വിശ്വാസവും പ്രാത്ഥനയും ഭൗതിക ആവശ്യങ്ങളും ആത്മീക ആവശ്യങ്ങളും
വിശ്വാസവും പ്രാത്ഥനയും ഭൗതിക ആവശ്യങ്ങളും ആത്മീക ആവശ്യങ്ങളും
ജിനു നൈനാൻ
പ്രാത്ഥനയും, വിശ്വാസവും തമ്മിൽ അഭേദ്യമായി ബന്ധമുള്ളതാണ്. ദൈവവചനം പല തലങ്ങളിലും തരത്തിലുമുള്ള വിശ്വാസത്തെ പറ്റിയും പ്രാത്ഥനകളെ പറ്റിയും പഠിപ്പിക്കുന്നുണ്ട്, ചിലതു ഭൗതികമായകാര്യങ്ങളെപ്പറ്റിയുള്ളതാണ്, ചിലതു സ്വർഗീയ കാര്യങ്ങളെക്കുറിച്ചുള്ളതാണ്. ഒരു ദൈവപൈതൽ അന്വേഷിക്കേണ്ടതു ദൈവാരാജ്യവും മനസ്സ് വക്കേണ്ടതു സ്വർഗീയമായ, ഉയരത്തിലുള്ള കാര്യങ്ങളുമാണ്.
എന്നാൽ ഒരു വിശ്വാസിയുടെ ഭൗതികമായ എല്ലാ ആവശ്യങ്ങൾക്കും താൻ കർത്താവിനെ വിശ്വസിക്കണം എന്നും പ്രാർത്ഥിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവവചനം അത് പഠിപ്പിക്കുന്നു. ഭൗതിക, ശാരീരിക ആവശ്യങ്ങൾക്കുള്ള വിശ്വാസവും പ്രാത്ഥനയും അനാത്മികം ആണെന്നോ, അതൊക്കെ ദേഹിയുടെ ( soul ) തലത്തിൽ മാത്രം ഒതുങ്ങുന്നതാണ് എന്നോ, സ്വർഗീയമായ കാര്യങ്ങൾ പ്രാർത്ഥിക്കുന്നത് മാത്രമാണ് ആത്മീകം എന്നോ ദൈവവചനം പഠിപ്പിക്കുന്നില്ല.
ഉദാഹരണത്തിന്, കർത്താവ് പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ അന്നന്നത്തെ ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പഠിപ്പിച്ചു, (മത്തായി 6:11) രോഗ സൗഖ്യത്തിനു തന്റെ അടുക്കൽ വന്നവരോട്,തനിക്കു അത് ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നുവോ എന്ന് ചോദിച്ചു (മത്തായി 9:28) സൗഖ്യമാക്കിയതിനു ശേഷം അവരുടെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്ന് പറഞ്ഞു (മർക്കോസ് 5:34) പൗലോസിന് രോഗം വന്നപ്പോൾ, കർത്താവ് സുഖമാക്കുന്നുവെങ്കിൽ ആക്കട്ടെ എന്ന് പറയുകയല്ല, രോഗം മാറുവാൻ വേണ്ടി തന്നെ വീണ്ടും, വീണ്ടും പല പ്രാവശ്യം മറുപടി ലഭിക്കും വരെ പ്രാത്ഥിച്ചു. (2 കൊരിന്ത്യർ 12:9)
സഭയിൽ കഷ്ടതയനുഭവിക്കുന്നവൻ പ്രാർത്ഥിക്കുവാനും,ഒരുവൻ രോഗിയായാൽ മൂപ്പന്മാമാരെ വിളിച്ചു രോഗസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ യാക്കോബ് പഠിപ്പിക്കുന്നു. ഏലീയാവിന്റെ ഉദാഹരണം എടുത്തു കൊണ്ട് , നീതിമാൻറെ വിശ്വാസത്തോട് കൂടിയ പ്രാർത്ഥന രോഗിയെ സൗഖ്യമാക്കും എന്ന് യാക്കോബ് പഠിപ്പിക്കുന്നു. (യാക്കോബ് 5:15 -17)പൗലോസ് തനിക്കു വേണ്ടിയും, തൻ്റെ സഹശുശ്രൂസ്കരുടെയും രോഗ സൗഖ്യത്തിനായി പ്രാത്ഥിച്ചു. തന്നെ മരണത്തിൽ നിന്നും വരെ രക്ഷിച്ചത് വിശ്വാസികളുടെ പ്രാത്ഥനയായിരുന്നു എന്ന് പൗലോസ് പറയുന്നു.വിട്ടു പിരിഞ്ഞു കർത്താവിനോടു ഇരിക്കുവാൻ ആഗ്രഹിക്കുന്ന പൗലോസ്, തന്നെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ദൈവത്തിൽ ആശ്രയിക്കുന്നു. രക്ഷിച്ചതിനു ദൈവത്തിനു നന്ദി പറയുന്നു. (2കൊരിന്ത്യർ 1:8 -13) നമ്മുടെ എല്ലാ ഭൗതിക ആവശ്യങ്ങളെയും (നമ്മുടെ മോഹങ്ങളോ, ആഗ്രഹങ്ങളോ അല്ല) സ്തോത്രത്തോടെ ദൈവത്തെ അറിയിക്കുവാൻ, വിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. (ഫിലിപ്യർ 4:6)
കർത്താവും അപ്പോസ്തോലന്മാരും ചെയ്യുകയും കാണിച്ചു തരികയും ചെയ്ത ആത്മീകതയെക്കാൾ ഉയർന്ന ആത്മീയത എന്ന് തോന്നുന്ന കാര്യങ്ങൾ യഥാർത്ഥ ആത്മീകതയല്ല പകരം ദൈവവചനം പഠിപ്പിക്കാത്ത കഠിനവ്രതങ്ങളുടെ മതരീതികൾ (asceticism) ആണ്. അത് യഥാർത്ഥ ക്രൂശിന്റെ വചനം അല്ല, തത്വജ്ഞാനമാണ് ആണ് എന്ന് ദൈവവചനം നമുക്ക് മുന്നറിയിപ്പ് തരുന്നു. (കൊലൊസ്സ്യർ 2:8)
എന്നാൽ വിശ്വാസത്തിന്റെയും പ്രാത്ഥനയുടെയും ദൈവവചന പ്രകാരമുള്ള മുൻഗണന എന്താണ് എന്ന് നാം മനസ്സിലാക്കിയിരിക്കുകയും, അങ്ങനെ തന്നെ നാം പ്രാർത്ഥിക്കുകയും വേണം. ദൈവവചനം പറയുന്നത് മനുഷ്യൻ ആത്മാവും, പ്രാണനും,ശരീരവും ഉള്ളവനാണ് എന്നാണ്. ദൈവീക മുൻഗണനയിൽ മനുഷ്യൻ്റെ ആത്മാവിനാണ് പ്രഥമ സ്ഥാനം. അതായതു ഒരു യഥാർത്ഥ ആത്മീയൻ തൻ്റെ എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും കർത്താവിൽ വിശ്വസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യും എങ്കിലും അവന്റെ ഏറ്റവും വലിയ മുൻഗണന ആത്മീക കാര്യങ്ങൾക്കു ആയിരിക്കും. ഉദാഹരണത്തിന് താൻ തന്റെ ആത്മീക സൗഖ്യത്തിനും , ആത്മീക ആരോഗ്യത്തിനും വേണ്ടി ആയിരിക്കും ശാരീരിക രോഗ രോഗ സൗഖ്യത്തിനും, ശാരീരിക ആരോഗ്യത്തിനും വേണ്ടി പ്രാര്ഥിക്കുന്നതിനേക്കാൾ മുൻഗണന കൊടുക്കുക.
അത് പോലെ തന്നെ നമുക്ക് ആവശ്യമായ ശാരീരിക, ഭൗതിക കാര്യങ്ങളേക്കാൾ ( മോഹങ്ങളോ, ആഗ്രഹങ്ങളോ അല്ല ) അധികം നമുക്ക് ആത്മീക ജീവിതത്തിനു അത്യന്താപേക്ഷിതമായ, പരിശുദ്ധാത്മ ശക്തിക്കു വേണ്ടിയും ആത്മീക കാര്യങ്ങൾക്കു വേണ്ടിയും സ്വർഗീയ കാര്യങ്ങൾക്കു വേണ്ടിയും ആയിരിക്കേണം നാം നമുക്കു വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും പ്രാത്ഥിക്കേണ്ടത്. പൗലോസ് എഫെസ്യ സഭയിലെയും, കൊലോസ്യ സഭയിലെയും വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഈ കാര്യം നമുക്ക് വ്യക്തമായി കാണുവാൻ കഴിയും.അവരുടെ ആത്മീക കാര്യങ്ങൾക്കു വേണ്ടിയാണു പൗലോസ് ആ ലേഖനത്തിലൂടെ പ്രാർത്ഥിക്കുന്നത്.കർത്താവു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴും ആദ്യം സ്വർഗീയ കാര്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിട്ടാണ്, അന്നന്നത്തെ ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്.
ക്രിസ്തീയ ലോകത്തിൽ പലപ്പോഴും കാണുന്ന തെറ്റായ ഒരു പ്രവണതയാണ് ദൈവവചനം പറയുന്ന സന്തുലിതാവസ്ഥ വിട്ടു ഏതെങ്കിലും ഒരു ഭാഗത്തേക്ക് കൊണ്ട് പോകുന്ന ഉപദേശ രീതികൾ. പലപ്പോഴും ഒരു ഭാഗത്തേക്കുള്ള തെറ്റായ തീവ്രമായ ഉപദേശത്തോടുള്ള എതിർപ്പ് പലരെയും ദൈവവചനം പറയുന്ന സന്തുലിതാവസ്ഥ വിട്ടു എതിർ ദിശയിലേക്കു കൊണ്ടുപോകാറുണ്ട്. ഭൗതിക സമൃദ്ധിയെ ദൈവാനുഗ്രഹത്തിൽ അടയാളമായി ഉയർത്തിയ്ക്കാണിക്കുന്ന സമൃദ്ധിയുടെ സുവിശേഷം എന്നത് തികച്ചും വചന വിരുദ്ധമായ ദുരുപദേശം ആണ്. എന്നാൽ ആ ഉപദേശത്തോടുള്ള എതിർപ്പ് കാരണം പലരും,അതിൻ്റെ എതിർദിശയിൽ ദാരിദ്ര്യം ദൈവാനുഗ്രഹമാണ്, ദൈവമക്കൾ ദാരിദ്ര്യത്തിൽ ഇരിക്കേണ്ടവരാണ് എന്ന തെറ്റായ ഉപദേശം പഠിപ്പിക്കാറുണ്ട്. എന്നാൽ പൗലോസ് പറയുന്നത് തന്നെ ശക്തനാക്കുന്ന ക്രിസ്തു മൂലം തനിക്കു ദാരിദ്ര്യത്തിൽ ഇരിക്കാനും, സമൃദ്ധിയിൽ ഇരിക്കാനും കഴിയും എന്നാണ്.അതായതു സമൃദ്ധിയുടെയോ, ദാരിദ്ര്യത്തിന്റെയോ സുവിശേഷം അല്ല, പകരം സമൃദ്ധിയോ, ദാരിദ്ര്യമോ നമ്മുടെ ആത്മീകതയെ ബാധിക്കാത്ത ദൈവകൃപയുടെ, ദൈവരാജ്യത്തിൻ്റെ , സുവിശേഷം ആണ് തിരുവെഴുത്തു പഠിപ്പിക്കുന്നത്.
അതുപോലെ തന്നെ യഥാർത്ഥ ക്രിസ്തീയ സ്വാതന്ത്ര്യവും,യഥാർത്ഥ ദൈവകൃപയും പഠിപ്പിക്കുന്നതിന് പകരം നിയമാനുസൃതമായ പഴയനിയമ കല്പനകളും , പ്രമാണങ്ങളും, ചട്ടങ്ങളും പഠിപ്പിക്കുന്നതിനോടുള്ള എതിർപ്പ് കാരണം പലരും Hyper Grace പോലുള്ള ദുരുപദേശത്തിൻ്റെ എതിർ ദിശയിൽ പോകാറുണ്ട്.
അത് പോലെ തന്നെ ആത്മീകവും, ശാരീരികവും , ഭൗതികവുമായ കാര്യങ്ങളെപ്പറ്റി ദൈവവചനം പഠിപ്പിക്കുന്ന ഉപദേശവും മുൻഗണനയും പഠിപ്പിക്കുന്നതിനു പകരം എതിർ ദിശയിലേക്കു പോകുന്ന ഉപദേശമാണ് ശാരീരികവും, ഭൗതികവുമായ ആവശ്യങ്ങളെ പറ്റി പ്രതിക്കുന്നതു ദേഹിയുടെ തലത്തിലെ പ്രാത്ഥനകൾ ആണ് എന്നതും, ആത്മീകൻ എപ്പോഴും സ്വർഗീയ കാര്യങ്ങളെക്കുറിച്ചു, ആത്മീക കാര്യങ്ങളെക്കുറിച്ചു മാത്രമേ പ്രാത്ഥിക്കാവൂ എന്നും ഉള്ള തെറ്റായ ഉപദേശം. ദൈവവചനം അറിയാത്ത പലരും ഇത്തരം ഉപദേശങ്ങൾ ആത്മീകതയുടെ ഉയർന്ന തലങ്ങൾ ആണ് എന്ന് തെറ്റിദ്ധരിച്ചു തെറ്റിപ്പോകുന്നു.
ചുരുക്കത്തിൽ ദൈവവചനം പഠിപ്പിക്കുന്ന മുൻഗണ പ്രകാരം, ഒരു ദൈവപൈതൽ ദൈവരാജ്യം അന്വേഷിക്കുക, ഉയരത്തിലുള്ളത് ചിന്തിക്കുക, ആത്മാവിനെ അനുസരിച്ചു നടക്കുക . എല്ലാ ആവശ്യങ്ങളെയും പ്രാർത്ഥനയിൽ ദൈവത്തോട് സ്തോത്രത്തോടെ , വിശ്വാസത്തോടെ അറിയിക്കുക.ദൈവം തരുന്ന ആത്മീകവും ഭൗതികവും ആയ എല്ലാ നന്മകളും സ്തോത്രത്തോടെ സ്വീകരിക്കുക.