Articles

നല്ല പ്രവര്‍ത്തികള്‍ , ദുഷ്പ്രവര്‍ത്തികള്‍ , നിര്‍ജീവ പ്രവര്‍ത്തികള്‍

Date Added : 04-04-2018

നല്ല പ്രവര്‍ത്തികള്‍ , ദുഷ്പ്രവര്‍ത്തികള്‍ , നിര്‍ജീവ പ്രവര്‍ത്തികള്‍

ദൈവവചനത്തില്‍ വ്യക്തമായി പറയുന്ന മൂന്നു തരത്തില്‍ ഉള്ള പ്രവര്‍ത്തികള്‍ ആണ് നല്ല പ്രവര്‍ത്തികള്‍ , ദുഷ്പ്രവര്‍ത്തികള്‍ , നിര്‍ജീവ പ്രവര്‍ത്തികള്‍ എന്നിവ.നാം ദുഷ്പ്രവര്‍ത്തികളില്‍ നിന്നും നിര്‍ജീവ പ്രവര്‍ത്തികളില്‍ നിന്നും മനസാന്തരപ്പെടെണം എന്നും ദൈവത്തിന്‍റെ നല്ല പ്രവര്‍ത്തികളെ വെളിപ്പെടുതുന്നവര്‍ ആയിരിക്കേണം എന്നും ദൈവവചനം പഠിപ്പിക്കുന്നു.

നല്ല പ്രവര്‍ത്തികള്‍

ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് , നല്ലവനായ ഒരുവനില്‍ നിന്നും മാത്രമേ  നല്ല പ്രവര്‍ത്തികള്‍ പുറപ്പെടുകയുള്ളൂ.യേശുക്രിസ്തു വളരെ വ്യക്തമായി പറയുന്നു ദൈവം ഒരുവന്‍ മാത്രമേ നല്ലവനുള്ളൂ. മാത്രമല്ല, ഒരു മനുഷ്യനും നല്ലവനല്ല എന്നും അതിനാല്‍ തന്നെ അവരില്‍ നിന്നും സ്വാഭാവികമായി നന്മ പുറപ്പെടില്ല, തിന്മ മാത്രമേ പുറപ്പെടുകയുളൂ എന്നും ദൈവവചനം വ്യക്തമാക്കുന്നു.(ലൂകോസ് 18:19, റോമര്‍ 3:10,മര്‍ക്കോസ് 7: 21)

എന്നാല്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തിന്മ, അല്ലെങ്കില്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവന്‍ ആയല്ല.പകരം  തന്‍റെ സാദൃശ്യത്തിലും തന്‍റെ സ്വരൂപതിലും ആണ്.അതായതു നല്ലവനായ ദൈവത്തിന്‍റെ സ്വരൂപത്തില്‍ നന്മ പുറപ്പെടുവിക്കുന്നവന്‍ ആയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

അതെ, ഏക നല്ലവനായ ദൈവം  തന്‍റെ സ്വഭാവത്തെ, തന്‍റെ നല്ല പ്രവര്‍ത്തികളെ വെളിപ്പെടുത്താനാണ് മനുഷ്യനെ സൃഷ്ടിച്ചത്.

തന്‍റെ നല്ല പ്രവര്‍ത്തികളെ വെളിപ്പെടുത്താനുള്ള മാധ്യമമായി , ദൈവം ബാക്കിയുള്ള സൃഷ്ടികളില്‍ ഒന്നും സൃഷ്ടിക്കാത്ത ഒന്ന് മനുഷ്യനില്‍ സൃഷ്ടിച്ചു. അതിനെയാണ് ദൈവവചനത്തില്‍ മനുഷ്യന്‍റെ ആത്മാവ് എന്ന് പറയുന്നത്.

എങ്ങനെയാണു ദൈവം തന്‍റെ നല്ല പ്രവര്‍ത്തികളെ , നന്മയെ മനുഷ്യനില്‍ കൂടി വെളിപ്പെടുത്തിയിരുന്നത് ?

സദൃശ്യവാക്യങ്ങൾ 20:27 പറയുന്നതു മനുഷ്യന്‍റെ ആത്മാവ് ദൈവത്തിന്‍റെ വിളക്കാണ്എന്നാണ്. വിളക്കിനു സ്വയമായി പ്രകാശം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഒരു വിളക്കിനെ പ്രകാശിപ്പിക്കുന്നത് എണ്ണയാണ്. എണ്ണയുമായുള്ള അഭേദ്യമായ ബന്ധത്തില്‍ മാത്രമേ വിളക്കിനു പ്രകാശിക്കാന്‍ കഴിയൂ.

എന്നാല്‍ ദൈവത്തിന്‍റെ ആത്മാവിനെ എണ്ണയോടാണ് ദൈവവചനം തുടര്‍ച്ചയായി ഉപമിച്ചിരിക്കുന്നത്. ദൈവം ആത്മാവാകുന്നു, ആത്മാവായ ദൈവവുമായി ബന്ധപ്പെടാന്‍ മനുഷ്യന്‍റെ ആത്മാവിന് മാത്രമേ കഴിയുകയുള്ളൂ. മനുഷ്യനു തന്‍റെ ദേഹിയിലൂടെയോ, ശരീരം കൊണ്ടോ ദൈവത്തെ ബന്ധപ്പെടാന്‍ കഴിയില്ല. ദൈവത്തിന്‍റെ ആത്മാവ് മനുഷ്യന്‍റെ ആത്മാവുമായി ബന്ധപ്പെടുകയും, മനുഷ്യന്‍റെ ദേഹിയെ (ഇച്ഛ,വികാരം, വിചാരങ്ങള്‍) നിയന്ത്രിക്കുകയും അങ്ങനെ മനുഷ്യന്‍  ദൈവത്തിന്‍റെ പ്രവര്‍ത്തികളെ ,എണ്ണ ഒരു വിളക്കിനെ പ്രകാശിക്കുന്നത് പോലെ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങനെ, പാപമില്ലത്തവനായി താന്‍ സൃഷ്‌ടിച്ച മനുഷ്യനില്‍ വസിച്ചു കൊണ്ട് നല്ലവനായ  ദൈവം  തന്‍റെ സ്വഭാവത്തെ വെളിപ്പെടുത്തി. അതാണ്‌നല്ല പ്രവര്‍ത്തികള്‍ ആയി പുറത്തു വന്നിരുന്നത് (ഉല്പത്തി 1:31, യാക്കോബ് 1:17, ലൂകോസ് 18:19).

അങ്ങനെ ദൈവത്തിന്‍റെ നല്ല പ്രവര്‍ത്തികളെ വെളിപ്പെടുത്തുന്ന മനുഷ്യനെ കാണുന്നവര്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തെ മനസ്സിലാക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.

മത്തായി 5:14-16 നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു. വിളക്കു കത്തിച്ചു പറയിന്‍ കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു, അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നേ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്ക.

ഇങ്ങനെ തന്‍റെ നല്ല പ്രവര്‍ത്തികളെ വെളിപ്പെടുത്തിയിരുന്ന  മനുഷ്യനെ നോക്കിയിട്ടാണ് ദൈവം “വളരെ നല്ലത്” എന്ന് പറഞ്ഞത്. കാരണം നാം ചിന്തിച്ചത് പോലെ ദൈവം ഒരുവന്‍ മാത്രമേ നല്ലവന്‍ ആയിട്ടുള്ളൂ.

എന്നാല്‍ മനുഷ്യന് തന്‍റെ നല്ല പ്രവര്‍ത്തികളെ തുടര്‍മാനമായി വെളിപ്പെടുത്താന്‍ ദൈവം ഒരു നിയമം കൊടുത്തിരുന്നു. ആ നിയമം മനുഷ്യന്‍ നന്മ തിന്മകളെ പറ്റി അറിവ് തരുന്ന വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുത് എന്നായിരുന്നു. അതിന്‍റെ അര്‍ത്ഥം: നന്മ തിന്മകളെ മനുഷ്യന്‍ സ്വയം തിരഞ്ഞെടുക്കരുത്, അതിനു പകരം ദൈവത്തിനു പൂര്‍ണമായി സ്നേഹത്തില്‍ കീഴടങ്ങി തനിക്കു നന്മയേതാണ് എന്നുള്ളത് തീരുമാനിക്കാനുള്ള അവകാശം നന്മയുടെ ഉറവിടമായ ദൈവത്തിനു വിട്ടുകൊടുക്കണം എന്നതായിരുന്നു.

പക്ഷെ മനുഷ്യന്‍ ദൈവത്തിനു പൂര്‍ണമായി കീഴടങ്ങുന്നതില്‍ നിന്നും മാറി സ്വയം തിരഞ്ഞെടുപ്പ് നടത്തിയാല്‍ ദൈവീക ജീവന്‍ (ദൈവത്തിന്‍റെ ആത്മാവ്) അവനെ വിട്ടു പോവുകയും, മനുഷ്യന്‍റെ ആത്മാവ് നിര്‍ജീവമാവുകയും, മനുഷ്യന്‍ അത്മീകമായി മരിക്കുകയും ചെയ്യും. ഇതായിരുന്നു ദൈവം മനുഷ്യനോടു പറഞ്ഞ ആദ്യത്തെ സത്യവും കല്പനയും.

ഉല്പത്തി 2:16,17 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

ദൈവം നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം മനുഷ്യന്‍റെ മുന്‍പില്‍ വച്ചതിനു കാരണം; പൂര്‍ണ്ണ ഹൃദയത്തോടെ ഉള്ളതായിരിക്കണം മനുഷ്യന്‍റെ ദൈവത്തോടുള്ള സ്നേഹവും അനുസരണവും എന്നത് കൊണ്ടാണ്.ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യന്ത്രമനുഷ്യന്‍ ആയിട്ടല്ല; ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും ഉള്ളവനായിട്ടാണ്. അത് കൊണ്ട് തന്നെ മനുഷ്യന് സ്വയമായി നന്മയും തിന്മയും തിരിച്ചറിവാനുള്ള കഴിവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വാതന്ത്ര്യത്തില്‍ ദൈവത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും, ആശ്രയിക്കുകയും, ദൈവം തനിക്കു നന്മയേതാണ് തിന്മയെന്താണ് എന്ന് തീരുമാനിക്കുമ്പോള്‍, ആ തീരുമാനത്തെ മനുഷ്യന്‍ സ്നേഹത്തില്‍ അനുസരിക്കുകയും വേണം എന്നാണ് ദൈവം മനുഷ്യനെ കുറിച്ച് ആഗ്രഹിച്ചത്.

എന്നാല്‍ പിശാച് മനുഷ്യനോടു പറഞ്ഞ ആദ്യത്തെ ഭോഷ്ക് ദൈവം മനുഷ്യനോടു പറഞ്ഞ ആദ്യ സത്യത്തിനു നേരെ വിപരീതമായിരുന്നു. ദൈവത്തെ അവിശ്വസിച്ച്, ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നും പുറത്തു കടന്നു, സ്വയമായി നന്മ തിന്മകള്‍ തിരഞ്ഞെടുത്താലും മനുഷ്യന് ദൈവം പറഞ്ഞത് പോലെ ആത്മീയ മരണം സംഭവിക്കുകയില്ല എന്നാണ് പിശാചു മനുഷ്യനോടു പറഞ്ഞത്.

ഉല്പത്തി 3:4: പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം

ദൈവീക ജീവന്‍ ഉള്ളില്‍ ഉണ്ടായിരുന്ന ആദം, ദൈവം പറഞ്ഞ സത്യത്തെ അവിശ്വസിക്കുകയും, പിശാചിന്‍റെ ഭോഷ്കിനെ വിശ്വസിക്കുകയും,അതിന്‍റെ ഫലമായി ദൈവകല്‍പ്പന തള്ളിക്കളയുകയും ചെയ്തു.

 

ദുഷ്പ്രവര്‍ത്തികള്‍

ആദം പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ദൈവം പറഞ്ഞ സത്യം പോലെ തന്നെ സംഭവിച്ചു.ദൈവത്തിന്‍റെ സ്നേഹകൂട്ടായ്മയില്‍ നിന്നും പുറത്തു കടന്ന ആ നിമിഷം തന്നെ മനുഷ്യന്‍ അത്മീകമായി മരിച്ചു. ആത്മാവായ ദൈവത്തോട് ബന്ധപ്പെട്ടിരുന്ന, ദൈവത്താല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന മനുഷന്‍റെ ആത്മാവ് മരിച്ചു. മനുഷ്യന്‍റെ ദേഹിയെ പിശാചു നിയന്ത്രിക്കാന്‍ തുടങ്ങി. മനുഷ്യന്‍റെ ഹൃദയം പാപത്തിന്‍റെ ഉറവയായി മാറി. ദൈവസ്വഭാവത്തെ വെളിപ്പെടുത്തിയിരുന്ന മനുഷ്യന്‍ ദുഷ്ടന്‍ ആയ പിശാചിന്‍റെ ദുഷ്പ്രവര്‍ത്തികളെ വെളിപ്പെടുത്താന്‍ തുടങ്ങി.

എന്നാല്‍ കാര്യങ്ങള്‍ അവിടെകൊണ്ടു അവസാനിച്ചില്ല, അത്മീകമായി മരിച്ച ആദമില്‍ നിന്നും ജനിക്കുന്ന എല്ലാ മനുഷ്യരുടെയും ഹൃദയം പാപം നിറഞ്ഞതായി എന്നും ആ പാപഉറവില്‍ നിന്നും പിശാചിന്‍റെ സ്വഭാവമായ ദുഷ്ടത പുറപ്പെടുന്നു എന്നും ദൈവവചനം വ്യക്തമാക്കുന്നു.

ഉല്പത്തി 6: 5 ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.

മര്‍ക്കോസ് 7: 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,  കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.  ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു

നാം മുകളില്‍ കണ്ടത് പോലെ നല്ലവനായ ദൈവം , തനിക്കു സ്നേഹത്തില്‍ കീഴടങ്ങിയിരുന്ന മനുഷ്യന്‍റെ ആത്മാവുമായി ബന്ധപ്പെട്ടു, മനുഷ്യനില്‍ കൂടി തന്‍റെ നന്മയെ വെളിപ്പെടുത്തുന്നതാണ് നല്ല പ്രവര്‍ത്തികള്‍ എങ്കില്‍, ദുഷ്ടനായ പിശാചു , തനിക്കു കീഴടങ്ങുന്ന മനുഷ്യന്‍റെ പാപ ജഡത്തില്‍ കൂടി തന്‍റെ ദുഷ്ടതയെ വെളിപ്പെടുത്തുന്നതാണ് ദുഷ്പ്രവര്‍ത്തികള്‍.

എന്നാല്‍ ഇതിനു എന്താണ് പരിഹാരം? മനുഷ്യന്‍റെ ഹൃദയം ദുഷ്ടത നിറഞ്ഞിരിക്കുന്നിടത്തോളം അത് തിന്മ മാത്രമേ പുറപ്പെടുവിക്കുകയുളൂ. അതിനെ പരിഷ്കരിക്കുവാനോ, നന്നാക്കിയെടുക്കുവാനോ ആര്‍ക്കും കഴിയുകയില്ല.ഒരു പുതിയ ഹൃദയം ലഭിക്കുക എന്നത് മാത്രമാണ് പരിഹാരം.

മനുഷ്യന് പരമാവധി ചെയ്യാന്‍ കഴിയുന്നതു മനുഷ്യന്‍റെ ഉള്ളിലുള്ള പാപം, പാപ പ്രവര്‍ത്തികള്‍ ആയി പുറത്തു വരാതെ അതിനെ നിയന്ത്രിക്കുക എന്നത് മാത്രമാണ്.കേടായ വൃക്ഷത്തില്‍ നിന്നും കേടായ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ അതിനെ മുറിച്ചു കളയുന്നത് പോലെ, മലിലനമായ ഉറവയില്‍ നിന്നും മലിന ജലം പുറത്തേക്കു ഒഴുകുമ്പോള്‍ അതിനെ കഴുകിക്കളയുന്നത് പോലെയുള്ള പ്രവര്‍ത്തിയാണ് അത്.യഥാര്‍ത്ഥത്തില്‍ ന്യായപ്രമാണം ദൈവം കൊടുത്തതിന്‍റെ ഒരു പ്രധാന ഉദ്ദേശവും, ന്യായപ്രമാണം ചെയ്തിരുന്നതും അത് തന്നെയാണ്.

എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ പ്രശ്നം പരിഹരിക്കുകയില്ല എന്ന് ദൈവത്തിനു അറിയുമായിരുന്നു, അതിനാല്‍ തന്നെ ന്യായപ്രമാണം കൊടുക്കുന്നതിനു വളരെ മുന്‍പ് തന്നെ ദൈവം മനുഷ്യന്‍റെ യഥാര്‍ത്ഥ പ്രശ്നത്തിന് പരിഹാരം വാഗ്ദത്തം ചെയ്തിരുന്നു.അതാണ്‌ യഥാര്‍ത്ഥ സുവിശേഷം.അതാണ്‌സദ്വാര്‍ത്ത, അതാണ്‌ നാം ഉല്പത്തി 3:15 ല്‍ കാണുന്നത്.

"ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.

“സ്ത്രീയുടെ സന്തതി നിന്‍റെ (പിശാചിന്‍റെ) തല തകർക്കും.”

ഇതാണ് ദൈവത്തിന്‍റെ സുവിശേഷം.ആദമില്‍ കൂടി പാപം കടന്നു വരികയും, ആദമില്‍ ജനിക്കുന്നവര്‍ എല്ലാം പാപത്തില്‍ മരിച്ചവര്‍ ആയിതീരുകയും,മനുഷ്യന്‍റെ ഹൃദയം ദുഷ്ടതയുടെ ഉറവ ആയിത്തീരുകയും ചെയ്തു.എന്നാല്‍ ആദമില്‍ നിന്നല്ലാതെ, സ്ത്രീയുടെ  സന്തതിയായി ഒരുവന്‍ വരികയും, തന്‍റെ മരണത്താല്‍ അവന്‍ മനുഷ്യന്‍റെ പാപത്തിന്‍റെ പ്രഭവ കേന്ദ്രമായ  പാപ ഹൃദയത്തെ നീക്കുകയും ചെയ്യും.

മാത്രമല്ല,പാപം പുറപ്പെടുവിച്ചിരുന്ന ഹൃദയത്തിനു പകരം മനുഷ്യന് ഒരു പുതിയ ഹൃദയം ലഭിക്കും. അതിനാല്‍ ദൈവത്തിനു വീണ്ടും മനുഷ്യനില്‍ കൂടി തന്‍റെ സ്വഭാവത്തെ, നല്ല പ്രവര്‍ത്തികളെ ആദിയില്‍ ചെയ്തിരുന്നത് പോലെ വെളിപ്പെടുത്തുകയും ചെയ്യും.

ഈ വാഗ്ദത്തം ആണ് പഴയ നിയമത്തില്‍ ഉടനീളം പ്രവാചകന്മാര്‍ പ്രവചിച്ചുകൊണ്ടിരുന്നത്.

യേഹേസ്കേൽ 36 :26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.

27 ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും

 

യേശുക്രിസ്തു വിളിച്ചുപറഞ്ഞു, തിരുവെഴുത്തുകള്‍ പ്രവചിച്ചത് പോലെ , മനുഷ്യന്‍റെ പാപ ഉറവയായ ഹൃദയം മാറി, ഉള്ളില്‍ നിന്നും ജീവജലത്തിന്‍റെ നദികള്‍ ഒഴുകാന്‍ പോകുന്നു.അതെ, ജീവജലത്തിന്‍റെ ഉറവയായ ദൈവം ഒരുവനില്‍ വസിക്കുമ്പോള്‍ അവനില്‍ നിന്നും ജീവജലത്തിന്‍റെ നദികള്‍ ഒഴുകും.

യോഹന്നാന്‍ 7: 37 ഉത്സവത്തിന്‍റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്‍റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്‍റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.

പാപ ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന് സാധിക്കാന്‍ കഴിയാതെയിരുന്നതിനെ ( മനുഷ്യനിലെ പാപ ഉറവയെ നീക്കുകയും, ജീവനീരുറവയെ തുറക്കുകയും ചെയ്യുക എന്നതിനെ ) സാധിപ്പാൻ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും, പാപംനിമിത്തവും അയച്ചു, മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപത്തിന്നു, പാപമില്ലാത്ത യേശുക്രിസ്തുവിന്‍റെ ജഡത്തിൽ ശിക്ഷ വിധിച്ചു.പാപം നീക്കി, ജീവനീരുറവയെ തുറന്നു.(റോമര്‍ 8:2)

നല്ലവനായ ദൈവം, പാപമില്ലാത്തവനായി താന്‍ സൃഷ്‌ടിച്ച മനുഷ്യനില്‍ വസിച്ചു കൊണ്ട് തന്‍റെ സ്വഭാവത്തെ വെളിപ്പെടുതിയിരുന്നതു പോലെ , ഇന്ന് പാപം നീക്കപ്പെട്ട മനുഷ്യനില്‍ നല്ലവനായ ദൈവം വസിച്ചു തന്‍റെ നല്ല സ്വഭാവത്തെ വെളിപ്പെടുതിയിരുന്നതാണ് നല്ല പ്രവര്‍ത്തികള്‍.ആ നല്ല പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് നാം ക്രിസ്തുവില്‍ പുതു സൃഷ്ടികള്‍ ആയതു, ആ നല്ല പ്രവര്‍ത്തികള്‍ ആണ് ക്രിസ്തു നമ്മില്‍ തുടങ്ങിയത്.അത് നിവര്‍ത്തിക്കുവാനും അവന്‍ ശക്തന്‍.

എഫെസ്യര്‍ 2:10 നാം അവന്‍റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു

ഫിലിപ്പിയർ 1:4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.

 

നിര്‍ജീവ പ്രവര്‍ത്തികള്‍

നാം മുകളില്‍ നല്ല പ്രവര്‍ത്തികള്‍, ദുഷ്പ്രവര്‍ത്തികള്‍ എന്നിവ എന്താണ് എന്ന് കണ്ടു, എന്നാല്‍ ദൈവവചനത്തില്‍ പറയുന്ന മൂന്നാമത്തെ പ്രവര്‍ത്തിയാണ് നിര്‍ജീവ പ്രവര്‍ത്തികള്‍.ഇത് എന്താണ് എന്ന് പലര്‍ക്കും അറിയില്ല.

നാം ഇത് വരെ ചിന്തിച്ചത് പോലെ  , ദൈവത്തെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന ചെയ്യുന്ന വ്യക്തിയില്‍ കൂടി ദൈവം തന്‍റെ പ്രവര്‍ത്തികളെ വെളിപ്പെടുത്തുന്നതാണ് നല്ല പ്രവര്‍ത്തികള്‍. എന്നാല്‍ , ഒരുവന്‍ വീണ്ടും ജനിച്ചു എങ്കിലും ദൈവത്തിനു പൂര്‍ണ്ണമായും വിശ്വസിക്കുകയും, ആശ്രയിക്കുകയും, ദൈവത്തിനു തന്നില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ തന്നെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യാതെ,ദൈവത്തിനു വേണ്ടി സ്വയമായി ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നിര്‍ജീവ പ്രവര്‍ത്തികള്‍.

വിശ്വാസികളെ ദൈവസഭയാകുന്ന ശരീരത്തിന്‍റെ അവയവങ്ങളായും ക്രിസ്തുവിനെ ശരീരത്തിന്‍റെ തലയായിട്ടുമാണ്  ദൈവവചനം വെളിപ്പെടുത്തുന്നത്.നമ്മുടെ ശരീരത്തിലെ ഒരവയവവും സ്വന്ത ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുത്തു സ്വയമായി പ്രവർത്തിക്കുന്നില്ല; അതുപോലെ തന്നെ അവയിൽ ഒന്നും തന്നെ തലയ്ക്കു വേണ്ടി സ്വയമായി തീരുമാനമെടുത്തു ഒന്നും ചെയ്യുന്നുമില്ല.

മറിച്ച് എല്ലാ അവയവങ്ങളും തലയുടെ ഏതൊരു കല്പനയും ക്ഷണത്തിൽ അനുസരിക്കുവാൻ തയ്യാറായി സ്വയം ലഭ്യമാക്കി സ്വസ്ഥതയോടെ ഇരിക്കുകയാണ് ചെയ്യുന്നത്.

ശരീരത്തിലെ ഒരു അവയവം തലയിൽ നിന്ന് കല്‍പ്പനകൾ സ്വീകരിച്ച് അനുസരിക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അംഗങ്ങളും തലയുടെ ഏതൊരു കല്‍പ്പനയും ക്ഷണത്തിൽ അനുസരിക്കുവാൻ എപ്പോഴും ഒരുക്കത്തോടെ, സ്വസ്ഥതയോടെ സ്വയം ലഭ്യമാക്കിയിരിക്കെണ്ടതാണ്.

അതിനെയാണ് കൊമ്പു മുന്തിരിവള്ളിയില്‍ വസിക്കുന്നത് പോലെ തന്നില്‍ വസിക്കുക എന്ന് കര്‍ത്താവു പറഞ്ഞത്, അങ്ങനെ തന്നില്‍ വസിക്കുമ്പോള്‍ കര്‍ത്താവ്‌ നമ്മില്‍ വസിക്കുകയും, തന്‍റെ നല്ല പ്രവര്‍ത്തികള്‍, നല്ല ഭലങ്ങളായി നമ്മില്‍ നിന്നും പുറപ്പെടുകയും ചെയ്യും, അല്ലാതെ നാം ചെയ്യുന്നത് എല്ലാം നിര്‍ജീവ പ്രവര്‍ത്തികള്‍ മാത്രമായിരിക്കും.അതിനു മനുഷ്യരുടെ മാനം നമുക്ക് ലഭിച്ചേക്കാം എന്നാല്‍ ദൈവസന്നിധിയില്‍ വിലയില്ല, ദൈവീക ന്യായാസനത്തില്‍ കത്തിപ്പോകുന്ന പ്രവര്‍ത്തികള്‍ ആയി അവ തീരും.

യോഹന്നാൻ 15:4 എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

പുറമേ നിര്‍ജീവ പ്രവര്‍ത്തികള്‍ , നല്ല പ്രവര്‍ത്തികളുടെ രീതിയില്‍ ആയിരിക്കാമെങ്കിലും അത് ദൈവീക ജീവനില്‍ നിന്നും പുറപ്പെടുന്നതാവില്ല.ദൈവീക ജീവനില്‍ നിന്നും പുറപ്പെടാത്ത എല്ലാ പ്രവര്‍ത്തികളും നിര്‍ജീവ പ്രവര്‍ത്തികള്‍ തന്നെ.നാം നമ്മുടെ പാപകരമായ ദുഷ്പ്രവര്‍ത്തികളില്‍ നിന്നും മനസന്തരപ്പെട്ടത് പോലെ തന്നെ നിര്‍ജീവ പ്രവര്‍ത്തികളില്‍ നിന്നും മനസന്തരപ്പെടെനം എന്ന് ദൈവം കല്‍പ്പിക്കുന്നു (എബ്രായർ 6:1)

യേശുവിന്‍റെ രക്തം നമ്മുടെ പാപങ്ങളെ പോക്കി നമ്മെ ശുധീകരിച്ചത് പോലെ, നിര്‍ജീവ പ്രവര്‍ത്തികളെയും പോക്കി നമ്മെ ശുദ്ധീകരിക്കും എന്ന് ദൈവവചനം വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ദൈവത്തിനു തന്‍റെ നല്ല പ്രവര്‍ത്തികളെ നമ്മില്‍ കൂടി ചെയ്തെടുക്കാന്‍ കഴിയൂ.

(എബ്രായർ 9:14 )

നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്‍റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, ദൈവത്തിന്‍റെ പരമ പ്രധാനമായ ഉദ്ദേശം, നമ്മെ ദുഷ്പ്രവര്‍ത്തികളില്‍ നിന്നും നിര്‍ജീവ പ്രവര്‍ത്തികളില്‍ നിന്നും വീണ്ടെടുത്ത്‌ , തന്‍റെ നല്ല പ്രവര്‍ത്തികളെ വെളിപ്പെടുതെണം എന്നാണ്, നാം ദൈവത്തിനു പൂര്‍ണ്ണമായും നമ്മെ സമര്‍പ്പിക്കുകയും, വിശ്വസിക്കുകയും, ആശ്രയിക്കുകയും, ദൈവത്തിനു നമ്മില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുകയാണ് എങ്കില്‍ , ദൈവത്തിനു നമ്മിലും, നമ്മില്‍ കൂടിയും തന്‍റെ നല്ല പ്രവര്‍ത്തികളെ വെളിപ്പെടുത്താന്‍ കഴിയും, ദൈവത്തിനു നമ്മെയും നോക്കി “വളരെ നല്ലത്” എന്ന് പറയുവാന്‍കഴിയും,നമ്മില്‍ കര്‍ത്താവ്‌ തുടങ്ങിയ  നല്ല പ്രവര്‍ത്തിയെ, ക്രിസ്തുവിന്‍റെ നാളോളം തികക്കുവാന്‍അവന്‍ശക്തനും തന്നെ. അതിനായി നമുക്ക് സ്വയം ഏൽപ്പിച്ചു കൊടുക്കാം.

ബ്രദർ ജിനു നൈനാൻ