Articles

യേശു പാപികളുടെ രക്ഷകന്‍

Date Added : 25-12-2018
Download Format:

വായനഭാഗം: മത്തായി  1 :21 

അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.  

യേശു എന്ന പേരിന്‍റെ അർഥം "രക്ഷകൻ" എന്നാണ്.മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്.പലരും പല പ്രശ്നങ്ങളിൽ  അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ പലതും.എന്നാൽ യേശുക്രിസ്തു വന്നത് മനുഷ്യനെ എന്തിൽ നിന്നും രക്ഷിക്കാൻ ആണ് എന്ന് അവിടെ ദൂതൻ വയ്ക്തമായി പറയുന്നു."അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്ക കൊണ്ടു".

അതെ മനുഷ്യവർഗ്ഗത്തിൻ്റെ  അടിസ്ഥാന പ്രശ്നം പാപം ആണ് എന്ന് ദൈവത്തിനു അറിയാമായിരുന്നു.അതിനു യേശുക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കുകയും, പാപമില്ലാതെ ജീവിക്കുകയും, പാപപരിഹാരമായി മരിക്കുകയും വേണം.ബാക്കി എല്ലാ പ്രശ്നങ്ങൾക്കും യേശുക്രിസ്തു ഭൂമിയിൽ വന്നു മരിക്കാതെ തന്നെ ദൈവത്തിനു പരിഹാരം വരുത്തുവാൻ കഴിയുമായിരുന്നു.

എന്നാൽ ഒരു പാപിക്ക് മാത്രമേ, പാപങ്ങളിൽ നിന്നും രക്ഷിക്കുന്ന രക്ഷകന്‍റെ ആവശ്യമുള്ളൂ.അവർക്കു മാത്രമേ യേശുക്രിസ്തു എന്ന രക്ഷകൻ  പ്രയോജനം അകയുളൂ.കാരണം യേശുക്രിസ്തു തന്നെ സ്വന്തവാക്കുകളിൽ പറഞ്ഞു

ലൂകോസ് 5: 31 യേശു അവരോടു: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു” എന്നു ഉത്തരം പറഞ്ഞു". 

അത് അപ്പോസ്തോലനായ പൗലോസ് തൻ്റെ വിശ്വാസപ്രഖാപനമായി എറ്റു പറയുകയും ചെയ്യുന്നു.

1 തിമോത്തിയോസ് 1:15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. 

അതായതു ഒരു രോഗിക്ക് മാത്രം, ഡോക്ടറെ കൊണ്ട് പ്രയോജനം ഉള്ളൂ, എന്ന് പറയുന്നത് പോലെ ഒരു പാപിക്ക് മാത്രമേ യേശുക്രിസ്തുവിനെ കൊണ്ട് പ്രയോജനം ഉളൂ.എന്നാൽ ഒരു രോഗി അവൻ രോഗിയാണ് എന്ന് തിരിച്ചറിയാതെ ഒരിക്കലും ഡോക്ടറുടെ അടുത്തോ, ആശുപത്രിയിലോ പോവുകയില്ല.അതിനാൽ ആ ഡോക്ടർ അവനു പ്രയോജനം ആവുകയുമില്ല.

എങ്ങനെയാണു ഒരുവൻ തന്‍റെ രോഗം തിരിച്ചറിയുന്നത്? ഉദാഹരണത്തിന് ഒരുവൻ അതിമാരകമായ ക്യാൻസർ എന്ന രോഗത്തിന് അടിമയാണ്.എന്നാൽ അതിനുള്ള ടെസ്റ്റ് അല്ലെങ്കിൽ സ്കാനിംഗ് കഴിയുമ്പോൾ ആണ് അവൻ ആ രോഗത്തിന് അടിമയാണ് എന്ന് ത്രിരിച്ചറിയുന്നത്.അതുപോലെ തന്നെ സർവ്വ മനുഷ്യരും ജന്മനാ ആദമിൽ  പാപികൾ ആണ് എങ്കിലും പലരും അവരുടെ രോഗം തിരിച്ചറിയുന്നില്ല.അതിനാൽ തന്നെ അവർ അവരുടെ രോഗത്താൽ ( പാപത്തിൽ ) മരിക്കുന്നു.

പഴയ നിയമ കാലത്തു മനുഷ്യന്‍റെ  രോഗത്തെ തിരിച്ചറിയാൻ ദൈവം ഒരു സ്കാനിംഗ് ഉപകരണം കൊടുത്തിരുന്നു.അതിൻ്റെ  പേരാണ് "ന്യായപ്രമാണം" 

റോമർ  3:19 ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.  ന്യായപ്രമാണത്താൽ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു.

അതായതു താൻ പാപിയല്ല എന്ന് പറയാൻ ധൈര്യപ്പെടുന്ന ഒരുവന്‍റെ  അവന്‍റെ പാപത്തെപ്പറ്റി ബോധ്യപ്പെടുത്തി വായ അടക്കുക എന്നതാണ് ദൈവം ന്യായപ്രമാണം കൊടുത്തതിന്‍റെ ഒരു പ്രധാന ഉദ്ദേശം.

ന്യായപ്രമാണത്തിന് മനുഷ്യന്‍ പാപിയാണ് എന്നുള്ള  ബോധ്യം നല്‍കി അവന്‍റെ വായ അടപ്പിക്കാന്‍ കഴിഞ്ഞു എങ്കിലും അവന്‍റെ  രോഗം സൗഖ്യമാക്കാൻ കഴിഞ്ഞിരുന്നില്ല.അതായതു രോഗനിര്ണയത്തിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു, അല്ലാതെ രോഗസൗഖ്യത്തിനുള്ള മരുന്നായിരുന്നില്ല  ന്യായപ്രമാണം.

ഗലാത്യർ 3:21 ജീവിപ്പിപ്പാന്‍ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.

റോമർ 3 : 20 അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്‍റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല

ഹെബ്രായർ 7:19 ന്യായപ്രമാണത്താല്‍ ഒന്നുംപൂര്‍ത്തിപ്രാപിച്ചിട്ടില്ലല്ലോ

എന്നാൽ മനുഷ്യന്‍റെ ജഡത്തിലെ പാപം എന്ന രോഗത്തെ പുറത്തു കാണിക്കുവാൻ അല്ലാതെ പാപത്തെ  നീക്കുവാൻ ന്യായപ്രമാണത്തിനു കഴിയാതെയിരുന്നപ്പോൾ, അത് സാധിക്കുവാൻ ദൈവം ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു,മനുഷ്യവർഗ്ഗത്തിന്‍റെ  പാപരോഗം അവന്‍റെ  മേൽ ചുമത്തി.

ഹെബ്രായർ 10 :4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. 

1 യോഹന്നാൻ 3 :5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.

റോമർ 8 3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ  ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.

അതിനാൽ ഇന്ന്  എങ്ങനെയാണു രോഗിയാണ് /പാപിയാണ്  എന്ന് ഒരുവനു ബോധ്യം വരുന്നത്?  ഇന്ന് അത് ചെയ്യുന്നത് ന്യായപ്രമാണം എന്ന രോഗനിർണയ ഉപകരണം അല്ല.സത്യ സുവിശേഷം ആണ്.

എങ്ങനെയാണു സുവിശേഷം ഒരുവന് രോഗനിർണ്ണയം / പാപബോധം വരുത്തുന്നത്. യഥാർത്ഥത്തിലുള്ള സത്യ സുവിശേഷം പ്രസംഗിക്കപ്പെടുമ്പോൾ,ക്രൂശിക്കപ്പെട്ട  യേശുക്രിസ്തുവിനെ പ്രസംഗിക്കുമ്പോൾ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ഒരുവനെ  പാപത്തെക്കുറിച്ചുള്ള  ബോധ്യം വരുത്തുന്നു. ( യോഹന്നാൻ 16 :8 ) അപ്പോസ്തോലന്മാർ സത്യസുവിശേഷം , ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ പ്രസംഗിച്ച ഇടങ്ങളിൽ എല്ലാം പരിശുദ്ധാത്മാവ്  അത് ചെയ്തു.

പ്രവർത്തികൾ 2 :36  ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 

എന്നാൽ സവിശേഷത്തിന്‍റെ പ്രത്യേകത അത് ന്യായപ്രമാണത്തെപ്പോലെ രോഗനിർണ്ണയം നടത്തുക മാത്രമല്ല പരിപൂർണ്ണ രോഗസൗഖ്യവും നൽകുന്നു എന്നതാണ്.

ഒരുവന് സത്യ സുവിശേഷത്താൽ താൻ പാപിയാണ് എന്ന് ബോദ്ധ്യപ്പെടുകയും അവൻ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയുകയും, കർത്താവിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ കർത്താവ് അവൻ്റെ പാപരോഗത്തെ പരിപൂർണ്ണമായി സൗഖ്യമാക്കുന്നു. മാത്രമല്ല, അതോടെ പരിശുദ്ധാത്മാവ് അവൻ്റെ ഹൃദയത്തിൽ വന്നു അവനെ തൻ്റേതാക്കി മുദ്രയിടുന്നു  അതാണ് വീണ്ടും ജനനം.

എഫെസ്യർ 1 :13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു..... അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.

എന്നാൽ ഇന്ന് മിക്കയിടത്തും ക്രൂശിന്‍റെ വചനമായ  സത്യസുവിശേഷം പ്രസംഗിക്കപ്പെടാത്തതിനാൽ, യഥാർത്ഥ മനസാന്തരവും, വീണ്ടും ജനനവും നടക്കുന്നില്ല.കാരണം ക്രൂശിന്‍റെ വചനം മാത്രമാണ് മനുഷ്യനെ രക്ഷിക്കാന്‍ ശക്തിയുള്ളതു.

എന്നാല്‍ ക്രൂശിന്‍റെ വചനം എന്ന സത്യ സുവിശേഷം പ്രസങ്ങിക്കപ്പെടുമ്പോള്‍, അത് മനുഷ്യനെ പാപ ബോധത്തിലേക്കും, മനസാന്തരതിലെക്കും  മാത്രമല്ല പാപത്തില്‍ നിന്നുള്ള സ്വത്ന്ത്ര്യതിലെക്കും നയിക്കും.

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ പാപത്തിനു അടിമയാണ് എങ്കില്‍, പപരോഗതാല്‍ വലയുന്നര്‍ ആണ് എങ്കില്‍ , സുവിശേഷത്തിന്‍റെ സദ്വാര്തമാനം ഇതാണ്, യേശുക്രിസ്തു നിങ്ങളെ പാപത്തില്‍ നിന്നും വിടുവിക്കുവാന്‍ ശക്തന്‍ ആണ്, നിങ്ങള്‍ സത്യം അറിയുവാനും ആ സത്യം നിങ്ങളെ സ്വതന്ത്രം ആക്കുവാനും ഇടയാകട്ടെ.

ബ്രദർ ജിനു നൈനാൻ