഉപദേശത്തിലോ , ജീവിതത്തിലോ തെറ്റിയവരെ അവർ മാനസാന്തരപ്പെട്ട് തിരിച്ചു വന്നില്ല എങ്കിൽ വിട്ടൊഴിയുവാൻ ആണ് ദൈവവചനം പഠിപ്പിക്കുന്നത്.
ചുരുക്കത്തിൽ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ നമുക്ക് ക്രിസ്തുവിനെ മാത്രമേ പൂർണ മാതൃക എന്ന നിലയിൽ അനുഗമിക്കാൻ കഴിയുകയുള്ളൂ. ഈ ലോകത്തിൽ ഉള്ള ഒരു മനുഷ്യനെയും, ഏതു ആത്മീകനെയും തെറ്റ് പറ്റാത്ത പൂർണ്ണ മാതൃക എന്ന രീതിയിൽ അനുകരിക്കാനോ, അനുഗമിക്കാനോ പാടില്ല.അങ്ങനെ ചെയ്താൽ നാം ക്രമേണ മനുഷ്യ ആരാധികളും, അന്ധരാധന സമൂഹവും ആയിത്തീരും.
എന്നാൽ അഅങ്ങനെയുള്ളപ്പോൾ തന്നെ ക്രിസ്തുവിനെ അനുഗമിക്കുന്നവരെ, ക്രൂശിന്റെ വഴിയിൽ നടക്കുന്നവരെ നമുക്ക് ദൈവവചന പ്രകാരം ശോധന ചെയ്തു കൊണ്ട് അനുഗമിക്കുവാൻ കഴിയും.അങ്ങനെ ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കു, ക്രൂശിന്റെ വഴിയിൽ നടക്കുന്നവർക്ക് തങ്ങൾ ക്രിസ്തുവിനെ അനുഗമിക്കുന്നതിനാൽ ( പൂർണ്ണർ ആയതിനാൽ അല്ല ) മറ്റുവരോട് തങ്ങളെ നോക്കുവാനും അനുഗമിക്കുവാനും പറയാൻ കഴിയും.
എന്നാൽ ക്രിസ്തുവിൻ്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നവരെ, ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തിയെ ത്വജിക്കുന്നവരെ, അവരുടെ ഉപദേശം എത്ര ശരിയാണ് എങ്കിലും നാം വിട്ടു മാറുകയും അവരെ അനുഗമിക്കരുത് എന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും വേണം എന്ന് ദൈവവചനം സുവ്യക്തമായി പഠിപ്പിക്കുന്നു.
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ