നിത്യനായ ദൈവവും, നശ്വരനായ മനുഷ്യനും
വായനാഭാഗം: സങ്കീർത്തനങ്ങള്‍ 90:1-12
1 കര്‍ത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2 പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.
11 നിന്‍റെ കോപത്തിന്‍റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്‍റെ ക്രോധത്തെയും ഗ്രഹിക്കുന്നവന്‍ ആര്‍?
12 ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.
ഈ സങ്കീര്‍ത്തനത്തില്‍ മോശ ദൈവത്തിന്‍റെ നിത്യതയെപ്പറ്റിയും മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയെപ്പറ്റിയും എഴുതുകയാണ്.ദൈവം അനാദിയായും ശാശ്വതവുമായും ഉള്ളവന്‍ ആണെങ്കില്‍ മനുഷ്യന്‍ രാവിലെ തഴച്ചു വളരുകയും വൈകുന്നേരം അരിഞ്ഞു വാടിപ്പോകുകയും ചെയ്യുന്ന പുല്ലിനു തുല്യന്‍ ആണ്! മനുഷ്യജീവിതം ഒരു നെടുവീര്‍പ്പ് പോലെ, ആവി പോലെ തീര്‍ന്നു പോകുന്നതാണ്. അങ്ങനെയുള്ള നശ്വരനായ മനുഷ്യന്‍ ജ്ഞാനിയാകേണ്ടതിനുള്ള മാര്‍ഗം ആണ് മോശ തുടര്‍ന്ന് പറയുന്നത്.
“ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.”
നമ്മുടെ കയ്യില്‍ കുറച്ചു പണമേയുള്ളൂ എങ്കില്‍ നാം അത് എണ്ണുകയും ബുദ്ധിപൂര്‍വ്വം ചിലവഴിക്കുകയും ചെയ്യും. ഉദാഹരണത്തിന് 9125 രൂപ മാത്രമേ നമുക്ക് ഇനി ജീവിക്കാന്‍ കൈവശം ഉള്ളൂ എങ്കില്‍ നാം അത് എത്ര ബുദ്ധിപൂര്‍വ്വം ചിലവഴിക്കും? എന്നാല്‍ ഇനി 9125 ദിവസം (25 വര്‍ഷം) കൂടി ജീവിക്കും എന്ന് ഒരു മനുഷ്യന് ഉറപ്പ് ലഭിച്ചെന്നിരിക്കട്ടെ (അങ്ങനെ ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ല)! അതിലെ ഓരോ ദിവസവും വിലപ്പെട്ടതായി അയാൾ കണക്കാക്കും. ഇത്തരത്തിൽ ഒരു ഉറപ്പുമില്ലാത്ത നമ്മുടെ ജീവിതം വളരെ നശ്വരം ആണ് എന്ന് നമുക്ക് യഥാര്‍ത്ഥത്തില്‍ ബോധ്യം ഉണ്ട് എങ്കില്‍ തീര്‍ച്ചയായും നാം നമ്മുടെ നാളുകളെ എണ്ണുകയും അത് ബുദ്ധിപൂര്‍വ്വം ചിലവഴിക്കുകയും ചെയ്യും. അങ്ങനെയുള്ള വ്യക്തികള്‍ ആണ് ദൈവദൃഷ്ടിയില്‍ ജ്ഞാനികള്‍. അല്ലാതെയുള്ള മനുഷ്യന്‍ മൂഡന്‍ ആണ്.
എന്നാല്‍ എങ്ങനെയാണ് ഈ നശ്വരനായ മനുഷ്യനു നിത്യനായ ദൈവത്തോട് കൂടെ നിത്യകാലം നിത്യസന്തോഷം അനുഭവിക്കാന്‍കഴിയുക? അതിനു ദൈവത്തിന്‍റെ ജീവന്‍ ആയ നിത്യജീവന്‍ മനുഷ്യന്‍ പ്രാപിക്കേണം. തന്‍റെ നശ്വരമായ ജീവിതത്തില്‍ മനുഷ്യന്‍ ജ്ഞാനത്തോടെ എടുക്കുന്ന ഒരു തീരുമാനത്താല്‍ അതിനു സാധ്യമാകും.
അതിനെപ്പറ്റി നമ്മുടെ കര്‍ത്താവ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.....
യോഹന്നാൻ 6:40 പുത്രനെ നോക്കിക്കൊണ്ടു അവനില്‍ വിശ്വസിക്കുന്ന ഏവന്നും നിത്യജീവന്‍ ഉണ്ടാകേണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം
യോഹന്നാൻ 6:47 ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളൊടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു.
യോഹന്നാൻ 6:51 സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു, ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും.
യോഹന്നാൻ 8:51 ആമേന്‍ , ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം കാണ്‍കയില്ല എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 10:10 അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു.
നിത്യനായ ദൈവമായ യേശുക്രിസ്തു ഈ ഭൂമിയില്‍ മനുഷ്യന്നായി വന്നു മരിച്ചത്, തന്‍റെ നിത്യജീവന്‍ തന്നു നശ്വരനായ നാം നിത്യജീവന്‍ പ്രാപിക്കാന്‍ വേണ്ടിയിട്ടാണ്. എന്നാല്‍ മനുഷ്യന് അത് ലഭിക്കേണം എങ്കില്‍ അവന്‍ ജ്ഞാനിയായി ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടത് ആവശ്യം ആണ്. ആ തീരുമാനത്തില്‍ ഒരു മനുഷ്യന്‍റെ നിത്യത തീരുമാനിക്കപെടും. ഒന്നുകില്‍ നിത്യജീവന്‍ അല്ലെങ്കില്‍ നിത്യശിക്ഷാവിധി. അതിനാല്‍ ദൈവവചനം പറയുന്നു.
യോഹന്നാൻ 3:16 തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ഇതില്‍ ഏതാണ് നാം തിരഞ്ഞെടുക്കുക? നാം ഭോഷത്വമായ ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അതിന്‍റെ ഫലവും ദൈവം ഓര്‍മിപ്പിക്കുന്നു.
യോഹന്നാൻ 3:18 അവനില്‍ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല, വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു
നാം യേശുക്രിസ്തുവിനെ കര്‍ത്താവായി സ്വീകരിക്കുമ്പോള്‍ത്തന്നെ നാം നിത്യജീവനിലേക്ക് പ്രവേശിക്കുകയാണ്.കാരണം നിത്യജീവന്‍ എന്നത് നാം മരിക്കുമ്പോള്‍ ലഭിക്കുന്ന കാര്യമോ, മരിക്കുമ്പോള്‍ ചെന്ന് ചേരുന്ന സ്ഥലമോ അല്ല മറിച്ചു അത് ക്രിസ്തുവിന്‍റെ ജീവനാണ്, നാം ദൈവമക്കള്‍ ആണ് എങ്കില്‍ നമുക്ക് ഇപ്പോള്‍ ത്തന്നെ നിത്യജീവന്‍ ഉണ്ട് എന്ന് നാം അറിയേണം എന്നും ആസ്വദിക്കേണം എന്നും നമ്മുടെ ഭൂമിയിലെ നാളുകളെ ബുദ്ധിപൂര്‍വ്വം ചിലവഴിക്കേണം എന്നും ദൈവം ആഗ്രഹിക്കുന്നു.
1 യോഹന്നാൻ5: 13 ദൈവപുത്രന്‍റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
ബ്രദർ ജിനു നൈനാൻ