ജീവനുള്ള കല്ലുകള്‍
ചിന്താ ഭാഗം. 1 പത്രൊസ്1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
നിക്കൊദിമോസിനോടുള്ള യേശുക്രിസ്തുവിന്‍റെ പ്രശസ്തമായ സംഭാഷണത്തിനു ശേഷം വീണ്ടും ജനനം എന്ന വാക്ക് നാം കാണുന്നത് പത്രോസിന്‍റെ രണ്ടാം ലേഖനത്തിലാണ്. എന്താണ് വീണ്ടും ജനനം?പലരും കരുതുന്നത്, ഇത് ഒരു സഭയില്‍ നിന്നും വേറൊരു സഭയിലേക്ക് മാറുന്നത് ആണ് എന്നാണ്, ചിലരുടെ ചിന്ത വീണ്ടും ജനനം എന്നാല്‍ നാം എടുക്കുന്ന ചില നല്ല തീരുമാനങ്ങളോ, നമ്മുടെ സ്വഭാവത്തില്‍ വരുത്തുന്ന ചില നല്ല മാറ്റങ്ങളോ ആണ് എന്നാണ്. എന്നാല്‍ വീണ്ടും ജനനം ഇതൊന്നുമല്ല. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അത് ഒരിക്കല്‍ കൂടി നാം ജനിക്കുന്ന ഒരു പ്രക്രിയ ആണ്.
നാം നമ്മുടെ അമ്മയുടെ വയറ്റില്‍ ഉരുവായപ്പോള്‍ ആദ്യമായി ഉണ്ടായതു ജീവന്‍ ആണ്, നാം നമ്മുടെ സ്വാഭാവിക ജീവന്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും പ്രാപിച്ചു, അതിനാല്‍ ആണ് നാം നമ്മുടെ മാതാപിതാക്കളുടെ ജഡപ്രകാരം ഉള്ള മക്കള്‍ ആയതു. അത് ജഡതാല്‍ ഉള്ള ജനനം ആണ്. എന്നാല്‍ ദൈവം ആത്മാവ് ആകുന്നു. ദൈവത്തിന്‍റെ മക്കള്‍ ആകണം എങ്കില്‍ നാം ശാരീരികമായി ഒരിക്കല്‍ ജനിച്ചത് പോലെ തന്നെ ആത്മാവിനാല്‍ വീണ്ടും ജനിക്കേണം. അതാണ് യേശുക്രിസ്തു പറഞ്ഞത്
യോഹന്നാന്‍ 3:6 ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു, ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു എന്ന് നിക്കൊദിമോസിനോട് പറഞ്ഞത്.
എങ്ങനെയാണ് നാം ആത്മാവിനാല്‍ ജനിക്കുന്നത്? നാം യേശുക്രിസ്തുവിനെ കൈക്കൊണ്ടു,യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുമ്പോള്‍ നാം ദൈവമക്കള്‍ ആകുന്നു,ദൈവത്തില്‍ നിന്നും ജനിക്കുന്നു.ദൈവചനം ഇങ്ങനെ പറയുന്നു.
യോഹന്നാന്‍ 1:12 അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. ..അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.
എന്താണ് യേശുവിന്‍റെ നാമത്തില്‍ വിശ്വസിക്കുക എന്നാല്‍? എന്താണ് ആ നാമത്തിന്‍റെ പ്രത്യേകത? യേശു എന്ന നാമത്തിന്‍റെ അര്‍ഥം തന്നെ രക്ഷകൻ എന്നാണ്.യേശു മനുഷ്യനെ അവൻ്റെ പാപങ്ങളിൽ നിന്നും രക്ഷിക്കുന്നവൻ ആയതിനാൽ ആണ് അവനു ആ പേര് നൽകപ്പെട്ടത്.എന്നെ പാപത്തില്‍ നിന്നും രക്ഷിപ്പാന്‍ പാപമില്ലാത്ത യേശുക്രിസ്തു എനിക്ക് പകരമായി തന്‍റെ ജീവനെ കൊടുത്തു എന്ന് വിശ്വസിക്കുക എന്നാണ് യേശുവിന്‍റെ നാമത്തില്‍ വിശ്വസിക്കുക എന്നതിന്‍റെ അര്‍ഥം . പാപിക്ക് മാത്രമേ പാപത്തില്‍ നിന്നും രക്ഷിക്കുന്ന രക്ഷകന്‍റെ ആവശ്യം ഉള്ള്ളൂ,എന്നാല്‍ നാം എല്ലാവരും ആദമിൽ പാപികൾ ആയി ആത്മീക മരണത്തില്‍ ആണ് എന്ന് ദൈവവചനം പറയുന്നു.
പാപത്തിന്‍റെ ശമ്പളം ദൈവത്തില്‍ നിന്നുള്ള വേര്‍പാട് ആയ ആത്മീക മരണം ആണ്. അതിനാല്‍ പാപമില്ലാത്ത ഒരുവന്‍ എന്‍റെ പാപത്തിന്‍റെ ശമ്പളം ആയ മരണം ഏറ്റെടുത്താല്‍ മാത്രമേ എനിക്ക് പാപത്തില്‍ നിന്നും മോചനം ഉള്ളൂ. ആ മരണം ആണ് പാപമില്ലാത്ത യേശുക്രിസ്തു ഏറ്റെടുത്തു, നമുക്ക് പകരം മരിച്ചത്. അതിനാല്‍ ഒന്നാമതായി നാം പാപിയാണ് എന്നും.യേശുക്രിസ്തു എന്ന പാപമില്ലാത്ത രക്ഷകന്‍ എന്‍റെ പാപത്തിന്‍റെ ശമ്പളം ഏറ്റെടുത്ത് എനിക്ക് പകരം മരിച്ചു എന്നും വിശ്വസിക്കേണം.
രണ്ടാമതായി യേശുവിനെ കൈക്കൊള്ളുക എന്നാല്‍ യേശുവിനെ കര്‍ത്താവ് ആയി എന്‍റെ ജീവിതത്തിലേക്ക് സ്വീകരിക്കുക, എന്നാണ് അര്‍ത്ഥം. യേശുവിനെ കര്‍ത്താവ് ആയി ഞാന്‍ സ്വീകരിക്കുമ്പോള്‍ യേശുക്രിസ്തുവിന്‍റെ ജീവന്‍, ദൈവീക ജീവന്‍, നിത്യജീവന്‍ എന്‍റെ ഉള്ളില്‍ വന്നു ഞാന്‍ ദൈവ മകന്‍ ആയി തീരുന്നു. ഞാന്‍ ആത്മാവിനാല്‍ വീണ്ടും ജനിക്കുന്നു. യേശുക്രിസ്തു ഉള്ളില്‍ ഇല്ലാത്തവന് ദൈവീക ജീവന്‍ ഇല്ല, ദൈവീക ജീവന്‍ ഉള്ളില്‍ ഇല്ലാത്തവന്‍ മരിച്ചവന്‍ ആണ്.ജീവനില്ലാത്ത കല്ലുകൾ ആണ്.
1 യോഹന്നാന്‍ 5:11 ദൈവം നമുക്കു നിത്യജീവന്‍ തന്നു, ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു, ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരെ, നിങ്ങള്‍ പല സഭകളില്‍ പോകുന്നവര്‍ ആയിരിക്കാം.പല മതങ്ങളില്‍ ഉള്ളവര്‍ ആയിരിക്കാം. മനുഷ്യരുടെ മുന്‍പില്‍ നല്ലവരോ, ദുഷ്ടരോ ആയിരിക്കാം. എന്നാല്‍ യേശുക്രിസ്തു പറഞ്ഞു: ജഡതാല്‍ ജനിച്ചത് ജഡം ആകുന്നു.
അതിനാല്‍ ദൈവം നോക്കുന്നത് നിങ്ങള്‍ ആത്മാവിനാല്‍ ജനിച്ചവര്‍ ആണോ എന്ന് മാത്രമാണ്. നിങ്ങള്‍ ജീവന്‍ ഉള്ളവര്‍ ആണോ, മരിച്ചവര്‍ ആണോ എന്നാണ്. നിങ്ങളുടെ ഉള്ളില്‍ യേശുക്രിസ്തു ഉണ്ടോ ഇല്ലയോ എന്ന് മാത്രം ആണ്.
എന്നാല്‍ ഇന്ന് പാപിയാണ് എന്ന് ദൈവമുന്നിൽ സമ്മതിക്കുകയും,മാനസാന്തരപ്പെട്ട് യേശുക്രിസ്തു നിങ്ങളുടെ പാപത്തിനു പകരമായി ക്രൂശിൽ മരിച്ചു എന്ന് വിശ്വസിക്കുകയും, യേശുവിനെ കർത്താവായ ഹൃദയത്തിലേക്ക് സ്വീകരിക്കുകയും ചെയ്‌താൽ നിങ്ങൾക്ക് നിങ്ങള്‍ ആയിരിക്കുന്ന മരണ അവസ്ഥയില്‍ നിന്നും ജീവനിലേക്കു കടക്കാം. ദൈവമകന്‍/ മകള്‍ ആയിതീരാം. ദൈവത്തില്‍ നിന്നും ജനിക്കാം.ജീവനുള്ള കല്ലുകൾ ആകാം.
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ആത്മാവിനാല്‍ വീണ്ടും ജനിച്ചവര്‍ ആണെങ്കില്‍ നിങ്ങള്‍ ദൈവമക്കള്‍ ആണ്, അങ്ങനെയുള്ളവരോട് പത്രോസ് തുടര്‍ന്ന് പറയുന്നത് ഇങ്ങനെയാണ്.
1 പത്രൊസ് 2:4-5 മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്‍റെ അടുക്കൽ വന്നിട്ടു,നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
ജീവനുള്ള കല്ലായ യേശുക്രിസ്തുവില്‍ നിന്നും ജീവന്‍ പ്രാപിച്ച വീണ്ടും ജനിച്ച ഒരു വ്യക്തിയെപ്പറ്റി പത്രോസ് പറയുന്നത് അവരും ജീവനുള്ള കല്ലുകള്‍ ആണ് എന്നാണ്, എന്നാല്‍ ഈ കല്ലുകള്‍ പലയിടത്തായി ചിതറികിടന്നാല്‍ അത് കൊണ്ട് പ്രയോജനം ഇല്ല. ആ കല്ലുകള്‍ ഒരുമിച്ചു ചേര്‍ന്ന് പണിയപ്പെടണം. മാത്രമല്ല അത് പണിയപ്പെടെണ്ടത് ആത്മാവിനാല്‍ ആണ്. അങ്ങനെ പണിപ്പെടുന്ന ആത്മീക ഗൃഹം ആണ്,കര്‍ത്താവിന്‍റെ ശരീരം ആണ് ദൈവസഭ. ആ സഭയിലെ അംഗങ്ങള്‍ ദൈവീക ജീവന്‍ യേശുക്രിസ്തുവില്‍ പ്രാപിച്ച ദൈവമക്കളായ ജീവനുള്ള കല്ലുകള്‍ മാത്രമാണ് .ആ അംഗങ്ങളില്‍, ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, അടിമ, ഉടമ, എന്ന ഒരു വ്യത്യാസവും ഇല്ല, ഉണ്ടാവാന്‍ പാടില്ല. അവരെ ഒന്നാക്കുന്നത് അവരില്‍ എല്ലാംഒരേപോലെ വ്യാപരിക്കുന്ന ദൈവീക ജീവന്‍ ആണ്.ആ ആത്മീക ഗൃഹമായി പണിയപ്പെടുന്നതിൽ കൂടിയാണ് ഒരുവൻ ക്രിസ്തുവിൻ്റെ തലയോളം വളരുന്നത്.ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമായി പണിയപ്പെടുന്നത്.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ വീണ്ടും ജനിച്ചവര്‍ ആണ് എങ്കില്‍, നിങ്ങള്‍ വീണ്ടും ജനിച്ചവരുടെ കൂട്ടമായ, ജീവനുള്ള കല്ലുകളാല്‍ പണിത ഒരു ആത്മീക ഗൃഹത്തിന്‍റെ,ഒരു പ്രാദേശിക ദൈവസഭയുടെ ഭാഗം ആകേണം എന്നും, അതിലൂടെ ആത്മീക വളർച്ച പ്രാപിക്കേണം എന്നും,ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമായി പണിയപ്പെടേണം എന്നും ദൈവം ആഗ്രഹിക്കുന്നു. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.
ബ്രദർ ജിനു നൈനാൻ