Articles

സുവിശേഷ വേലയും ഭൗതിക ജോലിയും - ഭാഗം 2

Date Added : 09-04-2025
Download Format:

സുവിശേഷ വേലയും ഭൗതിക ജോലിയും - ഭാഗം 2

Jinu Ninan

 

================================================================

ചോദ്യം 5   - പ്രാദേശിക ദൈവസഭയിലെ പാസ്റ്റർമാർ വിശ്വാസികളിൽ നിന്നും ഒരു സാമ്പത്തിക സഹായവും സ്വീകരിക്കാൻ പാടില്ല എന്നാണോ പറയുന്നത്?

================================================================

ഉത്തരം : അല്ല ,   പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും ശുശ്രൂഷകൻമാരും വിശ്വാസികളില്‍  നിന്നു സാമ്പത്തികമായ ഒരു സഹായവും  സ്വീകരിക്കാൻ പാടില്ല എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല, പകരം അത് സ്വീകരിക്കാം എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്‌. എന്നാൽ അത് കൊണ്ട് മാത്രം ഉപജീവിക്കുവാനോ അത്  ജോലി ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവ് ആയോ  ദൈവവചനം പഠിപ്പിക്കുന്നില്ല.

 

പ്രാദേശിക സഭയിലെ മൂപ്പന്മാർ വചനത്തിലും പ്രസംഗത്തിലും (അതായത് സഭയ്ക്കുള്ളിലെ വചന ശുശ്രൂഷയിലും  പുറത്തുള്ള സുവിശേഷ പ്രസംഗത്തിലും ) കൂടുതൽ അധ്വാനിക്കുന്നവർ ആണ് എങ്കിൽ, അവരെ അധികം മാനിക്കണമെന്നും സ്നേഹത്തോടെ കരുതണമെന്നും ഭൌതിക നന്മകൾ അവരുമായി പങ്കുവയ്ക്കണം എന്നും  ദൈവ വചനം പഠിപ്പിക്കുന്നു. വചനം പഠിക്കുന്നവർ പഠിപ്പിക്കുന്നവർക്കു അവരുടെ നന്മയിൽ ഓഹരി കൊടുക്കണം എന്നു ദൈവവചനം പറയുന്നു. (1 തിമൊഥെയൊസ് 5:17; ഗലാത്യർ 6: 6)

 

എന്നാൽ ഇതു ജോലി ചെയ്യാതെ സ്ഥിരമായി സഭയുടെ ചെലവില്‍ മാത്രം  ജീവിക്കുവാനുള്ള ഒഴികഴിവ് അല്ല. നാം കണ്ടത് പോലെ ജോലി ചെയ്യാതെ വിശ്വാസികളിൽ നിന്നുള്ള സാമ്പത്തിക സഹായത്താൽ ജീവിക്കാൻ അധികാരമുള്ള അപ്പൊസ്തലൻ സ്വന്തം കൈകൾ കൊണ്ട് ജോലി ചെയ്ത് ദൈവസഭയിലെ മൂപ്പന്മാർക്ക് അനുകരിക്കാൻ ഒരു ഉത്തമ മാതൃക നൽകിയിരിക്കുന്നു.

 

മാത്രമല്ല താൽക്കാലിക സാമ്പത്തിക സഹായവും ,  അവിശ്വാസികളിൽ നിന്നോ തങ്ങളുടെ ശുശ്രൂഷയിൽ കൂടി ആത്മീകമായി അനുഗ്രഹിക്കപ്പെട്ടവരിൽ നിന്നോ അല്ലാതെ സ്വീകരിക്കുന്നത് ദൈവവചനം വ്യക്തമായി വിലക്കുന്നു (3 യോഹ. 1:7, 1 കൊരി. 9:11)

 

എല്ലാ കാര്യത്തിലും പൊതുതത്വവും ( Rule ) പ്രത്യേക സാഹചര്യങ്ങളിൽ ഇളവും ( exception ) ഉണ്ട്. ഒരു സഭയുടെ അനിതരസാധാരണമായ സാഹചര്യത്തില്‍ ഭൌതിക ജോലി ചെയ്യാതെ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുകയും, സഭയുടെ സാമ്പത്തിക സഹായത്താല്‍ മാത്രം ജീവിക്കുകയും ചെയ്യുന്ന മൂപ്പന്‍മാര്‍‍ ഇന്ന്  ഉണ്ടാകാം.എന്നാൽ അത് ഒരു പൊതുതത്വമായി എടുക്കാൻ കഴിയില്ല. ആദിമ ദൈവസഭയില്‍ അങ്ങനെ  ആയിരുന്നില്ല.

 

എന്നാൽ ഇന്ന് ദൈവസഭയിലെ മൂപ്പൻ അല്ലെങ്കിൽ പാസ്റ്റർ ജോലി ചെയ്യാതെ സഭയുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കുകയെന്നത്   പൊതു തത്വവും സാധാരണവും ജോലി ചെയ്യുന്നത് അത്യപൂർവ്വമായ കാര്യവുമാണ്.

 

ചുരുക്കത്തിൽ പുതിയ നിയമത്തിൽ ജോലി ചെയ്യാതെ സഭയുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കുവാനുള്ള ഒഴിവു  ദൈവസഭയിലെ മൂപ്പന്മാർക്കു അഥവാ പാസ്റ്റർമാർക്ക്  ഇല്ല. തങ്ങളുടെ ആത്മീയ ശുശ്രൂഷകൾ മൂലം ആത്മീകമായി അനുഗ്രഹിക്കപ്പെട്ട  വിശ്വാസികളിൽ നിന്നു മാത്രം അവർക്കു അത്യാവശ്യ  സഹായം സ്വീകരിക്കാനുള്ള അനുവാദം ഉണ്ട് എങ്കിലും, പൂർണ്ണമായും വിശ്വാസികളുടെ ചെലവിൽ ജീവിക്കുവാനോ, ജോലി ചെയ്യാതെ ഇരിക്കുവാനോ, അവിശ്വാസികളിൽ നിന്നോ തങ്ങളുടെ ശുശ്രൂഷയിൽ ആത്മീയ അനുഗ്രഹം പ്രാപിച്ചിട്ടാല്ലാത്ത വിശ്വാസികളിൽ നിന്നു ഏതെങ്കിലും  സാമ്പത്തിക സഹായം സ്വീകരിക്കാനോ  ദൈവവചനത്തിൽ അവർക്കു വ്യവസ്ഥ ഇല്ല.

 

================================================================

ചോദ്യം 6    - ദൈവം ചിലരെ 'പൂർണ്ണസമയ' സുവിശേഷ വേലക്കു വിളിച്ചാൽ അവർക്കു  ഭൗതിക ജോലി ചെയ്യാൻ കഴിയുമോ ?

================================================================

 

ഉത്തരം : ദൈവവചനത്തിൽ ഫുൾ ടൈം , പാർട്ട് ടൈം എന്നിങ്ങനെ വേർതിരിച്ചുള്ള ദൈവവേല ഇല്ല. ദൈവിക ശുശ്രൂഷ മാത്രമേ ഉള്ളൂ. ഭൗതികമായ ജോലികൾ ഒന്നും ചെയ്യാതെ ഇരിക്കുന്നതിന് ചിലർ  പറയുന്ന ന്യായം മാത്രമാണ്  ‘ദൈവം  അവരെ പൂര്‍ണ്ണ സമയ സുവിശേഷ വേലയ്ക്ക്  വിളിച്ചതിനാല്‍‘ അവര്‍ ജോലി ചെയ്യില്ല എന്നാണ്.

 

മാത്രമല്ല ഫുൾ ടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്ന ആരും  ഫുൾ ടൈം അഥവാ 24 മണിക്കൂർ സുവിശേഷവേല ചെയ്യുന്നവർ അല്ല എന്ന് നമുക്ക് അറിയാം. അത് മനുഷ്യ സാധ്യവുമല്ല.

 

സാധാരണ ഭൗതിക ജോലി ചെയ്യുന്നവർ ദിവസേന എട്ടു മണിക്കൂർ വച്ച് ആറു ദിവസം ജോലി ചെയ്യുന്നവരാണ്. പക്ഷെ പൂര്‍ണ്ണസമയ മിനിസ്ട്രി ചെയ്യുന്നു എന്നു പറയുന്ന പലരും ദിവസം രണ്ടു മണിക്കൂർ പോലും സുവിശേഷവേല ചെയ്യുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.

 

ചുരുക്കത്തിൽ അവർ ജോലിയോ സുവിശേഷവേലയോ  ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചു അവിശ്വാസികളുടെ മുൻപിൽ ദൈവനാമത്തിനു ദോഷമായി ജീവിക്കുന്നു. ആരും അങ്ങനെ ആകരുത് എന്ന് അപ്പൊസ്തലന്മാർ കല്പിച്ചിരുന്നു.

 

1തെസ്സലോനിക്യർ 4:12 ഞങ്ങൾ നേരത്തെ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല.

 

പൗലോസിൻ്റെ ഈ അപ്പൊസ്തലിക ഉപദേശം അനുസരിക്കാത്തതിനാൽ ഇന്ന് പലർക്കും  മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നു. വിശ്വാസികൾ അല്ലാത്തവരിൽ നിന്നും ബഹുമാനവും ലഭിക്കുന്നില്ല.യഥാർത്ഥത്തിൽ വിശ്വാസികൾ അല്ലാത്തവരിൽ നിന്നും ബഹുമാനം ലഭിക്കുന്നില്ല എന്നതിലുപരി  പലപ്പോഴും ദൈവവേല എന്നത് വെറും പണസമ്പാദനമാർഗ്ഗം ആണ് എന്ന്  വിശ്വാസികൾ അല്ലാത്തവർക്ക് തോന്നുവാനും അത് വഴി ദൈവനാമം ദുഷിക്കപ്പെടുവാനും ഇത്തരക്കാർ ഇടയാക്കിയിട്ടുണ്ട്.

 

ഇന്ന് ഫുൾടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്നവർക്ക് പലർക്കും തീർച്ചയായും ഒരു പാർട്ടൈം ജോലി എങ്കിലും ചെയ്യാവുന്നവരാണ്. എന്നാൽ അതിനുള്ള സമയം ഉണ്ട് എങ്കിലും, സുവിശേഷവേല ചെയ്യുന്നവർ ജോലി ചെയ്യാൻ പാടില്ല എന്ന തെറ്റായ ധാരണ നിമിത്തം പലരും ഒരു ജോലിയും  ചെയ്യാത്തവരായി മടിയന്മാരും അലസന്മാരും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരും  ആയി തീരുന്നു.

 

ചുരുക്കത്തില്‍‍ ചിലരുടെ എങ്കിലും  കാര്യത്തിൽ ഫുള്‍ ടൈം സുവിശേഷ വേല എന്നത് ഫുള്‍ ടൈം ജോലി ചെയ്യാതെ, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുക എന്നതിന്‍റെ പര്യായം ആയി മാറിയിരിക്കുന്നു. ഇങ്ങനെയുള്ളവരോട് അകന്നു മാറുവാന്‍ അപ്പൊസ്തലന്മാര്‍ പ്രബോധിപ്പിക്കുന്നു.

 

2. തെസ്സലൊനീക്യർ 3: 10, 11 ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ  “ജോലി ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ.  നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു. അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയും ചെയ്യുന്നു.ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ.

 

ആത്മാര്‍ഥമായി സുവിശേഷ വേല ചെയ്യുന്നവരുടെ കാര്യം അല്ല ഇവിടെ  പരാമര്‍ശിക്കുന്നതു. ദൈവത്താല്‍ വിളിക്കപ്പെട്ടു ദൈവസഭയാല്‍ അയക്കപ്പെട്ടു  ആത്മാര്‍ത്ഥമായി ത്യാഗ മനോഭാവത്തോടെ പ്രവർത്തിക്കുന്ന  അനേകം സുവിശേഷകര്‍ ഉണ്ട്. അങ്ങനെ ഉള്ളവരും തങ്ങൾക്കു കഴിയുന്ന  ജോലി ചെയ്യേണ്ടതാണ്. അവരെ  അയച്ച  സഭ  അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്ന, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നവരുടെ  കാര്യമാണ് പറയുന്നത്.

 

യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ വിളി എന്നത്  ഭൗതിക  ജോലി ചെയ്യാതിരിക്കാനോ, ചെയ്യാനോ ഉള്ള വിളിയല്ല എന്നത് പലര്‍ക്കും അറിയില്ല. ദൈവത്തിൻ്റെ വിളിയും ഭൗതിക  ജോലിയും തമ്മിൽ ഒരു ബന്ധവുമില്ല.

 

ദൈവീക വിളി, അധവാ നിയമനം  ശുശ്രൂഷക്ക് വേണ്ടിയാണു. വിളിയുടെ പ്രത്യേകത അനുസരിച്ച്, വേലയുടെ സാഹചര്യം അനുസരിച്ച് ചിലപ്പോള്‍ ചിലര്‍ക്ക് അവര്‍ ചെയ്യുന്ന ജോലി മാറുകയോ  ഒരു പക്ഷേ വിടുകയോ ചെയ്യേണ്ടി  വന്നേക്കാം എന്ന് മാത്രം. അല്ലാതെ ജോലി ചെയ്യാതെ ഇരിക്കുവാന്‍ മാത്രം ഒരു വിളിയുമില്ല. (അപ്പൊ. പ്രവൃത്തികള്‍ 13:2, മത്തായി 4 :19 ).

 

എൻ്റെ അനുഭവത്തിൽ ഫുൾ ടൈം മിനിസ്ട്രിക്കു ദൈവം വിളിച്ചിരിക്കുന്നു എന്ന് പറയുന്ന പലരും  ദൈവം വിളിച്ചതു കൊണ്ടല്ല  അല്ല , ചിലർ സുവിശേഷ വേല മേലനങ്ങാതെ പണ സമ്പാദനത്തിനു നല്ല മാർഗ്ഗം ആണ് എന്ന് കണ്ടു ഇറങ്ങിയ 'വേലക്കാർ ' ആണ് .

 

മറ്റു ചിലർ ആത്മാർഥതയോടെ ആണ് എങ്കിലും  ചില പ്രാസംഗികരുടെ പ്രേരണയാൽ ഉള്ള ജോലി ഉപേക്ഷിച്ചോ, പഠന ശേഷം   ജോലിക്കു പോകാതെയോ സുവിശേഷ വേലക്ക് ഇറങ്ങുന്നവർ ആണ് .ഇത്തരക്കാർ  വളരെ വർഷങ്ങൾക്കു  ശേഷം വൈകി ഇത്  തെറ്റായ തീരുമാനം ആയിരുന്നു എന്ന് തിരിച്ചറിയുകയും പിന്നീട് ഒരു ജോലി ലഭിക്കാത്തതിനാൽ 'സുവിശേഷ വേല' ഉപജീവനം ആയി തുടരുന്നവരും ഉണ്ട്.

 

അതിനാൽ  ഒരു ഭൗതിക ജോലി ഉപേക്ഷിച്ചു സുവിശേഷ വേലയ്ക്കു ഇറങ്ങുന്നവർ നിങ്ങളെ വ്യക്തമായി ദൈവം അതിനായി വിളിച്ചുവോ എന്ന് ഉറപ്പു വരുത്തുക. അതോടൊപ്പം ദൈവത്തിൻ്റെ വിളി എന്നത് ഒരിക്കലും ജോലി ചെയ്യാതെ ഇരിക്കാനുള്ള വിളി അല്ല എന്നും മനസിലാക്കുക . അല്ല, എങ്കിൽ ഇന്നുള്ള അനേക ' ഫുൾ ടൈം '  ശുശ്രൂഷകരെ പോലെ നിങ്ങൾ നിമിത്തം ദൈവ നാമം ദുഷിക്കുവാൻ ഇട വരും.

 

സത്യത്തിൽ ഇന്ത്യയിലും, കേരളത്തിലും ദൈവനാമം ജാതികളുടെ ഇടയിൽ വളരെയധികം ദുഷിക്കപ്പെട്ടതിനു ഒരു പ്രധാന കാരണം, ദൈവം മനുഷ്യന് നൽകിയ ആദ്യത്തെ കല്പനകളിൽ ഒന്നായ വിയർപ്പോടെ അപ്പം ഭക്ഷിക്കുക എന്ന കൽപ്പന അനുസരിക്കാതെ, മേലനങ്ങാതെ  വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന, സുവിശേഷത്തെ കച്ചവടമാക്കിയ, ദൈവാലയത്തെ കച്ചവടസ്ഥലവും കള്ളന്മാരുടെ ഗുഹയും ആക്കിയ ദ്രവ്യദാസന്മാരായ കള്ള അപ്പൊസ്തലന്മാർ ആണ്.അതിനാൽ പൗലോസിനെ പോലെ സ്വന്ത കൈ കൊണ്ട് വേല ചെയ്തു കൊണ്ട് വേല ചെയ്തു സുവിശേഷം അറിയിക്കുന്ന മാതൃകയുള്ളവർ ഈ കാലത്തു വളരെ ആവശ്യം .

================================================================

ചോദ്യം 7  - ഒരു ഭൗതിക ജോലി ചെയ്യാൻ പറ്റാത്ത വണ്ണം  വേലയിൽ തിരക്കുള്ള സുവിശേഷകർ ഇല്ലേ ================================================================

 

ഉത്തരം : തീർച്ചയായും  സ്ഥിരമായി ഒരു സ്ഥലത്തു ജോലി ചെയ്യാൻ കഴിയാത്ത സുവിശേഷകർ ഉണ്ടാകാം . എന്നാൽ ഇന്നത്തേത് പോലുള്ള യാത്രാ  സൗകര്യങ്ങളോ ഉന്നത സാങ്കേതികവിദ്യകളോ  ഒന്നുമില്ലാതിരുന്ന കാലത്തു ഭൂഖണ്ഡങ്ങൾ കടന്നുള്ള യാത്രകൾ ചെയ്തു സഭകൾ സ്ഥാപിച്ച അപ്പൊസ്തലൻ ആയ  പൗലൊസ് ചെന്നിടത്തൊക്കെയും  കഴിയുന്നിടത്തോളം സ്വന്തം കൈകൾ കൊണ്ട് ജോലി ചെയ്തിരുന്നു എന്നത് മറക്കരുത്.

 

ഒരു ജോലിയും ഒരിക്കലൂം  ചെയ്യാനാവാതെ വണ്ണം സുവിശേഷ വേലയിൽ പൂർണ്ണസമയം  തിരക്കുള്ളവരാണെന്ന് അവകാശപ്പെടുന്നവർ പൗലൊസിനേക്കാൾ തിരക്കുള്ള സുവിശേഷകർ ആയിരിക്കണം.എന്നാൽ പൗലോസിനേക്കാൾ തിരക്കുള്ളത് കൊണ്ടല്ല ,  പൗലോസിനെ പോലെ സ്വന്ത കൈ കൊണ്ട് ജോലി ചെയ്യാൻ തയ്യാർ അല്ലാത്തതിനാലോ, അങ്ങനെ  ചെയ്യുന്നത് തെറ്റാണു എന്ന ചിന്താഗതിയാലോ ആണ് മിക്കവരും തങ്ങൾക്കു കഴിയുന്ന ജോലി പോലും ചെയ്യാൻ തയ്യാർ ആകാത്തത്

 

എന്നാൽ കള്ള അപ്പൊസ്തലന്മാരിൽ നിന്നും വ്യത്യസ്‍തൻ ആണ് എന്നതിന് തെളിവായി പൗലോസ് പ്രശംസയായി പറയുന്നത് താൻ സ്വന്തം  കൈയാൽ അധ്വാനിച്ചു കൊണ്ട് സുവിശേഷം സൗജന്യമായി പ്രസംഗിക്കുന്നു  എന്നതാണ് (2 കൊരി. 11:7-15). അതിനാൽ തന്നെ ഇന്ന് ഇന്ത്യയിലും കേരളത്തിലും പൗലോസിനെപ്പോലെ സ്വന്തം കൈ കൊണ്ട് അധ്വാനിക്കുന്നു എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന യഥാർത്ഥ  ദൈവദാസന്മാരെയാണ്  ആവശ്യം. യഥാർത്ഥ ദൈവ ശുശ്രൂഷകനെ കണ്ടെത്താനുള്ള ഒരു മാർഗ്ഗവും ഇതാണ് .

================================================================

ചോദ്യം 8 -  ഈ ലേഖനം സുവിശേഷത്താൽ ഉപജീവനം നടത്തുന്ന  എല്ലാ പാസ്റ്റർമാരെയും  അടച്ചാക്ഷേപിക്കുന്നതല്ലേ?  വിശ്വാസികളുടെ പണത്തിൽ ഉപജീവനം നടത്തുന്നവർ  യഥാർത്ഥ ദൈവദാസന്മാർ അല്ല എന്നാണോ ഉദ്ദേശിക്കുന്നത് ? 

================================================================

ഉത്തരം : ആമുഖത്തിൽ പറഞ്ഞത് പോലെ ആത്മാർഥമായി ദൈവമുഖം മാത്രം നോക്കി  സുവിശേഷ വേല ചെയ്യുന്ന അനേകർ എല്ലാ സഭകളിലും ഉണ്ട്. അവരിൽ പലരും ത്യാഗപൂർണ്ണമായി ദൈവവേല ചെയ്യുന്നവരും ആണ്. അവർ യഥാർത്ഥ ദൈവദാസന്മാർ തന്നെയാണ് . എന്നാൽ അവരിൽ പലരും സുവിശേഷ വേലക്കാർ  ഭൗതിക ജോലി ചെയ്യുന്നത് തെറ്റാണു എന്ന് വിശ്വസിക്കുന്നവർ ആണ് . സുവിശേഷ വേലയെ കുറിച്ച്  നില നിൽക്കുന്ന ഇത്തരം ചില തെറ്റിദ്ധാരണകൾ  തിരുവെഴുത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുയും, തിരുത്തുകയും ആണ്  ലേഖനത്തിന്റെ ലക്‌ഷ്യം.

 

നാല് തരത്തിലെ സുവിശേഷ വേലക്കാർ

 

സുവിശേഷ വേല അല്ലെങ്കിൽ ദൈവീക ശുശ്രൂഷ എന്നത് ഭൗതികമായ ഒരു ജോലിയും ചെയ്യാതെ വിശ്വാസികളുടെ പണം കൊണ്ട് മാത്രം ജീവിക്കുന്നതാണ് എന്ന തെറ്റിദ്ധാരണ കൊണ്ട് പല തരത്തിലുള്ള ആളുകൾ സുവിശേഷ വയലിലും സഭകളിലും ഉണ്ടായിട്ടുണ്ട്  

 

അതിൽ  ചിലർ എങ്ങനെ  പണി ചെയ്യാതെ പണം ഉണ്ടാക്കാം എന്നുള്ള ചിന്തയിൽ  ഇതിൽ കടന്നു കൂടിയിട്ടുള്ള ഒന്നാന്തരം കള്ളന്മാർ  ആണ്.സമൃദ്ധിയുടെ സുവിശേഷവും, തട്ടിപ്പു രോഗശാന്തിയും നടത്തുന്ന ദൈവത്തിൻ്റെ  "അഭിഷിക്തർ" എന്ന് അവകാശപ്പെടുന്ന ഇങ്ങനെയുള്ള പലരും രക്ഷിക്കപ്പെട്ടിട്ടു പോലുമില്ലാത്ത തട്ടിപ്പുകാർ ആണ്.

 

സ്വന്തം മുഖത്തെ വിയർപ്പു കൊണ്ട് ഉപജീവനം കഴിക്കുക എന്ന് ദൈവം കല്പിച്ചപ്പോൾ, വിയർക്കാൻ ബുദ്ധിമുട്ടു ഉള്ളതിനാൽ മറ്റുള്ളവരുടെ വിയർപ്പിൽ ജീവിക്കുന്ന, ചിന്തിക്കാൻ കഴിവില്ലാത്ത വിഡ്ഢികളായ വിശ്വാസികളെ പറ്റിക്കാൻ കഴിവുള്ള അതി ബുദ്ധിമാന്മാർ  ആണ്‌ ഈ ആത്മീയ കച്ചവടക്കാർ.

 

പാവപ്പെട്ട വിശ്വാസികളെ വരെ പറ്റിച്ചു കോടികളുടെ ആഡംബര ഭവനങ്ങളും, റിസോർട്ടുകളും വരെ ഉണ്ടാക്കിയിട്ടുള്ളവരാണ് ഈ  ആത്മീക ബിസിനസ്സുകാർ. ഇങ്ങനെയുള്ളരെ കുറിച്ചുള്ള ദൈവീക മുന്നറിയിപ്പ് ശ്രദ്ധിക്കുക.

 

2 പത്രൊസ് 2: 2- 14  അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർ സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.

 

ഇവർ ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ബുദ്ധിമാന്മാർ ആണ്. ബുദ്ധിമാന്മാർ വിഡ്ഢികളെ പറ്റിച്ചു ജീവിക്കുക എന്നത് സ്വഭാവികമാണ്. മലയാളികൾ ബുദ്ധിമാന്മാർ ആണ്‌ എന്നാണ് പൊതു ധാരണ.എന്നാൽ ദ്രവ്യഗ്രഹം മൂലം ആത്മീയ ബിസ്സിനസ്സ് കാർക്ക് പറ്റിക്കാൻ പറ്റിയ ഏറ്റവും നല്ല കൂട്ടർ ഇവരാണ്. സത്യത്തെ സ്നേഹിക്കാത്തതിനാൽ ഭോഷ്കു വിശ്വസിച്ചു പറ്റിക്കപ്പെടുവാൻ  ദൈവം ഇവരെ  വിട്ടു കോടുത്തിരിക്കുകയാണ്.

 

എന്നാൽ അടുത്ത ഒരു കൂട്ടർ ആദ്യത്തെ കൂട്ടരേ പോലെ തട്ടിപ്പു നടത്താൻ ഉള്ള ബുദ്ധിയോ കഴിവോ ഇല്ലത്തവർ ആണ്. അവർ ജോലി ചെയ്യാതെ സുവിശേഷ വേല ചെയ്യാൻ തുടങ്ങുകയും ക്രമേണ ജീവിക്കാനുള്ള ബുദ്ധിമുട്ടു വരുമ്പോൾ തുടർച്ചായി മറ്റുള്ളവരുടെ അടുത്ത് പണത്തിനു ആശ്രയിക്കുകയൂം, തങ്ങളുടെ ശുശ്രൂഷക്കു പണം ആവശ്യപ്പെട്ടു കൊണ്ട് മറ്റുള്ളവരെ സമീപിക്കുകയും  ചെയ്യുന്നു.

 

സുവിശേഷവേല ചെയ്യുന്നവർ ജോലി ചെയ്യാൻ പാടില്ല എന്ന് തെറ്റായ ധാരണ നിമിത്തം ഇവർ സമയം ഉണ്ട് എങ്കിലും  ഒരു ജോലിയും  ചെയ്യാത്തവരായി അലസന്മാരും, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരും  ആയി തീരുന്നു. ഇക്കൂട്ടർ ആദ്യത്തെ കൂട്ടരെപ്പോലുള്ള  തട്ടിപ്പുകാർ അല്ല എങ്കിലും ദൈവദാസന്മാർ എന്ന പേരിൽ  ദൈവനാമത്തിനു ഇത്തരം ആളുകൾ വരുത്തുന്ന  ദോഷം ചില്ലറയല്ല.

 

മൂന്നാമത്തെ കൂട്ടർ ദൈവത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന യഥാർത്ഥ ഭക്തന്മാർ  ആണ്. ഭൗതികമായി ജോലി ചെയ്യാതെ ഇവർ സുവിശേഷ വേല ചെയ്യുന്നു എങ്കിലും . ഒരിക്കലൂം തങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവരോട് അറിയിക്കാതെ ദൈവത്തോട് മാത്രം അറിയിക്കുന്നവർ ആണ് ഇവർ .ഇവർ ദൈവനാമത്തിനു ഒരു ദോഷവും വരുത്തുന്നവർ അല്ല. എങ്കിൽ പോലും  ഇവരിൽ ചിലർ എങ്കിലും  ഭൗതികമായി ഒരു ജോലി ചെയ്യാത്തത് അത് എന്തോ കുറവുള്ള  ദൈവീക ശുശ്രൂഷ ആണ് എന്നുള്ള തെറ്റിദ്ധാരണയിൽ ആണ്.

 

നാലാമത്തെ കൂട്ടർ  പൗലോസിനെ പോലെ വേല ചെയ്യാതെ ഇരിക്കാൻ  അധികാരം ഉണ്ടായിട്ടും സ്വന്ത കൈ കൊണ്ട് വേല ചെയ്യുകയും ,അതോടൊപ്പം  സുവിശേഷ വേല ചെയ്യുകയും. അതിൽ അഭിമാനിക്കുകയും  അതുവഴി അനുകരിക്കുവാൻ മറ്റുള്ളവർക്ക്  ഒരു മാതൃകയാവുകയും ചെയ്യുന്നവരാണ്.ഇങ്ങനെ തങ്ങളെ അനുകരിക്കുവാൻ പൗലോസ് തുടർച്ചയായി വിശ്വാസികളോടും , ശുശ്രൂഷകന്മാരോടും ആവശ്യപ്പെടുന്നു.

 

യഥാർത്ഥത്തിൽ ഇന്ന് ക്രിസ്തീയ ലോകത്തിൽ  ആദ്യത്തെ കൂട്ടത്തിലെ തട്ടിപ്പുകാർ ഏറ്റവും  കൂടുതൽ ഉണ്ടായിരിക്കുകയും അത് വഴി ദൈവനാമം അവിശ്വാസികളുടെ മുൻപിൽ  ഏറ്റവുമധികം ദുഷിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തു പൗലോസിനെ  പോലെയുള്ള മാതൃകകൾ ആണ് ഏറ്റവും അധികം ആവശ്യം.

 

 

================================================================

ചോദ്യം 9   : ദൈവം ചിലരെ വിശ്വാസത്താൽ ജീവിക്കുവാൻ വിളിച്ചിരിക്കുകയല്ലേ?  , അങ്ങനെയുള്ളവർക്ക്   ഭൗതിക ജോലി ചെയ്യാൻ സാധ്യമാണോ ?

================================================================

ഉത്തരം : ഈ വിഷയത്തിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള, തെറ്റിദ്ധരിപ്പിച്ചു പഠിപ്പിക്കുന്നതാണ്  'വിശ്വാസത്താൽ ജീവിക്കുക' എന്ന വാക്യം . ഈ വാക്യം സഭയിലെ പാസ്റ്റർക്കു മാത്രം ബാധകമാണ്. ആ വാക്യത്തിൻ്റെ അർഥം ജോലി ചെയ്യാതെ ജീവിക്കുക എന്നതാണ് .   അതിനാൽ സഭയിലെ  പാസ്ടർക്ക് ജോലി ചെയ്യാതെ  വിശ്വാസികളുടെ പണത്താൽ  ഉപജീവനം നടത്തുവാൻ കഴിയും, അതിനെയാണ്  'വിശ്വാസത്താൽ ജീവിക്കുക' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്നാണ്  മിക്കവരും  മനസ്സിലാക്കി വച്ചിരിക്കുന്നത് .

 

എന്നാൽ അത് പൂർണ്ണമായും തെറ്റാണു .  വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടുള്ള എല്ലാവരും , അഥവാ വിശ്വാസികൾ എല്ലാവരും ജീവിക്കേണ്ട ജീവിത രീതിയാണ് അപ്പോസ്തോലൻ ,  വിശ്വാസത്താൽ ജീവിക്കുക  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . അതിനർത്ഥം ദൈവത്തിലുള്ള ആശ്രയത്തിൽ ജീവിക്കുക എന്നേയുള്ളൂ

 

എബ്രാ. 10: 38 എന്നാൽ “എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല” എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ? നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

 

ഈ വാക്യത്തിൻ്റെ അടിസ്ഥാനത്തിൽ വിശ്വാസത്താൽ ജീവിക്കാത്ത എല്ലാവരും പിന്മാറ്റക്കാർ ആണ്. അതിനാൽ  ഈ വാക്യം പ്രത്യേകമായി പാസ്റ്റർക്കു മാത്രമുള്ളതോ ,  ഭൗതിക ജോലിയുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളതോ അല്ല .

 

അത് പോലെ ഈ വാക്യത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ വിശ്വാസികളും വിശ്വാസത്താൽ ജീവിക്കേണ്ടവർ ആണ്, വിശ്വാസത്താൽ ജീവിക്കുക എന്നത്  ഭൗതിക ജോലി ചെയ്യാതെ ജീവിക്കുക എന്നതാണ് എങ്കിൽ , എല്ലാ വിശ്വാസികളും ജോലി ചെയ്യാതെ വിശ്വാസത്താൽ   ജീവിച്ചാൽ ആ സഭയിലെ പാസ്റ്റർക്കു  എങ്ങനെ വിശ്വാസികളുടെ പണത്തിൽ ഉപജീവനം നടത്താൻ കഴിയും ?

അതിനാൽ  ഭൗതികമായ ജോലി ചെയ്യാതെ വിശ്വാസികളുടെ പണത്തിൽ  മാത്രം ആശ്രയിച്ചു  ജീവിക്കുന്ന വ്യക്തികൾ ദൈവത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്നവർ അല്ല , പകരം വിശ്വാസികളുടെ  പണത്തിലുള്ള വിശ്വാസത്താൽ ജീവിക്കുന്നവർ ആണ് .

================================================================

ചോദ്യം 10: ദൈവത്തിൻ്റെ ദാസന്മാർ ദൈവത്തെ അല്ലെ സേവിക്കേണ്ടത് ?  അവർ ഭൗതികമായ ജോലി ചെയ്തു മനുഷ്യരെ സേവിക്കുന്നതു കലപ്പക്ക് കൈ വച്ച ശേഷം പിന്മാറുന്നതിനു തുല്യമല്ലെ ? ================================================================


ദൈവസഭയുടെ മൂപ്പന്മാർ കൈ കൊണ്ട് വേല ചെയ്യണം എന്ന് പറയുമ്പോൾ അവർ ഏതെങ്കിലും മനുഷ്യരുടെ കീഴിൽ ജോലി ചെയ്യണം എന്ന് നിര്ബന്ധമില്ല . കൃഷിയോ , കച്ചവടമോ, കൈത്തൊഴിലോ , എന്ത് തൊഴിലും ചെയ്യാൻ അവർ സന്നദ്ധർ ആയിരിക്കണം.

 

എന്നാൽ  'വിശ്വാസത്താൽ ജീവിക്കുക' എന്ന വാക്യം പോലെ വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദം ആണ് ആണ് ദൈവത്തിൻ്റെ ദാസന്മാർ എന്ന് പറയുന്നത് പാസ്റ്റർമാർ മാത്രം ആണ് എന്നതും, മനുഷ്യരുടെ കീഴിൽ ജോലി ചെയ്യുന്നത് ദൈവദാസന്മാർക്കു പറ്റില്ല എന്നതും . താഴെയുള്ള വാക്യങ്ങൾ ശ്രദ്ധിക്കുക 

 

റോമ. 6:17, 18 എന്നാൽ നിങ്ങൾ പാപത്തിന്‍റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്, പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.

 

റോമ. 6:22 എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അനന്തരഫലം നിത്യജീവനും ആകുന്നു. '

 

ഈ വാക്യങ്ങൾ വ്യക്തമാക്കുന്നത് പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച എല്ലാ ദൈവമക്കളും ദൈവത്തിൻ്റെ ദാസന്മാർ ആണ് .  അവർ ഭൗതികമായ ജോലി ചെയ്യുന്നതു വഴിയും അവർ  ദൈവത്തെ സേവിക്കുകയാണ്.

 

എഫെ. 6 :6 മനുഷ്യർ ശ്രദ്ധിക്കുമ്പോൾ മാത്രം അവരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും, മനുഷ്യരെയല്ല, കർത്താവിനെ തന്നെ സന്തോഷത്തോടെ സേവിച്ചുംകൊണ്ട് അനുസരിക്കുവിൻ

 

അതിനാൽ ദൈവദാസന്മാർ  ചെയ്യുന്നവർ ഭൗതികമായ ജോലി ചെയ്യുന്നത് പിന്മാറ്റമല്ല എന്ന് മാത്രമല്ല , ദൈവവചന ഉപദേശം അനുസരിക്കലാണ് .

================================================================

ചോദ്യം 11 - ഈ പറഞ്ഞതൊക്കെ തത്വത്തിൽ ശരിയാണ് എന്ന് സമ്മതിക്കാം, എന്നാൽ ഇത് ഇന്ന് പ്രായോഗികമായി സാധ്യമാണോ ?

================================================================

ഉത്തരം:  ലേഖനത്തിൻ്റെ മുഖവുരയിൽ പറഞ്ഞത് പോലെ  ഈ പറയുന്ന കാര്യങ്ങളും, പുതിയ നിയമത്തിലെ  മറ്റു പല കാര്യങ്ങളും ഒന്നും തന്നെ ഇന്നത്തെ  സഭകളുടെ സംഘടനാ സംവിധാനത്തില്‍  പ്രായോഗികമല്ല എന്ന്  ഞാന്‍ സമ്മതിക്കുന്നു. അതിന് കാരണം ദൈവവചനം അതുപോലെ പ്രായോഗികമാക്കാൻ കഴിയാത്ത ദൈവവചന വിരുദ്ധമായ കേന്ദ്രീകൃത സംഘടനാ വ്യവസ്ഥിതിയില്‍  ആണ് ഇന്നത്തെ ഒട്ടു മിക്ക സഭകളും  നിലനില്‍ക്കുന്നത് എന്നതാണ്.

 

ഇത്തരം കേന്ദ്രീകൃത സംഘടന നിയമിക്കുന്ന,  മൂന്നു വർഷം  തികയുമ്പോൾ സ്ഥലം മാറ്റുന്ന, സംഘടനയുടെ ശമ്പളക്കാരന്‍ അയ  ഏകാംഗ പാസ്റ്റർക്ക് / പുരോഹിതന്   സംഘടനയുടെയോ സഭയുടെയോ ശമ്പളമില്ലാതെ ജീവിക്കുക എന്നത് ഒരിക്കലും ചിന്തിക്കുവാൻ സാധ്യമല്ല.

 

മാത്രമല്ല ആദിമ സഭയിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഏകാംഗ വ്യക്തിയുടെ  ചുമതലയിൽ സഭയിലെ ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങളും ആയിരിക്കുകയാല്‍ ഭൌതിക ജോലി ചെയ്യുക എന്നത് പ്രായോഗികമായി അവര്‍ക്ക് അസാധ്യമാണ്.

അതിനാൽ‍ ഇന്ന് നിലനില്‍ക്കുന്ന കേന്ദ്രീകൃത സംഘടന വ്യവസ്ഥിതിയില്‍ ഈ പറയുന്ന ഒരു കാര്യവും പ്രാവര്‍ത്തികം ആകുകയില്ല. ഈ വ്യവസ്ഥിതിയുടെ ഭാഗമായതിനാല്‍ ഇതിനോട് ചേര്‍ന്ന് പോകുവാന്‍ നിര്‍ബന്ധിതര്‍ ആയ അനേകം ആത്മാര്‍ത്ഥതയുള്ള യഥാർത്ഥമായി ദൈവവേല ചെയ്യുന്ന ദൈവദാസന്മാരും ഇതില്‍ ഉണ്ട് എന്നുള്ള കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. അവര്‍ തെറ്റായ വ്യവസ്ഥിതിയിലെ ശരിയായ ദൈവദാസന്മാര്‍ ആണ്.പുതിയ നിയമ ഉപദേശങ്ങൾ പുതിയ നിയമ മാതൃകയിൽ ഉള്ള സഭകളിൽ മാത്രമാണ്  പ്രായോഗികം

 

ഇത്തരം പഴയ വ്യവസ്ഥിതിയില്‍, പുതിയ നിയമ സഭയുടെ ഉപദേശം പ്രാവര്‍ത്തികമാവുകയില്ല. അതിനാലാണ് കർത്താവ് ഇങ്ങനെ പറഞ്ഞത്

പുതിയ വസ്ത്രം  ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല, തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും. ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും. പുതിയ  വീഞ്ഞു പഴയ തുരുത്തിയില്‍ പകരുമാറുമില്ല. പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും, തുരുത്തിയും നശിച്ചുപോകും (മത്തായി 9:16,17)

 

 പുതിയ ഉടമ്പടിയുടെ സന്ദേശം, പുതിയ നിയമ സഭയുടെ ഉപദേശം  പഴയ തുരുത്തികള്‍ ആകുന്ന വ്യവസ്ഥിതിയില്‍ പകരാന്‍ ശ്രമിച്ചാല്‍, കര്‍ത്താവ്‌ മുന്നറിയിപ്പ് തന്നത് പോലെ തുരുത്തി പൊളിയും, വീഞ്ഞ് ഒഴുകിപ്പോകും. വസ്ത്രം കീറും, ചീന്തല്‍ ഏറ്റവും വലിയതാകും.പഴയ തുരുത്തിയിൽ പുതിയ  വീഞ്ഞു ഒഴിച്ചുവയ്ക്കാൻ ശ്രമിച്ചാൽ; തുരുത്തി പൊളിയും എന്ന് അറിയാവുന്നതിനാല്‍  പഴയ തുരുത്തി എന്ന സംഘടനയുടെ ശമ്പളത്തിലും സുരക്ഷിതത്വത്തിലും കഴിയുന്ന, വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന അഭിനവ പുരോഹിതന്മാരും പരീശന്മാരും   ഈ സന്ദേശത്തെ  എതിർക്കുകയും ഇത് പറയുന്നവരെ ക്രൂശിക്കാൻ ശ്രമിക്കുകയും ചെയ്യും. (മത്തായി 7:6)

 

================================================================

 ചോദ്യം 12 - എന്താണ് ഇതിനു പരിഹാരം?

================================================================


ഉത്തരം : ദൈവസഭ അതിന്‍റെ ആദിമ മാതൃകയിലേക്ക് മടങ്ങിപ്പോകുക എന്നത് മാത്രമാണ് ഇതിനു പരിഹാരം. ഒരു നവീകരണം അല്ല ദൈവിക സത്യങ്ങളുടെ പുനഃസ്ഥാപനം ആണ് ഇനി നമുക്ക് ആവശ്യം (Not a reformation but a complete restoration).

 

ദൈവസഭ ആദിമ ദൈവസഭയുടെ മാതൃകയിലേക്ക് പുനഃസ്ഥാപിക്കപ്പെട്ടാല്‍ ആ പുതിയ തുരുത്തിയിൽ പുതിയ നിയമ ഉപദേശം എന്ന പുതിയ വീഞ്ഞ് ഒഴിച്ചു വയ്ക്കുവാൻ കഴിയും. അതിനാലാണ് ദൈവസഭയെ സത്യത്തിന്‍റെ തൂണും അടിസ്ഥാനവും എന്ന് വിളിക്കുന്നത്‌. ആ സത്യം പുതിയ ഉടമ്പടിയുടെ സന്ദേശമാണ്, അത് ദൈവഭക്തിയുടെ മര്‍മ്മമാണ്. ദൈവസഭ അതിനെ താങ്ങി നിര്‍ത്തുന്ന ദൈവാലയം ആണ് (1 തിമോത്തിയോസ് 3:16)

 

യഥാര്‍ത്ഥത്തിലുള്ള പുതിയ ഉടമ്പടിയുടെ സന്ദേശം വഹിക്കുവാനുള്ള പുതിയ തുരുത്തികള്‍ ആണ് ഈ തലമുറയുടെ ഏറ്റവും വലിയ ആവശ്യകത. ഇന്ന് ഏറ്റവും ദുര്‍ലഭമായി കൊണ്ടിരിക്കുന്നത്  പുതിയ തുരുത്തിയാകുന്ന ക്രിസ്തുവിന്‍റെ ശരീരമായ ദൈവസഭയെ പറ്റിയുള്ള വെളിപ്പാടാണ്, ഉപദേശമാണ്.

 

അവിടെ മാത്രമേ ദൈവവചന പ്രകാരമായ ഉപദേശങ്ങള്‍ പൂര്‍ണ്ണമായും പഠിപ്പിക്കുവാനും പാലിക്കുവാനും സാധ്യമാകുകയുള്ളു.

 

കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ !!