Articles

പാപകരമായ സഹിഷ്ണുതയും ദൈവഹിതപ്രകാരമുള്ള കോപവും

Date Added : 05-10-2023

പാപകരമായ സഹിഷ്ണുതയും ദൈവഹിതപ്രകാരമുള്ള കോപവും I

The Sin of Tolerance & Godly Anger I Jinu Ninan


സഹിഷ്ണുത ദൈവമക്കൾക്കു ഉണ്ടാകേണ്ട ആത്മീയ ഗുണം ആയും കോപം എന്നത് ജഡത്തിൻ്റെ പ്രവൃത്തി ആയും ആണ് പൊതുവെ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്.

ആത്മീകരായ വ്യക്തികൾ ഒരിക്കലൂം കോപിക്കുകയോ അസഹിഷ്ണുത കാണിക്കുകയോ ചെയ്യരുത് എന്ന് ആണ് മിക്കവരും ചിന്തിക്കുന്നത്.

എന്നാൽ ചില വിഷയങ്ങളോടുള്ള  സഹിഷ്ണുത പാപം ആയും അതിൽ നിന്നും മനസാന്തരപ്പെടണം എന്നും,ചിലതിനോടുള്ള  കോപം ദൈവീകമായ വികാരം ആയും തിരുവെഴുത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും. (വെളി. 2:20)

അതിനാൽ തന്നെ ചില സാഹചര്യങ്ങളിൽ അസഹിഷ്ണുതയും കോപവും ആത്മീകനായ ഒരുവന് ഉണ്ടാകേണ്ടത് തന്നെയാണ്. അതില്ലാത്ത വ്യക്തികർ യഥാർത്ഥത്തിൽ രക്ഷിക്കപ്പെടാത്തവരോ ആത്മീകമായി വളരാത്തവരോ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരോ ആയിരിക്കാം.

ദൈവത്തെ പൂർണമായും വെളിപ്പെടുത്തിയ ഏക മനുഷ്യൻ യേശുക്രിസ്തു ആണ്. പലരും ചിന്തിക്കുന്നത് പോലെ കർത്താവ് ഒരിക്കലും കോപിക്കാതിരിക്കുകയും, എല്ലാറ്റിലും സഹിഷ്ണുത കാണിക്കുകയും ചെയ്ത മനുഷ്യൻ ആയിരുന്നില്ല.

അതിനാൽ തന്നെ കർത്താവിന്റെ ജീവിതത്തിൽ നിന്നും നമുക്ക് ദൈവീകമായ കോപവും, ദൈവീകമായ അസഹിഷ്ണുതയും എന്താണ് എന്നും എവിടെയാണ് അത് പ്രകടിപ്പിക്കേണ്ടത് എന്നും മനസ്സിലാക്കുവാൻ കഴിയും

യേശുക്രിസ്തു വ്യക്തിപരമായി തനിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളോടോ ഉപദ്രവങ്ങളോടോ ഒരിക്കലും കോപമോ അസഹിഷ്ണുതയോ പ്രകടിപ്പിച്ചിട്ടില്ല. പകരം അതെല്ലാം താൻ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. (ലൂക്കോസ് 23:34).

എന്നാൽ തൻ്റെ പിതാവിന്റെ ആലയം വാണിഭശാലയും കള്ളന്മാരുടെ ഗുഹയും ആക്കുന്നുന്നു എന്ന് കാണുമ്പൊൾ താൻ അസഹിഷ്ണുതയോടെ, ശക്തമായി പ്രതികരിക്കുന്നു. ദേവാലയത്തിലെ പാപത്തെയും പരീശത്വത്തെയും താൻ കോപത്തോടെ നേരിടുന്നു. (യോഹ. 2:15 മർക്കോസ് 3:5)

തൻ്റെ പരസ്യ ശുശ്രൂഷയുടെ തുടക്കത്തിലും അവസാനത്തിലും ദൈവീകമായ കോപത്തിൽ ദേവാലയത്തെ ശുദ്ധീകരിക്കുവാൻ താൻ ശ്രമിക്കുന്നു. അതിനു കാരണം തൻ്റെ പിതാവിൻ്റെ അലയത്തെക്കുറിച്ചുള്ള തൻ്റെ എരിവ് ആയിരുന്നു. (യോഹ. 2:17)

പക്ഷെ ദേവാലയത്തിലെ ദ്രവ്യാഗ്രഹികളും ഒത്തുതീർപ്പുകാരാരുമായ പുരോഹിതവർഗ്ഗവും പരീശന്മാരും യഹൂദ ജാതിയും കർത്താവിനെ തള്ളിക്കളയുന്നു.

ഒടുവിൽ മനുഷ്യരാൽ നിന്ദിക്കപ്പെട്ടവനും ത്യജിക്കപ്പെട്ടവനുമായി കർത്താവും ദേവാലയത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പുറത്തേക്കു പോകുന്നു.ദൈവീക ന്യായവിധിയിൽ ആ ദേവാലയം കല്ലിൻമേൽ കല്ല് ശേഷിക്കാതെ നശിപ്പിക്കപ്പെടുന്നു. (മത്തായി 24:1-2)

എന്നാൽ വീടുപണിയേണ്ടവരായ യഹൂദ പുരോഹിതവർഗ്ഗം തള്ളിക്കളഞ്ഞ, മനുഷ്യരാൽ ത്യജിക്കപ്പെട്ട കല്ലായ ക്രിസ്തുവിനെ ദൈവം ദൈവസഭ എന്ന ദേവാലയത്തിന്റെ മൂലക്കലായി തിരഞ്ഞെടുക്കുന്നു. ക്രിസ്തു എന്ന മൂലക്കല്ലിനോട് ചേർത്ത് അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനക്കല്ലുകളി ന്മേൽ ആ ദേവാലയത്തെ പണിയുന്നു. (മാർക്കോസ് 12:1-11;സങ്കീർത്തനം 118:22-23, ഏശയ്യാവ്‌ 53:2, 1 പത്രൊ. 2:4)

ദൈവസഭ പണിയുവാൻ കർത്താവ് തിരഞ്ഞെടുത്ത തൻ്റെ കൂട്ടുവേലക്കാർ ആയ അപ്പോസ്തോലന്മാർക്കും ഇതേ ദൈവീകമായ എരിവും , ദൈവീക കോപവും , ദൈവീക അസഹിഷ്ണുതയും ഉണ്ടായിരുന്നു. ( 2 കൊരി. 11:2)

അതിനാൽ തന്നെ അവരും ദൈവസഭയെ നശിപ്പിക്കുന്ന പാപത്തെയും പരീശത്വത്തെയും ശക്തമായി നേരിട്ടു. ദൈവസഭയുടെ വിശുദ്ധി അവർ കാത്തു സൂക്ഷിച്ചു. (1 കൊരി. 5:1-13)

എന്നാൽ അപ്പസ്തോലിക കാലം കഴിയുമ്പോഴേക്കും ദൈവസഭയുടെ പിന്മാറ്റം നമുക്ക് തിരുവെഴുത്തിൽ നിന്ന് തന്നെ കാണുവാൻ കഴിയും. അതിനു കാരണം ദൈവീകമായ എരിവും , ദൈവീക കോപവും , ദൈവീക അസഹിഷ്ണുതയും ഇല്ലാത്ത ഒത്തുതീർപ്പുകാർ ആയ സഹിഷ്ണുതയുള്ള മനുഷ്യരെ പ്രസാദിപ്പിക്കുന്ന, ഭയപ്പെടുന്ന നേതൃത്വം തന്നെയായിരുന്നു.(വെളി. 3:14)

വെളിപാട് പുസ്തകത്തിലൂടെ ദൈവം അത്തരം സഭകളെയും നേതാക്കളെയും ശക്തമായി ശാസിക്കുന്നു. ദൈവീകമല്ലാത്ത മാനുഷികമായ അത്തരം സഹിഷ്ണുതയിൽ നിന്നും മനസാന്തരപ്പെടുവാൻ ആവശ്യപ്പെടുന്നു.(വെളി. 2:12)

ഇന്നും കർത്താവിൻ്റെ കാലത്തേ യെരുശലേം ദേവാലയം പോലെ തന്നെ ദൈവസഭ എന്ന് അവകാശപ്പെടുന്ന പലതും കച്ചവട സ്ഥലങ്ങളും കള്ളന്മാരുടെ ഗുഹയും ആയിത്തീർന്നിരിക്കുന്നു. ദൈവവേലക്കാർ എന്ന് അവകാശപ്പെടുന്നവർ പാവങ്ങളെ കൊള്ളയടിച്ചു കോടീശ്വരന്മാർ ആകുന്നു.

അന്നത്തെ പുരോഹിത, പരീശനേതൃത്വം പോലെ ഇന്നുള്ള നേതാക്കളും ദ്രവ്യാഗ്രഹികളും, ഒത്തുതീർപ്പുകാരും, മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും ആയിരിക്കുന്നു. അവർ ഒരിക്കലൂം ഇത്തരം നീച കാര്യങ്ങൾക്കെതിരെ പ്രതികരിക്കാത്ത, കോപിക്കാത്ത സഹിഷ്ണുത ഉള്ളവരായ, മനുഷ്യരുടെ മാനം ലഭിച്ചവർ ആയ നേതാക്കൾ ആയി തുടരുന്നു. കർത്താവ് ഇത്തരം സഭകളെ വിട്ടു പോയി എന്ന് പോലും അവർ മനസ്സിലാക്കുന്നില്ല.

എന്നാൽ ഇന്നും തൻ്റെ ആലയത്തെക്കുറിച്ചുള്ള എരിവും കോപവും , അസഹിഷ്ണുതയും ഉള്ളവരെയും മനുഷ്യരാൽ നിന്ദിക്കപ്പെടാനും ത്യജിക്കപ്പെടാനും തയ്യാറുള്ളവരെയും കർത്താവ് അന്വേഷിക്കുന്നു.

അവരിലൂടെ താൻ പാതാള ഗോപുരങ്ങൾക്കു ജയിക്കാൻ കഴിയാത്ത തൻ്റെ സഭയുടെ പണിയെ മുൻപോട്ടു കൊണ്ട് പോകുന്നു.

കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.


https://www.youtube.com/watch?v=ppaa8nkeyes