Articles

ലിക്വിഡ് ഫയറും, അഗ്നിസ്നാനവും തൊലിപ്പുറത്തെ ചികിത്സകൻമാരും

Date Added : 09-07-2024

ലിക്വിഡ് ഫയറും, അഗ്നിസ്നാനവും  തൊലിപ്പുറത്തെ ചികിത്സകൻമാരും

 

ജിനു നൈനാൻ

 

ഇപ്പോൾ മലയാളി പെന്തെകൊസ്തു ലോകത്തിൽ വിവാദമായിക്കൊണ്ടിരിക്കുന്ന കാര്യമാണ് ലിക്വിഡ് ഫയറും, അഗ്നിസ്നാനവും, ഊതി/ ഉന്തി വീഴ്ത്തലുകളും മറ്റും..വിചിത്രമായ കാര്യം  ഒരേ വേദികളിൽ തന്നെ ഇത് നടക്കുകയും ഇതിനെതിരെയുള്ള പ്രസംഗങ്ങൾ നടക്കുകയും ചെയ്യുന്നു... പെന്തെകൊസ്തു ജനപ്രിയ  പ്രാസംഗികർ ചില ഇടതു ഇതിനു അനുകൂലമായും ചിലയിടത്തു പ്രതികൂലം ആയും തരം  പോലെ  പ്രസംഗിക്കുന്നു...ഫയർ കോൺഫറൻസുകളിൽ പങ്കെടുത്തവർ ഫയറിനു എതിരെ പ്രസംഗിക്കുന്നു...പരിശുദ്ധാത്മ നിറവിൽ വീഴുകയാണ് ചെയ്യേണ്ടത് , വീഴ്ത്തുകയല്ല എന്ന് ചിലർ, പരിശുദ്ധാത്മ പ്രവർത്തനം മുൻപോട്ടു വീഴുന്നതാണ് പുറകോട്ടു വീഴുന്നതല്ല എന്ന് മറ്റു ചിലർ.

 

അതിലും രസകരമായ കാര്യം ഇത്  ദുരുപദേശമാണ് , പരിശുദ്ധാത്മാവിന്റെ പ്രവർത്തനമല്ല, അശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് എന്ന് ഇതിനു  എതിരെ ഘോര ഘോരം വാളെടുക്കുന്നവർ മിക്കവരും , പെന്തെക്കോസ്തിൽ തന്നെ  മുൻപും ഇപ്പോഴും നടക്കുന്ന പരിശുദ്ധാത്മാവിനെ നിന്ദിക്കുന്ന  അധാർമ്മിക പ്രവർത്തികൾക്ക് എതിരെ വാ തുറക്കാത്തവർ ആണ് എന്നതാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം പ്രാഥമികമായി പാപത്തെ കുറിച്ച് ബോധ്യം വരുത്തുകയും, ഒരുവനെ അശുദ്ധിയിൽ തുടരാൻ അനുവദിക്കാതെ ഇരിക്കുകയും, വിശുദ്ധിയിലേക്ക് നടത്തുകയും ചെയ്യും എന്ന് അറിയാത്തവർ ആണോ ഇവർ?

 

 വ്യഭിചാരവും, ദുർന്നടപ്പും, സോദോമ്യ പാപവും, തുടങ്ങിയ  എല്ലാ അധാർമീക പ്രവർത്തികളും ചെയ്യുന്നവർ  നേതൃത്വത്തിലും , പരസ്യ ശുശ്രൂഷകളിലും തുടരുമ്പോൾ  അതിനെ  എതിർക്കാത്തവർ, അങ്ങനെയുള്ളവർക്കെതിരെ വാ തുറക്കാത്തവർ, അവരുമായി സംസർഗ്ഗം തുടരുന്നവർ, അവരുമായി സ്റ്റേജ് പങ്കിടുന്നവർ ... ഇവരുടെയെല്ലാം ധാർമിക രോഷം തങ്ങൾക്കു ദുരുപദേശം എന്ന് ബോധ്യമുള്ള കാര്യം മറ്റുള്ളവർ പ്രസംഗിക്കുമ്പോൾ മാത്രം  ഉണരുന്നു അവരെ വിമർശിക്കുന്നു.

 

 ഇതിനു ഇവർ പറയുന്ന വിചിത്ര ന്യായം " ഞങ്ങൾ ആരുടെയും വ്യക്തി ജീവിതത്തിലെ പാപത്തെ വിമർശിക്കില്ല , ദുരുപദേശത്തെ മാത്രമേ വിമർശിക്കൂ. ..പാപത്തെ  ദൈവം വിധിക്കട്ടെ എന്നാണ്...എന്നാൽ പൗലോസ് കൊരിന്തിലെ മൂപ്പന്മാരോട് വിധിക്കാൻ പറഞ്ഞത്, സംസർഗ്ഗം അരുത് എന്ന് പറഞ്ഞത്, ജഡസംഹാരത്തിനു പിശാചിനെ ഏൽപ്പിച്ചത്  ദുരുപദേശകനെ അല്ല ...വ്യക്തി ജീവിതത്തിൽ പാപത്തിൽ തുടരുന്ന വിശ്വാസിയെ ആണ് എന്നത് ഇവർക്കറിയില്ലേ ?.

 

 ഇങ്ങനെയുള്ള പാപങ്ങളിൽ തുടരുന്നവരുടെ  കൂടെ കൂടെ ഭക്ഷണം പോലും കഴിക്കരുത് എന്ന്  പൗലോസ് പറയുമ്പോൾ  അതിൽ ദുരുപദേശം എന്ന കാര്യമേയില്ല.പകരം സഹോദരൻ എന്ന് പേരുള്ളവന്റെൻ്റെ  വ്യക്തി ജീവിതത്തിലെ പാപങ്ങൾ മാത്രമാണ്. 1 കൊരിന്ത്യർ 5 :11

 

 വ്യക്തി ജീവിതത്തിലെ പാപത്തെ ഞങ്ങൾ വിമർശിക്കില്ല , ദുരുപദേശത്തെ മാത്രമേ വിമർശിക്കൂ...എന്ന് പറയുന്നാണവർ  പറയാതെ കൊടുക്കുന്ന സന്ദേശം ..ദുരുപദേശം ആണ് ഏറ്റവും വലിയ പാപം... ദുർന്നടപ്പും സോദോമ്യ പാപവും ഒക്കെ താരതമ്യേന ചെറുത് ആണ്, കണ്ണടക്കാവുന്നതാണ് എന്ന്.

 

 എന്നാൽ സോദോമ്യാ പാപവും, വ്യഭിചാരവും മറ്റു ഏതു പാപത്തിൽ നിന്നും വലുതായി ശരീരത്തിന് വിരോധമായ, ദൈവീക ശിക്ഷാവിധി സ്വന്ത ശരീരത്തിൽ ഏറ്റു വാങ്ങുന്ന പാപമാണ്. അതു ചെയ്യുന്നവരെ തങ്ങളുടെ നേതാക്കൾ ആയും , കൺവൻഷൻ പ്രാസംഗികർ ആയും അംഗീകരിക്കുന്നവർ, അവർക്കെതിരെ വാ തുറക്കാത്തവർ, അവരോടൊത്തു പ്രസംഗിക്കുവാൻ സ്റ്റേജ് പങ്കിടുന്നവർ ചെയ്യുന്നത് സത്യത്തിൽ ഇത്തരം അധാർമീക പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം പാപങ്ങളിൽ തുടരുന്നവരെയും, അതിനു നേരെ കണ്ണടയ്ക്കുന്നവരേയും കുറിച്ച്  റോമാ ലേഖനത്തിൽ പൗലോസ് പറയുന്നതു ഇങ്ങനെയാണ്.

 

 റോമ. 1: 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവർക്കറിയാമെങ്കിലും .....അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

 യഥാർത്ഥത്തിൽ ഇത്തരക്കാരുടെ ഇങ്ങനെയുള്ള  ഇരട്ടത്താപ്പും ,ഇത്തരത്തിൽ കൊതുകിനെ അരിച്ചു ഒട്ടകത്തെ വിഴുങ്ങുന്ന കപടഭക്തിയും,വേഷ ഭക്തിയും, പരീശത്വവും  ആണ്  ചെറുപ്പക്കാരെ  പഴയ തുരുത്തികളായ ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്നും ഓടി രക്ഷപ്പെടാനും പല ന്യൂ ജനറേഷൻ കൂട്ടങ്ങളിലും  ചെന്ന് പെടാനും കാരണമാകുന്നത്.  ഒരു ചെറുപ്പക്കാരൻ എന്നോട് നേരിട്ട് പറഞ്ഞത് , ഇത്തരം പരീശ്വത്വം കണ്ടു മടുത്തിട്ടാണ് അല്ലാതെ വേറെ ഏതെങ്കിലും കണ്ടു ആകര്ഷിക്കപ്പെട്ടിട്ടല്ല ഇത്തരം ന്യൂ ജൻ സഭകളിൽ  പോകുന്നത് എന്നാണ്.

 

അതിനാൽ തങ്ങളുടെ  നേതാക്കളുടെയും , സഹ ശുശ്രൂകരുടെയും , സഹ പ്രസംഗികരുടെയും പാപത്തിനു നേരെ കണ്ണടക്കുകയും ദുരുപദേശത്തിനു നേരെ മാത്രം വാളെടുക്കുകയും ചെയ്യുന്ന ഇത്തരക്കാരാണ് അനേകർ ഇത്തരം കൂട്ടങ്ങളിൽ  ചെന്ന് പെടുവാൻ  ഒരു തരത്തിൽ കാരണക്കാർ.

 

 സത്യത്തിൽ ഇത്തരം നേതാക്കൾ  കർത്താവ് തന്നെ പറഞ്ഞത് പോലെ   കുരുടന്മാരെ വഴികാട്ടുന്ന കുരുടന്മാർ  ആയും, ഇത്തരം പ്രസ്ഥാനങ്ങൾ കർത്താവിന്റെ സന്ദേശത്തെയും ജീവനെയും  വഹിക്കാൻ കഴിയാത്ത പഴയ തുരുത്തികൾ ആയും മാറിക്കഴിഞ്ഞു എന്നതാണ് സത്യം.

 

പൗലോസിനെ പോലെ പാപത്തെയും ദുരുപദേശത്തെയും ഒരുപോലെ എതിർക്കാൻ കഴിയുന്ന ആത്മീക അധികാരമുള്ള ദൈവഭക്തന്മാരായ  നേതാക്കളുടെ അഭാവം ആണ് ഇത്തരം പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ ശാപം. ( ദൈവവചന വിരുദ്ധമായ തിരഞ്ഞെടുപ്പിലൂടെയും, രാഷ്ട്രീയ കളികളിലൂടെയും ദൈവവചന വിരുദ്ധമായ ഇത്തരം സംഘടനകളുടെ നേതൃത്വത്തിൽ എത്തുന്നവർക്കു ആത്മീക അധികാരം പ്രതീക്ഷിക്കുന്നത് മണ്ടത്തരം ആണ് എന്നുള്ളത് സമ്മതിക്കുന്നു.)

 

 ഇനി  ജീവിതത്തിലെ പാപങ്ങളെയും  ഉപദേശത്തിലെ പാപങ്ങളെയും രണ്ടായി തരം തിരിച്ചു ഒന്നിന് നേരെ കണ്ണടച്ച് മറ്റൊന്നിനെ മാത്രം വിമർശിക്കുന്ന പരീശത്വം മാറ്റി നിർത്തിയാൽ തന്നെ ഉപദേശപരമായ വിഷയത്തിൽ പോലും ഇതിൽ പ്രതികരിക്കുന്ന പലരിലും ആത്മാർത്ഥത കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം

 

 ഉപദേശത്തിൽ പോലും അടിസ്ഥാനപരമായ തെറ്റ് മനസ്സിലാക്കി അതിനുള്ള തിരുത്തു  വരുത്തുവാനോ മാറ്റം കൊണ്ടുവരുവാനോ ആഗ്രഹമില്ലാതെ ഓരോ സംഭവങ്ങളും , നൂതന പ്രവണതകളും കാണുമ്പൊൾ ഉണ്ടാകുന്ന താൽക്കാലിക വൈകാരിക    പ്രതികരണങ്ങൾ മാത്രമാണ് ഇത്തരക്കാർ പലരും നടത്തുന്നത്.

 

 യഥാർത്ഥത്തിൽ ഇന്ന് കാണുന്ന ലിക്വിഡ് ഫയറും, അഗ്നിസ്നാനവും, ഊതി/ ഉന്തി വീഴ്ത്തലുകളും അല്ല അടിസ്ഥാനപരമായ പ്രശ്നം...ഇതൊക്കെ ഉള്ളിലുള്ള അടിസ്ഥാനപരമായ പ്രശ്നത്തിന്റെ പുറത്തെ ലക്ഷണങ്ങൾ മാത്രമാണ്. ഉള്ളിലുള്ള മാരക രോഗം ചികില്സിക്കാതെ പുറത്തുള്ള രോഗലക്ഷണങ്ങളെ ചികിസിക്കലാണ് ഇന്നുള്ള പല ഉപദേശ ചികിത്സകരും നടത്തുന്നത്.

 

 ദൈവവചനമാകുന്ന കത്തി  കൊണ്ട് ശരിയായ ശസ്ത്രക്രിയ നടത്തി നടത്തി ഉള്ളിലുള്ള പ്രശ്നം നീക്കി കളയുന്നതിനു പകരം തൊലിപ്പുറത്തെ ചികിത്സ മാത്രം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.

 

പരിശുദ്ധാത്മ സ്നാനത്തിന്റെയും,പരിശുദ്ധാത്മ  നിറവിൻ്റെയും ആത്മീയതയുടെയും  ഒക്കെ  ലക്ഷണം വൈകാരികമായ ഇത്തരം  പ്രകടനങ്ങൾ ആണ് എന്നാണ് ഇവർ മിക്കവരും എല്ലാ കാലത്തും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ളത്. എന്നാൽ ഈ വൈകാരിക പ്രകടനങ്ങൾ ഇവരുടെ ബോധ്യങ്ങൾക്കു അപ്പുറം പോകുകയും , വീഴുകയും, ചിരിക്കുകയും , അലറുകയും, ഉന്തിയിടുകയും ഒക്കെ ചെയ്യുന്നി സ്ഥിതിയിൽ എത്തുമ്പോൾ ആണ്  മാത്രമാണ് ഇവരിൽ മിക്കവർക്കും വീഴുന്നതാണോ , വീഴ്ത്തുന്നതാണോ, മുൻപോട്ടു വീഴുന്നതാണോ, പുറകോട്ടു വീഴുന്നതാണോ പരിശുദ്ധാത്മ പ്രവർത്തനം എന്ന തർക്കം ഉണ്ടാകുന്നതു. അപ്പോൾ ആണ് വീഴ്ത്തുന്നതിനു എതിരെ  ഉപദേശ സംരക്ഷകർ എഴുന്നേൽക്കുന്നത്.

 

 അതല്ലാതെ ദൈവവചനപ്രകാരമുള്ള പരിശുദ്ധാത്മ നിറവിന്റെ, നിയന്ത്രണത്തിന്റെ, നടത്തിപ്പിന്റെ   അനുഭവം എന്താണ് എന്ന് ദൈവവചന അടിസ്ഥാനത്തിൽ പഠിപ്പിക്കാൻ ഇവരിൽ പലർക്കും അറിയില്ല.

 

 രക്ഷിക്കപ്പെട്ട ദൈവമക്കളുടെ കൂടിവരവുകളിൽ ആത്മീയ വരങ്ങളുടെ ദൃശ്യമായ പ്രദർശനം ഉണ്ടാകാം. എന്നാൽ  പൊതുസഭയുടെയും , വ്യക്തിപരമായും ഉള്ള ആത്മീയ വർധനയ്ക്ക് ഉപകരിക്കുന്ന പരിശുദ്ധാത്മ  കൃപാവരങ്ങൾ സഭയിൽ ഉപയോഗിക്കുമ്പോൾ അതിനുള്ള വ്യക്തമായ നിർദേശവും നിയന്ത്രണവും അപ്പോസ്തോലന്മാർ നൽകിയിട്ടുണ്ട്. കാരണം പരിശുദ്ധാത്മാവ് സുബോധത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണ്. 2 തോമോത്തിയോസ്‌ 1 :7 , ഗലാത്യർ 5 :23

 

ഉദാഹരണത്തിന്  കൃപാവരങ്ങൾ, പ്രതേകിച്ചു അന്യഭാഷ ദൈവസഭയയിലും, വ്യക്തിപരമായും ഉപയോഗിക്കുന്നതിനുള്ള ക്രമവും, നിയന്ത്രണവും വളരെ  വ്യക്തമായി പൗലോസ് പഠിപ്പിക്കുന്ന അധ്യായം ആണ് 1 കൊരിന്ത്യർ 14.

 

അതിൽ പറയുന്ന ക്രമം പാലിച്ചില്ലെങ്കിൽ, ആ ക്രമം തെറ്റിച്ചു  സഭയ്ക്കുള്ളിൽ ഉപയോഗിച്ചാൽ പോലും  അങ്ങനെയുള്ളവർക്ക് ഭ്രാന്തുണ്ട് എന്നു അവിശ്വാസികളോ ആത്മവരമില്ലാത്തവരോ  പറയും എന്നു അന്നേ തിരുവെഴുത്തു മുന്നറിയിപ്പ് നൽകി.

 

 ഇന്ന് ആ അധ്യായം പൗലോസ് പഠിപ്പിച്ച ക്രമത്തിൽ ശരിയായി പഠിപ്പിക്കുകയോ, ഉപയോഗിക്കുകയോ 99 ശതമാനം പെന്തെകൊസ്ത് സഭകളും, ഉപദേശകരും, പാസ്റ്റർമാരും ചെയ്യുന്നില്ല എന്നതാണു സത്യം. 

 

 അതിനു  പകരം പൗലോസ് പഠിപ്പിച്ചതിനു നേരെ വിപരീതമായായി  ആ ക്രമം തെറ്റിച്ചാണ് അപ്പച്ചന്മാർ മുതൽ പഠിപ്പിക്കുന്നതും ഉപയോഗിക്കുന്നതും. സ്വാഭാവികമായി പൗലോസ് അന്ന് പറഞ്ഞത് പോലെ അന്യഭാഷ പോലുള്ള കൃപാവരങ്ങൾ അവിശ്വാസികളുടെ മുൻപിൽ അപഹാസ്യമായി. മിമിക്രിക്കാർ അടക്കം പൊതു വേദിയിൽ അതിനെ പരിഹസിക്കാൻ തുടങ്ങി.സത്യത്തിൽ  അതിനു കാരണക്കാർ പ്രാഥമികമായി ന്യൂജൻ ആൾക്കാരല്ല  ഇന്നുള്ള  ഉപദേശ സംരക്ഷകർ പ്രതിനിധാനം ചെയ്യുന്ന ഓൾഡ് ജൻ ആണ്‌.

 

 ആശാനു അക്ഷരമൊന്നു പിഴച്ചാൽ, ആൻപത്തെട്ടു പിഴക്കും ശുഷ്യന് എന്ന നിലയിൽ ന്യൂജൻ ശിഷ്യൻന്മാർ അടുത്ത തലത്തിൽ അതിനെ എത്തിച്ചു എന്നു മാത്രം. ഒന്നിൽ പിഴച്ച ഓൾഡ് ജൻ ആശാന്മാർ അൻപത്തെട്ടിൽ പിഴച്ച ന്യൂ ജൻ ശിഷ്യന്മാരെ വിമർശിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്..

 

അടിസ്ഥാനപരമായി പരിശുദ്ധാത്മ നിറവിന്റെ ലക്ഷണങ്ങൾ തുടങ്ങി കൃപാവരങ്ങളുടെ ദൈവവചനപ്രകാരമുള്ള ക്രമവും, നിയന്ത്രണവും  പാലിക്കാത്തതിൽ കൂടി  അതിന്റെ അങ്ങേയറ്റം ചെല്ലുന്നതാണ് ഇത്തരം വചന വിരുദ്ധതകൾ. ചെറിയ വ്യതിയാനം ആണ്‌ വലിയ വചന വിരുദ്ധതയിൽ എത്തുന്നത്.അതിനാൽ ആണ്‌ പൗലോസ് വ്യക്തമായ മുന്നറിയിപ്പുകൾ രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ്  കൊടുതത് . ഞങ്ങൾ ചെയ്യുന്നത്  ചെറുത്, അത് കുഴപ്പമില്ല  ഞങ്ങൾ  വലുതിനെ വിമർശിക്കും എന്ന നിലപാട് ആണ് ഇന്നുള്ള പല ഉപദേശ സംരക്ഷകർക്കും. ചുരുക്കത്തിൽ ക്രമം തെറ്റിയ അടിസ്ഥാനത്തിൽ നിൽക്കുന്നവർ അതിൽ  വരുത്തേണ്ട മാറ്റം വരുത്താതെ അങ്ങേയറ്റം പോയ ക്രമക്കേടിനെ വിമർശിക്കുന്നത്തിൽ ഒരു  പ്രയോജനവും  ഉണ്ടാകില്ല.

 

 അതിനാൽ ഈ കാര്യങ്ങളിൽ യഥാർത്ഥമായ വ്യത്യാസം ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. ഒന്നമതായി പരിശുദ്ധാത്മ കൃപാവരങ്ങളുടെ  പേരിലുള്ള തെറ്റായ പ്രകടങ്ങളെ മറ്റുള്ളവരിൽ കാണുമ്പൊൾ  എതിർക്കുന്നതിനു മുൻപ്,പരിശുദ്ധാത്മാവിനെ നിന്ദിച്ചു, പാപത്തിൽ തുടരുന്ന  സ്വന്തം സഭയിലും  നേതൃത്വത്തിലും ഉള്ള പിന്മാറ്റക്കാർക്ക് എതിരെ നില്ക്കാൻ ഉള്ള ധൈര്യം നിങ്ങൾ  കാണിക്കുക. അങ്ങനെയുള്ള പ്രസംഗികരും, നേതാക്കളും ആയുള്ള ബന്ധവും സംസർഗ്ഗവും  ഉപേക്ഷിക്കാൻ തയ്യാർ ആകുക.

 

 അതിൻ്റെ പേരിൽ സ്റ്റേജുകളും, സഭകളും സ്ഥാനങ്ങളും നഷ്ടപ്പെടും എങ്കിൽ നഷ്ടപ്പെടുത്താൻ തയ്യാർ ആകുക. ഇത്തരം വ്യക്തികൾ നേതൃത്വം വഹിക്കുന്ന സംഘടനകളിൽ നിന്നും പുറത്തു വരാൻ തയ്യാർ ആകുക. കർത്താവിന്റെ  ഭാഗത്തു ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നാൽ ഒറ്റയ്ക്ക് നില്ക്കാൻ തയ്യാർ ആകുക.

 

 അതിനു ശേഷം  സ്വന്തം സഭകളിലെ  ഉപദേശവും ഉപയോഗവും ശരിയാക്കുകയും.പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള  അടിസ്ഥാന ഉപദേശങ്ങൾ മുതൽ കൃപാവരങ്ങളുടെ വ്യക്തിപരവും, പൊതുവിലും ഉള്ള ഉപയോഗത്തിൻ്റെ നിയന്ത്രണവും  ക്രമവും സഭകളിൽ  പഠിപ്പിക്കുകയും പാലിക്കുകയും ചെയ്യുക.

 

 അതിനു ശേഷം നിങ്ങൾ ഇത്തരം വചന വിരുദ്ധതകളെ എതിർക്കുമ്പോൾ, യേശുക്രിസ്തുവിനെയും ആദിമ സഭകളിലെ അപ്പോസ്തോലന്മാരെ പോലെയും  നിങ്ങൾ പറയുന്ന കാര്യങ്ങൾക്കു ആത്മീക അധികാരം ഉണ്ടാകും. സത്യം അറിയാൻ ആഗ്രഹിക്കുന്ന ചുരുക്കം പേര് എങ്കിലും നിങ്ങൾ പറയുന്നത് ശ്രദ്ധിക്കും.  അല്ലെങ്കിൽ കർത്താവിന്റെ കാലത്തേ പരീശന്മാരെ പോലെ നിങ്ങൾ പറയുന്നതിലെ ഇരട്ടത്താപ്പും പൊള്ളത്തരങ്ങളും ആളുകൾ തിരിച്ചറിയും.

 

 എന്നാൽ ഇതിനൊന്നും  തയ്യാർ അല്ലാത്തതിനാൽ, അങ്ങനെ ചെയ്താൽ സ്റ്റേജും, കേൾവിക്കാരും കുറയും എന്നതിനാൽ, സുവിശേഷം ജീവിത ഉപാധി ആയതിനാൽ , ഇത്തരം സംഘടകൾ തങ്ങളുടെ നിലനിൽപിന് ആവശ്യമായതിനാൽ  അവർ  എളുപ്പവഴിയായ താൽക്കാലിക  ഉപദേശ വിമർശനം മാത്രം നടത്തി മുൻപോട്ടു പോകുന്നു.

 

 അങ്ങനെയുള്ളരെ പറ്റി കർത്താവും പ്രവാചകന്മാരും ദൈവവചനവും പറയുന്നു.

 

 യെശ. 1:6 'ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. '

 

യിരെമ്യാവ്‌ 8 :21 എന്റെ ജനത്തിൻപുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 22ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്? 

യിരെമ്യാവ്‌ 6:13 “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. ....... എന്റെ ജനത്തിന്റെ മുറിവിനു   ലഘുവായി ചികിത്സിക്കുന്നു.

മത്തായി 23 :24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു

മത്തായി 23 :25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും

റോമർ 2 :24 ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? .....നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ

 

കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ