ഹെബ്രായ ലേഖനം അദ്ധ്യായം 12 18 -28 ദഹിപ്പിക്കുന്ന അഗ്നിയുടെ അരികിൽ, തിരു രക്തത്തിൻ മറവിൽ
ദഹിപ്പിക്കുന്ന അഗ്നിയുടെ അരികിൽ, തിരു രക്തത്തിൻ മറവിൽ
ഹെബ്രായ ലേഖനം അദ്ധ്യായം 12 18 -28
മുൻപുള്ള പഠനത്തിൽ നാം ഹെബ്രായ ലേഖനം അദ്ധ്യായം 12 1-17 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പഠനവിധേയമാക്കിയത് . പിന്മാറ്റക്കാർക്കുള്ള മുന്നറിയിപ്പായി ദൃശ്യമായതിനു വേണ്ടി അദൃശ്യമായതിനെ വിറ്റു കളഞ്ഞ ഏശാവിനെ ചൂണ്ടിക്കാണിച്ച ശേഷം ലേഖകൻ പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസങ്ങൾ വീണ്ടും വിവരിക്കുന്നു.
18 സ്പർശിക്കാവുന്നതും തീ കത്തുന്നതുമായ പർവ്വതത്തിനും മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത്.
ദൈവം പഴയ ഉടമ്പടിയും ന്യായപ്രമാണവും ഇസ്രായേൽ മക്കൾക്ക് ഉറപ്പിക്കുന്ന സംഭവം ആണ് ലേഖകൻ ഇവിടെ വിവരിക്കുന്നത്
പാപം ചെയ്തു ദൈവീക കൂട്ടായ്മയിൽ നിന്നും അകന്നു പോയ മനുഷ്യന് അത്മാവായ ദൈവവുമായുള്ള ആത്മാവിലുള്ള കൂട്ടായ്മ സാധ്യമായിരുന്നില്ല. അതിനാൽ പഴയ ഉടമ്പടിയുടെ കീഴിൽ അവരുടെ ഇന്ദ്രിയങ്ങളാൽ കാണുവാനും , കേൾക്കുവാനും , സ്പർശിക്കാവുന്നതുമായ നിലയിൽ യഹോവയായ ദൈവം തന്നെത്താൻ വെളിപ്പെടുത്തുന്നു.
ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോട് പറയരുതേ എന്നു അപേക്ഷിച്ചു. 20എന്തെന്നാൽ ഒരു മൃഗം പോലും ആ പർവ്വതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള ദൈവകല്പന അവർക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല.
എന്നാൽ ദൈവത്തിൻ്റെ ആ രീതിയിൽ ഉള്ള വെളിപാട് ഭീകരവും ഭയപ്പെടുത്തുന്നതുമായിരുന്നു. ദൈവീക വിശുദ്ധിയോടു അടുക്കുവാൻ പാപിയായ മനുഷ്യന് കഴിയുന്നതല്ല അതിനാൽ തൻ്റെ സാന്നിധ്യത്തിൽ നിന്നും അവർ അകന്നു മാറുവാൻ ദൈവം കൽപ്പിക്കുന്നു.മോശ സീനായ് പർവ്വതത്തിനു അതിര് വച്ച് ദൈവം ജനത്തെയും മൃഗങ്ങളെപ്പോലും മാറ്റി നിർത്തുന്നു. അതിരു ലംഖിക്കുന്ന മനുഷ്യനേയോ മൃഗത്തെയോ കല്ലെറിഞ്ഞു കൊല്ലുവാൻ കൽപ്പിക്കുന്നു.
21ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭീകരമായിരുന്നു.
മോശ പോലും പേടിച്ചു വിറയ്ക്കുന്ന രീതിയിൽ ഭീതികരമായിരുന്നു ആ വെളിപാട്.അതിനാൽ അവർ ദൈവം ഇനി തങ്ങളോട് സംസാരിക്കേണ്ട എന്നും മോശ ദൈവത്തിനു പകരം സംസാരിച്ചാൽ മതി എന്നും ആവശ്യപ്പെടുന്നു
ഇതൊക്കെ വായിക്കുന്ന വായനക്കാർക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു സംശയം ഉണ്ട്. പഴയ നിയമത്തിൽ വെളിപ്പെട്ട യഹോവയും യേശുക്രിസ്തു വെളിപ്പെടുത്തിയ പിതാവാം ദൈവവും ഒരു വ്യക്തി തന്നെയാണോ? ആണ് എങ്കിൽ എങ്ങനെ ഈ ഭയപ്പെടുത്തുന്ന ദൈവത്തിന്റെ സാന്നിധ്യത്തിൽ ഒരു മനുഷ്യന് കടന്നു വരുവാൻ കഴിയും?
ഈ ഒരു ആശയക്കുഴപ്പം മൂലം ആദിമ നൂറ്റാണ്ടുകളിൽ തന്നെ പഴയ നിയമത്തിൽ വെളിപ്പെട്ട യഹോവ എന്നത് ക്രൂരനും, രക്തദാഹിയും, കരുണയില്ലാത്തവനും ആയ ഒരു ഗോത്ര ദൈവം ആണ് എന്നും, പുതിയ നിയമത്തിൽ യേശുക്രിസ്തു വെളിപ്പെടുത്തിയ സ്നേഹസ്വരൂപനായ പിതാവാം ദൈവം ആണ് യഥാർത്ഥ ദൈവമെന്നും അത് പഴയ നിയമത്തിലെ യഹോവയല്ല എന്നുമുള്ള ദുരുപദേശം പടർന്നിരുന്നു.
രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാഴ്സിയൻ എന്ന വ്യക്തിയായിരുന്നു ഈ ദുരുപദേശം പഠിപ്പിച്ചത് " മാർസിയോണിസം" എന്ന പേരിൽ അറിയപ്പെട്ട ഈ ദുരുപദേശത്തെ സഭ തള്ളിക്കളയുകയാണ് ഉണ്ടായതു.
ഇന്നും ആ ഉപദേശം വേറെ രീതിയിൽ ഉയിത്തെഴുനേൽക്കുകയും പലരും അതിന്റെ വക്താക്കൾ ആയി മാറുകയും ചെയ്യുന്നു.
എന്നാൽ ഹെബ്രായ ലേഖകൻ തന്നെ ദൈവത്തിനു ഒരു മാറ്റവും വന്നിട്ടില്ല എന്നും ദൈവം അന്നും ഇന്നും ദഹിപ്പിക്കുന്ന അഗ്നിയാണ് എന്നും വിവരിക്കുന്നു.
എന്നാൽ എവിടെയാണ് വ്യത്യാസം വന്നത് ? ദൈവത്തിനു മാറ്റം വന്നിട്ടില്ല എങ്കിലും നാം വന്നിരിക്കുന്ന സ്ഥലത്തിന് മാറ്റം വന്നിരിക്കുന്നു.
22 എന്നാൽ നിങ്ങൾ സീയോൻ പർവ്വതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും,
അതെ, ഇന്ന് ദൃശ്യമായ ഒരു സീനായി പർവ്വതത്തിന് മുൻപിലേക്കോ മാനുഷിക ഇന്ദ്രിയങ്ങളാൽ കാണുവാനും , കേൾക്കുവാനും , സ്പർശിക്കാവുന്നതുമായ നിലയിലുള്ള ഒരു ദൈവീക സാന്നിധ്യത്തിലേക്കുമല്ല നാം വന്നിട്ടിരിക്കുന്നതു.
പകരം ആത്മാവിനാൽ ജനിച്ച ദൈവമക്കൾക്കു മാത്രം ആത്മാവിൽ വിശ്വാസത്താൽ കാണുവാനും , അനുഭവിക്കുവാനും കഴിയുന്ന ദൈവീക സന്നിദ്ധത്തിലേക്കാണ് നാം വന്നിരിക്കുന്നത്.ഭൗമികമായ പർവ്വതത്തിനും നഗരത്തിനും അരികിലല്ല, പകരം ആത്മീക പർവ്വതമായ സീയോൻ മലയിലേക്കും ആത്മീക നഗരമായ സ്വർഗീയ സ്വർഗ്ഗീയയെരൂശലേമിനും അരികിലേക്കാണ് നാം ഇന്ന് വന്നിരിക്കുന്നത്. ഇവയൊന്നും മാനുഷിക ഇന്ദ്രിയങ്ങളാൽ കാണുവാനും , കേൾക്കുവാനും, അനുഭവിക്കുവാനും കഴിയുന്നതല്ല.
യോഹ. 4: 21 -24 സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു. സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കണം എന്നു പിതാവ് ആഗ്രഹിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.
23 അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും,സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിയ്ക്കും പൂർണ്ണരായ നീതിമാന്മാരുടെ ആത്മാക്കൾക്കും.
മുൻപുള്ള അധ്യായങ്ങളിൽ ആദ്യജാതൻ എന്ന അവകാശം വിറ്റു കളഞ്ഞ ഏശാവിനെക്കുറിച്ചു ചിന്തിച്ചിരുന്നു. പിതാവിൻ്റെ എല്ലാ അവകാശത്തിനും ജന്മാവകാശമായി ലഭിക്കുന്നത് ആദ്യജാതനാണ്. ക്രിസ്തു ആണ് ദൈവത്തിൻ്റെ ആദ്യജാതൻ.ക്രിസ്തുവിലെ വിശ്വാസത്താൽ പുതിയ ഉടമ്പടിയിൽ പ്രവേശിച്ച നാം എല്ലാവരും ആ അവകാശത്തിനു യോഗ്യർ ആകുന്നു.(എഫെ. 1:3 , ഗലാ. 4:7 ) അങ്ങനെയുള്ള ആദ്യജാതന്മാരുടെ കൂട്ടം ആണ് യഥാർത്ഥ സഭ.
ഇന്ന് ലോകത്തില്‍ എണ്ണിയാലൊടുങ്ങാത്ത വിധം അനേകം “സഭകള്‍” ഉണ്ട്.രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സഭകള്‍ മുതല്‍ ഇന്നലെ പൊട്ടി മുളച്ച “ന്യൂ ജെനെറെഷന്‍” വരെയുള്ളവര്‍.എല്ലാവരും പരസ്യമായോ രഹസ്യമായോ പറയുന്നത് ഒന്ന് മാത്രം.ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയാല്‍ സ്വർഗ്ഗത്തിൽ പോകാം. എന്നാൽ ഈ സഭകളിൽ ചേരുന്ന മിക്കവരുടെയും പേര് ആ സഭകളുടെ രജിസ്റ്റർ ബുക്കിൽ മാത്രമേ കാണുകയുള്ളൂ. സ്വർഗത്തിൽ കാണുകയില്ല.
യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ സഭ ഒന്നേ ഉള്ളൂ.അതാണ് ആദ്യജാതന്മാരുടെ സഭ. ആ സഭയിലുള്ളവരുടെ പേരുകള്‍ എഴുതിയിരിക്കുന്നത് സ്വര്‍ഗത്തിലാണ് . ആ സഭയെ പറ്റിയാണ് ഈ വേദഭാഗത്തില്‍ പറയുന്നത്.
അവിടെ ക്രിസ്തുവിൻ്റെ രക്തത്താൽ പരിപൂർണ്ണൻ ആയിത്തീർന്ന നീതിമാന്മാർ ആയ പഴയനിയമ വിശുദ്ധന്മാരുണ്ട് അവിടെ അനേകായിരം ദൂതന്മാരുടെ സർവ്വസംഘമുണ്ട്. അവിടെ എല്ലാവരെയും ന്യായം വിധിക്കുന്ന ദൈവമുണ്ട്.
നാം കണ്ടത് പോലെ ദൈവത്തിനു ഒരു മാറ്റവും വന്നിട്ടില്ല എന്നും ദൈവം അന്നും ഇന്നും നീതിയുള്ള ന്യായാധിപതിയുമാണ് എന്ന് ഹെബ്രായ ലേഖകൻ വിവരിക്കുന്നു .
എന്നാൽ എങ്ങനെയാണു ഒരു മനുഷ്യനും അടുത്തുകൂടാത്ത വിശുദ്ധിയിൽ വസിക്കുന്ന, നീതിമാനായ, ദഹിപ്പിക്കുന്ന അഗ്നിയായ ദൈവത്തിനു അടുത്ത് നമുക്ക് വരുവാൻ കഴിയുന്നത്?
യെശയ്യാവ് 33: 14സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?
ഇതിനുള്ള ഉത്തരമാണ് ലേഖകൻ അടുത്ത വാക്യങ്ങളിൽ പറയുന്നത്.
24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും,
സാധാരണ മനുഷ്യർക്ക് ഒരിക്കലും തീയുടെ നടുവിൽ ജീവിക്കുവാൻ കഴിയുകയില്ല . എന്നാൽ അഗ്നിശമന ഉദ്യോഗസ്ഥർ തീയുടെ നടുവിൽ നിന്നും ആളുകളെ രക്ഷിക്കുന്നതു നമുക്ക് കാണാൻ കഴിയും. അതിനു കാരണം അവരെ തീയിൽ നിന്നും രക്ഷിക്കുന്ന , തീ ഏൽക്കാത്ത ( FIRE PROOF ) വസ്ത്രം അവർക്കുണ്ട് എന്നതാണ് . അത് പോലെ പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ ആയ ക്രിസ്തുവിൻ്റെ രക്തം ആണ് ദൈവത്തിന്റെ നീതിയുടെ , വിശുദ്ധിയുടെ അഗ്നിയുടെ മുൻപിൽ നമുക്ക് പ്രതിരോധം തീർക്കുന്നത്.
ദൈവം നീതിമാൻ ആണ്, അതിനാൽ ഒരു പാപിക്കും ദൈവസന്നിധിയിൽ നിൽക്കുവാൻ കഴിയില്ല, എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു നഷ്ടപ്പെടുത്തിയവർ ആണ്. നമ്മുടെ ഏറ്റവും നല്ല വസ്ത്രവും ദൈവസന്നിധിയിൽ കറ പുരണ്ട വസ്ത്രമാണ്. ദൈവനീതിയുടെ അഗ്നിയെ പ്രതിരോധിക്കാൻ അതിനു കഴിയില്ല. എന്നാൽ യേശുക്രിസ്തുവിന്റെ നീതിവസ്ത്രം നാം വിശ്വാസത്താൽ സ്വീകരിച്ചാൽ നമുക്ക് ദൈവത്തിനു മുൻപിൽ ധൈര്യപൂർവ്വം നീക്കുവാൻ കഴിയും. ഇതാണ് സുവിശേഷത്തിന്റെ അടിസ്ഥാന സന്ദേശം.(റോമർ 3:25)
പാപിയായ മനുഷ്യന് രണ്ടു തിരഞ്ഞെടുക്കലുകൾ മാത്രമേ ഉളളൂ . ഒന്നുകിൽ നമുക്ക് നമ്മുടെ നീതിപ്രവർത്തികൾ കൊണ്ട് ദൈവനീതിയുടെ സിംഹാസനത്തിനു മുൻപിൽ നിൽക്കാം , അല്ലെങ്കിൽ ദൈവനീതി പൂർത്തീകരിച്ചവനായ യേശുക്രിസ്തുവിന്റെ നീതി സൗജന്യമായി വിശ്വാസത്താൽ സ്വീകരിച്ചവനായി ദൈവത്തിനു മുൻപിൽ നിൽക്കാം . എന്നാൽ ദൈവീക നീതിയുടെ അഗ്നിയെ പ്രതിരോധിക്കാൻ ഒരു മനുഷ്യന്റെയും സ്വയ നീതിയുടെ വസ്ത്രത്തിനു കഴിയുകയില്ല.
24 ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്
എന്ത് കൊണ്ടാണ് ക്രിസ്തുവിൻ്റെ രക്തം ഹാബെലിൻ്റെ രക്തത്തേക്കാൾ ശ്രേഷ്ഠമാകുന്നത്? മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നയാണ് അത്. ഇവിടെ ഹാബേലിന്റെ രക്തം എന്ന് ഉദ്ദേശിക്കുന്നത് ഈ അധ്യായത്തിന്റെ ആദ്യ ഭാഗത്തു പറയുന്നത് പോലെ ഹാബേൽ അർപ്പിച്ച യാഗരക്തമാണ് എന്നും, അല്ല പ്രതികാരത്തിനായി നിലവിളിക്കുന്ന ഹാബേലിന്റെ സ്വന്തം രക്തം ആണെന്നും അഭിപ്രായമുണ്ട്.
ഇവിടെ പരാമർശിക്കുന്നത് ഹാബേൽ അർപ്പിച്ച യാഗരക്തമാണ് എന്നതാണ് ലേഖനത്തിന്റെ പൊതു സന്ദേശത്തിനും സാഹചര്യത്തിനും കൂടുതൽ യോജിക്കുന്നത്. കാരണം ലേഖനത്തിൽ ഉടനീളവും ഈ അധ്യായത്തിലും ഹെബ്രായ ലേഖകൻ പറയാൻ ശ്രമിക്കുന്നത് പഴയ നിയമ യാഗങ്ങളെക്കാളും ശ്രെഷ്ഠമായ ക്രിസ്തുവിൻ്റെ ശരീര യാഗത്തെക്കുറിച്ചും, പഴയ നിയമ യാഗമൃഗങ്ങളുടെ രക്തത്തെക്കാളും ശ്രെഷ്ഠമായ യേശുവിന്റെ യാഗരക്തത്തെയും കുറിച്ചാണ്.
'കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ. എബ്രാ. 10:4" 'ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 'എബ്രാ. 10:10
25 അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷപ്രാപിക്കും.
ലേഖനത്തിൽ ഉടനീളം ആവർത്തിക്കുന്നത് പോലെ അവസാന ഭാഗത്തേക്ക് വരുമ്പോഴും ലേഖകൻ പിന്മാറ്റത്തിനെതിരെയുള്ള മുന്നറിയിപ്പ് വീണ്ടും ആവർത്തിക്കുന്നു. പുതിയ ഉടമ്പടിയുടെ കീഴിലുള്ള അനുഗ്രഹങ്ങൾ അതി ശ്രേഷ്ഠമായിരിക്കുന്നതു പോലെ അതിനെ നിരസിക്കുന്ന പിന്മാറ്റക്കാർക്കുള്ള ശിക്ഷയും അതികഠിനമാണ്.
26 അവന്റെ ശബ്ദം അന്ന് ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു.
സീനായി മലയിൽ ദൈവം പ്രത്യക്ഷപ്പെടുമ്പോൾ, തൻ്റെ ശബ്ദം ഭൂമിയെ ഇളകുന്നു. എന്നാൽ ഇനി കർത്താവിന്റെ രണ്ടാം വരവിൽ ഭൂമിയും ആകാശവും ഇളകാൻ പോകുന്നു എന്ന് ലേഖകൻ മുന്നറിയിപ്പ് തരുന്നു.
27“ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
ഈ ഭൂമിയിൽ നിർമ്മിതമായതു എല്ലാം ഇളക്കമുള്ളതാണ്.അവ ഒന്നും നിലനിൽക്കുന്നതല്ല. നമ്മുടെ ഈ ഭൂമിയിലെ നിക്ഷേപങ്ങൾ എല്ലാം ദൃശ്യമായതും , താൽക്കാലികവും, നിലനിൽക്കാത്തതും ഇളക്കമുള്ളതുമാണ്. അതിനാൽ അദൃശ്യമായതും , നിലനിൽക്കുന്നതും , ഇളക്കമില്ലാത്തതുമായ നിത്യതയിൽ ഉള്ള കാര്യങ്ങളിൽ , ഉയരത്തിൽ ഉള്ളതിൽ ദൃഷ്ടിയും , മനസ്സും വയ്ക്കുന്നവർ അന്ന് യഥാർത്ഥ വിശ്വാസികൾ.
28 ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. 29നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ
യഥാർത്ഥ വിശ്വാസികൾ അബ്രഹാമിനെപ്പോലെ ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ ഇളകാത്തതുമായ നഗരത്തിനായി കാത്തിരിക്കുന്നവർ ആണ്. ദൈവം നമ്മെ അതിനു യോഗ്യരാക്കിയതിനാൽ നാം നന്ദി, ഭക്തി, ഭയംഎന്നിവയോടെ ദൈവത്തെ സേവിക്കേണ്ടവരാണ്.