ആദിമ സഭയും പീഡനവും , പ്രതികരണവും
ആദിമ സഭയും പീഡനവും, പ്രതികരണവും
ജിനു നൈനാൻ
യഥാർത്ഥ സുവിശേഷം ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്തുക മാത്രം ആണ്. താൻ ഉയർത്തപ്പെട്ടാൽ എല്ലാവരെയും തന്നിലേക്ക് ആകർഷിക്കും എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ. 12: 32 )
ക്രിസ്തുവിനെ ഉയർത്തുന്നതിന് പകരം മറ്റു മതങ്ങളെയോ ആചാരങ്ങളെയോ ഇകഴ്ത്തുകയാണ് സുവിശേഷം പ്രസംഗിക്കുന്നു എന്ന പേരിൽ നിങ്ങൾ ചെയ്യുന്നത് എങ്കിൽ അതുവഴി ഉണ്ടാകുന്ന പീഡനം ' ക്രിസ്തുവിനെ പ്രതിയുള്ള ' പീഡനം ആവുകയില്ല.(1 പത്രൊ. 4 :15-17)
എന്നാൽ യഥാർത്ഥമായി ക്രിസ്തുവിനെ പ്രസംഗിച്ചാലും പീഡനം ഉണ്ടാകും എന്ന് തന്നെയാണ് ദൈവവചനം പഠിപ്പിക്കുന്നത് . എന്നാൽ നാം കഷ്ടം സഹിക്കുന്നതു ക്രിസ്തുവിനെയും, തൻ്റെ സുവിശേഷത്തെയും പ്രതി ആണ് എന്ന് നമുക്ക് ഉറപ്പിക്കാം .
ആദിമ സഭയിലെ അപ്പോസ്തോലന്മാരും വിശ്വാസികളും യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നതിലൂടെ വലിയ പീഡനങ്ങളിൽ കൂടി കടന്നു പോയവർ ആണ്. എന്നാൽ അത്തരം പീഡനങ്ങളോടുള്ള അവരുടെ പ്രതികരണം എങ്ങനെയായിരുന്നു ?
കർത്താവിൻ്റെ മാതൃക
ആദ്യമായി പീഡനങ്ങളോടുള്ള പ്രതികരണമായി കർത്താവ് കാണിച്ച മാതൃക നമുക്ക് പരിശോധിക്കാം . ആ മാതൃകയിൽ തന്നെ കർത്താവിന്റെ കാൽചുവടുകൾ പിന്തുടരാൻ ആണ് അപ്പോസ്തോലന്മാർ പ്രബോധിപ്പിച്ചത് .
താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചുള്ള ഏറ്റവും പ്രസക്തമായ പഴയനിയമ പ്രചനങ്ങളിൽ ഇപ്രകാരം പറയുന്നു.
യെശയ്യാവ് 53:3,7 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും ഇരുന്നു…തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരു ന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു. മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അവൻ നിശ്ശബ്ദനായിരുന്നു. കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവൻ്റെ മുമ്പിൽ നില്‌ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം അവലംബിച്ചു.
യെശ.50:6 അടിക്കുന്നവർക്ക്, ഞാൻ എൻ്റെ മുതുകും രോമം പറിക്കുന്നവർക്ക്, എൻ്റെ കവിളും കാണിച്ചുകൊടുത്തു; എൻ്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ട് ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ട് ഞാൻ എൻ്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചു പോകുകയില്ല എന്നു ഞാൻ അറിയുന്നു എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; എന്നോട് വാദിക്കുന്നവൻ ആര്?
യേശു അനുഭവിച്ച പീഡനങ്ങളോടുള്ള തൻ്റെ പ്രതികരണത്തെക്കുറിച്ച് പത്രോസ് ഇങ്ങനെ പറയുന്നു.
1പത്രൊ. 2:23 തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിക്കയത്രേ അവൻ ചെയ്തത്.
ഈ മാതൃക ആണ് പീഡനങ്ങളുടെ മുൻപിൽ ക്രിസ്തുവിൻ്റെ അനുയായികൾക്ക് ഉണ്ടാകേണ്ടത് എന്ന് അപ്പോസ്തോലൻ തുടർന്ന് പ്രബോധിപ്പിക്കുന്നു .
1പത്രൊ. 2:21 ഇതിന് വേണ്ടിയല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്ക് വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്‍റെ കാൽച്ചുവട് പിന്തുടരുവാൻ ഒരു മാതൃക ഭരമേല്പിച്ച് പോയിരിക്കുന്നു
ആദിമ അപ്പോസ്തോലന്മാരുടെയും സഭയുടെയും മാതൃക
ഇതേ മാതൃകയാണ് ആദിമ സഭയും അപ്പോസ്തോലന്മാരും സ്വീകരിച്ചത് എന്ന് ആദിമ സഭയുടെ ചരിത്രം വിവരിക്കുന്ന അപ്പോസ്തോല പ്രവർത്തികളിൽ കാണുന്നു
യാക്കോബിന്റെയും സ്തെഫനോസിന്റെയും ,മരണവും , റോമൻ അധികാരികളിൽ നിന്നുള്ള ക്രൂരമായ പീഡനങ്ങളും എല്ലാം വിവരിക്കുന്ന അപ്പോസ്തോല പ്രവർത്തികളിൽ ഇതിനോടൊക്കെയുള്ള സഭയുടെ പ്രതികരണവും വിവരിക്കുന്നു .
പ്രവൃത്തികൾ 12:2 യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ട് കൊന്നു. 3അത് യെഹൂദന്മാർക്ക് ഇഷ്ടമായി എന്നു തിരിച്ചറിഞ്ഞ ഹെരോദാവ് പത്രൊസിനെയും പിടിക്കുവാൻ നിർദ്ദേശിച്ചുഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
23 വിട്ടയച്ച ശേഷം അവർ തങ്ങളുടെ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോട് പറഞ്ഞത് എല്ലാം അറിയിച്ചു. 24അത് കേട്ടിട്ടു അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞത്: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, ---------, 28സംഭവിക്കേണം എന്നു നിന്‍റെ കയ്യും നിന്‍റെ ആലോചനയും മുന്നിയമിച്ചത് ഒക്കെയും നിവർത്തിച്ചിരിക്കുന്നു സത്യം. 29ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. 30സൗഖ്യമാക്കുവാൻ നിന്‍റെ കൈ നീട്ടുന്നതിനാലും നിന്‍റെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്‍റെ വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്താവിപ്പാൻ നിന്‍റെ ദാസന്മാർക്ക് കൃപ നല്കേണമേ.” 31ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
ആദിമ സഭയുടെ ചരിത്രം വിവരിക്കുന്ന അപ്പോസ്തോല പ്രവർത്തികളിൽ അതിക്രൂര പീഡനങ്ങളുടെ നടുവിൽ പ്രാർത്ഥിക്കുക എന്നതല്ലാതെ , ഒരിടത്തെങ്കിലും അവർ കൂട്ടം കൂടി പ്രധിഷേധിക്കുകയോ രാഷ്ട്രീയ കക്ഷികളുടെയോ, പൊതു സമൂഹത്തിന്റെ പിന്തുണ തേടുകയോ, ശബ്ദായമാനമായ രീതിയിൽ പ്രധിഷേധിക്കുകയോ, രാഷ്ട്രീയ പാർട്ടികളെ പോലെ ധർണ്ണയും, ശക്തി പ്രകടനങ്ങളും നടത്തുകയോ, നിയമ വ്യവസ്ഥയെയോ , ഭരണാധികാരികളെയോ വെല്ലുവിളിക്കുകയോ , വിമർശിക്കുകയോ, സംഘടനകൾ ഉണ്ടാക്കി സംരക്ഷണ വലയം ഒരുക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് കാണാൻ കഴിയുമോ ?
അപ്പോസ്തോലിക ഉപദേശം - ലേഖനങ്ങളിലൂടെ
ഇനി ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ഭരണാധികാരികളോട് എങ്ങനെ പ്രതികരിക്കണം എന്നാണ് അവർ ലേഖനങ്ങളിൽ കൂടി വിശ്വാസികളെ പഠിപ്പിച്ചത് ?
പൗലോസ് റോമയിലെ വിശ്വാസികൾക്ക് എഴുതുന്നത് വായിക്കുക
1 ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. 2ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും. 3ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും. 4നിന്‍റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവൻ്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നെ. 5അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
6അധികാരികൾ ദൈവശുശ്രൂഷകന്മാരും ആ കാര്യം നിരന്തരമായി നോക്കുന്നവരുമാകുന്നതുകൊണ്ടു തന്നെ നിങ്ങൾ നികുതിയും കൊടുക്കുന്നു. 7എല്ലാവർക്കും കടമായുള്ളത് കൊടുക്കുവിൻ; നികുതി കൊടുക്കണ്ടവന് നികുതി; ചുങ്കം കൊടുക്കണ്ടവന് ചുങ്കം; ഭയം കാണിക്കേണ്ടവന് ഭയം; ബഹുമാനം കാണിക്കേണ്ടവന് ബഹുമാനം.
(ശ്രദ്ധിക്കുക , സഭാ ചരിത്രത്തിൽ ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ പീഡിപ്പിച്ച ഏറ്റവും ക്രൂരനായ നീറോ ചക്രവർത്തി റോം ഭരിക്കുമ്പോൾ ആണ് പൗലോസ് ഇത് കൊരിന്തിൽ നിന്നും റോമിലെ വിശ്വാസികൾക്ക് നീറോ ദൈവശുശ്രൂഷകനും , ദൈവ ദാസനും ആണ് എന്നും അതിനാൽ അദ്ദേഹത്തിനു ഭയവും , ബഹുമാനവും കൊടുക്കുക എന്നത് വിശ്വാസിയുടെ കടമയാണ് എന്ന് എഴുതുന്നത്)
പൗലോസ് തിമൊത്തിയോസിനു കൊടുക്കുന്ന നിർദ്ദേശം വായിക്കുക
1അതുകൊണ്ട് നാം സർവ്വഭക്തിയോടും മാന്യതയോടും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കേണ്ടതിന്, സകലമനുഷ്യർക്കും, വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥർക്കും വേണ്ടി യാചനയും പ്രാർത്ഥനയും മദ്ധ്യസ്ഥതയും സ്തോത്രവും കരേറ്റണം എന്നു ഞാൻ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു. 3അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
(അപ്പോസ്തലനായ പൗലോസ് തിമോത്തിക്ക് ഇത് എഴുതിയപ്പോഴും ഭരണാധികാരി എ.ഡി. 54 മുതൽ 68 വരെ ഭരിച്ചിരുന്ന റോമൻ ചക്രവർത്തിയായ നീറോ ആയിരുന്നു .അദ്ദേഹത്തിന്റെ ആദ്യത്തെ റോമൻ തടവിന് ശേഷം (എ.ഡി. 62-64 കാലഘട്ടത്തിൽ) എഴുതിയതാണ്, ഈ കാലഘട്ടത്തിൽ നീറോ ക്രിസ്ത്യാനികളെ ക്രൂരമായി പീഡിക്കുകയായിരുന്നു.
അങ്ങനെയുള്ള സാഹചര്യത്തിലും ഭരണാധികാരികളോട് പ്രധിഷേധിക്കാനോ , മത്സരിക്കാനോ, പോര് വിളിക്കാനോ അല്ല പകരം അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും മദ്ധ്യസ്ഥതയും സ്തോത്രവും കരേറ്റണം എന്നും അത് ദൈവത്തിന്‍റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു എന്നുമാണ് പലോസ് തിമോത്തിക്ക് എഴുതുന്നത് )
പത്രോസ് പീഡിപ്പിക്കപ്പെടുന്ന സഭയ്ക്ക് എഴുതുന്നത് വായിക്കുക
13സകല മാനുഷിക അധികാരങ്ങൾക്കും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. 14സർവ്വാധികാരി എന്നുവച്ച് രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാൽ അയയ്ക്കപ്പെട്ടവർ എന്നുവച്ച് നാടുവാഴികൾക്കും കീഴടങ്ങുവിൻ. 15നിങ്ങൾ നന്മ ചെയ്തുകൊണ്ട് ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം നിശബ്ദമാക്കേണം എന്നുള്ളത് ദൈവേഷ്ടം ആകുന്നു. 16സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്‍റെ ദാസന്മാരായും നടപ്പിൻ. 17എല്ലാവരെയും ബഹുമാനിക്കുവിൻ; സാഹോദര സമൂഹത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ആദരിപ്പിൻ.
9ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ. 1അതുകൊണ്ട് ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ട് നിങ്ങളും ആ മനോഭാവം തന്നെ ആയുധമായി ധരിപ്പിൻ 13ക്രിസ്തുവിന്‍റെ കഷ്ടങ്ങളിൽ എത്രത്തോളം പങ്കുള്ളവരാകുമോ അത്രത്തോളം സന്തോഷിച്ചു കൊൾവിൻ. അങ്ങനെ നിങ്ങൾ അവന്‍റെ തേജസ്സിൻ്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിക്കുവാൻ ഇടവരും. 14ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ. 15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല; 16ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്. 17ന്യായവിധി ആദ്യമായി ദൈവഗൃഹമായ അവന്‍റെ ജനത്തിൽ ആരംഭിപ്പാൻ സമയമായല്ലോ.
(നീറോ റോം ഭരിക്കുമ്പോൾ തന്നെ റോമിൽ നിന്നും പത്രോസ് പീഡിപ്പിക്കപ്പെടുന്ന വിശ്വാസികൾക്ക്എഴുതിയതാണ് മുകളിൽ വായിച്ചതു. അവിടെയും പ്രധിഷേധിക്കാനോ , മത്സരിക്കാനോ അല്ല അധികാരികൾക്ക് കീഴടങ്ങുക, ബഹുമാനിക്കുക , ആദരിക്കുക എന്നാണ് പറയുന്നത് )
അവിശ്വസനീയം എന്ന് തോന്നുന്നത് പോലെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈസ്തവ പീഡകനായ ചക്രവർത്തി രാജ്യം ഭരിക്കുമ്പോൾ , ഭരണാധികാരികളോട് എങ്ങനെ പ്രതികരിക്കണം എന്ന് അപ്പോസ്തോലന്മാർ വിശ്വാസികളെ പഠിപ്പിക്കുന്ന ആണ് ഇവ ...ഇന്ന് ഈ രീതിയിൽ പഠിപ്പിക്കുന്ന ആരെയെങ്കിലും നിങ്ങള്ക്ക് കാണുവാൻ കഴിയുമോ ?
പീഡനത്തിൽ കൂടി കടന്നു പോകുന്ന സഭകൾക്ക് ലേഖനം എഴുതുമ്പോൾ ഒരിടത്തെങ്കിലും അപ്പോസ്തോലന്മാർ ഇന്ന് നാം കാണുന്നത് പോലെ പ്രധിഷേധിക്കാൻ ആഹ്വാനം ചെയ്യുകയോ ,അതി ക്രൂരന്മാർ ആയിരുന്ന ഭരണാധികാരികളെപ്പോലും വിമർശിക്കാനോ, പരിഹസിക്കാനോ, കുറ്റപ്പെടുത്താനോ തുനിയുന്നുണ്ടോ ?
എന്ത് കൊണ്ട് അവർ ഇന്ന് കാണുന്നത് പോലെ കൂട്ടം കൂടി പ്രധിഷേധിക്കുകയോ രാഷ്ട്രീയ കക്ഷികളുടെയോ, പൊതു സമൂഹത്തിന്റെ പിന്തുണ തേടുകയോ, ശബ്ദായമാനമായ രീതിയിൽ പ്രതികരിക്കുകയോ , രാഷ്ട്രീയ പാർട്ടികളെ പോലെ ധർണ്ണയും, ശക്തി പ്രകടനങ്ങളും നടത്തുകയോ, നിയമ വ്യവസ്ഥയെയോ , ഭരണാധികാരികളെയോ വെല്ലുവിളിക്കുകയോ , വിമർശിക്കുകയോ അവർ ചെയ്തില്ല ?
പരസ്യമായി പ്രതിഷേധിക്കുന്നത് പോകട്ടെ , സഭയ്ക്ക് എഴുതുമ്പോഴും , വ്യക്തിപരമായി എഴുമ്പോൾ പോലും ഒരിക്കൽ പോലും അവർ എന്ത് കൊണ്ട് ഇത്തരം അനീതിപരമായ പീഡനങ്ങൾക്കു എതിരെ ഭരണാധികാരികളോട് പ്രതികരിക്കാൻ ഉപദേശിക്കുന്നില്ല, അവർക്കു കീഴടങ്ങുവാൻ തുടർച്ചയായി ഉപദേശിക്കുന്നു ?
അതിനു കാരണം അവർ പ്രസംഗിച്ചത് യഥാർത്ഥ സുവിശേഷവും , അവരുടെ ജീവിതം ആ സുവിശേഷത്തിന്റെ സാക്ഷ്യവും ആയിരുന്നു എന്നതാണ്. അവർ പീഡനങ്ങളുടെ നടുവയിൽ തന്നെത്താൻ താഴ്ത്തി വായ തുറക്കാതെ ഇരുന്ന, തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിച്ച ക്രിസ്തുവിന്റെ അനുയായികൾ അഥവാ ' ക്രിസ്ത്യാനികൾ ' ആയിരുന്നു .
അതിനാൽ തന്നെ അവർക്കു പീഡനങ്ങളുടെ നടുവിൽ ദൈവത്തെ ആശ്രയിക്കാൻ കഴിഞ്ഞു . ദൈവം അവർക്കു വേണ്ടി പ്രവർത്തിച്ചു , ചിലപ്പോൾ അവരെ അത്ഭുതകരമായി വിടുവിച്ചു , അല്ലാത്തപ്പോൾ പീഡനത്തിന് നടുവിലൂടെ കടന്നു പോകാൻ ഉള്ള ദൈവകൃപയും , ധൈര്യവും നൽകി.
ഈ ഒരു കാര്യത്തിൽ നിന്നു മാത്രം ആദിമ സഭയുടെ സുവിശേഷത്തിൽ നിന്നും , വിശ്വാസത്തിൽ നിന്നും ജീവിതത്തിൽ നിന്നും എത്ര മാത്രം അകലെയാണ് ഇന്നുള്ള ക്രിസ്തീയ വിശ്വാസികളുടെ സുവിശേഷവും , വിശ്വാസവും ജീവിതവും എന്ന് വ്യക്തം
( ഇതിനർത്ഥം ഒരു രാജ്യത്തു നിലനിൽക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിക്കാനോ , ആവശ്യമെങ്കിൽ രാജ്യത്തെ നിയമ സഹായം ഉപയോഗിക്കുവാനോ പാടില്ല എന്നല്ല . അപ്പോസ്തോലന്മാരും അത് ഉപയോഗപ്പെടുത്തിയിരുന്നു . എന്നാൽ ഒരിക്കൽ പോലും അവർ ദൈവം നിയമിച്ച അധികാരങ്ങൾക്കു എതിരെ മത്സരിക്കുവാൻ പഠിപ്പിച്ചിട്ടില്ല , പകരം കീഴടങ്ങാകുവാനും അനുസരിക്കുവാനും ആണ് പഠിപ്പിച്ചത് . (പ്രവൃത്തികൾ 4:23-31, 25 9-12)
കണ്ണുള്ളവർ കാണട്ടെ . ..കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ