മനുഷ്യൻ ദൈവത്തിന്‍റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു സെപ്റ്റംബർ 16, 2026
മനുഷ്യൻ ദൈവത്തിന്‍റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു
സെപ്റ്റംബർ 16, 2026
ഉല്പത്തി 3:1–24
ജിനു നിനാൻ
സാത്താന്റെ കപട വഞ്ചന
സാത്താൻ ഒരിക്കൽ ദൈവത്തിന്റെ അധികാരത്തിനടിയിൽ സൃഷ്ടിക്കപ്പെട്ട മഹാദൂതനായിരുന്നു. എന്നാൽ അവൻ കീഴടങ്ങാൻ വിസമ്മതിച്ചു; ദൈവത്തോട് മത്സരിച്ചു , ദൈവസന്നിധിയിൽ നിന്ന് പുറത്താക്കപ്പെട്ടു. മനുഷ്യനും സ്ത്രീയും ദൈവത്തിന്റെ സ്നേഹബന്ധത്തിൽ, അവന്റെ അധികാരത്തിനടിയിൽ ജീവിക്കുന്നിടത്തോളം അവരെ നശിപ്പിക്കാൻ കഴിയില്ലെന്ന് അവൻ അറിഞ്ഞിരുന്നു. പക്ഷേ, താനെപ്പോലെ അവരെയും മത്സരംത്തിലേക്ക് വലിച്ചിഴയ്ക്കാൻ കഴിയുമെങ്കിൽ, അവർക്കും ദൈവത്തിൽ നിന്ന് വേർപ്പെടേണ്ടിവരും.
അതിനാൽ സാത്താൻ ഹവ്വയെ ലക്ഷ്യമാക്കി. അവളുടെ ഹൃദയത്തിൽ ദൈവത്തിന്റെ സ്നേഹത്തെപ്പറ്റി സംശയം വിതയ്ക്കുകയായിരുന്നു അവന്റെ തന്ത്രം. ദൈവം വിലക്കുകൾ ഏർപ്പെടുത്തിയത് സ്നേഹത്താൽ അല്ല; യഥാർത്ഥ സ്വാതന്ത്ര്യത്തിൽ നിന്ന് നിന്നെ തടയാനാണ് എന്നു അവൻ അവളെ വിശ്വസിപ്പിച്ചു. സൂക്ഷ്മമായിരുന്നുവെങ്കിലും, അതി അപകടകരമായൊരു സന്ദേശം: “അധികാരത്തിനടിയിലെ സ്വാതന്ത്ര്യം യഥാർത്ഥമല്ല. ദൈവത്തിന്റെ അധികാരത്തിൽ നിന്ന് പുറത്തുവരിക, നീ തന്നെ ദൈവമായിത്തീരും.”
സാത്താൻ അവളോട് വാഗ്ദാനം ചെയ്തു: “നിങ്ങൾ ഒരിക്കലും മരിക്കുകയില്ല. നിങ്ങളുടെ കണ്ണുകൾ തുറക്കും. നന്മയും തിന്മയും അറിയും.” മത്സരം ജീവനും സ്വാതന്ത്ര്യവും ജ്ഞാനവും തരുന്നു എന്നതാണ് അവന്റെ കള്ളം. എന്നാൽ സത്യം, മത്സരം മരണമാണ് നൽകുന്നത്.
ആദ്യ പാപം — ഹൃദയത്തിലെ മത്സരം
ഹവ്വ സർപ്പത്തിന്റെ വാക്കുകൾ വിശ്വസിച്ചു. അവളുടെ ഹൃദയം ദൈവത്തിൽ നിന്ന് മാറി, ദൈവം കുടുംബത്തിൽ സ്ഥാപിച്ചിരുന്ന അധികാരക്രമത്തിൽ നിന്ന് പുറത്തേക്കു നടന്നു. ഹൃദയത്തിലെ മത്സരമായിരുന്നു സൃഷ്ടിയിൽ നടന്ന ആദ്യ പാപം.
ആദാമിനു മുന്നിൽ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായി: ദൈവത്തെ അനുസരിച്ച് വീട്ടിലെ മത്സരം തടയണോ, അല്ലെങ്കിൽ ഭാര്യയുടെ അനുസരണക്കേടിൽ പങ്കുചേരണോ? ദുർഭാഗ്യകരമായി, ആദാം ദൈവത്തോടല്ല, ഹവ്വയോടൊപ്പമാണ് നിന്നത്.ആദാം ഹവ്വയെപ്പോലെ വഞ്ചിക്കപ്പെട്ടതല്ല, ബോധപൂർവ്വം ദൈവത്തിന്റെ അധികാരം അവൻ നിരസിച്ചു, സഹവാസം തകർത്തു.
ഫലം ദൈവം മുന്നറിയിപ്പ് നൽകിയതു പോലെ തന്നെയായിരുന്നു: അവർ ആത്മീയമായി മരിച്ചു, ജീവന്റെയും പ്രകാശത്തിന്റെയും ഉറവിടത്തിൽ നിന്ന് വേർപ്പെട്ടു. അവർ സാത്താന്റെ അധികാരത്തിനടിയിൽപ്പെട്ടു, സ്വതന്ത്രരാകേണ്ടവർ അടിമകളായി. ദൈവത്തോടുള്ള ബന്ധം തകർന്നു; ഉടൻ തന്നേ തമ്മിലുള്ള ബന്ധവും. മത്സരം, ഭയം, ലജ്ജ, കുറ്റം, കുറ്റാരോപണം എന്നിവ കൊണ്ട് നശിച്ചു. ഒടുവിൽ, അവർ ദൈവസന്നിധിയിൽ നിന്ന് പുറത്താക്കപ്പെട്ടു, ശപിക്കപ്പെട്ട ലോകത്തിലേക്ക്.
മോചനത്തിന്റെ വാഗ്ദാനം
എന്നിരുന്നാലും, ന്യായവിധിക്കിടയിലും ദൈവം കരുണയോടെ ഒരു വാഗ്ദാനം നൽകി: സ്ത്രീയുടെ സന്തതി ഒരുനാൾ സർപ്പത്തിന്റെ തല ചവിട്ടിത്തകർക്കും. തന്റെ പുത്രൻ മുഖാന്തരം ദൈവം മനുഷ്യന്റെ തകർന്ന ബന്ധം പുനസ്ഥാപിക്കുകയും മനുഷ്യഹൃദയത്തിലെ മത്സരം അവസാനിപ്പിക്കുകയും ചെയ്യും.
ഈ വാഗ്ദാനം യേശുക്രിസ്തുവിൽ നിറവേറ്റപ്പെട്ടു. ക്രൂശിൽ അവൻ സാത്താനെ തോൽപ്പിച്ചു, അവന്റെ ശക്തിയെ തകർത്തു. സത്യസുവിശേഷം കേട്ടു, മാനസാന്തരം ചെയ്‌തു, ക്രിസ്തുവിനെ കർത്താവായി വിശ്വസിക്കുന്നവൻ സാത്താന്റെ അടിമത്തത്തിൽ നിന്ന് വിടുതൽ പ്രാപിക്കുന്നു; വീണ്ടും ദൈവത്തിന്റെ അധികാരത്തിനടിയിലേക്കു മാറ്റപ്പെടുന്നു.
ക്രിസ്തുവിൽ പുതിയ ജീവൻ
പുതുജന്മത്തിലൂടെ ദൈവം നമ്മുടെ പിതാവായി നമ്മെ സ്വീകരിക്കുന്നു. നാം അവന്റെ പുത്രന്മാരും പുത്രിമാരും ആകുന്നു; ആത്മാവിൽ അവനോടു ചേർന്നു. വീട്ടിൽ ഭർത്താവിനും ഭാര്യയ്ക്കും വീണ്ടും ഐക്യവും സമാധാനവും അനുഭവിക്കാം. ദൈവം ആഗ്രഹിക്കുന്നത്, നമ്മുടെയവനോടുള്ള ബന്ധം അച്ഛേദ്യമായ സ്നേഹത്താൽ, വിശ്വാസത്താൽ, അനുസരണത്താൽ അടയാളപ്പെടുത്തിയിരിക്കണമെന്നതാണ്.
എന്നിരുന്നാലും, സർപ്പം ഇന്നും നമ്മെ ദൈവത്തിന്റെ സ്നേഹത്തെപ്പറ്റി സംശയിപ്പിക്കുന്നു. അതേ കള്ളം ഇന്നും അവൻ ചൊല്ലുന്നു: “നീ നഷ്ടപ്പെടുന്നുണ്ടല്ലോ… യഥാർത്ഥ സ്വാതന്ത്ര്യം ദൈവത്തിന്റെ അധികാരത്തിന് പുറത്താണ്.” എന്നാൽ നമ്മൾ ജയിക്കുന്നത്, പിതാവിന്റെ സ്നേഹത്തിൽ ഉറച്ചുനിൽക്കുന്നതിലൂടെ, അവന്റെ ജ്ഞാനത്തിൽ വിശ്വസിച്ചു, അവന്റെ വചനത്തെ അനുസരിച്ചു കൊണ്ടാണ്.
പ്രാർത്ഥന
അപ്പാ പിതാവേ, ക്രൂശിൽ വെളിപ്പെട്ടിരിക്കുന്ന നിന്റെ മഹത്തായ സ്നേഹം ഒരിക്കലും സംശയിക്കാതിരിക്കാനുള്ള കൃപ തരണമേ. ആ സ്നേഹത്തിൽ വിശ്രമിക്കാനും, നിന്റെ ജ്ഞാനത്തിൽ പൂർണ്ണമായി ആശ്രയിക്കാനും, ഹൃദയപൂർവ്വം നിന്നെ അനുസരിക്കാനും ഞങ്ങളെ പഠിപ്പിക്കേണമേ. നിന്നെ സംശയിച്ച നിമിഷങ്ങൾ ക്ഷമിക്കേണമേ. വഞ്ചകനായവന്റെ വലയങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കേണമേ. മത്സരംത്തിന്റെ എല്ലാതരം വിത്തുകളും നമ്മുടെ ഹൃദയത്തിൽ നിന്ന് നീക്കി കളയേണമേ. ജീവിതത്തിന്റെ ഓരോ മേഖലകളിലും നീ തന്നേ നമ്മെ ഒരു പടിയും ഒരു പടിയും നടത്തിക്കൊള്ളേണമേ. അതിനുവേണ്ടി നന്ദി പറയുന്നു. ആമേൻ.