Articles

ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തം

Date Added : 02-09-2025

 

ഹെബ്രായ ലേഖനം : പദാനുപദ പഠനം എന്ന പുസ്തകത്തിലെ ഒരു പരാമർശം കൂടുതൽ വിശദീകരണം ആവശ്യമുണ്ട് എന്ന് ചില വായനക്കാർ സൂചിപ്പിച്ചതിനാൽ , അത് ഇവിടെ വിശദീകരിക്കുന്നു . 

എബ്രാ. 12:24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും  ഹാബെലിൻ്റെ    രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്

ഹാബേലിന്റെ രക്തം എന്ന് ഉദ്ദേശിക്കുന്നത്  പ്രതികാരത്തിനായി നിലവിളിക്കുന്ന ഹാബേലിന്റെ സ്വന്തം രക്തം ആണ് എന്ന പൊതുവെയുള്ള വ്യാഖ്യാനത്തിൽ നിന്നും വ്യത്യസ്‍തമായി  ഹാബേൽ അർപ്പിച്ച യാഗരക്തത്തെക്കുറിച്ചാണ്  ഇവിടെ പരാമർശിക്കുന്നത് എന്ന് ലേഖനത്തിൽ കൊടുത്തിരുന്നു.

ഈ വിഷയത്തിൽ  വിശദീകരണം ആവശ്യമുണ്ട് എന്ന് ചിലർ ആവശ്യപ്പെട്ടതിനാൽ  അതാണ്  തുടർന്ന് കൊടുക്കുന്നത് . 

( ലേഖനം ശ്രദ്ധയോടെ വായിക്കുന്നവർക്കുള്ള, പ്രസക്തമായ വിശദീകരണം ആവശ്യപ്പെടുന്നവർക്കുള്ള  നന്ദി അറിയിക്കുന്നു )  

=============================================================================

എന്താണ് ലേഖനകർത്താവ്  ഇവിടെ ഉദ്ദേശിക്കുന്ന  ഹാബേലിന്റെ രക്തം ?

എന്ത് കൊണ്ടാണ് ക്രിസ്തുവിൻ്റെ രക്തം  ഹാബെലിൻ്റെ രക്തത്തേക്കാൾ ശ്രേഷ്ഠമാകുന്നത്?

ഇവിടെ  ഹാബേലിന്റെ രക്തം എന്ന് ഉദ്ദേശിക്കുന്നത്   പ്രതികാരത്തിനായി നിലവിളിക്കുന്ന ഹാബേലിന്റെ സ്വന്തം രക്തം ആണെന്നാണ്  പൊതുവെയുള്ള വ്യാഖ്യാനം. 

എന്നാൽ  ഇവിടെ പരാമർശിക്കുന്നത് ഹാബേൽ അർപ്പിച്ച യാഗരക്തത്തെക്കുറിച്ചാണ്  എന്നാണ്  നാം ലേഖനം ശ്രദ്ധയോടെ പഠിച്ചാൽ നമുക്ക് മനസ്സിലാകുന്നത് . അതിനുള്ള പ്രധാനമായ മൂന്നു കാരണങ്ങൾ തുടർന്ന് വിശദീകരിക്കുന്നു . 

==============================================================================

ആദ്യമായി ലേഖനത്തിന്റെയും  ഈ വാക്യത്തിന്റെ സാഹചര്യം പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം ആണ് . 

മാത്രമല്ല  ലേഖനത്തിൽ ഉടനീളവും ഈ അധ്യായത്തിലും ഹെബ്രായ ലേഖകൻ പറയാൻ ശ്രമിക്കുന്നത് പഴയ നിയമ യാഗങ്ങളെക്കാളും ശ്രെഷ്ഠമായ ക്രിസ്തുവിൻ്റെ ശരീര യാഗത്തെക്കുറിച്ചും, പഴയ നിയമ യാഗമൃഗങ്ങളുടെ രക്തത്തെക്കാളും ശ്രെഷ്ഠമായ യേശുവിന്റെ യാഗരക്തത്തെയും കുറിച്ചാണ്. 

നാം തിരുവെഴുത്തിൽ കാണുന്ന ആദ്യ യാഗം ഹാബേലിൻ്റെതാണ്. എന്തായിരുന്നു ഹാബേലിൻ്റെ യാഗത്തിൻ്റെ പ്രത്യേകത?  എന്തുകൊണ്ടാണ് ഹാബെലിൻറെ യാഗം കായേന്റെതിനാൽ ഉത്തമമായതാണു  ( better )  എന്ന് ലേഖകൻ പറയുന്നത് ?  

ഹെബ്രായ ലേഖന കർത്താവു തന്നെ മുൻ അധ്യായത്തിൽ അത് വിശദമാക്കുന്നുണ്ട് . 

ഹെബ്രായ ലേഖനം പത്താം അധ്യായം അവസാനിക്കുന്നത് നീതിമാൻ വിശ്വാസത്താൽ ജീവിക്കുന്നതിനെപ്പറ്റിയും വിശ്വാസത്താൽ വാഗ്ദത്തം അവകാശമാക്കുന്നതിനെക്കുറിച്ചു പറഞ്ഞൂ കൊണ്ടുമാണ്   (എബ്രാ 10:36-38).

തുടർന്ന് യഥാർത്ഥ വിശ്വാസം എന്നത് കർത്താവിൻ്റെ വരവിനെക്കുറിച്ചുള്ള പ്രത്യാശയുടെ ഉറപ്പാണ് എന്ന് ലേഖകൻ വിശദീകരിക്കുന്നു. (എബ്രാ. 11:1)

ഇത് പറഞ്ഞതിന് ശേഷം *ആ വിശ്വാസത്താൽ* ദൈവത്തെ പ്രസാദിപ്പിച്ച ആദ്യ വ്യക്തിയായ, പൂർവ്വപിതാവായ ഹാബേലിൻ്റെ  യാഗത്തെ ഹെബ്രായ ലേഖകൻ വിശദീകരിക്കുന്നു. അതായത് കർത്താവിലുള്ള   വിശ്വാസത്തിൽ ആണ് ഹബിൾ യാഗം കഴിച്ചത് 

ദൈവം എന്ത് കൊണ്ടാണ് ഹാബേലിൻ്റെ യാഗം സ്വീകരിക്കുകയും കായേനിൻ്റെതു തള്ളിക്കളയുകയും ചെയ്തത് എന്നതിനുള്ള  വ്യക്തമായ  ഉത്തരം ഹെബ്രായ ലേഖനകർത്താവ് ഇവിടെ തരുന്നു.

ഹാബേൽ കഴിച്ച യാഗം യഥാർത്ഥ വിശ്വാസത്താൽ ഉള്ളതായിരുന്നു എന്നതായിരുന്നു അതിനു കാരണം. ആ വിശ്വാസം എന്നത് പൂർവ്വ പിതാക്കന്മാരുടെ പ്രത്യാശയായ ക്രിസ്തുവിൻ്റെ പരമയാഗത്തിലുള്ള ഉറപ്പും, അതിനെ കാണാതെ തന്നെ വിശ്വസിക്കുന്നതും ആണ് എന്ന് മുൻപുള്ള വാക്യങ്ങളിൽ നിന്നും ലേഖകൻ തന്നെ വ്യക്തമാക്കുന്നു.

ക്രിസ്തുവിൻ്റെ പരമ യാഗത്തെക്കുറിച്ചുള്ള   വാഗ്ദത്തം ദൈവം ആദമിന് കൊടുത്തതും, പിൻതലമുറകളിലേക്കു കൈമാറ്റം ചെയ്തതും ഹാബേൽ മുതലുള്ള പൂർവ്വപിതാക്കന്മാർ പ്രത്യാശയോടെ കാത്തിരുന്നതുമാണ്.  അതിനാൽ തന്നെയാണ് ലോകസ്ഥാപനത്തിനു മുൻപേ മുന്നറിയപ്പെട്ട  നിർദോഷവും നിഷ്കളങ്കവുമായ  ക്രിസ്തു എന്ന  കുഞ്ഞാടിൻ്റെ  പരമയാഗത്തിൻ്റെ   നിഴൽ ആയ  രക്തം ചൊരിഞ്ഞുള്ള യാഗം ഹാബേൽ അർപ്പിച്ചത്.

വിശ്വാസത്താൽ ഹാബേൽ തനിക്കുള്ളതിൽ ഏറ്റവും ഉത്തമമായതാണ്  ദൈവത്തിനു കൊടുത്ത്. അതിനാൽ ദൈവം ആദ്യം ഹാബെലിലും, തൻ്റെ യാഗവസ്തുവിലും പ്രസാദിച്ചു. അങ്ങനെ  വിശാസം മൂലം ഹാബേൽ നീതീകരിക്കപ്പെട്ടു എന്ന് ദൈവവചനം ഉറപ്പിക്കുന്നു.

പഴയ നിയമ വിശ്വാസികൾ എല്ലാം ഇങ്ങനെ തന്നെയാണ് നീതീകരിക്കപ്പെട്ടതു എന്ന് ദൈവവചനം വ്യക്തമാക്കുന്നു.കാരണം വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല എന്ന് ഹെബ്രായ ലേഖകൻ തുടർന്ന് വ്യക്തമാക്കുന്നു. എബ്രാ. 11 : 6

എബ്രാ. 11:4 മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു

അങ്ങനെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട ആദ്യത്തെ വ്യക്തിയായി ഹാബേൽ മാറി. ഹാബേൽ മരിച്ചെങ്കിലും, തൻ്റെ വിശ്വാസം മുഖേന, താൻ അർപ്പിച്ച യാഗ രക്തത്തിലൂടെ  ഇപ്പോഴും നമ്മോടു  സംസാരിക്കുന്നു.അത് നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നുള്ളതാണ്.  (എബ്രാ. 12: 24)

( ഇവിടെ ഹാബേൽ പ്രതികാരത്തിനായി സംസാരിക്കുന്നു എന്ന് ആരും വ്യാഖ്യാനിക്കുകയില്ല, കാരണം ലേഖകന്റെ വിഷയം  വിഷയം ഹാബേലിന്റെ വിശ്വാസത്താലുള്ള യാഗമാണ്  ) 

ഹെബ്രായ ലേഖനകർത്താവ് താൻ പറഞ്ഞു കൊണ്ടിരിക്കുന്നത് തുടരുമ്പോൾ വിശദമാക്കുകയാണ്

"നാം ഇപ്പോൾ വന്നിരിക്കുന്നത്  പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന തളിക്കപ്പെട്ട രക്തത്തിനും അടുക്കൽ ആണ് "

ഒരു എഴുത്തുകാരൻ തുടച്ചയായി  ഒരു കത്ത് എഴുതുമ്പോൾ സ്വാഭാവികമായും  തൊട്ടു മുൻപിൽ പറഞ്ഞ വിഷയം   തന്നെയാണ് തുടരുന്നത് . 

അതായതു ഹാബേലിൻ്റെ  യാഗം കായേന്റെ യാഗത്തെക്കാൾ ശ്രേഷ്ഠം  ( better ) ആയിരുന്നു, ആ യാഗത്തിലൂടെ ഹാബേൽ ഇപ്പോഴും സംസാരിക്കുന്നു എന്ന് പറഞ്ഞ ശേഷം ,  അതിനേക്കാൾ ഉത്തമായതു സംസാരിക്കുന്ന  ശുദ്ധീകരണ  രക്തമാണ് ക്രിസ്തുവിന്റേത് എന്നാണ് ലേഖകൻ പറയുന്നത് .

എങ്ങനെയാണു യേശുവിൻ്റെ യാഗരക്തം ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്നതു? എന്താണ് ഹാബേലിന്റെ രക്തത്തിന്റെ ന്യൂനത ? ഹെബ്രായ ലേഖകൻ അത് മുൻപുള്ള അധ്യായത്തിൽ വിശദമാക്കുന്നു 

എബ്രാ. 10:4" കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ.

ഹാബേൽ മുതൽ ഉള്ള എല്ലാ പഴയ നിയമ യാഗങ്ങളുടെയും  ന്യൂനത  ലേഖകൻ ഒറ്റ വാക്കിൽ   ഇവിടെ വിവരിക്കുന്നു.  കാളകളുടെയും ആടുകളുടെയും രക്തതാലുള്ള പഴയ നിയമ യാഗങ്ങളുടെ, പഴയ ഉടമ്പടിയുടെ ന്യായപ്രമാണ ആചാര നിയമങ്ങളുടെ എല്ലാം അടിസ്ഥാന ന്യൂനത  ലേഖകൻ അത് തന്നെ . പാപങ്ങളെ നീക്കുവാൻ ഇവക്കൊക്കെയും അസാധ്യം തന്നെ.

തീർച്ചയായും ആ യാഗങ്ങൾ വിശ്വാസത്താൽ ഉള്ളതായിരുന്നു . അവ പാപങ്ങളെ മറച്ചിരുന്നു ,  ദൈവസന്നിധിയിൽ പാപക്ഷമ വിശ്വാസത്താൽ അതിനാൽ ലഭ്യമായിരുന്നു   എന്നാൽ യഥാർത്ഥമായ പാപങ്ങളുടെ നീക്കപ്പെടൽ ക്രിസ്തുവിന്റെ പരമ യാഗത്തിൽ ആണ് ലഭ്യമായത് . 

വാക്യം 5 ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു:ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ലഎന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.

ഇവിടെ ഹെബ്രായ ലേഖകൻ " ആകയാൽ " എന്ന് പറയുവാൻ കാരണം പാപങ്ങളെ നീക്കുവാൻ പഴയ നിയമ യാഗങ്ങൾക്കു  അസാധ്യം ആയതിനാൽ അത് സാധ്യമാക്കുവാൻ,  പാപങ്ങളെ നീക്കുവാൻ വേണ്ടി ക്രിസ്തു ലോകത്തിലേക്ക് വന്നു എന്നതാണ് 

യോഹന്നാൻ 1: 29 പിറ്റെന്നാൾ യേശു തൻ്റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: ഇതാ, ലോകത്തിൻ്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്

യോഹന്നാൻ 3 :5 പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല

 അതെ, പാപങ്ങളെ നീക്കുവാൻ  കാളകളുടെയും ആടുകളുടെയും രക്തത്തിന് കഴിയാതെ വന്നതിനാൽ ക്രിസ്തു എന്ന ദൈവത്തിൻ്റെ പാപമില്ലാത്ത കുഞ്ഞാട് പാപങ്ങളെ ചുമന്നു നീക്കുവാൻ ലോകത്തിൽ വന്നു. അതിനായുള്ള  ശരീരം ദൈവം മറിയയുടെ ഉദരത്തിൽ  ഒരുക്കി, അതേ  പാപമില്ലാത്ത ശരീരം താൻ പാപയാഗമായി ക്രൂശിൽ സമർപ്പിച്ചു. 

വാക്യം  6 സർവ്വാംഗ ഹോമങ്ങളിലും പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല. 

പഴയ നിയമ യാഗങ്ങൾക്കു പാപങ്ങളെ നീക്കുവാൻ കഴിയാത്തതിനാൽ അവയൊന്നും ദൈവത്തിനു പൂർണ്ണ പ്രസാദമുള്ള യാഗങ്ങൾ ആയിരുന്നില്ല. അവയൊക്കെയും വരാൻ പോകുന്ന നിത്യയാഗത്തിനു നിഴൽ മാത്രമായിരുന്നു.

'ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 'എബ്രാ. 10:10

യേശുക്രിസ്തുവിൻ്റെ ശരീരം ദൈവത്തിനു പ്രസാദമുള്ള  തികഞ്ഞ യാഗമായി  അർപ്പിച്ചതിനാൽ, ആ രക്തത്താൽ  പുതിയ ഉടമ്പടിയിൽ പ്രവേശിക്കുന്നവരെല്ലാം എന്നെന്നേക്കുമായി വിശുദ്ധീകരിക്കപ്പെടുന്നു അവരെ ദൈവം ക്രിസ്തുവിനെപ്പോലെ തന്നെ പരിപൂർണ്ണരായി കാണുന്നു.

===================================================================================

രണ്ടാമതായി  ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത്  ( better) സംസാരിക്കുന്ന എന്ന പദവും അവിടെ ലേഖകൻ ഉദ്ദേശിക്കുന്നത് ഹാബേലിന്റെ യാഗരക്തം ആണ് എന്നുള്ള സൂചന തരുന്നു  . 

ഹെബ്രായ ലേഖനകർത്താവ് ലേഖനത്തിൽ ഉടനീളം   ശ്രേഷ്ഠമായത്  ( better)  എന്ന  പദം നല്ലതായ ഒരു കാര്യത്തേക്കാൾ കൂടുതൽ  ശ്രേഷ്ഠമായതിനെ കാണിക്കുവാൻ ആണ് എഴുതുന്നത് 

ക്രിസ്തു മാർഗ്ഗം, തങ്ങൾ വിട്ടു പോന്ന യഹൂദ വിശ്വാസത്തെക്കാൾ അതിശ്രേഷഠമാണ് എന്നും, ക്രിസ്തു പഴയ നിയമ പ്രവാചകന്മാരെക്കാളും, ദൂതന്മാരെക്കാളും, മോശയെക്കാളും, യോശുവയെക്കാളും പഴയ നിയമപുരോഹിതന്മാരെ ക്കാളും ശ്രേഷ്ഠനാണ് എന്നും പഴയനിയമ തിരുവെഴുത്തുകളിൽ നിന്ന് തന്നെ യഹൂദ വിശ്വാസികൾക്ക് ഗ്രന്ഥകര്‍ത്താവു തെളിയിച്ചു കൊടുക്കുന്നു.

പാപങ്ങളെ ഒരു നാളും നീക്കുവാൻ കഴിയാത്ത പഴയ നിയമ യാഗങ്ങളുടെ ന്യൂനതയും, പാപങ്ങളെ എന്നേക്കുമായി നീക്കിക്കളയുന്ന ദൈവകുഞ്ഞാടിന്‍റെ പരമ യാഗത്തിന്‍റെ ശ്രെഷ്ഠതയും കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താൽ സ്ഥാപിക്കപ്പെട്ട പഴയ ഉടമ്പടിയേക്കാള്‍ യേശുവിന്‍റെ രക്തത്താൽ സ്ഥാപിതമായ പുതിയ ഉടമ്പടിയുടെ മാഹാത്മ്യവും  ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു . ഇത്തരത്തിൽ ശ്രെഷ്ഠമായത് ( Better ) എന്ന പദം പതിമൂന്നു പ്രാവശ്യം ലേഖകൻ ഉപയോഗിക്കുന്നു . 

ഇവിടെയെല്ലാം ഈ  പദം നല്ലതായ ഒരു കാര്യത്തേക്കാൾ കൂടുതൽ  ശ്രേഷ്ഠമായതു എന്നർത്ഥത്തിൽ ആണ് ഉപയോഗിക്കുന്നത് 

ഇവിടെ  ഹാബേലിന്റെ രക്തം എന്ന് ഉദ്ദേശിക്കുന്നത്   പ്രതികാരത്തിനായി നിലവിളിക്കുന്ന ഹാബേലിന്റെ സ്വന്തം രക്തം ആണെങ്കിൽ യേശുക്രിസ്തുവിന്റെ രക്തം  അതിനേക്കാൾ ശ്രേഷ്ഠമായത് സംസാരിക്കുന്നു  എന്ന പദപ്രയോഗം ശരിയാവുകയില്ല. കാരണം പ്രതികാരത്തിനായി നിലവിളിക്കുന്ന ഹാബേലിന്റെ രക്തം നല്ലതായ ഒരു കാര്യമല്ല . 

================================================================================

മൂന്നാമതായി  ക്രിസ്തുവിന്റെ രക്തത്തെക്കുറിച്ചു ഇവിടെ ഗുണകരമായി സംസാരിക്കുന്ന ശുദ്ധീകരണ രക്തം എന്നാണ്. അതായതു ഹാബേലിന്റെ രക്തത്തെക്കാൾ ഉള്ള  ക്രിസ്തുവിന്റെ രക്തത്തിന്റെ  ശ്രെഷ്ഠത ശുദ്ധീകരണത്തിൽ ആണ് . ഇതും ഹെബ്രായ ലേഖകൻ തുടർച്ചയായി പറയുന്ന കാര്യമാണ് . 

13,14  ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യ ദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിൻ്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും

ക്രിസ്തുവിൻ്റെ മരണത്തിലൂടെ  പാപപരിഹാരം നടക്കുകയോ പാപഹൃദയം നീക്കപ്പെടുകയോ ചെയ്യാത്തതിനാൽ   ആന്തരികമായ ശുദ്ധീകരണം പഴയ ഉടമ്പടിയിൽ  അസാധ്യമായിരുന്നു. അതിനാൽ പഴയ ഉടമ്പടിയിലെ കാളകളുടെയും കോലാടുകളുടെയും രക്തം  അശുദ്ധരെ ബാഹ്യമായി മാത്രം വിശുദ്ധീകരിച്ചു.

എന്നാൽ , യേശുവിൻ്റെ രക്തം മനുഷ്യൻ്റെ ഹൃദയത്തിലെ പാപത്തെ നീക്കിക്കളയുന്നു. യേശുക്രിസ്തുവിൻ്റെ  രക്തം നമ്മുടെ  പാപത്തിൻ്റെയും മരണത്തിൻ്റെയും ന്യായവിധിയുടെയും നിത്യമായ വിടുതലിന് വേണ്ടി കൊടുത്ത വീണ്ടെടുപ്പ് വിലയായിരുന്നു .അതുകൊണ്ടാണ് ദൈവവചനം അതിനെ  വീണ്ടെടുപ്പിനായി നൽകിയ വിലയേറിയ രക്തമെന്ന് വിളിക്കുന്നത്. 

അത് നമ്മുടെ മനഃസാക്ഷിയെ ശുദ്ധീകരിക്കുന്നു, പാപത്തിൻ്റെ നിത്യമായ ഫലങ്ങൾ നമ്മിൽ നിന്നും എന്നെന്നേക്കും  നീക്കം ചെയ്യുന്നു , നാം ക്രിസ്തുവിൻ്റെ രക്തത്താല്‍ പൂർണ്ണമായും ശുദ്ധീകരിക്കപ്പെട്ടു, നമ്മുടെ പാപ ഹൃദയം മാറ്റപ്പെട്ടു,പുതിയ ഹൃദയം നൽകപ്പെട്ടു നമ്മുടെ മനഃസാക്ഷി,  നിർജ്ജീവ പ്രവൃത്തികളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടു. നാം പാപത്തിൻ്റെ അടിമത്വത്വത്തിൽ നിന്നും എന്നേക്കും സ്വതന്ത്രർ ആയിത്തീർന്നു.

അതിനാൽ പഴയ ഉടമ്പടിയുടെ കീഴിൽ ആർക്കും കടക്കുവാൻ കഴിയാതെ   ഇരുന്ന കൃപാസനത്തിലേക്കുള്ള ധൈര്യത്തോടെ പ്രവേശിക്കുവാനും ,  ശുദ്ധമായ മനഃസാക്ഷിയോടെ ദൈവത്തെ ആത്മാവിലും സത്യത്തിലും  ആരാധിക്കുവാനും ക്രിസ്തുവിൻ്റെ രക്തം നമ്മെ പ്രാപ്തർ ആക്കുന്നു.

ഈ കാരണങ്ങളാൽ എല്ലാം ഹാബേലിന്റെ രക്തം എന്നത് പഴയ ഉടമ്പടിയുടെ കീഴിലെ യാഗങ്ങളെ പ്രധിനിധീകരിക്കുന്ന പാപങ്ങളെ നീക്കുവാൻ കഴിയാത്ത യാഗ രക്തമാണ് അതിനേക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന ശുദ്ധീകരണരണ രക്തത്തിനു  അടുക്കൽ ആണ് നാം വന്നിരിക്കുന്നത് എന്നാണ് ലേഖകൻ വിശദീകരിക്കുന്നത് ..