Articles

സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്നവരുടെ സഭ

Date Added : 11-02-2018

വായന ഭാഗം: ഹെബ്രായര്‍ 12:24: സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭെക്കും ,പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.

മെഥഡിസ്റ്റ് സഭയുടെ സ്ഥാപകനായ ജോണ്‍ വെസ്ലി കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് അദ്ദേഹം പിന്നീടു എഴുതിയിട്ടുണ്ട്. അത് ഇപ്രകാരം ആണ്.

ജോണ്‍ വെസ്ലി സ്വപ്നത്തില്‍ സ്വര്‍ഗീയ വാതിലിനു മുന്‍പില്‍ ചെല്ലുന്നു വാതിലിനുള്ളിലേക്ക് അദ്ധേഹം വിളിച്ചു ചോദിക്കുന്നു. ഇവിടെ “മെഥഡിസ്റ്റുകാര്‍ ” ആരെങ്കിലും ഉണ്ടോ? അദ്ധേഹത്തെ നിരാശനാക്കികൊണ്ട് ഉള്ളില്‍ നിന്നും മറുപടി വന്നു.”ഇവിടെ മെഥഡിസ്റ്റുകാര്‍ആരും ഇല്ല”.തുടര്‍ന്ന് അദ്ധേഹം ചോദിക്കുന്നു."ഇവിടെ റോമന്‍ കത്തോലിക്കര്‍ ആരെങ്കിലും ഉണ്ടോ”.മറുപടി “ഇല്ല”.തുടര്‍ന്ന് അദ്ദേഹം അന്ന് നിലവില്‍ ഉള്ള പല സഭകളുടെയും പേരുകള്‍ ചോദിക്കുന്നു(ലുതറന്‍,പ്രേസ്പെറ്റെരിയന്‍..) എല്ലാറ്റിനും സ്വര്‍ഗത്തില്‍ നിന്നുള്ള മറുപടി “ഈ പറയുന്ന സഭക്കാര്‍ ആരും സ്വര്‍ഗത്തില്‍  ഇല്ല” എന്നതാണ്. അവസാനം നിരാശനായി വെസ്ലി ചോദിക്കുന്നു.പിന്നെ ഇവിടെ ആരാണ് ഉള്ളത് ?

മറുപടി: "ഇവിടെ സകല ഭാഷകളിലും, വംശങ്ങളിലും, ജാതികളിലും നിന്നും യെശുക്രിസ്തുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ മാത്രമേ ഉള്ളൂ". (വെളിപാട്7:9 )
ഇന്ന് ലോകത്തില്‍ എണ്ണിയാലൊടുങ്ങാത്ത വിധം അനേകം “സഭകള്‍” ഉണ്ട്.രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സഭകള്‍ മുതല്‍ ഇന്നലെ പൊട്ടി മുളച്ച “ന്യൂ ജെനെറെഷന്‍” വരെയുള്ളവര്‍. അക്ഷരമാലയിലെ പല അക്ഷരങ്ങലിലും ഉള്ള “സഭകള്‍”. എല്ലാവരും പരസ്യമായോ രഹസ്യമായോ പറയുന്നത് ഒന്ന് മാത്രം.ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയാല്‍ സ്വര്‍ഗം ഉറപ്പ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ സഭ ഒന്നേ ഉള്ളൂ.ആ സഭയില്‍ ഉള്ളവരുടെ പേര് സ്വര്‍ഗത്തില്‍ ആണ് എഴുതിയിരിക്കുന്നത്. ആ സഭയെ പറ്റിയാണ് ഈ  വേദഭാഗത്തില്‍ പറയുന്നത്.
ആ സഭയിലുള്ളവരുടെ  പേരുകള്‍ എഴുതിയിരിക്കുന്നത് ഭൂമിയില്‍ ഒരു “സഭാ രജിസ്റ്ററില്‍” അല്ല, മറിച്ച് സ്വര്‍ഗത്തിലെ ഒരു പുസ്തകത്തില്‍ ആണ് .ആ പുസ്തകത്തിന്റെ പേര് ജീവ പുസ്തകം എന്നാണ്.

ആരുടെ പേരാണ് ജീവപുസ്തകത്തില്‍ എഴുതുന്നത്‌? സ്വഭാവികമായം പേര് സൂചിപ്പിക്കുന്നത് പോലെ ജീവനുള്ളവരുടെ പേര് മാത്രം ആണ് ജീവപുസ്തകത്തില്‍ എഴുതുന്നത്‌.
പക്ഷെ നാം മുന്‍പുള്ള ലേഖനങ്ങളില്‍ കണ്ടത് പോലെ, ഈ ഭൂമിയില്‍ ആദമില്‍ നിന്നും ജനിച്ച എല്ലാവരും മരിച്ചവര്‍ ആണ്, ആദം കൈ നീട്ടി മരണത്തിന്‍റെ വൃക്ഷഫലം തിന്നപ്പോള്‍ തന്നെ നാം എല്ലാവരും ആദമില്‍ മരിച്ചു എന്ന് ദൈവവചനം വ്യക്തമായി പറയുന്നു. അതിനാല്‍ ഈ ഭൂമിയില്‍ സ്വാഭാവികമായി ജനിച്ച ഒരുവന്റെയും പേര് ജീവപുസ്തകത്തില്‍ കാണുകയില്ല, കാരണം എല്ലാവരും ആദമില്‍ മരിച്ചു.

എന്നാല്‍ പാപത്തില്‍  മരിച്ച മനുഷ്യരെ വീണ്ടെടുക്കെണ്ടതിനു പാപമില്ലാത്ത, യേശുക്രിസ്തു നമുക്ക് പകരമായി  മരിച്ചു,മരണത്തെ തോല്‍പ്പിച്ച് ഉയിര്തെഴുനെറ്റു.നാം അനുഭവിക്കേണ്ട പാപത്തിന്‍റെ പാപത്തിന്‍റെ ശമ്പളം ആയ മരണം അവന്‍ ഏറ്റെടുത്തു,അതിനാല്‍ അവന്‍റെ ജീവന്‍, നിത്യജീവന്‍ ഇന്ന് നമുക്ക് വിശ്വാസത്താല്‍ സ്വീകരിക്കാന്‍ കഴിയും.

യോഹന്നാന്‍  6:48 ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു. ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു.ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും.

യോഹന്നാന്‍ 5:24 :ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

ജീവന്‍റെ അപ്പമായ യേശുക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ അവര്‍ ആയിരിക്കുന്ന മരണ അവസ്ഥയില്‍ നിന്നും ജീവനിലേക്കു കടക്കുന്നു,വീണ്ടും ജനിക്കുന്നു. അപ്പോള്‍ തന്നെ അവരുടെ പേര് ദൈവം ജീവ പുസ്തകത്തില്‍ എഴുതുന്നു.അവര്‍  സ്വര്‍ഗത്തില്‍  പേര് എഴുതിയിരിക്കുന്ന ദൈവസഭയുടെ ഭാഗം ആയിത്തീരുന്നു.
എന്നാല്‍ നാം വീണ്ടും ജനിക്കാതെ മരണത്തില്‍ തന്നെ തുടരുന്ന പക്ഷം എന്താണ് സംഭവിക്കുന്നത്‌ എന്നും ദൈവവചനം വ്യക്തമായി പറയുന്നുണ്ട്.

വെളിപാട്  20:11, ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു.അവന്‍റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓ‍ടിപ്പോയി അവയെ പിന്നെ കണ്ടില്ല.മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നിലക്കുന്നതും കണ്ടു.

ഇവിടെ മരിച്ചവര്‍ എന്ന് പറയുന്നത് ശാരീരികകമായി ജീവനോടെയിരിക്കുംപോള്‍ അത്മീകമായി ജീവിപ്പിക്കപെടാത്ത (വീണ്ടും ജനിക്കാത്ത) വ്യക്തികള്‍ ആണ്, ശാരീരിക മരണത്തിനു ശേഷം അവര്‍ പാതാളതിലെക്കും,അവിടെ നിന്നും അവര്‍ വെള്ള സിംഹാസനത്തിനു മുന്‍പിലേക്കും എത്തുന്നു.

വെളിപാട് 20:12 പുസ്തകങ്ങള്‍ തുറന്നു. ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു.

ഈ വെള്ള സിംഹാസനം ശിക്ഷാവിധിക്ക് വേണ്ടി മാത്രമുള്ളതാണ്.വീണ്ടും ജനിച്ചവര്‍ ഇവിടെ വിധിക്കപ്പെടുകയില്ല.രക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാവിധി ഇല്ല എന്നത് തന്നെ കാരണം.(റോമര്‍ 8:1).

ദൈവം ജീവന്‍റെ പുസ്തകം തുറക്കുന്നത് അതില്‍ പേരില്ലാത്ത മരിച്ചവരുടെ മുന്‍പില്‍ മാത്രമാണ്.ജീവന്‍റെ പുസ്തകം മരിച്ചവരുടെ മുന്‍പില്‍ തുറക്കാന്‍ കാരണം, ജീവന്‍ പ്രാപിക്കാന്‍ ഈ ഭൂമിയില്‍ അവസരമുണ്ടായിട്ടും, ജീവജലത്തിന്‍റെ ഉറവയായ,ജീവ വൃക്ഷമായ,ജീവന്‍റെ അപ്പമായ,നിത്യജീവനായ,നമ്മുടെ പാപങ്ങള്‍ക്ക്‌ മറുവിലയായി തന്‍റെ ജീവനെ നല്‍കിയ യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞ് മരണത്തില്‍ തുടര്‍ന്ന അവരുടെ തിരഞ്ഞെടുപ്പിനെ പറ്റി അവരെ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണു.

വെളിപാട് 20:14 പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കു അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു. ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും.

ദൈവ വചനം സ്ഫടികസമാനം വ്യക്തമാക്കുന്നു.ശാരീരികകമായി ജീവനോടെയിരിക്കുമ്പോള്‍ ജീവന്‍റെ അപ്പമായ,ജീവദാതാവായ യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് അത്മീകമായി ജീവിപ്പിക്കപെടാത്ത,വീണ്ടും ജനിക്കാത്ത വ്യക്തികള്‍, ജീവപുസ്തകത്തില്‍ പേരില്ലാത്ത വ്യക്തികള്‍,ഭൂമിയിലെ ചില പ്രസ്ഥാനങ്ങളുടെ ഭാഗവും, എന്നാല്‍ ദൈവസഭയുടെ ഭാഗവും അല്ലാത്ത വ്യക്തികള്‍, അവര്‍ ശാരീരിക മരണത്തിനു ശേഷം പാതാളതിലെക്കും,പിന്നീടു വെള്ളസിംഹാസനത്തിന്‍റെ മുന്‍പിലേക്കും അതിനു ശേഷം നിത്യമായ രണ്ടാം മരണത്തിലേക്ക്(നിത്യ നരകം, തീപ്പൊയ്ക) പ്രവേശിക്കുന്നു.

ഇന്ന് ദൈവം ഒരു വ്യക്തിയെ ന്യായം വിധിക്കുന്നത് അവന്‍ പാപിയയത് കൊണ്ടല്ല, അവന്‍ പാപം ചെയ്തത് കൊണ്ടുമല്ല. പാപികളായ നമ്മെ സ്നേഹിച്ച് നമുക്ക് വേണ്ടി പാപവും,ശാപവും,ദൈവനീതിയുമായിതീര്‍ന്ന യേശുക്രിസ്തുവിനെയും, അവന്‍റെ സുവിശേഷത്തെയും തള്ളിക്കളഞ്ഞുകൊണ്ട് നാം വീണ്ടും പാപത്തെ സ്നേഹിച്ചു, മരണത്തില്‍ തുടരുന്നത് കൊണ്ടാണ്.

യോഹന്നാന്‍  3:18 : അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ സ്വര്‍ഗത്തില്‍ പേര് എഴുതിയിരിക്കുന്ന സഭയുടെ അംഗങ്ങള്‍ ആണോ, അതോ ഭൂമിയിലെ ഏതെങ്കിലും കൂട്ടത്തിന്‍റെ അംഗം മാത്രം ആണോ, നിങ്ങളുടെ പേര് നിങ്ങള്‍ ആയിരിക്കുന്ന പ്രസ്ഥാനത്തിന്റെ രജിസ്റ്റര്‍ പുസ്തകത്തില്‍ മാത്രമേയുള്ളോ അതോ നിങ്ങളുടെ പേര് ജീവപുസ്തകത്തില്‍ എഴുതിരിക്കുന്നു എന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ? ഇല്ല എങ്കില്‍ ഇന്ന് ഒരു തീരുമാനത്തിലൂടെ നിങ്ങള്ക്ക് മരണത്തില്‍ നിന്നും ജീവനിലേക്കു കടക്കുവാന്‍ കഴിയും. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.

ബ്രദർ ജിനു നൈനാൻ