ഹെബ്രായ ലേഖന പഠനം- *അധ്യായം 13 - പാളയത്തിനു പുറത്തു ക്രിസ്തുവിനോടൊപ്പം

ഹെബ്രായ ലേഖന പഠനം
*അധ്യായം 13: 7 - 25 *
പാളയത്തിനു പുറത്തു ക്രിസ്തുവിനോടൊപ്പം
Jinu Ninan
നാം ഹെബ്രായ ലേഖന പഠനത്തിൻ്റെ അവസാന അധ്യായത്തിലെ അവസാന വാക്യങ്ങളുടെ പഠനത്തിലേക്ക് വന്നിരിക്കുന്നു . ഈ അധ്യായത്തിൽ ദൈവം, ക്രിസ്തുവിലൂടെ ക്രൂശിൽ സാധിച്ച പൂർത്തീകരിക്കപ്പെട്ട മഹൽ പ്രവർത്തിയോടുള്ള പ്രതികരണമായി നമ്മിൽ നിന്നും ഉണ്ടാകേണ്ട നല്ല പ്രവർത്തികളെ കുറിച്ച് പ്രബോധിപ്പിച്ച ശേഷം ലേഖകൻ തൻ്റെ ഉപസംഹാരത്തിലേക്കും സമാപന ആശംസകളിലേക്കും കടക്കുന്നു .
*7'ദൈവത്തിൻ്റെ സന്ദേശം നിങ്ങളെ അറിയിച്ച നിങ്ങളുടെ നേതാക്കളെ ഓർത്തുകൊള്ളണം. അവരുടെ ജീവിതത്തിൻ്റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ അനുകരിക്കുക.
മുൻ ലേഖനത്തിൽ തങ്ങളെ നടത്തുന്നവരോടുണ്ടാകേണ്ട വിശ്വാസികളുടെ മനോഭാവത്തെ കുറിച്ച് ചിന്തിച്ചിരുന്നു ,എന്നാൽ അതിൻ്റെ മറ്റൊരു വശം കൂടി ഈ വാക്യങ്ങളിൽ നിന്നും മനസിലാക്കാം.
തങ്ങളെ നടത്തുന്നവരുമായുള്ള ബന്ധത്തിൽ മൂന്നു കാര്യങ്ങൾ ലേഖകൻ വിശ്വാസികലോട് ആവശ്യപ്പെടുന്നു . അവരെ ഓർക്കുക അവരുടെ ജീവിതത്തിൻ്റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്യുക , അവരുടെ വിശ്വാസത്തെ അനുകരിക്കുക.
അതായതു നിങ്ങളെ നടത്തുന്ന നേതാക്കളുടെ ജീവിതത്തിൽ കൂടി ക്രിസ്തുവിൻ്റെ സ്വഭാവം അഥവാ ഫലം കാണാൻ കഴിയുന്നു എങ്കിൽ മാത്രമാണ് നിങ്ങൾ അവരുടെ വിശ്വാസത്തെ അനുകരിക്കേണ്ടത്. ക്രിസ്തുവിൻ്റെ സ്വഭാവമായ ആത്മാവിൻ്റെ ഫലം ഇല്ലാത്ത നേതാക്കൾ ക്രിസ്തുവിനെ അനിഗമിക്കുന്നവർ ആകുവാൻ സാധ്യതയില്ല. അവരെയോ അവരുടെ വിശ്വാസത്തെയോ അനുകരിക്കേണ്ട ആവശ്യമില്ല
അതിനാൽ ആണ് പൗലോസ് താൻ ക്രിസ്തുവിനെ അനുകരിച്ചതു പോലെ തൻ്റെ ജീവിതം കണ്ടു തന്നെ അനുകരിക്കാൻ ആവശ്യപ്പെടുന്നത്
2 തിമൊ. 3:10 നീയോ എൻ്റെ ഉപദേശം, സ്വഭാവം, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും … കണ്ടറിഞ്ഞിരിക്കുന്നു
1 കൊരിന്ത്യർ 11 :1 ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ
8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ
ഈ വാക്യം മാത്രമായി അതിൻ്റെ പശ്ചാത്തലത്തിൽ നിന്നും അടർത്തി പലരും ഉപയോഗിക്കാറുണ്ട്.എന്നാൽ മുകളിലുള്ള വാക്യവുമായി ചേർത്ത് വായിക്കുമ്പോൾ മാത്രമേ അതിൻ്റെ ശരിയായ അർഥം നമുക്ക് ഗ്രഹിക്കാൻ കഴിയുകയുള്ളൂ.
യേശുക്രിസ്തു എല്ലായ്പോഴും മാറ്റമില്ലാത്ത സ്വഭാവം ഉള്ളവൻ ആണ്, അതിനാൽ ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുന്ന വ്യക്തികളും മാറ്റമില്ലാത്ത ക്രിസ്തുവിൻ്റെ സ്വഭാവം ഉള്ളവർ ആയിരിക്കും. അതായതു തങ്ങളുടെ ജീവിതത്തിൽ അകത്തും പുറത്തും രണ്ടു സ്വഭാവങ്ങൾ കാണിക്കുന്നവർ,സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറ്റമുള്ള സ്വഭാവം ഉള്ളവർ യഥാർത്ഥ ക്രിസ്തുവിൻ്റെ അനുയായി അല്ല.അവർ കപട ഭക്തർ ആകാൻ ആണ് സാധ്യത. അങ്ങനെയുള്ളവരെയോ അവരുടെ വിശ്വാസത്തെയോ നിങ്ങൾ അനുകരിക്കരുത്.
9 വിവിധങ്ങളായ ഇതരോപദേശങ്ങളാൽ ആരും നിങ്ങളെ നേരായ മാർഗത്തിൽനിന്നു തെറ്റിക്കുവാൻ ഇടയാകരുത്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചട്ടങ്ങൾ പാലിക്കുന്നവർക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവകൃപയിൽനിന്ന് ആന്തരികശക്തി പ്രാപിക്കുന്നതാണ് നിങ്ങൾക്കു നല്ലത്.
ലേഖനത്തിലുടനീളം താൻ ഓർമ്മിപ്പിച്ചത് പോലെ അവസാനഭാഗത്തേക്കു വരുമ്പോഴും ലേഖകൻ പുതിയ ഉടമ്പടിയും പഴയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം ഓർമ്മിപ്പിക്കുന്നു.
ദൈവകൃപയുടെ സന്ദേശവും, പഴയ ഉടമ്പടിയിലെ ആചാര നിയമങ്ങളും തികച്ചും വ്യത്യസ്തമാണ് , പുതിയ ഉടമ്പടിയുടെ സന്ദേശവും പഴയ ഉടമ്പടിയുടെ നിയമങ്ങളും, ആചാരങ്ങളും ഒരിക്കലും ഒരുമിച്ചു പോകുന്നതല്ല. പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുവാനുള്ളതല്ല.അങ്ങനെ ചെയ്താൽ നാം തുരുത്തി നശിപ്പിക്കുകയും പുതിയ വീഞ്ഞായ, പുതിയ ഉടമ്പടിയുടെ സന്ദേശം പാഴാക്കുകയും ചെയ്യും . ഇന്നും പലരും പുതിയ ഉടമ്പടിയുടെ സന്ദേശവും പഴയ ഉടമ്പടിയുടെ നിയമങ്ങളും, ആചാരങ്ങളും ചേർത്തു പഠിപ്പിക്കുകയും ക്രിസ്തു അത് മൂലം തൻ്റെ രക്തത്താല്‍ താന്‍ സ്ഥാപിച്ച പുതിയ ഉടമ്പടിയുടെ സന്ദേശത്തെ പാഴാക്കിക്കളയുകയും ചെയ്യുന്നു.
പഴയ ഉടമ്പടി പലതരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ അടിസ്ഥാനപ്പെട്ടതായിരുന്നു . അതിൽ പ്രധാനമായ കാര്യം ഭക്ഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ആയിരുന്നു .
മുൻ അധ്യായങ്ങളിൽ ലേഖകൻ ഓർമ്മിപ്പിച്ചത് പോലെ ഇത്തരം ചട്ടങ്ങൾ എല്ലാം ആരാധകൻ്റെ മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ പര്യാപ്തമല്ലാത്ത ബാഹ്യാചാരങ്ങൾ ആയിരുന്നു, അതൊക്കെ ദൈവം പുതിയ ഉടമ്പടി സ്ഥാപിക്കും വരെ മാത്രമുള്ളതും യാഥാർഥ്യമായതിൻ്റെ , പൂർണതയുള്ള യാഗത്തിൻ്റെ നിഴലും മാത്രമായിരുന്നു.പൊരുളായ യഥാർത്ഥ യാഗം പൂർത്തീകരിക്കപ്പെട്ടതോടെ നിഴലിനു പ്രസക്തിയില്ലാതെയായി. എബ്രാ. 9, 9 ,10.
ഭക്ഷണ കാര്യത്തിൽ ഇത്തരത്തിലുള്ള നിയമങ്ങൾ പഠിപ്പിക്കുന്നവരെ കർത്താവ് ശക്തമായി വിമർശിച്ചു കൊണ്ട് , മനുഷ്യൻ്റെ ഉള്ളിലേക്ക് പോകുന്ന ഒന്നിനും അവനെ അശുദ്ധൻ ആക്കുവാൻ കഴിയില്ല എന്ന് പഠിപ്പിച്ചു . മാർക്കോസ് 7:15
ഇത്തരം ചിന്താഗതിക്ക് കീഴ്പ്പെട്ടിരുന്ന യഹൂദനായ പത്രോസിനെ ഒരു ദർശനത്തിൽ കൂടി ദൈവം എല്ലാ ഭക്ഷണത്തെയും ദൈവം ശുദ്ധമാക്കിയിരിക്കുന്നു എന്ന് പഠിപ്പിക്കുന്നു . പ്രവർത്തികൾ 10:11-16
ഇത്തരം മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പ്പെടുന്നവർ തലയായ ക്രിസ്തുവുമായി ബന്ധമില്ലാത്തവർ ആണ് എന്ന് കൊലൊ. 2:21ൽ പൗലോസ് മുന്നറിയിപ്പ് തരുന്നു.
റോമാ ലേഖനത്തിലും കൊരിന്ത്യ ലേഖനത്തിലും കൂടി പൗലോസ് വിഗ്രഹാർപ്പിത ഭക്ഷണത്തിനു പോലും വിശ്വാസത്തിൽ ഉറച്ച വ്യക്തിയിൽ ഒരു ദോഷവും വരുത്താൻ കഴിയില്ല എന്ന് പഠിപ്പിച്ചു.
ഇത്രയും വ്യക്തമായ ഉപദേശം ആയിട്ടും ഇന്നും അനേക വ്യക്തികൾ ദൈവം റദ്ദാക്കിയ പഴയ ഉടമ്പടിയിലെ ഭക്ഷണ നിയമങ്ങളും ചട്ടങ്ങളും , മാനുഷിക കല്പനകളും പഠിപ്പിക്കുന്നവർ ആണ്. അവർ പുതിയ ഉടമ്പടിയുടെ, കൃപയുടെ സന്ദേശം മനസ്സിലാക്കാത്തവർ ആണ് . അവർ പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുന്ന പാഴ്‌വേല ആണ് ചെയ്യുന്നത്.
നിങ്ങളെ നയിക്കുന്ന വ്യക്തികൾ പുതിയ ഉടമ്പടി യഥാർത്ഥമായി മനസ്സിലാക്കിയവർ ആണോ എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ് . അത് അറിയാനുള്ള ഒരു നല്ല മാർഗ്ഗം ആണ് അവർ ഇപ്പോഴും പല തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കുന്നവർ ആണോ അതോ യഥാർത്ഥ ദൈവകൃപയെ കുറിച്ച് പഠിപ്പിക്കുന്നവർ ആണോ എന്ന് പരിശോധിക്കുന്നത്.
ആചരിക്കുന്നവർക്കു ഒരു പ്രയോജനവും വരുത്താത്ത ഇത്തരം ബാഹ്യമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴ്പ്പെടാതെ ദൈവകൃപയിൽ ആന്തരിക ശക്തി പ്രാപിക്കുവാൻ ലേഖകൻ ഉപദേശിക്കുന്നു. കാരണം ഇത്തരം നിയമങ്ങൾ പാലിക്കുന്നതിലൂടെ ജഡാഭിലാഷം നിയന്ത്രിക്കുവാൻ കഴിയുന്നതല്ല. കൊലൊ. 2:23
10 നമുക്കു നമ്മുടേതായ ഒരു ബലിപീഠമുണ്ട്. അതിൽനിന്നു ഭക്ഷിക്കുവാൻ യെഹൂദന്മാരുടെ ആരാധനസ്ഥലമായ കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് അവകാശമില്ല
അനേകർക്ക് ഇന്നും വ്യക്തമായി മനസ്സിലായിട്ടില്ലാത്ത ഒരു വാക്യം ആണിത്, അതിനാൽ തന്നെ പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഈ വാക്യവുമായി ബന്ധപ്പെട്ടു കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് .
ലേഖന പശ്ചാത്തലം മനസ്സിലാക്കുകയും മുകളിൽ ഉള്ള വാക്യങ്ങളുമായി ചേർത്ത് വായിക്കുകയും ചെയ്താൽ നമുക്ക് ലേഖകൻ ഉദ്ദേശിക്കുന്നത് മനസിലാക്കാം . ഇവിടെയും താൻ പുതിയ ഉടമ്പടിയും പഴയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം ആണ് വ്യക്തമാക്കുന്നത് .
ഇവിടെ രണ്ടു കൂട്ടരേ കുറിച്ച് ലേഖകൻ സൂചിപ്പിക്കുന്നു , ഒന്നാമത്തേത് സമാഗമന കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവർ അഥവാ ഇന്നും പഴയ ഉടമ്പടിയുടെ കീഴിൽ നിൽക്കുന്നവർ . രണ്ടാമത്തേതു നാം അഥവാ പുതിയ ഉടമ്പടിയിൽ പ്രവേശിച്ചവർ.
സമാഗമന കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു ( പഴയ ഉടമ്പടിയുടെ കീഴിൽ നിൽക്കുന്നവർക്കു) നമുക്കുള്ള (പുതിയ ഉടമ്പടിയിൽ പ്രവേശിച്ചർക്കുള്ള) അവകാശം ഇല്ല എന്ന് ലേഖകൻ പറയുന്നു . എന്താണ് നമുക്ക്, പുതിയ ഉടമ്പടിയിൽ പ്രവേശിച്ചർക്കു മാത്രമുള്ള അവകാശം? അത് നമ്മുടെ ബലിപീഠത്തിൽ നിന്നും ഭക്ഷിക്കുന്നതാണ് .
എന്താണ് ലേഖകൻ ഇവിടെ ബലിപീഠത്തിൽ നിന്നും ഭക്ഷിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? മുൻ അദ്ധ്യായങ്ങളിൽ താൻ യേശുക്രിസ്തുവിൻ്റെ നിത്യവും പരിപൂര്ണവുമായ ബലിയെക്കുറിച്ചായിരുന്നു ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നത്. ആ സമ്പൂർണ്ണ ബലിയിൽ കൂടി നാം എന്നെന്നേക്കുമായി ശുദ്ധീകരിക്കപ്പെട്ടു .
'ആ രണ്ടാമത്തെ അനുഷ്ഠാനത്താൽ , അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ' എബ്രാ. 10:10
എന്നാൽ ഇന്ന് ആ ബലിപീഠത്തിൽ നിന്നും അഥവാ ക്രൂശിൽ നിന്നും നമുക്ക് ക്രിസ്തുവിൻ്റെ മാംസത്തിൻ്റെ യും രക്തത്തിൻ്റെ യും പങ്കാളികൾ ആകാം . ഈ അവകാശം പുതിയ ഉടമ്പടിയിൽ പ്രവേശിച്ചവർക്കു മാത്രമുള്ള അവകാശമാണ്. ഈ അവകാശം ലഭിക്കുവാൻ ആണ് ക്രിസ്തു തൻ്റെ രക്തത്താൽ പുതിയ ഉടമ്പടി സ്ഥാപിച്ചത്
ലൂക്കൊ. 22: 20 അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എൻ്റെ രക്തത്തിലെ പുതിയ ഉടമ്പടി ആകുന്നു.
യോഹ. 6: 54 എൻ്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്;
യോഹ. 6:56 എൻ്റെ മാംസം തിന്നുകയും എൻ്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
യോഹ. 6: 57 ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട് ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും.
പഴയ നിയമ ശുശ്രൂഷകന്മാർക്കു പ്രവേശനമില്ലാതെയിരുന്ന അതിപരിശുദ്ധ സ്ഥലത്തേക്ക് യേശുക്രിസ്തുവിൻ്റെ ശരീര യാഗത്തിലൂടെ നമുക്ക് പ്രവേശനം ലഭിച്ചിരിക്കുന്നതിനാല്‍, നമുക്ക് ഇന്ന് ക്രിസ്തുവിൻ്റെ മാംസത്തിൻ്റെയും രക്തത്തിൻ്റെയും പങ്കാളികള്‍ ആകുവാൻ അവകാശം ഉണ്ട് .
11യെഹൂദന്മാരുടെ മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അർപ്പിക്കുന്നു. എന്നാൽ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്.
വീണ്ടും ലേഖകൻ പഴയ നിയമ പാപയാഗത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ക്രിസ്‌തുവിനെ മഹാപുരോഹിത ശുശ്രൂഷയെയും സമ്പൂർണ്ണ യാഗത്തെയും ചൂണ്ടിക്കാണിക്കുന്നു. പാപയാഗത്തിൽ മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അർപ്പിക്കുന്നു.
നിഴൽ മാത്രമായ ആ ബലികളുടെ പൂർത്തീകരണമായി ക്രിസ്തു 'ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് മനുഷ്യവർഗ്ഗത്തിൻ്റെ എന്നേക്കുമുള്ളൊരു വീണ്ടെടുപ്പും പാപപരിഹാരവും ഉറപ്പാക്കി. 'എബ്രാ. 9:12
എന്നാൽ പഴയ നിയമ പാപയാഗത്തിൽ യാഗ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്. ലേവ്യപുസ്തകം 16:27
12 അതുകൊണ്ട് യേശുവും തൻ്റെ സ്വന്തം രക്തത്താൽ ജനത്തെ ആകമാനം പാപത്തിൽനിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിൻ്റെ പുറത്തുവച്ച് മരണംവരിച്ചു
പഴയ നിയമ യാഗങ്ങളിലെ എല്ലാ കാര്യങ്ങളുടെയും പൂർത്തീകരണമായി ക്രിസ്തു യെരുശലേം നഗരത്തിനു പുറത്തു വച്ച് അപമാനിക്കപ്പെടുകയും മരണം വഹിക്കുകയും ചെയ്തു എന്ന് ലേഖകൻ ഓർമ്മിപ്പിക്കുന്നു .
യേശു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചത് ; അവിടുത്തെ യാഗത്തിലൂടെ നമ്മെ ശുദ്ധീകരിക്കുവാൻ വേണ്ടിയാണു. യേശു ലോകസ്ഥാപനതിനു മുന്‍പേ അതിനു വേണ്ടി നിയമിക്കപ്പെട്ട കുഞ്ഞാടായിരുന്നു (1 പത്രോ. 1: 19-20, വെളിപ്പാടു 13: 8).
എന്നാൽ അവൻ്റെ സ്വന്ത ജനം അവിടുത്തെ പകച്ചു, നിരസിച്ചു, നിന്ദിച്ചു (യോഹന്നാൻ 1:11, അപ്പോസ്തല പ്രവൃത്തികൾ 4:11, പത്രോസ് 2: 6-8).
എങ്കിലും ക്രിസ്തുവിൻ്റെ രക്തം സകലമനുഷ്യർക്കും പാപപരിഹാരമായി നൽകപ്പെട്ടു . ദൈവവും മനുഷ്യനും തമ്മിലുള്ള ശത്രുത നീക്കുവാനും, മനുഷ്യനെ ദൈവവുമായി നിരപ്പിക്കുവാനും ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് അവനെ തിരികെ കൊണ്ടുവരുന്നതിനും ക്രിസ്തുവിൻ്റെ രക്തം ക്രൂശിൽ ചൊരിയപ്പെട്ടു, സ്വർഗ്ഗത്തിലെ നിത്യകൂടാരത്തിൽ അതിപരിശുദ്ധ സ്ഥലത്തു ക്രിസ്തുവിൻ്റെ രക്തം അർപ്പിക്കപ്പെട്ടു .
സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തിൽ, അതിവിശുദ്ധ സ്ഥലത്തു തികഞ്ഞ യാഗമായി തൻ്റെ വിശുദ്ധ രക്തം ക്രിസ്തു അർപ്പിക്കുമ്പോൾ (എബ്രായർ 9: 11-12), ക്രിസ്തുവിൻ്റെ ശരീരം കാൽവരിയിൽ രണ്ടു കള്ളന്മാരുടെ മധ്യത്തിൽ ക്രൂശിക്കപ്പെട്ടു (ലൂക്കോസ് 16: 27). ക്രിസ്തു ലോകത്തിൻ്റെ പാപങ്ങൾ വഹിച്ചു കൊണ്ട് യെരൂശലേം നഗരത്തിനു വെളിയിൽ കാല്‍വരിയില്‍ ദുഷ്പ്രവർത്തി ക്കാരെപ്പോലെ ക്രൂശിക്കപ്പെട്ടു.
കുറ്റവാളികൾക്കും കൊലയാളികൾക്കും കള്ളന്മാർക്കും അർഹതപ്പെട്ട ദുഷിയും നിന്ദയും പരിഹാസവും പീഡയും അവൻ വഹിച്ചു. പഴയ നിയമ യാഗാർപ്പണത്തിൻ്റെ എല്ലാ കാര്യങ്ങളുടെയും യഥാർത്ഥ നിവൃത്തിയാണ് ക്രിസ്തുവിൻ്റെ ക്രൂശിലെ യാഗം എന്ന് ഇതു വീണ്ടും കാണിക്കുന്നു (എബ്രാ .10: 1-5).
13 'അതുകൊണ്ട് നമുക്കും പാളയത്തിനു പുറത്ത് അവിടുത്തെ അടുക്കലേക്കു ചെല്ലുകയും അവിടുത്തെ അപമാനത്തിൽ പങ്കുചേരുകയും ചെയ്യാം.
അതിനാൽ തന്നെ ക്രിസ്തുവിനെ അനുഗമിക്കുന്നവർ തന്നെപ്പോലെ പാളയത്തിനു പുറത്തു ക്രിസ്തുവിൻ്റെ അടുത്ത് ചെല്ലുകയും, അവിടുത്തെ അപമാനത്തിൽ പങ്കുചേരുകയും ചെയ്യണം എന്നും ലേഖകൻ ഓർമ്മിപ്പിക്കുന്നു .
ലേഖനത്തിൻ്റെ അവസാന ഭാഗത്തേക്ക് വരുമ്പോൾ ലേഖകൻ അതിശക്തമായ ഒരു പ്രബോധനം ആണ് ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കു കൊടുക്കുന്നത്.
ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കു അതിവിശുദ്ധ സ്ഥലത്തു തൻ്റെ രക്തത്താലുള്ള പാപപരിഹാരവും , തൻ്റെ ശരീര രക്തങ്ങളിലുള്ള അവകാശവും മാത്രമല്ല, പാളയത്തിനു പുറത്തു തൻ്റെ അപമാനത്തിൽ ഉള്ള പങ്കുചേരലും ഉണ്ട് എന്ന് ലേഖകൻ വ്യക്തമാക്കുന്നു . കാരണം ക്രിസ്തു മനുഷ്യരാൽ നിന്ദിക്കപ്പെട്ടവനും ത്യജിക്കപ്പെട്ടവനും ആയിരുന്നു .
യെശ. 53:3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും ഇരുന്നു . അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം അവൻ നിന്ദിതനായിരുന്നു
യഥാർത്ഥമായി ക്രിസ്തുവിനെ പിൻഗമിക്കുന്നവരുടെ ഏറ്റവും വലിയ ലക്ഷണം അവർ തങ്ങളുടെ യജമാനനെപ്പോലെ അപമാനിക്കപ്പെടും എന്നതാണ്.
എന്നാൽ ഇന്ന് കർത്താവിനെ അനുഗമിക്കുന്നവർ എന്ന് അവകാശപ്പെട്ടുന്ന പലരും തന്നെപ്പോലെ നിന്ദിക്കപ്പെടുന്നില്ല, അപമാനിക്കപ്പെടുന്നില്ല. അതിനു കാരണം അവർ തങ്ങളുടെ പാളയത്തിനു പുറത്തേക്ക് ക്രിസ്തുവിൻ്റെ അടുക്കലേക്ക് വരുന്നില്ല എന്നതാണ്.
അവർ ഒരു പക്ഷെ അതിവിശുദ്ധ സ്ഥലത്തു തൻ്റെ രക്തത്താലുള്ള പാപപരിഹാരം അനുഭവിച്ചവർ ആകാം , തൻ്റെ ശരീര രക്തങ്ങളിലുള്ള അവകാശം ലഭിച്ചവർ ആകാം എന്നാൽ അവർ പാളയത്തിനു അകത്തുള്ള സുരക്ഷിതത്വത്തിൽ സംതൃപ്തർ ആണ്.
അതിനു കാരണം അവരിൽ പലരും മനുഷ്യരുടെ നിന്ദയും , പരിഹാസവും , ഒറ്റപ്പെടുത്തലുകളും ഭയപ്പെടുന്നവർ ആണ് . മനുഷ്യരെ പ്രസാദിപ്പിക്കയും , സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒത്തുതീർപ്പുകാർ ആണ് എന്നുള്ളതാണ്.
എന്നാൽ നാം കർത്താവിനെ യഥാർത്ഥമായി പിൻഗമിക്കുകയാണ് എങ്കിൽ ദൈവത്തിൻ്റെ വചനം ഒത്തുതീർപ്പില്ലാതെ പ്രസംഗിക്കുകയാണ് എങ്കിൽ, കർത്താവും , തൻ്റെ ശിഷ്യന്മാരെയും അപമാനിക്കപ്പെട്ടത് പോലെ നാമും അപമാനിക്കപ്പെടും.അതിനു കാരണം ഇന്നും ക്രൂശിൻ്റെ യഥാർത്ഥ സന്ദേശം ഇടർച്ച വരുത്തുന്നതാണ്.
നിങ്ങൾ ക്രൂശിൻ്റെ യഥാർത്ഥ സന്ദേശം മറയില്ലാതെ അറിയിക്കുന്ന വ്യക്തിയാണ് എങ്കിൽ നിങ്ങൾ ഒറ്റപ്പെടുകയും , ഒഴിവാക്കപ്പെടുകയും , നിന്ദിക്കപ്പെടുകയും ചെയ്യും . എന്നാൽ . എല്ലാവരും നിങ്ങളെ പുകഴ്ത്തുക ആണ് എങ്കിൽ അത് നിങ്ങൾ മനുഷ്യരെ പ്രസാദിപ്പിക്കുന്ന വ്യാജനാണ് എന്നുള്ളതിനുള്ള തെളിവാണ്
മത്താ. 5: 11 എൻ്റെ നിമിത്തം നിങ്ങളെ അപമാനിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം മഹത്തരമാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്ക് മുമ്പെ ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.
ലൂക്കൊ. 6:26 സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ
അതെ; ക്രിസ്തുവിൻ്റെ നിന്ദ ചുമക്കാൻ ആഗ്രഹമില്ലാത്തവർ. മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ, ഇന്നും പാളയത്തിനുള്ളിൽ കഴിയുന്നു. അവനെ അനുഗമിക്കുന്നവർ അവൻ്റെ നിന്ദ ചുമന്നു കൊണ്ട് പാളയത്തിനു പുറത്തു അവൻ്റെ അടുക്കൽ വരുന്നു .
14 'ഭൂമിയിൽ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാർക്കുകയാണല്ലോ.
ക്രിസ്തു നഗരത്തിനു പുറത്തു അപമാനം സഹിച്ചത് പോലെ നമുക്കും സഹിക്കാൻ കഴിയണം എങ്കിൽ , നമുക്ക് ഇവിടെ ഒരു നഗരമില്ല എന്നും വരുവാനുള്ള നഗരത്തെ നാം നോക്കി പാർക്കുന്നവർ ആകണം എന്നും ലേഖകൻ ഓർമ്മിപ്പിക്കുന്നു . അതായതു നിത്യതയെക്കുറിച്ചു യഥാർത്ഥ ബോധ്യം ഇല്ലാത്ത ഒരുവനും ക്രിസ്തുവിൻ്റെ അപമാനത്തിൽ പങ്കുകാർ ആകുവാൻ കഴിയില്ല.
15 'നമുക്ക് യേശുവിൽകൂടി നിരന്തരം ദൈവത്തിന് സ്തോത്രം അർപ്പിക്കാം. യേശുവിനെ കർത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങൾ അർപ്പിക്കുന്ന യാഗമാണത്.
ഇതുവരെയും ക്രിസ്തുവിൻ്റെ പരമ യാഗം ആണ് ലേഖകൻ വിശദീകരിച്ചത് എങ്കിൽ തന്നെ അനുഗമിക്കുന്നവർ അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ചാണ് താൻ തുടർന്ന് പറയുന്നത്
ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുന്നവരുടെ സ്തോത്ര അർപ്പണം എന്നത് അധരങ്ങൾ കൊണ്ടുള്ള യാഗം ആണ്. കാരണം അവർ പാളയത്തിനു പുറത്തു ക്രിസ്തുവിൻ്റെ കഷ്ടങ്ങളിലും അപമാനത്തിലും പങ്കാളികൾ ആണ് . എന്നാൽ അങ്ങനെയല്ലാത്തവരുടെ അധരങ്ങളിൽ നിന്നുള്ള സ്തോത്രങ്ങൾ വെറും അധര ജൽപ്പനങ്ങൾ മാത്രമായേ ദൈവം കണക്കാക്കുകയുള്ളൂ. ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെവിട്ടു അകന്നിരിക്കുന്നു എന്ന് കർത്താവ് ഇങ്ങനെയുള്ളവരെക്കുറിച്ചാണ് പറഞ്ഞത് .
16 നന്മ ചെയ്യുന്നതിലും, നിങ്ങൾക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിൽ ദൈവം പ്രസാദിക്കുന്നു.
ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുന്നവർ സ്തോത്രം എന്ന അധരങ്ങൾ കൊണ്ടുള്ള യാഗതോടൊപ്പം ചെയ്യേണ്ട മറ്റു ചില യാഗങ്ങളെ കുറിച്ചും ലേഖകൻ ഓർമ്മിപ്പിക്കുന്നു . അത് നന്മ ചെയ്യുന്നതും , നിങ്ങൾക്കുള്ളത് അന്യോന്യം പങ്കിടുന്നതും ആണ് . ഇങ്ങനെയുള്ള യാഗങ്ങളിൽ ദൈവം പ്രസാദിക്കുന്നു.
17 നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് അവർക്കു കീഴ്പ്പെട്ടിരിക്കണം. അവർ ദൈവത്തിൻ്റെ മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നു.
മുകളിൽ നാം കണ്ടത് പോലെ നിന്ദ ചുമന്നു കൊണ്ട് പാളയത്തിനു പുറത്തേക്കു ക്രിസ്തുവിനെ പിൻഗമിക്കുന്നവർ ആണ് യഥാർത്ഥത്തിലുള്ള ആത്മീയ നേതാക്കൾ. അങ്ങനെയുള്ളവരെ അനുസരിക്കുകയും അവർക്കു കീഴടങ്ങി ഇരിക്കുകയും ചെയ്യണം എന്ന് ലേഖകൻ ഓർമ്മിപ്പിക്കുന്നു .
ക്രിസ്തുവിനെ പിൻഗമിക്കുന്ന ഒരുവനിൽ ഉണ്ടാകുന്ന വേറൊരു അതിപ്രധാനമായ ലക്ഷണമാണ്, ആത്മീയരായ നേതൃത്വത്തിന് കീഴടങ്ങുക എന്നത്. ദൈവം വച്ചിരിക്കുന്ന യഥാർത്ഥ ആത്മീയ നേതൃത്വത്തിന് കീഴടങ്ങാതെ അവർക്കെതിരെ മത്സരിക്കുന്നത് ദൈവം വെറുക്കുന്ന വലിയ പാപമാണ്
ആത്മീയരായ നേതാക്കളുടെ ഒരു ലക്ഷണം അവർ തങ്ങൾക്കു കീഴടങ്ങിരിക്കുന്നവരെ കുറിച്ച് ഉത്തരവാദിത്വബോധം ഉള്ളവർ ആയിരിക്കും എന്നതാണ്. തങ്ങളുടെ പരിപാലനത്തിൽ ദൈവം തന്നിരിക്കുന്ന ഓരോരുത്തരെക്കുറിച്ചും അവർക്കു ദൈവസന്നിധിയിൽ കണക്കു കൊടുക്കേണ്ടവർ ആണ് എന്നുള്ള ബോധ്യത്തിൽ അവർ ഉപദേശിക്കുകയും , പ്രബോധിപ്പിക്കുകയും ഉത്സാഹിപ്പിക്കുകയും , തർജ്ജനം ചെയ്യുകയും , ശാസിക്കുകയും, ശിക്ഷണം കൊടുക്കുകയും ചെയ്യുന്നു .
17 അവർ സന്തോഷപൂർവം അതു ചെയ്യുവാൻ ഇടയാക്കുക. സങ്കടത്തോടുകൂടിയാണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് അതു പ്രയോജനശൂന്യമായിരിക്കും
യഥാർത്ഥമായ ആത്മീയ നേതാക്കൾ തങ്ങളുടെ ഉത്തരവാദിത്വത്തിൽ ഉള്ളവരെക്കുറിച്ചു ദൈവത്തിനു കണക്കു കൊടുക്കുമ്പോൾ രണ്ടു രീതിയിൽ ആകുവാൻ സാധ്യത ഉണ്ട്. ഒന്ന് സന്തോഷത്തോടെ അല്ലെങ്കിൽ സങ്കടത്തോടെ .
എന്നാൽ അവർ അത് ചെയ്യുന്നത് സന്തോഷപൂർവ്വം ആയിരിക്കാൻ ഇടയാക്കണം എന്ന് ലേഖകൻ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു . എന്നാൽ പലപ്പോഴും വിശ്വാസികൾ കീഴടങ്ങാത്തവർ ആകയാൽ അവർക്കു അത് സങ്കടത്തോടുകൂടിയാണ് ചെയ്യേണ്ടി വരുന്നത്. എന്നാൽ അവർ അത് സങ്കടത്തോടെ ചെയ്താലും ദൈവം അവർക്കുള്ള പ്രതിഫലം കൊടുക്കും , എന്നാൽ അതിനു ഇടയാക്കുന്നവർക്ക് അത് നന്നായി വരില്ല എന്ന മുന്നറിയിപ്പ് ലേഖകൻ കൊടുക്കുന്നു .
18 ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. എപ്പോഴും ശരിയായതു ചെയ്യണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് സ്വച്ഛമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് നിസ്സംശയം പറയാം. .
നല്ല മനസാക്ഷി എന്നത് വിശ്വാസജീവിതത്തിൽ നമുക്ക് ഉണ്ടാവേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് . അതിനർത്ഥം നമ്മൾ എല്ലാം തികഞ്ഞവർ ആകണം എന്നല്ല .ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹവും കാപട്യം ഇല്ലാതതുമായ ഒരു മനഃസാക്ഷിയും വിശ്വാസികൾക്ക് എല്ലാം ഉണ്ടായിരിക്കണം . തനിക്കു അത് ഉണ്ട് എന്നു ലേഖകൻ ഉറപ്പിച്ചു പറയുന്നു . അതില്ലാത്തവരുടെ വിശ്വാസ കപ്പൽ തകർന്നു പോയി എന്ന് നമുക്ക് തിരുവചനത്തിൽ കാണുവാൻ കഴിയും.
1 തിമൊ. 1:1 9ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽഛേതം സംഭവിച്ചതുപോലെ അവരുടെ വിശ്വാസം തകർന്നുപോയി; 20ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു
19 ഞാൻ നിങ്ങളുടെ അടുക്കൽ വേഗത്തിൽ വീണ്ടും വരേണ്ടതിന് നിങ്ങൾ പ്രാർത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.
നമുക്കും ദൈവത്തിനും മധ്യസ്ഥനായി , മഹാപുരോഹിതനായി ക്രിസ്തു എപ്പോഴും പിതാവിനോട് പ്രാർത്ഥിക്കുന്നു. എന്നാൽ സഭയിൽ ഉള്ളവർ തമ്മിൽ തമ്മിൽ ഭാരങ്ങൾ ചുമന്നു കൊണ്ട് പ്രാർത്ഥിക്കേണം എന്ന് ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നു .
ഇന്ന് പലയിടത്തും , ക്രിസ്തു എന്ന മഹാപുരോഹിതൻ്റെ സ്ഥാനത്തു ആണ് സഭയിലെ നേതാക്കൾ സ്വയം അവരോധിച്ചിരിക്കുന്നതു , വിശ്വാസികൾ എപ്പോഴും അവരിൽ ആശ്രയിച്ചു ആത്മീയ ജീവിതം നയിക്കേണം എന്നും അവർ മാത്രം വിശ്വാസികൾക്ക് വേണ്ടി പ്രാത്ഥിക്കേണ്ടവർ ആണ് എന്നും അവർ ചിന്തിക്കുന്നു. ആത്മീയമായി ഒരിക്കലും വളരാത്ത ശൈശവസ്ഥയിൽ ഉള്ള വിശ്വാസികൾ സഭയിലെ പാസ്റ്റർ അല്ലെങ്കിൽ പുരോഹിതൻ , തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ദൈവത്തിനും ജനത്തിനും ഇടയിൽ ഉള്ള മധ്യസ്ഥൻ ആണ് എന്ന് ചിന്തിക്കുന്നു .എന്നാൽ പ്രാർത്ഥന അടക്കമുള്ള ദൈവസഭയിലെ എല്ലാ ശുശ്രൂഷകളും അന്യോന്യം നിർവ്വഹിക്കപ്പെടേണ്ടവയാണ് . അതിനാൽ ഇവിടെ ലേഖകൻ സഭയിലെ വിശ്വാസികളോട് പ്രാർത്ഥന ആവശ്യപ്പെടുന്നു .