Articles

യേശുക്രിസ്തുവിൻ്റെ മഹാപൗരോഹിത്യം

Date Added : 19-02-2019

യേശുക്രിസ്തുവിൻ്റെ  മഹാപുരോഹിത്വ ശുശ്രൂഷ  എപ്പോഴാണ് ആരംഭിക്കുന്നത്?എന്താണ് ക്രിസ്തു മഹാപുരോഹിതൻ ആകുവാനുള്ള മാനദണ്ഡവും  യോഗ്യതയും ? ഈ  കാര്യങ്ങൾ  വിശദമാക്കാമോ?

 

യേശുക്രിസ്തുവിന്‍റെ പൗരോഹിത്യ ശുശ്രൂഷയെപ്പറ്റി പലർക്കും തെറ്റായ ബോധ്യമാണ് ഉള്ളത്,അതിനാൽ തന്നെയാണ് തെറ്റായ ഉപദേശം പലരും പഠിപ്പിക്കുന്നത്.

യേശുക്രിസ്തുവിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതായി ദൈവവചനം പഠിപ്പിക്കുന്ന ശുശ്രൂഷകൾ,പാപമില്ലാത്ത  ദൈവ കുഞ്ഞാട്, നിത്യനായ ദൈവത്തിൻ്റെ പുരോഹിതൻ, നിത്യ രാജാവ് എന്നിവയാണ്.യേശുക്രിസ്തു നിത്യനായ ദൈവപുത്രൻ എന്ന നിലയിൽ എന്നേക്കും രാജാവും, പുരോഹിതനും, ദൈവ കുഞ്ഞാടും ആണ്. എന്നാൽ കർത്താവ് ഈ ശുശ്രൂഷകൾ ഓരോന്നും സമയ ബന്ധിതമായാണ്   നിർവ്വഹിക്കുന്നത്.  ഈ ശുശ്രൂഷകളിൽ  യേശുക്രിസ്തു തന്‍റെ പൗരോഹിത്യ ശുശ്രൂഷ തുടങ്ങുന്നത് തന്‍റെ  മരണ പുനരുദ്ധാനത്തോടെയാണ്  എന്നത്  ദൈവവചനം സുവ്യക്തമായി പഠിപ്പിക്കുന്നു.

യേശു ക്രിസ്തുവിന്‍റെ പുരോഹിത്യത്തെപ്പറ്റി വിശദമായ ഒരു ലേഖനമല്ല ഇത്. എന്നാൽ താൻ പൗരോഹിത്യ ശുശ്രൂഷ എപ്പോഴാണ് ആരംഭിച്ചത് എന്നത് ദൈവവചനത്തിൽ കൂടി വ്യക്തമാക്കുവാനുള്ള  ലേഖനം ആണ്. അതിനുള്ള ചില ദൈവവചന തെളിവുകൾ താഴെ കൊടുക്കുന്നു.

ഈ വിഷയത്തിൽ നാം അതിപ്രധാനമാണ് മനസ്സിലാക്കേണ്ടത് യേശുക്രിസ്തുവിനെ മഹാപുരോഹിതൻ എന്ന് പരിചയപ്പെടുത്തുന്ന *ഏക പുസ്തകം "ഹെബ്രായർക്കെഴുതിയ ലേഖനം" മാത്രമാണ്* എന്നതാണ് .അതിനാൽ 'ക്രിസ്‌തുവിന്‍റെ  മഹാപൗരോഹിത്യം' എന്ന വിഷയം   നാം ആ ലേഖനത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് പഠിക്കേണ്ടത്.

*യേശുക്രിസ്തു തന്‍റെ പൗരോഹിത്യ ശുശ്രൂഷ തുടങ്ങുന്നത് തന്‍റെ  മരണ പുനരുദ്ധാനത്തോടെയാണ്* എന്നതിന്‍റെ ദൈവവചന തെളിവുകള്‍.

1.  ഒന്നാമതായി യേശുക്രിസ്തുവിന്‍റെ പുരോഹിത്യത്തെ സംബന്ധിച്ചു ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ പരാമർശിക്കുന്ന രണ്ടു പഴയ നിയമ പ്രവചനങ്ങളും (സങ്കീർത്തനങ്ങൾ 22:7.സങ്കീർത്തനങ്ങൾ 110 :1)  യേശുക്രിസ്തുവിന്‍റെ പുനരുദ്ധാനവുമായി ബന്ധപ്പെട്ടാണ് പൂർത്തിയാകുന്നത്. വേറൊരു രീതിയിൽ പറഞ്ഞാൽ   ആ രണ്ടു പഴയ നിയമ പ്രവചനങ്ങളും ക്രിസ്തുവിൻ്റെ മരണ പുനരുദ്ധാനത്തോടെയേ പൂർത്തിയാകാൻ കഴിയുകയുളൂ.

കർത്താവിൻ്റെ പൗരോഹിത്വത്തെ കുറിച്ചുള്ള ഈ ഒന്നാമത്തെ പഴയ നിയമ   ഉദ്ധരണി സങ്കീർത്തനങ്ങൾ 2:7 ൽ നിന്നുള്ളതാണ് :യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു".

ആ ഉദ്ധരണി കർത്താവിന്റെ മഹാപുരോഹിത ശുശ്രൂഷയുമായി ബന്ധപ്പെടുത്തി ഹെബ്രായലേഖകൻ ഉദ്ധരിക്കുന്നു.

എബ്രായർ 5:5  അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ

ആ പ്രവചനത്തിന്‍റെ നിവർത്തിയെപ്പറ്റി പൗലോസ് പറയുന്നു.

അപ്പൊ. പ്രവൃത്തികൾ 13:32 ദൈവം പിതാക്കന്മാരോട് ചെയ്ത *വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ* മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. ‘*നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.*

അതായതു രണ്ടാം സങ്കീർത്തനത്തിൽ  ഉള്ളത് ഒരു ദൈവം പിതാക്കന്മാരോടു ചെയ്ത  വാഗ്ദത്തം ആയിരുന്നു എന്നും ആ വാഗ്ദത്തം യേശുവിൻ്റെ ഉയിർത്തെഴുനേൽപ്പിൽ ആണ് നിവർത്തിക്കപ്പെട്ടതു എന്നും പൗലോസ് വ്യക്തമാക്കുന്നു.ആ പ്രവചന പൂർത്തീകരണത്തോടെയാണ് താൻ മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം പിതാവിൽ നിന്നും പ്രാപിച്ചത് എന്ന് ഹെബ്രായ ലേഖനകർത്താവും വിശദമാക്കുന്നു.( സങ്കീ 2:7, പ്രവൃത്തികൾ 13: 32,എബ്രായർ 5:5 )

കർത്താവിൻ്റെ പൗരോഹിത്വത്തെ കുറിച്ചുള്ള  രണ്ടാമത്തെ പഴയ നിയമ   ഉദ്ധരണി സങ്കീർത്തനങ്ങൾ 110 :1 ൽ ആണ് ഉള്ളത് .യഹോവ എന്‍റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്:“ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്കുക”.

ആ പ്രവചനത്തിന്‍റെ നിവർത്തിയെപ്പറ്റി എബ്രായ ലേഖന കർത്താവ് പറയുന്നു.

എബ്രായർ 10: 12 ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി *യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തു ഭാഗത്ത്ശത്രുക്കൾ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.*

അതായതു ദൈവത്തിൻ്റെ വലതു ഭാഗത്തു ഇരുന്നു കൊണ്ടുള്ള തൻ്റെ മഹാപുരോഹിത ശുശ്രൂഷ കർത്താവ് നിർവ്വഹിക്കുന്നത്  പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി തൻ്റെ ശരീരം യാഗം അർപ്പിച്ചു, ഉയിർത്തെഴുന്നേറ്റ ശേഷം ആണ് എന്ന് ലേഖകൻ  വ്യക്തമാക്കുന്നു. 

2.അടുത്തതായി  ഹെബ്രായ ലേഖനകർത്താവ്  സമർത്ഥിക്കുന്നത് യേശുക്രിസ്തുവിനു മഹാപുരോഹിതൻ എന്ന നാമം ലഭിക്കണമെങ്കിൽ അതിനുള്ള യോഗ്യത, ക്രിസ്തു കഷ്ടതയിലും അനുസരണത്തിലും തികഞ്ഞവൻ അഥവാ  പരിപൂർണ്ണൻ  ആയിത്തീരേണം എന്നതാണ് 

എബ്രായർ  8 :28 ന്യായപ്രമാണം അപൂര്‍ണ്ണ മനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന് ശേഷമോ, ദൈവം ചെയ്ത വാഗ്ദത്തപ്രകാരം *എന്നേക്കും പൂർണ്ണനായിത്തീർന്ന* പുത്രനെ *മഹാപുരോഹിതനാക്കുന്നു*

(എബ്രായർ  5:7-10) താൻ ദൈവപുത്രൻ ആണെങ്കിലും, *കഷ്ടാനുഭവങ്ങളിലൂടെ അനുസരണം പഠിച്ച് പരിപൂർണ്ണനായി*, തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണമായിതീർന്നു. ,മൽക്കീസേദെക്കിനെ പോലെയുള്ള മഹാപുരോഹിതൻ എന്ന് ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടും ഇരിക്കുന്നു*.

യേശുക്രിസ്തു പാപമില്ലാത്ത പരിശുദ്ധൻ എന്ന നിലയിൽ ഈ ഭൂമിയിൽ ജനിച്ചപ്പോൾ തന്നെ തികഞ്ഞവൻ അഥവാ പരിപൂർണ്ണൻ ആണ്, എന്നാൽ ക്രിസ്തു തന്‍റെ കഷ്ടതയും, അനുസരണവും പൂർത്തീകരിച്ചതു,അനുസരണത്തിൽ തികഞ്ഞവൻ   ആയിത്തീർന്നത് ക്രൂശിലെ മരണത്തിൽ ആണ്.

അഥവാ ക്രിസ്തു വ്യക്തി എന്ന നിലയിൽ പാപമില്ലാത്ത തികഞ്ഞവൻ ആയിരുന്നു എങ്കിലും *അനുസരണത്തിൽ തികഞ്ഞത് (അനുസരണം  പൂർത്തീകരിച്ചത്) തന്‍റെ  മരണത്തിൽ ആണ്. അങ്ങനെ അവൻ ദൈവത്തിന്‍റെ  വലതു ഭാഗത്തേക്ക് ഉയർത്തപ്പെട്ടു , തന്‍റെ വലതു ഭാഗത്തു ഇരുന്നു കൊണ്ട് മഹാപുരോഹിതൻ എന്ന നിലയിൽ നമുക്ക് വേണ്ടി പക്ഷപാദം ചെയ്യുകയും ചെയ്യുന്നു. ദൈവവചനം അത് ഉറപ്പിക്കുച്ചു പറയുന്നു.

(ഫിലിപ്പ്യർ  2:6-11, ക്രിസ്തു തന്നെത്താൻ ശൂന്യമാക്കി, ദാസരൂപം എടുത്ത്, മനുഷ്യസാദൃശ്യത്തിലായി, വേഷത്തിൽ മനുഷ്യനായി കാണപ്പെട്ടു, തന്നെത്താൻ താഴ്ത്തി മരണത്തോളം *ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു*. *അത് കൊണ്ട് ദൈവം അവനെ ഉയർത്തി*)

എഫെസ്യർ  1:19, 20 *അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിക്കുകയും*, എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്‍റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു.

ഇവിടെയും ലേഖനകർത്താവ് വ്യക്തമാക്കുന്നത് ക്രിസ്തു മൽക്കീസേദെക്കിനെ പോലെയുള്ള മഹാപുരോഹിതൻ എന്ന് ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടത്, താൻ അനുസരണം പഠിച്ചു, അനുസരണത്തിൽ തികഞ്ഞതിനാൽ  ആണ് എന്നതാണ്. ആ അനുസരണം പൂർത്തിയാകുന്നത് തൻ്റെ മരണത്തിൽ  ആണ്.

3. ഹെബ്രായ ലേഖനകർത്താവ്  അടുത്തതായി സമർത്ഥിക്കുന്നത് യേശുക്രിസ്തു എന്നേക്കും നിലനിൽക്കുന്ന, എപ്പോഴും പക്ഷവാദം ചെയ്യുന്ന  മഹാപുരോഹിതൻ ആകണം എങ്കിൽ *മനുഷ്യൻ എന്ന നിലയിൽ എന്നേക്കും ജീവിക്കുന്നവൻ ആകണം* എന്നതാണ്. 

എബ്രായർ 7:25 24 ഇവനോ, *എന്നേക്കും ജീവിച്ചിരിക്കുന്നതുകൊണ്ട് എന്നേക്കും നിലനിൽക്കുന്ന പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്*. അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‌വാൻ *സദാ ജീവിക്കുന്നവനാകയാൽ* അവരെ പരിപൂർണ്ണമായി രക്ഷിക്കാൻ അവൻ പ്രാപ്തനാകുന്നു.

യേശുക്രിസ്തു ദൈവം എന്ന നിലയിൽ എന്നേക്കും ജീവിക്കുന്നവൻ ആണ് എങ്കിലും മനുഷ്യൻ എന്ന നിലയിൽ *എന്നേക്കും ജീവിക്കുന്നവൻ ആയതു മരണ പുനരുദ്ധാനത്തോടെയാണ്*. 

വെളിപാട്  1:18 18 ഞാൻ മരിച്ചവനായിരുന്നു; *എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു*;

റോമർ 8:34  ക്രിസ്തുയേശു മരിച്ചവൻ; അതിനേക്കാളുപരിയായി *മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ* തന്നെ; *അവൻ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു*.

ഓർക്കുക യേശുക്രിസ്തു മഹാപുരോഹിതൻ എന്ന ശുശ്രൂഷ മനുഷ്യൻ എന്ന നിലയിൽ ആണ് ചെയ്യുന്നത്.കാരണം മനുഷ്യർക്കും ദൈവത്തിനും ഇടയിൽ മധ്യസ്ഥത ചെയ്യുന്നത് *മനുഷ്യനായ ക്രിസ്തുവാണ്* എന്ന് ദൈവവചനം വ്യക്തമാക്കുന്നു.

1 തിമോത്തിയോസ് 2: 5 എന്തെന്നാൽ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവൻ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ

ഈ വാക്യവും ക്രിസ്തു എന്നേക്കും ജീവിക്കുന്ന പുരോഹിതൻ ആയതു തൻ്റെ മരണ പുനരുദ്ധാനത്തിലൂടെയാണ് എന്ന് വ്യക്തമാക്കുന്നു.

4.  അടുത്തതായി ഹെബ്രായ ലേഖനകർത്താവ്  യേശുക്രിസ്തുവിന്‍റെ മഹാപുരോഹിത ശുശ്രൂഷ ഭൂമിയിലോ, ഭൂമിയിലെ കൂടാരത്തിലോ,മന്ദിരത്തിലോ  ആയിരുന്നില്ല  പകരം സ്വർഗീയ കൂടാരത്തിൽ, വിശുദ്ധ മന്ദിരത്തിൽ  ആണ് എന്ന് വ്യക്തമാക്കുന്നു.

എബ്രായർ 8:2 *സ്വർഗ്ഗത്തിൽ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നവനായിവിശുദ്ധസ്ഥലത്തിന്‍റെ യും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിന്‍റെ യും ശുശ്രൂഷകനായ മഹാപുരോഹിതൻ* നമുക്കുണ്ട്.

ക്രിസ്തു സ്വർഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തിൽ *ഒരിക്കലായി പ്രവേശിച്ചത്* തന്‍റെ മരണ പുനരുദ്ധാനത്തോടെയാണ് എന്ന് ദൈവവചനം പറയുന്നു. 

(എബ്രായർ 9:11-14) ക്രിസ്തുവോ  ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ *ഒരിക്കലായിട്ട് വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ച്* എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് ഉറപ്പാക്കി.

അതായതു ക്രിസ്തു തൻ്റെ മഹാപുരോഹിത ശുശ്രൂഷക്കായി ഒരിക്കലായി,സ്വർഗീയ വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചത് തൻ്റെ മരണ പുനരുദ്ധാനത്തിൽ ആണ്.അതിനു മുൻപ് താൻ ഭൂമിയിൽ ആ ശുശ്രൂഷ നിർവഹിച്ചിരുന്നില്ല എന്ന് ഈ വാക്യങ്ങളിൽ കൂടി ലേഖകൻ  വ്യക്തമാക്കുന്നു.

5. നാം മനസ്സിലാക്കേണ്ടത്മഹാപുരോഹിതൻ എന്ന നിലയിൽ യേശുക്രിസ്തുവിന്‍റെ *രണ്ടു ശുശ്രൂഷകൾ മാത്രമാണ്* ദൈവവചനം പറയുന്നത്

ഒന്ന്   തന്‍റെ  വിശുദ്ധ രക്തവുമായി, *സ്വർഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു , എന്നന്നേക്കുമുള്ള വീണ്ടെടുപ്പ്    സാധിക്കുക* (എബ്രായർ 9:14).

രണ്ടാമത്തേതു അതിനു ശേഷം  *ദൈവത്തിന്‍റെ വലതു ഭാഗത്തിരുന്നു നമുക്ക് വേണ്ടി നിരന്തരം പക്ഷവാദം ചെയ്യുക* ( എബ്രായർ 7:25)

 ഈ രണ്ടു ശുശ്രൂഷയും കർത്താവിനു *മരണ പുനരുദ്ധാനത്തിനു മുൻപ് ചെയ്യുവാൻ കഴിയുന്നതല്ല എന്ന് സുവ്യക്തം*

6. അടുത്തതായി ഹെബ്രായ ലേഖനകർത്താവ്  സമർത്ഥിക്കുന്നത്  യേശുക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള, എന്നേക്കും ഇരിക്കുന്ന മഹാപുരോഹിതൻ ആയതു *നശിച്ചു പോകാത്ത ജീവന്‍റെ ശക്തിയാൽ* ആണ് എന്നാണ്,

എബ്രായർ 7:15ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, *നശിച്ചുപോകാത്ത ജീവന്‍റെ ശക്തിയാല്‍* ഉളവായ വേറേ ഒരു പുരോഹിതന്‍ മല്ക്കീസേദെക്കിനു സദൃശനായി ഉദിക്കുന്നു

എഫെസ്യ ലേഖനത്തിൽ ആ ശക്തി പരിശുദ്ധാത്മാവിന്റേത് ആണ് എന്നും, പരിശുദ്ധാത്മ ശക്തിയാൽ യേശു മരണത്തെ തോൽപ്പിച്ചു ഉയിർത്തെഴുന്നേറ്റു എന്നും, ദൈവത്തിന്‍റെ വലതു ഭാഗത്തു ഇരുന്നു മഹാപുരോഹിതൻ എന്ന നിലയിൽ പക്ഷപാദം ചെയ്യുകയും ചെയ്യുന്നു എന്നും പൗലോസ്  വ്യക്തമാക്കുന്നു.

അവന്‍റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന *ആ ശക്തി തന്നെ*  ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ *മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിക്കുകയും*,.... അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, *തന്‍റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു*

7.  ഇങ്ങനെയുള്ള വാക്യങ്ങൾ അനേകം ഉള്ളപ്പോൾ തന്നെ, ക്രിസ്തു ഭൂമിയിലും അതിനു ശേഷം സ്വർഗ്ഗത്തിലും തൻ്റെ മഹാപുരോഹിത ശുശ്രൂഷ ചെയ്തു എന്ന് പലരും പഠിപ്പിക്കാറുണ്ട് . എന്നാൽ  ഹെബ്രായ ലേഖനകർത്താവ് തന്നെ ആ വാദത്തെ  നിഷേധിക്കുന്നു. ലേഖകൻ  സുവ്യക്തമായി പറയുന്നു,  *യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നു എങ്കിൽ മഹാപുരോഹിതൻ ആകുമായിരുന്നില്ല* എന്ന്  (എബ്രായർ 8: 4)

അതിനുള്ള  കാരണവും ലേഖനകർത്താവ് വിശദീകരിക്കുന്നു;  യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോഴും ന്യായപ്രമാണവും ലേവ്യ പൂരോഹിത്യവും നിലനിൽന്നിരുന്നു. ഇവ  നിലനിൽക്കുന്നിടത്തോളം ന്യായപ്രമാണ പ്രകാരമുള്ള, ലേവ്യ പൗരോഹിത്യ പ്രകാരമുള്ള പുരോഹിതന്മാർ ആണ് ഉണ്ടാവേണ്ടത്.പഴയ ഉടമ്പടിയും, ലേവ്യപുരോഹിത്വവും നീക്കപ്പെടുമ്പോൾ ആണ് പുതിയ ഉടമ്പടിയും മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള ക്രിസ്തുവിൻ്റെ പൗരോഹിത്വ ശുസ്രൂഷയും ആരംഭിക്കുന്നത്. 

എബ്രായർ 8: 4 .എന്നാൽ *ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു*; *കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ*. അവർ സ്വർഗ്ഗീയമായതിന്‍റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.

തന്‍റെ മരണത്തോടെ തന്‍റെ ദേഹം എന്ന തിരശീല ക്രിസ്തു ചിന്തി ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചു. അപ്പോൾ ദൈവം  ദേവാലയ തിരശീല കീറിക്കൊണ്ടു പഴയ ഉടമ്പടിയും,ലേവ്യ പുരോഹിത്യവും എന്നെന്നേക്കുമായി  അവസാനിപ്പിച്ചു. അപ്പോഴാണ് ക്രിസ്തു മൽക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള, എന്നേക്കും ഇരിക്കുന്ന ക്രിസ്തുവിൻ്റെ മഹാപുരോഹിത ശുശ്രൂഷ ആരംഭിക്കുന്നത്.

എബ്രായർ 10:19 യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച *ജീവനുള്ള പുതുവഴിയായി*, തന്‍റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനുംനമുക്ക് ഉണ്ട്.

8. ഹെബ്രായ ലേഖനത്തിന്‍റെ മുഖ്യ വിഷയം യേശുക്രിസ്തു തന്‍റെ രക്തത്താൽ സ്ഥാപിച്ച *പുതിയ ഉടമ്പടിയും, പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ ക്രിസ്തുവിൻ്റെ പൗരോഹിത്വവുമാണ് *.

ഹെബ്രായ ലേഖനകർത്താവ് തൻ്റെ ലേഖനത്തിൽ  സുവ്യക്തമായി സ്ഥാപിക്കുന്നത് യേശുക്രിസ്തു തന്‍റെ രക്തത്താൽ,മരണ പുനരുദ്ധാനത്തിലൂടെ  പുതിയ ഉടമ്പടി സ്ഥാപിച്ചു എന്നും, ഉയിർത്തെഴുന്നേറ്റു ദൈവത്തിന്‍റെ വലതു ഭാഗത്തു ഇരുന്നു കൊണ്ട് പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി ശുശ്രൂഷ ചെയുന്നു എന്നുമാണ്. എബ്രായർ8:4,  9: 16.

എബ്രായർ 8:13 പുതിയത് എന്നു പറയുന്നതിനാൽ *ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു*; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാതെ ഇല്ലാതെയാകും.

ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടതിനാൽ ആണ്, ആദ്യത്തെ  ഉടമ്പടി പഴയതു ആയതു. അങ്ങനെയാണ് പഴയ ഉടമ്പടിയും, അതുമായി ബന്ധപ്പെട്ട ലേവ്യ പൗരോഹിത്വവും മാറിപ്പോയതും,പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി ക്രിസ്തു പൗരോഹിത്വ ശുശ്രൂഷ ആരംഭിക്കുന്നതും.   

9. പുതിയ   ഉടമ്പടി നിയമാനുസൃതമായി സ്ഥാപിതമാവണെങ്കിൽ, അത് ഉണ്ടാക്കിയ ആളുടെ  മരണത്താൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്ന് ഹെബ്രായ എഴുത്തുകാരൻ  വ്യക്തമാക്കുന്നു. 

പുതിയ ഉടമ്പടി ഒരു നിയമാനുസൃതമായ  ഉടമ്പടിയായത് ക്രിസ്തുവിൻ്റെ മരണത്തോടെയാണ്, യേശുക്രിസ്തുവിന്‍റെ മരണത്തിനു മുമ്പൊരിക്കലും അത് പ്രാബല്യത്തില്‍ വരുത്താൻ കഴിയില്ല.അവന്‍റെ  രക്തം ആണ് ആ  ഉടമ്പടി ഉറപ്പിക്കുന്നത്.

എബ്രായർ 9 :16, 17 മരണപത്രത്തിന്‍റെ കാര്യത്തിൽ, അത് എഴുതിയ ആൾ മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ. മരണപത്രം എഴുതിയ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തിൽ വരികയുള്ളൂ.

ലൂക്കോസ്  22:20 അത്താഴത്തിനു ശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയ ഉടമ്പടി ആകുന്നു.

ഇവിടെ  വീണ്ടും തെളിയിക്കുന്ന സത്യം, യേശു തന്‍റെ രക്തം അഥവാ   ജീവൻ അർപ്പിച്ചതിനു ശേഷം മാത്രമേ പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുകയുള്ളൂ എന്നതാണ്, അതിനു ശേഷമാണ്  അവൻ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനും മഹാ പുരോഹിതനുമായി  ശുശ്രൂഷ ആരംഭിക്കുന്നത്.പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടാതെ, പുതിയ ഉടമ്പടിയുടെ മധ്യസ്ഥ ശുസ്രൂഷ സാധ്യമാകുകയില്ലല്ലോ.

10.ദൈവവചനത്തിൽ ഒരു വാക്യത്തിൽ  പോലും  യേശുക്രിസ്തു  മരണ പുനരുദ്ധാനത്തിനു മുൻപ് *ഭൂമിയിൽ  ആയിരുന്നപ്പോൾ  മഹാപുരോഹിത ശുശ്രൂഷ ചെയ്തു എന്ന്  പറയുന്നില്ല*, പകരം അവൻ ഭൂമിയിൽ മഹാപുരോഹിത ശുശ്രൂഷ ചെയ്തിട്ടില്ല എന്നു വ്യക്തമായി പറയുകയും അതിനുള്ള കാരണങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു. 

ലേഖനത്തിന്‍റെ തുടക്കത്തിൽ പറഞ്ഞത് പോലെ  യേശുക്രിസ്തു നിത്യനായ ദൈവപുത്രൻ എന്ന നിലയിൽ എന്നേക്കും രാജാവും,എന്നേക്കും പുരോഹിതനും, ദൈവകുഞ്ഞാടും ആണ്. എന്നാൽ തന്‍റെ  ഓരോ ശുശ്രൂഷയും തുടങ്ങിയതിനു സമയം ഉണ്ട്. അതിനുള്ള  യോഗ്യതകളും, മാനദണ്ഡങ്ങളും, അതിനു വേണ്ടി  പൂർത്തീകരിക്കേണ്ട കാര്യങ്ങളും ഉണ്ട്.

യേശുക്രിസ്തു ഒരിക്കൽ ഭൂമിയിൽ വന്നത് ദാസനായും, ദൈവത്തിന്‍റെ  പരിശുദ്ധ കുഞ്ഞാടയുള്ള ശുശ്രൂഷ നിര്വഹിക്കുവാനുമാണ് .താൻ തന്നെത്താൻ തന്‍റെ  ജീവനെ വിശുദ്ധ യാഗമായി ദൈവത്തിനു അർപ്പിച്ചു കൊണ്ട് അത് നിവർത്തിച്ചു.

എന്നാൽ താൻ കഷ്ടതയിൽ തികഞ്ഞവനായി, അനുസരണം പൂർത്തീകരിച്ചു  മരിച്ചു ഉയിർത്തെഴുനേറ്റ് ദൈവത്തിന്‍റെ വലതു ഭാഗത്തിരുന്നു കൊണ്ട് എന്നേക്കും നമുക്ക് വേണ്ടി മഹാപുരോഹിതൻ എന്ന നിലയിൽ  ഇന്ന് പക്ഷ വാദം ചെയ്യുന്നു.

ഇനി തന്നെ കാത്തിരിക്കുന്നവർക്കായി വരികയും താൻ ഭൂമിയിൽ രാജാവായി വാഴുകയും ചെയ്യും 

ഇതാണ് യേശുക്രിസ്തുവിൻ്റെ മഹാപൗരോഹിത്വത്തെ പറ്റി   ദൈവവചനം സുവ്യക്തമായി പഠിപ്പിക്കുന്ന ഉപദേശം.

ലേഖനത്തിൻ്റെ തുടക്കത്തിൽ പറഞ്ഞത് പോലെ യേശു ക്രിസ്തുവിന്‍റെ പുരോഹിത്യത്തെപ്പറ്റി വിശദമായ ഒരു ലേഖനമല്ല ഇത്. ക്രിസ്തുവിൻ്റെ ദൈവകുഞ്ഞാട്‌  എന്ന നിലയിലും മഹാപുരോഹിതൻ എന്ന നിലയിലും ഉള്ള ശുശ്രൂഷയെ  പറ്റി ഹെബ്രായ ലേഖനത്തിൻ്റെ അടിസ്ഥാനത്തിൽ ഉള്ള വിശദമായ പഠനം താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

ബ്രദർ ജിനു നൈനാൻ 

യേശുക്രിസ്തുവിൻ്റെ   മഹാപുരോഹിതശുശ്രൂഷ; എബ്രായ ലേഖനത്തില്‍  നിന്നും ഒരു പഠനം