Articles

സുവിശേഷ പ്രസംഗമോ വസ്ത്രധാരണ വിവരണമോ ??

Date Added : 11-01-2020

സത്യസുവിശേഷം  എന്നത്   ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നതോ, വസ്ത്രധാരണ വിവരണവും , അസഭ്യ ഭാഷണവുമോ   ?

ജിനു നൈനാൻ 

ദൈവവചനം സ്ത്രീകള്‍ ( പുരുഷന്മാരും) യോഗ്യമായ വസ്ത്രം ധരിക്കണം എന്നു ഉപദേശിക്കുന്നു. (1 തിമോത്തിയോസ്  2:9,10,1 പത്രൊസ് 3:1 -5 ) 

എന്നാൽ എന്താണ് ദൈവവചന പ്രകാരം  യോധ്യമായ വസ്ത്രം?  യോഗ്യമായ വസ്ത്രം (modest dress) എന്ന് ദൈവവചനം അര്‍ത്ഥമാക്കുന്നത്‌ നഗ്നത പ്രദര്‍ശിപ്പിക്കാതെ ധരിക്കുന്ന വസ്ത്രം എന്നാണു. (വെളിപാട് :3:5, 18 അവർ യോഗ്യന്മാരാകയാൽ വെള്ള ധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും / നിൻ്റെ  നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു).
വസ്ത്രധാരണത്തിൽ  മാത്രമല്ല ദൈവമക്കള്‍ എല്ലാ കാര്യത്തിലും. സഭയില്‍ മാത്രമല്ല ജീവിതത്തിലും  ആഡംബരങ്ങളും , മറ്റുള്ളവരെ ആകര്ഷിക്കുന്ന അലങ്കാരങ്ങളും ഒഴിവാക്കേണം എന്നും ദൈവവചനം പഠിപ്പിക്കുന്നു.ലളിത ജീവിതം നയിക്കാനും ധൂര്ത്ത് ഉപേക്ഷിക്കാനും ദൈവവചനം ദൈവമക്കളെ ഉപദേശിക്കുന്നു.

എന്നാല്‍ ഇതിനപ്പുറം, വസ്ത്രധാരണത്തിൻ്റെയോ, അലങ്കാരത്തിൻ്റെയോ, ലളിത ജീവിതതിൻ്റെയോ വിശദമായ വിശദീകരണ തിലേക്ക്, അതായത് വസ്ത്രത്തിൻ്റെ നീളമോ വീതിയോ, കളറോ, വീടിൻ്റെ വലിപ്പമോ, തുടങ്ങിയ വിശദീകരണത്തി ലേക്കു  അപ്പോസ്തോലന്മാരോ, പുതിയ നിയമ ഉപദേശമോ പോകുന്നില്ല. അതിനു  കാരണം പുതിയനിയമം ആത്മാവിൻ്റെ പ്രമാണം ആണ് എന്നതാണ്, മറിച്ചു ന്യായപ്രമാണത്തിലെ പോലെ വിശദമായ വിശദീകരണങ്ങള് നല്കുന്ന അക്ഷരത്തിൻ്റെ പ്രമാണം അല്ല എന്നതാണ് . (2 കൊരിന്ത്യര്‍ 3:5) 

ദൈവാത്മാവിനാല്‍ ജനിച്ച, നയിക്കപ്പെടുന്ന ദൈവമക്കള്‍ക്ക്  എഴുതപ്പെട്ട വചനങ്ങള്‍ക്ക് ഉപരി ഓരോ കാര്യത്തിൻ്റെ യും വിശദീകരണത്തെ വ്യക്തിപരമായി ഓരോ സാഹചര്യത്തിലും ദൈവം നല്‍കും. അതിനാണ് ദൈവാത്മാവ് ഒരു വ്യക്തിയി‍ വസിക്കുന്നത്. (യോഹന്നാന്‍ 16:13). അതിനാല്‍ ആത്മാവിനെ അനുസരിച്ചോ, ജഡതെയും ലോകത്തെയും അനുസരിച്ചോ ഒരു വിശ്വാസിക്ക് ജീവിക്കുവാന്‍ സാധിക്കും.ആത്മാവിനെ അനുസരിച്ചു നടക്കുന്ന വ്യക്തികൾ എഴുതപ്പെട്ട കല്പനകൾക്ക് അപ്പുറത്തു അത് എഴുതിയ ദൈവത്തിൻ്റെ ഹൃദയം മനസ്സിലാക്കുകയും , ഓരോ തീരുമാനത്തിലും അത് മനസ്സിലാക്കുകയും   അതിനനനുസരിച്ചു ജീവിക്കുകയും ചെയ്യും.(1 കൊരിന്ത്യര്‍ 2:12 )
ഈ എഴുതിയത്തിൻ്റെ അർഥം ദൈവാത്മാവിനാൽ നടത്തപ്പെടുന്നു എന്ന് അവകാശപ്പെടുകയും, മറ്റുള്ളവർക്ക് ഇടർച്ചയാകുന്ന രീതിയിൽ ലൗകികരായി ജീവിക്കുന്ന വ്യക്തികളെ തിരുത്തേണ്ട ആവശ്യമില്ല എന്നല്ല, അതിനു ഉത്തരവാദിത്വപ്പെട്ട വ്യക്തികൾ അതിനു യോഗ്യമായ രീതിയിൽ അത് ചെയ്യണം.
ഉദാഹരണത്തിന് വിശ്വാസിയായ  ഒരു പെൺകുട്ടിയോ ആൺകുട്ടിയൊ  മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്ന രീതിയിൽ  അയോഗ്യമായി വസ്ത്രം ധരിക്കുകയാണ് എങ്കിൽ അതിനു ഉത്തരവാദിത്വം ഉള്ള മാതാപിതാക്കൾ ആ കുട്ടിയെ ഉപദേശിക്കുകയും തിരുത്തുകയും ആണ് വേണ്ടത്.
ഇനി ഒരു പ്രാദേശിക സഭയിലെ വിശ്വാസിയായ ഒരു വ്യക്തി ( പുരുഷനോ, സ്ത്രീയോ) യോഗ്യമല്ലാത്ത വസ്ത്രം ധരിക്കുകയും, അത് മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച ആകുകയും ചെയ്‌താല്‍ ആ പ്രാദേശിക സഭയിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തികള് ആ വ്യക്തിയെ വ്യക്തിപരമായി ഉപദേശിക്കുകയും തിരുത്തുകയും വേണം.

ഓരോ പ്രദേശത്തെയും, കാലാവസ്ഥക്കും , സംസ്കാരത്തിനും യോജിച്ചതും അതിലുപരി മുകളില്‍ പറഞ്ഞ രീതിയില്‍ പുതിയ നിയമം അനുശാസിക്കുന്ന യോഗ്യതയോടെയും വസ്ത്രം ധരിക്കുക എന്നതാണ് ഒരു ദൈവ പൈതല്‍ ചെയ്യേണ്ടത്. അങ്ങനെ ഉപയോഗിച്ചാല്‍ പൊതുവേ ഒരു വസ്ത്രവും അതിൽത്തന്നെ  അത്മീകമോ, അനാത്മികമോ  അല്ല.

ഇത്രയും എഴുതാൻ കാരണം ഇന്നുള്ള പരസ്യ 'സുവിശേഷ' യോഗങ്ങളിലെ പ്രസംഗ വിഷയങ്ങൾ ആണ്.

ദൈവവചനത്തിനു  അതിൻറേതായ ഗൗരവവും ,നിര്മലതയും  ഉണ്ട്.അത് പഥ്യവചനം ആണ് ആണ്.  അതിനെ
അവതരിപ്പിക്കുന്നതും സംശുദ്ധമായ ഭാഷയിലും ആശയത്തിലും വേണം. അതിനാലാണ് "ഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക" എന്ന് പൗലോസ് തീത്തോസിനെ ഉപദേശിക്കുന്നത്., അങ്ങനെ ചെയ്തില്ല എങ്കിൽ വിരോധി നമ്മെപ്പറ്റി തിന്മ പറയാൻ സാധ്യതയുണ്ട് എന്ന് പൗലോസ് മുന്നറിയിപ്പ് നൽകുന്നു. (തീത്തോസ് 2:8 )

പരസ്യ യോഗങ്ങളില്‍ സത്യസുവിശേഷം പ്രസംഗിക്കുകയും ക്രിസ്തുവിനെ ഉയര്‍ത്തുകയും, ക്രൂശിൻ്റെ വചനം പ്രസംഗിക്കു കയും ചെയ്യേണ്ടതിനു പകരം വസ്ത്രത്തിൻ്റെ നീളത്തെയും വീതിയെയും പറ്റി വിശദീകരിക്കുകയും, കേൾവിക്കാരെ മോശമായ രീതിയിൽ അഭിസംബോധന ചെയ്യുകയും,അവരെ  തരം  താണ രീതിയിൽ പരിഹസിക്കുകയും, വളിപ്പ് തമാശകളും, കോമാളിത്തരങ്ങളും, കോമഡി പ്രകടനങ്ങളും നടത്തുകയും ചെയ്യുന്നത് ദൈവനാമം ലോകത്തിനു മുന്പിൽ ദുഷിക്കപ്പെടുവാനും, പരിഹസിക്കപെടുവാനുമേ  ഇടയാക്കുകയുള്ളൂ   
പെന്തെക്കോസ്തിലെ ഏറ്റവും ജനപ്രിയനായ ഒരു പ്രാസംഗികൻ 'സുവിശേഷ' യോഗങ്ങളിൽ  ഉപയോഗിക്കുന്ന പദങ്ങൾ പരസ്യമായി എഴുതാൻ കൊള്ളാത്തവയായതിനാൽ  ഇവിടെ എഴുതുന്നില്ല. 
ഇദ്ദേഹം സ്ഥിരമായി തൻ്റെ പ്രസംഗം കേൾക്കാൻ വരുന്ന സ്ത്രീകളെ "എടീ കഴുതേ " എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നത്.
ഇദ്ദേഹം ജനങ്ങളെ അസഭ്യം പറയുന്നതിന് കാരണം ആണ് രസകരം , തലയിൽ ഇട്ട തുണി ശരിയാകാത്തതിന് ആണ് സ്ത്രീകളെ ഇദ്ദേഹം പൊതുവെ  " എടീ കഴുതേ " എന്ന് വിളിക്കുന്നത്.  തലയിൽ തുണി ശരിയായി ഇടാത്തതാണോ , സഹോദരനെ/ സഹോദരിയെ  'കഴുതേ' എന്ന് വിളിക്കുന്നത് ആണോ നരകത്തിൽ പോകാൻ പറ്റിയ പാപം എന്ന് യേശുക്രിസ്തു പറഞ്ഞത്  എന്നത്  ചിന്തിക്കാനുള്ള കഴിവ് കേൾവിക്കാരായ സമൂഹത്തിനു നഷ്ടപ്പെടുന്നത് ആണ് ഇത്തരക്കാർക്ക് ഉള്ള വിജയം.
 
ഇത്തരം പ്രാസംഗികരുടെ ജനപ്രശസ്തി  പെന്തെകൊസ്തു എന്ന  സമൂഹത്തിന്റെ ധാർമിക അധഃപധനത്തെ ആണ് കാണിക്കുന്നത്. പെന്തകോസ്ത് സഭകളുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഇദ്ദേഹത്തെ പോലുള്ള  പ്രസംഗകർ ആണ്  കാരണം എന്ന് പലർക്കും അഭിപ്രായം ഉണ്ട്. എന്നാൽ , ഇത്തരക്കാരുടെ വളർച്ചക്ക് പെന്തെക്കോസ്തിന്റെ അധഃപതനം ആണ്‌ കാരണം എന്നു പറയുന്നതാകും കൂടുതൽ ശരി.
പ്രശസ്ത  തത്വചിന്തകൻ  Joseph de Maistre പറഞ്ഞത് പോലെ  ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന നേതാക്കളെ ലഭിക്കുന്നു.. : “Every nation gets the Leaders  it deserves
പെന്തെകൊസ്തു സമൂഹം നന്നായാൽ ഇത്തരക്കാർക്ക് നിലനിൽപ്പ് തനിയെ ഇല്ലാതയ്ക്കും.അത് കൊട്നു ഇത്തരക്കാരെ മാത്രം  കുറ്റം പറയുന്നതിൽ അർത്ഥമില്ല.പെന്തെക്കോസ്തിലെ മിക്കവാറും പ്രാസംഗികർ ഇത്തരം പരീശ വിശുദ്ധിയാണ് പ്രസംഗിക്കുന്നത്. അതിനു കാരണം അതാണ് ആൾക്കാർക്ക് ഇഷ്ടം എന്നതാണ്.

സഭ്യമായ ഭാഷയിൽ അസഭ്യം പറഞ്ഞാലോ അസഭ്യ ഭാഷയില് സഭ്യത പറഞ്ഞാലോ അത് സുവിശേഷം ആകില്ല, അത് അസഭ്യ ഭാഷണം മാത്രമേ ആകുകയുള്ളൂ.ഇത്തരം പ്രാസംഗികരെ  ഓർത്തില്ല, സത്യ സുവിശേഷം പ്രസംഗിക്കേണ്ട വേദികളില്‍, സുവിശേഷം എന്ന പേരിൽ ഈ വക വളിപ്പുകള്‍, അസഭ്യങ്ങൾ  പ്രസംഗിക്കുന്നത് ആമേൻ പറയുകയും,  കേട്ട് കുലുങ്ങി ചിരിക്കുകായും ചെയ്യുന്ന  നേതാക്കളെയും ശ്രോതാക്കളേയും ഓർക്കുമ്പോൾ ആണ് സഹതാപം  തോന്നുന്നത്.
യഥാര്‍ത്ഥത്തില്‍ സത്യ സുവിശേഷം കേള്‍ക്കാന്‍ ജനത്തിന് താല്പര്യം ഇല്ലാതെയാകുകയും, സത്യസുവിശേഷവും ദൈവത്തിൻ്റെ പത്ഥ്യോപദേശവും പ്രസംഗിക്കുന്ന  യഥാര്‍ത്ഥ ദൈവ ദാസന്മാര്‍ കുറയുകയും ചെയ്യുമ്പോള്‍ ആണ് ഇത്തരം കോമാളി വേഷങ്ങളും, കോമഡി പ്രകടനങ്ങളും അരങ്ങു തകര്‍ക്കുന്നത്.
യിരെമ്യാവു/അദ്ധ്യായം 5.31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എൻ്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു;.എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും????

അതെ എല്ലാക്കാലത്തേയും പോലെ  ജനത്തിന് ഇത് ഇഷ്ടമാണ് എന്നതാണ് പ്രധാനം. കാരണം കേള്വിക്കാരായ പലരുടെയും ആത്മീക നിലവാരം ഇതാണ്. കൂടാതെ ഇതൊക്കെയാണ് അവർക്കു ആകെയുള്ള വിനോദം. എന്നാൽ ശുശ്രൂഷകർ ഖനശാലികൾ ആയിരിക്കേണം എന്നും അവർ പഥ്യോപദേശം ( ആരോഗ്യകരമായ ഉപദേശം )  വിശ്വാസികളെ പഠിപ്പിക്കേണം എന്നും,കിഴവിക്കഥകളെ പറയുന്നവരും, കർണ്ണരസമാകുമാര് സംസാരിക്കുന്നവരും ആകരുത്  എന്നും ദൈവവചനം നിഷ്കർഷിക്കുന്നു.( 1 തിമൊഥെയൊസ് 3:8, 4 :6 )

എന്നാൽ ഇന്ന് പ്രസംഗികന്മ്മാർ, സത്യസുവിശേഷം അറിയിക്കുകയും പഥ്യോപദേശം  പഠിപ്പിക്കുകയും ചെയ്യേണ്ടതിനു പകരം ജനങ്ങളെ വിനോദിപ്പിക്കുന്ന കോമാളികളായി, വിദൂഷകന്മാരായി മാറുന്നു. "കടയറിഞ്ഞു കമ്പോളം ചെയ്യുന്ന" കച്ചവടക്കാരായി പ്രാസംഗികർ തീരുന്നു. ജനം അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു, അത് ആസ്വദിക്കുന്നു. പക്ഷെ  ഇതിനെ അന്ത്യകാലത്തിൻ്റെ ലക്ഷണമായി അപ്പോസ്തോലൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.(2 തിമൊഥെയൊസ് 4:3,4)
എന്നാൽ യഥാർത്ഥമായി കർത്താവിനെ പിൻപറ്റാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും, അവർ കേള്‍ക്കുന്ന ഓരോ സന്ദേശവും, അത് യേശുക്രിസ്തു ആയിരുന്നെങ്കില്‍ ഇങ്ങനെയായിരുന്നോ പ്രസംഗിക്കുന്നത് എന്ന് ആത്മാവില്‍ പരിശോധിക്കേണം.
യേശുക്രിസ്തുവും അപ്പോസ്തോലന്മാരും  ഇങ്ങനെയാണോ പ്രസംഗിച്ചത് എന്ന് തിരുവെഴുത്തിൽ പരിശോധിക്കണം. കാരണം. ദൈവാത്മാവ് ചെയ്യുന്നത്, കര്‍ത്താവില്‍ നിന്നുള്ളതിനെ എടുത്തു വെളിപ്പെടുത്തുകയും, ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും ആണ്.
(യോഹന്നാന്‍ :16:14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും).
അതെ പരിശുദ്ധാത്മാവ് ക്രിസ്തുവിനെ ഉയർത്തും,മഹത്വപ്പെടുത്തും. അതിനാൽ  ആണ് അപ്പോസ്തോലന്മാര് ചെന്ന സ്ഥലങ്ങളിൽ എല്ലാം ക്രിസ്തുവിനെ പ്രസംഗിച്ചത്. അവർ ക്രൂശിൻ്റെ വചനം പ്രസംഗിച്ചത്.യേശുക്രിസ്തുവും അപ്പോസ്തോലന്മാരും ഒരിക്കലും ഇത്തരം കാര്യങ്ങൾ പരസ്യ പ്രസംഗ വിഷയമാക്കിയില്ല.
അപ്പോസ്തോലന്മാർ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ചു.അത് കേട്ട വ്യക്തികളിൽ പരിശുദ്ധാത്മാവ് പാപബോധം കൊടുക്കുകയും, മാനസാന്തരം ഉണ്ടകുകുകയും ചെയ്തു.
നാം പരിശുധത്മാവ് ഉള്ളില്‍ വസിക്കുന്ന ദൈവമക്കള്‍ ആണ് എങ്കില്‍,നാം ദൈവത്തിൽ  വസിക്കുകയാണ് എങ്കില്‍ കര്‍ത്താവിനെ ഉയര്‍ത്താത്ത പ്രസംഗങ്ങളെയും, പ്രസംഗികരെയും തിരിച്ചറിയാന്‍ നമ്മില് ഉള്ള പരിശുധത്മാവ് സഹായിക്കും. നമ്മിലുള്ള ആത്മാവ്, പ്രസംഗികന് ക്രിസ്തുവിനെ ആണോ ഉയര്ത്തുന്നത്,ക്രൂശിൻ്റെ വചനം ആണോ പ്രസംഗിക്കുന്നത് എന്ന് നമ്മെ അറിയിക്കും.അതിനായി ദൈവം സഹായിക്കട്ടെ.

1 കൊരിന്ത്യര്‍ 1: 18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

1 കൊരിന്ത്യര്‍ 1:23, 24 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും ജാതികൾക്കു ഭോഷത്തവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെത്തന്നെ. 

1 യോഹന്നാന്‍ 2:27
നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.