എന്നെ സ്വതന്ത്രമാക്കിയ സത്യം!!
എന്നെ സ്വതന്ത്രമാക്കിയ സത്യം!!
ജിനു നൈനാന്‍
ഞാൻ വീണ്ടും ജനിച്ച ശേഷം കുറേ വർഷങ്ങൾ വെല്ലുവിളി ഉയർത്തുന്ന അനേകം ക്രിസ്തീയ സന്ദേശങ്ങൾ ഞാൻ കേട്ടിരുന്നു.
ഞാൻ കേട്ട സന്ദേശങ്ങൾ അനുസരിച്ച് ജീവിക്കുവാൻ ഞാൻ ആവോളം ശ്രമിക്കയും ചെയ്തിരുന്നു. തുടക്കനാളുകളിൽ ഞാൻ വളരെ ഉത്സാഹവും സന്തോഷവും നിറഞ്ഞ വ്യക്തി ആയിരുന്നു. ദൈവത്തിനായി ജീവിക്കുവാനും ദൈവവേല ചെയ്യുവാനും ഞാൻ ആഗ്രഹിച്ചു.
ക്രിസ്തീയ ജീവിതം വളരെ എളുപ്പമുള്ളതാണ് എന്ന് ഞാൻ അന്ന് ചിന്തിച്ചു, എന്നാൽ എന്‍റെ ചിന്ത തെറ്റായിരുന്നു എന്ന് ഞാൻ വളരെ വേഗം കണ്ടെത്തി.
പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള ജീവിതത്തിന്‍റെ നിലവാരത്തെപ്പറ്റി ഞാൻ കൂടുതലായി ഗ്രഹിക്കാൻ തുടങ്ങിയപ്പോൾ ക്രിസ്തീയ ജീവിതം ബുദ്ധിമുട്ടുള്ളതാണെന്ന് ഞാൻ ചിന്തിച്ചു തുടങ്ങി.
എന്നാൽ എന്‍റെ ഈ ചിന്തയും ശരിയല്ലെന്ന് ഞാൻ കണ്ടെത്തി.
പുതിയ ഉടമ്പടിയുടെ നിലവാരം അനുസരിച്ച് ജീവിക്കുവാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചു. എന്നാല്‍ കൂടുതൽ പരിശ്രമിക്കുന്തോറും ഞാൻ കൂടുതൽ പരാജയപ്പെടുകയും ദൈവത്തിന്‍റെ നീതിയുടെ മഹത്വകരമായ നിലവാരം എത്ര ഉന്നതമാണെന്നും, ഞാൻ എത്രയധികം ആ ദൈവതേജസ്സിൽ കുറവുള്ളവനാണെന്നും കാണുവാൻ ഇടയായി.
ഫലം പുറപ്പെടുവിക്കുന്ന ഒരു ജീവിതത്തിനായി ഞാൻ പരിശുദ്ധാത്മാവിന്‍റെ സഹായം അന്വേഷിച്ചെങ്കിലും ജഡത്തിന്‍റെ പ്രവൃത്തികളാണ് എന്നിൽ നിന്ന് പുറപ്പെടുന്നതെന്ന് ഞാൻ കണ്ടു.ആന്തരിക മനുഷ്യനിൽ നിന്നും ജീവജല നദികൾ ഒഴുകുന്നതിന് പകരം മലിനമായ ജഡത്തില്‍ നിന്നും തിന്മ പുറപ്പെടുകയാണ് ഉണ്ടായത്.
പുതിയ നിയമത്തിന്‍റെ നിലവാരങ്ങൾ ഞാൻ അറിയാതിരുന്നെങ്കിൽ എന്ന് പോലും ഒരു സന്ദർഭത്തിൽ ഞാൻ ചിന്തിച്ചുപോയി. കാരണം പുതിയ നിയമം ആവശ്യപ്പെടുന്ന ജീവിത നിലവാരത്തെപ്പറ്റി ഒന്നും അറിയാത്ത പലരും യാതൊരു കുറ്റബോധവും ഇല്ലാതെ ജീവിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
പുതിയ നിയമ ജീവിതത്തിന്‍റെ ഉന്നത നിലവാരത്തെപ്പറ്റി ഞാൻ ഗ്രഹിക്കുന്തോറും അനുസരിക്കാനുള്ള ആഗ്രഹം എന്നിൽ വർദ്ധിച്ചുവന്നു.പക്ഷേ ഫലം പരാജയവും തുടർന്നുള്ള കുറ്റബോധവും ആയിരുന്നു.
ഒടുവിൽ ചില വർഷങ്ങൾക്ക് മുൻപ് അനേക വർഷങ്ങളിലെ തുടർമാനമായ പരാജയങ്ങൾക്കു ശേഷം, ദൈവത്തിനായി ജീവിക്കാനുള്ള വ്യർത്ഥമായ സ്വയ പ്രയത്നങ്ങൾക്കും, നിരുത്സാഹത്തിന്‍റെ അനുഭവങ്ങൾക്കും ശേഷം ഒടുവിൽ ഞാൻ ആ സത്യം കണ്ടെത്തി.
ആ സത്യം എന്താണെന്നോ? പുതിയ നിയമം ആവശ്യപ്പെടുന്ന വിധത്തിലുള്ള ഒരു ജീവിതം എന്നെകൊണ്ട് തികച്ചും അസാധ്യമാണ് എന്നതായിരുന്നു അത്.മാത്രമല്ല എന്നെങ്കിലും അത്തരമൊരു ജീവിതം നയിക്കുവാൻ കഴിയുമെന്നുള്ള പ്രത്യാശ പോലും അപ്പോഴേക്കും എനിക്ക് നഷ്ടപ്പെട്ടിരുന്നു.
അതേസമയം തന്നെ യേശുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട, ദൈവകൃപയാൽ സ്വർഗ്ഗത്തിനായി തയ്യാറെടുത്തിരിക്കുന്ന ഒരു ദൈവപൈതലാണ് ഞാൻ എന്ന കാര്യത്തിൽ വലിയ ഉറപ്പ് ഉണ്ടായിരുന്നു താനും.
പക്ഷെ ഭൂമിയിലെ ജീവിതത്തിൽ ദൈവം എന്നിൽ നിന്ന് ആവശ്യപ്പെടുന്ന ജീവിത നിലവാരം കൈവരിക്കുക എനിക്ക് അസാധ്യമാണെന്ന യാഥാർഥ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു.
എന്നാൽ എന്‍റെ ആശകൾ അസ്തമിച്ചപ്പോൾ ഒരു പുതിയ കണ്ടെത്തലിന്‍റെ ഉദയം എന്നെ കാത്തിരിക്കുകയായിരുന്നു.
തീര്‍ച്ചയായും ആത്മാവിന്‍റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജീവിതമാണ് ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്.പുതിയ നിയമത്തില്‍ ഉടനീളം നമുക്ക് അത് കാണുവാന്‍ കഴിയും.എന്നാല്‍ പുതിയ നിയമം മുഴുവനും പരിശോധിച്ചാൽ കേവലം രണ്ടിടങ്ങളിൽ മാത്രമാണ് എങ്ങനെ നമുക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയും എന്ന കാര്യം കർത്താവായ യേശുക്രിസ്തു പറയുന്നുള്ളു എന്ന് കാണാം.
(1) യോഹന്നാൻ 12:24 - കോതമ്പുമണി നിലത്തുവീണ് ചാകുന്നതിലൂടെ
(2) യോഹന്നാൻ 15:1-5 - മുന്തിരിവള്ളിയിൽ ഒരു ശിഖരം വസിക്കുന്നതുപോലെ യേശുവിൽ വസിക്കുന്നതിലൂടെ.
ഇപ്രകാരം മാത്രമേ പരിശുദ്ധാത്മാവിനാൽ കർത്താവിന് നമ്മിൽ ഫലം ഉളവാക്കുവാൻ കഴികയുള്ളൂ.
ദൈവം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന ജീവിതം അവിടുത്തെ പുത്രനായ യേശുവിനു മാത്രമേ ജീവിക്കാൻ കഴിയൂ എന്ന സത്യം ഞാൻ ഗ്രഹിക്കയായിരുന്നു.
ഈ വിധത്തിലുള്ള ജീവിതം സ്വയപ്രയത്നത്തിലൂടെയല്ല മറിച്ച് നിലത്തുവീണ് ചാകുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഞാൻ മനസ്സിലാക്കി,അപ്പോൾ അവിടുത്തെ ജീവിതം യേശു എന്നിലും എന്നിലൂടെയും ജീവിക്കും.
സ്വയപ്രയത്നത്തിലൂടെയല്ല സാക്ഷാൽ മുന്തിരിവള്ളിയായ യേശുവിൽ വസിക്കുന്നതിലൂടെയാണ് ഫലം ഉളവാക്കുന്നത്.ഇതുവരെ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യപ്പെട്ടിരുന്നു എങ്കിലും ഞാൻ സ്വയം ഈ ജീവിതം ജീവിക്കാൻ പരിശ്രമിക്കുകയായിരുന്നു.
അവിടുത്തെ സഹായത്തോടെയുള്ള എന്‍റെ ജീവിതമല്ല, ഞാന്‍ ക്രിസ്തുവിനോട് കൂടെ മരിച്ചു എന്നു തിരിച്ചറിയുകയും, ക്രിസ്തു അവിടുത്തെ ശക്തിയാൽ എന്നിലും എന്നിലൂടെയും ജീവിക്കുകയാണ് ആവശ്യം എന്നും വ്യക്തമായി.
ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം "ക്രിസ്തു ഉള്ളിൽ ജീവിക്കുന്നതാണ്". ഒരു പ്രത്യേക ഉപദേശമോ, സ്വയപ്രയത്നമോ അല്ല അതിന്‍റെ രഹസ്യം ക്രിസ്തു തന്നെയത്രെ (ഫിലിപ്പിയർ 4:12,13)
ഈ സത്യം കണ്ടപ്പോൾ ബൈബിൾ മുഴുവനും ഒരു പുതിയ പുസ്തകമായി എനിക്ക് അനുഭവപ്പെട്ടു.
പൗലോസിനെപ്പോലെ എന്‍റെ ജഡത്തിൽ ഒരു നന്മയും വസിക്കുന്നില്ല എന്ന ബോധ്യം ഇന്നെനിക്കുണ്ട്. ഞാൻ അറിഞ്ഞിരുന്നില്ലെങ്കിലും എന്‍റെ ജഡത്തിന്‍റെ യഥാർത്ഥ സ്വഭാവം ദൈവം അറിഞ്ഞിരുന്നു.തികഞ്ഞ പരാജയമല്ലാതെ ഒരു നന്മയും എന്നിൽ നിന്നും ദൈവം പ്രതീക്ഷിച്ചിരുന്നില്ല.
യേശു എന്നിലും എന്നിലൂടെയും ചെയ്യുന്നതൊഴികെ,പാപത്താല്‍ മലിനമായ എൻ്റെ ജഡത്തിൽ നിന്നും ഉത്ഭവിക്കുന്നതെന്തും യിശ്മായേലിനെപ്പോലെ ദൈവത്തിന് അസ്വീകാര്യമായിരിക്കും.
ശൗൽ രാജാവിന്‍റെതുപോലെ, അമാലേക്യരുടെ തടിച്ചു കൊഴുത്ത ആടുകൾ എല്ലാം തന്നെ ദൈവം തള്ളിക്കളയും. (1ശമുവേൽ 15),എന്‍റെ സ്വയ പ്രയത്നത്തിന്‍റെ ഫലം എല്ലാം തന്നെ അന്ത്യനാളിൽ മരം, പുല്ല്, വൈക്കോൽ എന്നിവ പോലെ കത്തി ചാമ്പലാകും. ഞാൻ യേശുക്രിസ്തുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപെട്ട ഒരു പാപി എന്ന നിലയിൽ സ്വർഗ്ഗത്തിൽ എത്തി എന്ന് വന്നാലും . (1 കൊരിന്ത്യർ 3:12-15)
എന്‍റെ പാപജഡത്തിന്‍റെ എല്ലാ സ്വഭാവങ്ങള്‍ക്കും നേരെ വിപരീതമാണ് യേശുക്രിസ്തുവിന്‍റെ സ്വഭാവം .അവിടുന്ന് എന്നിൽ വസിക്കുമ്പോൾ ആ ജീവിതം എന്‍റെ ഉള്ളിൽ നിന്നും ഉളവായിവരും.എന്‍റെ ജഡത്തെ പരിഷ്കരിക്കുവാൻ ഞാൻ പരിശ്രമിക്കേണ്ടതില്ല. അത് തിന്മ മാത്രമേ പുറപ്പെടുവിക്കയുള്ളൂ. അതിനെ പരിഷ്കരിക്കുവാൻ എനിക്ക് കഴികയുമില്ല.
എന്നാൽ ഞാൻ യേശുക്രിസ്തുവില്‍ വസിക്കുമെങ്കില്‍ യേശുവിന് എന്‍റെ ഉള്ളിൽ നിന്നും ജീവജലനദികൾ പുറപ്പെടുവിക്കുവാൻ കഴിയും.
എന്‍റെ ജഡത്തെ പരിഷ്കരിക്കുവാനല്ല മറിച്ച് നാൾതോറും അതിനെ ക്രൂശിക്കുവാനാണ് ദൈവം ആവശ്യപ്പെടുന്നത്.
ഈ ജീവൻ ഉത്പാദിപ്പിക്കുവാൻ ദൈവം എന്നോട് ആവശ്യപ്പെടുന്നില്ല. എനിക്കത് കഴിയുകയില്ലെന്ന് ദൈവത്തിനറിയാം. എന്നാല്‍ ദിനംപ്രതി എന്‍റെ സ്വയത്തിന് ഞാൻ മരിക്കുവാൻ , ക്രൂശു വഹിക്കുവാൻ തയ്യാറാണെങ്കിൽ അവിടുന്ന് എന്നിലും എന്നിലൂടെയും ജീവിക്കും.
ഞാൻ എന്‍റെ സ്വയജീവന് മരിക്കുവാൻ തയ്യാറാകുന്ന അതേ അനുപാതത്തിലും ഞാൻ അവനിൽ വസിക്കുന്ന അതെ അളവിലും മാത്രമേ അവന് തന്‍റെ ജീവൻ എന്നിലൂടെ വെളിപ്പെടുത്തുവാൻ കഴികയുള്ളൂ.
തലച്ചോറിൽ ഞാൻ വഹിക്കുന്ന അറിവല്ല, മുന്തിരിവള്ളിയിലെ ഒരു കൊമ്പുപോലെ ക്രിസ്തുവിനോടുള്ള എന്‍റെ ബന്ധമാണ് ഇത്തരം ഒരു ജീവിതം സാധ്യമാക്കിത്തീർക്കുന്നത്.
എന്‍റെ നിശ്ചയദാർഢ്യമോ, പ്രാപ്തിയോ അല്ല ഈ ജീവിതം സാധ്യമാക്കുന്നത്. എന്‍റെ ലഭ്യതയും, അവിടുത്തെ സമ്പൂർണ്ണമായ കർത്തൃത്വത്തിന് വിധേയപ്പെടാനുള്ള എന്‍റെ മനസ്സൊരുക്കവുമാണ് കര്‍ത്താവിനു ഈ ജീവിതം എന്നിലൂടെ ജീവിക്കുവാന്‍ സാധ്യമാക്കി തീർക്കുന്നത്.
അനേക വർഷങ്ങൾ ദൈവത്തിനായി ജീവിക്കാനുള്ള വ്യർത്ഥമായ ശ്രമത്തിനൊടുവിൽ ഞാൻ കണ്ടെത്തിയത് ഈ കാലമത്രയും കർത്താവ് അവിടുത്തെ ജീവിതം എന്നിലൂടെ ജീവിക്കുവാന്‍ കാത്തിരിക്കുകയായിരുന്നു എന്നത്രേ.
അതിന് ഏക തടസ്സം സ്വയത്തിനു മരിക്കാനുള്ള എന്‍റെ വിമുഖത മാത്രമായിരുന്നു. ക്രൂശു എടുത്തു അവനെ അനുഗമിക്കാതെ, അവനുവേണ്ടി ജീവിക്കാനായിരുന്നു എന്‍റെ പരിശ്രമം.അത് പരാജയപ്പെടുകയല്ലാതെ ഗത്യന്തരമില്ലല്ലോ.
ഈ സത്യം ഒന്നാമതായി എന്നെ കുറ്റവിധിയിൽ നിന്നും തുടർന്ന് അനേകം പാപങ്ങളിൽ നിന്നും സ്വതന്ത്രനാക്കി.
മോശയെപ്പോലെ പല വർഷങ്ങളിലെ നിരാശയുടെയും, ആത്മീകദാരിദ്ര്യത്തിന്‍റെയും, പരാജയത്തിന്‍റെയും, മരുഭൂയാത്രയുടെ അനുഭവങ്ങളുടെയും ഒടുവിൽ ഞാനും കണ്ടെത്തി, ഒരു മുൾപടർപ്പിന് കത്തിക്കൊണ്ടിരിക്കണമെങ്കിൽ ദൈവം മുൾപടർപ്പിനുള്ളിൽ ഉണ്ടായേ മതിയാകൂ.
ദൈവം ഉള്ളിലുണ്ടെങ്കിൽ ഏത് മുൾപടർപ്പിനും കത്തിനിൽക്കാൻ കഴിയുമെന്നുള്ള സത്യവും ഞാൻ തിരിച്ചറിഞ്ഞു.
ദൈവത്തെ കൂടാതെ പ്രകാശിക്കുവാനുള്ള എന്‍റെ എല്ലാ ശ്രമങ്ങളും നിമിഷങ്ങൾക്കുള്ളിൽ ഒരു പിടി ചാരം മാത്രമായി തീരുകയേ ഉള്ളൂ.
എന്നാൽ ദൈവത്തോടൊപ്പം എനിക്ക് കത്തി ചാമ്പലാക്കാതെ പ്രകാശിച്ചുകൊണ്ടേയിരിക്കാൻ കഴിയും (പുറപ്പാട് 3:3,4)
പരിശുദ്ധാത്മാവിലൂടെ നമ്മിൽ പകരപ്പെടുന്ന യേശുവിന്‍റെ ജീവൻ മാത്രമേ നിലനിൽക്കുന്ന എന്തെങ്കിലും എന്നിൽ ഉളവാക്കുകയുള്ളൂ.
ദൈവത്തോടുള്ള എന്‍റെ നിരപ്പിന്, പാപമില്ലാത്ത യേശുവിന്‍റെ മരണമാണ് കാരണമായതെങ്കിൽ പാപത്തിൽ നിന്നുളള രക്ഷ യേശുവിന്‍റെ ജീവനിലൂടെ മാത്രമാണ് സാധ്യമായിത്തീരുന്നത്.
പാപത്തിൽ വീണ് മുങ്ങി പൊങ്ങി വീണ്ടും മുങ്ങി വർഷങ്ങൾക്കു ശേഷം ഇന്ന് കർത്താവ് തന്‍റെ ശക്തമായ കരങ്ങളാൽ എന്നെ താങ്ങി നിർത്തുന്നതിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
പാട്ടുകാരൻ പറയുന്നതുപോലെ
"പുതമണലിൽ നിന്നും അവൻ എന്നെ പിടിച്ചു, മൃദുകരങ്ങളാൽ എന്നെ ഉയർത്തി, രാത്രിയുടെ നിഴലുകളിൽ നിന്നും പ്രകാശപരപ്പിലേക്ക് അവൻ എന്നെ നടത്തി, അവിടുത്തെ നാമത്തിന് സ്തോത്രം!"
ഈ അദ്ഭുതകരമായ സത്യം കാണാൻ ദൈവം എന്‍റെ കണ്ണ് തുറന്നതിനാൽ, പുതിയ നിയമം ആവശ്യപ്പെടുന്ന ഉന്നതമായ ജീവിതത്തെപ്പറ്റി പറയുമ്പോഴൊക്കെ, അത് സാധിക്കുന്നതിനുള്ള മനുഷ്യജഡത്തിന്‍റെ തികഞ്ഞ ശക്തിഹീനതയെപ്പറ്റിയും മുന്തിരിവള്ളിയിൽ വസിക്കുന്ന ഒരു കൊമ്പിനെപ്പോലെ കര്‍ത്താവില്‍ നിരന്തരമായി ആശ്രയിക്കുന്നതിനെപ്പറ്റിയും, ക്രൂശു എടുത്തു അവനെ അനുഗമിക്കുന്നതിനെപ്പറ്റിയും ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു.
പ്രിയ സഹോദരീ സഹോദരന്മാരേ! ലോകത്തെ ആസ്വദിക്കുന്ന, തനിക്കായി തന്നെ ജീവിക്കുന്ന ഒരു ജീവിതത്തിന്‍റെ ഒടുവിൽ സ്വർഗ്ഗത്തിലെത്തിച്ചേരാൻ മാത്രം ആഗ്രഹിക്കുന്ന ഒരു 'ക്രിസ്ത്യാനി'യാണ് നിങ്ങൾ എങ്കിൽ ഈ സന്ദേശം അവഗണിച്ചേക്കൂ. ഇത് നിങ്ങൾക്ക് പ്രസക്തമല്ല.
എന്നാൽ പുതിയ നിയമ നിലവാരത്തിലുള്ള ഒരു ജീവിതം നിങ്ങളെ വെല്ലുവിളിക്കുന്നെങ്കിൽ, ആ നിലവാരത്തിൽ ജീവിക്കുവാൻ തികച്ചും അശക്തനാണെന്ന് കണ്ടെത്തിയെങ്കിൽ, എന്നെപ്പോലെ ക്രിസ്തീയ പോരാട്ടം ഉപേക്ഷിച്ചുകളയാൻ ഏതാണ്ട് തയാറെടുക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ, പാപക്ഷമയും സ്വർഗ്ഗത്തിൽ ഒരിടവും തരാൻ മാത്രമേ യേശുവിന് കഴിയൂ എന്ന് നിങ്ങൾ വിശ്വസിച്ച് കഴിയാൻ ആഗ്രഹിക്കുന്നെങ്കിൽ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.
പോരാട്ടത്തിൽ നിന്നും പിന്തിരിയരുതേ!
ഒരു വിശുദ്ധജീവിതം നയിക്കാനുള്ള നിങ്ങളുടെ കഴിവില്ലായ്മ വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ പാപഭാരം ഇറക്കിവെച്ച അതേ ഇടത്ത് - യേശുകർത്താവിന്‍റെ പാദത്തിൽ ഇറക്കിവയ്ക്കുക.
പിതാവായ ദൈവം യേശുക്രിസ്തുവിനെ നമുക്കായി തന്നപ്പോൾ, ജീവനും ഭക്തിയ്ക്കും വേണ്ടതെല്ലാം തന്‍റെ ദിവ്യശക്തിയിൽ നമുക്ക് നൽകിക്കഴിഞ്ഞു (1 പത്രോസ് 1:3, എഫെസ്യർ 1:3).
ഒരു പക്ഷെ യേശുക്രിസ്തുവിലൂടെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അവകാശത്തെപ്പറ്റി ഒരിക്കലും നിങ്ങൾ അറിഞ്ഞിരിക്കില്ല. ഈ അറിവ് യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ലഭ്യമാകും. അതുകൊണ്ടാണ് പൗലോസ് പ്രാർത്ഥിക്കുമ്പോൾ "വിശുദ്ധന്മാരിലുള്ള അവുടുത്തെ അവകാശത്തിന്‍റെ മഹിമാധനം അറിയേണ്ടതിന്" നമ്മുടെ ഹൃദയദൃഷ്ടികൾ പ്രകാശിക്കേണ്ടതിനായി പ്രാർത്ഥിക്കുന്നത് (എഫെസ്യർ 1:18,19).
എന്നാൽ ഈ സത്യം മനസ്സിലാക്കാതെയിരിക്കുവാന്‍, യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ സുവിശേഷത്തിന്‍റെ പ്രകാശം ശോഭിക്കാതിരിക്കേണ്ടതിന് ഈ ലോകത്തിന്‍റെ ദൈവം വിശ്വസിക്കാത്ത അനേകരുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു (2 കൊരിന്ത്യർ 4:4)
നിങ്ങൾ വിശ്വാസത്താൽ പാപക്ഷമ പ്രാപിച്ചതുപോലെ, ഈ വിധത്തിലുള്ള ഒരു ജീവിതത്തിനുള്ള ശക്തിയും വിശ്വാസത്താൽ തന്നെപ്രാപിക്കുവാൻ കഴിയും. നിങ്ങളിലും നിങ്ങളിലൂടെയും ജീവിക്കുവാൻ യേശുക്രിസ്തുവിനോട് ആവശ്യപ്പെടുക.
നിങ്ങളുടെ പാപങ്ങൾക്കായി അവിടുന്ന് മരിക്കുക മാത്രമല്ല,തൻ്റെ മരണത്താൽ അവൻ നിങ്ങളുടെ പാപഹൃദയത്തെ നീക്കുകയും, തന്‍റെ ജീവൻ നിങ്ങൾക്ക് നൽകി നിങ്ങളിലൂടെ, യേശുവിന്‍റെ ജീവൻ വെളിപ്പെടുവാനായി അവിടുന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.
സ്വയപ്രയത്നത്തിന്‍റെ അവസാനം കണ്ടവരും യേശുവിനെ പിരിഞ്ഞ് ഒന്നും സ്വയമേ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യമായവരും എവിടെ എന്ന് ദൈവം അന്വേഷിക്കുന്നു.
ഇത് വായിക്കുന്ന ചിലരെങ്കിലും, സ്വയശ്രമങ്ങളുടെ അവസാനം എത്തിയവരും, ഈ സത്യം ഉൾക്കൊള്ളാൻ തയ്യാറായവരും ആയിരിക്കാം. ഈ സത്യം വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുക, അതിനാല്‍ നിങ്ങളുടെ ജീവിതവും ശുശ്രൂഷയും വ്യത്യാസപ്പെടുകയും ഉണങ്ങി വരണ്ട നിലത്ത് ജീവജലനദികൾ ഒഴുകുകയും ചെയ്യും.
ക്രിസ്തുവിനെ പിരിഞ്ഞാൽ നിങ്ങൾ പൂജ്യമാണ് (1 കൊരിന്ത്യർ 3:7) നിങ്ങൾ ഒരു നന്മയും ഇല്ലാത്തവരാണ് (റോമർ 7:18) നിങ്ങൾ അശക്തനാണ് (യോഹന്നാൻ 15:5)
എന്നാൽ ക്രിസ്തുവിൽ ആണെങ്കിൽ നിങ്ങളിൽ വ്യാപരിക്കുന്ന അവിടുത്തെ ശക്തിയാൽ നിങ്ങൾക്ക് സകലവും സാധ്യമായിത്തീരും. (ഫിലിപ്പിയർ 4:13, എഫെസ്യർ 3:20)
"സൈന്യത്താലല്ല ശക്തിയാലുമല്ല; എന്‍റെ ആത്മാവിനാലത്രേ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു" (സെഖര്യാവ് 4:6).
ആമേൻ.