Articles

തേജസ്സുള്ള സുവിശേഷം.

Date Added : 11-02-2018

ചിന്താഭാഗം. ഉൽപത്തി 3: 15.

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

“സ്ത്രീയുടെ സന്തതി നിന്‍റെ (പിശാചിന്‍റെ) തല തകർക്കും.”

പല ക്രിസ്തീയ വിശ്വാസികളും ചിന്തിക്കുന്നത് സുവിശേഷം എന്നത് പുതിയ നിയമത്തിലെ ആദ്യ നാല് പുസ്തകങ്ങളോ, യേശുക്രിസ്തു പ്രസംഗിച്ച ചില കാര്യങ്ങളോ മാത്രം ആണ് എന്നാണ്.

ദൈവവചനം പഠിക്കുമ്പോള്‍ നാം ഏറ്റവും പ്രധാനമായി, അത് എഴുതിയ ദൈവത്തിന്‍റെ ഹൃദയത്തെയും, പരിശുദ്ധാത്മാവിന്‍റെ ഭാഷയെയും  ദൈവവചനത്തിന്‍റെ മുഴുവനായുള്ള സന്ദേശത്തെയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. നാം ഒരു ഗ്രന്ഥം വായിക്കുകയാണെങ്കില്‍ അത് എഴുതിയ ഗ്രന്ഥകാരനെയും, അദ്ദേഹം ആ ഗ്രന്ഥത്തില്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്ന സന്ദേശവും നമുക്ക് അറിയാമെങ്കില്‍ മാത്രമേ അതിലെ ഓരോ അദ്ധ്യായവും നമുക്ക് അര്‍ത്ഥവത്തായി തോന്നുകയുള്ളൂ. അല്ലെങ്കില്‍ നാം ഓരോ അദ്ധ്യായവും ഓരോ വിധത്തില്‍ അതിന്‍റെ മൊത്തമായുള്ള സന്ദേശത്തില്‍ നിന്നും, ഗ്രന്ഥകാരന്‍ തന്‍റെ ഹൃദയത്തില്‍ ഉദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി വ്യാഖ്യാനിക്കാന്‍ തുടങ്ങും. അങ്ങനെ നമ്മെ ജീവിപ്പിക്കേണ്ട ദൈവവചനം തന്നെ നമുക്ക് മരണം വരുത്തുന്ന അക്ഷരമായിത്തീരുന്നു.

അത് കൊണ്ട് നാം മനസ്സിലാക്കേണ്ടത് ദൈവവചനമായ ബൈബിളിന്‍റെ മൊത്തമായുള്ള വിഷയവും, ദൈവത്തിന്‍റെ ഹൃദയത്തിലെ സന്ദേശവുമാണ് “സുവിശേഷം”. ദൈവവചനത്തിലെ ഓരോ പുസ്തകവും സുവിശേഷം എന്ന ദൈവീകസന്ദേശത്തെ വെളിപ്പെടുത്തുന്നതാണ്. ആ ദൈവീകസന്ദേശം ഈ ലോകത്തിലെ അനേക ബുദ്ധിമാന്മാര്‍ക്ക്‌ മറഞ്ഞിരിക്കുമ്പോള്‍  ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്, പരിശുദ്ധാത്മാവില്‍ കൂടി അത് വെളിപ്പെടുത്തി കൊടുക്കുന്നു.

1 കൊരി 2:9-12  “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു.

ദൈവത്തിന്‍റെ സാദൃശ്യത്തിലും, സ്വരൂപത്തിലും, അധികാരതിന്‍റെ കീഴിലും ആയിരുന്ന മനുഷ്യന്‍ എങ്ങനെയാണ് പിശാചിന്‍റെ ഭോഷ്ക് വിശ്വസിച്ച് അവന്‍റെ അധികാരത്തില്‍ കീഴില്‍ ആയതു എന്ന് നാം മുന്‍പുള്ള ലേഖനങ്ങളില്‍ കണ്ടുവല്ലോ. അങ്ങനെ പാപം ചെയ്തു  ആത്മീക മരണത്തില്‍ ആയ  മനുഷ്യനെ ദൈവം തോട്ടത്തില്‍  നിന്നും, ദൈവീക കൂട്ടായ്മയില്‍ നിന്നും  പുറത്താക്കുന്നു.  അതിനുള്ള  കാരണവും  ദൈവം  പറയുന്നു.

ഉല്പത്തി  3: 23- 24 ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതി വരരുതു എന്നു കല്പിച്ചു.  അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്‍ തോട്ടത്തില്‍നിന്നു പുറത്താക്കി. ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു;

എന്ത് കൊണ്ടാണ് മരിച്ച മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഭലം തിന്നു  എന്നേക്കും ജീവിക്കുവാന്‍, നിത്യജീവന്‍ പ്രാപിക്കുവാന്‍ സ്നേഹവാനായ ദൈവം അപ്പോള്‍ തന്നെ അനുവദിക്കാതിരുന്നത്?   അതിനു  കാരണം  ദൈവം  സ്നേഹവാന്‍  മാത്രമല്ല, നീതിമാന്‍ കൂടി ആണ് എന്നുള്ളതാണ്.

പാപം ചെയ്തു  മരിച്ച മനുഷ്യന്‍ നിത്യജീവന്‍ പ്രാപിക്കുന്നതിനു  മുന്‍പ്, അവന്‍റെ പാപത്തിനു ശിക്ഷ വിധിക്കുകയും, അതിനു പരിഹാരം വരുത്തുകയും വേണം എന്നുള്ളത്  ദൈവീകനീതിയാണ്. പാപം മൂലം നഷ്ടപ്പെട്ട ജീവന്‍ വീണ്ടും പ്രാപിക്കേണം എങ്കില്‍ പാപപരിഹാരം നടക്കേണം.

പാപിയായ, അത്മീകമായി മരിച്ച, മനുഷ്യനെ വീണ്ടെടുക്കേണ്ടതിനു, പാപമില്ലാത്ത, നിത്യജീവന്‍ ഉള്ളിലുള്ള   ഒരു മനുഷ്യന്‍ സകല മനുഷ്യവര്‍ഗതിന്റെയും പ്രതിനിധിയായി, എല്ലാവരുടെയും പാപം ഏറ്റെടുത്തു, പകരം മരിക്കേണം എന്നത്  ആണ് ആ ദൈവനീതി. അതായിരുന്നു, ദൈവം വീണു പോയ മനുഷ്യ വര്‍ഗത്തിന് അവന്‍റെ രക്ഷയ്ക്കായി ആദ്യമായി കൊടുക്കുന്ന വാഗ്ദത്തവും സദ്വര്‍ത്തമാനവും. അതാണ്‌  “ദൈവത്തിന്‍റെ സുവിശേഷം”.

ആ സുവിശേഷം ആദ്യമായി നാം ഉല്പത്തി 3 :15 ല്‍ കാണുന്നു.

"ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. സ്ത്രീയുടെ സന്തതി നിന്‍റെ (പിശാചിന്‍റെ) തല തകർക്കും".

ഇതാണ് ദൈവത്തിന്‍റെ സുവിശേഷം.ആദമില്‍  കൂടി പാപം കടന്നു വരികയും, ആദമില്‍ ജനിക്കുന്നവര്‍ എല്ലാം പാപത്തില്‍ മരിച്ചവര്‍ ആയിതീരുകയും ചെയ്തപ്പോള്‍, ആദമില്‍ നിന്നല്ലാതെ,   സ്ത്രീയുടെ മാത്രം സന്തതിയായി ഒരുവന്‍ വരികയും, തന്‍റെ മരണത്താല്‍ അവന്‍ പിശാചിന്‍റെ തലയെ തകര്‍ക്കുകയും, താന്‍ ഉയിര്‍ത്തെഴുന്നേറ്റു തന്‍റെ ആത്മാവിനെ അയച്ചു ആത്മീകമായി മരിച്ച മനുഷ്യനെ വീണ്ടും ജീവിപ്പിക്കുകയും, അതിനാല്‍ മനുഷ്യനെ ദൈവീക കൂട്ടായ്മയിലേക്ക് മടങ്ങി വരുത്തുകയും, ദൈവത്തിനു വീണ്ടും മനുഷ്യനില്‍ കൂടി തന്‍റെ സ്വഭാവത്തെ, ദൈവീക തേജസ്സിനെ (ദൈവീക ജീവനെ) ആദിയില്‍ ചെയ്തിരുന്നത് പോലെ  വെളിപ്പെടുത്തുകയും ചെയ്യും എന്നുള്ളതാണ് ദൈവത്തിന്‍റെ സുവിശേഷം.

സാധാരണ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ പോലെ മനുഷ്യനെ നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാനുള്ള ഒരു കുറുക്കു വഴിയല്ല സുവിശേഷം.കാരണം മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ അവനു നഷ്ടപെട്ടത് ദൈവീക കൂട്ടായ്മയാണ്, ദൈവതേജസ്സ് ആണ് ,ദൈവീക ജീവനാണ്, ദൈവീക സ്വഭാവമാണ്.

റോമര്‍  3:23  ഒരു വ്യത്യാസവുമില്ല? എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു.

പാപം ചെയ്തപ്പോള്‍ എല്ലാവര്‍ക്കും ആദമില്‍ ആ തേജസ്സു നഷ്ടപ്പെട്ടു,എല്ലാവരും പാപത്തിന്‍ കീഴിലായി,എല്ലാവരും ശപിക്കപ്പെട്ടവരായി, എല്ലാവരും പിശാചിന്‍റെ സ്വഭാവതിലായി, എല്ലാവരും പാപ ജഡത്തില്‍ ആയി, എല്ലാവരും ആദമില്‍ മരിച്ചു.( 1 കൊരിന്ത്യര്‍ 15:22, റോമര്‍  3:9-19, റോമര്‍ 5:12-14)

ആദമില്‍ എല്ലാവര്‍ക്കും നഷ്ടപ്പെട്ട ദൈവീക തേജസ്സും,ദൈവീക ജീവനും വീണ്ടും അവനില്‍ നല്കാന്‍ ആദമില്‍ നിന്നല്ലാതെ, സ്ത്രീയുടെ സന്തതിയായി ഒരുവന്‍ വരുമെന്നും, അവനില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യരെയും പാപത്തില്‍ നിന്നും ശാപത്തില്‍ നിന്നും വീണ്ടെടുക്കുവാനും,അവരെ ദൈവ സ്വഭാവത്തിലേക്കു, ദൈവ തേജസ്സിലേക്ക് കൊണ്ടുവരാന്‍ അവനു കഴിയുകയും ചെയ്യും എന്ന വാഗ്ദത്തമാണ് സുവിശേഷത്തിന്‍റെ പ്രാഥമികമവും പ്രധാനവുമായ സന്ദേശം.

1കൊരിന്ത്യര്‍  2:7 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതുംമറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.

2കൊരിന്ത്യര്‍ 3:18 എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ സ്വരൂപമായി രൂപാന്തരപ്പെടുന്നു.

2തെസ്സലൊനീക്യര്‍ 2:14 നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ തേജസ്സ് പ്രാപിപ്പാനല്ലോ അവന്‍ ഞങ്ങളുടെ സുവിശേഷഘോഷണത്താല്‍ നിങ്ങളെ രക്ഷെക്കു വിളിച്ചതു.

2കൊരിന്ത്യര്‍4:4 ദൈവസ്വരൂപമായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരെ, യഥാര്‍ത്ഥ സുവിശേഷം എന്നത് നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്കുള്ള  കുറുക്കു വഴിയല്ല.അത് പിശാചിന്‍റെ തല തകര്‍ത്ത്, അവന്‍റെ അധികാരത്തില്‍  നിന്നും  മനുഷ്യനെ  വിടുവിച്ചു, മനുഷ്യനെ  അവനു നഷ്ടപ്പെട്ട ദൈവീക കൂട്ടായ്മയിലേക്ക്, ദൈവതെജസ്സിലേക്ക്, ദൈവീക സ്വഭാവത്തിലേക്കു  മടക്കി കൊണ്ടുവരുന്ന ദൈവസ്വരൂപമായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷം ആണ്.എന്നാല്‍  ഈ യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ  തേജസ്സു   ഇന്ന് പിശാചു അനേകരുടെ മുന്‍പില്‍ മറച്ചു വച്ചിരിക്കുന്നു.എന്നാല്‍  ആ സുവിശേഷം നിങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുവാന്‍ പ്രാര്‍ഥിക്കുന്നു. 

ബ്രദർ ജിനു നൈനാൻ