Articles

നന്മ തിന്മകളെ തിരഞ്ഞെടുക്കല്‍

Date Added : 11-02-2018

ചിന്താഭാഗം: ഉല്പത്തി 2:9,16,17

           തോട്ടത്തിൻ്റെ  നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ച് അറിവുനല്‌കുന്ന വൃക്ഷവും ഉണ്ടായിരുന്നു

യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

ദൈവത്തിന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യന് ദൈവസ്വഭാവത്തെ തുടര്‍മാനമായി വെളിപ്പെടുത്താന്‍ ദൈവം ഒരേ ഒരു നിയമം മാത്രമേ  കൊടുത്തിരുന്നുള്ളൂ . ആ നിയമം മനുഷ്യന്‍ നന്മ തിന്മകളെ പറ്റി അറിവ് തരുന്ന വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുത് എന്നായിരുന്നു. അതിന്‍റെ അര്‍ത്ഥം: നന്മ തിന്മകളെ മനുഷ്യന്‍ സ്വയം തിരഞ്ഞെടുക്കരുത്, അതിനു പകരം ദൈവത്തിനു പൂര്‍ണമായി സ്നേഹത്തില്‍ കീഴടങ്ങി തനിക്കു നന്മയേതാണ് തിന്മയേതാണ് എന്നുള്ളത് തീരുമാനിക്കാനുള്ള അവകാശം നന്മയുടെ ഉറവിടമായ ദൈവത്തിനു വിട്ടുകൊടുക്കണം എന്നതായിരുന്നു.അഥവാ ദൈവാശ്രയത്തിൽ ദൈവീക ജീവനിൽ നയിക്കപ്പെട്ടുക എന്നതായിരുന്നു മനുഷ്യനെക്കുറിച്ചുള്ള ദൈവീക ഉദ്ദേശം.അതിനായിട്ടായിരുന്നു ജീവൻ്റെ വൃക്ഷം തോട്ടത്തിനു നടുവിൽ ദൈവം മുളപ്പിച്ചത്.

പക്ഷെ മനുഷ്യന്‍ ദൈവത്തിനു പൂര്‍ണമായി കീഴടങ്ങുന്നതില്‍ നിന്നും മാറി സ്വയം നന്മയോ തിന്മയോ തിരഞ്ഞെടുത്താൽ ദൈവീക ജീവന്‍ (ദൈവത്തിന്‍റെ ആത്മാവ്) അവനെ വിട്ടു പോവുകയും, മനുഷ്യന്‍റെ ആത്മാവ് നിര്‍ജീവമാവുകയും, മനുഷ്യന്‍ അത്മീകമായി മരിക്കുകയും ചെയ്യും. ഇതായിരുന്നു ദൈവം മനുഷ്യനോടു പറഞ്ഞ ആദ്യത്തെ സത്യവും കല്പനയും.

ഉല്പത്തി 2:16,17 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

അങ്ങനെയെങ്കില്‍ ദൈവം എന്തിനു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം അവിടെ മുളപ്പിച്ചു എന്ന് നാം ചോദിച്ചേക്കാം. രണ്ടു കാരണങ്ങള്‍ ഉണ്ട്, ഒന്ന് മുകളില്‍ പറഞ്ഞ നിയമം.രണ്ടു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. 

ഒരു നിയമം ഇല്ലാത്തിടത്തോളം,തിരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല. തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തിടത്ത് വിശ്വാസവും, സ്നേഹവും പരിശോധിക്കപ്പെടുകയുമില്ല. സ്വാതന്ത്ര്യം ഇല്ലാത്ത ഇടത്തുള്ള അനുസരണം ഒരിക്കലും വിശ്വാസത്തിലും സ്നേഹത്തിലും നിന്നാവുകയുമില്ല.അനുസരണം നമുക്ക് ചിലപ്പോൾ നിർബന്ധത്താൽ ഉളവാക്കാം. എന്നാൽ സ്നേഹത്താൽ ഉള്ള അനുസരണം, അനുസരിക്കാനും അനുസരിക്കാതിരിക്കാനും ഉള്ള  സ്വാതന്ത്ര്യം ഉള്ളിടത്തു മാത്രമേ സാധ്യമാകൂ  

പൂര്‍ണ്ണ ഹൃദയത്തോടെ ഉള്ളതായിരിക്കണം മനുഷ്യന്‍റെ ദൈവത്തോടുള്ള സ്നേഹവും അനുസരണവും എന്നതു ദൈവത്തിന്‍റെ ആഗ്രഹമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യന്ത്രമനുഷ്യന്‍ ആയിട്ടല്ല; ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും ഉള്ളവനായിട്ടാണ്. അത് കൊണ്ട് തന്നെ മനുഷ്യന് സ്വയമായി നന്മയും തിന്മയും തിരിച്ചറിവാനുള്ള കഴിവും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വാതന്ത്ര്യത്തില്‍ ദൈവത്തില്‍ പൂര്‍ണമായി വിശ്വസിക്കുകയും, ആശ്രയിക്കുകയും, ദൈവം തനിക്കു നന്മയേതാണ് തിന്മയെന്താണ് എന്ന് തീരുമാനിക്കുമ്പോള്‍, ആ തീരുമാനത്തെ മനുഷ്യന്‍ സ്നേഹത്തില്‍ അനുസരിക്കുകയും വേണം എന്നാണ് ദൈവം മനുഷ്യനെ കുറിച്ച് ആഗ്രഹിച്ചത്.

അത് കൊണ്ട് ദൈവം ഏദന്‍ തോട്ടത്തില്‍ ആ വൃക്ഷം മുളപ്പിച്ചത് “മനുഷ്യന് തിരഞ്ഞെടുപ്പിന്മേലുള്ള സ്വാതന്ത്ര്യം” അനുവദിക്കാനും മനുഷ്യന്‍റെ സ്നേഹവും ,വിശ്വാസവും, അനുസരണവും പരിശോധിക്കപ്പെടാനും വേണ്ടിയാണ്.

ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം എന്നത് നമ്മളൊക്കെ ഊഹിക്കുന്നതിന്‍റെ അപ്പുറത്താണ്. ഏതൊരു മനുഷ്യനും തന്‍റെ മകന് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്നു എന്നവകാശപ്പെട്ടാലും ഒരു പരിധിക്കപ്പുറം അവനു സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന് കാണാം. തന്നെ തള്ളിപ്പറയാനുള്ള സ്വാതന്ത്ര്യം ഒരിക്കലും അയാള്‍ തന്‍റെ മക്കള്‍ക്ക്‌ കൊടുക്കുകയില്ല. അവര്‍ തന്നെ അനുസരിക്കണമെന്നും സ്നേഹിക്കണമെന്നും അയാള്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ ദൈവം മനുഷ്യര്‍ക്ക്‌ നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം ദൈവത്തെ തള്ളിപ്പറയാനും കൂടി ഉള്ളത്ര വലിയതാണ്. നമ്മുടെ കര്‍ത്താവിന്‍റെ വാക്കുകള്‍ നോക്കുക:

“നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്നേഹിക്കണം.”

പൂര്‍ണ്ണമനസ്സോടെ എന്ന് പറയുമ്പോള്‍, ഒരു നിര്‍ബന്ധത്തിന്‍റെ പുറത്തും ആയിരിക്കരുത് എന്നര്‍ത്ഥം!!

ക്രിസ്തീയ മാര്‍ഗവും, മതങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇത് തന്നെയാണ്. മതങ്ങളില്‍ ദൈവത്തെ അനുസരിക്കാന്‍ പുറമെയുള്ള  കല്പനകളും, അനുഷ്ടാനങ്ങളും, ചടങ്ങുകളും, പ്രതിഫലത്തെ കുറിച്ചുള്ള വാഗ്ദാനങ്ങളും, ശിക്ഷകളെക്കുറിച്ചുള്ള ഭീഷണികളും ആണെങ്കില്‍ ക്രിസ്തീയതയില്‍ സ്നേഹബന്ധത്തില്‍ കൂടിയുള്ള അനുസരണം ആണ് ദൈവം ആഗ്രഹിക്കുന്നത് . ആ അനുസരണം കല്പന ഉള്ളത് കൊണ്ടോ, ശിക്ഷ പേടിച്ചോ, പ്രതിഫലം ആഗ്രഹിച്ചോ അല്ല. സ്വാതന്ത്ര്യത്തില്‍ നിന്നും ഉളവാകുന്ന സ്നേഹത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നുമാണ്.

ക്രിസ്തീയ മാർഗ്ഗം യഹൂദ മതത്തെപ്പോലെയോ, ഇസ്ലാം മതത്തെപ്പോലെയോ, കഠിനമായ ബാഹ്യ നിയമങ്ങളും ആചാര അനുഷ്ടാനങ്ങളും നിറഞ്ഞ മറ്റൊരു മതമല്ല.അതിൻ്റെ നേരെ എതിര്ദിശയിലുള്ള  മാർഗ്ഗമാണ്. അത് ജീവനുള്ള പുതുവഴിയാണ്. ആത്മാവിലുള്ള സ്വാതന്ത്ര്യത്തിൻ്റെ   മാർഗ്ഗമാണ്. 

2 കൊരിന്ത്യര്‍ 3:17 കര്‍ത്താവു ആത്മാവാകുന്നു. കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.

2 കൊരിന്ത്യര്‍ 5:14 ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു.

അതിനാല്‍ ആണ് ക്രിസ്തീയ ജീവിതത്തില്‍ സ്നേഹത്താല്‍  വ്യാപരിക്കുന്ന വിശ്വാസം ഏറ്റവും പ്രധാനം ആകുന്നതു.

ഗലാത്യര്‍ 5: 6 ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരേ, ദൈവം നന്മ നിറഞ്ഞവന്‍ ആണ് എന്നും, ദൈവം നന്മ മാത്രമേ ചെയ്യുകയുള്ളൂ എന്നുമുള്ള പൂര്‍ണ്ണ ബോധ്യത്തില്‍ ആണോ നിങ്ങള്‍ ജീവിക്കുന്നത്? നിങ്ങളുടെ  ജീവിതത്തില്‍ നന്മതിന്മകളെ നിങ്ങള്‍ സ്വയം തീരുമാനിക്കു കയാണോ? അതോ പൂര്‍ണ്ണമായും ദൈവത്തില്‍ അശ്രയിക്കുകയാണോ? 

ക്രിസ്തീയ മാർഗ്ഗം  എന്നുള്ളത് ചില വിശ്വാസപ്രമാണങ്ങള്‍ തലയില്‍ അംഗീകരിക്കുന്നതോ, ചില ബാഹ്യ നിയമങ്ങളാൽ നയിക്കപ്പെടുന്നതോ അല്ല  എന്ന് നിങ്ങള്‍ മനസിലാക്കുക. മറിച്ചു  ദൈവത്തിന്‍റെ സ്നേഹത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും, അവനില്‍ പൂര്‍ണ്ണമായും ആശ്രയിക്കുകയും, നമുക്ക് നന്മയേതാണ് തിന്മയേതാണ് എന്നുള്ളത് തീരുമാനിക്കാനുള്ള അവകാശം നന്മയുടെ ഉറവിടമായ ദൈവത്തിനു പൂര്‍ണ്ണമായും വിട്ടുകൊടുക്കുകയും, ദൈവാത്മാവിനാൽ നടത്തപ്പെടുകയുമാണ്.. അങ്ങനെയുള്ള ജീവിതത്തിലേക്ക് ദൈവം നിങ്ങളെ നയിക്കട്ടെ.

ജിനു നൈനാൻ