ശാരോനിലെ പനിനീർ പുഷ്പം ക്രിസ്തുവോ?
"അടവി തരുക്കലിളിടയിൽ" എന്ന ഗാനവും അത് സംബന്ധിച്ച വിവാദങ്ങളും കൊഴുക്കുകയാണ്. അനേകർ പഴയതും പുതിയതുമായ ഗാനങ്ങളെക്കുറിച്ചും , ഈ ഗാനത്തെക്കുറിച്ചും ഒക്കെ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. അതുമായി ബന്ധപ്പെട്ട അനുകൂലവും പ്രതികൂലവുമായ പല പ്രതികരണങ്ങളും കണ്ടു.
പ്രാസംഗികനെ അറിയില്ല , അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മുൻപ് കേട്ടിട്ടുമില്ല. ഇത്തരം പ്രസംഗവും അവതരണ ശൈലിയും രീതിയും വ്യക്തിപരമായി താല്പര്യമില്ലതിനാൽ ശ്രദ്ധിക്കാറുമില്ല.
ഈ വിഷയത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നാണ് കരുതിയിരുന്നത്.എന്നാൽ പതിവ് പോലെ ഈ വിഷയത്തിലും ഈ ഗാനവുമായി സംബന്ധിച്ച ഒരു അടിസ്ഥാന പ്രശ്നത്തിലേക്ക് പോകാതെ പല ചർച്ചകളും കാടു കയറുന്നതിനാൽ ഈ ഗാനത്തിലെ ചർച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയം ചൂണ്ടിക്കാണിക്കാൻ ആണ് ഇത് എഴുതുന്നത്.
പഴയതും പുതിയതുമായ ക്രിസ്തീയ ഗാനങ്ങൾ സമയം കിട്ടുമ്പോൾ കേൾക്കാറുണ്ട്. പഴയ പാട്ടുകളോട് ആണ് കൂടുതൽ താല്പര്യം. പുതിയതിലും നല്ല പല ഗാനങ്ങളൂം ഇഷ്ടമാണ്. ഗാനങ്ങളുടെ സാഹിത്യ ഭംഗിയേക്കാൾ ലാളിത്യവും ആശയവുമാണ് ആകര്ഷിക്കാറുള്ളത്.അതിനാൽ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഗാനരചയിതാക്കൾ ME ചെറിയാൻ സാറും, നാഗൽ സായിപ്പും.ഇവരുടെ ഒട്ടു മിക്ക ഗാനങ്ങളും വളരെ ഇഷ്ടം.
വിഷയത്തിലേക്കു വരാം. അടവി തരുക്കളിനിടയിൽ എന്നതു ഉത്തമഗീതത്തിലെ രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മനോഹര ഗാനമാണ് എന്നതിൽ സംശയമില്ല. എന്നാൽ ആ ഗാനത്തിൽ അടിസ്ഥാനപരമായ ഒരു പിഴവുണ്ട്. അത് ഈ വിഷയം ചർച്ച ചെയ്യുന്നവർ ആരും പരാമർശിച്ചു കണ്ടില്ല. അത് അതിലെ " പനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്‌വരയിൽ " എന്നുള്ള പരാമർശമാണ്.
ഇത് കുറച്ചു വിശദമായി പറയേണ്ടതാണ്. നമുക്ക് അറിയാവുന്നതു പോലെ ഉത്തമ ഗീതം എന്നത് രണ്ടു പ്രണയിതാക്കൾ തമ്മിലുള്ള പ്രണയ സല്ലാപമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ പുരുഷൻ പറയുന്നത് ഏതാണ് സ്ത്രീ പറയുന്നത് ഏതാണ് എന്ന് നമുക്ക് മനസ്സിലായെങ്കിൽ മാത്രമേ അതിലെ പരാമർശങ്ങൾ ആരെക്കുറിച്ചാണ് എന്നറിയാൻ കഴിയുകയുള്ളൂ. ഉദാഹരണത്തിന് പ്രിയേ എന്ന് തുടങ്ങുന്നത് പുരുഷൻ സ്ത്രീയെക്കുറിച്ചും, പ്രിയനേ എന്ന് തുടങ്ങുന്നത് സ്ത്രീ പുരുഷനെക്കുറിച്ചും ആണ് എന്നത് എളുപ്പത്തിൽ മനസിലാക്കാം.
എന്നാൽ അതിൻ്റെ യഥാർത്ഥ എഴുത്തുകാരനായ ശലോമോൻ ചെയ്യാത്ത ഒരു കാര്യം പിന്നീട് ബൈബിൾ തർജ്ജമകളിൽ സംഭവിച്ചു. അതായതു ഈ പ്രണയ സല്ലാപം അദ്ധ്യങ്ങളായും വാക്യങ്ങൾ ആയും പിന്നീട് തിരിക്കപ്പെട്ടു. ഒരു പ്രണയ ലേഖനം അധ്യായങ്ങൾ തിരിക്കുന്നതിലെ സാംഗത്യമില്ലായ്മ എടുത്തു പറയേണ്ടല്ലോ.
അങ്ങനെ അധ്യായം തിരിച്ചപ്പോൾ എന്നത് രണ്ടാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്.
"ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു"
ഇത് പുരുഷൻ സ്ത്രീയോട് പറയുന്നതാണ് എന്നാണ് മിക്കവാരും ധരിച്ചിരിക്കുന്നത് . അതിനാൽ ഇതിലെ പുരുഷനെ പ്രതിനിധീകരിക്കുന്ന ക്രിസ്തു "ശാരോനിലെ പനിനീർപുഷ്പം" ആണ് എന്ന രീതിയിൽ അനേകം ഗാനങ്ങൾ വന്നിട്ടുണ്ട്. അതിൽ ഒന്നാണ് ഈ ഗാനവും.
എന്നാൽ യഥാർത്ഥത്തിൽ ഇത് ആരാണ് പറയുന്നത്. അധ്യായങ്ങൾ തിരിക്കാതെ തുടർച്ചയായി ഇത് വായിച്ചാൽ അത് മനസിലാക്കാം. അതിനാൽ ഈ അധ്യായത്തിനു മുൻപുള്ള ചില വാക്യങ്ങളും തുറന്നുള്ള വാക്യങ്ങളും കൊടുക്കുന്നു.
എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;
നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
നമ്മുടെ കിടക്കയും പച്ചയാകുന്നു.
നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും
കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
ഞാൻ ശാരോനിലെ പനിനീർപുഷ്പവും
താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു
ഇനി ഈ വാക്യങ്ങളിൽ പുരുഷന്റെയും സ്ത്രീയുടെയും സംഭാഷണങ്ങൾ ആയി തിരിച്ചാൽ നമുക്ക് ഇങ്ങനെ മനസിലാക്കാം
പുരുഷൻ: എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ;
നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
സ്ത്രീ : എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
നമ്മുടെ കിടക്കയും പച്ചയാകുന്നു.
നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും
കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
ഞാൻ ശാരോനിലെ പനിനീർപുഷ്പവും
താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
പുരുഷൻ: മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
സ്ത്രീ : കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു
അതായതു തൊട്ടു മുകളിൽ ആരാണോ "ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരയിലെ താമരപ്പൂവും" എന്ന് പറഞ്ഞിരിക്കുന്നത് അതേ വ്യക്തിയെക്കുറിച്ചു തന്നെയാണ് " മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു" എന്ന് പുരുഷൻ പറയുന്നത്.
അതായതു ശാരോനിലെ പനിനീർപുഷ്പവും താഴ്വരയിലെ താമരയും പുരുഷൻ അല്ല സ്ത്രീ ആണ്.
അതായതു സ്ത്രീയുടെ സംഭാഷണത്തിനു ഇടയിൽ അധ്യായം തിരിച്ചത് കാരണം പലർക്കും ഉണ്ടായ ഒരു തെറ്റിദ്ധാരണ മാത്രമാണ് "ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു" എന്ന് പുരുഷൻ പറയുന്നത് ആണ് എന്നുള്ളത്.
ഇത് ഞാൻ കണ്ടു പിടിച്ച ഒരു കാര്യമല്ല. പല ബൈബിൾ തര്ജ്ജിമകളിലും പുരുഷന്റെയും സ്ത്രീയുടെയും സംഭാഷണം വെവ്വേറെയായി കൊടുത്തിട്ടുണ്ട് ..അതിൽ ചിലതു മാത്രം താഴെ കൊടുക്കുന്നു .
Berean Standard Bible |
The Bride’s Admiration
The Bride
The Bridegroom
2Like a lily among the thorns
is my darling among the maidens.
New Living Translation
Young Woman
1I am the spring crocus blooming on the Sharon Plain,a
the lily of the valley.
Young Man
2Like a lily among thistles
is my darling among young women.
New International Version
He
2Like a lily among thorns
is my darling among the young women.
യഥാർത്ഥത്തിൽ സ്ത്രീ തന്നെ സാധാരണ പനിനീർ പുഷ്പമായും താഴ്വരയിലെ സാധാരണ താമരയായും കാണുന്നു. എന്നാൽ പുരുഷൻ തൻ്റെ പ്രിയപ്പെട്ടവളെ മുള്ളുകൾക്കിടയിലുള്ള താമര പോലെ കാണുന്നു. മുള്ളുകൾ വൃത്തികെട്ടതും ആകർഷകമല്ലാത്തതുമാണ്. എന്നാൽ അവൻ്റെ പ്രിയപ്പെട്ടവൾ മുൾച്ചെടികൾക്കിടയിലെ ഒരു താമരപ്പൂവാണ് -
അവൾ അവൻ്റെ കണ്ണുകളിൽ വേറിട്ടുനിൽക്കുന്നു, അവളുടെ സൗന്ദര്യം മറ്റെല്ലാ സ്ത്രീകളേക്കാളും തിളങ്ങുന്നു. അതേ രീതിയിൽ, സ്ത്രീ തൻ്റെ പുരുഷനെ കാട്ടിലെ മറ്റ് മരങ്ങൾക്കിടയിൽ ഒരു നാരകമായി (ആപ്പിൾ മരമായി) കാണുന്നു-അവൻ അവളുടെ ദൃഷ്ടിയിൽ അതുല്യനും വിലപ്പെട്ടവനുമാണ്.
ഈ അടിസ്ഥാന വ്യത്യാസത്തെ മനസ്സിലാക്കാതെ ആണ് പല പാട്ടുകാരും ക്രിസ്തുവിനെ " ശാരോനിലെ പനിനീർ പുഷ്പം " ആക്കുന്നതും.
ചുരുക്കത്തിൽ അടിസ്ഥാനപരമായ ഈ ഒരു തെറ്റാണു ഈ ഗാനത്തിലെ ഏക പോരായ്മ. അതാണ് പഴയതും പുതിയതുമായ ക്രിസ്തീയ ഗാന നിരൂപങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതും
JINU NINAN