ഭോഷ്കിന്‍റെ പിതാവ്

വായന ഭാഗം : ഉല്പത്തി 3:4,5
പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
ചിന്താഭാഗം : ഉല്പത്തി 3:4 പാമ്പു സ്ത്രീയോടുനിങ്ങള്‍ മരിക്കയില്ല നിശ്ചയം.
പിശാചിനെ ദൈവവചനം പരിചയപ്പെടുത്തുന്നത് ഭോഷ്കിന്‍റെ പിതാവ് എന്നാണ്. പിശാച് മനുഷ്യനോടു പറഞ്ഞ ആദ്യത്തെ ഭോഷ്ക് ദൈവം മനുഷ്യനോടു പറഞ്ഞ ആദ്യ സത്യത്തിനു നേരെ വിപരീതമായിരുന്നു. ദൈവത്തെ അവിശ്വസിച്ചു, ദൈവത്തിന്‍റെ സര്‍വാധിപത്യത്തില്‍ നിന്നും പുറത്തു കടന്നു സ്വയമായി തീരുമാനങ്ങള്‍ എടുത്താലും മനുഷ്യന് ദൈവം പറഞ്ഞത് പോലെ ആത്മീയ മരണം സംഭവിക്കുകയില്ല എന്നാണ് പിശാചു ഇവിടെ പറയുന്നത്.
എന്നാല്‍ ദൈവം പറഞ്ഞ സത്യം പോലെ തന്നെ സംഭവിച്ചതായി നാം കാണുന്നു. ദൈവത്തിന്‍റെ സര്‍വ്വാധിപത്യത്തില്‍ നിന്നും,ദൈവീക കൂട്ടായ്മയില്‍ നിന്നും പുറത്തു കടന്ന ആ നിമിഷം തന്നെ മനുഷ്യന്‍ ആത്മീകമായി മരിച്ചു. മനുഷ്യന്‍റെ ആത്മീയ ദൃഷ്ടി അടഞ്ഞു. ദൈവാധിപത്യത്തില്‍ നിന്നും പിശാചിന്‍റെ അധികാരത്തിലേക്ക് മനുഷ്യന്‍ മാറി. ദൈവ സ്വരൂപത്തില്‍ നിന്നും മനുഷ്യന്‍ പിശാചിന്‍റെ സ്വഭാവത്തില്‍ (പാപ ജഡത്തില്‍ ) ആയിത്തീര്‍ന്നു. ആത്മാവായ ദൈവത്തോട് ബന്ധപ്പെട്ടിരുന്ന, ദൈവത്താല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന മനുഷ്യന്‍റെ ആത്മാവ് മരിച്ചു. മനുഷ്യന്‍റെ ദേഹിയെ പിശാചു നിയന്ത്രിക്കാന്‍ തുടങ്ങി. ദൈവസ്വഭാവത്തെ വെളിപ്പെടുത്തിയിരുന്ന മനുഷ്യന്‍ പിശാചിനെ വെളിപ്പെടുത്താന്‍ തുടങ്ങി.
യോഹന്നാന്‍ 8:44 നിങ്ങള്‍ പിശാചെന്ന പിതാവിന്‍റെ മക്കള്‍ : നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു.
1യോഹന്നാന്‍ 3:8 പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകന്‍ ആകുന്നു. പിശാചു ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ.
ഇങ്ങനെ പിശാചിന്‍റെ സ്വരൂപത്തില്‍ ആയി തീര്‍ന്ന ആദമില്‍ നിന്ന് ജനിക്കുന്നവര്‍ എല്ലാം വീഴ്ച വന്ന ആദമിന്‍റെ അതെ സ്വരൂപത്തിലാണ് ജനിക്കുന്നത്.
ഉല്പത്തി. 2:1 ആദാമിന്‍റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്‍റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി;
ഉല്പത്തി 2:3: ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്‍റെ സാദൃശ്യത്തിൽ തന്‍റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.
ഇന്ന് ഈ ഭൂമിയില്‍ ജനിക്കുന്ന എല്ലാവരും ആദമില്‍ നിന്നാണ് ജനിച്ചതെന്നും അതുകൊണ്ട് തന്നെ പാപത്തില്‍ വീണ ആദമിന്‍റെ സ്വരൂപത്തില്‍ (ആത്മീകമായി മരിച്ചവരായി, പിശാചിന്‍റെ അധികാരത്തില്‍) ആണ് ജനിക്കുന്നത് എന്ന് ദൈവവചനം പറയുന്നു.
റോമര്‍ 5:12
അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
എഫെസ്യര്‍ 2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
അതുകൊണ്ട് ഒരു വ്യക്തി മനസാന്തരപെട്ട് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ ആദം ദൈവത്തില്‍ നിന്നും പിശാചിലേക്ക് തിരിഞ്ഞപ്പോള്‍ സംഭവിച്ചതിനു നേരെ വിപരീതമായതാണ് സംഭവിക്കുന്നത്.
അവര്‍ക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു. പ്രവര്‍ത്തികള്‍ 26:18
നാം വ്യക്തമായി മനസ്സിലാക്കേണ്ട ഒരു ദൈവവചനസത്യം ഉണ്ട്. നാം പാപം ചെയ്യുന്നത് കൊണ്ട് പാപികള്‍ ആയിത്തീതീരുകയല്ല, പകരം നാം ജന്മനാ പാപികള്‍ ആയതു കൊണ്ട്, പാപസ്വഭാവം ഉള്ളത് കൊണ്ട്, പാപജഡത്തില്‍ ആയതു കൊണ്ട് പാപം ചെയ്യുകയാണ് ചെയ്യുന്നത്. നമ്മില്‍ വസിക്കുന്ന പാപം “വേരും” പുറത്തു വരുന്ന പാപ പ്രവര്‍ത്തികള്‍ “ഫലങ്ങളും” ആണ്. മാമ്പഴം കായിക്കുന്നത് കൊണ്ടല്ല ഒരു വൃക്ഷം മാവ് ആകുന്നതു, പകരം മാവ് ആയതുകൊണ്ട് സ്വാഭാവികമായി അതിനു മാമ്പഴം മാത്രമേ പുറപ്പെടുവിക്കാന്‍ കഴിയുകയുള്ളു. അത് പോലെ തന്നെ, വീണ മനുഷ്യന്‍റെ പാപജഡത്തില്‍ നിന്നും സ്വാഭാവികമായി ഒരു നന്മയും പുറപ്പെടുകയില്ല, എന്നാല്‍ സ്വാഭാവികമായി പാപത്തിന്‍റെ മലിന ജലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍റെ ഉള്ളില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ജീവജലത്തിന്റെ നദികള്‍ പുറപ്പെടുവിക്കുവാന്‍ ദൈവത്തിനു കഴിയും എന്നതാണ് യഥാര്‍ത്ഥ സുവിശേഷം (യോഹന്നാൻ.7:37).
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാനസന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞവര്‍ ആണോ? അല്ലെങ്കില്‍ നിങ്ങള്‍ ആത്മീകമായി മരിച്ചവരാണ്. പിശാചിന്റെ അധികാരത്തില്‍ ആണ്. നിങ്ങളുടെ ഉള്ളില്‍ നിന്നും സ്വാഭാവികമായി മലിന ജലം അല്ലാതെ ഒരു നന്മയും പുറപ്പെടുകയില്ല. എന്നാല്‍ ഭോഷ്കിന്‍റെ പിതാവായ പിശാചു ആദമിനോട് "നിങ്ങള്‍ മരിക്കുകയില്ല" എന്ന് പറഞ്ഞത് പോലെ ഇന്ന് നിങ്ങളോടും പറയുന്നത് "നിങ്ങള്‍ മരിച്ചവര്‍ അല്ല", അതിനാല്‍ നിങ്ങള്‍ ദൈവത്തിങ്കലേക്കു തിരിയേണ്ട ആവശ്യമില്ല എന്നതായിരിക്കാം. സാത്താന്‍റെ അധികാരത്തില്‍ നിന്നും നിങ്ങള്‍ ഒരിക്കലും പുറത്തു വരാതിരിക്കാന്‍ ഈ സത്യം നിങ്ങള്‍ ഒരിക്കലും അറിയരുത് എന്ന് അവന്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ നിങ്ങള്‍ ഇന്ന് ദൈവത്തിങ്കലേക്കു തിരിയുന്നുവെങ്കില്‍, നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങള്‍ക്ക് ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും, സാത്താന്‍റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിയുവാനും കഴിയും. സ്വാഭാവികമായി പാപത്തിന്‍റെ മലിന ജലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഉള്ളില്‍ നിന്നും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ജീവജലത്തിന്റെ നദികള്‍ പുറപ്പെടുവിക്കുവാന്‍ ദൈവത്തിനു കഴിയും.
അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.
ബ്രദർ ജിനു നൈനാൻ