പുസ്തകച്ചുരുളുകളിലെ നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഇഷ്ടം

വായനഭാഗം: എബ്രായര്‍ 10:7
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു,പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു” എന്നു അവന്‍ പറയുന്നു.
യേശുക്രിസ്തു എന്തിനാണ് ഭൂമിയില്‍ വന്നത് എന്ന ചോദ്യത്തിനു നാം പൊതുവേ പറയുന്ന മറുപടി, പാപപരിഹാരാര്‍ത്ഥം മരിക്കുവാന്‍ എന്നായിരിക്കും, അത് ശരിയുമാണ്, എന്നാല്‍ യേശുക്രിസ്തു ഈ ഭൂമിയില്‍ വരുന്നതിന്‍റെ വളരെ മുന്‍പ് തന്നെ തന്നെ സ്വന്ത വാക്കുകളില്‍ താന്‍ വരാന്‍ പോകുന്നതിന്‍റെ ഉദ്ദേശം പറയുന്നു.
അത് ഇങ്ങനെയാണ്.
പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു, ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു.
ഇവിടെ പ്രധാനമായും നാം മനസ്സിലാക്കേണ്ടത്. രണ്ടു കാര്യങ്ങളാണ്.
ഒന്നാമത് പിതാവായ ദൈവത്തിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുവാന്‍ ആണ് കര്‍ത്താവ് ഈ ഭൂമിയില്‍ വന്നത്.
രണ്ടാമത് ആ ഇഷ്ടം തിരുവെഴുത്തുകള്‍ ആയ പുസ്തകച്ചുരുളുകളില്‍ എഴുതിയിരുന്നു.
ഈ ഭൂമിയില്‍ വന്നതിനു ശേഷവും കര്‍ത്താവ് സ്വന്ത വാക്കുകളില്‍ താന്‍ എന്തിനാണ് ഭൂമിയിലേക്ക് വന്നത് എന്ന് ആവര്‍ത്തിക്കുന്നു.
ഞാന്‍ എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നിരിക്കുന്നതു.(യോഹന്നാന്‍ 6:38)
ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ തന്‍റെ ജീവിത ലക്‌ഷ്യം എന്താണ് എന്ന് കര്‍ത്താവ് വളരെ വ്യക്തമായി പറയുന്നു.
യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്തു അവന്‍റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്‍റെ ആഹാരം.(യോഹന്നാന്‍ 4:34)
തന്‍റെ ജീവിതത്തിന്‍റെ ഒടുവില്‍ താന്‍ ജീവിതത്തില്‍ നിവര്‍ത്തിച്ച കാര്യത്തെപ്പറ്റി ഇങ്ങനെ പറയുന്നു.
ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.(യോഹന്നാന്‍ 17:4)
കര്‍ത്താവിന്‍റെ ഈ വാക്കുകളില്‍ നിന്നും കാര്യങ്ങള്‍ വളരെ വ്യക്തമാണ്, യേശുവിനെ ഈ ഭൂമിയിലേക്ക് പിതാവായ ദൈവം തന്‍റെ ഇഷ്ടം നിവര്‍ത്തിക്കാന്‍ അയച്ചതാണ്, യേശുക്രിസ്തുവിനെകുരിച്ചുള്ള പിതാവിന്‍റെ ആ ഇഷ്ടം പുസ്തകച്ചുരുളില്‍ വ്യക്തമായി എഴുതിയിരുന്നു. യേശുക്രിസ്തു ഈ ഭൂമിയില്‍ വന്നതിന്‍റെയും ജീവിച്ചതിന്‍റെയും ഏക ലക്‌ഷ്യം തന്നെ അയച്ച പിതാവിന്‍റെ ഇഷ്ടം നിവൃത്തിക്കുക എന്നുള്ളത് ആയിരുന്നു.
അതിനാല്‍ തന്നെ തന്‍റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും സര്‍വ്വശക്തനായ പിതാവായ ദൈവം നിയന്ത്രിച്ചിരുന്നു.യേശുക്രിസ്തു എവിടെ ജനിക്കേണം എന്നും, എവിടെ ജീവിക്കേണം എന്നും എവിടെ, എപ്പോള്‍ മരിക്കേണം എന്നും തിരുവെഴുത്തില്‍ പിതാവായ ദൈവം മുന്നമേ എഴുതിയിരുന്നു.അതിനാല്‍ യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഓരോ സാഹചര്യങ്ങളിലും നടന്നത് തന്നെക്കുറിച്ചുള്ള പിതാവിന്‍റെ ഇഷ്ടമായ പുസ്തകച്ചുരുളിലെ തിരുവേഴുതിന്‍റെ നിവര്‍ത്തി ആയിരുന്നു.ചില ഉദാഹരണങ്ങള്‍.
എന്നു കര്‍ത്താവു പ്രവാചകന്‍മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.(മത്തായി 1:23)
അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു.(മത്തായി 2:23)
അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.(ലൂക്കോസ് 4:21)
ഒടുവില്‍ യേശുക്രിസ്തു മരിക്കുമ്പോള്‍ അതും തിരുവേഴുത്തിന്‍റെ വ്യക്തമായ നിവര്‍ത്തിപ്പും പിതാവായ ദൈവത്തിന്‍റെ ഇഷ്ടത്തിന്‍റെ പൂര്‍ത്തീകരണവും ആയിരുന്നു.
അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.(യോഹന്നാന്‍ 19:28)
കര്‍ത്താവിന്‍റെ അവസാനത്തെ പ്രസ്താവന പോലും പിതാവിന്‍റെ ഇഷ്ടത്തിന്‍റെനയും തിരുവേഴുതുകളുടെയും നിവര്‍ത്തീകരണം ആയിരുന്നു.അതിനു ശേഷം ആണ് കര്‍ത്താവ് “നിവൃത്തിയായി” എന്ന് പറയുന്നത്.
യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.(യോഹന്നാന്‍ 19:30)
യേശുക്രിസ്തുവിന്‍റെ മരണ ശേഷം നടന്ന സംഭവങ്ങളും തിരുവെഴുത്തിന്‍റെ നിവര്‍ത്തിയായിരുന്നു എന്ന് വചനം പറയുന്നു.
“അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.(യോഹന്നാന്‍ 19:36)
കര്‍ത്താവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശേഷം തന്നെകുറിച്ചുള്ള എല്ലാ തിരുവെഴുത്തുകളും നിവര്‍ത്തിച്ചതിനെ കര്‍ത്താവ് തന്നെ പറയുന്നു.
പിന്നെ അവന്‍ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.(ലൂകോസ് 24:44)
നാം ഇതില്‍ നിന്നും മനസ്സിലാക്കുന്നത് എന്താണ്, യേശുക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ ലക്‌ഷ്യം പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നത് ആയതിനാല്‍, തന്‍റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും, പിതാവായ ദൈവം നിയന്ത്രിക്കുകയും, വെറും 33 വയസ്സിനുള്ളില്‍ ദൈവം തന്നെ ഈ ഭൂമിയിലേക്ക് അയച്ചതിന്‍റെ ഉദ്ദേശവും, തന്നെക്കുറിച്ചുള്ള എല്ലാ തിരുവെഴുത്തുകളും നിവര്‍ത്തിക്കപ്പെട്ടു.
എന്നാല്‍ ഈ കാര്യം നമുക്ക് എങ്ങനെയാണ് പ്രസക്തം ആകുന്നതു? നാം മനസ്സിലാക്കുന്ന വളരെ അത്ഭുതകരമായ ഒരു സത്യം,നാം വീണ്ടും ജനിച്ച ദൈവമക്കള്‍ ആണെങ്കില്‍, പിതാവായ ദൈവം യേശുക്രിസ്തുവിനെ ഭൂമിയില്‍ അയച്ചതു പോലെ തന്നെയാണ് ക്രിസ്തു നമ്മെയും ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.കര്‍ത്താവ് പറയുന്ന വാക്കുകള്‍ കാണൂ.
നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.(യോഹന്നാന്‍ 17:18)
നമുക്ക് ഇത് അത്ഭുതകരമായി തോന്നാം എന്നാല്‍ യേശുക്രിസ്തു ആവര്‍ത്തിച്ച് അതെ കാര്യം പറയുന്നു.
യേശു പിന്നെയും അവരോടു: നിങ്ങള്‍ക്കു സമാധാനം, പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു (യോഹന്നാന്‍ 20:21)
മാത്രമല്ല,തന്‍റെ പുത്രനായ യേശുക്രിസ്തുവിനെപ്പറ്റി പിതാവായ ദൈവത്തിനു ഒരു പദ്ധതി ഉണ്ടായിരുന്നത് പോലെ തന്നെ, ദൈവമക്കളായ നമ്മെക്കുറിച്ചും പിതാവായ ദൈവത്തിനു ഒരു വ്യക്തമായ പദ്ധതി ഉണ്ട് .അതും ദൈവം മുന്നമേ എഴുതിയിരിക്കുന്നു.
നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍പ് കൂട്ടി ഒരുക്കിയ സല്‍പ്രവര്‍ത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവര്‍ ആണ്.(എഫെസ്യര്‍ 2:9)
നാം എവിടെ ജനിക്കേണം എന്നും, എവിടെ ജീവിക്കേണം എന്നും, എവിടെ എപ്പോള്‍ മരിക്കേണം എന്നും, നമ്മെക്കുറിച്ചുള്ള ദൈവേഷ്ടം എന്താണ് എന്നും പിതാവായ ദൈവം മുന്നമേ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ നാം യേശുക്രിസ്തുവിനെപ്പോലെ പിതാവായ ദൈവത്തിന്‍റെ ലക്‌ഷ്യം നിറവേറ്റുക എന്നാ ഒരേ ഒരു ലക്ഷ്യത്തോടെ ജീവിക്കുന്നവര്‍ ആണ് എങ്കില്‍, നമ്മുടെയും ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും സര്‍വ്വശക്തനായ പിതാവായ ദൈവം നിയന്ത്രിക്കും.യേശുക്രിസ്തുവിനെപോലെ, നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശവും സകലവും നിവൃത്തിയായി എന്ന് നമുക്കും ജീവിതാന്ത്യത്തില്‍ പറയാന്‍ കഴിയും.
എന്നാല്‍ നാം ഈ ഭൂമിയില്‍ നമ്മുടെ സ്വന്ത ഇഷ്ടത്തിന് ജീവിക്കുന്നവര്‍ ആണ് എങ്കില്‍, നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതി നഷ്ടപ്പെടുതിയവര്‍ ആയി ഈ ഭൂമിയില്‍ നിന്നും നാം യാത്രയാകും.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, ഒരിക്കല്‍ നിങ്ങള്‍ ഈ ലോകം വിട്ടു ദൈവസന്നിധിയില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ദൈവം നിങ്ങളെക്കുറിച്ച് ഈ ഭൂമിയില്‍ വച്ച് ഉദ്ദേശിച്ചിരുന്ന തന്‍റെ ഇഷ്ടം നമുക്ക് കാണിച്ചു തരും.നാം ഈ ഭൂമിയില്‍ നമ്മുടെ ജഡമോഹങ്ങളില്‍, ധനമോഹങ്ങളില്‍, നടന്നു നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതി നഷ്ടപ്പെടുതിയവര്‍ ആണ് എങ്കില്‍, നാം ഈ ലോകത്തില്‍ മറ്റു എന്ത് കാര്യങ്ങള്‍ സാധിച്ചാലും നാം അവിടെ നിത്യമായി ലജ്ജിക്കേണ്ടിവരും.
.
എന്നാല്‍ യേശുക്രിസ്തുവിനെപ്പോലെ നാം ഇന്ന് . ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍, ഞാന്‍ വരുന്നു, അത് മാത്രമാണ് എന്‍റെ ജീവിതലക്ഷ്യം എന്ന് നിങ്ങള്‍ പറയുന്നു എങ്കില്‍,നിങ്ങള്‍ക്കും യേശുക്രിസ്തുവിനെപ്പോലെ "ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു" എന്നും, നമ്മുടെ ഈ ലോകജീവിതത്തിന്‍റെ അവസാനത്തില്‍ “നിവര്‍ത്തിയായി” എന്നും പറയാന്‍ സാധിക്കും.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.
ബ്രദർ ജിനു നൈനാൻ