Articles

മതപരിവർത്തനങ്ങളുടെയും മതപീഡനങ്ങളുടെയും മറുപുറം

Date Added : 10-08-2025
Download Format:

മതപരിവർത്തനങ്ങളുടെയും  മതപീഡനങ്ങളുടെയും മറുപുറം

ജിനു നൈനാൻ

ലോകമെമ്പാടും പല രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസികൾ ദൈവവചനം നിമിത്തവും  ക്രിസ്തുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക്ഷ്യം നിമിത്തവും പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷികൾ ആയിത്തീരുകയും ചെയ്യുന്നു.  മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു ഇന്ത്യയിൽ പീഡനങ്ങൾ കുറവാണ് .  ക്രിസ്തീയ വിശ്വാസികൾ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്ന പത്തു രാജ്യങ്ങളിൽ  ഇപ്പോഴും ഇന്ത്യ ഇല്ല . മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു  താരതമ്യേന  കുറവാണെങ്കിലും , വടക്കെ ഇന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും,  ക്രിസ്തീയ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നുണ്ട് .

 ഇന്ത്യയിൽ  ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നുള്ളത് ഒരു വസ്തുതയായിരിക്കുമ്പോൾ തന്നെ അതിനുള്ള  കാരണങ്ങൾ നാം നിഷ്പക്ഷമായി ചിന്തിക്കേണ്ടതാണ്. അതിനുള്ള ഒരു പ്രധാന കാരണം  ക്രിസ്തുവിനെപറ്റിയുള്ള തങ്ങളുടെ സാക്ഷ്യം തന്നെയാണ്. അങ്ങനെയുള്ള സഹനങ്ങളിൽ  സന്തോഷിക്കുവാൻ അപ്പൊസ്തലനായ പത്രോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.

 എന്നാൽ ഇന്ത്യയിലെ ക്രിസ്തീയ പീഡനങ്ങളുടെ പിന്നിലുള്ള, പലരും  കാണാതെ പോകുന്ന വേറൊരു  കാരണമാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്. കർത്താവ് തന്നെ പറഞ്ഞത് പോലെ നമ്മുടെ എതിർ പക്ഷത്തു ഉള്ളവരുടെ സ്ഥാനത്തു നിന്ന് കൊണ്ട് നാം കാര്യങ്ങളെ വീക്ഷിക്കേണ്ടത് ഒരു ശരിയായ വിശകലനത്തിന് ആവശ്യമാണ് . അതിനാൽ  മുൻവിധികൾ ഇല്ലാതെ ഈ ലേഖനം തുടർന്ന്  വായിക്കുക.

 ==============

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ   കഴിഞ്ഞ നൂറു വർഷങ്ങൾ കൊണ്ട് മതം മാറ്റത്തിലൂടെ ഉണ്ടായ  'ക്രിസ്ത്യാനികളുടെ വളർച്ച'

 ==============

 ഞാൻ താഴെ കൊടുക്കുന്ന  കണക്കുകൾ  ശ്രദ്ധിക്കുക. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം  കഴിഞ്ഞ നൂറു വർഷങ്ങൾ കൊണ്ട് മതം മാറ്റത്തിലൂടെ ഉണ്ടായ  ക്രിസ്ത്യാനികളുടെ വളർച്ചയാണ് അതിൽ കാണുന്നത്.

 ( ഈ കണക്കുകൾ നൂറു ശതമാനം കൃത്യമാകണം എന്നില്ല , എങ്കിലും ഏകദേശ ധാരണ ലഭിക്കാൻ ഇത് മതിയാകും. )

 1901-ൽ 0.02% മാത്രമുണ്ടായിരുന്ന മണിപ്പൂരിലെ ക്രിസ്ത്യാനികൾ ഇന്ന് 41.29%ൽ എത്തിയിട്ടുണ്ട്. അടുത്തുതന്നെ അവർ  ഭൂരിപക്ഷമാകും.1901-ലെ സെൻസസിൽ 6 ശതമാനമായിരുന്നു മേഘാലയത്തിലെ ക്രിസ്ത്യാനികൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിതന്നെ ഇവിടെ മിഷൻ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ  മേഘാലയത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് ക്രിസ്ത്യാനികൾ ആയിരുന്നു. അത് ക്രമമായി വർദ്ധിച്ച് 2011 ആയപ്പോഴേയ്ക്കും നാലിൽ മൂന്ന് ജനങ്ങളും ക്രിസ്ത്യാനികളായി മാറി.

 ക്രിസ്തുമതം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വേറൊരു സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. പ്രത്യേകിച്ച് അടുത്ത കാലത്ത്! 1971-ൽ ഒരു ശതമാനത്തിൽ താഴെ ആൾക്കാർ പിന്തുടർന്നിരുന്ന ക്രിസ്തുമതം 2011 -ലെ സെൻസസിൽ മുപ്പത് ശതമാനത്തിലധികം പേർ പിന്തുടരുന്ന മതമായി മാറി. ഇത്ര വേഗത്തിലുള്ള വളർച്ച ഇസ്ലാം മതത്തിന് പോലും  ഇന്ത്യയിൽ ഒരു സ്ഥലത്തും ഇല്ല എന്നത് ശ്രദ്ധിക്കുക.

 മിസോറമാണ് ഇന്ത്യയിൽ ക്രിസ്തുമത ഭൂരിപക്ഷമുള്ള മറ്റൊരു സംസ്ഥാനം.1901-ൽ 0.05% ഉണ്ടായിരുന്ന മതം 1951 സെൻസസിൽ 90.5% ആയി മാറി. ക്രിസ്തുമതത്തിന് ഭൂരിപക്ഷമുള്ള വേറൊരു  സംസ്ഥാനമാണ് നാഗാലാൻ്റ്.  110 വർഷം മുൻപ് ഒരു ശതമാനത്തിൽ താഴെയായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ 90% വരും !

 ഈ മതംമാറ്റപ്പെട്ട മിക്കവരും  അനിമിസ്റ്റ് മതങ്ങളിൽ പെട്ടവരാണ് ഹിന്ദുക്കളല്ല എന്നാണ്  ഇവരെ മതപരിവർത്തനം ചെയ്യുന്നവരുടെ വാദം. വളരെ ദുർബ്ബലമായ വാദമാണ് അത്. ഹിന്ദുമതത്തിൽ ഉള്ളവരോ അല്ലെങ്കിൽ അതിന്റെ ഉപവിഭാഗങ്ങളിൽ ഉള്ളവരോ ആണ് മിക്കവാറും എല്ലാവരും. ഇനി അഥവാ അവരിൽ ചിലർ അനിമിസ്റ്റ് മതങ്ങളിൽ പെട്ടവരാണെങ്കിലും ശിവൻ്റെ ഭൂതഗണങ്ങളെയും പിതൃക്കളെയും  ആരാധിക്കുന്ന ഹിന്ദുക്കളാണ് ഇവർ എന്നാവും ഹിന്ദുക്കളുടെ  മറുപടി!

 ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതൊക്കെ ഔദ്യോഗികമായ കണക്കാണ് എന്നതാണ് .എന്നാൽ ക്രിസ്തീയ വിശ്വാസം  സ്വീകരിക്കുകയും അതേസമയം തന്നെ  ഔദ്യോഗിക രേഖകളിൽ ഹിന്ദുക്കളായി തുടരുകയും, അതുവഴിയുള്ള സർക്കാർ ആനുകൂല്യങ്ങൾ നിലനിർത്തുകയും ചെയ്യുന്ന വലിയ ഒരു കൂട്ടം ഔദ്യോഗിക  കണക്കിൽ പെടാത്തതായി ഉണ്ട് .

  ==============

 ആദിമ സഭയുടെ മാതൃകയും ആധുനിക സംഘടനകളുടെ സുവിശേഷ 'വേല'കളും

   ==============

 ഇവിടെ നാം ശ്രദ്ധിക്കേണ്ട വേറൊരു ഒരു പ്രധാന വിഷയം, ഈ മതം മാറ്റങ്ങളിൽ  പലതും  വിദേശ സംഘടനകളുടെ  സാമ്പത്തിക സഹായം സ്വീകരിച്ചു നടക്കുന്നതാണ് എന്നതാണ് . ഇത്   ഇന്ത്യയുടെ  ഭരണഘടന അനുസരിച്ചു   നിയമവിരുദ്ധ മതപരിവർത്തനം (illegal conversion) ആണ്.  ഈ  വിഷയം ഇവിടെ യഥാർത്ഥമായി സുവിശേഷ വേല ചെയ്യുന്ന  ക്രിസ്ത്യാനികൾ പോലും സമ്മതിക്കുന്നതാണ്.

 ഒരേ സമയം അഞ്ചു വിദേശ സംഘടനകളുടെ ശമ്പളം പറ്റുന്ന 'വേലക്കാർ' ഉണ്ടെന്നാണ് ഒരു  സുവിശേഷ സംഘടനയുടെ സ്ഥാപകനായ എൻ്റെ സുഹൃത്ത് പറഞ്ഞത്. ഈ സംഘടനകൾ കൊടുത്തിട്ടുള്ള  target തികയ്ക്കുക എന്നതാണ് ഇവരുടെ ‘വേല‘. ഭരണ കേന്ദ്രങ്ങളിൽ നിന്നും കഴിഞ്ഞ ചില വർഷങ്ങളിലുണ്ടായ ശക്തമായ നിയന്ത്രണങ്ങൾ കാരണം വിദേശത്തു നിന്നുള്ള പണമൊഴുക്ക് നിലച്ചതിനാൽ ഇത്തരം പല സംഘടനകളും പൂട്ടിപ്പോയി. എങ്കിലും നോർത്ത് - ഈസ്റ്റിൽ വിദേശ പിന്തുണയോടെ നിയമാനുസൃതമല്ലാത്ത രീതിയിൽ ഉള്ള  മതപരിവർത്തനം ഇന്നും  നടക്കുന്നുണ്ട് എന്നത് നഗ്നമായ  സത്യമാണ്.

ഇന്ത്യയുടെ  ഭരണഘടന അനുസരിച്ചു  മാത്രമല്ല ദൈവവചന പ്രകാരവും ഇത് ക്രിസ്തുമാർഗ്ഗത്തിനു  വിരുദ്ധമാണ്.  ക്രിസ്തീയ കാഴ്ചപ്പാടിൽ നോക്കിയാൽ ഇത് ആദിമ നൂറ്റാണ്ടുകളിൽ ഉണ്ടായതു പോലെ ക്രൂശിന്റെ വചനം പ്രസംഗിക്കുമ്പോൾ ഉണ്ടാകുന്ന  മനസാന്തരവും വിശ്വാസവും മൂലം ഉണ്ടായ വളർച്ചയല്ല, പകരം മത്താ. 13:31 ൽ  കർത്താവ് പറയുന്നത് പോലെ ആകാശത്തിലെ പറവകൾ  ( പിശാചും , ഭൂതഗണങ്ങളും ) വന്നു കൊമ്പുകളിൽ കൂട് കൂട്ടുവാൻ തക്കവണ്ണം വളരുന്ന  കടുകുമണിയുടെ അസാധാരണമായ വളർച്ചയാണ് എന്ന് ദൈവവചനം നിഷ്പക്ഷമായി പഠിക്കുന്ന ഏതൊരാൾക്കും  മനസിലാക്കുവാൻ കഴിയും.

പ്രാദേശിക സഭയായിരുന്നു ആദിമ നൂറ്റാണ്ടുകളിൽ സുവിശേഷകരെ അഥവാ മിഷനറിമാരെ  അയച്ചിരുന്നത്. അവർ ആരുടെയും 'ശമ്പളക്കാരായ' വേലക്കാർ ആയിരുന്നില്ല. അവർ ദൈവത്താൽ അയക്കപ്പെടുകയും  ക്രൂശിന്റെ വചനമായ  യഥാർത്ഥ സുവിശേഷം പ്രസംഗിക്കുകയും യഥാർത്ഥമായ മനസാന്തരവും,വിശ്വാസവും  സംഭവിക്കുകയും ചെയ്തു.അവർ സുവിശേഷം അറിയിക്കുക മാത്രമായിരുന്നില്ല ചെയ്തത് , സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ടവരെ അതാതു പ്രദേശങ്ങളിൽ  ദൈവസഭയുടെ ഭാഗമാക്കുകയും , കർത്താവ് പഠിപ്പിച്ചത് പ്രാവർത്തികമാക്കുവാൻ തക്കവണ്ണം അവരെ ശിഷ്യന്മാർ ആക്കുകയും ചെയ്തു .  അതിനാൽ ഇന്നത്തെക്കാൾ കഠിനമായ പീഡനങ്ങൾക്കിടയിലും  ആദിമ സഭ വളർന്നു ലോകമെങ്ങും വ്യാപിച്ചു.

   ==============

 ദൈവത്താൽ അയക്കപ്പെടുന്ന സുവിശേഷകരും , സംഘടനകളാൽ അയക്കപ്പെടുന്ന 'വേല'ക്കാരും

   ==============

 മിഷനറി എന്ന പദവും മിസൈൽ എന്ന പദവും ” mittere" എന്ന latin പദത്തിൽ നിന്ന് വന്നതാണ്. ഒരു സ്ഥലത്തു നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് കൃത്യതയോടെ അയക്കപ്പെടുക എന്നാണ് ആ പദത്തിന്റെ അർഥം. അപ്പൊസ്തലന്മാരെ അയക്കുന്നതിന് ആദിമ സഭയ്ക്ക് കർത്താവു നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ ‘അപ്പൊസ്തല പ്രവൃത്തികളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് താഴെ പറയുന്ന പ്രകാരമാണ്. ഒരു സുവിശേഷകൻ അഥവാ മിഷനറി ഒരു സ്ഥലത്തേക്ക് കർത്താവിനാൽ നിയോഗിക്കപ്പെട്ട് അയക്കപ്പെടുന്നു. അദ്ദേഹത്തെ താൻ അംഗമായിരിക്കുന്ന പ്രാദേശിക  സഭ പ്രാർത്ഥിച്ചനുഗ്രഹിച്ചു കൈവയ്പ്പോടെ അയക്കുന്നു.  പോകേണ്ടുന്ന സ്ഥലം / സ്ഥലങ്ങൾ, അയക്കപ്പെടുന്നതിനു പിന്നിലെ വ്യക്തമായ ലക്ഷ്യം, അറിയിക്കുവാനുള്ള വ്യക്തമായ സന്ദേശം ( സുവിശേഷം), പറയേണ്ടതായ വാക്കുകൾ, അത് സാക്ഷ്യപ്പെടുത്തുവാൻ ആവശ്യമായ കൃപാവരങ്ങൾ എന്നിവയെല്ലാം പരിശുദ്ധാത്മാവ് തന്നെ തക്ക സമയത്ത് നൽകുന്നു.

 യേശുക്രിസ്തു തന്നെ കുറിച്ച് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന വിശേഷണം ‘പിതാവിനാൽ അയക്കപ്പെട്ടവൻ’ എന്നാണ്.  യേശുക്രിസ്തുവിനെ പിതാവ് ഈ ലോകത്തിലേക്ക് അയച്ചതുപോലെയാണ് ക്രിസ്തു ലോകത്തിലേക്ക് തൻ്റെ ശിഷ്യന്മാരെ അയക്കുന്നത് എന്നതിനാൽ ഒരുവൻ ദൈവത്താൽ അയക്കപ്പെടുക എന്നത് ഒരു സുവിശേഷകനെ സംബന്ധിച്ച് അതിപ്രധാനമായ കാര്യമാണ്. തലയായ  ക്രിസ്തു തൻ്റെ ശരീരമായ പ്രാദേശിക സഭയിൽ കൂടി മാത്രമാണ് സുവിശേഷകരെ അയക്കുന്നത് എന്ന് ദൈവവചനം ശരിയായി പഠിക്കുമ്പോൾ  നമുക്ക് മനസ്സിലാകുന്നു. ശരീരത്തിലെ അവയവം തലയുടെ കല്പനയ്ക്കു വേണ്ടി സ്വസ്ഥമായി ലഭ്യതയോടെ ഇരിക്കുകയും, കല്പന ലഭിക്കുമ്പോൾ പ്രവർത്തിക്കയും ചെയ്യുന്നതുപോലെ സഭാശരീരത്തിലെ ഓരോ അംഗവും ദൈവത്താൽ അയക്കപ്പെടുവാനും കല്പനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുവാനും തയ്യാറായി ഇരിക്കണം. (അപ്പൊ.പ്രവൃത്തികൾ 13:2) ( വളരെ വിശദമായി മനസ്സിലാക്കേണ്ട ഒരു വിഷയമാണ് ഇത്.  പ്രധാന വിഷയത്തിൽ നിന്നു മാറിപ്പോകും എന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. )

 എന്നാൽ മിക്ക കാര്യങ്ങളിലും ദൈവവചനാധിഷ്ഠിതമായ ആദിമ സഭയുടെ മാതൃകയിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇന്നത്തെ ‘സംഘടനാ സഭകൾ’ പ്രവർത്തിക്കുന്നത്. സുവിശേഷകരെ അയക്കുന്നതും അങ്ങനെ തന്നെ. ഇത്തരം സംഘടനകൾ പലതും സ്വകാര്യ കമ്പനികൾ പോലെ പ്രവർത്തിക്കുന്നവയാണ്. ഒരു സ്വകാര്യ സ്ഥാപനം തങ്ങളുടെ ഉല്പന്നം പ്രചരിപ്പിക്കുവാൻ വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് പോലെ ഇത്തരം സംഘടനകൾ "സുവിശേഷം" പ്രചരിപ്പിക്കുവാനുള്ള വിപണന തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നു. ഇത്തരം സംഘടനയിലെ സുവിശേഷകർ വിപണന തൊഴിലാളികളെന്നപോലെ സംഘടനയുടെ ശമ്പളത്തിന് വേണ്ടി "സുവിശേഷ" വേല ചെയ്യുന്നു.

 ദൈവത്തിന്റെ യഥാർത്ഥ സുവിശേഷമായ ക്രൂശിൻ്റെ വചനം  പ്രസംഗിക്കുന്നതിനു പകരം വെള്ളം ചേർത്ത സുവിശേഷം അവർ പ്രചരിപ്പിക്കുന്നു. പണവും മറ്റു സാമ്പത്തിക സഹായങ്ങളും വഴി അവർ പലരെയും മത പരിവർത്തനം ചെയ്യുന്നു. സംഘടിത സ്ഥാപനങ്ങൾ ( Corporate institutions) പോലെ പ്രവർത്തിക്കുന്ന ഇവ അവരുടെ ശമ്പളക്കാരായി വേലക്കാരെ നിയമിക്കുകയും അവർ എങ്ങനെയെങ്കിലും ഉദ്ദിഷ്ടഫലം (target) തികക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ യഥാർത്ഥ മാനസാന്തരം ഇല്ലാത്ത മതപരിവർത്തനങ്ങൾ സംഭവിക്കുന്നു. മുകളിൽ കാണുന്ന വളർച്ച പലതും അങ്ങനെ ഉണ്ടായതാണ്. പലപ്പോഴും ഇത് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ക്രിസ്തീയ മാർഗ്ഗത്തിനു ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.

    ==============

മാനസാന്തരമുണ്ടാക്കാത്ത  മതപരിവർത്തനങ്ങളും, സാംസ്‌കാരിക പരിവർത്തനങ്ങളും  അതിനോടുള്ള പ്രതികരണവും

   ==============

 ഇന്ത്യയിൽ പലയിടത്തും മതപരിവർത്തനവും സാംസ്‌കാരിക പരിവർത്തനവും മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അതിനാൽ തന്നെ ക്രിസ്തീയത എന്നത് മനപരിവർത്തനവും ആന്തരിക വിശുദ്ധീകരണവുമാണ് എന്ന യാഥാർഥ്യം ഇന്ത്യയിലെ ഭൂരിപക്ഷമായ ഹൈന്ദവ സഹോദരങ്ങൾക്ക് മുമ്പിൽ  സാക്ഷ്യപ്പെടുത്തുന്നതിൽ ക്രൈസ്തവർ അമ്പേ  പരാജയപ്പെട്ടുപോയി എന്നത് ഒരു സത്യമാണ് . തൽഫലമായി ക്രിസ്തീയത എന്നാൽ പാശ്ചാത്യ ജീവിത ശൈലിയിലേക്കുള്ള പരിവർത്തനവും സാംസ്‌കാരിക അധിനിവേശവുമാണെന്ന് ഹിന്ദുമത വിശ്വാസികൾ കരുതുവാനും സംഘടിത മതപരിവർത്തനത്തിനെതിരായി അവരുടെ ഭാഗത്തു നിന്നും തീവ്രമായ പ്രതികരണം ഉണ്ടാകുവാനും തുടങ്ങി. ക്രിസ്തീയമല്ലാത്ത മതപരിവർത്തനം തീവ്ര ഹിന്ദുമതവാദികളുടെ ഈ ആരോപണം ഒരു പരിധി വരെ ശരി വയ്ക്കുന്നതുമാണ്.

 ഇത്തരത്തിലുള്ള മതപരിവർത്തനവും ഭാരതീയ സംസ്കാരത്തോടുള്ള നിഷേധാത്മകമായ പ്രതികരണവും, മാനുഷിക ബന്ധങ്ങളിൽ നിന്നുള്ള അകൽച്ചയും, ഉന്നതഭാവവും ഇന്ത്യയിലെ ക്രിസ്തീയ സാക്ഷ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്

 ഉദാഹരണത്തിന്, ഇന്ത്യയിൽ ഏറ്റവും അധികം മതപരിവർത്തനം നടന്ന ഒരു സംസ്ഥാനമാണ് നാഗാലാ‌ൻഡ്. 110 വർഷം മുൻപ് നാഗാലാൻഡിൽ ഒരു ശതമാനത്തിൽ താഴെയായിരുന്ന ക്രിസ്ത്യാനികൾ ഇപ്പോൾ 90% വരും! എന്നാൽ വളരെയധികം തീവ്രവാദ ഗ്രൂപ്പുകളും നാഗാലാൻഡിൽ ഉണ്ട്. നാഗാലാൻഡിലെ നാഗതീവ്രവാദികളും മാവോയിസ്റ്റുകളും  "ക്രിസ്ത്യാനികൾ" ആണ്. അവിടുത്തെ തീവ്രവാദ ഗ്രൂപ്പായ National Socialist Council of Nagaland - ൻ്റെ മുദ്രാവാക്യം "Nagaland for Christ" എന്നാണ്. മതപരിവർത്തനം ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ള പല നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും 'വിശ്വാസികളുടെ' സ്ഥിതി ഇതാണ്.

 Ref :  https://en.wikipedia.org/wiki/National_Socialist_Council_of_Nagaland

 ( The NSCN has been widely described as both a Maoist and Christian group. Journalist Bertil Lintner has described NSCN's ideology as "a mixture of evangelical Christianity and revolutionary socialism".[19] According to the NSCN manifesto, their slogan is "Nagaland for Christ" )

 ഗോത്ര വിഭാഗങ്ങളുടെ ഇടയിൽ സുവിശേഷവേല ചെയ്യുന്ന ഒരു സംഘടനാ നേതാവ് പറഞ്ഞത് ചില ഗോത്ര വിഭാഗങ്ങളിൽ ഗോത്രത്തലവൻ ഒരു മതം സ്വീകരിച്ചാൽ ആ ഗോത്രം കൂട്ടമായി തന്നെ ഗോത്രത്തലവൻ്റെ മതം സ്വീകരിക്കും എന്നാണ്.

 മണിപ്പൂരിൽ കോടതിയുടെ അഭിപ്രായത്തിന് എതിരെ റാലി നടത്തുകയും ആക്രമണത്തിനു തുടക്കമിടുകയും ചെയ്തത് നൂറു ശതമാനത്തോളം 'ക്രിസ്ത്യാനികൾ' ആയ കുക്കി ഗോത്ര വിഭാഗം ആയിരുന്നു എന്നത് ഓർക്കുക.

 എന്തിനധികം പറയണം! 'പ്രബുദ്ധ കേരളത്തിൽ'  സഭാസംഘടനകളുടെ ഇലക്ഷനുമായി ബന്ധപ്പെട്ടു  ചേരി തിരിഞ്ഞു തെറി വിളിക്കുന്നതും പരസ്പരം ആക്രമിക്കുന്നതും. സഭാ ഹോളിനുള്ളിലെ കയ്യാങ്കളികളും ,  പോലീസിനെ വെല്ലുവിളിക്കുന്നതും  ഒരു ‘കക്ഷി’യുടെ പള്ളി മറു ’കക്ഷി’ക്കാർ കയ്യേറുന്നതും ഒരു കൂട്ടരുടെ ആരാധന മറ്റൊരു കൂട്ടർ അലങ്കോലമാക്കുന്നതും എങ്ങോട്ടു തിരിഞ്ഞു നില്ക്കണമെന്നതിനെ ചൊല്ലി തർക്കവും കയ്യാങ്കളിയും നടത്തുന്നതും ‘ക്രിസ്ത്യാനി’കളുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.

 എൻ്റെ വ്യക്തിപരമായ ബോധ്യത്തിൽ  കേരളത്തിലെ ഇന്നുള്ള വേർപെട്ട പല  സഭാ സംഘടനകളുടെയും നേതൃത്വത്തിൽ ഉള്ളവർ യഥാർത്ഥ മാനസാന്തരം ഉണ്ടായിട്ടില്ലാത്തവരും , തികഞ്ഞ ജഡീകരുമാണ്. ഒരു ശരാശരി ഹിന്ദു മതവിശ്വാസിയുടെ അത്ര പോലും ഉള്ള  ജീവിത വിശുദ്ധിയോ, സാംസ്‌കാരിക നിലവാരമോ  ഇല്ലാത്ത ഇത്തരക്കാർ  നടത്തുന്ന 'സുവിശേഷ' പ്രസംഗങ്ങൾ  ദൈവനാമത്തിനു  ദോഷം മാത്രമേ ഉണ്ടാകുന്നുള്ളു. കർത്താവ് തന്നെ പറഞ്ഞത് പോലെ കരയും കടലും കടന്നു മതത്തിൽ ചേർക്കുകയും ഇരട്ടി നരകത്തിനു അനേകരെ യോഗ്യരാക്കുകയും ചെയ്യുന്നവരാണ്  ഇവർ  .

 ഇത്തരക്കാരുടെ സാക്ഷ്യമില്ലാത്ത ജീവിതവും, അന്യമത നിന്ദകളും  നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മതപരിവർത്തനവും  സാമൂഹിക അസന്തുലിതാവസ്ഥയും അരക്ഷിതാവസ്ഥയും സ്പർദ്ധയും ഉണ്ടാക്കുകയും അതിലൂടെ  ഇന്ത്യയുടെ തനതു സംസ്കാരത്തെ തകർക്കുകയും ചെയ്യും  എന്ന് സംഘപരിവാർ പോലുള്ള  മതസംഘടനകൾ ഭയക്കുന്നു. ഒരു പരിധിവരെ അത്  സത്യമാണ്. അത്തരം മതപരിവർത്തനാ രീതികൾ വചനവിരുദ്ധവുമാണ്.

 ഇത്തരം മനപരിവർത്തനമില്ലാത്ത മതപരിവർത്തനത്തിൻ്റെ ഫലമായ അസന്തുലിതാവസ്ഥയും അസ്വസ്ഥതയും സമൂഹത്തിൽ സ്പർദ്ധയും അരക്ഷിതാവസ്ഥയും വർദ്ധിപ്പിക്കുകയും പലപ്പോഴും തീവ്രമായ വൈകാരിക പ്രതികരണങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.

 ഞാൻ ക്രിസ്തീയ സുവിശേഷീകരണത്തിനും യഥാർത്ഥ മാനസാന്തരത്തിലൂടെയുള്ള പരിവർത്തനത്തിനും എതിരല്ല. ഇന്ത്യയുടെ ഭരണഘടനയും അതിനു എതിരല്ല. യഥാർത്ഥമായി സുവിശേഷ വേല ചെയ്യുന്ന പലരും നോർത്ത് ഇന്ത്യയിലും നോർത്ത്  ഈസ്റ്റ് സ്റ്റേറ്റുകളിലും  ഉണ്ട്. അവരിൽ ചിലർ  എൻ്റെ സുഹൃത്തുക്കളാണ്  എന്നാൽ മുകളിൽ പറഞ്ഞ  രീതിയിലുള്ള മതപരിവർത്തനം ദൈവികമല്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. മാത്രമല്ല അത്   യഥാർത്ഥ ക്രിസ്തീയ മാർഗ്ഗത്തിനും  ക്രിസ്തീയ വിശ്വാസികൾക്കും പരമാർത്ഥികളായ  സുവിശേഷകർക്കും ഭീഷണിയാണ്.

   ==============

 മിതവാദികളും തീവ്രവാദികളും ആയ ഭൂരിപക്ഷ മതക്കാർ

  ==============

 ഇന്ത്യാ ജനാധിപത്യ മതേതര രാജ്യമായതിനാൽ ഏതു തരം  മതം മാറ്റത്തെയും  ആർക്കും തടയാൻ   ആകില്ല എന്ന് പലരും പറയാറുണ്ട്. എന്നാൽ ഇന്നും ഇന്ത്യയിൽ 80 ശതമാനത്തിനു മുകളിൽ  ജനങ്ങളും ഹിന്ദുക്കൾ ആണെന്ന് നാം മനസിലാക്കണം. അവരിൽ മഹാഭൂരിപക്ഷവും മിതവാദികൾ ആണ്. ചുരുക്കം ചിലർ മാത്രമാണ് തീവ്രചിന്താഗതിക്കാർ. ഇന്ത്യയിൽ‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന ജനാധിപത്യവും മതേതരത്വവുമൊക്കെ നിലനില്കുന്നത്, ഇന്ത്യയുടെ ഭരണഘടനയിൽ വിഭാവനം ചെയ്ത് ഉൾക്കൊള്ളിച്ചിരിക്കുന്ന മതനിരപേക്ഷത മൂലവും ഭൂരിപക്ഷം വരുന്ന മിതവാദികളായ ഹിന്ദുക്കളുടെ സഹിഷ്ണുത കൊണ്ടുമാണ്  എന്ന് നമ്മൾ  ഓർക്കുന്നത് നന്ന്. തന്മൂലം ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ ഇന്നും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ  വലിയ പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കുകയും സുവിശേഷ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.   

 ഭൂരിപക്ഷ  ഹിന്ദുക്കളുടെ സ്ഥാനത്തു  ക്രിസ്തുമതം പോലെ തന്നെയുള്ള മറ്റൊരു സെമിറ്റിക് മതമായ ഇസ്ലാം ആയിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ഇന്ന് എന്തായിരിക്കുമായിരുന്നു എന്നറിയാൻ ഒരു കാലത്തു ക്രിസ്ത്യാനികൾ ഭൂരിപക്ഷം ആയിരുന്ന ലെബനൻ, സിറിയ, ഈജിപ്ത്, തുർക്കി തുടങ്ങിയ middle east രാജ്യങ്ങളിലേക്കു നോക്കിയാൽ മതി. വേറെ രാജ്യങ്ങളിലേക്ക് നോക്കണ്ട ആവശ്യമില്ല,  ഇന്ത്യയിലെ തന്നെ കാശ്മീരിലേക്കു നോക്കിയാലും മതി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് അവിടത്തെ മത തീവ്രവാദികളെ അമർച്ച ചെയ്തതിനു ശേഷമാണു  പതിറ്റാണ്ടുകൾ  ആയി അടഞ്ഞു കിടന്ന ക്രിസ്തീയ ദൈവാലയങ്ങൾ പോലും  തുറക്കുവാൻ  സാധിച്ചത്. https://www.hindustantimes.com/india-news/srinagars-oldest-church-closed-for-decades-opens-ahead-of-christmas-

 ഇന്ത്യയിൽ ഹിന്ദുക്കളുടെ സ്ഥാനത്തു  ഇസ്ലാം മതവിശ്വാസികൾ  ആയിരുന്നു  ഭൂരിപക്ഷമെങ്കിൽ  മതപരിവർത്തനം നടത്തുന്നത് പോകട്ടെ സ്വന്തം വിശ്വാസമോ തലയോ ഏതാണ് വേണ്ടതെന്നു തീരുമാനിക്കേണ്ട സ്ഥിതിയിൽ ക്രിസ്ത്യാനികൾ എത്തിയേനെ. അടുത്ത കാലത്തു ഇറാക്കിലും സിറിയയിലും രക്തസാക്ഷികൾ ആയ ക്രിസ്തീയ വിശ്വാസികളും ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും രക്തസാക്ഷികൾ ആകുന്ന ക്രിസ്ത്യാനികളും  മതപരിവർത്തനം നടത്തിയത് കൊണ്ടല്ല , സ്വന്തം വിശ്വാസം തള്ളിക്കളയാൻ തയ്യാറാകാഞ്ഞതിനാൽ  ആണ് രക്തസാക്ഷികൾ ആയത്.

 അതിനാൽ വ്യാജ സുവിശേഷവും ,ദൈവീകമല്ലാത്ത മതപരിവർത്തനവും, അന്യമത നിന്ദയും വഴി ഭൂരിപക്ഷം വരുന്ന മിതവാദികളായ  ഹിന്ദുക്കളെ കൂടി തീവ്രവാദികൾ ആക്കാതെ ഇരിക്കുന്നതാണ് യഥാർത്ഥമായി കർത്താവിനെ പിന്തുടരുന്ന ക്രിസ്ത്യാനികൾക്ക് നല്ലതു.

 അതിനാൽ  ദൈവത്താൽ അയക്കപ്പെട്ടവരായി യഥാർത്ഥ സുവിശേഷം തങ്ങളുടെ ജീവിതത്തിലൂടെയും പ്രസംഗത്തിലൂടെയും അറിയിക്കുന്നതിനോടൊപ്പം, ദൈവവചന വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം വ്യാജ മതപരിവർത്തനങ്ങളെ  എതിർക്കുക എന്നതും ഒരു ക്രിസ്ത്യാനിയുടെ കർത്തവ്യമാണ്.

    ==============

 ഇന്ത്യയിലെ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ചില  പ്രായോഗിക നിർദ്ദേശങ്ങൾ

   ==============

 1. സുവിശേഷം പ്രസംഗിക്കുന്നവർ  മറ്റു മതങ്ങളെയോ , സമുദായങ്ങളെയോ അവരുടെ ആചാരങ്ങളെയോ ഇകഴ്ത്താതെ , ക്രിസ്തുവിനെ ഉയർത്തുവാൻ മാത്രം ശ്രമിക്കുക. താൻ ഉയർത്തപ്പെട്ടാൽ എല്ലാവരെയും തന്നിലേക്ക് ആകർഷിക്കും എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ. 12: 32) എന്നാൽ ക്രിസ്തുവിനെ ഉയർത്തുന്നതിന് പകരം മറ്റു മതങ്ങളെയോ ആചാരങ്ങളെയോ ഇകഴ്ത്തുകയാണ് സുവിശേഷം പ്രസംഗിക്കുന്നു എന്ന പേരിൽ  നിങ്ങൾ ചെയ്യുന്നത് എങ്കിൽ  അതുവഴി ഉണ്ടാകുന്ന പീഡനം ' ക്രിസ്തുവിനെ പ്രതിയുള്ള ' പീഡനം ആവുകയില്ല.(1 പത്രൊ. 4 :15-17)

 2. യഥാർത്ഥ ക്രിസ്തീയത എന്നത് തങ്ങൾ ജനിച്ചു വളർത്തപ്പെട്ട സംസ്കാരങ്ങളോ ആചാരങ്ങളോ രീതികളോ മാനുഷിക ബന്ധങ്ങളോ അപ്പാടെ ഉപേക്ഷിക്കുക എന്നതോ അതിനെല്ലാം എതിരെ നിൽക്കുക എന്നതോ അല്ല, പകരം ആ സംസ്കാരങ്ങളിലെ നന്മ ഉൾക്കൊള്ളുക എന്നതും, അപ്പോൾ തന്നെ ദൈവവചന വിരുദ്ധമായ, ക്രിസ്തീയ സാക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ മാത്രം ഒഴിഞ്ഞു നിൽക്കുക എന്നതുമാണ്. അതിനാൽ നിങ്ങൾ ആയിരുന്ന, ആയിരിക്കുന്ന സംസ്കാരത്തിനോടുള്ള  നിഷേധാത്മകമായ സമീപനം ഒഴിവാക്കുക. (മർക്കൊ. 2:16)

 3. ലോകമെങ്ങും പോയി സകല ജാതികളോടും  സുവിശേഷം അറിയിക്കുക' എന്ന ദൈവകൽപന അനുസരിച്ചാണ് സുവിശേഷവേലക്കാർ പലപ്പോഴും പല സ്ഥലങ്ങളിലേക്കും പോകുന്നത്.  എന്നാൽ അതിനോട് ചേർന്ന് തന്നെയുള്ള ' ഞാൻ നിങ്ങളോടു  ഉപദേശിച്ചത് എല്ലാം പാലിക്കാൻ തക്കവണ്ണം സകല ജാതികളെയും ശിഷ്യരാക്കുക ' എന്ന കൽപ്പന ഈ സുവിശേഷകർ മിക്കവരും  അനുസരിക്കാറില്ല . സത്യത്തിൽ ഇത്  ദൈവീക നിയോഗത്തിൻ്റെ പകുതി മാത്രമായുള്ള അനുസരണമാണ് .

 അതിനാൽ തന്നെ  പലരും സുവിശേഷം കേട്ടു രക്ഷിക്കപ്പെട്ടാൽ പോലും  ഒരു പ്രാദേശിക സഭയുടെ ഭാഗമായി ശിഷ്വത്വത്തിലേക്കു വളരാതെ  ആത്മീയ ശിശുക്കളും , ജഡീകരും ആയി തുടരുന്നു . ഇതു  ദൈവനാമം മറ്റു മതസ്ഥരുടെ ഇടയിൽ ദുഷിക്കപ്പെടാനും എതിർക്കപ്പെടാനും കാരണമാകുന്നു. അതിനാൽ സുവിശേഷത്താൽ ജനിപ്പിക്കുന്നവർ മാത്രം ആകാതെ ശിഷ്വത്വത്തിലേക്കു വളർത്തുന്നവരും ആകുക. (മത്താ. 28:20)

 4. സുവിശേഷ വേലയിൽ ആദിമ സഭയുടെ മാതൃകയിലേക്കു മടങ്ങിപ്പോകുക, സംഘടനകൾ വഴി വിദേശ ഫണ്ടുകൾ സ്വീകരിച്ചു കൊണ്ടുള്ള  ദൈവവചന വിരുദ്ധമായ സുവിശേഷ 'വേല'കൾ നിർത്തുക. സഭ അയക്കുന്നവർ, സ്വന്തം കുടുംബത്തിലും പ്രാദേശിക സഭയിലും സാക്ഷ്യം ഉള്ളവർ ,   പ്രതിലേശ്ച ഇല്ലാതെ സുവിശേഷം അറിയിക്കുക.(അപ്പൊ.പ്രവൃത്തികൾ 13:2)

 5.സുവിശേഷ വേല ചെയ്യുന്നവർ അതിനെ ഒരു ഉപജീവന മാർഗ്ഗമായി കാണാതെ ,പൗലോസിനെ പോലെ   കഴിവതും കൈ കൊണ്ട് അധ്വാനിക്കുക, ഉപജീവനത്തിനായി ഭൗതികമായ വേല ചെയ്തു സുവിശേഷം സൗജന്യമായി പ്രസംഗിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ  രക്ഷിക്കപ്പെടാത്ത ആളുകളുടെ ഇടയിൽ അതിനാൽ മാന്യത ഉണ്ടാകും. ഇത് സുവിശേഷകർക്കുള്ള  അപ്പോസ്തോലിക മാതൃകയും ഉപദേശവുമാണ്. (മത്താ. 10:8 , അപ്പൊ. പ്രവൃത്തികള്‍ 20: 17 -35, 2.തെസ്സലോനിക്യർ 3:8,9, 1തെസ്സലോനിക്യർ 4:12 )

ഈ വിഷയം വിശദമായി പ്രതിപാദിക്കുന്ന ലേഖനം താഴെയുള്ള ലിങ്കിൽ ലഭ്യമാണ് https://www.cakchurch.com/pdf-downloads/_____ed_2.pdf

 ഇന്ന് ഇന്ത്യയിൽ ദൈവവേലക്കാർക്കു മാന്യത നഷ്ടപ്പെട്ടിരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഈ ഉപദേശം അവർ അനുസരിക്കാതെ സുവിശേഷ വേലയെ പണസമ്പാദന മാർഗ്ഗം ആക്കിയതാണ്.

 6. സുവിശേഷം അറിയിക്കുന്നവരുടെ  ജീവിതം ക്രിസ്തുവിനെ വെളിപ്പെടുന്ന ഒരു പത്രം ആയിരിക്കണം . അങ്ങനെയെങ്കിൽ   പ്രസംഗിക്കാതെ തന്നെ ചിലപ്പോൾ ചിലയിടങ്ങളിൽ  മറ്റുള്ളവർ  ക്രിസ്തുവിനെ വായിക്കുവാൻ ഇടയാകും . ഫ്രാൻസിസ് അസീസിയുടെതായി അറിയപ്പെടുന്ന ഒരു വാചകം ഇങ്ങനെയാണ് ' സുവിശേഷം അറിയിക്കുക ആവശ്യമുള്ളപ്പോൾ മാത്രം വാക്കുകൾ ഉപയോഗിക്കുക.(  "Preach the Gospel at all times, and if necessary, use words" ) 2 കൊരി. 3:3

 7. നിങ്ങൾ  പറയുന്ന സുവിശേഷത്തെ പിന്താങ്ങുന്ന ജീവിത സാക്ഷ്യം നിങ്ങൾക്ക് സ്വന്തം കുടുംബത്തിലും വീട്ടിലും ( ഏറ്റവും ചുരുക്കമായി ഭാര്യയുടെയും മക്കളുടെയും മുൻപിൽ ) ഇല്ല  എങ്കിൽ ദയവായി സുവിശേഷം പറയാതെ ഇരിക്കുക. നിങ്ങൾ വഴി  ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടാതെ എങ്കിലും ഇരിക്കട്ടെ. 1 തിമൊ. 3:4,12 . ദൈവവചന ജ്ഞാനവും പ്രസംഗിക്കുവാനുള്ള കഴിവും ആണ് സുവിശേഷം പറയാനുള്ള യോഗ്യത എങ്കിൽ പിശാചും അതിനു ഏറ്റവും യോഗ്യനാണ് . മത്താ. 4:6

 8. നിങ്ങൾ ഏതു രാജ്യത്തു താമസിക്കുന്നവോ ആ രാജ്യത്തെ ഭരണാധികാരി ഏതു മതത്തിൽ ഉള്ള ആൾ എന്നെങ്കിലും അദ്ദേഹത്തെ ദൈവം നിയമിച്ചതു ആണ് എന്നും അദ്ദേഹം  ദൈവത്തിൻ്റെ  ദാസൻ ആണെന്നും  തിരിച്ചറിയുക . അദ്ദേഹത്തെ ബഹുമാനിക്കുക, ഒരിക്കലും ഇകഴ്ത്തി സംസാരിക്കാതെ ഇരിക്കുക  , രാജ്യത്തെ  നിയമങ്ങൾക്കു പൂർണ്ണമായും  കീഴടങ്ങുക. ഭരണ നേതൃത്വത്തിന് വേണ്ടി പ്രാർത്ഥിക്കുക, രാജ്യസ്നേഹമുള്ള  മാതൃകയുള്ള പൗരൻ ആയിരിക്കുക  . റോമ. 13:1-18

 9. ഒരു രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്കു അനുസൃതമായി മാത്രം സുവിശേഷ പ്രവർത്തനം ചെയ്യുക. അല്ലാതെ  പ്രവർത്തിച്ചു ഉള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടുത്താതെ ഇരിക്കുക. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നില നിൽക്കുന്ന മതപരിവർത്തന നിയമങ്ങൾ , നിയന്ത്രങ്ങൾ എന്നിവ മനസ്സിലാക്കി പ്രവർത്തിക്കുക . റോമ. 13:1-18  ( ഗൾഫ് പോലെ മതനിയമം കർശനമായ രാജ്യങ്ങളിൽ അത് അനുസരിക്കുന്നവർ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാത്തത് വിചിത്രമായ കാര്യമാണ്  )

 10. ഇന്ത്യ ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യം ആണ് എന്നും , ഇന്ത്യയുടെ സംസ്കാരം ഹിന്ദു സംസ്കാരം ആണ് എന്നും മറക്കാതെ ഇരിക്കുക. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ സഹിഷ്ണുത ഉള്ളവരും മിതവാദികളും ആണ് .  ദൈവവചന വിരുദ്ധമായ സുവിശേഷ വേലയും, മതനിന്ദയും , പ്രകോപനവും  വഴി മിതവാദികളെ കൂടി തീവ്രവാദികൾ ആക്കാതെ ഇരിക്കുക.

 11. നേരിട്ട് പോയി , പരസ്യ യോഗങ്ങൾ നടത്തി ,  വീടുകൾ കയറി , ലഖുലേഖകൾ കൊടുത്തേ സുവിശേഷം അറിയിക്കൂ എന്നുള്ള നിർബന്ധ ബുദ്ധി വിടുക ,  അതിനുള്ള സ്വാതന്ത്ര്യം ഇല്ലാതെ ആകുമ്പോൾ മറ്റു പ്രായോഗിക മാർഗ്ഗങ്ങൾ തേടുക

 12. നിങ്ങൾ നടത്തുന്ന സുവിശേഷ പ്രവർത്തനങ്ങൾ , സ്നാനങ്ങൾ തുടങ്ങിയ പരസ്യപ്പെടുത്തി മറ്റു മതക്കാരെ പ്രകോപിപ്പിക്കാതെ ഇരിക്കുക. ഇത്ര വർഷങ്ങൾ കൊണ്ട് ഇന്ത്യയെ ക്രിസ്തീയ രാജ്യമാക്കും എന്ന രീതിയിൽ ഉള്ള  മണ്ടൻ പ്രസ്താവനകൾ പരസ്യമായി പറയാതെ ഇരിക്കാനുള്ള പരിജ്ഞാനം കാണിക്കുക.

 13. യഥാർത്ഥമായി  സുവിശേഷം പ്രസംഗിക്കുന്നതിലൂടെ  നിങ്ങൾക്ക് ഉപദ്രവം ഉണ്ടായാൽ കർത്താവ് തന്നെ കല്പിച്ചതു പോലെ ആ പട്ടണമോ ,  സംസ്ഥാനമോ  വിട്ടു അടുത്ത സ്ഥലത്തേക്കു  പോകുക. അവിടെ തന്നെ നിന്ന് സുവിശേഷം അറിയിച്ചു  ഉപദ്രവം ചോദിച്ചു  വാങ്ങാതെ ഇരിക്കുക. പാമ്പിനെപ്പോലെ ബുദ്ധി ഉള്ളവർ ആകുക. (മത്താ. 10 :16, 23)

 14. സത്യ സുവിശേഷം ദൈവവചന പ്രകാരം പ്രസംഗിക്കുന്നതിനാൽ പീഡിപ്പിക്കപ്പെടുകയാണ് എങ്കിൽ  രാഷ്ട്രീയ കക്ഷികളുടെയോ, പൊതു സമൂഹത്തിന്റെ പിന്തുണ തേടുകയോ,  ശബ്ദായമാനമായ രീതിയിൽ പ്രധിഷേധിക്കുകയോ, രാഷ്ട്രീയ പാർട്ടികളെ പോലെ ധർണ്ണയും, ശക്തി പ്രകടനങ്ങളും നടത്തുകയോ ചെയ്യാതെ ആദിമ സഭയുടെ മാതൃകയായ പ്രാർഥനയിൽ പോരാടുക . ആവശ്യമെങ്കിൽ രാജ്യത്തെ നിയമ സഹായം ഉപയോഗിക്കുക.  (പ്രവൃത്തികൾ 4:23-31,  25 9-12)

 15. ഏറ്റവും പ്രധാനമായി ; ദൈവസഭകളെ നയിക്കുന്നവർ പീഡനം എന്നത് ദൈവസഭക്കു എല്ലാ കാലവും ഉള്ളതാണ് എന്നും,  ഇനി ഒരിക്കൽ ദൈവസഭ മഹാപീഡനത്തിൽ കൂടി കടക്കേണ്ടത് ആണ് എന്നും ഉള്ള ദൈവീക സത്യം വിശ്വാസികളെ പഠിപ്പിക്കുക. അവരെ അതിനായി ഒരുക്കുക ഉറപ്പിക്കുക. സുഖലോലുപതയുടെ സുവിശേഷവും ,  പീഡനത്തിന് മുൻപ് കർത്താവ് രഹസ്യമായി വന്നു സഭയെ കൊണ്ട് പോകും എന്നുള്ള തെറ്റായ 'സുവിശേഷവും ' ഒഴിവാക്കുക . ( പ്രവൃത്തികൾ 14:22, യോഹ. 16:33)

 മുകളിൽ എഴുതിയതു ഒന്നും പീഡനത്തിൽ നിന്നും രക്ഷപെടാനുള്ള വഴികൾ അല്ല , പകരം നിങ്ങൾ പീഡിപ്പിക്കപ്പെടുന്നു എങ്കിൽ കർത്താവിനെ നിമിത്തവും , സത്യ സുവിശേഷം നിമിത്തവും മാത്രമാണ്   എന്ന് ഉറപ്പു വരുത്താൻ ആണ് . 

 1 പത്രൊ. 4 :15-17 നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നവനായിട്ടുമല്ല;16, ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹക്കേണ്ടി വന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത്. 17, ന്യായവിധി ആദ്യമായി ദൈവഗൃഹമായ അവന്‍റെ ജനത്തിൽ ആരംഭിപ്പാൻ സമയമായല്ലോ.

 മത്തായി 10:16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.

 വെളി. 7 :13 അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു?“ എന്നു ചോദിച്ചു. “യജമാനനേ അങ്ങേയ്ക്ക് അറിയാമല്ലോ“ എന്നു ഞാൻ പറഞ്ഞതിന്

അവൻ എന്നോട് പറഞ്ഞത്: “ഇവർ മഹാകഷ്ടത്തിൽ നിന്ന് വന്നവർ; അവർ കുഞ്ഞാടിൻ്റെ രക്തത്തിൽ അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു

കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

ജിനു നൈനാൻ