Articles

ഹെബ്രായ ലേഖന പഠനം അദ്ധ്യായം 12 യേശു; നമ്മുടെ മുന്നോടിയും മാതൃകയും

Date Added : 27-08-2023

അദ്ധ്യായം 12

യേശു; നമ്മുടെ മുന്നോടിയും  മാതൃകയും

മുൻ അധ്യായത്തിൽ ദൈവത്തിനു പ്രസാദകരമായ ജീവിതം നയിച്ച  വിശ്വാസ വീരന്മാരെപ്പറ്റി  വിവരിച്ചശേഷം, നമ്മുടെ വിശ്വാസത്തിൻ്റെ നായകനും  അതിനെ പൂര്‍ത്തി വരുത്തുന്നവനുമായ, യേശുക്രിസ്തുവിലേക്കു നോക്കുവാൻ വീണ്ടും  എഴുത്തുകാരൻ ഉദ്ബോധിപ്പിക്കുന്നു.

ആമുഖത്തിൽ സൂചിപ്പിച്ചതു പോലെ, അതിഗഹനമായ അനേക ദൈവശാസ്ത്ര വിഷയങ്ങൾ ഹെബ്രായ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നു എങ്കിലും  ലേഖകൻ ക്രിസ്തുവിനെ വിശ്വാസത്താൽ അവസാനത്തോളം പിന്തുടരുവാനുള്ള പ്രോത്സാഹനവും, ക്രിസ്തുവിനെ തള്ളിക്കളഞ്ഞു പിന്മാറ്റത്തിലേക്കു പോയാൽ ഉണ്ടാക്കുന്ന ഭവിഷ്വത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ഈ ലേഖനത്തിൽ കൂടി ആത്യന്തികമായി കൊടുക്കുന്നത്. ഈ അദ്ധ്യത്തിലും ലേഖകൻ അത് ആവർത്തിക്കുന്നു.  

മുൻപുള്ള അധ്യായങ്ങളിൽ ദൈവശാസ്ത്രപരമായ അനേക വിഷയങ്ങൾ കൂടുതലായി വിശദീകരിച്ചു എങ്കിൽ ഈ അധ്യായം മുതൽ അതിനെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ക്രിസ്തീയ  ജീവിതം ആണ് കൂടുതലായി വിശദീകരിക്കുന്നത്.

പഴയ നിയമ വിശ്വാസ വീരന്‍മാരുടെ വിശ്വാസം നമുക്ക് മാതൃകയാണ് എങ്കിലും നാം നോക്കേണ്ടത് നമ്മുടെ വിശ്വാസത്തിൻ്റെ നായകനും  അതിനെ പൂര്‍ത്തി വരുത്തുന്നവനുമായ ക്രിസ്തുവിനെയാണ്. അതിനു  കാരണം ജീവനുള്ള പുതുവഴിയില്‍, പ്രവേശിക്കുവാനോ അതിലൂടെ ഓട്ടം പൂർത്തിയാക്കുവാനോ അവർക്കു  കഴിഞ്ഞിരുന്നില്ല. ക്രിസ്തു തൻ്റെ ദേഹം എന്ന തിരശീല ചിന്തി ക്രൂശിൽ ആണ് ആ വഴി  ഉൽഘാടനം ചെയ്തത് 

1  ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. നമ്മുടെ വിശ്വാസ ത്തിൻ്റെ ആദികാരണനും അതിൻ്റെ പൂർത്തിവരുത്തുന്നവനുമായ യേശുവിൽ നമ്മുടെ ദൃഷ്‍ടി ഉറപ്പിക്കുക; 

യേശുക്രിസ്തുവിൽ  വിശ്വാസത്താൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ടുള്ള ഒരു ഓട്ടമാണ് ക്രിസ്തീയ ജീവിതം, കാരണം  നമ്മുടെ വിശ്വാസത്തിൻ്റെ തുടക്കക്കാരനും, നായകനും, മാതൃകയും, കാരണവും, പൂർത്തിവരുത്തുന്നവനും എല്ലാം യേശുക്രിസ്തുവാണ്. യേശുക്രിസ്തു നമുക്ക് മുന്‍പേ ഈ ഓട്ടം പൂർത്തിയാക്കി ദൈവസന്നിധിയിൽ പ്രവേശിക്കുകയും, തൻ്റെ ദേഹം എന്ന തിരശീലയി ലൂടെ നമുക്ക് പ്രവേശിക്കുവാനും, വിശ്വാസത്താൽ മുൻപോട്ടു ഓടുവാനുമായി ഈ  ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു.

യേശു ക്രിസ്തു നമ്മുടെ വിശ്വാസത്തിൻ്റെ നായകന്‍ മാത്രമല്ല, പൂര്‍ത്തി വരുത്തുന്നവനുമാണ്. യേശുക്രിസ്തു പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കുക  മാത്രമല്ല, നമ്മെ വിശുദ്ധീകരിക്കുകയും, ഈ ഓട്ടം പൂര്‍ത്തിയാക്കുവാന്‍ നമ്മില്‍ വസിക്കുകയും, ശക്തീകരിക്കുകയും  ചെയ്യുന്നു. അതിനാൽ, നമുക്കു മുന്നിൽ വെച്ചിരിക്കുന്ന ഓട്ടം പൂർത്തീകരിക്കണമെങ്കിൽ  നാം യേശു ക്രിസ്തുവിൽ   വസിക്കുകയും, അവനിൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുകയും, കൊമ്പു മുന്തിരിവള്ളിയില്‍ വസിക്കുന്നത് പോലെ നിരന്തരം  അവനിൽ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ ഓട്ടം സ്ഥിരതയോടെ ഓടുവാന്‍ രണ്ടു കാര്യങ്ങള്‍ ഉപേക്ഷിക്കുവാനും ഒരു കാര്യം ചെയ്യുവാനും നമ്മെ  ഉദ്ബോധിപ്പിക്കുന്നു.

ഒന്നാമതായി, നമ്മുടെ ഓട്ടത്തെ ക്ലേശപ്പെടുത്തുന്ന, തടസ്സമുണ്ടാക്കുന്ന എല്ലാ ഭാരവും  ഉപേക്ഷിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്നു. ഭയം, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, പണത്തോടോ ഭൌതികകാര്യങ്ങളോടോ ഉള്ള സ്നേഹം, മാനുഷിക ബന്ധങ്ങൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ നമ്മെ തടസ്സപ്പെടുത്തുന്ന ഭാരങ്ങള്‍ ആയേക്കാം. ഇതെല്ലാം ഓട്ടത്തെ തടസ്സപ്പെടുത്തുന്ന  അനാവശ്യമായ ഭാരങ്ങള്‍ ആണ്.നാം അത് വലിച്ചെറിഞ്ഞ് ഉപേക്ഷിക്കണം.

രണ്ടാമതായി, ഈ ഓട്ടത്തെ പൂര്‍ണ്ണമായും തെറ്റിക്കുന്ന, മുറുകെ പറ്റുന്ന  പാപത്തെ നാം വിട്ടുകളയണം. മുൻ അധ്യായത്തിലെ വിശ്വാസ വീരന്മാരുടെ പശ്ചാത്തലത്തിൽ നാം പഠിച്ചാൽ, ഇവിടെ  പ്രധാനമായും അവിശ്വാസം എന്ന  പാപത്തെക്കുറിച്ച് ആണ്  എഴുത്തുകാരൻ സംസാരിക്കുന്നത് എന്ന് അനുമാനിക്കാം. അവിശ്വാസം എന്ന വേരിൽ നിന്നാണ് ബാക്കി എല്ലാ പാപങ്ങളും പുറപ്പെടുന്നത്.

നാം നമ്മെ മുറുകെപറ്റുന്ന  വസ്തുക്കളെ കുടഞ്ഞു കളയുന്നത് പോലെ നാം അവിശ്വാസം കുടഞ്ഞു കളയണം, ഓര്‍ക്കുക വിശ്വാസത്താൽ മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയൂ (എബ്രായർ 11: 6). വിശ്വാസമില്ലാതെ ദൈവിക കാര്യങ്ങൾ പൂര്‍ത്തീകരിക്കുവാന്‍ നമുക്ക്  സാധിക്കുകയില്ല.അതിനാല്‍ നമ്മുടെ  ഓട്ടം സ്ഥിരതയോടെ പൂര്‍ത്തീകരിക്കെണ്ടതിനു അവിശ്വാസം കുടഞ്ഞു കളയുക തന്നെ വേണം. 

ആദ്യ രണ്ടു കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതായിരുന്നു എങ്കിൽ മൂന്നാമത്തേതു തുടർച്ചായി ചെയ്യണ്ടതാണ്. വിശ്വാസത്താല്‍ നാം  നമ്മുടെ കണ്ണുകൾ യേശുവില്‍ ഉറപ്പിക്കുകയും നിരന്തരം അവനിൽ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. സഹിഷ്ണുതയോടെയും, സ്ഥിരതയോടെയും അങ്ങനെ പുരോഗമിച്ചു കൊണ്ട്  നമുക്ക് ഈ ഓട്ടം പൂര്‍ത്തിയാക്കുവാന്‍ കഴിയും.

തൻ്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. 

ക്രിസ്തു ഈ കഷ്ടങ്ങൾ ഒക്കെയും സഹിക്കുമ്പോൾ തൻ്റെ മനസ്സിൽ മനുഷ്യവർഗ്ഗത്തിൻ്റെ വീണ്ടെടുപ്പ് എന്ന മഹാസന്തോഷം ഉണ്ടായിരുന്നു. അത് പോലെ തന്നെ ഈ ഓട്ടത്തിൻ്റെ പൂർത്തീകരണത്തിൽ ദൈവസിംഹാസനത്തിൻ്റെ വലതു ഭാഗത്തെ സന്തോഷവും തൻ്റെ മുൻപിൽ ഉണ്ടായിരുന്നു.  

കുരിശ് മനുഷ്യരാശിയുടെ വീണ്ടെടുപ്പും  പുനഃസ്ഥാപനവുമാണെന്ന് അറിയാമായിരുന്നതിനാൽ അവൻ സന്തോഷത്തോടെ കുരിശിലേക്ക് നോക്കി. ഒരു കുറ്റവാളിയുടെ മരണത്തിൻ്റെ അപമാനം  അദ്ദേഹം അവഗണിച്ചു, ക്രൂശിനെ താൻ സഹിച്ചു, മരണത്തെ ജയിച്ചു ഉയിർത്തെഴുന്നേറ്റു ദൈവത്തിൻ്റെ വലതു ഭാഗത്തു ഇരുന്നു.

 നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.

നമുക്കു ചുറ്റുമുള്ള സാഹചര്യങ്ങൾ നോക്കി നാം ഓടുകയാണെങ്കില്‍  എങ്കില്‍ നാം നിരുത്സാഹിതരായിത്തീരും. നമ്മുടെ ശക്തിയെ ആശ്രയിച്ച്  നാം ഓടുകയാണെങ്കില്‍ നാം തീർച്ചയായും പരാജയപ്പെടും. എന്നാൽ , നമ്മുടെ കണ്ണുകൾ യേശുവില്‍ ഉറപ്പിക്കുകയും  നിരന്തരം അവനിൽ ആശ്രയിക്കുകയും ചെയ്‌താല്‍ നമ്മുടെ   സാഹചര്യങ്ങൾ എന്തായാലും ഈ ഓട്ടത്തിൽ  നാം ഒരിക്കലും ക്ഷീണിച്ചു മടുത്തു പോകുകയില്ല.

നമ്മുടെ ജീവിതത്തിലെ പരിശോധകളുടെയും  പരീക്ഷകളുടെയും  മധ്യത്തിൽ നാം ക്ഷീണിതരാകുകയോ, മടുക്കുകയോ  ഹൃദയം നഷ്ടപ്പെടുകയോ ചെയ്യാതിരിക്കാൻ നമുക്ക് മുന്നേ ഈ വഴിയിലൂടെ നിന്ദകളും, പരിഹാസവും സഹിച്ച ക്രിസ്തുവിനെ ധ്യാനിക്കുവാൻ ലേഖകൻ ഉല്ബോധിപ്പിക്കുന്നു 

അത്തരം എതിർപ്പുകളും കടുത്ത ശത്രുതയും സഹിച്ചു, എന്നിട്ടും  വിളിക്കപ്പെട്ട ഓട്ടം വിജയകരമായി  പൂർത്തിയാക്കിയ യേശുവിനെ നാം അതിനു നടുവിൽ ധ്യാനിക്കണം. അങ്ങനെ നമുക്കും  സ്ഥിരതയോടെ ഈ ഓട്ടം ഓടി തീർക്കുവാൻ കഴിയും .

പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ.

ക്രിസ്തീയ ജീവിതം എന്നത് ഒരു ഉല്ലാസയാത്രയായിട്ടല്ല, മറിച്ചു ഓട്ടവും , പോരാട്ടവുമായാണ് ലേഖകൻ താരതമ്യം ചെയ്യുന്നത് മുകളിലെ വാക്യങ്ങളിൽ പാപം എറിഞ്ഞു കളഞ്ഞു ഓടുവാൻ പ്രോത്സാഹിപ്പിക്കുമ്പോൾ ഇവിടെ രക്തച്ചൊരിച്ചിലോളം പാപത്തോടു പോരാടുവാൻ ഉത്‌ബോധിപ്പിക്കുന്നു.

ചിലപ്പോൾ നാം പാപത്തെ കുടഞ്ഞു കളയുകയാണ് വേണ്ടത് എങ്കിൽ ചിലപ്പോൾ അതിനെതിരെ പോരാടുകയാണ് വേണ്ടത്. ഈ പോരാട്ടം മരണം വരെയുള്ളതാണ്. വിശ്വാസത്താൽ നാം ഈ ഓട്ടം പൂർത്തീകരിക്കുകയും, പോരാട്ടം ജയിക്കുകയും ചെയ്യുമ്പോൾ നാം വാടാത്ത  ജീവകിരീടം പ്രാപിക്കും. 

ദൈവീക ശിക്ഷണവും അതിനോടുണ്ടാവേണ്ട പ്രതികരണവും 

 മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എൻ്റെ മകനേ, കർത്താവിൻ്റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്. 

ക്രിസ്തീയ ജീവിതം എന്ന  ഓട്ടത്തിലെ ഒഴിവാക്കുവാൻ പറ്റാത്ത ഒരു കാര്യമാണ് ശാസനയും, ശിക്ഷണവും എന്നത്. ശാസനയും ശിക്ഷണവും മിക്കവർക്കും ഇഷ്ടമുള്ള കാര്യമല്ല. അതിനാൽ തന്നെ കർത്താവ് നമ്മെ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പു ഉണ്ടാകരുത് എന്ന് ലേഖകൻ ഉത്ബോധിപ്പിക്കുന്നു. തുടർന്നുള്ള അനേക വാക്യങ്ങളിൽ ലേഖകൻ ഇത് വിശദീകരിക്കുന്നു 

ഒരു യഥാർത്ഥ ഭവനത്തിൽ ശാസനങ്ങളും ശിക്ഷണങ്ങളും ഉള്ളത് പോലെ ഒരു യഥാർത്ഥ  ദൈവസഭയിൽ ദൈവീക ശാസനങ്ങളും ശിക്ഷണങ്ങളും തീർച്ചയായും ഉണ്ടാകും. അതില്ലാത്ത, സഭകൾ ശരിയായ ദൈവീക സഭകൾ അല്ല.

അതിനാൽ തന്നെ യേശുക്രിസ്തു ഒരു പ്രാദേശിക ദൈവസഭയെക്കുറിച്ചു പറയുമ്പോൾ ആദ്യം പറയുന്നത് അവിടെ ഉണ്ടാകേണ്ട ശിക്ഷണത്തെ കുറിച്ചാണ്. അതിനു കീഴടങ്ങാതെ,  അതിൽ മനസ്സ് മടുത്തു പുറത്തു  പോകുന്നവർക്ക് ഈ ഓട്ടം പൂർത്തിയാക്കു വാൻ ഒരിക്കലും  കഴിയുകയില്ല.   

 6 കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

കർത്താവ് നമ്മെ സ്നേഹിക്കുന്നു എന്നതിനും ഉള്ള ഏറ്റവും വലിയ തെളിവ് കർത്താവ് നമ്മെ  ഭൗതികമായി അനുഗ്രഹിക്കുന്നു എന്നതോ, നമ്മുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്നു എന്നതോ അല്ല. അത് ദൈവത്തെ അറിയാത്ത, ദൈവമക്കൾ അല്ലാത്ത  ജാതികൾക്കു പോലും ലഭിക്കുന്നു. കർത്താവ് നമ്മെ സ്നേഹിക്കുന്നു എന്നതിനും ഉള്ള ഏറ്റവും  വലിയ തെളിവ് കർത്താവ് നമ്മെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു  എന്നതാണ്.  

യഥാർത്ഥ ദൈവീക സ്നേഹത്തിൻ്റെ ഒരു പ്രധാന ലക്ഷണം ശാസനവും ശിക്ഷണവും ആണ്. അതില്ലാത്ത സ്നേഹം വെറും മാനുഷിക സൗഹൃദം മാത്രമാണ്. ഒരു ദൈവസഭയെയും ലൗകികമായ സൗഹൃദ കൂട്ടത്തെയും തിരിച്ചറിയാനുള്ള ഒരു പ്രധാന ലക്ഷണവും ഇത് തന്നെ. 

വെളി. 3:19 ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക

 ശിക്ഷണത്തിൻ്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?

കർത്താവ് നമ്മെ സ്നേഹിക്കുന്നു എന്നതിന് മാത്രമല്ല, നാം കർത്താവിൻ്റെ മക്കൾ ആണ് എന്നതിനും തെളിവാണ് കർത്താവ് നമ്മെ ശിക്ഷണത്തിൽ കൂടി കടത്തി വിടുന്നത്. കാരണം അപ്പൻ ശിക്ഷിക്കാത്ത മകൻ ഇല്ല 

 എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ.

ദൈവമക്കൾ ആയ എല്ലാവർക്കും ലഭിക്കുന്ന ഒരു കാര്യമായി ആണ് ലേഖകൻ ശിക്ഷണത്തെ വിശേഷിപ്പിക്കുന്നത്. അതിനാൽ തന്നെ ദൈവീക ശിക്ഷണത്തിൽ കൂടി കടന്നു പോകാത്ത ഒരുവൻ ദൈവമകൻ അല്ല എന്ന് തീർത്തു പറയാം.

നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

നമ്മുടെ ഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ  നാം അവരെ ബഹുമാനിച്ചിരുന്നു; എങ്കിൽ ആത്മാക്കളുടെ പിതാവിന്  നാം ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ എന്നുള്ള ന്യായമായ വാദം ആണ് ലേഖകൻ മുന്നോട്ടു വയ്ക്കുന്നത്.

ദൈവീക ശിക്ഷണത്തോടുള്ള ദൈവമക്കളുടെ പ്രതികരണം എങ്ങനെ ആയിരിക്കണം എന്നതാണ് ലേഖകൻ വിശദീകരിക്കുന്നത്. ദൈവമക്കൾ എല്ലാവരും ദൈവീക ശിക്ഷണത്തിൽ കൂടി കടന്നു പോകും എങ്കിലും എല്ലാവരുടെയും ശിക്ഷണത്തോടുള്ള  പ്രതികരണം ഒരു പോലെ ആകില്ല.ദൈവീക ശിക്ഷണത്തോടുള്ള പ്രതികരണം ആണ് ഒരുവൻ്റെ ക്രിസ്തീയ ജീവിതത്തിൻ്റെ വളർച്ചയെ തീരുമാനിക്കുന്നത്.  

അതായതു ഒന്നുകിൽ ദൈവീക ശിക്ഷണത്തിനു നമുക്ക് കീഴടങ്ങാം അല്ലെങ്കിൽ അതിനോട് എതിർത്ത് നിൽക്കാം. കീഴടങ്ങുന്നവർ ആത്മീകമായി മുൻപോട്ടു പോകും.ശിക്ഷണത്തോടു എതിർത്തു നിൽക്കുന്നവരും, മടുത്തു പോകുന്നവരും ക്രമേണ  പിന്മാറ്റത്തിലേക്കു പോകും. അങ്ങനെയുള്ളവർ അന്ത്യന്തികമായി ദൈവീക ശിക്ഷയായ നിത്യശിക്ഷാവിധിക്കു  യോഗ്യരാകും. 1കൊരി 11:32 എന്നാൽ നാം  ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു.

10 നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവൻ്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു

നമ്മുടെ ഭൗതിക പിതാക്കന്മാർ നമ്മെ ശിക്ഷിക്കുന്നതും ദൈവം ശിക്ഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടെ പറയുന്നു. അവർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ.

അതായതു ഭൗതിക പിതാക്കന്മാരുടെ ശിക്ഷണം താൽക്കാലികമാണ്, പൂർണമായതല്ല,എപ്പോഴും ശരിയായ രീതിയിലും അല്ല.  എങ്കിൽ ദൈവത്തിൻ്റെ ശിക്ഷണം പൂര്ണമായതും  ക്രിസ്തീയ ഓട്ടത്തിൻ്റെ അവസാനം വരെയും ഉള്ളതുമാണ്.

അടുത്തത് ഭൗതിക പിതാക്കന്മാർ നമ്മെ ശിക്ഷിക്കുന്നതു തങ്ങൾക്കു ബോധിച്ച പ്രകാരവുമാണ് ; എന്നാൽ ദൈവമോ, നാം  നമ്മുടെ ഗുണത്തിനായി അതായതു അവൻ്റെ  വിശുദ്ധി പ്രാപിക്കേണ്ടതിന് ആണ്  ശിക്ഷിക്കുന്നതു. ദൈവീക ശിക്ഷണത്തോട് മറുത്തു നിൽക്കുന്ന ഒരുവൻ്റെ വിശുദ്ധി, ദൈവത്തിൻ്റെ വിശുദ്ധിയല്ല വ്യാജമായ സ്വയ വിശുദ്ധിയാണ്.   

11 ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.

ഏത് ശിക്ഷയും; അത്  ഭൗതിക പിതാക്കന്മാരുടെ ആയാലും ദൈവീക ശിക്ഷണം ആയാലും  തൽക്കാലം സന്തോഷകരമല്ല  ദുഃഖകരമാണ് എന്നുള്ള സത്യം ലേഖകൻ അംഗീകരിക്കുന്നു. എന്നാൽ ആത്യന്തികമായി ശിക്ഷയുടെ ഗുണം മനസ്സിലാക്കി അതിനു കീഴടങ്ങുന്നവർക്കു അതിനാൽ ശിക്ഷണം ലഭികുകയും നീതി എന്ന സമാധാനഫലം ലഭിക്കുകയും ചെയ്യും. അല്ലാത്തവർ പിന്മാറ്റത്തിലേക്കു  പോകും. 

12 ആകയാൽ നിങ്ങളുടെ തളർന്നിരിക്കുന്ന കരങ്ങളെ ഉയർത്തുവിൻ, ബലഹീനമായിരിക്കുന്ന മുട്ടുകളെ ശക്തിപ്പെടുത്തുവിൻ.

ക്രിസ്തുവിൽ നോക്കിക്കൊണ്ടുള്ള വിശ്വാസത്തിൻ്റെ ഓട്ടത്തെക്കുറിച്ചാണ് ലേഖകൻ അധ്യായത്തിൻ്റെ ആദ്യ വാക്യം മുതൽ വിശദീകരിക്കുന്നത്. ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ അതിനായി കഠിനമായ  ശിക്ഷണത്തിൽ കൂടി കടന്നു പോയി കൈകളും കാലുകളും ശക്തിപ്പെടുത്തുന്നത്  പോലെ ദൈവീക ശിക്ഷണത്തിനു കീഴടങ്ങി  നമ്മുടെ തളർന്നിരിക്കുന്ന  കൈകളും  ബലഹീനമായിരിക്കുന്ന മുട്ടുകകളും നാം  ശക്തിപ്പെടുത്തണം   

13 നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ; മുടന്തുള്ളത് വീണ്ടും തളർന്നുപോകാതെ സൗഖ്യം പ്രാപിക്കട്ടെ

ദൈവം വച്ചിരിക്കുന്നു അധികാരങ്ങൾക്കും, ദൈവീക ശിക്ഷണത്തിനും കീഴടങ്ങുന്നതിലൂടെ ഒരുവൻ ഈ ഓട്ടത്തിന് വേണ്ടി തങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുകയാണ് ചെയ്യുന്നത്. അതിലൂടെ തളർന്ന കാലുകൾ അവർ ബലപ്പെടുത്തുന്നു, ശക്തീകരിക്കുന്നു 

14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. 

ദൈവീക ശിക്ഷണത്തിലൂടെ കടന്നു പോകേണ്ടതിൻ്റെ ആവശ്യം എന്താണ് എന്ന് ലേഖകൻ വീണ്ടും ഓർമ്മിപ്പിക്കുന്നു. അത് ദൈവീക വിശുദ്ധി നാം പ്രാപിക്കേണ്ടതിനു വേണ്ടിയാണു. ആ ശുദ്ധീകരണം നമ്മുടെ ജീവിതത്തിൽ നടക്കുന്നില്ല എങ്കിൽ നാം ഒരിക്കലും ദൈവത്തെ കാണുകയില്ല. 

ദൈവീക വിശുദ്ധി നാം പ്രാപിച്ചുകൊണ്ടേയിരിക്കുന്നു എന്നതിനുള്ള തെളിവ് നാം എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറും എന്നുള്ളതാണ്.

എന്നാൽ  ദൈവീക ശിക്ഷണത്തിലൂടെ ദൈവീക വിശുദ്ധീകരണം പ്രാപിക്കാത്ത പിന്മാറ്റക്കാരനായ ഒരുവനിൽ എപ്പോഴും കയ്പ്പും, വിദ്വേഷവും, അസമാധാനവും നിറഞ്ഞിരിക്കും. അതിനാൽ നാം അവരിൽ നിന്നും അകന്നു മാറുന്നതാണ് നല്ലതു. അല്ലെങ്കിൽ അത് നമ്മുടെ സമാധാനത്തെയും ബാധിക്കും. മറ്റുള്ളവർ നമ്മോടു സമാധാനത്തിൽ ആയിരിക്കണം എന്ന് നിര്ബന്ധമില്ല. അതിനാൽ ആണ് നിങ്ങളാൽ കഴിയുവോളം (As Far as you are concened) സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ എന്ന് പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നതു (റോമ. 12:18) 

പിന്മാറ്റത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് വീണ്ടും 

 15 ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ.
 
ദൈവീക ശിക്ഷണത്തിനു കീഴടങ്ങുന്ന ഒരുവൻ ദൈവീക വിശുദ്ധി പ്രാപിക്കുകയും എല്ലാവരോടും സമാധാനത്തിൽ ജീവിക്കുകയും ചെയ്യുന്നു എങ്കിൽ ദൈവീക ശിക്ഷണത്തോടു എതിർത്തു നിൽക്കുന്നവർ  ക്രമേണ  പിന്മാറ്റത്തിലേക്കു പോകുകയും അവരിൽ കൈപ്പു നിറയുകയും അവർ സഭയിൽ കലക്കവും അസമാധാനം ഉണ്ടാക്കുകയും ചെയ്യും, ഇത്തരക്കാരാൽ  അനേകർ മലിനപ്പെടുകയും ചെയ്യും. അതിനാൽ അതിനോട് ജാഗ്രതയുള്ളവർ ആയിരിക്കേണം എന്ന് ലേഖകൻ സഭയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നു.
ദൈവസഭയിൽ യഥാർത്ഥമായ സമാധാനം ഉണ്ടാകണം എങ്കിൽ ദൈവസഭയെ നയിക്കുന്നവർ ഈ കാര്യത്തിൽ ജാഗ്രത ഉള്ളവർ ആയിരിക്കേണം. മാനുഷിക സമാധാനം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന, മനുഷ്യരെ പ്രസാദിപ്പിക്കുന്ന , മാനുഷിക സ്നേഹം മാത്രം ഉള്ളവർ ആണ് ദൈവസഭയെ നയിക്കുന്നവർ എങ്കിൽ അവർ ഇത്തരം കാര്യങ്ങൾക്കു മുൻപിൽ കണ്ണടയ്ക്കുകയും അത് വഴി സഭ മലിനപ്പെടുകയും ചെയ്യും.
  
16 ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ 
 
പതിനൊന്നാം അധ്യായത്തിൽ വിശ്വാസത്താൽ മുന്നോട്ട്  ഓട്ടം ഓടിയ  വിശ്വാസ വീരന്മാരെപ്പറ്റി  വിവരിച്ചശേഷം,ഈ അധ്യായത്തിൽ  നമ്മുടെ വിശ്വാസത്തിൻ്റെ നായകനായ   യേശുക്രിസ്തുവിലേക്കു നോക്കുവാൻ  എഴുത്തുകാരൻ ഉദ്ബോധിപ്പിക്കുന്നു.
എന്നാൽ ഈ വിഷയം അവസാനിപ്പിക്കുന്നതിന് മുൻപ് പഴയ നിയമത്തിൽ നിന്ന് തന്നെ ഒരു പിന്മാറ്റക്കാരനെക്കുറിച്ചുള്ള മുന്നറിയിപ്പ് ലേഖകൻ കൊടുക്കുന്നു. ഒരു ഊണിനു തൻ്റെ ജന്മാവകാശം വിറ്റു കളഞ്ഞ ഏശാവ് ആണ് ആ പിന്മാറ്റക്കാരൻ.
 
വളരെ ഗൗരവതരമായ ഒരു മുന്നറിയിപ്പ് ആണ് ലേഖകൻ ഇവിടെ കൊടുക്കുന്നത്. ഇത് താൻ കൊടുക്കുന്നത് വിശ്വാസികൾക്ക് ആണ് എന്നുള്ളത് ഓർക്കുക. ഒരു വിശ്വാസ  ഭവനത്തിൽ ജനിച്ചിട്ടും, ജന്മാവകാശമായി കിട്ടിയ അനുഗ്രഹത്തെ, ഒരു ഊണിനു വേണ്ടി തള്ളിക്കളഞ്ഞ വ്യക്തിയായിരുന്നു ഏശാവ്.
അഭക്തൻ (ungodly) എന്നാണ് ലേഖകൻ ഏശാവിനെ വിശേഷിപ്പിക്കുന്നത് .ദൈവീക ശിക്ഷണത്തോടു കീഴടങ്ങാതെ  അതിനോട് എതിർത്ത് നിൽക്കുന്നവർ ഒടുവിൽ ഏശാവിനെപ്പലെ പിന്മാറ്റക്കാരനും, തങ്ങൾക്കു ജന്മാവകാശമായി ലഭിച്ച പുത്രത്വം നഷ്ടപ്പെടുത്തുന്നവരും ആയിത്തീരാൻ സാധ്യത ഉള്ളതിനെക്കുറിച്ചാണ് ലേഖകൻ ഇവിടെ മുന്നറിയിപ്പ് നൽകുന്നത്.
ഇത്തരം പിന്മാറ്റക്കാരാൽ  അനേകർ മലിനപ്പെടാൻ  സാധ്യതയുള്ളതിനാൽ  അങ്ങനെയുള്ളവരോട് ഒഴിഞ്ഞു മാറുവാനും അതിനോട് ജാഗ്രതയുള്ളവർ ആയിരിക്കേണം എന്ന് ലേഖകൻ സഭയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നു.
റോമർ 16:17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ. 
 
1 കൊരി 5: 11 എന്നാൽ സഹോദരൻ എന്നു പേരുള്ള ഒരാൾ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ,പരദൂഷണം  പറയുന്നവനോ, മദ്യപനോ, വഞ്ചകനോ ആകുന്നു എങ്കിൽ അവനോട് സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കുകപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്. അല്പം പുളിമാവ് മാവിനെ മുഴുവനും പുളിപ്പിക്കുന്നു എന്ന് അറിയുന്നില്ലയോ?
 
17 അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തൻ്റെ പിതാവിൻ്റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
 
ദൈവത്തിൻ്റെ  വചനത്തോടും , ദൈവീക ശിക്ഷണങ്ങളോടും  തുടർച്ചയായി  എതിർത്ത് നിൽക്കുന്നവർ ഒടുവിൽ  വിശ്വാസം ത്യജിക്കുന്നവർ  ആയിത്തീരുമെന്നും  അവരെ പിന്നീട് മാനസാന്തരത്തിലേക്കു പുതുക്കാൻ ആവില്ല എന്നും ലേഖകൻ മുൻ അധ്യായങ്ങളിൽ മുന്നറിയിപ്പ് കൊടുത്തിരുന്നു. എബ്രാ. 6:6 
ഇങ്ങനെയുള്ള  എല്ലാ ദൈവീക ഇടപെടുലുകളും, പരിശുദ്ധാത്മാവിൻ്റെ ചോദനയേയും തള്ളിക്കളയുന്ന വ്യക്തികളുടെ ഹ്യദയം കഠിനപ്പെട്ടു പോകുമെന്ന് ലേഖകൻ  ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. " പാപത്തിൻ്റെ ചതിയാൽ കഠിനപ്പെട്ടവർ " (എബ്ര 3:13)   എന്നവരെപ്പറ്റി വചനം പറയുന്നു. അവർ  ഒടുവിൽ എത്തിച്ചേരുന്ന അവസ്ഥ "ജീവനുള്ള ദൈവത്തെ ത്യജിച്ചു കളയുന്ന (Depart/Reject) അവിശ്വാസമുള്ള ദുഷ്ട ഹ്യദയം (evil heart) എന്നാണ്.
ഏശാവിൻ്റെ ഉദാഹരണത്തിൽ കൂടി ലേഖകൻ ആ മുന്നറിയിപ്പ് ആവർത്തിക്കുന്നു. ഏശാവ് തള്ളിക്കളഞ്ഞ ജന്മാവകാശം എന്നത് ജീവനുള്ള ദൈവത്തെ തള്ളിക്കളയുന്നതിനു തുല്യമായിരുന്നു. ആ ജന്മാവകാശം തിരികെ ലഭിക്കുന്നതിന് വേണ്ടി താൻ കണ്ണീരോടെ അപേക്ഷിക്കുന്നു. എന്നാൽ തനിക്കു മനസാന്തരപ്പെടുവാൻ കഴിയുന്നില്ല, അതിനാൽ താൻ തള്ളപ്പെട്ടവൻ ആയിത്തീരുന്നു.