
ചോദ്യം 9 : ദൈവം ചിലരെ വിശ്വാസത്താൽ ജീവിക്കുവാൻ വിളിച്ചിരിക്കുകയല്ലേ? , അങ്ങനെയുള്ളവർക്ക് ഭൗതിക ജോലി ചെയ്യാൻ സാധ്യമാണോ ?
====================================================================
ഉത്തരം : ഈ വിഷയത്തിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള, തെറ്റിദ്ധരിപ്പിച്ചു പഠിപ്പിക്കുന്ന വാക്യമാണ് 'വിശ്വാസത്താൽ ജീവിക്കുക' എന്നത് . ഈ വാക്യം സഭയിലെ പാസ്റ്റർക്കു മാത്രം ബാധകമാണ്. ആ വാക്യത്തിൻ്റെ അർഥം ജോലി ചെയ്യാതെ ജീവിക്കുക എന്നതാണ് അതിനാൽ സഭയിലെ പാസ്ടർക്ക് ജോലി ചെയ്യാതെ വിശ്വാസികളുടെ പണത്താൽ ഉപജീവനം നടത്തുവാൻ കഴിയും, അതിനെ യാണ് 'വിശ്വാസത്താൽ ജീവിക്കുക' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നാണ് മിക്കവരും മനസ്സിലാക്കി വച്ചിരിക്കുന്നത് .
എന്നാൽ അത് പൂർണ്ണമായും തെറ്റാണു . വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടുള്ള എല്ലാവരും , അഥവാ വിശ്വാസികൾ എല്ലാവരും ജീവിക്കേണ്ട ജീവിത രീതിയാണ് വിശ്വാസത്താൽ ജീവിക്കുക എന്ന വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് . അതിനർത്ഥം ദൈവത്തിലുള്ള ആശ്രയത്തിൽ ജീവിക്കുക എന്നേയുള്ളൂ
എബ്രാ. 10: 38 എന്നാൽ “എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല” എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ? നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
ഈ വാക്യത്തിൻ്റെ അടിസ്ഥാനത്തിൽ വിശ്വാസത്താൽ ജീവിക്കാത്ത എല്ലാവരും പിന്മാറ്റക്കാർ ആണ്. അതിനാൽ ഈ വാക്യം പ്രത്യേകമായി പാസ്റ്റർക്കു മാത്രമുള്ളതോ , ഭൗതിക ജോലിയുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളതോ അല്ല .
അത് പോലെ ഈ വാക്യത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ വിശ്വാസികളും വിശ്വാസത്താൽ ജീവിക്കേണ്ടവർ ആണ്, വിശ്വാസത്താൽ ജീവിക്കുക എന്നത് ഭൗതിക ജോലി ചെയ്യാതെ ജീവിക്കുക എന്നതാണ് എങ്കിൽ , എല്ലാ വിശ്വാസികളും ജോലി ചെയ്യാതെ വിശ്വാസത്താൽ ജീവിച്ചാൽ ആ സഭയിലെ പാസ്റ്റർക്കു എങ്ങനെ വിശ്വാസികളുടെ പണത്തിൽ ഉപജീവനം നടത്താൻ കഴിയും ?
അതിനാൽ ഭൗതികമായ ജോലി ചെയ്യാതെ വിശ്വാസികളുടെ പണത്തിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വ്യക്തികൾ ദൈവത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്നവർ അല്ല , പകരം വിശ്വാസിക ളുടെ പണത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്നവർ ആണ്.
===================================================================
ചോദ്യം 10: ദൈവത്തിൻ്റെ ദാസന്മാർ ദൈവത്തെ അല്ലെ സേവിക്കേണ്ടത് ? അവർ ഭൗതികമായ ജോലി ചെയ്തു മനുഷ്യരെ സേവിക്കുന്നതു കലപ്പക്ക് കൈവച്ച ശേഷം പിന്മാറുന്നതിനു തുല്യമല്ലെ?
===================================================================
ദൈവസഭയുടെ മൂപ്പന്മാർ കൈ കൊണ്ട് വേല ചെയ്യണം എന്ന് പറയുമ്പോൾ അവർ ഏതെങ്കിലും മനുഷ്യരുടെ കീഴിൽ ജോലി ചെയ്യണം എന്ന് നിര്ബന്ധമില്ല . കൃഷിയോ , കച്ചവടമോ, കൈത്തൊഴിലോ , എന്ത് തൊഴിലും ചെയ്യാൻ അവർ സന്നദ്ധർ ആയിരിക്കണം.
എന്നാൽ 'വിശ്വാസത്താൽ ജീവിക്കുക' എന്ന വാക്യം പോലെ വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദം ആണ് ആണ് ദൈവത്തിൻ്റെ ദാസന്മാർ എന്നത് . ദൈവത്തിൻ്റെ ദാസന്മാർ പാസ്റ്റർമാർ മാത്രം ആണ് എന്നതും, മനുഷ്യരുടെ കീഴിൽ ജോലി ചെയ്യുന്നത് ദൈവദാസന്മാർക്കു പറ്റില്ല എന്നതും ആണ് വ്യാഖ്യാനം . താഴെയുള്ള വാക്യങ്ങൾ ശ്രദ്ധിക്കുക
റോമ. 6:17, 18 എന്നാൽ നിങ്ങൾ പാപത്തിന്‍റെ ദാസന്മാർ ആയിരുന്നു വെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയ പൂർവ്വം അനുസരിച്ച്, പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാ രായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.
റോമ. 6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അനന്തരഫലം നിത്യജീവനും ആകുന്നു. '
ഈ വാക്യങ്ങൾ വ്യക്തമാക്കുന്നത് പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച എല്ലാ ദൈവമക്കളും ദൈവത്തിൻ്റെ ദാസന്മാർ ആണ് . അവർ ഭൗതികമായ ജോലി ചെയ്യുന്നതു വഴിയും അവർ ദൈവത്തെ സേവിക്കുകയാണ്.
എഫെ. 6 :6 മനുഷ്യർ ശ്രദ്ധിക്കുമ്പോൾ മാത്രം അവരെ പ്രസാദിപ്പിക്കുന്നവരെ പ്പോലെ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും, മനുഷ്യരെയല്ല, കർത്താവിനെ തന്നെ സന്തോഷത്തോടെ സേവിച്ചുംകൊണ്ട് അനുസരിക്കുവിൻ
അതിനാൽ ദൈവദാസന്മാർ ഭൗതികമായ ജോലി ചെയ്യുന്നത് പിന്മാറ്റമല്ല ദൈവവചന ഉപദേശത്തിൻ്റെ ഉപദേശം അനുസരിക്കലാണ് .
===================================================================
ചോദ്യം 11 - ഈ പറഞ്ഞതൊക്കെ തത്വത്തിൽ ശരിയാണ് എന്ന് സമ്മതിക്കാം, എന്നാൽ ഇത് ഇന്ന് പ്രായോഗികമായി സാധ്യമാണോ ?
===================================================================
ഉത്തരം: ലേഖനത്തിൻ്റെ മുഖവുരയിൽ പറഞ്ഞത് പോലെ ഈ പറയുന്ന കാര്യങ്ങളും, പുതിയ നിയമത്തിലെ മറ്റു പല കാര്യങ്ങളും ഒന്നും തന്നെ ഇന്നത്തെ സഭകളുടെ സംഘടനാ സംവിധാനത്തില്‍ പ്രായോഗികമല്ല എന്ന് ഞാന്‍ സമ്മതിക്കുന്നു. അതിന് കാരണം ദൈവവചനം അതുപോലെ പ്രായോഗികമാക്കാൻ കഴിയാത്ത ദൈവവചന വിരുദ്ധമായ കേന്ദ്രീകൃത സംഘടനാ വ്യവസ്ഥിതിയില്‍ ആണ് ഇന്നത്തെ ഒട്ടു മിക്ക സഭകളും നിലനില്‍ക്കുന്നത് എന്നതാണ്.
ഇത്തരം കേന്ദ്രീകൃത സംഘടന നിയമിക്കുന്ന, മൂന്നു വർഷം തികയുമ്പോൾ സ്ഥലം മാറ്റുന്ന, സംഘടനയുടെ ശമ്പളക്കാരന്‍ അയ ഏകാംഗ പാസ്റ്റർക്ക് / പുരോഹിതന് സംഘടനയുടെയോ സഭയുടെയോ ശമ്പളമില്ലാതെ ജീവിക്കുക എന്നത് ഒരിക്കലും ചിന്തിക്കുവാൻ സാധ്യമല്ല.
മാത്രമല്ല ആദിമ സഭയിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഏകാംഗ വ്യക്തിയുടെ ചുമതലയിൽ സഭയിലെ ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങളും ആയിരിക്കുകയാല്‍ ഭൌതിക ജോലി ചെയ്യുക എന്നത് പ്രായോഗികമായി അവര്‍ക്ക് അസാധ്യമാണ്.
അതിനാൽ ഇന്ന് നിലനില്‍ക്കുന്ന കേന്ദ്രീകൃത സംഘടന വ്യവസ്ഥിതിയില്‍ ഈ പറയുന്ന ഒരു കാര്യവും പ്രാവര്‍ത്തികം ആകുകയില്ല. ഈ വ്യവസ്ഥിതിയുടെ ഭാഗമായതിനാല്‍ ഇതിനോട് ചേര്‍ന്ന് പോകുവാന്‍ നിര്‍ബന്ധിതര്‍ ആയ അനേകം ആത്മാര്‍ത്ഥതയുള്ള യഥാർത്ഥമായി ദൈവവേല ചെയ്യുന്ന ദൈവദാസന്മാരും ഇതില്‍ ഉണ്ട് എന്നുള്ള കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. അവര്‍ തെറ്റായ വ്യവസ്ഥിതിയിലെ ശരിയായ ദൈവദാസന്മാര്‍ ആണ്.പുതിയ നിയമ ഉപദേശങ്ങൾ പുതിയ നിയമ മാതൃകയിൽ ഉള്ള സഭകളിൽ മാത്രമാണ് പ്രായോഗികം
ഇത്തരം പഴയ വ്യവസ്ഥിതിയില്‍, പുതിയ നിയമ സഭയുടെ ഉപദേശം പ്രാവര്‍ത്തികമാവുകയില്ല. അതിനാലാണ് കർത്താവ് ഇങ്ങനെ പറഞ്ഞത് "പുതിയ വസ്ത്രം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല, തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും. ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും. പുതിയ വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല. പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും, തുരുത്തിയും നശിച്ചുപോകും" (മത്തായി 9:16,17)
പുതിയ ഉടമ്പടിയുടെ സന്ദേശം, പുതിയ നിയമ സഭയുടെ ഉപദേശം പഴയ തുരുത്തികള്‍ ആകുന്ന വ്യവസ്ഥിതിയില്‍ പകരാന്‍ ശ്രമിച്ചാല്‍, കര്‍ത്താവ് മുന്നറിയിപ്പ് തന്നത് പോലെ തുരുത്തി പൊളിയും, വീഞ്ഞ് ഒഴുകിപ്പോകും. വസ്ത്രം കീറും, ചീന്തല്‍ ഏറ്റവും വലിയതാകും.പഴയ തുരുത്തിയിൽ പുതിയ വീഞ്ഞു ഒഴിച്ചുവയ്ക്കാൻ ശ്രമിച്ചാൽ; തുരുത്തി പൊളിയും എന്ന് അറിയാവുന്നതിനാല്‍ പഴയ തുരുത്തി എന്ന സംഘടനയുടെ ശമ്പളത്തിലും സുരക്ഷിതത്വത്തിലും കഴിയുന്ന, വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന അഭിനവ പുരോഹിതന്മാരും പരീശന്മാരും ഈ സന്ദേശത്തെ എതിർക്കുകയും ഇത് പറയുന്നവരെ ക്രൂശിക്കാൻ ശ്രമിക്കുകയും ചെയ്യും. (മത്തായി 7:6)
===================================================================
ചോദ്യം 12 - എന്താണ് ഇതിനു പരിഹാരം?
===================================================================
ഉത്തരം : ദൈവസഭ അതിന്‍റെ ആദിമ മാതൃകയിലേക്ക് മടങ്ങിപ്പോകുക എന്നത് മാത്രമാണ് ഇത്തരം എല്ലാ കാര്യങ്ങൾക്കുമുള്ള പരിഹാരം. ഒരു നവീകരണം അല്ല ദൈവിക സത്യങ്ങളുടെ പുനഃസ്ഥാപനം ആണ് ഇനി നമുക്ക് ആവശ്യം (Not a reformation but a complete restoration).
ദൈവസഭ ആദിമ ദൈവസഭയുടെ മാതൃകയിലേക്ക് പുനഃസ്ഥാപിക്കപ്പെട്ടാല്‍ ആ പുതിയ തുരുത്തിയിൽ പുതിയ നിയമ ഉപദേശം എന്ന പുതിയ വീഞ്ഞ് ഒഴിച്ചു വയ്ക്കുവാൻ കഴിയും. അതിനാലാണ് ദൈവസഭയെ സത്യത്തിന്‍റെ തൂണും അടിസ്ഥാനവും എന്ന് വിളിക്കുന്നത്. ആ സത്യം പുതിയ ഉടമ്പടിയുടെ സന്ദേശമാണ്, അത് ദൈവഭക്തിയുടെ മര്‍മ്മമാണ്. ദൈവസഭ അതിനെ താങ്ങി നിര്‍ത്തുന്ന ദൈവാലയം ആണ് (1 തിമോത്തിയോസ് 3:16)
യഹൂദ സമൂഹമായ പഴയ തുരുത്തികൾക്കു, കർത്താവിനെയും, ക്രൂശിൻ്റെ യഥാർത്ഥ സന്ദേശത്തെയും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവർ ആ സന്ദേശത്തെയും , സന്ദേശവാഹകനെയും പാളയത്തിനു പുറത്താക്കി ക്രൂശിച്ചു കൊന്നു.
നാം ദൈവത്തിൻ്റെ വചനം ഒത്തുതീർപ്പില്ലാതെ പ്രസംഗിക്കുകയാണ് എങ്കിൽ, പഴയ തുരുത്തിയുടെ വക്താക്കൾ ആയ അഭിനവ പരീശന്മാർ കർത്താവിനെയും, തൻ്റെ ശിഷ്യന്മാരെയും ആക്രമിച്ചത് പോലെ നമ്മെയും ആക്രമിക്കും.
കാരണം ഇന്നും പഴയ തുരുത്തികൾക്ക് ക്രൂശിൻ്റെ യഥാർത്ഥ സന്ദേശം ഇടർച്ച വരുത്തുന്നതാണ്. അതിനാൽ ദൈവകൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കാനും, തൻ്റെ നിന്ദ സഹിച്ചു കൊണ്ട് ഇത്തരം പഴയ തുരുത്തികളായ പാളയത്തിനു പുറത്തു വരാനും കർത്താവ് ആവശ്യപ്പെടുന്നു. എബ്രാ. 13:9 , 13
എന്നാൽ ഇത്തരം മാനുഷിക സംഘടനകളാകുന്ന പാളയങ്ങങ്ങളുടെ, തുരുത്തികളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവർ, ക്രിസ്തുവിൻ്റെ നിന്ദ ചുമക്കാൻ ആഗ്രഹമില്ലാത്തവർ. മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ, വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ , ഇവരെല്ലാം പഴയ വീഞ്ഞിനെ കുടിച്ചു അതിൽ തൃപ്തരായി പഴയ തുരുത്തികളിൽ കഴിയുന്നു.
യഥാര്‍ത്ഥത്തിലുള്ള പുതിയ ഉടമ്പടിയുടെ സന്ദേശം വഹിക്കുവാനുള്ള പുതിയ തുരുത്തികള്‍ ആണ് ഈ തലമുറയുടെ ഏറ്റവും വലിയ ആവശ്യകത. ഇന്ന് ഏറ്റവും ദുര്‍ലഭമായി കൊണ്ടിരിക്കുന്നത് പുതിയ തുരുത്തിയാകുന്ന ക്രിസ്തുവിന്‍റെ ശരീരമായ ദൈവസഭയെ പറ്റിയുള്ള വെളിപ്പാടാണ്, ഉപദേശമാണ്.
അവിടെ മാത്രമേ ദൈവവചന പ്രകാരമായ ഉപദേശങ്ങള്‍ പൂര്‍ണ്ണമായും പഠിപ്പിക്കുവാനും പാലിക്കുവാനും സാധ്യമാകുകയുള്ളു.
കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ !!