ആദിമ ദൈവസഭയിലെ ശിക്ഷണം ( Process of Church Discipline)

=========================================
*ആദിമ ദൈവസഭയിലെ ശിക്ഷണം (Process of Church Discipline)*
*ജിനു നൈനാൻ*
=========================================
*(ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള ദൈവസഭ എന്ന പുസ്തകത്തിൽ നിന്നും ഉള്ള ഒരു ഭാഗം )*
=============================================================================
*ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന വിഷയങ്ങൾ ദൈവത്തിൻ്റെ ഹൃദയപ്രകാരം ദൈവസഭ പണിയപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക്ക് മാത്രം ബാധകമായ കാര്യങ്ങൾ ആണ്.*
==================================================================================
ആദിമസഭ ഒരു കുടുംബമായി പ്രവർത്തിക്കുകയായിരുന്നു എന്ന് നാം കണ്ടുവല്ലോ . ഏതൊരു കുടുംബത്തിലും അച്ചടക്കം ഉണ്ടാകണം എങ്കില്‍ ശിക്ഷണം ആവ ശ്യമാണ്. അതിനാൽ തന്നെ ആദിമസഭയിലും ശിക്ഷണം എങ്ങനെ വേണം എന്നുള്ളത് സഭയുടെ തലയായ യേശുക്രിസ്തു തന്നെ പഠിപ്പിച്ചിരുന്നു. കർത്താവ് ആദ്യമായി സഭയെ പറ്റി പറയുമ്പോൾ അവിടെ പ്രാദേശിക സഭയിലെ ശിക്ഷണ നടപടികളെ പറ്റി വിശദീകരിക്കുന്നു. (മത്തായി 18 : 15)
ആദ്യമായി ശിക്ഷണത്തിലെ ഉദ്ദേശം ഒരുവനെ സഭയിൽ നിന്നും പുറത്താക്കുക എന്നതല്ല . പകരം അവൻ നശിച്ചു പോകാതെ ഇരിക്കേണ്ടതിനു അവനെ മനസാന്തരമുള്ളവൻ ആയി സഭയിൽ നിലനിർത്തുക എന്നതാണ് . ഈ വിഷയം കർത്താവ് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ് .
മത്തായി 18 : 14 അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുവൻ *നശിച്ചുപോകുന്നത്* സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.
അപ്പോൾ തന്നെ ദൈവസഭ ഒരു പുളിപ്പില്ലാത്ത പിണ്ഡം ആകണം എന്നാണ് ദൈവത്തിന്‍റെ ഉദ്ദേശം.ആ പിണ്ഡത്തിൽ പുളിപ്പ് കടക്കുകയും, അത് നീക്കാതെയും ഇരുന്നാൽ ആ വ്യക്തി മാത്രമല്ല , സഭ എന്ന പിണ്ഡം മുഴുവനായി പുളിച്ചു പോകും എന്നുള്ള മുന്നറിയിപ്പ് പൗലോസും കൊടുക്കുന്നു. (1 കൊരിന്ത്യർ 5:6)
*സഭാ ശിക്ഷണ നടപടികളുടെ വിവിധ ഘട്ടങ്ങൾ*
അതിനാൽ സഭയില്‍ ഒരുവന്‍ പാപം ചെയ്താൽ അധവാ പാപം ചെയ്തു എന്ന് ഉത്തരവാദിത്വപ്പെട്ടവർക്കോ , മറ്റു സഹോദരന്മാർക്കോ തോന്നിയാൽ , അതിനുള്ള ശിക്ഷണ നടപടിക്കുള്ള മാതൃക കര്‍ത്താവും അപ്പോസ്തോലന്മാരും പഠിപ്പിച്ചത് ഇപ്രകാരമാണ്;
ഈ വിഷയം നാം ശ്രദ്ധിച്ചു പഠിച്ചാൽ അഞ്ചു ഘട്ടങ്ങളിൽ ആയാണ് ഇത് ചെയേണ്ടത് എന്ന് മനസിലാക്കാം . ഇതിൽ ഏതെങ്കിലും ഘട്ടത്തിൽ തെറ്റ് ചെയ്ത വ്യക്തി മനസാന്തരപ്പെടുക ആണ് എങ്കിൽ അദ്ദേഹത്തോട് ക്ഷമിക്കുകയും, സ്വീകരിക്കുകയും അടുത്ത ഘട്ടത്തിലേക്ക് പോകാതെ ഇരിക്കുകയും ചെയ്യുക
ഒന്നാമതായി പാപം ചെയ്ത , അഥവാ പാപം ചെയ്തു എന്ന് കേൾവിയുണ്ടായ വ്യക്തിയുമായി നേരിട്ട് സംസാരിച്ചു അദ്ദേഹത്തിന് പറയാനുള്ളത് വ്യക്തമായി കേൾക്കുക. ഒരിക്കലും ഒരു വ്യക്തിയെ കുറിച്ച് കേട്ട വിഷയം തെറ്റോ ശരിയോ എന്ന് ആ വ്യക്തിയോട് തന്നെ നേരിട്ട് സംസാരിച്ചു ബോധ്യപ്പെടാതെ അത് മറ്റുള്ളവരെ അറിയിക്കരുത്.
അങ്ങനെ ചെയ്യുന്നവർ അപവാദികൾ ആണ് . അപവാദം പരത്തുന്നത് ഗൗരവതരമായ പാപം ആയാണ് ദൈവവവചനം പഠിപ്പിക്കുന്നത് യാക്കോ. 4:11 , 1:26, സദൃശ്യ വാക്യങ്ങൾ 6 :16-19
എന്നാൽ ആ വ്യക്തി പാപം ചെയ്തു എന്ന് വ്യക്തമായി അന്വേഷിച്ചു ബോധ്യപ്പെട്ടാൽ വ്യക്തിപരമായി ആ പാപത്തെക്കുറിച്ചു , താൻ മാത്രമുള്ളപ്പോൾ സംസാരിച്ചു ആ വിഷയത്തെക്കുറിച്ചു ബോധ്യം വരുത്തുക. അപ്പോൾ പോലും ആ വിഷയം മറ്റുള്ളവരെ അറിയിക്കരുത് . കാരണം ആ വ്യക്തിക്ക് മനസാന്തരപ്പെടാനുള്ള അവസരം ആണ് അത് .
മാനസാന്തരപ്പെടുക ആണ് എങ്കിൽ അദ്ദേഹത്തോട് ക്ഷമിക്കുകയും അത് അവിടെ അവസാനിപ്പിക്കുകയും ചെയ്യുക . അടുത്ത ഘട്ടത്തിലേക്കു പോകരുത് .
എന്നാൽ അദ്ദേഹം അത് കൂട്ടാക്കാൻ തുനിയാതെ ഇരുന്നാൽ മാത്രം രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവർ ഈ വിഷയം അദ്ദേഹവുമായി സംസാരിച്ചു ആ വിഷയത്തെക്കുറിച്ചു ബോധ്യം വരുത്തുക.
എന്നാൽ അവിടെയും അദ്ദേഹം മനസാന്തരപ്പെടുന്നില്ല എങ്കിൽ സഭയുടെ മൂപ്പന്മാർ ആ വിഷയത്തിൽ ഇടപെടുകയും അദ്ദേഹത്തെ വീണ്ടും വ്യക്തിപരമായി പാപത്തെക്കുറിച്ചു ബോധ്യം വരുത്തുകയും മനസാന്തരപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുക.
അവരെയും അദ്ദേഹം കൂട്ടാക്കാഞ്ഞാൽ മാത്രം തുടർന്ന് സഭയോട് ആ വ്യക്തിയുടെ പാപത്തെ അറിയിക്ക;
അടുത്ത പടിയായി പാപത്തിൻ്റെ ഗൗരവം അനുസരിച്ചു, മറ്റുള്ളവർക്കും പാപത്തെക്കുറിച്ചു ഭയമുണ്ടാകുവാൻ പാപം ചെയ്ത വ്യക്തിയെ പരസ്യമായി ശാസിക്കുക .
മത്താ. 18 :17 അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക
1 തിമൊ. 5: 20 പാപത്തിൽ തുടരുന്നവരെ, ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്കുക.
അതായത്, പാപത്തിൽ വീണ അംഗത്തെ തിരികെ കൊണ്ടുവരാൻ സഭ മുഴുവൻ തന്നെ ഇടപെട്ടിരുന്നു എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഈ ഒരു ഘട്ടത്തിൽ പാപം മുഴുവൻ സഭയ്ക്കുമുന്നിൽ വെളിപ്പെട്ടിരിക്കുന്നതിനാൽ, മനസാന്തരവും മടങ്ങിവരവും പരസ്യമായിരിക്കണം .
ഇതിന് അർത്ഥം, പാപത്തിൽ വീണ അംഗം സഭയിൽ അത് പൊതുവായി സമ്മതിക്കുകയും മാനസാന്തരം അപേക്ഷിക്കുകയും വേണമെന്നതാണ്. ഇത് സംഭവിച്ചാൽ, അദ്ദേഹത്തോട് ക്ഷമിക്കുകയും ആ അംഗത്തെ സഭയിൽ വീണ്ടും പുനഃസ്ഥാപിക്കുകയും വേണം.
എന്നാൽ സഭയിലെ പരസ്യ ശാസനത്തിനും ശിക്ഷണത്തിനും ശേഷവും പാപം ചെയ്ത വ്യക്തി മനസാന്തരപ്പെടുകയോ സഭയെ കൂട്ടാക്കുകയോ ചെയ്യാതെ ഇരുന്നാൽ അവനെ സഭയിൽ നിന്നും പുറത്താക്കുക. ഇതായിരുന്നു കർത്താവിന്‍റെയും അപ്പോസ്തലൻമാരുടെയും ഉപദേശം . (മത്തായി 18 : 14-19 , തിമൊ. 5: 19-22, 1 കൊരി. 5:13)
ഇത്തരത്തിൽ ദൈവസഭയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയോട് ദൈവസഭയിലെ മറ്റുള്ളവർക്ക് ഉണ്ടാകേണ്ട മനോഭാവം എന്താണ്? അതും യേശു ക്രിസ്തുവും , അപ്പോസ്തോലന്മാരും വ്യക്തമാക്കുന്നു. ആ വ്യക്തി മാനസാന്തരപ്പെട്ട് തെറ്റ് തിരുത്തുന്നത് വരെ അവനുമായി ഒരു തരത്തിലുള്ള സംസർഗ്ഗവും സഭയിലുള്ളവർക്ക് ഉണ്ടാകാൻ പാടില്ല. അദ്ദേഹത്തെ തെറ്റിനെക്കുറിച്ചു തുടർന്നും ബുദ്ധി ഉപദേശിക്കാം എന്നാൽ ആ വ്യക്തിയോടൊപ്പം ഭക്ഷണം കഴിക്കുന്നത് പോലും ദൈവവചനം വിലക്കുന്നു. ( 1 കൊരി. 5:11, തെസ്സലോനിയർ 3:14–15 ). ( അദ്ദേഹം ചെയ്ത പാപത്തിൻ്റെ ഗൗരവം ഇവിടെ കണക്കിലെടുക്കേണ്ടതാണ് )
കർത്താവിന്‍റെ ഈ ഉപദേശം ആദിമസഭ അതു പോലെ പാലിച്ചിരുന്നു എന്ന ലേഖനങ്ങളിൽ കൂടി നമുക്ക് മനസ്സിലാകും.
ഗൗരവതരമായ പാപത്തെ തുടർന്നുള്ള സഭയുടെ ശിക്ഷണ നടപടിയെ കൂട്ടാക്കാത്ത ഒരുവനെ ജഡസംഹാരത്തിനായി പിശാചിനെ എല്പ്പിക്കുവാന്‍ വരെയുള്ള അധികാരം ദൈവസഭക്ക് ഉണ്ടായിരുന്നു. (1 കൊരിന്ത്യർ 5:5)
അങ്ങനെ സഭ ഒരുമിച്ച് എടുക്കുന്ന നടപടിക്കു മുകളിൽ ദൈവീക അംഗീകാരമുണ്ട് എന്നും, സഭ അങ്ങനെ ഒരുമിച്ചു എടുക്കുന്ന ശിക്ഷണ നടപടി സ്വർഗ്ഗത്തിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു യേശുക്രിസ്തു വ്യക്തമാക്കിയിരുന്നു. (മത്തായി 18 : 19, 1 കൊരി. 5:3)
*ദൈവസ്നേഹവും ശിക്ഷണവും മടങ്ങിവരവും*
ദൈവീക ശിക്ഷണം ദൈവീക സ്നേഹത്തിൽ നിന്നാണ് വരുന്നത് എന്നാണ് ദൈവവചനം പറയുന്നത് (ഹെബ്രായർ 12:5,6. വെളിപാട് 3:19)
അതിനാൽ ദൈവ സഭയിലെയും ശിക്ഷണം ദൈവീക ജീവനിൽ നിന്നും, ദൈവീക സ്നേഹത്തിൽ നിന്നും ഉള്ളതാവണം .ആ രീതിയിൽ ദൈവീക ശിക്ഷണം നടപ്പിലാക്കാത്ത സഭകൾ ദൈവീക ജീവനിലും, ദൈവീകസ്നേഹത്തിലും പ്രവർത്തിക്കുന്ന സഭകൾ അല്ല മാനുഷിക സൗഹൃദത്തിൽ പ്രവർത്തിക്കുന്ന സൗഹൃദ കൂടിവരവുകൾ പോലെയാണ് അവ .
ജഡ സംഹാരത്തിനായി പിശാചിനെ ഏൽപ്പിക്കുകയും , സഭയിൽ നിന്ന് പുറത്താക്കുന്നതും പോലും കർത്താവ് പറഞ്ഞത് പോലെ അവൻ നശിച്ചു പോകാതെ ഇരിക്കാനും മാനസാന്തരപ്പെട്ട് മടങ്ങി വരാനും ദൈവസ്നേഹത്തിൽ ചെയ്യുന്നതു ആണ് . അങ്ങനെയുള്ളവർ മനസാന്തരപ്പെട്ടു മടങ്ങി വന്നാൽ ദൈവസഭ അവനെ കൈക്കൊള്ളണം എന്നും ദൈവവചനം പഠിപ്പിക്കുന്നു.
( 2 കൊരി. 2:7, യാക്കോബ് 5:20)
കർത്താവ് ശിക്ഷണ നടപടിയുടെ തുടർച്ചയായി പറയുന്നത് തെറ്റ് ചെയ്തിട്ട് മാനസ്സാന്തരപ്പെടുന്നവനോട് ഏഴു എഴുപത് വട്ടം ക്ഷമിക്കുന്നതിനെ പറ്റിയാണ്. കൊരിന്ത്യ സഭയിലെ പാപത്തിൽ തുടർന്ന് സഭയിൽ നിന്നും ശിക്ഷണ നടപടി ഏറ്റുവാങ്ങിയവൻ മനസാന്തരപ്പെടുമ്പോൾ അവനോടു ക്ഷമിച്ചു കൊടുക്കുവാൻ പൗലോസ് ആവശ്യപ്പെടുന്നു .
2 കൊരി. 2:6 ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ അവനു മതി. മറിച്ച്, അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന് നിങ്ങൾ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും അത്രേ വേണ്ടത്.
മാനുഷികമായി ചിന്തിച്ചാൽ മനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്ന ഒരുവനെ ദൈവസഭയിൽ നിന്നും പുറത്താക്കിയാൽ അവൻ നശിച്ചു പോകും എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ദൈവത്തിന്റെ വഴികൾ മാനുഷിക വഴികളിൽ നിന്നും വ്യത്യസ്തം ആണ് . യഥാർത്ഥത്തിൽ അവൻ മനസാന്തരപ്പെടാതെ സഭയിൽ ഇരുന്നാൽ അവൻ മാത്രമല്ല , സഭയും നശിച്ചു പോകും എന്നതാണ് കർത്താവും അപ്പോസ്തോലന്മാരും പഠിപ്പിച്ചത് .
ദൈവ സഭയുടെ നേതൃത്വത്തിൽ ഉള്ളവർ ദൈവസഭ ദൈവത്തിന്റേതു മാത്രമാണ് എന്ന് ബോധ്യമുള്ളവരും, ദൈവത്തിൻ്റെ വഴികൾ മനസ്സിലാക്കിയവരും , കുടുംബത്തിലും , സഭയിലും ദൈവീക അധികാരത്തിൽ ജീവിക്കുന്നവരും , ദൈവത്തെ മാത്രം ഭയപ്പെടുകയും , മനുഷ്യരെ പ്രസാദിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്നവരും ആണെങ്കിൽ മാത്രമാണ് ഈ കാര്യങ്ങൾ ദൈവവചന പ്രകാരം ചെയ്യുവാൻ അവർക്കു സാധിക്കുന്നത്.
എന്നാൽ ഈ രീതിയിൽ ദൈവവചന പ്രകാരം ഉള്ള ശിക്ഷണം നടത്തുന്ന സഭകൾ വളരെ വിരളമാണ് . അതിനു കാരണം പലയിടത്തും ദൈവസഭയെ നയിക്കുന്നവർ ആത്മീക അധികാരമുള്ള പിതാക്കന്മാർ അല്ല,പകരം രാഷ്ട്രീയ നയതത്രജ്ഞർ ആണ് . അങ്ങനെ ആയാൽ ആയാൽ , അവർ ദൈവീക ശിക്ഷണത്തിൻ്റെ ദൈവീക വഴി സ്വീകരിക്കാതെ ഒത്തുതീർപ്പുകൾ നടത്തുവാൻ ശ്രമിക്കും. തങ്ങളുടേതായ വഴിയിൽ കാര്യങ്ങൾ ചെയ്യും. മാനുഷിക വഴികൾ ,മാനുഷിക തന്ത്രങ്ങൾ സ്വീകരിക്കും . അങ്ങനെയുള്ള സഭകളിൽ യഥാർത്ഥ ശിക്ഷണമോ , യഥാർത്ഥ മനസാന്തരമോ ഉണ്ടാകുകയില്ല . പാപം എന്ന പുളിപ്പ് , പകരപ്പെടുകയും സഭ ആത്മീകമായി നശിച്ചു പോകുകയും ചെയ്യും .
ദൈവസഭ ഒരു ശരീരമായും ഒരപ്പമായും ഒരു കുടുംബമായും ഐക്യതയോടെ പ്രവർത്തിക്കുമ്പോൾ ഉള്ള ദൈവീക അധികാരത്തിനെയാണ് ഈ വാക്യങ്ങൾ കാണിക്കുന്നത് . എന്നാല്‍ ഒരു ശരീരമായി ഐക്യതയോടെ പ്രവര്‍ത്തിക്കാത്ത സഭകളിൽ ഇത്തരം ആത്മീക അധികാരം ഉപയോഗിക്കുവാന്‍ കഴിയില്ല.അവര്‍ക്ക് അതിനുള്ള അധികാരം ദൈവം കൊടുക്കുകയും ഇല്ല.