ചോദ്യങ്ങൾ ഉത്തരങ്ങൾ
ജിനു നൈനാൻ
1. യേശു താന്‍ ദൈവമാണെന്ന് ബൈബിളില്‍ പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ക്രിസ്ത്യാനികള്‍ക്ക് യേശു ദൈവമാണെന്ന് പറയാന്‍ കഴിയും?
Answer: ആദ്യമായി നാം മനസ്സിലാക്കേണ്ടത്, ഒരാള്‍ ദൈവം ആണ് എന്ന് സ്വയം അവകാശപ്പെട്ടാല്‍ അയാള്‍ ദൈവം ആകില്ല, ആകുമായിരുന്നു എങ്കില്‍ ഇന്നുള്ള ദൈവം എന്ന് സ്വയം അവകാശപ്പെടുന്ന എല്ലാവരെയും ദൈവം എന്ന് അന്ഗീകരിക്കേണ്ടി വന്നെന്നെ.
എന്നാല്‍ ഒരാള്‍ ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം ചെയ്യുകയാണ് എങ്കില്‍, അല്ലെങ്കില്‍ ദൈവത്തിനു മാത്രം ഉള്ള കഴിവ്,ഗുണങ്ങള്‍ എന്നിവ ഉള്ളയാള്‍ ആണ് എങ്കില്‍ ആ ആള്‍ തീര്‍ച്ചയായും ദൈവം ആയിരിക്കും.
അതിനാല്‍ നമുക്ക് ആദ്യമായി, യേശുക്രിസ്തു ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന , ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കഴിവുകള്‍ ഉള്ളവന്‍ ആയിരുന്നുവോ എന്ന് നോക്കാം,
ദൈവത്തിനു ഉണ്ടാകേണം എന്ന് പോതുലോകവും, എല്ലാ മതങ്ങളും അങ്ങീകരിക്കുന്ന ചില കാര്യങ്ങള്‍ ആണ്, നിത്യത, സര്‍വ്വശക്തി , സര്‍വ്വവ്യപിത്വം ,സര്വ്വജ്ഞാനം,ആരാധനയ്ക്ക് യോഗ്യന്‍ എന്നിവ. ഈ ഗുണങ്ങള്‍ ഉള്ള വ്യക്തി അയാള്‍ അവകാശപ്പെട്ടാലും ഇല്ലെങ്കിലും ദൈവം തന്നെയാണ്.
നിത്യത: യേശുക്രിസ്തുവിനെപ്പറ്റി അവന്‍ നിത്യന്‍ ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
ഹെബ്രയര്‍ 13:8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
ഹെബ്രയര്‍ 1:8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു;
സര്‍വ്വശക്തി: യേശുക്രിസ്തു സര്‍വ്വശക്തന്‍ ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
വെളിപാട് 1:8: ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.
സര്‍വ്വവ്യപിത്വം: യേശുക്രിസ്തു സര്‍വ്വവ്യപി ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
മത്തായി: 28:19 ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
സര്വ്വജ്ഞാനം: യേശുക്രിസ്തു സര്‍വ്വജ്ഞാനി ആണ് എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു.
വെളിപാട് 2:23 ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും;
വെളിപാട് 5:6 കുഞ്ഞാടിന് ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു
ആരാധക്ക് യോഗ്യന്‍: യേശുക്രിസ്തു ആരാധനക്ക് യോഗ്യന്‍ എന്ന് ദൈവവചനം പറയുന്നു.
വെളിപാട് 5:12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. മൂപ്പന്മാർ വീണു നമസ്കരിച്ചു.
എന്നാല്‍ എന്തുകൊണ്ടാണ് ക്രിസ്തു ദൈവമാണ് എന്ന് ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവകാശപ്പെടാതെയിരുന്നത്?
അതിനു കാരണം ദൈവവചനം പറയുന്നു, “അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണമെന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദ്രശ്യത്തിലായി തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണ മുള്ളവനായി തീര്‍ന്നു (ഫിലിപ്പിയര്‍ 2:6-8). അവന്‍ ദൈവം ആയിരുന്നപ്പോള്‍ തന്നെ ദൈവം നിലയില്‍ ഉള്ള തന്‍റെ കഴിവുകള്‍ ഒഴിച്ച് വച്ച്, തന്നെത്താന്‍ ശൂന്യന്‍ ആക്കി, മനുഷ്യന്‍ എന്ന പരിധിയില്‍ ആണ് ഈ ഭൂമിയില്‍ ജീവിച്ചത്, അതിനു കാരണം മനുഷ്യന്‍റെ പാപത്തിനു പരിഹാരമായി മരിക്കുവാനും, അവനു മാതൃകയായി തന്നെത്താന്‍ കാണിക്കുവാനും ആയിരുന്നു.
അതിനാല്‍ താന്‍ ദൈവമാണെന്ന് യേശു പരസ്യമായി ജനങ്ങളോട് ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവകാശപ്പെട്ടില്ല,എന്നാല്‍ ഞാനും പിതാവും ഒന്നാണെന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 10:30).നിരവധി തവണ താന്‍ ദൈവമാണെന്ന് യേശു വെളിപ്പെടുത്തി. (യോഹന്നാന്‍ 8:58, യോഹന്നാന്‍ 1:1-14, യോഹന്നാന്‍ 20:28 etc..).
മാത്രമല്ല തന്‍റെ ഉയിര്‍പ്പിന് ശേഷവും താന്‍ ദൈവമാണെന്ന് പരസ്യമായി വ്യക്തമാക്കി. വെളിപ്പാട് 21:7ല്‍ “ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും; ഞാന്‍ അവനു ദൈവവും, അവന്‍ എനിക്ക് മകനുമായിരിക്കും” എന്ന് എഴുതിയിരിക്കുന്നു. ആയതിനാല്‍ താന്‍ ദൈവമാണെന്ന് യേശു പറഞ്ഞതായി ബൈബിളില്‍ കാണുന്നില്ല എന്നത് തെറ്റായ പ്രസ്താവനയാണ്.എന്നാല്‍ ഭൂമിയില്‍ മനുഷ്യന്‍ ആയി വന്നപ്പോള്‍ താന്‍ സ്വയം ദൈവം ആണ് എന്ന് അവകാശപ്പെട്ടില്ല.അതിനു കാരണം മുകളില്‍ പറഞ്ഞത് ആണ്.
2. യേശുവിനു പൂര്‍ണമായും മനുഷ്യനും, പൂര്‍ണമായും ദൈവവും ആയിരിക്കുക സാധ്യമാണോ?
Answer:ദൈവം എന്ന് പറഞ്ഞാല്‍ തന്നെ പൂര്‍ണ്ണന്‍ ആണ്, അതിനാല്‍ പൂര്‍ണ്ണ ദൈവം എന്ന് പ്രത്യേകം പറയേണ്ടതില്ല.എന്നാല്‍ മനുഷ്യന്‍ പൂര്‍ണ്ണന്‍ അല്ല, എല്ലാ മനുഷ്യരും പാപം ചെയ്തു അപൂര്‍ണരാണ്. യേശു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ പൂര്‍ണ മനുഷ്യനും, പൂര്‍ണ ദൈവവും ആയിരുന്നു.യേശു ഇന്നലെയും, ഇന്നും, എന്നെന്നേക്കും മാറ്റമില്ലത്തവന്‍ എന്ന് ബൈബിളില്‍ പറയുന്നു. യേശു ഇന്നലെകളില്‍ ദൈവമായിരുന്നെങ്കില്‍ ഇന്നും ദൈവമാണ്, എന്നും ദൈവമായിരിക്കും.ദൈവത്തിനു ദൈവം അല്ലാതെയാകുവാന്‍ കഴിയില്ല.എന്നാല്‍ ദൈവത്തിനു മനുഷ്യന്‍ ആവുക എന്നത് അസാധ്യം അല്ല.എന്നാല്‍ ദൈവം ആയിരിക്കുമ്പോള്‍ തന്നെ ദൈവം എന്ന നിലയില്‍ ഉള്ള എല്ലാ അധികാരങ്ങളെയും, ശക്തിയേയും, കഴിവുകളും ഒഴിച്ച് വച്ച്, ഉപയോഗിക്കാതെ പൂര്‍ണ്ണ മനുഷ്യന്‍ എന്ന പരിധിക്കുള്ളില്‍,പരിമിതിക്കുള്ളില്‍ ആണ് യേശുക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചത്. അതിനു കാരണം യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത് മനുഷ്യന് മാതൃകയായി ഈ ഭൂമിയില്‍ ജീവിക്കുവാനും, മനുഷ്യന്‍റെ പാപത്തിനു പരിഹാരമായി മരിക്കുവാനും ആയിരുന്നു. അതേസമയം യേശു സര്‍വശക്തനായ ദൈവമാണ്.ദൈവത്തിനു മാത്രം ഉള്ള ഗുണങ്ങള്‍ (സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, സര്‍വ്വവ്യപിത്വം) യേശുവിനു ഉണ്ട് എന്നും ദൈവവചനം പറയുന്നു. മാത്രമല്ല തന്‍റെ ഉയിര്‍പ്പിന് ശേഷവും താന്‍ ദൈവമാണെന്ന് പരസ്യമായി വ്യക്തമാക്കി ഈപ്പറഞ്ഞ തെളിവുകള്‍ യേശു ദൈവമാണെന്ന് തെളിയിക്കുന്നു.
യേശുവിനു എങ്ങനെ ഒരേ സമയം ദൈവവും, മനുഷ്യനുമാകാന്‍ സാധിക്കും എന്ന ചോദ്യതിനുത്തരം; ദൈവത്തിനു അസാധ്യമായ കാര്യമല്ല ദൈവമായിരിക്കുംമ്പോള്‍ തന്നെ മനുഷ്യന്‍ ആകുന്നതു,അതു അസാധ്യംഎന്ന് ദൈവവചനം പറയുന്നുമില്ല.
3. യേശു മറ്റു പ്രവാചകന്മാരെ പോലെ ഒരു പ്രവാചകന്‍ മാത്രമാണ്. എങ്ങനെ ദൈവത്തിനൊരു മകന്‍ ഉണ്ടാവും?
Answer: യേശു പ്രവാചകന്‍ ആണ്, എന്നാല്‍ മറ്റുളവരെ പോലെ വെറും പ്രവാചകന്‍ മാത്രമല്ല,യേശു രാജാവും, പുരോഹിതനും കൂടി ആണ്, മാത്രമല്ല യേശു ദൈവപുത്രന്‍ ആണ്, യേശുവിന്‍റെ ദൈവപുത്ര സ്ഥാനം നിത്യമായുള്ളതാണ്.പിതാവ് എന്ന പദവി പോലെ തന്നെ നിത്യമായ പദവി ആണ് പുത്രന്‍ എന്നതും.അല്ലാതെ ഭൂമിയില്‍ ജനിച്ചപ്പോള്‍ അല്ല യേശു പുത്രന്‍ ആയതു.പുത്രനായ ദൈവം, ഭൂമിയിലേക്ക് മനുഷ്യനായി വരിക ആണ് ചെയ്തത്.
“ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപെടുവനത്രേ” (യോഹന്നാന്‍ 3:17-18). യേശു സ്നാനപ്പെട്ടപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു സ്വരം ഉണ്ടായി “ഇത് എന്‍റെ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു”. അനേക ഇടങ്ങളില്‍ യേശു ദൈവപുത്രന്‍ എന്ന് വെളിപ്പെടുത്തുന്നു, യേശു ഒരു പ്രവാചകന്‍ മാത്രമല്ല ദൈവ പുത്രനുമാണെന്ന് ഇതെല്ലാം തെളിയിക്കുന്നു.
ദൈവത്തിനു എങ്ങനെ പുത്രന്‍ ഉണ്ടാകും എന്ന്ചോദ്യത്തിനുള്ള മറുപടി:, ദൈവപുത്രന്‍ എന്നത്, മനുഷ്യന്‍റെ ചിന്തയില്‍ ഉള്ളത് പോലെ, ഉണ്ടായി വന്ന പുത്രന്‍ എന്ന നിലയില്‍ അല്ല.ദൈവപുത്രന്‍ എന്നതു പദവിയാണ്, ബന്ധം ആണ്,നിത്യമായി ദൈവത്തോട് കൂടെയുണ്ടായിരുന്ന ഏക ദൈവത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രന്‍ എന്ന നിലയില്‍ ആണ് യേശുവിനെ പുത്രന്‍ എന്ന് പറയുന്നത്.ആ പുത്രന്‍ ആണ്,വചനം ആണ് ജഡമായി, മനുഷ്യനായി ഭൂമിയിലേക്ക് വന്നത്.
4. ക്രിസ്ത്യാനികള്‍ മൂന്നു ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ? പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ഇവര്‍ ആരാണ്?
Answer: ക്രിസ്ത്യാനികള്‍ മൂന്ന് ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ദൈവം ഏകനാണ് എന്ന് ബൈബിള്‍പറയുന്നു.എന്നാല്‍ ദൈവം ആത്മാവാകുന്നു.പിതാവ് ആത്മാവ് ആകുന്നു എന്നും, പുത്രന്‍ ആത്മാവ് ആകുന്നു എന്നും,പരിശുധത്മാവ് ആത്മാവ് ആകുന്നു എന്നും ദൈവവചനം പഠിപ്പിക്കുന്നു. അത് പോലെ തന്നെ പിതാവ് ദൈവം ആണ് എന്നും, പുത്രന്‍ ദൈവം ആണ് എന്നും , പരിശുധാത്മാവ് ദൈവം ആണ് എന്നും ദൈവവചനം പഠിപ്പിക്കുന്നു. ദൈവത്തിനു മനുഷ്യരെ പോലെ രൂപം ഇല്ല.അതിനാല്‍ മനുഷ്യബുദ്ധിയില്‍ സംഖ്യാ ക്രമത്തില്‍ ആത്മാവായ ദൈവത്തെ മനസ്സിലാക്കാന്‍ കഴിയില്ല. ദൈവം മനുഷ്യനെ തന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചതിനാല്‍ ദൈവത്തിനും മനുഷ്യനും പൊതുവായ ചില സവിശേഷതകള്‍ ഉണ്ട്. മനുഷ്യനില്‍ ദേഹം, ദേഹി, ആത്മാവ് എന്ന് മൂന്നു ഖടകങ്ങള്‍ ഉണ്ട്.
ബൈബിളിലെ ആദ്യവചനം ഉല്‍പ്പത്തി 1:1ല്‍ ദൈവത്തെ ബഹു വചനത്തില്‍ എലോഹിം (ദൈവം എന്നര്‍ത്ഥമുള്ള എബ്രായ വാക്ക്) എന്ന് എഴുതിയിരിക്കുന്നു. ഇത് ഒന്നിലധികം വ്യക്തികളെ കാണിക്കുന്നു. ഉല്‍പ്പത്തി 3:22, 11:7, യെശയ്യാവ് 6:8, എന്നിവ മറ്റുദാഹരണങ്ങള്‍ ആണ് പുതിയ നിയമത്തില്‍ മത്തായി 3:16-17, 2 കോരി. 13:14 എന്നീ വാക്യങ്ങള്‍ സമത്വം ഉള്ള മൂന്ന് വ്യക്തികളെ സൂചിപ്പിക്കുന്നു. സാങ്കേതികമായി പറഞ്ഞാൽ മനുഷ്യരെ പോലെ വേറിട്ട് നില്‍ക്കുന്ന ആളുകള്‍ എന്ന നിലയിലല്ല ഒരേ ദൈവിക സത്തയിലെ മൂന്ന് വ്യക്തികള്‍ എന്ന നിലയില്‍ ആണ് വചനം വിവരിക്കുന്നത്.
പിതാവായ ദൈവം (യോഹന്നാന്‍ 6:7, റോമര്‍ 1:7) പുത്രനായ ദൈവം (1 യോഹന്നാന്‍ 5:20, റോമര്‍ 9:5) പരിശുദ്ധാത്മാവായ ദൈവം (1 കോരി 3:16, അപ്പൊ.പ്രവ. 5:3-4) എന്നീ മുന്ന്‍ വ്യക്തികള്‍ ഉണ്ട് എങ്കിലും ഏക ദൈവമേയുള്ളൂ എന്ന് ദൈവവചനം പഠിപ്പിക്കുന്നു.പിതാവായ ദൈവം സൃഷ്ടാവും, നിയന്ത്രിതാവുമാണ്, യേശു ക്രിസ്തു കര്‍ത്താവും, മനുഷ്യ വംശത്തിന്‍റെ രക്ഷിതാവുമാണ്. പരിശുദ്ധാത്മാവ് വഴികാട്ടിയും, ആശ്വാസാദായകനും ആകുന്നു. ഏക ദൈവത്തിലെ മൂന്നു വ്യത്യസ്ത വ്യക്തികളെ പറ്റി ദൈവവചനം വ്യക്തമാക്കുകയും ദൈവം ഏകന്‍ ആണ് എന്ന് ദൈവവചനം വ്യക്തമാക്കുകയും ചെയ്യുന്നു.അതിനപ്പുറം മൂന്ന് വ്യക്തികള്‍ എങ്ങനെയാണ് ഒന്നായിരിക്കുന്നത് എന്ന് ദൈവവചനം പറയുന്നില്ല. പറഞ്ഞാലും അത് മനുഷ്യന്റെ ബുദ്ധിയില്‍ ഒതുങ്ങുന്നത് അല്ല.ദൈവത്തെക്കുറിച്ചു എല്ലാം മനുഷ്യന് മനസ്സിലക്കാന്‍ കഴിയുന്നതല്ല. ദൈവത്തെക്കുറിച്ചു മനുഷ്യന്‍ അറിയേണ്ടത് എല്ലാം, ദൈവം വെളിപ്പെടുത്തിയിരിക്കുന്നു.ദൈവം വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു കാര്യം നാം അറിയാനോ, വിശദീകരിക്കാനോ ശ്രമിക്കേണ്ടതില്ല.
5. യേശു തന്നെ ആരാധിക്കണം എന്ന് പറഞ്ഞതായി ബൈബിളില്‍ കാണുന്നില്ല. പിന്നെ ക്രിസ്ത്യാനികള്‍ എന്തിനാണ് ക്രിസ്തുവിനെ ആരാധിക്കുന്നത്?
Answer. യേശു ഇങ്ങനെ പറഞ്ഞു “മനുഷ്യ പുത്രന്‍ ശുശ്രൂഷചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്ക് വേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നത് പോലെ തന്നെ” (മത്തായി 20:18).യേശു ഈ ഭൂമിയില്‍ വന്നതിന്‍റെ ഉദേശം തന്നെ , ആരാധന സ്വീകരിപ്പാന്‍ അല്ലാത്തതിനാലും, ശുശ്രൂഷിപ്പാനും അനേകര്‍ക്ക് വേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും ആയതിനാലും യേശു തന്നെ ആരാധിക്കണം എന്ന് ഭൂമിയില്‍ ആയിരുന്നപ്പോള്‍ ആരോടും പറഞ്ഞില്ല. യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ദൈവത്താല്‍ അയക്കപെട്ട മനുഷ്യന്‍ എന്ന നിലയില്‍ ആണ് ജീവിച്ചത് .
പക്ഷെ ബൈബിളില്‍ യേശു ആരാധന സ്വീകരിച്ച അനേക സന്ദര്‍ഭങ്ങള്‍ ഉണ്ട്. വഞ്ചിയിലിരുന്നവര്‍ നീ ദൈവ പുത്രന്‍ തന്നെ എന്ന് പറഞ്ഞു അവനെ നമസ്കരിച്ചു (മത്തായി 14:33). മത്തായി 28:9, ലുക്കോസ് 24:52, യോഹന്നാന്‍ 9:38 ) എന്നിവ മറ്റുദാഹരണങ്ങള്‍ ആണ്. മേല്‍പറഞ്ഞ വാക്യങ്ങളില്‍ യേശു തന്നെ ആരാധിക്കുന്നതിനെ വിലക്കിയതായി കാണുന്നില്ല.കാരണം യേശു എല്ലാ ആരാധനക്കും, സ്തുതിക്കും യോഗ്യന്‍ ആണ് (വെളിപ്പാട് 5:12).
മാത്രമല്ല, പിതാവായ ദൈവം ദൈവപുത്രനായ ക്രിസ്തുവിനെ ആരാധിക്കാന്‍ കല്‍പിച്ചിരിക്കുന്നു. “ആദ്യ ജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍ ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്കരിക്കണം എന്ന് ഞാന്‍ അരുളി ചെയ്യുന്നു” (എബ്രായര്‍ 1:6). ചുരുക്കത്തില്‍ യേശു ഭൂമിയില്‍ അവതരിച്ചതിന്‍റെ ഉദ്ദേശം ആരാധന സ്വീകരിക്കുക എന്നതായിരുന്നില്ല അതിനാല്‍ ആരാധന ആവശ്യപ്പെട്ടും ഇല്ല.എന്നാല്‍ പല സന്ദര്‍ഭങ്ങളിലും യേശു ആരാധന സ്വീകരിച്ചതായും പിതാവായ ദൈവം പുത്രനെ ആരാധിക്കാനായി കല്പിക്കുന്നതായും കാണാം.അതിനാല്‍ യേശുവിനെ ആരാധിക്കുന്നത്,യേശു തന്നെ ആരാധിക്കാന്‍ ആവശ്യപ്പെടുന്നത് കൊണ്ടല്ല, അവന്‍ ആരാധന സ്വീകരിപ്പാന്‍ യോഗ്യന്‍ ആയതിനാലും , അത് പിതാവിന്റെ കല്‍പ്പന ആയതിനാലും ആണ്.
6. യേശു ക്രൂശില്‍ മരിച്ചിട്ടില്ല, ദൈവത്തിനു അത് എങ്ങിനെ അനുവദിക്കാന്‍ സാധിക്കും?
Answer: യേശുവിന്‍റെ ക്രൂശിലെ മരണം, മരണശേഷം പിന്നീടു മനുഷ്യന്‍ ഉണ്ടാകിയെടുത്ത ഒരു കഥയല്ല, അത് യേശു ജനിക്കുന്നതിനും 1000 വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്രവാചകന്മാര്‍ യേശുവിന്‍റെ ജനനം, ജനന സ്ഥലം, മരണം മരണ വിധം എന്നിവ പ്രവചിച്ചിരുന്നു.ക്രൂശു മരണം ലോകത്തില്‍ സ്ഥാപിക്കപ്പെടുന്നതിനും, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് യേശുവിന്‍റെ ക്രൂശിലെ മരണം, പ്രവാചകന്മാര്‍ പ്രവചിച്ചു. യേശുവിന്‍റെ ജനനത്തിനും, ക്രൂശിലെ മരണത്തിനും ഒരു ലക്‌ഷ്യം ഉണ്ടായിരുന്നതിനാലാണ് അപ്രകാരം പ്രവചിക്കപ്പെട്ടത്. “ദൈവം, തന്‍റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ”. “അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ആകുന്നു നമ്മുടെതിനു മാത്രമല്ല സര്‍വ്വലോകത്തിന്‍റെയും പാപത്തിനും തന്നെ” (1 യോഹന്നാന്‍ 2:2). ദൈവത്തിന്‍റെ പദ്ധതിയും, ഉദ്ദേശപ്രകാരവുമാണ് യേശുവിനെ ലോകത്തിലേക്ക് അയച്ചതും ക്രൂശില്‍ പാപപരിഹാര ബലിയായി മരണം വരിച്ചതും. യേശു ഒരു കന്യകയില്‍ നിന്നും ജനനം എടുത്തതിനാല്‍, യേശുവില്‍ പാപം ഇല്ലായിരുന്നു. മനുഷ്യരെല്ലാം ആദാമ്യ സന്തതി ആയതിനാല്‍ ആദാമ്യ പാപത്തിന്‍റെ പങ്കുകാരായി പാപത്തിലാണ് ജനിക്കുന്നത്.എന്നാല്‍ യേശു ആദാമില്‍ നിന്നല്ലാതെ കന്യകയില്‍ നിന്നും പാപരഹിതനായി ജനിച്ചു, പാപം കൂടാതെ ജീവിച്ചു. അപ്രകാരം ഉള്ള പാപം ഇല്ലാത്ത ആള്‍ക്കേ മറ്റുള്ളവരുടെ പാപം ഏറ്റെടുക്കുവാന്‍ സാധിക്കൂ. പാപത്തിന്‍റെ ശമ്പളം മരണമാണ്. യേശു സകല ലോകത്തിന്‍റെയും പാപത്തിന് പരിഹാരമായി, പാപത്തിന്‍റെ ശമ്പളമായ ദൈവത്തില്‍ നിന്നുള്ള വേര്‍പാട് എന്ന അത്മീകമരണവും അതിന്‍റെ പരിണിത ഭലം ആയ ശാരീരിക മരണവും ഏറ്റെടുത്തു.യേശുവിനു അല്ലാതെ ആര്‍ക്കും, പാപത്തിന്‍റെ ശമ്പളമായ മരണം സ്വയം മറ്റുള്ളവര്‍ക്ക് പകരമായി ഏറ്റെടുക്കാന്‍ കഴിയില്ലായിരുന്നു. അതിനാലാണ് ദൈവം യേശുവിനെ ക്രൂശില്‍ മരിക്കാന്‍ അനുവദിച്ചത്. തന്‍റെ ക്രൂശു മരണത്തിലൂടെ യേശു നമ്മളെ മരണ ശിക്ഷയില്‍ നിന്നും വിടുവിച്ചു നിത്യജീവന്‍ പ്രദാനം ചെയ്തു.
യേശു ക്രൂശില്‍ മരിച്ചു എന്ന് ബൈബിള്‍ പറയുന്നത് കൊണ്ടല്ല, ആധികാരികമായി തെളിയപ്പെടുന്നത്. അങ്ങനെയെങ്കില്‍ അത് ആരോ ഉണ്ടാകിയെടുത്ത കഥയാണ് എന്ന് ആരോപിക്കാമായിരുന്നു.എന്നാല്‍ ക്രിസ്തു ക്രൂശില്‍ മരിക്കും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രവചിക്കപ്പെടുകയും അതിന്‍റെ വിശദാംശങ്ങള്‍ സഹിതം കൃത്യമായി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് രേഖപ്പെടുതപ്പെടുകയും, അത് അക്ഷരം പ്രതി നിവര്‍ത്തിച്ചു കൊണ്ട് ക്രിസ്തു മരിക്കുകയും ചെയ്തതിനാല്‍ ആണ് അത് സത്യം ആണ് എന്ന് തെളിയപ്പെടുന്നത്.
7. യേശു ദൈവമായിരുന്നെങ്കില്‍ മരണം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു? ദൈവത്തിനു എങ്ങനെ മരിക്കാന്‍ സാധിക്കും?
Answer: തീച്ചയായും യേശുവിനു ദൈവം എന്ന നിലയിലോ, പാപമില്ലാത്ത മനുഷ്യന്‍ എന്ന നിലയിലോ മരണം ഒഴിവാക്കാമായിരുന്നു. എന്നാല്‍ യേശുവിന്‍റെ ലോകത്തിലേക്കുള്ള വരവിന്‍റെ ലക്ഷ്യം മനുഷ്യരുടെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശില്‍ മരിക്കുക എന്നതായിരുന്നു.താന്‍ കഷ്ടം സഹിക്കുകയും ക്രൂശില്‍ തറക്കപ്പെട്ടു മരിക്കുമെന്നും യേശുവിനു അറിയാമായിരുന്നു. യേശുവിനെ പിടിക്കാന്‍ വന്ന റോമന്‍ പട്ടാളക്കാരോട് പത്രോസ് പട വെട്ടാന്‍ തയാറായപ്പോള്‍ യേശു പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ് (മത്തായി 26:53,54). “എന്‍റെ പിതാവിനോട് ഇപ്പോള്‍തന്നെ പന്ത്രണ്ട് ലഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിര്‍ത്തേണ്ടതിനു എനിക്ക് അപേക്ഷിച്ചു കൂടാ എന്ന് തോന്നുന്നുവോ? എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്ന തിരുവെഴുത്തിനു എങ്ങനെ നിവൃത്തി വരും എന്ന് പറഞ്ഞു”.അതിന്‍റെ അര്‍ഥം തനിക്കു വേണെമെങ്കില്‍ ക്രൂശു മരണം ഒഴിവാക്കാം എങ്കിലും അത് ഒഴിവാക്കിയാല്‍ എപ്രകാരം തന്‍റെ മരണത്തെപ്പറ്റിയുള്ള തിരുവചനങ്ങള്‍ നിവൃത്തിയാവും, എപ്രകാരം പാപപരിഹാരം സാധ്യമാകും എന്നാണ് യേശു മേല്‍പ്പറഞ്ഞ വാക്യം കൊണ്ട് അര്‍ത്ഥമാക്കിയത്. യേശുവിന്‍റെ പീടാനുഭവവും, ക്രൂശുമരണവും ഒന്നിലധികം പ്രവചകന്മാരാല്‍ പ്രവചിക്കപ്പെട്ടിരുന്നു. (യെശയ്യാവ് 53:1-12, ദാനിയേല്‍ 9:24-27). യേശുവും തന്‍റെ ക്രൂശുമരണത്തെയും, കഷ്ടാനുഭവങ്ങളെ പറ്റിയും മുന്‍കൂട്ടി പറഞ്ഞിരുന്നു. (മത്തായി 17:22-23, 26-31). തീര്‍ച്ചയായും യേശുവിനു മരണം ഒഴിവാക്കാമായിരുന്നു,മരണം കൂടാതെ സ്വര്‍ഗത്തിലേക്ക് നേരിട്ട് പോകുകയും ചെയ്യാമായിരുന്നു.കാരണം പാപത്തിന്റെ ശമ്പളമായ മരണം പാപമില്ലാത്ത ക്രിസ്തു അനുഭവിക്കേണ്ട ആവശ്യം ഇല്ല, എന്നാല്‍ ക്രിസ്തു മരണം ഒഴിവാക്കിയാല്‍, നാം അര്‍ഹിക്കുന്ന പാപത്തിന്റെ ശമ്പളമായ മരണത്തില്‍നിന്നും നിന്നും നമുക്ക് വിടുതല്‍ ഉണ്ടാകില്ല, അതിനാല്‍ നമ്മോടുള്ള സ്നേഹം നിമിത്തം ക്രിസ്തു പിതാവിന്റെ ഇഷ്ടം ആയ പാപപരിഹാര മരണം ഏറ്റെടുക്കാന്‍ തയാര്‍ ആയി.
ദൈവത്തിനു എപ്രകാരം മരിക്കാന്‍ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരം നമുക്ക് ദൈവവചനത്തില്‍ കാണാം. “അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ, ദാസ രൂപമെടുത്തു, മനുഷ്യ സദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു, വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി തീര്‍ന്നു (ഫിലിപ്പിയര്‍ 2:6,7,8).
ബൈബിളില്‍ ദൈവം നിത്യനാണ്, ദൈവത്തിനു മരണമില്ല,എന്നാല്‍ യേശു ദൈവരൂപത്തില്‍ നിന്നും തന്നെത്താന്‍ താഴ്ത്തി, മനുഷ്യരൂപം എടുത്തത്, മനുഷ്യവര്‍ഗ്ഗത്തിന്റെ പാപം ഏറ്റെടുത്തു മരിക്കുവാന്‍ ആണ്, (ഹെബ്രായര്‍ 2: 9: എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു).അതിനാല്‍ യേശു ക്രൂശില്‍ മരിച്ചത് ദൈവം എന്ന നിലയില്‍ അല്ല,മനുഷ്യന്‍ എന്ന നിലയില്‍ ആണ്. തിരുവചനം പറയുന്നു –“മനുഷ്യ പുത്രന്‍ ശുശ്രുഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്ക് വേണ്ടി തന്ന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നത് പോലെ തന്നെ എന്ന് പറഞ്ഞു” (മത്തായി 20:28). “ എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ” ( 1 തിമോഥയോസ് 2:6).
താന്‍ ദൈവമായിരിക്കുമ്പോള്‍ തനിക്കു ചെയ്യാന്‍ കഴിയാത്തതു ചെയ്തെടുക്കാനാണ് യേശു ദൈവരൂപത്തില്‍ നിന്നും തന്നെത്താന്‍ താഴ്ത്തി, മനുഷ്യരൂപം എടുത്തത്.അതില്‍ അതിപ്രധാനം ആയത്, ദൈവത്തിനു കഴിയാത്ത മരണം വരിക്കുക ആയിരുന്നു.യേശു മരിച്ചത് ദൈവം എന്ന നിലയില്‍ അല്ല, പാപമില്ലാത്ത മനുഷ്യന്‍ എന്ന നിലയില്‍ പാപിക്ക് പകരം മരിക്കുകയായിരുന്നു.
8. യേശു ദൈവമായിരുന്നെങ്കില്‍ “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടെതെന്തു?” എന്ന് നിലവിളിച്ചതെന്തിനു?
Answer: ഇവിടെ വീണ്ടും നാം മനസിലാക്കേണ്ടത്, യേശു ദൈവത്തോടുള്ള തന്‍റെ സമത്വം മുറുകെ പിടിക്കാതെ തന്നെത്താന്‍ താഴ്ത്തി ഒരു പുര്‍ണ്ണ മനുഷ്യനായാണ് ഭൂമിയില്‍ ജനിച്ചത്,ജീവിച്ചത് എന്നതാണ്. യേശുവിന്‍റെ അഭിസംബോധന ഇവിടെ ശ്രദ്ധേയമാണ്. ‘എന്‍റെ ദൈവമേ’ എന്നാണ് യേശു വിളിച്ചത്. ഇതിനു മുന്‍പ് ഒരിക്കലും “ദൈവമേ” എന്ന് യേശു വിളിച്ചതായി കാണുന്നില്ല പകരം “പിതാവേ” എന്നാണ് വിളിച്ചിരുന്നത്. ക്രൂശിലെ യേശുവിന്‍റെ നിലവിളി ദൈവത്താല്‍ തള്ളപ്പെട്ട, ദൈവവുമായുള്ള കൂട്ടായ്മ നഷ്‌ടമായ പാപിയായ മനുഷ്യന്‍റെ പ്രധിനിധിയായ നിലവിളിയാണത്.പാപമില്ലാതിരുന്ന യേശു, മുഴുവന്‍ മാനവരാശിയുടെയും പാപങ്ങള്‍ക്കുവേണ്ടി പാപമാക്കപ്പെട്ടു. പാപം ഒഴികെ സകലത്തിലും യേശു ഒരു പൂര്‍ണ മനുഷ്യനായിരുന്നു.യേശു പാപമില്ലാത്തവനായി ജനിച്ചത് മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍ വേണ്ടിയാണ്. മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമായി യേശു സ്വയം പാപമായി മാറി, ദൈവത്തില്‍ നിന്നും മനുഷ്യനെ പോലെ അകന്നു. “പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആക്കേണ്ടതിനു അവന്‍ നമ്മുക്ക് വേണ്ടി പാപം ആക്കി” (2 കൊരിന്ത്യര്‍ 5:21) എന്നാല്‍ യേശുക്രിസ്തു നമ്മുടെ പാപം ഏറ്റെടുത്തു, പാപം അക്കപ്പെട്ടു ദൈവത്തില്‍ നിന്നും വേര്‍പെട്ടതിനാല്‍, ഇന്ന് നമുക്ക് ക്രിസ്തുവിന്‍റെ രക്തത്താല്‍, അവന്റെ നീതിയാല്‍ ദൈവത്തോട് അടുത്ത് വരാന്‍ കഴിയും. Heb 10:19
യേശു തന്‍റെ പിതാവിനെ ദൈവമേ എന്ന് വിളിച്ചതിനാല്‍ നമുക്ക് ഇന്ന് ദൈവത്തെ പിതാവേ എന്ന് വിളിക്കാന്‍ കഴിയും.
Gal 4:6 നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ
9. യേശു ക്രൂശില്‍ മരിച്ചെങ്കില്‍ അത് എങ്ങനെ എനിക്കുവേണ്ടിയാകും?
Answer: യേശു മരിച്ചത് ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങള്‍ക് വേണ്ടിയാണ്. “അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ആകുന്നു നമ്മുടെതിനു മാത്രമല്ല, സര്‍വലോകതിന്‍റെയും പാപത്തിനു തന്നെ” (1 യോഹന്നാന്‍ 2:2). യേശു എല്ലാവര്ക്കും വേണ്ടി മരിക്കുവാന്‍ കാരണം “എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു ഇല്ലാത്തവരായി തീര്‍ന്നു” (റോമര്‍ 3:23) എന്നതാണ് . റോമര്‍ 5:12 ല്‍ പറയുന്നു – “ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. എല്ലാവരും പാപം ചെയ്കയാല്‍ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു”.
എല്ലാവരും ആദമില്‍ പാപികള്‍ ആയപ്പോള്‍, ആദാമിന് ശേഷം ഭൂമിയില്‍ പാപമില്ലതവനായി ജനിച്ച ഏക മനുഷ്യന്‍ യേശു ക്രിസ്തുവാണ്.പാപങ്ങള്‍ക്ക് പരിഹാരം വരുത്തുവാന്‍ പാപമില്ലാത്ത ഒരു വ്യക്തി തന്നെ വേണം. യേശു പാപമില്ലതവനായി ജനിച്ചു, പാപം ചെയ്യാതെ ജീവിച്ചു ആയതിനാല്‍ മാനവരാശിയുടെ പാപം ഇല്ലാതാക്കുവാനുള്ള യോഗ്യത ഉള്ളവനായി തീര്‍ന്നു. പാപത്തിന്‍റെ ശമ്പളം മരണമാകയാല്‍ യേശു സകല മനുഷ്യരുടേയും പാപങ്ങള്‍ക്ക് വേണ്ടിയുള്ള മരണം ക്രൂശില്‍ വഹിച്ചു.
രക്തം ചിന്തിയിട്ടല്ലാതെ മോചനം ഇല്ല എന്ന് ദൈവവചനം പറയുന്നു. സകല മനുഷ്യരുടെയും പാപത്തിന്‍റെ ഫലമായ മരണം താന്‍ ഏറ്റെടുത്തു, പാപമില്ലാത്ത രക്തം,അഥവാ തന്‍റെ ജീവന്‍ പകരമായി കൊടുത്തു നമ്മെ പാപത്തില്‍ നിന്നും വിടുവിച്ചു ദൈവവുമായി നിരപ്പ് വരുത്തി.മാത്രമല്ല, താന്‍ മരണത്തെ തോല്‍പ്പിച്ച് ഉയിതെഴുനെറ്റു, തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് തന്‍റെ ജീവന്‍ ആയ നിത്യജീവന്‍ നല്‍കാന്‍ നല്‍കുന്നു.ഇത്രയും യോഗ്യതകള്‍ ഉള്ള ഭൂമിയില്‍ വന്ന ഏക മനുഷ്യന്‍ യേശുക്രിസ്തു മാത്രം ആണ്.
യേശു എന്‍റെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചു, ഉയിര്തെഴുനെറ്റു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും, യേശുവിനെ കര്‍ത്താവ് എന്ന് നാം വായ് കൊണ്ട് ഏറ്റു പറയുകയും ചെയ്‌താല്‍ ചെയ്താല്‍ നമ്മുടെ പാപങ്ങള്‍ക്കു മോചനവും, നിത്യജീവന്‍ ലഭിക്കുകയും ചെയ്യുന്നു. നിത്യജീവന്‍, എന്ന് പറയുന്നത് ദൈവത്തിന്‍റെ ജീവന്‍ ആണ് ആണ്. ഇതാണ് യേശു നല്‍കുന്ന രക്ഷ. യേശു മരിച്ചത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയല്ല, പാപികള്‍ക്ക് വേണ്ടിയാണ്,കാരണം എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സു നഷ്ടപ്പെടുതിയവര്‍ ആണ്,അതിനാല്‍ ക്രിസ്തുവിന്റെ മരണം മുഴു ലോകത്തിനും വേണ്ടിയാണ്, എനിക്ക് വേണ്ടിയാണ്, നിങ്ങള്‍ ഓരോരുത്തെര്‍ക്കും വേണ്ടിയാണു.
10. സ്വയം പ്രഖ്യാപിത ‘മനുഷ്യ ദൈവങ്ങളും’ യേശുവും തമ്മിലുള്ള വ്യത്യാസം എന്താണ്?
Answer: യേശു ഒരു ‘ആള്‍ദൈവം’ അല്ല, ആള്‍ ദൈവങ്ങള്‍ മനുഷ്യരായിരിക്കെ തങ്ങള്‍ ദൈവങ്ങള്‍ എന്ന് തന്നെത്താന്‍ ഉയര്‍ത്തുമ്പോള്‍, അവകാശപ്പെടുമ്പോള്‍ യേശു ദൈവമായിരിക്കെ തന്നെ തന്നെത്താന്‍ താഴ്ത്തി മനുഷ്യനായി ഭൂമിയിലേക്ക് വന്നവനാണ് (ഫിലിപ്പിയര്‍ 2:6-8). സാധാരണയുള്ള ആള്‍ദൈവങ്ങളില്‍ നിന്നുള്ള യേശുവിന്‍റെ വ്യത്യസ്തത നമുക്ക് പരിശോധിക്കാം.
- യേശു ജനിക്കുന്നതിനു 1000 വര്‍ഷങ്ങള്‍ക്കു മുന്‍പേ യേശുവിന്റെ ജനനവും, മരണവും ഒന്നിലധികം പ്രവാചകന്മാര്‍ പ്രവചിച്ചിരുന്നു.
- യേശുവിന്‍റെ ജനനവും സവിശേഷതയുള്ളതായിരുന്നു. അത് കന്യക ജനനം ആയിരുന്നു.
- ഒരു ആള്‍ ദൈവവും മരണത്തെ തോല്‍പ്പിച്ച് ഉയര്‍ത്തിട്ടില്ല..
- യേശു ഒരു ആള്‍ ദൈവമായിരുനെങ്കില്‍ 2000 വര്‍ഷങ്ങള്‍ക്കിപ്പുറവും യേശു തന്നെ പ്രവചിച്ചത് പോലെ ലോകമെമ്പാടും യേശുവിനെ സുവിശേഷം വ്യാപിക്കുകയും, യേശു ആരാധിക്കപ്പെടുകയും ചെയ്യില്ലായിരുന്നു.
മേല്‍പ്പറഞ്ഞതുപോലെ യേശു കേവലം ഒരു ആള്‍ ദൈവം അല്ല എന്ന് തെളിയിക്കുന്ന നിരവധി വസ്തുതകള്‍ ഉണ്ട്. യേശു ഭൂമിയിലേക്ക് വന്നത് മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്ത്, നിത്യജീവനെ പ്രദാനം ചെയ്യാനാണ്. ആള്‍ ദൈവങ്ങള്‍ക്ക് മനുഷ്യരാശിയുടെ പാപത്തിനു പരിഹാരം വരുത്താനോ, നിത്യജീവനെ നല്‍കാനോ കഴിയില്ല, കാരണം അവര്‍ തന്നേ പാപികള്‍ ആണ്. ആത്മമരണം പ്രാപിച്ച മനുഷ്യനെ, പാപമോചനം നല്‍കി നിത്യജീവന്‍ നല്കാന്‍ ആള്‍ദൈവങ്ങള്‍ക്ക് കഴിവില്ല. അവര്‍ പാപത്തില്‍ മരിച്ചതിനാല്‍, മറ്റുള്ളവര്‍ക്ക് പോകട്ടെ, സ്വയം നിത്യജീവന്‍ നേടാന്‍ പോലും അവര്‍ക്ക് കഴിയില്ല. ആള്‍ ദൈവങ്ങള്‍ മതങ്ങള്‍ സ്ഥാപിക്കാനും, നല്ല ഉപദേശങ്ങള്‍ നല്‍കാനുമായി വന്നു. പക്ഷെ പാപം മൂലം മരണത്തിന്‍റെ കീഴിലായ മനുഷ്യന് ആവശ്യം നല്ല ഉപദേശമോ മതമോ അല്ല, നിത്യജീവനും മരണത്തില്‍നിന്നുള്ള വിടുതലുമാണ്. ഇതിനായാണ് യേശു ലോകത്തിലേക്ക് വന്നത്.യേശുക്രിസ്തു വന്നത് മരിച്ച മനുഷ്യന് മതം നല്‍കാന്‍ ആയിരുന്നില്ല, മറിച്ചു അവനു ആവശ്യമായിരുന്ന ജീവന്‍ നല്‍കാന്‍ ആയിരുന്നു. (യോഹന്നാന്‍ 10:10)